അർത്ഥകാമ: ധനകാര്യ വ്യവഹാരത്തിന്‍റെ പിന്നാമ്പുറങ്ങളിലൂടെ ‌| പുസ്തക പരിചയം

വിലാപ്പുറങ്ങളിലൂടെ മലയാളത്തിലെ പ്രിയങ്കരിയായ എഴുത്തുകാരിയായി മാറിയ ലിസിയുടെ പുതിയ നോവൽ, അർത്ഥകാമ- നിരൂപണം എൻ.കെ. ഷീല
അർത്ഥ കാമ - ലിസി
അർത്ഥ കാമ - ലിസി
Updated on

എൻ.കെ. ഷീല

വിലാപ്പുറങ്ങളിലൂടെ'വിസ്മയത്തിന്‍റെ ഒറ്റ അമിട്ട്' വിരിയിച്ച, മലയാളത്തിലെ പ്രിയങ്കരിയായ എഴുത്തുകാരി ലിസിയെ ആദ്യം കാണുന്നത് ഒരു അഭിമുഖ വേളയിലാണ്. മുംബൈ, വിളനിലങ്ങൾ, വിലാപ്പുറങ്ങൾ, ബോറിബന്തറിലെ പശു എന്നീ കൃതികളുടെ വായന കവർന്ന മനസ്സുമായിട്ടാണ് 2020ലെ തൃശൂർ പൂരത്തലേന്ന് അരണാട്ടുകരയിലെ 'വലന്‍റയിൻസ്'എന്ന വീട്ടിലേക്ക് കയറി ചെല്ലുന്നത്. ഉള്ളം നിറച്ച ചോദ്യങ്ങളിൽ നിന്ന് ആദ്യം ഇറങ്ങി വന്നത്:

'ഈ പ്രണയം വരുന്ന വഴിയേതോ'? [മുംബൈ - നോവൽ ]

'എന്‍റെയും ഭർത്താവിന്‍റെയും ജന്മദിനം ഫെബ്രുവരി 14 പ്രണയത്തിന്‍റെ വലന്‍റയിൻസ് ദിനലാണ്' എന്ന് ചിരിച്ചു കൊണ്ട്, പിന്നെ സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകാരുടെ ഉറച്ച ശബ്ദത്തിൽ,

'എഴുത്തെനിക്ക് ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സത്യാന്വേഷണമാണ്. എഴുത്തിലേക്ക് വീണുകിട്ടുമ്പോൾ തുറക്കപ്പെടുന്ന കുറേ ജാലകങ്ങളുണ്ട്. അവയിലൂടെ സാന്ദർഭികമായി കടന്നു വരുന്നതാണ് പ്രണയവും' അവിടെ സ്വന്തം എഴുത്തിന്‍റെ 'മാനിഫെസ്റ്റൊ' രേഖപ്പെടുത്തുകയായിരുന്നു നോവലിസ്റ്റെന്നു തോന്നി.

ആ വരികൾ 2024ൽ ലിസിയുടെ ഏറ്റവും പുതിയ നോവൽ 'അർത്ഥ കാമ' വായിക്കുമ്പോൾ എന്‍റെ ചെവിയിൽ വീണ്ടും മുഴങ്ങുന്നു. എഴുത്ത് സത്യാന്വേഷണമല്ലെങ്കിൽ 'വെടിയേറ്റു വീണ ബാങ്ക്ഉദ്യോഗസ്ഥയുടെ പിടച്ചിൽ!' വർഷങ്ങൾക്കു ശേഷം ഒരു നോവലായി പുനർജനിക്കുന്നതെങ്ങനെ?

'ഹർഷയുടെ കൈയിൽ നിന്ന് ഐഫോൺ ഊർന്നു താഴെ വീണു. അതെടുക്കാനായി ഹർഷ കുനിഞ്ഞതും വെടിപൊട്ടി' അമ്പരപ്പോടെ തലയുയർത്തുമ്പോൾ കാണുന്നത് ഒരു പക്ഷിയെപ്പോലെ പിടഞ്ഞു വീഴുന്ന പ്രിയംവദയെ' [അർത്ഥകാമ]

വായനയുടെ ആദ്യ ഫ്ലാഷിൽ സുന്ദരന്മാരും സുന്ദരികളുമായിരിക്കുന്നവർ കഥാഗതി മുന്നോട്ടു നീങ്ങുമ്പോൾ ആട്ടിൻതോലൂരി തനി ചെന്നായ്ക്കളാകും.

