ഒരു ടർക്കിഷ് വിഷാദജ്വരം

ഉത്തരാധുനിക കൃതികൾ രൂപ പരീക്ഷണത്തിൽ മുൻപന്തിയിലായിരുന്നു.
Aksharajalakam column on turkish author
ഒരു ടർക്കിഷ് വിഷാദജ്വരം
Updated on

സമീപകാലത്ത് സാഹിത്യരംഗത്ത് പുതിയൊരു ആലോചനയുമായി വന്ന ടർക്കിഷ് - ബ്രിട്ടീഷ് എഴുത്തുകാരിയാണ് എലിഫ് ഷഫക്ക്. അവരുടെ "10 മിനിട്സ് 38 സെക്കൻഡ്സ് ഇൻ ദ് സ്ട്രെയ്ഞ്ച് വേൾഡ്' (2019) എന്ന നോവൽ ആധുനികതയുടെയും ഉത്തരാധുനികതയുടെയും അപമാനവീകരിക്കപ്പെട്ട ശൈലീ വത്ക്കരണങ്ങളിൽ നിന്ന് വിടുതൽ നേടിയ കൃതിയാണ്.

ഉത്തരാധുനിക കൃതികൾ രൂപ പരീക്ഷണത്തിൽ മുൻപന്തിയിലായിരുന്നു. രണ്ടു കൃതികളെ സംയോജിപ്പിക്കുക, പ്രശസ്തമായ ഒരു കൃതിയോടുള്ള പ്രതികരണം എന്ന നിലയിൽ എഴുതുക തുടങ്ങിയ ടെക്നിക്കുകൾ അതിന്‍റെ ഭാഗമായിരുന്നു. കത്തുകളുടെയും ഡയറിയുടെയും രൂപഘടനയിൽ നോവലുകൾ എഴുതപ്പെട്ടു. എന്‍റെ "ജലഛായ'(സുജിലി പബ്ലിക്കേഷൻസ്) നായക കഥാപാത്രമായ ലൂക്ക് ജോർജുമായി പത്രപ്രവർത്തക ജോർദാൻ നടത്തുന്ന അഭിമുഖത്തിന്‍റെ രൂപത്തിലാണ് എഴുതിയിട്ടുള്ളത്. ഋജുവായി കഥ പറയുന്ന രീതി ആവർത്തനവിരസത മൂലം ഒഴിവാക്കപ്പെട്ടു. നോവൽ, ആ വാക്ക് ഉദേശിക്കുന്ന പോലെ പുതിയതാണ്; പുതിയ രൂപം ഉണ്ടായിരിക്കണം. ഒരു നോവൽ എഴുതുന്നു എന്നു പറഞ്ഞാൽ ചരിത്രത്തിൽ ഇന്നുവരെയുള്ള എല്ലാ സാഹിത്യരൂപങ്ങളെയും തിരസ്ക്കരിക്കുന്നു എന്നാണർഥം.

നോവൽ ഒരു രൂപമാണ്

നോവലിന്‍റെ ആവശ്യകതയാണിത്. നോവൽ ഇതിവൃത്തം മാത്രമല്ല രൂപവുമാണ്. നോവലിൽ നിന്നു രൂപത്തെ എടുത്തുമാറ്റാനാവില്ല. എന്‍റെ "ശ്രീനാരായണായ' എന്ന നോവൽ ഒരു വിശേഷാൽപ്രതിയുടെ രൂപത്തിലാണ് എഴുതിയത്. ഒരു വിശേഷാല്‍പ്രതിയുടെ എഡിറ്റർ ഗുരുവിനെക്കുറിച്ച് എഴുതാൻ 15 പേരോട് ആവശ്യപ്പെടുന്നു. അവർ എഴുതിക്കൊടുക്കുന്ന രചനകൾ സംയോജിപ്പിച്ച് വിശേഷാൽപ്രതിയുടെ രൂപത്തിലാക്കുകയാണ് അതിന്‍റെ എഡിറ്റർ. ഇതാണ് നോവൽ. ഈ 15 പേരുടെ രചനകളെ കൂട്ടിയോജിപ്പിക്കുന്ന അർഥവും ആശയവും കഥയും ഭാവനയുമാണ് ഗുരു. അതുകൊണ്ട് അത് ജീവചരിത്രമായിത്തീർന്ന ഗുരുവല്ല. നോവലിസ്റ്റിന്‍റെ ഭാവനയിലൂടെ ഉരുത്തിരിയുന്ന ആന്തരിക സ്വഭാവങ്ങളുള്ള രചനയാണ്. ഞാൻ എഴുതിയ "വാൻഗോഗിന്' എന്ന നോവൽ പ്രമുഖ ഡച്ച് ചിത്രകാരനായിരുന്ന വിൻസന്‍റ് വാൻഗോഗിന്‍റെ മരണശേഷം, 3 ദിവസങ്ങളിലായി പാരീസിലെ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളുടെ രൂപത്തിലാണ് രചിച്ചിരിക്കുന്നത്. ഈ റിപ്പോർട്ടുകളാകട്ടെ വ്യാജമാണ്. നോവലിന്‍റെ രൂപഘടന അതിന്‍റെ ആത്മാവ് തന്നെയാണ്. എന്താണോ നാം പറയുന്നത്, അതിന്‍റെ പരിശുദ്ധിക്കും നവീനതയ്ക്കും ഇതാവശ്യമാണ്. ഒരു ദേശത്തിന്‍റെ ചരിത്രമോ ഒരു സമരത്തിന്‍റെ ചരിത്രമോ സ്ഥൂലമായി വിവരിക്കുന്നത് നോവലാണെന്നു പറയാനാവില്ല.

