''കുറച്ചു കാലത്തേക്ക് അപ്രത്യക്ഷരായാൽ എങ്ങനെയുണ്ടാകും? അസാധാരണായി എന്തെങ്കിലും ചെയ്തിട്ടു വേണം അതുകഴിഞ്ഞുള്ള തിരിച്ചുവരവ്....''
ഇലോൺ മസ്കിന്‍റെ ഈ വാക്കുകൾ പലരും കേൾക്കുകയോ വായിക്കുകയോ ഒക്കെ ചെയ്തിട്ടുണ്ടാവും. പിന്നെ മറന്നിട്ടുമുണ്ടാവും. പക്ഷേ, പി.കെ. സിദ്ധാർഥ് എന്ന യുവാവിന് കേട്ടു മറക്കാനുള്ള ഒരു കൗതുകമായിരുന്നില്ല ആ വാക്കുകൾ. പൊതുസമൂഹത്തിൽനിന്ന് അപ്രത്യക്ഷനാകാനുള്ള മസ്കിന്‍റെ ആഹ്വാനം അക്ഷരംപ്രതി പിന്തുടർന്ന സിദ്ധാർഥ്, നാലു മാസത്തിനു ശേഷം തിരിച്ചുവന്നിരിക്കുന്നത് അസാധാരണമായി ചിലതു ചെയ്തിട്ടുതന്നെയാണ്.
പൊതുമധ്യത്തിൽനിന്ന് അകന്നു ജീവിച്ച നാലു മാസം സിദ്ധാർഥിന് ഭൗതികമായി മാറിനിൽക്കൽ മാത്രമായിരുന്നില്ല. വായനയിലും എഴുത്തിലും മാത്രം മുഴുകിയ ആ കാലഘട്ടത്തിൽ അയാൾ ലോകം മുഴുവൻ തന്‍റെ സാന്നിധ്യമറിയിക്കുകയാണു ചെയ്തത്, വീടു വിട്ട് പുറത്തുപോകുക പോലും ചെയ്യാതെ!
ആഗോള സാഹിത്യത്തെ കൂടുതൽ അടുത്തറിഞ്ഞ നാളുകൾ, തന്‍റെയുള്ളിലെ കവിയെ തേച്ചുമിനുക്കിയെടുത്ത കാലം. അക്ഷരങ്ങളിലേറി ലോകം ചുറ്റിയ അദ്ഭുതം!
പാലക്കാട്ടുകാരനായ സിദ്ധാർഥ് ഇപ്പോൾ കൊച്ചിയിലാണ് സ്ഥിരതാമസം. കഴിഞ്ഞ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള സമയത്ത് ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലെ വായനക്കാരിലേക്ക് സിദ്ധാർഥിന്‍റെ വാക്കുകൾ എത്തിച്ചേർന്നു. ഇതിലൊരു സംസ്ഥാനത്തു പോലും സിദ്ധാർഥ് നേരിട്ടു പോയിട്ടില്ല. എന്നാൽ, അവിടങ്ങളിലെയെല്ലാം പ്രാദേശിക ദിനപത്രങ്ങളിൽ അദ്ദേഹത്തിന്‍റെ രചനങ്ങൾ പ്രസിദ്ധീകരിച്ചു. കശ്മീരിൽ വരെ സിദ്ധാർഥിന്‍റെ അക്ഷരങ്ങൾ ചെന്നെത്തി. അക്ഷരങ്ങളിലൂടെയുള്ള ഭാരത പര്യടനത്തിൽ സിദ്ധാർഥ് ഏറ്റവും പ്രിയങ്കരമായി കരുതുന്നതും കശ്മീർ 'സന്ദർശനം' തന്നെ.