സംശയത്തിന്‍റെ നിഴലിൽ നിന്ന് സഹാനുഭൂതിയുടെ നറുനിലാവിലേക്ക് ചിലർ ചാഞ്ഞ് വരും. അതിശയത്തിന്‍റെ മൂക്കിൻ തുമ്പിൽ വെളിപാടിന്‍റെ ചൂണ്ടുവിരലമർത്തും വായനക്കാർ. കഥാപാത്രാവതരണത്തിന്‍റെ അപ്രതീക്ഷിതമായ വഴിത്തിരിവുകൾ സി.വി. നോവലുകളിൽ കാണുന്ന പോലെ പ്രത്യക്ഷമോ രൂപപരമോ അല്ല, ഭാവപരവും പരോക്ഷവുമാണ്.

ലിസി 34 വർഷം കാത്തലിക് സിറിയൻ ബാങ്കിൽ സേവനമനുഷ്ഠിച്ചു. അതിൽ ബോംബെ എന്ന മഹാനഗരിയിൽ സംഭവബഹുലമായ അഞ്ച് വർഷം. ചീഫ് മാനേജർ എന്ന ഉന്നത പദവിയിലിരുന്ന് വിരമിച്ചു.

അടുത്ത നോവൽ ബാങ്കിങ്ങിനെ കുറിച്ചാണെന്ന് മൂന്നു വർഷങ്ങൾക്കു മുമ്പേഎഴുത്തുകാരി പറഞ്ഞിരുന്നു. ഇടയിൽ കാണുമ്പോൾ 'എന്തായി?' എന്ന് വിലാപ്പുറങ്ങൾ വായിച്ച കൗതുകമുള്ള മനസ്സുമായി ചോദിക്കും. അന്നെല്ലാം അവർ സിനിമയ്ക്ക് തിരക്കഥ തയ്യാറാക്കുന്ന തിരക്കിലായിരുന്നു. വിഷയവുമായുള്ള അതിപരിചയത്തിന്‍റെ മുന തേച്ചുമിനുക്കി ഫാന്‍റസിയാക്കാൻ ആവശ്യപ്പെട്ട സമയമായിരുന്നു അതെന്ന് അർത്ഥകാമയുടെ വായന സാക്ഷ്യപ്പെടുത്തുന്നു.

NK Sheela
എൻ.കെ. ഷീല

'വിദേശ വിനിമയവും കറൻസി ചെസ്റ്റും ക്ലിയറിങ് ഹൗസുമുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ശാഖയുടെ അമരത്തിരിക്കുക നിസ്സാര കാര്യമല്ല. ഹോമി മോദി ശാഖയിലെ നൂറോളം വരുന്ന ജീവനക്കാരെയും തള്ളിക്കയറി വരുന്ന അവരുടെ യൂണിയൻ നേതാക്കളെയും സംയമനത്തോടെ കൈകാര്യം ചെയ്യുക വലിയ വെല്ലുവിളിയാണ്. അതിലും വെല്ലുവിളിയാണ് മഹാനഗരിയിലെ വമ്പൻ സ്രാവുകളായ ഇടപാടുകാരെ കൈകാര്യം ചെയ്യുക എന്നത്' [അർത്ഥ കാമ][ജേക്കബ് തോമസിന്‍റെ സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ ഓർമ വന്നു]

സ്വന്തം തൊഴിൽ മേഖലയെ എഴുത്തിലേക്ക് ആവാഹിക്കാൻ എഴുത്തുകാർക്ക് അസാമാന്യമായ ധൈര്യം വേണം. താനുൾപ്പെടുന്ന തൊഴിലിടത്ത് സത്യസന്ധമായിരുന്നവർക്കേ അതിനുള്ള ചങ്കൂറ്റം കാണൂ.