എലിഫ് ഷഫക്കിന്‍റെ നോവൽ ഉത്തരാധുനിക നോവൽ ഘടനകളെയെല്ലാം ഒഴിവാക്കി സമൂഹ ജീവിതത്തിന്‍റെയും വ്യക്തിഗതമായ അരികുവൽക്കരണത്തിന്‍റെ പ്രശ്നങ്ങളിലേക്ക് വായനക്കാരെ നയിക്കുകയും ഒരു സാമൂഹ്യജീവി എന്ന നിലയിലുള്ള അമർത്തപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം തേടുകയുമാണ് ചെയ്യുന്നത്. ഒരു ലൈംഗിക തൊഴിലാളിയാണ് ഈ നോവലിലെ പ്രധാന കഥാപാത്രം. അവൾ കൊലചെയ്യപ്പെടുകയാണ്. ഒരു ചവറ്റു കൂനയിലാണ് ആ മൃതദേഹം കിടന്നത്. ഹൃദയമിടിപ്പ് നിലച്ചിട്ടും അവൾ ഓർക്കുകയാണ്, തന്‍റെ നശ്വരവും വിലകെട്ടതുമായ അസ്തിത്വത്തെക്കുറിച്ച്; അവളുടെ 5 സുഹൃത്തുക്കളെക്കുറിച്ച്. ഓരോരുത്തരും തന്നിലേക്കു വന്നതും അതിലൂടെ താൻ നേടിയ അനുഭവങ്ങളും അവൾ ഓർക്കുന്നു. ഒടുവിൽ അവൾക്ക് എല്ലാ സുഹൃത്തുക്കളെയും ബന്ധുക്കളെയും നഷ്ടപ്പെട്ടു. അവളുടെ ശവം ഏറ്റെടുക്കാൻ ആരും തയ്യാറായില്ല.

സ്പാനിഷ് എഴുത്തുകാരൻ സെർവാന്തിസിന്‍റെ "ഡോൺ ക്വിക്സോട്ട്' എന്ന നോവൽ വായിച്ചതോടെ താൻ ആളാകെ മാറിപ്പോയെന്ന് ഷഫക്ക് തുറന്നു സമ്മതിച്ചിട്ടുണ്ട്. പല തലങ്ങളുള്ള, രൂപപരമായ നവീനതകളുള്ള നോവൽ അവർ ആദ്യമായി വായിക്കുകയായിരുന്നു. നോവലിൽ അന്തർദർശനവും ഭാവനയും കഥ പറച്ചിലിനൊപ്പമുണ്ടാകണം. ജീവിതത്തിന്‍റെ പലഘട്ടങ്ങളിൽ അവർ ഡോൺ ക്വിക്സോട്ട് വായിച്ചു, വ്യത്യസ്ത ഉൾക്കാഴ്ചകളോടെ. "ഇരട്ടത്താപ്പുകളുടെ പൊള്ളത്തരം തുറന്നു കാണിക്കുക, നിർവികാരതയെയും ജീർണതയെയും മറികടക്കുക, പരസ്പരധാരണയും സഹാനുഭൂതിയും വികസിപ്പിക്കുക, സങ്കീർണതകളെയും അർഥപരമായ അൽപഭേദങ്ങളെയും ബന്ധങ്ങളെയും സൃഷ്ടിച്ചെടുക്കുക - ഇതാണ് സാഹിത്യത്തിന്‍റെ പരമാവധി ലക്ഷ്യം' - എലിഫ് വിശദീകരിക്കുന്നു.

