Edassery
ഇടശ്ശേരി

പൂതപ്പാട്ട്: പാപബോധം പോലെ ഓട്ടുചിലമ്പിൻ കലമ്പലുകൾ

ഇടശ്ശേരിയുടെ അമ്പതാം ചരമവാർഷികത്തിൽ 'പൂതപ്പാട്ടി'ന് ഒരു വ്യത്യസ്ത വായന

എം.കെ. ഹരികുമാർ

ഇടശ്ശേരി (1906 ഡിസംബർ 23 – 1974 ഒക്റ്റോബർ 16) എന്ന കവി വളർച്ചയുടെ ഒരു ഘട്ടത്തിൽ തന്‍റെ ജീവിതത്തിന്‍റെ വളരുന്ന ആകാശത്തെയും അതിൽ വിലയം കൊള്ളുന്ന ആത്മലോകത്തിന്‍റെ വലിയ ആൽവൃക്ഷത്തെയും കണ്ടിരുന്നു. അങ്ങനെ കഠിനമായ ആഗ്രഹത്തിലൂടെ ജീവിതത്തിനു അർത്ഥവും പ്രസക്തിയും സൃഷ്ടിച്ച കവിയാണദ്ദേഹം. പാരമ്പര്യസൗകര്യങ്ങളോ വിദ്യാഭ്യാസസോപാനങ്ങളോ ഒന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. "ഇടശ്ശേരിക്ക് പാഠശാലയിലെ പഠിത്തത്തിലൂടെ പ്രാഥമിക വിദ്യാഭ്യാസം മാത്രമേ ലഭിച്ചുള്ളൂ. എന്നാൽ സ്വപ്രയത്നത്താൽ ഇടശ്ശേരി മലയാളത്തിലും സംസ്കൃതത്തിലും ഇംഗ്ലീഷിലും ആഴത്തിലുള്ള അറിവ് സസാദിച്ചു "- ഇടശ്ശേരിയുടെ മകനും പരിഭാഷകനുമായ അശോക് കുമാർ ഇടശ്ശേരി എഴുതിയ ലേഖന (പിതൃപാദങ്ങളിൽ)ത്തിൽ ഇങ്ങനെ കാണാം. ഈ ലേഖനത്തിൽ അദ്ദേഹം തുടർന്ന് എഴുതുന്നത് ഇടശ്ശേരി എന്ന കവിയുടെ സ്വയംപ്രകാശിതമായ ആത്മരഥ്യകളെക്കുറിച്ചും അറിവിന്‍റെ വാതായനങ്ങളെക്കുറിച്ചുമാണ്. 1930 കളിൽ അദ്ദേഹം സംസ്കൃതത്തിൽ നിന്നും ഇംഗ്ലീഷിൽ നിന്നും കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.

പൊന്നാനിയിൽ താമസം തുടങ്ങിയ ശേഷം ഇടശ്ശേരി ആ കാലത്തെ സാംസ്കാരികധാരയിൽ അലിഞ്ഞുചേരുകയായിരുന്നു. വലിയ എഴുത്തുകാരും കവികളുമായുള്ള കൂട്ടുകെട്ടും സംവാദവും മലയാള സാഹിത്യചരിത്രത്തിൽ തന്നെ പ്രധാനപ്പെട്ട ഒരേടായി മാറി. 'ഇടശ്ശേരിക്കളരി' എന്നറിയപ്പെട്ട ആ സ്കൂളിന്‍റെ തുടക്കക്കാരൻ ഇടശ്ശേരിയായിരുന്നു. അശോക് കുമാറിന്‍റെ ലേഖനത്തിൽ നിന്ന് :"സ്വാതന്ത്ര്യസമരകാലത്ത് ഒരു സാഹിത്യസാംസ്കാരികകൂട്ടായ്മ പൊന്നാനിയിൽ രൂപപ്പെട്ടിരുന്നു. ഇടശ്ശേരിയായിരുന്നു അതിന്‍റെ ഊർജ്ജം. ഇടശ്ശേരി, കഥാകൃത്ത് കുമാരൻ, കവി ഇ. നാരായണൻ, ഇടക്കണ്ടി രാഘവൻ നായർ, മിഷൻ സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ഇ. പി. സുമിത്രൻ മാസ്റ്റർ, പാറേരിക്കൽ കൃഷ്ണപ്പണിക്കർ, നാരായണൻ വൈദ്യർ, ത്രേസ്യാ ടീച്ചർ, പി. സി. കുട്ടികൃഷ്ണൻ(ഉറൂബ്)എന്നിവരുടെ ഒരു കൂട്ടായ്മ മോട്ടിലാല്‍ ഘട്ടിലും (ഭാരതപ്പുഴയുടെ തീരത്തുള്ള ഒരു സ്ഥലം) പുത്തില്ലത്ത് പൂമുഖത്തും ഒത്തുകൂടാറുണ്ടായിരുന്നു. (ഇവരിൽ അച്ഛനെയും ഉറൂബിനെയുമല്ലാതെ മറ്റാരെയും നേരിൽക്കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. പിന്നീട് ഇടശ്ശേരി, ഉറൂബ്, വി. ടി. ഭട്ടതിരിപ്പാട്, പി. നാരായണൻ വൈദ്യർ, മിഷൻ സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന വർഗീസ് മാസ്റ്റർ, അക്കിത്തം, കടവനാട് കുട്ടികൃഷ്ണൻ, എൻ. പി. ദാമോദരൻ തുടങ്ങിയവരായി പ്രസ്തുത കൂട്ടായ്മയിലെ സജീവാംഗങ്ങൾ. പുത്തില്ലത്ത് പൂമുഖത്തും കൃഷ്ണപ്പണിക്കർ വായനശാലയിലും അവർ ഒത്തുകൂടുമായിരുന്നു. കുട്ടികൃഷ്ണമാരാരും പിന്നീട് സജീവ സാന്നിധ്യമായി. മദിരാശിയിൽ ജോലിയെടുത്തിരുന്ന എം. ഗോവിന്ദനും ഇടശ്ശേരിയെ കാണാനും ഈ സുഹൃദ്യോഗങ്ങളിൽ പങ്കെടുക്കാനും എത്താറുണ്ടായിരുന്നു. " സാഹിത്യകൃതികളെ അഗാധമായി വിലയിരുത്തിയ ഒരു പാരമ്പര്യം അവിടെ സൃഷ്ടിക്കപ്പെട്ടു. ഉന്നതമായ സാഹിതീയമൂല്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ട ഇടശ്ശേരിയുടെ പ്രതിഭ അവിടെയാണ് ശക്തമായി മാറ്റുരയ്ക്കപ്പെട്ടത്.

