അതിജീവനത്തിന്‍റെ ചിറകുകൾ വിരിച്ച് അബ്ബാസ്
പ്രവാസികൾ നേരിടുന്ന പച്ചക്കറി ദൗർലഭ്യം മുതൽ വിമാന യാത്രാനിരക്ക് വർധന വരെയും, പുനരധിവാസം മുതൽ പശ്ചിമേഷ്യൻ പ്രതിസന്ധി വരെയുമുള്ള വിഷയങ്ങളിൽ നിത്യേന ദീർഘമായ കുറിപ്പുകൾ എഴുതിയിരുന്ന വിരലുകളിലേക്കാണ് അപ്രതീക്ഷിതമായി ക്ഷീണം കുടിയേറിയത്... ആഴമേറിയ ലേഖനങ്ങൾ എഴുതിത്തീർത്ത കൈയിലെ ഞരമ്പിലൂടെ വീര്യമേറിയ മരുന്നുകൾ കയറിത്തുടങ്ങിയ കീമോ തെറാപ്പിയുടെ കാലം...
യു എ ഇ യിലെ ഒരു ദിനപ്പത്രത്തിന്‍റെ എഡിറ്റർ ഇൻ ചാർജ് എന്ന തിരക്കേറിയ ചുമതലയിൽ നിന്ന് വേദനകളുടെ അകമ്പടിയോടെ കിടക്കയിലേക്ക് ... ഏതൊരു വ്യക്തിയും ശാരീരികമായും മാനസികമായും വൈകാരികമായും തളർന്ന് നിരാശയുടെ ആഴക്കയങ്ങളിലേക്ക് വീണുപോകാവുന്ന അവസ്ഥ. അവിടെ നിന്ന് ഇച്ഛാശക്തിയുടെയും ആത്മനിയന്ത്രണത്തിന്‍റെയും ചിറകുകളിലേറി ജീവിതത്തിന്‍റെ വിഹായസ്സിലേക്ക് തിരിച്ച് പറക്കുക, പിന്നെ പറന്നുതീർത്ത ഉയര -ദൂരങ്ങളെക്കുറിച്ച് ഒരു പുസ്തകം എഴുതുക.
അർബുദ രോഗത്തെ അതിജീവിച്ച യു എ ഇ യിലെ പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ എം അബ്ബാസാണ് ജീവനത്തെയും അതിജീവനത്തെയും കുറിച്ച് പുസ്തകം എഴുതി രോഗബാധിതർക്ക് പ്രതീക്ഷ പകരാൻ ശ്രമിക്കുന്നത്.
അന്വർഥമായ പേരും പുസ്തകത്തിന് നൽകി,'അർബുദമേ നീ എന്ത്?' രണ്ട് അർഥതലങ്ങളുള്ള പേര്. തന്‍റെ ജീവിതത്തെ കടന്നാക്രമിച്ച് ചേതനയെ തളർത്തി ഇല്ലാതാക്കാൻ ശ്രമിച്ച രോഗത്തിന്‍റെ സ്വഭാവം എന്താണെന്നും എങ്ങനെ അതിനെ പോരാടി പരാജയപ്പെടുത്തണമെന്നും വിശദീകരിക്കുന്നതാണ് ഒരു തലം.
രണ്ടാമത്തേത് തന്‍റെ ജീവിത കാഴ്ചപ്പാടുകളെ നവീകരിച്ച, നേട്ടങ്ങളെയും ബന്ധങ്ങളെയും സ്വത്വത്തെ തന്നെയും പുനർനിർവചിക്കാൻ പഠിപ്പിച്ച മഹാരോഗം തനിക്ക് എന്തായിരുന്നുവെന്ന് അറിയാനും പറയാനും ഉള്ള ശ്രമം.
മഹാരോഗത്തിന്‍റെ വരവ്
2023 മാർച്ച് മാസത്തിലാണ് പരീക്ഷണ -നിരീക്ഷണങ്ങൾക്ക് ശേഷം ലിംഫോമ ബി ഹൈഗ്രേഡ് സ്ഥിരീകരിച്ചത്. തോൾ ഭാഗത്തും അടിവയറ്റിലുമാണ് രോഗബാധ കണ്ടെത്തിയത്. അഞ്ച് 'സൈക്കിളുകളിലായി'കീമോ തെറാപ്പി ചെയ്യുക എന്നത് മാത്രമാണ് ചികിത്സയെന്ന് ഡോക്ടർമാർ.
ഒരു സൈക്കിൾ ചികിത്സയിൽ 15 ദിവസത്തോളം അവശ നിലയിൽ കഴിയേണ്ടി വരും.
ആറ് ദിവസം തുടർച്ചയായി കൈയിലെ ഞരമ്പിൽ കൂടി വീര്യമേറിയ മരുന്നുകൾ അകത്തേക്ക് കടത്തി വിടുമ്പോൾ അസഹനീയമായ പൊള്ളൽ അനുഭവപ്പെടും.