നിർവികാരത ആപത്ത്

ജീവിതത്തിൽ എല്ലാത്തിനോടും സമരസപ്പെടുന്നവർക്ക് ശേഷിയുള്ള മാനസിക ഘടനയില്ല. അവർ ജീർണതകളോട് രാജിയാവുകയാണ് ചെയ്യുന്നത്. ഒരു നോവലിസ്റ്റ് അരുതാത്തനെതിരെ പൊരുതണം. പൊള്ളത്തരങ്ങളെ എന്തിനു മൂടിവയ്ക്കണം? നിർവികാരത വലിയ ഒരു ആപത്താണ്. അത് നമ്മെ കാർന്നു തിന്നും. നിർവികാരതയിൽ നിന്നു നമുക്ക് പോകാനുള്ളത് ചിന്താദാരിദ്ര്യത്തിന്‍റെ പൊണ്ണത്തടിയിലേക്കും ആശയപരമായ അലസതയുടെ മാറാരോഗങ്ങളിലേക്കുമാണ്.

ഒരു നോവൽ എഴുതുമ്പോഴാണ് താൻ സ്വതന്ത്രയാകുന്നതെന്നും നോവലിന്‍റെ രൂപത്തിലാണ് താൻ സുരക്ഷിതയാകുന്നതെന്നും ഷഫക്ക് പറഞ്ഞത് അവിടെ താൻ ഒരു ഏകവചനമല്ല, ബഹുസ്വരങ്ങളുടെ ഒരു കേന്ദ്രമാണെന്ന അർഥത്തിലാണ്. ഒരു നോവലിസ്റ്റിനു വിചിത്രമായ സ്വഭാവങ്ങൾ ഉണ്ടായിരിക്കണം. ആ വ്യക്തി ഒഴുക്കിനൊത്ത് തുഴഞ്ഞ് ഒച്ചയുണ്ടാക്കാതെ പിൻവാങ്ങിപ്പോകുന്നയാളല്ല. കുറേക്കൂടി കാണാനും കേൾക്കാനും പ്രവർത്തിക്കാനുമുണ്ടെന്ന ധാരണയുള്ളയാളായിരിക്കണം. നോവൽ പ്രവർത്തനമാണ്.

നോവൽ മനസിലാണ് എഴുതുന്നത്. വർഷങ്ങളായി ഷഫക്കിനെ അലട്ടിയിരുന്നത് തുർക്കിയിലെ ഒരു സെമിത്തേരിയായിരുന്നു. "കൂട്ടുകാരില്ലാത്തവരുടെ സെമിത്തേരി' എന്നായിരുന്നു അതിന്‍റെ പേര്. അവിടെ അടക്കം ചെയ്തിരുന്നത് സമൂഹത്തിൽ നിന്നു പുറന്തള്ളിയവരെ ആയിരുന്നു. വിഷാദത്താൽ ആവരണം ചെയ്യപ്പെട്ട ആ സെമിത്തേരിയിലേക്ക് കൊണ്ടുപോകുന്ന ശവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ഷഫക്ക് താല്പര്യമെടുത്തു; പത്രകട്ടിങ്ങുകൾ ശേഖരിച്ചു. ഇതിനിടയിൽ നാഡീശാസ്ത്രത്തെക്കുറിച്ച് അവർ പഠിക്കുന്നുണ്ടായിരുന്നു; ഹൃദയമിടിപ്പ് നിലച്ചാലും തലച്ചോറിനു എത്ര മിനിറ്റ് കൂടി പ്രവർത്തിക്കാൻ കഴിയുമെന്ന് അറിയാൻ വേണ്ടി. ഈ അറിവാണ് നോവലിന്‍റെ ഘടന നിർമിക്കാൻ ഏറെ സഹായകമായത്. അങ്ങനെയാണ് നോവലിലെ പ്രധാന കഥാപാത്രം ചവർകൂനയിൽ മരിച്ചു കിടക്കുന്നതായി സൃഷ്ടിക്കപ്പെടുന്നത്.