ഇടശ്ശേരി ചിരപരിചിതമായ ഒരു കാവ്യഭാഷ ഉപേക്ഷിച്ച് തനിക്കായി തനി മലയാളത്തിന്‍റെ മറ്റൊരു ഭാഷ സൃഷ്ടിക്കുകയാണ് ചെയ്തത്. വാക്കുകളെ അതിനായി ഇടശ്ശേരി ഇടിച്ചു പിഴിഞ്ഞ് നീരെടുത്തു. വാക്ക് ഒരു ഉറവ കണ്ണാണ്‌. അതിനു പിന്നിലേക്ക് പോയാൽ അതിന്‍റെ ബാന്ധവം മനസ്സിലാക്കാം. വാക്കുകൾ കൂടിച്ചേരുമ്പോൾ മനസുണ്ടാകുന്നു. മനസ് മായികമാണ്. എന്നാൽ വാക്കുകളുടെ മനസ്സ് ആഴമുള്ള ഒരു ഓർമ്മയും സംസ്കൃതിയുമാണ്. 'വിഷപ്പാമ്പ്' എന്ന കവിതയിലെ ഈ വരികൾ ശ്രദ്ധിക്കുക:

"ഉണരുകയാണെൻ ചേതന, മധുരം

കളരുതമെൻ ചെവി മോന്തുന്നൂ

തുടുവെയിൽ കുങ്കുമസുരഭിലതോയം

തൂകുകയാണെൻ കണ്ണിണയിൽ

പേടിക്കാനില്ലെന്നുടനാരോ

പറയുകയാണക്കൂട്ടത്തിൽ;

നീണ്ടൊരു കാലം വെറുതെ, നിമിഷം

കണ്ടുപിടിപ്പൂ പരമാർത്ഥം;

പേടിയെ വിട്ടിഹ മറ്റൊന്നിനെയും

പേടിക്കാനില്ലുലകത്തിൽ."

1. ഇടശ്ശേരി ഭൂതകാലത്തെ നിർമിക്കുന്നു

തുടുവെയിൽ, കുങ്കുമസുരഭിലതോയം എന്നീ പ്രയോഗങ്ങൾ ഇടശ്ശേരിയുടേതു മാത്രമാണ്. നിമിഷം കണ്ടുപിടിപ്പൂ പരമാർത്ഥം എന്നത് തത്ത്വചിന്തയാണ്. ഈ നിമിഷത്തിലൂടെയാണ് നാം ജീവിക്കുന്നത്; ഇന്നലെയോ വരാനിരിക്കുന്ന നിമിഷത്തിലോ അല്ല. വർത്തമാനം മാത്രമേയുള്ളൂ. അതാകട്ടെ മാഞ്ഞുപോവുകയാണ്. ഒരു കവിത കവിയുടെ ഭൂതകാലത്തെ നിർമ്മിക്കാൻ വിധിക്കപ്പെടുകയാണ്. കവി ജീവിച്ച കാലമാണത്. സാധാരണവും വ്യാവഹാരികവുമായ ഒരു ലോകത്ത് ജീവിക്കുമ്പോൾ തന്നെ കവി മറ്റൊരു ജീവിതവും കൊണ്ടുനടക്കുന്നു. ജീവിതത്തിന്‍റെ ചിലപരിചിതത്വത്തിൽ അതൃപ്തനായ ഏതൊരാളും അതിനു ബദലായത് അന്വേഷിക്കാതിരിക്കില്ല. കവി ഇവിടെ കേവലം ഒരു സ്വകാര്യവ്യക്തിയല്ല; സമൂഹമനുഷ്യന്‍റെ പ്രതിനിധാനമാണ്. മാനുഷികതയുടെ ഒരു പ്രതീതി ലോകമാണത്. മനുഷ്യന്‍റെയുള്ളിൽ പ്രതീതിലോകങ്ങളുണ്ട്. അത് നിരാകരിക്കാനാവില്ല. അത് എത്ര അമർത്തിയാലും ഒഴിവുള്ള നേരങ്ങളിൽ പുറത്തുവരും. യഥാതഥമായ ജീവിതത്തിന്‍റെ അകത്തളങ്ങളിലേക്ക് വളരുന്ന ബദൽ ലോകങ്ങളുണ്ട്. കലുഷിതമായ ഒരവസ്ഥയെ നേരിടാൻ കവിക്ക് ഇതാണ് പോംവഴി. ജീവിതത്തിന്‍റെ ഫലശൂന്യതകളും അർത്ഥമില്ലാത്ത സംഘട്ടനങ്ങളും ജീവിതം ലക്ഷ്യത്തിലെത്താത്തതിന്‍റെ വേദനകളും കണ്ട് ദുഃഖിതനായിത്തീരുന്ന കവി സൗന്ദര്യം തേടി താൻ നിർമ്മിക്കുന്ന ഭൂതകാലത്തിലേക്ക് പോകാറുണ്ട്. ഇത് ഒരു മാർഗ്ഗമാണ്. സ്വപ്നത്തിന്‍റെയും ഭാവനയുടെയും വ്യാഖ്യാനത്തിന്‍റെയും ചിന്തയുടെയും അനുഭൂതിയുടെയും അനേകം അറകൾ നിർമിക്കാൻ ശേഷിയുള്ള ഒരാൾക്കാണ് മികച്ച ഒരു കവിയോ എഴുത്തുകാരനോ ആകാൻ കഴിയുന്നത്. ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' തനി കേരളീയമായ ഒരു മിത്തിന്‍റെ നിർമ്മാണവും അതിന്‍റെ കലാപരമായ വിപുലീകരണവും ആത്മാന്വേഷണവുമാണ്. മലയാളത്തിന്‍റെ സ്മൃതിലോകങ്ങളാണ് ഇവിടെ പുറത്തുവരുന്നത്. മലയാളിയുടെ ആത്മലോകത്തിലേക്ക് സഞ്ചരിക്കുകയാണ് കവി. ഞാനാരാണ്? എന്താണ് ജീവിതത്തിന്‍റെ അർത്ഥം? മനുഷ്യനിൽ ഇനിയും സഫലീകരിക്കാനാവാത്ത ആഗ്രഹങ്ങൾ എവിടെച്ചെന്നവസാനിക്കുന്നു ?അപ്രാപ്യമായ ഗേഹങ്ങൾ തേടി അലയുന്ന മനുഷ്യൻ ആത്യന്തികമായി എന്താണ് അറിയുന്നത് ? ഇതുപോലുള്ള ചോദ്യങ്ങളെല്ലാം ഈ കവിതയിലൂടെ മിന്നിമായുന്നുണ്ട്. അതോടൊപ്പം നഷ്ടപ്പെട്ട ജീവിതത്തെക്കുറിച്ചുള്ള വേദനയും അതിനെ മറികടക്കാനുള്ള പ്രബോധനാത്മകതയുമുണ്ട്.