'പണം എന്നും പണം തന്നെ, അതിന്‍റെ മുഴക്കം ഇമ്പമാർന്നതാണ്' എന്ന് നോവലിൽ ഒരിടത്ത് പറയുന്നുണ്ട്. ആ മുഴക്കത്തിൽ ഇമ്പം കൊള്ളാതിരിക്കാനുള്ള മനസ്സുറപ്പ് വേണം. 'പണത്തിനുമീതെ പറക്കുന്ന പരുന്തുകൾ' എന്ന് ആമുഖത്തിൽ എഴുത്തുകാരി ബാങ്കിടത്തിലെ സ്വന്തം സ്ഥാനം അടയാളപ്പെടുത്തുന്നു. നോവലിൽ 'ഉള്ളിൽ വീണ തീപ്പൊരികളിൽ ഊതിയെടുത്ത ഉൾക്കാഴ്ചകളുണ്ട്' സാമ്പത്തിക മേഖലകളിൽ മറഞ്ഞിരിക്കുന്ന അധോലോകത്തെ അനാവരണം ചെയ്യുന്നുണ്ട്. കണ്ണിലിരുന്ന് കൃഷ്ണമണി തിന്നുന്നതറിയാതെ ചതിയുടെ ചതുപ്പിലാഴ്ന്നു പോകുന്ന ജീവിതങ്ങളുടെ പരിദേവനങ്ങൾ ഉൾക്കിടിലത്തോടെ കേൾവിയാകുന്നുണ്ട്.

ചതിയും നേരും തമ്മിലുള്ള ഒരു പാമ്പും കോണിയും കളി ബാങ്കിങ് ബ്യൂറോക്രസിക്കകത്ത് അടിയൊഴുക്കായി വർത്തിക്കുന്നത് നോവലിൽ ദൃശ്യമാകും.

ചതിയുടെ പാമ്പിൻവായിൽ അകപ്പെടാതെ രക്ഷപ്പെടുന്നതെങ്ങനെയെന്ന് നോവലിസ്റ്റിന്‍റെ തന്നെ വാക്കുകൾ, ''നേരിനും നെറിവിനും വേണ്ടി പ്രവർത്തിക്കുന്നവർക്ക് ബാങ്കിന്‍റെ റൂൾസ് ഏന്‍റ് റെഗുലേഷൻസ് രക്ഷക്കുണ്ട്. മാനേജർ ശുപാർശ ചെയ്യാത്ത ഒരു ലോണും നിലവിലെ നിയമം വെച്ച് മുകളിൽ നിന്ന് പാസ്സാക്കാനാവില്ല. ബാങ്കിങ് പ്രൊഫഷനിലെ വലിയ മഹത്വമാണത്. നേരായ നിലപാടുകളിൽ മുറുകെ പിടിച്ചതിന് എനിക്കും 10 വർഷത്തെ പ്രമോഷൻ നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ അഭിമാനത്തോടെ ബാങ്കിന്‍റെ പടികളിറങ്ങാൻ കഴിഞ്ഞു.''

അർത്ഥകാമ വായിക്കുമ്പോൾ ബാങ്കിങ് മേഖലയെ കുറിച്ച് അനുഭവപ്പെടുന്ന അറിവിന്‍റെ മുറിവുകളിൽ മരുന്നുവെച്ചുകെട്ടുന്നുണ്ട് ഒരു 'കോക്കസി'ലും പെടാതെ വിജയിച്ചിറങ്ങിയ ഈ ബാങ്കുദ്യോഗസ്ഥയുടെ നേർഭാഷ്യം. ഒപ്പം നോവലിലെ ചില കഥാപാത്രങ്ങളുടെ ഭാവങ്ങൾ ആ വാക്കുകളിൽ മിന്നിമറയും. ലിൻസി റോയി എന്ന ഉദ്യോഗസ്ഥയുടെ തിരോധാനത്തിന് അപ്പോൾ നമ്മൾ നഷ്ടപ്പെട്ട 10 വർഷത്തെ പ്രമോഷനിലേക്ക് ആശ്വാസപൂർവ്വം ചുരുക്കും. കുറച്ചു കാലമായി ബാങ്കുകളിൽ പോകുമ്പോൾ ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ അരവിന്ദിനെയും ശ്രീജയെയും തേടും. [അങ്കമാലിയിലെ മാങ്ങാക്കറിയും നിന്‍റെ അപ്പവും വീഞ്ഞും -കെ. രേഖ] അർത്ഥകാമ വായിച്ചതിനു ശേഷം ഇനി എത്ര കഥാപാത്രങ്ങളാണ് ബാങ്കുദ്യോഗസ്ഥർക്കിടയിൽ ഒത്തു നോക്കാനായി മനസ്സിലുള്ളത്. വിങ്ങലായും വില്ലരായും വന്നു നിരക്കുന്നവർ.

