തെരഞ്ഞെടുപ്പ് കാലത്ത് വോട്ടര്‍മാരെ ആകര്‍ഷിക്കാനും അകറ്റാനും വാക്കുകള്‍ക്കു സാധിക്കും. വാക്കുകള്‍ക്കു വിലയുള്ള കാലമാണത്. പറയുന്ന ഓരോ വാക്കുകളും സൂക്ഷിച്ചു വേണം എന്ന് മുതിര്‍ന്നവര്‍ പലപ്പോഴും പറയാറുണ്ടല്ലോ. വായില്‍ നിന്നു പുറത്തുവന്ന ഒരു വാക്ക് തിരിച്ചെടുക്കാന്‍ സാധിക്കില്ലല്ലോ. ചാട്ടുളി പോലെ മനുഷ്യഹൃദയങ്ങളില്‍ ചില വാക്കുകള്‍ മുറിവേല്‍പ്പിക്കുന്നു എന്നത് ഒരു യാഥാർഥ്യമാണ്. ഓരോ വാക്കും പല അർഥതലങ്ങള്‍ ഉള്ളവ തന്നെയാണ്. അത് പല രീതിയില്‍ വ്യാഖ്യാനിക്കാന്‍ സമൂഹത്തില്‍ ഒട്ടേറെപ്പേരുണ്ടാകും. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പു കാലത്ത് പ്രയോഗിക്കുന്ന ഓരോ വാക്കുകള്‍ക്കും പ്രാധാന്യമുണ്ട്.
അർഥമറിഞ്ഞു വേണം ഓരോ വാക്കും പ്രയോഗിക്കുവാന്‍. എപ്പോഴും ഒരാള്‍ക്ക് അത് സാധിക്കണമെന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് പ്രസ്താവനകളിലും പ്രസംഗങ്ങളിലും ഉപയോഗിക്കുന്ന വാക്കുകളെ ചൊല്ലി തര്‍ക്കങ്ങളും പരാതികളും ഉയരുന്നത് നാം കാണുന്നതാണല്ലോ. വാക്കുകള്‍ പ്രതിയോഗികള്‍ ആയുധമാക്കുന്നതും കാണുന്നു. പറഞ്ഞയാളും കേട്ടയാളും ഉദ്ദേശിക്കാത്ത അർഥങ്ങളാണ് ഓരോ തവണയും നമ്മള്‍ തിരിച്ചറിയുന്നത്. ചില വാക്കുകള്‍ക്ക് ഇങ്ങനേയും അർഥമുണ്ടെന്ന് തിരിച്ചറിയപ്പെടുന്ന കാലം കൂടിയാണ് തെരഞ്ഞെടുപ്പ്.
വാക്കുകളുടെ പ്രയോഗത്തില്‍ പേരുകേട്ട ഒന്നാണ് പഞ്ചാബ് മോഡല്‍ പ്രസംഗം എന്ന പേരില്‍ പ്രശസ്തമായത്. ആര്‍. ബാലകൃഷ്ണപിള്ളയാണ് ഈ കഥയിലെ മുഖ്യ കഥാപാത്രം. 1985ല്‍ മെയ് 25ന് കെ. കരുണാകരന്‍ മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പ് മന്ത്രിയായ ആര്‍. ബാലകൃഷ്ണപിള്ള എറണാകുളം രാജേന്ദ്ര മൈതാനിയിലെ കേരള കോണ്‍ഗ്രസ് സമരപ്രഖ്യാപന സമ്മേളനത്തില്‍ നടത്തിയ പ്രസംഗമാണു പഞ്ചാബ് മോഡല്‍ പ്രസംഗം എന്ന പേരില്‍ പ്രസിദ്ധമായത്. പാലക്കാട്ട് അനുവദിക്കാമെന്നേറ്റ കോച്ച് ഫാക്റ്ററി നാടകീയമായി പഞ്ചാബിലേക്കു കൊണ്ടുപോയതിനെപ്പറ്റിയാണ് അദ്ദേഹം പ്രസംഗിച്ചത്. ഇത് രാജീവ് ഗാന്ധി പഞ്ചാബുകാരെ പ്രീതിപ്പെടുത്താനാണു ചെയ്തതെന്ന് വിശ്വസിച്ച അദ്ദേഹം, കേരളത്തിലെ ജനങ്ങളും പഞ്ചാബിലെ ഖാലിസ്ഥാന്‍ സമരം പോലൊന്ന് നടത്തേണ്ടി വരും എന്ന് പ്രസംഗിച്ചു.