ഒരു മിത്തിനെ നിർമ്മിക്കുന്നു എന്നതുകൊണ്ട് അത് അയഥാർത്ഥമാവുന്നില്ല. ഭാവന ചെയ്യുന്ന കവി യാഥാർത്ഥ്യത്തിൽ തന്നെയാണ് സ്പർശിക്കുന്നത്. ഭാവന ചെയ്യുന്നതെല്ലാം യാഥാർത്ഥ്യമാണെന്നു പ്രമുഖ ചിത്രകാരൻ പാബ്ളോ പിക്കാസോ പറഞ്ഞു. കവി അയഥാർത്ഥമായതെന്നു വിവക്ഷിക്കുന്നത് കവിതയിൽ യഥാർത്ഥമാകുന്നു. അതുമായി ആശയവിനിമയത്തിൽ ഏർപ്പെടുന്നു. അത് ഒരു സചേതനലോകമായി രൂപാന്തരപ്പെടുന്നു. ഇടശ്ശേരി ഈ ലോകത്തെ കൂടുതൽ സുന്ദരമാക്കുകയാണ്. പൂതം അതിന്‍റെ ഒരു ഘടകമാണ്.

"വെള്ളപ്പൊല്‍ത്തിരയിത്തിരിക്കുമ്പമേല്‍

പുള്ളീലക്കര മുണ്ടുമുടുപ്പിച്ചു

വള്ളികള്‍ കൂട്ടിക്കുടുമയും കെട്ടിച്ചു

വെള്ളിപ്പൂങ്കവിള്‍ മെല്ലെത്തുടച്ചിട്ടു

കയ്യില്‍പ്പൊന്‍പിടിക്കൊച്ചെഴുത്താണിയും

മയ്യിട്ടേറെ മിനുക്കിയൊരോലയു

മങ്ങനെയങ്ങനെ നീങ്ങിപ്പോമൊരു

തങ്കക്കുടത്തിനെ വയലിന്‍റെ മൂലയി

ലെടവഴി കേറുമ്പോള്‍ പടര്‍പന്തല്‍പോലുള്ളൊ

രരയാലിന്‍ചോടെത്തി മറയുംവരെപ്പടി

പ്പുരയീന്നു നോക്കുന്നു നങ്ങേലി."

നാടോടി സങ്കല്പം മനുഷ്യന്‍റെ പരിമിതമായ ജീവിതത്തിന്‍റെ ഒരു നീട്ടലാണ്. എല്ലാ ബോധങ്ങളിലേക്കും കടന്നു ചെല്ലാനാകണം. അപ്പോഴാണ് പ്രാപഞ്ചികഭാവനയുടെ രസം ഗ്രഹിക്കാനാവുന്നത്. മിത്തുകളും ഭൂതകാലവും എപ്പോഴും വികസിക്കുന്നതാണ്. അത് നമ്മുടെ ഭാവനയോടൊപ്പം സഞ്ചരിക്കുന്നു. ഭൂതകാലത്തിൽ നാം കലർന്നിരിക്കുന്നു. പൂതം ഭൂതകാലത്തെയാണ് ഓർമ്മിപ്പിക്കുന്നത്.

2. ഇടശ്ശേരിയുടെ തത്വചിന്ത

ദൈവത്തെ നാം അറിയുന്നതു ഒരു പ്രത്യേക ആത്മീയ ജീവിതത്തിലൂടെയല്ല. ദൈവം ഒരു സമ്പൂർണ്ണബോധമാണ്. അവിടെ പിക്കാസോയുടെയും ബിഥോവന്‍റെയും ഷേക്സ്പിയറുടെയും ഐൻസ്റ്റീന്‍റെയും പ്രതിഭ കൂടിച്ചേരുകയാണ്. ഒരു പുൽക്കൊടിയുടെയും മേഘത്തിന്‍റെയും തടാകത്തിന്‍റെയും സമുദ്രത്തിന്‍റെയും ചിത്രശലഭത്തിന്‍റെയും സൗന്ദര്യം കൂടിച്ചേരുമ്പോഴാണ് ആ പൂർണബോധമുണ്ടാകുന്നത്. കേവലം ഒരു വ്യക്തിയുടെ അഭിരുചിയിൽ മാത്രമല്ല ദൈവമുള്ളത്. സൗന്ദര്യത്തിന്‍റെ വ്യാമിശ്രമായ അനുഭവങ്ങളുടെ ഒരു പ്രപഞ്ചമാണ് ദൈവം ഒരുക്കിയിരിക്കുന്നത്. ഇന്ദ്രിയങ്ങളിലൂടെ അറിയുന്നതും അതിനപ്പുറമുള്ളതും അതിൽ ഉൾച്ചേരുന്നു. പല കാലങ്ങളുടെ സൗന്ദര്യസങ്കല്പങ്ങളും ധാരണകളും കലാസൃഷ്ടികളും അതിന്‍റെ ഭാഗമാണ്. പ്രകൃതിയുടെ സൗന്ദര്യമാസ്വദിക്കാതെ, വൈകാരിക ജീവിതത്തെ അറിയാതെ ഒരു ബ്രഹ്മചാരി മാത്രമായി ഒതുങ്ങുന്നയാൾക്ക് ഒരു പുൽച്ചെടിയുടെ സൗന്ദര്യം, അതിലെ ഹിമകണം, സൂര്യോദയത്തിലെ പക്ഷിപ്പറക്കലുകൾ, ശലഭങ്ങളുടെ മൈഥുനം എങ്ങനെയാണ് ആസ്വദിക്കാനാവുന്നത് ?

ദൈവത്തിനു ഒരു ബ്രഹ്മചാരിയുമായി സംസാരിച്ചിരിക്കാൻ വിഷയങ്ങളില്ല. ലോകത്തെ ഉൾക്കൊള്ളുന്നവനാണ് ദൈവകൃപയിൽ വളരുന്നത്; അനുകമ്പ അതിനുള്ളതാണ്. ഭാവാർച്ചനയുടെ ആയിരം ഇതളുകളാണ് നമ്മുടെ ദൈവാനുഭവം. അവിടെ ഏകാഭിമുഖമോ ഏകവചനമോ ഇല്ല. വ്യക്തി ഏകവചനമാണെങ്കിൽ അവനിലേക്ക് വരുന്ന രുചികൾ ഒരു സംഘാതമാണ്. അവയെല്ലാം ഒരാളിൽ അലയടിച്ചുയർന്ന് ഒരു പ്രാപഞ്ചിക വീക്ഷണമുണ്ടാകുമ്പോൾ അത് അപാരമായ ജീവിതാനുഭവമായി തീരുന്നു.