ബാങ്കുദ്യോഗസ്ഥരുടെയും വമ്പൻ കസ്റ്റമേഴ്സിന്‍റെയും അവിഹിതത്തിൽ പിറന്ന ജാരസന്തതിയാണ് കിട്ടാക്കടങ്ങളെന്ന് നോവൽ വായനയിൽ ബോധ്യപ്പെടും. പത്രവാർത്തകളിലെ കിട്ടാകടങ്ങളും വമ്പന്മാർ ഒരു മുഴംമുമ്പേ ദേശം വിടുന്നതിന്‍റെയും ടൈമിങ് വായനക്കാർക്കപ്പോൾ പകൽ പോലെ വ്യക്തമാകും ഇവിടെ ബാങ്കിന്‍റെ അമരത്തിരുന്ന എഴുത്തുകാരിയുടെ വാക്കുകൾ.

'ഞാനനുവദിച്ച വായ്പകളൊന്നും കിട്ടാ കടങ്ങളല്ല'

കട്ടും ദ്രോഹിച്ചും അവസാനം വരെ പിടിക്കപ്പെടാതെ, യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ നന്മയുള്ളവരെ ബലികൊടുത്ത് മുന്നേറുന്ന എത്രയോ കഥാപാത്രങ്ങൾ. നോവലിസ്റ്റിന്‍റെ നേരനുഭവത്തിന്‍റെ ബലത്തിൽ സൂക്ഷ്മതയും തന്മയത്വവും കൈവന്നവർ.

ഈ സമയം എ.അയ്യപ്പന്‍റെ വരികൾ വെറുതെയോർത്തു.

'കാറപകടത്തിൽപ്പെട്ടുമരിച്ച വഴിയാത്രക്കാരന്‍റെ

ചോരയിൽ ചവിട്ടി ആൾക്കൂട്ടം നിൽക്കേ

മരിച്ചവന്‍റെ പോക്കറ്റിൽ നിന്നു പറന്ന

അഞ്ചുരൂപയിലായിരുന്നു എന്‍റെ കണ്ണ്'

ഇതുപോലെ, ആത്മനിന്ദ പ്രകടിപ്പിക്കാൻ കസേരയിലിരിക്കുന്ന കള്ളന്മാർക്ക് ആത്മാവെങ്കിലും വേണ്ടേയെന്ന്!

പണത്തെകുറിച്ചുള്ള ഒരു കഥയുടെ പാരായണ സാധ്യതയോർത്തപ്പോൾ ഗാന്ധിജിയെ ഓർത്തു.

'പുസ്തകം വായിച്ചു തുടങ്ങിയപ്പോൾ ഇടയ്ക്കു വെച്ച് മടക്കിവെയ്ക്കുക എന്നത് അസാധ്യമായിരുന്നു. എന്നെ അതാകെ പിടികൂടുക തന്നെ ചെയ്തു. ആ രാത്രിയിൽ എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല'

ജോൺ റസ്കിന്‍റെ 'അൺ ടു ദിസ് ലാസ്റ്റ്' എന്ന കൃതിയുടെ വായനാനുഭവമാണ് ഗാന്ധിജി ഇങ്ങനെ പങ്കുവെയ്ക്കുന്നത്.

അന്യായാർജിത ധനത്തിന്‍റെ ഉടമകളായ നീചരോട് നീതിയോ

[അൺ ടു ദിസ് ലാസ്റ്റ്]

അർത്ഥകാമയിലൂടെ മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരിയും ഇതു തന്നെ ചോദിച്ചു കൊണ്ടിരിക്കുന്നു. വായനക്കാരുടെ ഉള്ളിളക്കും വിധത്തിൽ.

Trending

No stories found.

Latest News

No stories found.