പ്രസംഗം രാജ്യദ്രോഹ കുറ്റമാണെന്നും അതില്‍ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി അതൃപ്തനാണെന്നും പറഞ്ഞ് ബാലകൃഷ്ണപിള്ളയെ തന്‍റെ മന്ത്രിസഭയില്‍ നിന്ന് കരുണാകരൻ പുറത്താക്കി. ഒരു വര്‍ഷത്തോളം പുറത്തുനിന്നതിനു ശേഷം അദ്ദേഹം മന്ത്രിസഭയില്‍ തിരിച്ചെത്തുകയും ചെയ്തു. ആ കാലയളവില്‍ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രി കരുണാകരനോട് ബാലകൃഷ്ണപിള്ളയെ കുറിച്ച് ചോദിച്ചപ്പോള്‍ കണ്ണിറുക്കി ചിരിച്ചുകൊണ്ടു പറഞ്ഞ മറുപടിയും പ്രശസ്തം: ഏതു പിള്ള, എന്തു പിള്ള...!
കേരള രാഷ്‌ട്രീയ ചരിത്രത്തില്‍ ഒട്ടേറെ തവണ വാക്കുകള്‍ വിവാദമായിട്ടുണ്ട്. നിലവിലെ മന്ത്രി സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ ഇടയായത് പ്രസംഗത്തിലെ വാക്കു മൂലമാണ്. സര്‍ക്കാരില്‍ മന്ത്രിയായി മടങ്ങിയെത്തി എന്നാലും വാക്ക് കൊണ്ട് മന്ത്രിക്കസേര തെറിച്ചത് ചരിത്ര രേഖയായി.
ബഹുഭൂരിപക്ഷവും തെരഞ്ഞെടുപ്പ് കാലത്തു നടക്കുന്ന വാദപ്രതിവാദങ്ങളിലെ വാക്ക് പോരുകളിലെ വാക്കുകള്‍ തന്നെയാണ്. പ്രതിപക്ഷത്തിന് നേരെ ആഞ്ഞടിക്കാന്‍ വാക്കുകള്‍ ഒരു ആയുധമാക്കുന്ന പതിവ് എല്ലാ രാഷ്‌ട്രീയക്കാരും പതിവാക്കിയിട്ടുണ്ട്. അതുതന്നെയാണ് പലപ്പോഴും പല രാഷ്‌ട്രീയക്കാര്‍ക്കും പൊല്ലാപ്പായി മാറിയിട്ടുള്ളതും. സാമൂഹ്യ മാധ്യമങ്ങള്‍ ശക്തമായതോടെ ഈ ഗണത്തിലെ വിവാദങ്ങളുടെ എണ്ണം പതിന്മടങ്ങ് വർധിച്ചിട്ടുണ്ട്.
പ്രസംഗിക്കുമ്പോള്‍ ആവേശം അതിരു കടക്കുക എന്നത് തെരഞ്ഞെടുപ്പ് കാലത്തെ പ്രാസംഗികരുടെ പ്രത്യേകതയാണ്. എല്ലാ മുന്നണിയിലുള്ളവരുടെ പ്രസംഗത്തിലും ഇത് കാണാം. ഇങ്ങനെ അതിരു കടക്കുമ്പോഴാണ് പലപ്പോഴും പലരും വാക്കുകള്‍ക്ക് മൂര്‍ച്ച കൂട്ടുന്നതും കെണിയില്‍ വീഴുന്നതും. അവരുടെ വാക്കുകള്‍ മൂര്‍ച്ച കൂടുമ്പോള്‍ എതിര്‍പക്ഷത്തുള്ളവര്‍ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും അത് വിവാദമാക്കുകയും ചെയ്യുന്നു. ഒരു പക്ഷേ ആ വിവാദം ഒട്ടേറെ വോട്ടുകള്‍ നഷ്ടപ്പെടുവാനുള്ള സാഹചര്യം ഉണ്ടാക്കും. ചില അവസരങ്ങളില്‍ മൂര്‍യേറിയ വാക്കുകള്‍ വോട്ടുകള്‍ നേടിയെടുക്കുവാനും കാരണമാകുന്നുണ്ട്. ആവേശം അതിരു കടക്കുന്ന അവസരത്തില്‍ ഉണ്ടാകുന്ന പ്രസംഗത്തില്‍ അശ്ലീല വാക്കുകള്‍ കടന്നു വരുന്നതും സമീപകാലത്ത് കണ്ടുവരുന്ന ഒരു സ്ഥിരം കാഴ്ചയാണ്. പല പ്രാസംഗികര്‍ക്കും സംഭവിക്കുന്ന കാര്യമാണിത്. ദ്യശ്യമാധ്യമങ്ങള്‍ സജീവമായ ഈ കാലത്ത് പറഞ്ഞത് പറഞ്ഞില്ലെന്ന് സ്ഥാപിക്കുക ഏറെ പ്രയാസമാണ്.