ആന്തര-ബാഹ്യപ്രപഞ്ചങ്ങളുടെ, അതിന്‍റെ രുചിക്കൂട്ടുകളുടെ സമന്വയത്തിലൂടെ ഒരു പൂർണ്ണബോധത്തെ അറിയുകയാണ് കവിതയുടെ അടിയിലുള്ള ചോദന. ഇതിനായി ഒരാൾ മുഴുനീള ആത്മീയജീവിതം ജീവിക്കേണ്ട. ചിലർ ജീവിതകാലമത്രയും ആത്മീയതയുടെ ചമൽക്കാരത്തിലേക്ക്, വസ്ത്രത്തിലേക്ക് പ്രവേശിക്കും. അത് ഒരു നിമിഷത്തിന്‍റെ സ്ഥൂലീകരണമാണ്. വൃഥാസ്ഥൂലീകരണം അനാവശ്യമാണ്. ജീവിതത്തിലെ നൈമിഷികാനുഭവങ്ങളിലാണ് സൗന്ദര്യമുള്ളത്. ഒരു നിമിഷത്തിൽ ജീവിക്കുന്നു എന്ന അറിവ് പ്രധാനമാണ്. സൗന്ദര്യം നിമിഷത്തിലാണുള്ളത്. നിമിഷങ്ങളിലൂടെ അത് കൊഴിയുന്നു, നിർമ്മിക്കപ്പെടുന്നു. വീണ്ടും കൊഴിയുന്നു, നിർമ്മിക്കപ്പെടുന്നു. ഇതാണ് നവാദ്വൈതം. ഒരു സ്ഥിരം ആത്മീയതയോ ഭൗതികതയോ ഇല്ല. മാറ്റങ്ങൾക്കിടയിലെ, ഉൾപരിവർത്തനങ്ങൾക്കിടയിലെ, നിരാസത്തിനും നിർമാണത്തിനുമിടയിലെ നിമിഷങ്ങളിലാണ് നാം ജീവിക്കുന്നത്. ഈ ജീവിതത്തെ അറിയാനുള്ള ശ്രമമാണ് ഇടശ്ശേരിയുടേത്. പൂതത്തിന്‍റെ ആവിർഭാവം മനസ്സിലാണ്. മനസ്സിന്‍റെ വിദൂരമായ, ഭൂതകാലജന്യമായ ഒരു അപരത്വമാണത്. നമ്മിൽ തന്നെയുള്ള ഒരു പ്രാചീനമായ ആത്മാനുഭവം, വേഷപ്രച്ഛന്നത. നമ്മിൽ നിന്നു ദൂരേക്ക് പോകുമ്പോൾ അതല്ല ശരി എന്നു ഓർമ്മിപ്പിക്കുന്ന പൂതമാണ്. നാം തമ്മിൽ തന്നെ ഒരു പുരാതന സറിയലിസ്റ്റ് നഗരിയെ അനുഭവിക്കുന്നു. ആ നഗരിയിൽ നാം സ്വയം അന്വേഷിക്കുകയാണ്. നമ്മുടെ ആത്മഘടകങ്ങളെ അന്വേഷിച്ച് വിഷാദത്തിൽ അലയുകയാണ്. അന്ധന്മാരുടെ നഗരമാണത്. അവിടെ ഒരു കാഴ്ചയെക്കുറിച്ചോ അടയാളത്തെക്കുറിച്ചോ ഇടത്തെക്കുറിച്ചോ ആരോടും ചോദിക്കാനാവില്ല. ആർക്കും അറിയില്ല, എല്ലാവരും അന്ധന്മാരാണല്ലോ. ആ അനുഭവം ഉള്ള് തകർക്കുന്നതാണ്. പിന്നെ അവശേഷിക്കുന്ന വഴി സ്വയം തിരയുക എന്നുള്ളതാണ്. സ്വയം തിരയാൻ സ്വയം ചോദിക്കണം. സ്വന്തം ഓർമ്മകളെയും അറിവുകളെയും ആശ്രയിച്ച്, ആ അജ്ഞാതനഗരിയിൽ ഒരഭയാർത്ഥിയായി ചുറ്റിക്കറങ്ങണം. ആ അനുഭവമാണ് പൂതം. അത് നമ്മുടെ തന്നെ മറ്റൊരു ജീവിതമാണ്. അത് ഇടശ്ശേരി സൃഷ്ടിച്ചതാണ്. അജ്ഞാതമായ പൊരുളിലേക്ക് നോക്കുന്ന ഏതൊരാളും അതിനു ബദലായി അല്ലെങ്കിൽ ഉൾക്കൊള്ളാനാവുന്ന സംവേദനപരതയിൽ ഒരു ലോകത്തെ നിർമ്മിക്കുന്നു. അജ്ഞാതത്വം നിർബാധമുള്ള വീഴ്ചയാണ്. അത് അബോധത്തിലേക്കുള്ള പതനമാണ്. അതിനൊരു നീതീകരണം വേണ്ടിവരും. അതിനെ നമ്മുടെ സാക്ഷരമായ ലോകത്തേക്ക് പരിഭാഷപ്പെടുത്തേണ്ടിവരും. അത് നമ്മുടെ ഭാവനയുടെ സാക്ഷരതയാണ്. ഏതിനെയും സ്വന്തം ഭാവനയിലും അസ്തിത്വത്തിലുമാണ് നാം തിരിച്ചറിയുന്നത്. നാം ജീവിച്ചിരിക്കുന്നു എന്നതിന്‍റെ തെളിവാണ് ഈ അജ്ഞാതവുമായുള്ള സംവാദം. അത് തീർത്തും അപരിചിതമോ അപ്രാപ്യമോ അതിരുവിട്ടതോ ആയിട്ടുള്ള അറിവല്ല, അവസ്ഥയല്ല. അത് നമ്മളിലേക്ക് തന്നെയുള്ള തിരച്ചിലാണ്.

എല്ലാ അജ്ഞാതത്വങ്ങളെയും മനുഷ്യൻ ചമല്ക്കാരമാക്കുകയാണ്. അതാണ് സൗന്ദര്യം. അതിലാണ് നമ്മുടെ നിലനിൽപ്പ്. ഒരിടത്തേക്ക്, അത് കണ്ണാടിയിൽ സ്വന്തം മുഖമാണെങ്കിൽ പോലും നമുക്ക് സ്ഥിരമായി നോക്കാനാവില്ല;സ്വയം വിയോജിക്കാതിരിക്കാനാവില്ല. ആ നോട്ടം നമ്മെ തന്നെ നിഷേധിക്കും. അതുകൊണ്ട് മറ്റൊരിടത്തേക്ക് നോക്കുകയോ മുഖം വക്രീകരിക്കുകയോ ചെയ്യും. അജ്ഞാതമായിത്തീരുന്ന നിമിഷങ്ങളെ ഇങ്ങനെ നാം മറികടക്കുന്നു. ഒന്നു മാറി നോക്കിയാൽ എല്ലാം വേറൊന്നാകും. ഒരിടത്തേക്ക് നോക്കിക്കൊണ്ടിരുന്നാൽ അത് സാവധാനം ദുർഗ്രഹമായി തീരും. നക്ഷത്രങ്ങളിലേക്ക് നോക്കുന്തോറും അജ്ഞാതത്വം ഏറിവരും. കണ്ണടച്ചാൽ ലോകമില്ലെന്ന് തോന്നും. കണ്ണുതുറന്നാൽ ഒരു ലോകം പെട്ടെന്നു പ്രത്യക്ഷപ്പെടുകയാണ്. ഒരു ലോകം ഉണ്ടെന്നു നാം വിശ്വസിക്കുന്നത് തലച്ചോറിന്‍റെയും കണ്ണുകളുടെയും ചില രാസപെരുമാറ്റങ്ങളെ അടിസ്ഥാനമാക്കിയാണല്ലോ.