എന്നാൽ ആ കഥാപാത്രത്തിന്‍റെ മനസ് മരിച്ചിട്ടില്ലായിരുന്നു. അത് 10 മിനിട്ട് 38 സെക്കൻഡ് പ്രവർത്തിച്ചു. "എന്തായിരിക്കും, ആ മരിച്ച സ്ത്രീ വളരെ പരിമിതമായ സമയത്ത് ചിന്തിച്ചിട്ടുണ്ടാവുക - ഷഫക്ക് ചോദിക്കുന്നു. നല്ല കാര്യമോ, ചീത്തക്കാര്യമോ? ഈ ചോദ്യങ്ങൾ ഷഫക്കിന്‍റെ മനസിൽ തരംഗങ്ങളുണ്ടാക്കി. അവർ അതിൽ നിന്നു പ്രചോദനം നേടിക്കൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കാൻ കഴിയുന്നത്? അവരുടെ മനസ് സ്വതന്ത്രമായിരുന്നു. മനസിലെ ചിന്തകളെ മുൻകൂറായി പണയം വെച്ചിട്ടില്ലായിരുന്നു. സമൂഹത്തിലെ ആർക്കും അവർ തന്‍റെ ചിന്തകൾ വിറ്റിട്ടില്ലായിരുന്നു. ആർക്കും വേണ്ടി ചിന്തിക്കാമെന്നു കരാർ ഉണ്ടാക്കിയിരുന്നില്ല. അവരുടെ മനസിൽ ഒഴിഞ്ഞ ഇടങ്ങളുണ്ടായിരുന്നു. അത് അവർക്ക് ധ്യാനിക്കാനുള്ള ഇടമാണ്. വെറുതെ ഒരിടത്ത് പോയി കണ്ണടച്ചിരിക്കുന്നതല്ല ധ്യാനം. ലോകം സൃഷ്ടിക്കാത്തതിനെ, അല്ലെങ്കിൽ ലോകം തിരസ്കരിച്ചതിനെ പിന്തുടരുകയും അതിൽ നിന്നു മാനവികവും സാർഥകവുമായ വസ്തുക്കൾ ശേഖരിക്കുകയുമാണ് ധ്യാനം. ഇതൊരു വീണ്ടെടുക്കലാണ്. സാഹിത്യകൃതികളിലൂടെ ഈ ലോകത്തോടുള്ള സ്നേഹമാണ് നിറഞ്ഞൊഴുകുന്നത്. ഷഫക്ക് അത് തെളിയിക്കുകയാണ്.

വേഗതയെ പിടിച്ചുകെട്ടാൻ

നോവലിന്‍റെ ബൃഹത് രൂപം എങ്ങനെയാണ് സമകാലിക ലോകത്തെ മനുഷ്യരെ സഹായിക്കുന്നതെന്നതിനെക്കുറിച്ചും ഷഫക്കിനു ധാരണയുണ്ട്. അതിരുവിട്ട ആർത്തിയുടെയും ഉപഭോഗത്തിന്‍റെയും ഫലമായുള്ള സമയക്കുറവ് കൊണ്ട് ചെറിയ വിവരങ്ങളിൽ തൃപ്തിപ്പെടുകയാണല്ലോ മനുഷ്യരുടെ വിധി. ഇവിടെ നമുക്ക് സാവകാശം ലഭിക്കാനും വിവരങ്ങളുടെയും തെറ്റായ വിവരങ്ങളുടെയും പിടിയിൽ നിന്നു രക്ഷപ്പെടാനും ശരിയായ ജ്ഞാനത്തിലേക്ക് പ്രവേശിക്കാനും നോവൽ സഹായിക്കുന്നു. നമ്മൾ അതിവേഗ ജീവിതമാണ് നയിക്കുന്നത്. എന്നാൽ നോവൽ വായിക്കാൻ വേണ്ടി ആ വേഗതയെ പിടിച്ചുകെട്ടേണ്ടതുണ്ട്. ഭൗതികമായ ഉപഭോഗത്തേക്കാൾ ആത്മീയമായ അറിവിലേക്ക് നോവൽ വായനക്കാരെ കൊണ്ടുപോവുകയാണ്.