തെരഞ്ഞെടുപ്പിന്‍റെ അവസാന ലാപ്പായ കൊട്ടിക്കലാശത്തിന്‍റെ സമയത്താണ് കൂടുതലായ വാക്പോര് ഉണ്ടാകുക. അപ്പോഴാണ് വാക്കുകളുടെ നില തെറ്റുന്നത്. വാക്കുണ്ടാവുന്നത് വാക്യം കൊണ്ടാവരുത്. അതായത്, ആവശ്യത്തിന് കൂടുതല്‍ പറയരുത് എന്നാണ് പഴഞ്ചൊല്ല് പോലും പറയുന്നത്. വാക്കുകളുടെ പ്രയോഗത്തില്‍ നിയന്ത്രണങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. വാക്കിനും മീതേ വാക്ക് വന്നാല്‍ അത് വാക്കേറ്റം ആകും എന്ന് പറയാറുണ്ടല്ലോ. വാക്കിനു മീതെ വാക്കും കുഴിച്ചതിനു മീതെ മണ്ണും കാണും എന്നും പറയുന്നത് നാം കേട്ടിട്ടുണ്ട്. ഒരു വാക്ക് പറഞ്ഞാല്‍ മറുവാക്ക് കേള്‍ക്കും. വാക്കുകള്‍ക്ക് മുകളില്‍ വാക്കുകള്‍ നിറയും. അതുപോലെയാണ് എത്ര കണ്ടു മണ്ണു മാറ്റിയാലും താഴെ മണ്ണ് കാണും. നല്ല വാക്കുകള്‍ക്ക് വ്യാഖ്യാനം വേണ്ട എന്നും നാം പറയാറുണ്ടല്ലോ.
വാക്കുകള്‍ കൊണ്ടുള്ള മുറിവ് ഉണക്കുവാന്‍ പ്രയാസമാണ്. വിപരീത വാക്കുകള്‍ ഒരു വ്യക്തിയുടെ ആത്മാഭിമാനത്തെ ആഴത്തില്‍ മുറിവേല്‍പ്പിക്കാം. വാവിട്ടുപോയ വാക്കുകള്‍ ഏല്‍പ്പിക്കുന്ന മുറിവുകള്‍ അത്ര ശക്തമാണ് എന്നാണ് പറയുന്നത്. അങ്ങനെ മുറിവേല്‍ക്കപ്പെടുന്ന വാക്കുകള്‍ തെറ്റുകളാണ്. ആ തെറ്റുകള്‍ തിരുത്താനും സാധിക്കില്ല.
പഴയ കാര്യങ്ങള്‍ ഓർമിപ്പിച്ചു കൊണ്ടുള്ള വാക്ക് പ്രയോഗമാണ് മറ്റൊന്ന്. വിവാദമായ പഴയ സംഭവമൊന്നും വിശദ്ധീകരിക്കേണ്ട കാര്യമില്ല. പ്രസക്തമായ വാക്ക് കൊണ്ട് പഴയ കഥകള്‍ ഓർമിപ്പിക്കും. ഈ തെരഞ്ഞെടുപ്പ് കാലത്തും അത്തരം നീക്കങ്ങള്‍ എല്ലാ മുന്നണിയിലും ഉണ്ടായി. അത് വ്യാപകമായി ചര്‍ച്ചയുമായി. പഴയ വാക്ക് കുത്തിപ്പൊക്കി ചര്‍ച്ചയാക്കുന്നു എന്ന് പറഞ്ഞാല്‍ പഴയ വാക്കുകള്‍ക്കും ശക്തിയുണ്ട് എന്നത് തന്നെ. കൈവിട്ട ആയുധവും വാവിട്ട വാക്കും എന്ന ചൊല്ലിനെ അന്വർഥമാക്കുന്ന ഒന്നാണല്ലോ ഇതും.
ഒരു വാക്കിന്‍റെ പൊല്ലാപ്പുകൊണ്ട് ഒരു മണ്ഡലം തോല്‍വിയിലേക്ക് പോയ കഥ കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ കണ്ടതാണ്. അത്തരം ഒരു അബദ്ധം ഈ തവണ പറയാതിരിക്കാന്‍ അവര്‍ പ്രത്യേകം അവിടെ ശ്രദ്ധിക്കുന്നുമുണ്ട്.
മുൻകാലത്ത് കൊല്ലം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ കുറിച്ച് പിണറായി വിജയൻ പറഞ്ഞ ഒരു വാക്കാണ് പൊല്ലാപ്പായത്. ഭൂരിപക്ഷം കൂട്ടുന്നതിന് അവിടെ ഒരു പ്രധാന കാരണമായി മാറിയിയത് അതായിരുന്നു. വാക്കുകള്‍ കൊണ്ടുള്ള ആരോപണങ്ങള്‍ക്ക് ഇപ്പോഴും ഒരു പഞ്ഞവുമില്ല. ഇത്തവണയും എത്രയെത്ര വാക്കുകള്‍ പല മണ്ഡലങ്ങളിലും വിവാദമായി മാറിയിട്ടുണ്ട്. ഇത്തരം വാക്കുകളുടെ വിവാദങ്ങള്‍ വോട്ടെടുപ്പിനെ ബാധിക്കുന്നു എന്നതും തെരഞ്ഞെടുപ്പ് രംഗത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. ഒരു വാക്ക് വോട്ടര്‍മാരെ ആകര്‍ഷിക്കുവാനും അകറ്റുവാനും കാരണമാകുന്നു എന്ന് പറയുന്നതാവും ശരി.