3. ഇടശ്ശേരി കണ്ടെത്തിയ പൂതം

ഇടശ്ശേരി കണ്ടുപിടിച്ച പൂതം അജ്ഞാതത്വത്തിനെതിരായ കാഴ്ചയാണ്. ആ കാഴ്ചയിൽ സൗന്ദര്യമുണ്ട്. അത് ധാരാളം ഉത്തരങ്ങളും സാന്ത്വനങ്ങളുമായി രൂപാന്തരപ്പെടുകയാണ്. പൂതത്തിൽ താനുണ്ടായിരുന്നു എന്ന അറിവാണ് ഇടശ്ശേരിയെ അതെഴുതാൻ പ്രേരിപ്പിക്കുന്നത് ;താൻ എഴുതാതിരുന്നാൽ ആ ലോകം എന്നേക്കുമായി അപ്രത്യക്ഷമാകും. അതുകൊണ്ട് ഉണർവിന്‍റെ, ഉയിർപ്പിന്‍റെ തലത്തിൽ പൂതത്തെ കൊണ്ടുവരികയാണ്. കവികൾ സാധാരണ വായനക്കാരോടു നേരിട്ട് സംവദിക്കുകയാണ് ചെയ്യുന്നത്. മാത്യു അർനോൾഡ് 'ഡോവർ ബീച്ച് 'എഴുതിയത് നോക്കുക. നൂറ്റാണ്ടുകളായുള്ള മാനവികമായ അലയൊലികൾ ദൂരെ നിന്നു കേൾക്കുന്ന കവി അത് തന്‍റെ അടുത്തുനിൽക്കുന്ന സഖിയോട് പങ്കുവയ്ക്കുകയാണ്. എന്നാൽ അവിടെ സംഭാഷണമൊന്നുമില്ല. ആ വർത്തമാനം വായനക്കാരോടാണ്. അല്ലെങ്കിൽ താൻ അറിയുന്ന, അറിയാത്ത, ഒരു വായനക്കാരനെ സങ്കൽപ്പിച്ചുകൊണ്ടുമാവാം. കവിത ഒരേസമയം ആത്മാഭാഷണവും വായനക്കാരോടുള്ള ഭാഷണവുമാണ്.

കവിക്ക്, ഉള്ളിലെ മറ്റൊരാളോടാണ് സoവാദം. അത് കവി എന്ന പൗരനല്ല. കവിയുടെയുള്ളിൽ ഈ പ്രപഞ്ചത്തോടും സഹജീവികളോടും സംവദിക്കുന്ന മറ്റൊരാളുണ്ട്. ആ വ്യക്തിയാണ് ശരി തെറ്റുകൾ പാറ്റിക്കൊഴിച്ചു നോക്കുന്നത്. നാം എന്തു ചെയ്യുമ്പോഴും, എല്ലാം പഠിച്ച്, വ്യാഖ്യാനിച്ചല്ല നീങ്ങുന്നത്. ഒരു പഴുതാര നേരെ ഇഴഞ്ഞു വന്നാൽ ഭയം കൊണ്ട് അതിനെ അടിച്ചു കൊല്ലുന്ന ഒരുവൻ അത് ചിന്തിച്ചുറച്ച് ചെയ്യുന്നതല്ല. നേരത്തെയുള്ള പെരുമാറ്റങ്ങളുടെ തുടർച്ചയാണത്. അത് ബാഹ്യവ്യക്തിത്വമാണ്. അയാൾ അകമേ മറ്റൊരാളാണ്. പുറമേ വേറൊന്നാണ്. അയാൾ പറയുന്നതും ചെയ്യുന്നതുമെല്ലാം തിരുത്തപ്പെടാനുള്ളതാണ്. പിന്നീടാണത് സംഭവിക്കുന്നത്. ഉള്ളിൽ ജീവിക്കുന്ന മറ്റൊരാളുണ്ട്. അയാൾ എല്ലാ തെറ്റുകളും വിചാരണ ചെയ്യും. പ്രാണികകള ദ്രോഹിച്ചതിനും തെറ്റുകൾ ചെയ്തതിനും അനാവശ്യമായി സംസാരിച്ചതിനുമെല്ലാം അവിടെ വിചാരണ നേരിടേണ്ടി വരും. അത് മനുഷ്യനെ ജീവിപ്പിക്കുകയാണ്. ജീവനെ നിലനിർത്തുകയാണ്. ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ആന്തരികമായ ഈ നീതിന്യായ സംഹിതയാണ്. മനുഷ്യൻ സ്വയം പ്രലോഭിപ്പിക്കപ്പെടുകയാണ് അതിലേക്ക്. അവന്‍റെ മുന്നിൽ അന്തർമണ്ഡലത്തെ ജീവപ്രചോദകവും ജീവദായകവും പ്രബോധനാത്മകവുമായി നിലനിർത്തുന്ന ഈ നീതിന്യായ സ്വരങ്ങളുടെ വ്യൂഹം വലിയൊരു അത്ഭുതമാണ്. എത്ര കുഴഞ്ഞുമറിഞ്ഞ പ്രശ്നത്തെയും നേരിടാനും വിലയിരുത്താനും കഴിയുന്നത് ഈ അന്തർജ്ഞാനസരണിയാണ്. ഇടശ്ശേരി ഈ ജ്ഞാനസരണിയിലാണ് എഴുതിയത്. പൂതപ്പാട്ട് കവിക്ക് നേരിട്ട് വായനക്കാരോട് സംവദിക്കാവുന്ന വിഷയമാണ്. ഒരു പൂതം ഇങ്ങനെ ദു:ഖിതയായി അലിയുകയാണെന്നും അത് മുൻപ് ചെയ്ത തെറ്റിന്‍റെ പ്രായച്ഛിത്തമാണെന്നും വിശദീകരിച്ച് എഴുതാവുന്നതേയുള്ളൂ. പൂതം വായനക്കാരന്‍റെ മുന്നിൽ നിൽക്കുന്നതുപോലെ തോന്നും. മാവേലിയെക്കുറിച്ചു മാത്രമല്ല, ഓണത്തെക്കുറിച്ചും മഴയെക്കുറിച്ചും ഇങ്ങനെ കവികൾ എഴുതാറുണ്ടല്ലോ. ഇവിടെ കവി അതിനപ്പുറം പോകുന്നു. എന്നാൽ ഇടശ്ശേരി കവിതയുടെ രൂപത്തെ ഉള്ളിലാണ് വഹിച്ചത്. പൂതം തന്‍റെയുള്ളിൽ സൃഷ്ടിച്ച അലകളാണ് അദ്ദേഹം ഈ കവിതയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പൂതപ്പാട്ടിന്‍റെ രൂപം ഒരു കഥാഖ്യാനമാണ്. അത് കുട്ടികൾക്കുള്ള ആഖ്യാനമാണ്. പൂതത്തെപ്പറ്റി എഴുതാൻ കവി കുട്ടികളെയും അമ്മയെയും തിരഞ്ഞെടുത്തു. അവരിലൂടെ കഥ പറയുക എന്നതാണ് ഈ കവിതയുടെ രൂപം. ഇത് വാസ്തവത്തിൽ ഉത്തരാധുനികമായ രീതിയാണ്. ഒരു പാഠത്തെ സൃഷ്ടിച്ച ശേഷം അതിന്‍റെ അനുഭവം പുനരാഖ്യാനം ചെയ്യുകയാണ്. പൂതത്തെപ്പറ്റി ഇടശ്ശേരി ഒരു പാഠമുണ്ടാക്കുന്നു. അതിലേക്ക് കവി സ്വയം കൂട്ടിച്ചേർക്കുന്നു. അതാണ് ഇടശ്ശേരിയുടെ പൂതത്തിന്‍റെ ഭവനസന്ദർശനത്തിനു പിന്നിലുള്ളത്. പാപപരിഹാരത്തിനു വേണ്ടിയുള്ള അപരവന്ദനവും ആത്മപീഡയും പ്രാർത്ഥനയും പലായനവുമാണ് പൂതത്തിന്‍റെ സന്ദർശനത്തിൽ അടങ്ങിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അത് വെറും ഭവനസന്ദർശനമല്ല; ഒരു വ്യസനം നിറഞ്ഞ തീർത്ഥാടനമാണ്. പാപനാശത്തിന്‍റെ യാത്രയാണ്. ഭൂതകാലത്തിന്‍റെ നോവിൽ വെന്തു നീറുന്ന ഒരുവളുടെ ആത്മപുരോയാത്രയാണ്. തീവ്രമായ ഈ മനോവിഷമത്തെ രസകരമായ ഒരു തലത്തിലാണ് ഇടശ്ശേരി എഴുതിയത്. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ചൊല്ലാവുന്നതും മനസ്സിലാക്കാവുന്നതുമായ ഒരു കഥയാക്കുന്നതിലൂടെ രൂപത്തിനു പുതിയൊരു പരിവേഷവും ലഭിക്കുകയാണ്.