ഈ ലോകം സാഹിത്യത്തിനും കലയ്ക്കും ഇടം നല്കില്ലെന്നു ശഠിച്ചിരിക്കയാണ്. സഹോദര്യവും സ്നേഹവും തിരിച്ചുകൊണ്ടുവരണം. മാധ്യമങ്ങളിലും ചാനലുകളിലും കലയുടെ സാന്നിധ്യം ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ആ ഇടം പണാധിപത്യത്തിനും വൻകിട താൽപര്യങ്ങളുടെ വിനോദങ്ങൾക്കുമായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് പുസ്തകശാലകൾ, പുസ്തകോത്സവങ്ങൾ, സാഹിത്യകാരസംഗമങ്ങൾ എന്നിവയ്ക്ക് ഇടം കൊടുക്കാൻ രാഷ്‌ട്രീയ നേതാക്കളിലും മാധ്യമങ്ങളിലും സമ്മർദം ചെലുത്തേണ്ടതുണ്ട്. ഒരു മാധ്യമത്തിൽ പോലും ഇപ്പോൾ പുസ്തകവാർത്തകളോ സാഹിത്യവാർത്തകളോ ഇല്ല.

ജീവിതത്തെ മാന്ത്രികവും യഥാർഥവും എന്നു രണ്ടുതരത്തിൽ കാണേണ്ടതുണ്ടോ? ഒരാൾക്ക് അനുഭവപ്പെടുന്നതെന്തും യഥാർഥമായതാണ് എന്നു പറയാനൊക്കുമോ? അവിശ്വസനീയമായതും സംഭവിക്കുന്നു. പാട്ടു കേൾക്കുകയും സിനിമ കാണുകയും വിനോദത്തിനു പോവുകയും ചെയ്യുന്ന മനുഷ്യർ തന്നെ അക്രമികളാവുന്നു. രണ്ടുപേർ ഒരുമിച്ച് സിനിമ കണ്ടു തിരിച്ചുവന്ന് മദ്യപിക്കുന്നു, സ്നേഹിക്കുന്നു. അതിനിടയിൽ പ്രകോപിതരായി വഴക്കടിക്കുന്നു. ഒരുവൻ മറ്റവനെ കൊല്ലുന്നു. മൃതദേഹം മുറിച്ച് കഷണങ്ങളാക്കി പെട്ടിയിൽ വച്ച് റെയ്‌ൽവേ സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുന്നു; ചോര വാർന്നത് കണ്ട് പിടിക്കപ്പെടുന്നു. ഇത് ഒരേസമയം യാഥാർഥ്യവും അവിശ്വസനീയമായ യാഥാർഥ്യവുമാണ്. രണ്ടുംകൂടി ചേർന്നിരിക്കുന്നു. ഇത് കൽപ്പിതമായ യാഥാർഥ്യത്തിന്‍റെ കാലമാണ്. മനുഷ്യൻ അവന്‍റെ ഭാവനയ്ക്കൊത്ത് യാഥാർഥ്യം സൃഷ്ടിക്കുന്നു.

നിശബ്ദതകളുടെ അടിയിൽ

തകഴിയുടെ "അനുഭവങ്ങൾ പാളിച്ചകളി'ലെ ചെല്ലപ്പൻ എന്ന കഥാപാത്രത്തിനറിയാം താൻ എന്തിനാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതെന്ന്. അയാൾ ഒരു കൊലപാതകിയാണല്ലോ. എന്നാൽ ഷഫക്കിന്‍റെ കഥാപാത്രത്തെ സമൂഹം പുറന്തള്ളിയതാണ്. അവൾ മരിച്ചാലെന്ത്, ജീവിച്ചാലെന്ത്? എയ്ഡ്സ് പിടിപെട്ടവരുടെയും വേശ്യകളുടെയും കുറ്റവാളികളുടെയും മൃതദേഹങ്ങൾ ഇസ്താംബൂളിലെ ഒരു സെമിത്തേരിയിലാണ് അടക്കുന്നതെന്ന് പറഞ്ഞല്ലോ. ആ സെമിത്തേരിയിൽ മിക്കപ്പോഴും പോകുമായിരുന്ന ഷഫക്ക് മനസിലാക്കി അവർക്കാർക്കും പേരോ നാടോ ഇല്ലെന്ന്! ഒരു നമ്പർ മാത്രമാണുണ്ടാവുക. അതുകൊണ്ടാണ് ഷഫക്ക് ഒരു നമ്പറിന്‍റെ ഉടമയുടെ യഥാർഥജീവിതം എന്താണെന്ന് അന്വേഷിക്കുന്നത്.