രണ്ട് സൈക്കിളുകൾ പൂർത്തിയായപ്പോൾ തന്നെ അൾസർ പിടിപെട്ടു, തലമുടി കൊഴിയാൻ തുടങ്ങി, വയറ് വേദന കലശലായി, ശരീരം ഭക്ഷണം നിരാകരിക്കുന്ന അവസ്ഥ.
കീമോ കഴിഞ്ഞ് ഇത്തരം അനുഭവങ്ങൾ ഉണ്ടാകാൻ തുടങ്ങുമ്പോൾ മനുഷ്യൻ തളർന്ന് പോകും. ചികിത്സയോടുള്ള ഭയം വർധിക്കും. അതിജീവനം അസാധ്യമാണെന്ന തോന്നൽ പ്രബലമാവും.
എന്നാൽ കോവിഡിനെ തോൽപ്പിച്ച അതേ മനോവീര്യത്തോടെ അർബുദത്തെയും അബ്ബാസ് നേരിട്ടു.
കീമോയെ തുടർന്നുണ്ടാവുന്ന ഈ അവസ്ഥ മറികടക്കലാണ് ചികിത്സയിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമെന്ന് കെ എം അബ്ബാസ് പറയുന്നു. കീമോ ചികിത്സയിലിരിക്കുന്ന കാലയളവിൽ രോഗ പ്രതിരോധ ശേഷി കുറവായിരിക്കും. നാലാൾ കൂടുന്നിടത്ത് പോകാനാവില്ല. ചിലർ സാമൂഹ്യമായ അന്യവത്കരണത്തിന്‍റെ മാനസികാവസ്ഥയിലേക്ക് മാറുമെന്ന് അബ്ബാസ് ചൂണ്ടിക്കാണിക്കുന്നു.
ഇങ്ങനെ ചിന്തിക്കുന്നവർക്കുള്ള 'ചികിത്സ 'കൂടിയാണ് അബ്ബാസിന്‍റെ പുസ്തകം. മനോധൈര്യം തന്നെയാണ് ഏറ്റവും പ്രധാനമെന്ന് പുസ്തകത്തിലൂടെ അബ്ബാസ് അടിവരയിടുന്നു.
പ്രചോദനം 'കാൻസർ വാർഡിലെ ചിരി
ഇന്നസെന്‍റിന്‍റെ 'കാൻസർ വാർഡിലെ ചിരി ' എന്ന പുസ്തകം തന്‍റെ രചനക്ക് പ്രചോദനമായെന്ന് അബ്ബാസ്. ഇന്നസെന്‍റിന്‍റെ നിർമമതയും നർമവും ഇല്ലെങ്കിലും രോഗബാധിതർക്ക് മാനസിക കരുത്ത് നൽകാൻ ഈ ചെറു പുസ്തകത്തിന് സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ 10 വർഷത്തിനിടെ അർബുദരോഗം ബാധിച്ചവരുടെ എണ്ണത്തിൽ 30 % വർധനയാണ് ഉണ്ടായത്. അതുകൊണ്ട് സ്വാനുഭവങ്ങളിലൂടെ രോഗബാധിതരെ ശാക്തീകരിക്കുന്ന പുസ്തകങ്ങൾ ആവശ്യമാണെന്നും അബ്ബാസ് വിലയിരുത്തുന്നു.
ചികിത്സ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ താങ്ങാൻ ശരീരത്തെ പാകപ്പെടുത്തണം, സ്വയം ജീവിക്കാൻ ആഗ്രഹിക്കണം. ഇതാണ് പ്രസക്തമെന്ന് അബാസ് പറയുന്നു.
അർബുദ ബാധിതനായി തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെകുന്നേരങ്ങളിൽ പോയി രണ്ട് പ്രസംഗം ചെയ്യാൻ സാധിക്കാത്തതിലുള്ള വിഷമം ഡോ.സുകുമാർ അഴിക്കോട് പങ്കുവെച്ചതായി കേട്ടിട്ടുണ്ട്. തന്‍റെ ചികിത്സയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് അബ്ബാസ് ഫേസ് ബുക്കിൽ കുറിക്കുമായിരുന്നു.
എന്തെങ്കിലും എഴുതാതെ ഒരു ദിനം കടന്നുപോകുന്നതിനെക്കുറിച്ച ചിന്തിക്കാൻ പോലും കഴിയില്ലെന്ന് അബ്ബാസ് പറയുന്നു. ഫേസ് ബുക്ക് കുറിപ്പുകളാണ് പിന്നീട് കൂടുതൽ വിശദാംശങ്ങൾ ചേർത്ത് പുസ്തകമാക്കിയത്. കോഴിക്കോട് ഹരിതം ബുക്‌സാണ് പ്രസാധകർ. നവംബറിൽ നടക്കുന്ന ഷാർജ അന്തർദേശിയ പുസ്തകോത്സവത്തിൽ പുസ്തകം ലഭ്യമാവും. കഥ,നോവൽ,രാഷ്ട്രീയ വിശകലനം എന്നീ മേഖലകളിൽ 12 പുസ്തകങ്ങൾ അബ്ബാസിന്‍റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.