4. ഇടശ്ശേരി പൂതത്തെ അപനിർമിക്കുന്നു

കലാനുഭവവും ജീവിതബോധവും കൂടിക്കലർന്ന രസഭാവങ്ങളാണ് 'പൂതപ്പാട്ടി'ലുള്ളത്. ഉത്തരാധുനിക സാഹിത്യത്തിൽ രൂപം സൃഷ്ടിക്കുന്നത് ചിലപ്പോൾ കഥയ്ക്കപ്പുറം(meta fiction)പോയി എഴുതുന്നതിലൂടെയാണ്. സ്വന്തം പാഠത്തെ തന്നെ പുനരവതരിപ്പിച്ചും അപനിർമിച്ചുമാണ്. തന്‍റെയുള്ളിലെ പൂതത്തെ ഇടശ്ശേരി മാനുഷികമാക്കുകയാണ്. പാപനാശത്തിനായി അലയുന്ന മാനവികപക്ഷമുള്ള പൂതത്തെ നമ്മുടെ സമൂഹമനസ്സാക്ഷിയുടെ ഘടനയിലേക്ക് നെയ്ത് ചേർക്കുന്നു. ഇത് കവിയുടെ ആന്തരജീവിതവും ഉള്ളിലെ വ്യക്തിയുമാണ് രൂപീകരിക്കുന്നത്. പൂതത്തിന്‍റെ വ്യസനത്തിന്‍റെ കാരണമെന്താണെന്നു ഉണ്ണികളോട് ചോദിക്കുന്നുണ്ട്. ഉണ്ണിയെ തട്ടിയെടുത്ത പൂതത്തോട് അമ്മ എതിരിട്ടു നിന്നു. പൂതം ഭയപ്പെടുത്തുകയാണ്.

"പേടിപ്പിച്ചോടിക്കാൻ നോക്കീ പൂതം

പേടിക്കാതങ്ങനെ നിന്നാളമ്മ.

കാറ്റിൻ ചുഴലിയായ്ച്ചെന്നു പൂതം

കുറ്റികണക്കങ്ങ് നിന്നാളമ്മ.

കാട്ടുതീയായിട്ടും ചെന്നുപൂതം

കണ്ണീരാലൊക്കെക്കെടുത്താളമ്മ.

നരിയായും പുലിയായും ചെന്നു പൂതം

തരികെന്‍റെ കുഞ്ഞിനെയെന്നാളമ്മ "

നരിയായും ചുഴലിയായും പുലിയായും ചെന്നു പൂതം. ഒന്നും വിജയിച്ചില്ല. പൂതം ഏത് രൂപവും സ്വീകരിക്കും. അത് ഭയപ്പെടുത്തുന്നതിന്‍റെ പ്രത്യക്ഷതകളാണ്. അമ്മയാകട്ടെ ഉണ്ണിക്ക് വേണ്ടി കണ്ണുകൾ ചൂഴ്ന്നെടുത്ത് നൽകി അന്ധയാവുകയാണ്. അമ്മയ്ക്ക് ഉണ്ണി എല്ലാറ്റിനും മുകളിലാണല്ലോ. മന്ത്രവും ജപവുമെല്ലാം പയറ്റിയിട്ടും പൂതം പരാജയപ്പെട്ടു. അമ്മയുടെ സ്നേഹം എന്തിനും മേലെയാണ്. അതാർക്കും അറിയില്ല. പൂതം അതറിയാനാണ് ശ്രമിച്ചത്. അമ്മയുടെ സ്നേഹത്തിനു പകരമായി ഒന്നും തന്നെ കൊടുക്കാൻ മക്കൾക്കാവില്ല. ആ കടം ഒരിക്കലും വീട്ടാനാവില്ല. ഇതാണ് മക്കളുടെ ശാപം. അവരെ ആ പാപം പിന്തുടരും. അവർക്കത് തിരിച്ചുകൊടുക്കാനാവില്ല. പൂതത്തിനു അത് മനസ്സിലായി. തന്‍റെ മുന്നിൽ നിൽക്കുന്നത് മാതാവാണെന്ന പൂതത്തിന്‍റെ ബോധ്യത്തിന്‍റെ ആഴം വലുതാണ്. അതാണ് പൂതത്തെ കുറ്റബോധത്തിലേക്ക് താഴ്ത്തുന്നത്.

"അമ്മയെടുത്തിട്ടുമ്മ കൊടുത്തി-

ട്ടഞ്ചിത മോദം മൂർദ്ധാവിങ്കൽ

ത്തടകിത്തടകിപ്പുൽകിയവാറേ

വേറിട്ടൊന്നെന്നോതിയെണീറ്റാൾ

പെറ്റവയറ്റിനെ വഞ്ചിക്കുന്നൊരു

പൊട്ടപ്പൂതമിതെന്നു കയർത്താൾ

താപം കൊണ്ടു വിറയ്ക്കെക്കൊടിയൊരു

ശാപത്തിന്നവൾ കൈകളുയർത്താൾ

ഞെട്ടിവിറച്ചു പതിച്ചു പൂതം

കുട്ടിയെ വേഗം വിട്ടുകൊടുത്താൾ

അമ്മേ നിങ്ങടെ തങ്കക്കുഞ്ഞിനെ

ഞാനിനിമേലിൽ മറച്ചുപിടിക്കി-

ല്ലെന്നുടെനേരെ കോപമിതേറെ-

യരുതരുതെന്നെ നീറ്റിടൊല്ലേ.