ഒക്റ്റോബറോടെ സിദ്ധാർഥിന്‍റെ ശ്രദ്ധ രാജ്യത്തിന്‍റെ അതിരുകൾക്കപ്പുറത്തേക്കു നീണ്ടു. ഒരിക്കലും ഇന്ത്യക്കു പുറത്തേക്ക് യാത്ര ചെയ്യാത്ത സിദ്ധാർഥിന്‍റെ കവിതകളും ലേഖനങ്ങളും 45 ലോകരാജ്യങ്ങൾ സന്ദർശിച്ചു. ഓസ്ട്രേലിയ മുതൽ യുഎസ് വരെയും, ഇന്തോനേഷ്യയും തായ്‌ലൻഡും അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലും പ്രസിദ്ധീകരിക്കുന്ന ദിനപത്രങ്ങളിലും മാഗസിനുകളിലും അവ അച്ചടിച്ചു വന്നു.
വാക്കുകളുടെ ശക്തിയായാണ് സിദ്ധാർഥ് ഇതിനെ കാണുന്നത്. ''പടവാളിനെക്കാൾ മൂർച്ചയുള്ള അക്ഷരങ്ങൾ'' എന്ന പ്രയോഗത്തിന്‍റെ പുതുരൂപം. താൻ സ്വയം മറികടന്നിട്ടില്ലാത്ത രാജ്യാതിർത്തികളും സാംസ്കാരികഭൂമികകളുമാണ് തന്‍റെ അക്ഷരങ്ങളിലൂടെ സിദ്ധാർഥ് കീഴടക്കിയത്.
അവിടെയും അവസാനിപ്പിക്കാതെ സിദ്ധാർഥ് എഴുത്ത് തുടരുകയായിരുന്നു. യുകെയും ജർമനിയും ഫിൻലൻഡും സ്പെയ്നും അടക്കം യൂറോപ്പിൽ ഉടനീളം നടത്തിയ അക്ഷര യാത്രകളെ സിദ്ധാർഥ് ഉപമിക്കുന്നത് ക്രിസ്റ്റഫർ കൊളംബസിന്‍റെയും ഫെർഡിനാൻഡ് മഗല്ലന്‍റെയുമൊക്കെ ഗോളാന്തര സഞ്ചാരങ്ങളുമായാണ്. എന്നാൽ, സിദ്ധാർഥിന്‍റെ യാത്രകൾക്ക് വാഹനമായത് ഭാവനയും ഇന്ധനമായത് മഷിയുമായിരുന്നു. വാക്കൾക്ക് ലോകം ചുറ്റി സഞ്ചരിക്കാനും വൻകരകളിലെമ്പാടും വായനക്കാരെ കണ്ടെത്താനും സാധിക്കുമെന്നാണ് സിദ്ധാർഥ് അതിലൂടെ തെളിയിച്ചത്.
കോട്ടയം എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് ഹിസ്റ്ററിയിൽ ബിരുദം നേടിയ സിദ്ധാർഥ് ഇപ്പോൾ യുപിഎസ്‌സി പരിശീലനം നേടുന്ന വിദ്യാർഥികൾക്ക് ക്ലാസെടുത്തു വരുന്നു. അക്കാഡമിക് വിജ്ഞാനം മാത്രമല്ല, സാഹിത്യയാത്രകളിലൂടെ നേടിയ അനുഭവസമ്പത്ത് കൂടിയാണ് ഈ ചെറുപ്പക്കാരൻ തന്‍റെ സമകാലികർക്കു പകർന്നുകൊടുക്കുന്നത്.
അസാധാരണായതെന്തെങ്കിലും എത്തിപ്പിടിക്കാൻ പുറപ്പെടുന്നവർക്ക് പ്രചോദനമാണ് സിദ്ധാർഥിന്‍റെ അക്ഷരയാത്രകൾ. വ്യക്തിഗതമായ അതിരുകൾ ഭേദിക്കാൻ സാധിച്ചാൽ രാജ്യാതിർത്തികൾ വരെ മറികടന്നു സ്വയം പടരാനാവുമെന്ന് സ്വന്തം കഥയിലൂടെ സിദ്ധാർഥ് തെളിയിക്കുകയാണ്.