സമൂഹം നിശബ്ദമാക്കിയവരെ അന്വേഷിക്കുകയാണ് ഷഫക്ക് ചെയ്തത്. "എവിടെയാണ് നിശബ്ദതകൾ, ആരൊക്കെയാണ് നിശബ്ദരാക്കപ്പെട്ടത് എന്നു അന്വേഷിക്കാനുള്ള ആഗ്രഹം നേരത്തെ തന്നെ ഉണ്ടായിരുന്നു'- ഷഫക്ക് പറയുന്നു. ആ സെമിത്തേരിയിൽ ശവസംസ്കാരമുണ്ടാകാറില്ല; ഉപേക്ഷിക്കപ്പെട്ട ഒരു കുഴിച്ചിടൽ മാത്രമാണുണ്ടാവുക. ഷഫക്ക് എന്ന നോവലിസ്റ്റിലെ പതഞ്ഞുയരുന്ന മനുഷ്യസ്നേഹം അവരെ അതിനെക്കുറിച്ച് ചിന്തിപ്പിച്ചു.

പതിതരുടെ ജീവിതകഥകൾ നിശബ്ദമാക്കപ്പെടുകയാണ് എവിടെയും. അധികാരത്തിനും നിയമത്തിനും ഔപചാരികതയാണുള്ളത്. അതിനു സ്വാഭാവികമായ പാദചലനങ്ങളില്ല. ആരെങ്കിലും സമ്മർദം ചെലുത്തിയാലേ അതൊക്കെ ചലിക്കൂ. എന്നാൽ ഒരു നോവലിസ്റ്റിനു അതിന്‍റെയാവശ്യമില്ല. നോവലിസ്റ്റ് ആരോടും വിധേയത്വപ്പെടുന്നില്ല. അവർക്ക് സ്വന്തം മനസാക്ഷിയോട് സംവദിച്ചാൽ മതി.

28 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ഷഫക്കിന്‍റെ "ദ് ബാസ്റ്റാർഡ് ഓഫ് ഇസ്താംബൂൾ', "ദ് ഫോർട്ടി റൂൾസ് ഓഫ് ലവ്' എന്നീ നോവലുകൾ പ്രധാനമാണ്. 50ലേറെ ഭാഷകളിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട് അവരുടെ കൃതികൾ. ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ടർക്കിഷ് എഴുത്തുകാരിയാണ് എലിഫ് ഷഫക്ക്.

രജതരേഖകൾ

1) പ്രമുഖ ഇന്ത്യൻ ചിത്രകാരനായ കെ. ജി. സുബ്രഹ്മണ്യം തന്‍റെ സുഹൃത്ത് റായി കൃഷ്ണദാസിനു 1972 ൽ എഴുതിയ ഒരു കത്തിൽ ഇങ്ങനെ വായിക്കാം: "നമ്മുടെ കലാരംഗം ഇപ്പോൾ ഒരുകൂട്ടം മുദ്രാവാക്യങ്ങളിലും വാക്കുകൾ കൊണ്ടുള്ള അന്ധകാരത്തിലും തളയ്ക്കപ്പെട്ടിരിക്കുകയാണ്. നമുക്ക് വേണ്ടത് സാംസ്കാരിക യാഥാർഥ്യങ്ങളോടുള്ള തുറന്ന സമീപനമാണ്. അതിന്‍റെ നിറം പിടിപ്പിച്ച വ്യാഖ്യാനങ്ങളല്ല'. ഇന്ന് കലാനിരൂപണം നിറം പിടിപ്പിച്ച വ്യാഖ്യാനങ്ങളായാണ് പുറത്തുവരുന്നത്. വാക്കുകൾ കൊണ്ടുള്ള ഇരുട്ട് നിർമാണമാണ്. അതിനപ്പുറം, ഇന്ത്യൻ യാഥാർഥ്യത്തെ അഭിമുഖീകരിക്കാനുള്ള അർഥപൂർണമായ ഒരു സമീപനം ചിത്രങ്ങളിലുണ്ടോ എന്നു പരിശോധിക്കപ്പെടുന്നില്ല.