നിന്നുടെ കണ്ണുകൾ മുൻപടി കാണും

നിന്നുടെ കുഞ്ഞിതുതന്നേ നോക്കൂ.

തൊഴുതു വിറച്ചേ നിന്നൂ പൂതം

തോറ്റുമടങ്ങിയടങ്ങീ പൂതം

അമ്മ മിഴിക്കും കണ്ണിന്മുമ്പിലൊ-

രുണ്മയിൽയിൽ നിന്നൂ തിങ്കളൊളിപ്പൂ-

പ്പുഞ്ചിരിപെയ്തു കുളിർപ്പിച്ചുംകൊണ്ട-

ഞ്ചിതശോഭം പൊന്നുണ്ണി."

അമ്മയ്ക്ക് നഷ്ടപ്പെട്ട കണ്ണുകൾ പൂതം തിരികെ നൽകി. തന്‍റെ കുഞ്ഞ് ഇതുതന്നെയല്ലേ എന്നു നോക്കി ഉറപ്പുവരുത്താൻ പൂതം അപേക്ഷിക്കുന്നു. നിരുപാധികമായി പ്രവഹിക്കുന്ന സ്നേഹത്തിനു മുന്നിൽ പൂതം ചെയ്ത തെറ്റിനെക്കുറിച്ചോർത്തു. പൂതത്തിന്‍റെ നില്പ് കണ്ട് അമ്മയ്ക്ക് അലിവ് തോന്നി. പൂതം പാപബോധത്തിൽ നീറുകയാണ്. അപ്പോൾ അമ്മ പറഞ്ഞു:

"മകരക്കൊയ്ത്തു കഴിഞ്ഞിട്ടെങ്ങടെ

കണ്ടമുണങ്ങിപ്പൂട്ടും കാലം

കളമക്കതിർമണി കളമതില്ലൂക്കൻ

പൊന്നിൻ കുന്നുകൾ തീർക്കും കാലം

വന്നുമടങ്ങണമാണ്ടുകൾ തോറും

പൊന്നുണ്ണിക്കൊരു കുതുകം ചേർക്കാൻ

ഞങ്ങടെ വീട്ടിനു മംഗളമേകാൻ,

ഞങ്ങൾക്കഞ്ചിത സൗഖ്യമുദിക്കാൻ."

5. ഇടശ്ശേരി പൂതത്തെ രൂപാന്തരപ്പെടുത്തുന്നു

ഇടശ്ശേരി കണ്ട പൂതത്തെ മനുഷ്യന്‍റെ ഉപബോധമനസ്സിലെ പാപബോധവും പ്രായച്ഛിത്തവുമായി രൂപാന്തരപ്പെടുത്തുന്നു. മനുഷ്യനു ഇതാവശ്യമാണ്. അവൻ നശ്വരവും അർത്ഥശൂന്യവുമായ ഒരു ജീവിതം ജീവിക്കുന്നവനാണ്. മരണം എല്ലാം വ്യർത്ഥമാക്കുന്നു. ജീവിതം എന്നു പോലും വിളിക്കാനാവാത്ത പീഡനവും ആത്മവ്യഥയും ശൂന്യതയുമാണ് ഉപബോധമനസ്സിൽ തളം കെട്ടി നിൽക്കുന്നത്. സന്തോഷിക്കുമ്പോഴും അവൻ ഇടയ്ക്ക് നിശ്ശബ്ദതയിലേക്ക് പിൻവലിയും. അവൻ സ്വയം ആരാണെന്നു ചോദിക്കുന്നുണ്ടെങ്കിലും ഉത്തരം കിട്ടിയിട്ടില്ല. എല്ലാവരും 'ഞാൻ' ആരാണെന്നു ചോദിച്ചുകൊണ്ടിരുന്നാൽ അത് ഭ്രാന്തിന്‍റെ ലോകമായി മാറും. അതുകൊണ്ട് മനുഷ്യൻ സ്വന്തം കാരാഗൃഹത്തിലെ യജമാനനാണെന്നു ഭാവിക്കുന്നു. കാലിലെ വ്രണം മറ്റാരെയും അറിയിക്കാതിരിക്കാൻ അവൻ പരിശ്രമിച്ചുകൊണ്ടിരിക്കും. എല്ലാ യാത്രകളും വിഷാദമാണ്. എല്ലാ യൗവ്വനവും പാപത്തിന്‍റെ നീറ്റലിൽ തുടരുകയാണ്. യൗവനം അന്ധമായ ഒരു കുതിപ്പാണ്. യൗവ്വനത്തിന്‍റെ അർത്ഥമറിയാൻ വാർദ്ധക്യത്തിന്‍റെ വിസ്തൃതമായ, വിജനമായ ഇടങ്ങളിലെത്തണം. വാർദ്ധക്യം യൗവനത്തിന്‍റെ വ്യർത്ഥതയറിയാനുള്ള സമയമാണ്. പാപബോധത്തിൽ നിന്നു വിടുതൽ നേടാൻ വാർദ്ധക്യം എന്ന പ്രളയകാലം സഹായിക്കും. എന്നാൽ പ്രളയകാലത്ത് ആരെ ഓർത്താൽ എന്ത് ഫലം? എല്ലാ യൗവ്വനവും ഓർമ്മകളും അവിടെ പൊങ്ങുതടികൾ പോലെ എവിടേക്കോ ഒഴുകിപ്പോകുന്നു. മനുഷ്യൻ പ്രത്യക്ഷത്തിൽ ഈ പാപബോധത്തിന്‍റെ ഇരയാണെന്നു അറിയുന്നുണ്ടാവില്ല. കാരണം, ബോധത്തിൽ അവൻ വ്യഗ്രതപൂണ്ട് കഴിയുകയാണല്ലോ. ബോധത്തിൽ അവൻ സകല നിഷ്ഫലതയും അനുഭവിക്കുന്നു. ആ നീറ്റൽ കവി ഇങ്ങനെ ആവിഷ്ക്കരിക്കുന്നു:

"അമ്മേ നിങ്ങടെ തങ്കക്കുഞ്ഞിനെ

ഞാനിനിമേലിൽ മറച്ചുപിടിക്കി-

ല്ലെന്നുടെനേരെ കോപമിതേറെ

യരുതരുതെന്നെ നീറ്റിടൊല്ലേ.

നിന്നുടെ കണ്ണുകൾ മുൻപുടി കാണും

നിന്നുടെ കുഞ്ഞിതു തന്നേ നോക്കൂ!