2) "കെ.പി. അപ്പനെ പോലുള്ള ഒരു വലിയ നിരൂപകൻ, കെ. പി. അപ്പന്‍റെ പോലുള്ള ഒരാൾക്ക്, ആറ്റൂരിനെ പോലുള്ള ഒരാൾ നടന്നു പോകുമ്പോൾ, കോവിലനെ പോലുള്ള എഴുത്തുകാരൻ.' -ഒരു അഭിമുഖത്തിൽ സാറാ ജോസഫ് (നിരൂപകരിലല്ല, വായനക്കാരിലാണ് എന്‍റെ പ്രതീക്ഷ, പ്രസാധകൻ, ഒക്റ്റോബർ) പറയുന്നതാണിത്. എന്ത് ശൈലിയാണിത്? കെ.പി. അപ്പൻ, ആറ്റൂർ, കോവിലൻ തുടങ്ങിയവരെ പോലെയുള്ള എഴുത്തുകാരുണ്ടോ? അതോ ഇവർ തന്നെയാണോ "പോലുള്ളവർ' എന്ന പരിധിയിൽ വരുന്നത് ? ഇന്‍റർവ്യൂ ചെയ്തത് കെ.ബി. ശെൽവമണിയാണ്. സാഹിത്യത്തെക്കുറിച്ച് ഗൗരവമായി എഴുതാനോ ചിന്തിക്കാനോ യാതൊരു ഉപകരണവും കൈയിലില്ലാത്തവർ അഭിമുഖം ചെയ്താൽ ഇങ്ങനെയിരിക്കും.

3) കോട്ടയം ജില്ലയ്ക്ക് 75 വയസായി എന്നു പറഞ്ഞ് ആഘോഷിക്കാനിറങ്ങിയവരെ വിമർശിച്ചുകൊണ്ട് ചരിത്രപണ്ഡിതനും കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്‍റുമായ ഏബ്രഹാം ഇട്ടിച്ചെറിയ എഴുതിയ ലേഖനം (കോട്ടയം പബ്ലിക് ലൈബ്രറി വാർത്താപത്രിക, ജൂലൈ- ആഗസ്റ്റ്) പൂർവകാലത്തെ കനപ്പെട്ട ഓർമകളെ വീണ്ടെടുത്തു കൊണ്ടുവന്നു. കോട്ടയം പട്ടണത്തെ രൂപകൽപ്പന ചെയ്തതും ഒരു ജില്ലയാക്കാൻ നടപടികളാരംഭിച്ചതും ദിവാൻ പേഷ്കാരായി വന്ന തഞ്ചാവൂർ രാമയ്യരാണെന്നു ഇട്ടിച്ചെറിയ വസ്തുതകൾ ഉദ്ധരിച്ച് സ്ഥാപിക്കുന്നു. "1880ല്‍ കോട്ടയം വടക്കൻ ജില്ലയുടെ തലസ്ഥാനമായി. അപ്പോൾ കോട്ടയം ജില്ലയ്ക്ക് 144 വർഷമായി. നമുക്ക് കോട്ടയം ജില്ലയുടെ നൂറ്റിയമ്പതാം വർഷം 2030 ൽ ആഘോഷിക്കാം -' ഇട്ടിച്ചെറിയ എഴുതുന്നു. ജില്ലയുടെ ചരിത്രവഴികൾ പ്രധാന സംഭവങ്ങളെ അടിസ്ഥാനമാക്കി അവതരിപ്പിക്കുകയാണ് ലേഖകൻ.

4) ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഒരുവന്‍റെ ചിന്തകളെ മനോധർമത്തോടെ നിരത്തുകയാണ് ശ്യാം തറമേൽ "ആത്മഹത്യയ്ക്ക് തൊട്ടുമുൻപ്' (പ്രഭാതരശ്മി, സെപ്റ്റംബർ) എന്ന കവിതയിൽ.

"അവഗണനകളുടെ കൊത്തേറ്റു

മരിച്ച കിനാവുകളെ

അപസ്മാരരോഗികളുടെ

കൈവെള്ളകളിലെന്നപോൽ

പലവട്ടം വിറകൊള്ളിച്ചിട്ടുണ്ടാകാം. !

പ്രതീക്ഷകളുടെ നിഗൂഢധമനികൾ

ഒരാവർത്തികൂടി തുറക്കുമോ എന്നറിയാൻ

വാതിൽപ്പടിയിൽ അല്പനേരംകൂടി

കാത്തുനിന്നിരിക്കാം!

അത്രമേൽ പ്രിയപ്പെട്ടതെല്ലാം

മനപ്പൂർവം മറന്നുവെച്ചിട്ട് മാത്രമേ

നിശബ്ദതയുടെ തണുത്ത പ്രതലങ്ങളെ

അയാൾക്ക് മുറിച്ചുകടക്കാനാകൂ'.

ആത്മഹത്യ വേറൊരു ഗ്രഹമാണ്. അത് ജീവിതത്തെ മറ്റൊരു വിതാനമായി കാണുന്നുവെന്ന് കവി നിരീക്ഷിക്കുന്നു.

5) യാഥാർഥ്യത്തിനു യഥാർഥം എന്നു പറയാവുന്ന ഒന്നില്ല. യാഥാർഥ്യം തന്നെ പ്രതീതിയാണ്. ഒരു യാഥാർഥ്യത്തെ പലരും പല കോണുകളിലൂടെയാണ് നോക്കുന്നത്. ഒരു മിത്രത്തിന്‍റെ മരണത്തെ ഓരോരുത്തരും ഓർക്കുന്നത് അവനവന്‍റെ കാഴ്ചപ്പാടിലൂടെയും പരിചയത്തിലൂടെയുമാണ്. അതെല്ലാം വ്യത്യസ്തമായിരിക്കും. അപ്പോൾ ആ വ്യക്തിയുടെ സമഗ്രരൂപം ആർക്കും കിട്ടുന്നില്ല. അവിടെ യാഥാർഥ്യത്തിനു കൃത്യമായ നിർവചനമില്ല.

6) ഓസ്ട്രിയൻ -ചെക്ക് എഴുത്തുകാരനായ ഫ്രാൻസ് കാഫ്ക ഏകാന്തതയിൽ സ്വയം നഷ്ടപ്പെടുന്നതിനെക്കുറിച്ച് ഡയറിയിൽ ഇങ്ങനെ എഴുതി:'എല്ലാം മറക്കുക. ജനാലകൾ തുറന്നിടുക. . മുറി വൃത്തിയായിരിക്കണം. കാറ്റ് ജനാലയിലൂടെ കടന്നു വരട്ടെ. നിങ്ങൾക്ക് ആ മുറിയിൽ ശൂന്യത മാത്രമേ കാണാനാവൂ. ഓരോ മൂലയിലും നിങ്ങൾ പരതും; എന്നാൽ നിങ്ങളെ കണ്ടെത്താനാവില്ല. "

7) ഇടശേരിയുടെ "ലവണാസുര വധത്തിലെ ഹനുമാൻ'എന്ന കവിതയെക്കുറിച്ച് കെ.വി. രാമകൃഷ്ണൻ എഴുതിയ ലേഖനം "കഥകളിയിൽ നിന്നുറന്ന കവിത (കലാപൂർണ, ഒക്റ്റോബർ) ശ്രദ്ധേയമായി. ഒരു നാടകീയ സ്വഗതാഖ്യാനം എന്ന നിലയിൽ ഈ കവിതയ്ക്ക് നമ്മുടെ ഭാഷയിൽ അതുല്യമായ സ്ഥാനമാണുള്ളത്. പ്രമുഖ കവി കെ. വി. രാമകൃഷ്ണൻ അത് വിശദമായി പ്രതിപാദിക്കുന്നു. കേരളത്തിന്‍റെ മാത്രം രംഗകലയായ കഥകളിയിലെ ചലനങ്ങളും താളവുമാണ് തികച്ചും നൈസർഗികമായി ഇടശേരിയുടെ ഉള്ളിൽ ഹനുമാനെ ഇങ്ങനെ വാർത്തെടുക്കാൻ സഹായിച്ചതെന്ന് ലേഖകൻ ഓർമിപ്പിക്കുന്നു. ഇടശേരിയുടെ സവിശേഷമായ പദാവലിയും വാക്പ്രയോഗങ്ങളും സൂക്ഷ്മമായ അർഥസന്നിവേശങ്ങളും ഈ ലേഖനത്തിൽ സ്പഷ്ടമായി, ഇഴപിരിച്ച് പരിശോധിക്കുന്നുണ്ട്.

8) റഷ്യൻ ദൈവശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ നിക്കോള ബെർദ്യേവ് ദൈവത്തെക്കുറിച്ച് ഇങ്ങനെ ചിന്തിച്ചു: "ദൈവം മനുഷ്യന്‍റെ സാന്നിധ്യം ഇഷ്ടപ്പെടുന്നുണ്ട്. ഏകാന്തനായിരിക്കാൻ ദൈവത്തിനു താല്പര്യമില്ല. മനുഷ്യന്‍റെ അസ്തിത്വത്തിന്‍റെ അർഥം എന്നു പറയുന്നത് ഏകാന്തതയ്ക്കെതിരെയുള്ള യുദ്ധമാണ്. സാമീപ്യവും രക്തബന്ധവുമാണ് ദൈവം തേടുന്നത്'.

Trending

No stories found.

Latest News

No stories found.