ഇത് നാം നമ്മുടെ മാതാവിനോട് ചെയ്യുന്ന പ്രായശ്ചിത്തത്തിന്‍റെ അന്തർദർശനമാണ്. എല്ലാവരുടെയും ഉള്ളിൽ വീടാത്ത കടങ്ങളുണ്ട്. ഗർഭപാത്രത്തിൽ കിടന്നപ്പോൾ നമ്മെ സംരക്ഷിച്ചതിനു നന്ദി വേണ്ടേ? ശ്രീനാരായണഗുരുവിന്‍റെ 'പിണ്ഡനന്ദി' ഓർക്കുക. പിണ്ഡമായിരുന്നപ്പോൾ അലൗകികമായ ഏതോ നിയോഗത്താൽ നരജന്മത്തിലേക്ക് എത്തിപ്പെട്ടതാണ്. അമ്മയാണ് ആ വലിയ കൃത്യത്തിന് നിമിത്തമായത്. അതിനു നന്ദി കാണിക്കാനുള്ള വിഭവം മനുഷ്യന്‍റെ പക്കലില്ല. അതുകൊണ്ട് പാപിയായിരിക്കുക എന്ന വിധിയിൽ നിന്നു രക്ഷപ്പെടാനാവില്ല. ഓരോ പ്രവൃത്തിയിലും മാനവികതയുടെ മഹനീയമായ വിനയം പാപത്തിന്‍റെ പരിഹാരത്തിനായി തലനീട്ടുന്നു. പൂതം നമ്മുടെ ഉപബോധമനസ്സിലെ വേവുന്ന ആത്മാവാണ്. 'പൂതമോ പാവം!' എന്നു ഇടശ്ശേരി പറയുന്നതിൽ ഈ കവിതയുടെ സകല മീമാംസയും അടങ്ങിയിരിക്കുന്നു.

6. ഇടശ്ശേരിയുടെ നിസ്സഹായപ്പൂതം

നമ്മുടെ തന്നെ അനന്തരവ്യഥയാണ്, രൂപമാണത്. നമ്മളിൽ തന്നെയാണ് അതുള്ളത്. നമ്മളിൽ പ്രത്യക്ഷപ്പെടാതെയും ഏറ്റുമുട്ടാതെയും അഹങ്കരിക്കാതെയും ഓർമ്മകളിൽ ഉലഞ്ഞു കഴിയുകയാണത്. ബാഹ്യലോകത്തിന്‍റെ ചോദ്യങ്ങളും ഉത്തരങ്ങളും കെട്ടടങ്ങി കഴിയുമ്പോൾ നാം ഈ പൂതത്തിലേക്ക് തിരിച്ചെത്തുന്നു. പൂതം സ്വപ്നത്തിലും അബോധത്തിലും അലഞ്ഞുനടക്കുന്നു. നിസ്സഹായപ്പൂതമാണത്. സംസാരജീവിതത്തിലെ തെറ്റുകളെക്കുറിച്ച് അത് വൃഥാ വിലപിക്കുന്നു. ആരും ആ വിലാപം കേൾക്കുന്നില്ല. മനുഷ്യർ തമ്മിൽ യാതൊരു വിനിമയവുമില്ല. ഒരാൾക്ക് മറ്റൊരാളെ അറിയാൻ ഒരു മാർഗ്ഗവുമില്ല. ദൈവം ഒരുക്കിയ ചതി. ഒരു പന്തിയിൽ ഒരുമിച്ചിരുന്ന് ഉണ്ടവർ സംശയത്തിന്‍റെ പേരിൽ പരസ്പരം കുത്തി മരിക്കുന്നു; ദൈവത്തിന്‍റെ കെണി. മനുഷ്യൻ നിരായുധനായി നിൽക്കുകയാണ്. മനുഷ്യന്‍റെ നഷ്ടബോധം എത്ര ഭയാനകമാണ്!

ഈ വേളയിൽ നമുക്ക് അന്യോന്യം സത്യസന്ധരാകാം. മാത്യു അർനോൾഡ് 'ഡോവർ ബീച്ച്' എന്ന കവിതയിൽ എഴുതി:

"Ah, love, let us be true

To one another! for the world, which seems

To lie before us like a land of dreams;

So various, so beautiful, so new..."

ഈ ലോകം നമ്മോട് കള്ളം പറയുകയാണെന്ന് അർനോൾഡ് അറിയിക്കുന്നു. ഇത് ആന്തരികമായ അറിവാണ്. ഒരു സ്വപ്നം പോലെ സമ്മോഹനമായ ഈ ലോകം, പക്ഷേ വേഷപ്രച്ഛന്നമാണ്. മനുഷ്യൻ നിരായുധനാകുന്നത് ഇവിടെയാണ്. സങ്കടങ്ങൾ മനസ്സിൽ തന്നെ ഒടുങ്ങും. ഈ ശരീരം വിട്ട് അവനു ഒരു ജീവിതമില്ല. അവൻ ഉഭയതലജീവിയാണ് ;മനസ്സിലും ശരീരത്തിലും ജീവിക്കുന്നു. ശരീരത്തിലെ ജീവിതം മനസ്സിനും മനസ്സിലെ ജീവിതം ശരീരത്തിനും ഭാരമാണ്. ഈ ഭാരം അങ്ങോട്ടുമിങ്ങോട്ടും മാറ്റിവയ്ക്കുകയാണ്. ആരോടെന്നില്ലാതെയാണ് ഉള്ളിലെ നിവേദനങ്ങൾ. അതിനൊരു ഉണർവ്വു നൽകാൻ ദൈവം മടി കാണിക്കുന്നു. എന്തെന്നാൽ ദൈവമാണല്ലോ ഈ കെണി സൃഷ്ടിച്ചിരിക്കുന്നത്. ഒരാൾക്ക് മറ്റൊരാളെ അറിയാൻ യാതൊരു മാർഗ്ഗവും ഇല്ലെന്നിരിക്കെ എങ്ങനെയാണ് സഹജീവിതം സംയുക്തമായ അർത്ഥാന്വേഷണമാകുന്നത്. സാമൂഹികമായി നാം അനുഷ്ഠിക്കുന്ന സാംസ്കാരിക അർത്ഥപരത മനുഷ്യർ തമ്മിലുള്ള വിനിമയത്തിന്‍റെ ഉള്ളടക്കത്തെ ബാഹ്യവത്ക്കരിച്ചു കൊണ്ടാണ്. മനുഷ്യൻ അവനെ നിരാകരിക്കുകയും സമൂഹവുമായി ചേർന്നു മറ്റൊന്നിനെ നിർമ്മിക്കുകയുമാണ്. ഏകാന്തനും നിരാശനും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചവനുമായ ഒരുവൻ ഒരു സംഘത്തിൽ ചേർന്നു നിൽക്കുകയാണെന്നു സങ്കൽപ്പിക്കുക. അവനെ ആരും അറിയുന്നില്ല. അവന്‍റെ പതനങ്ങൾ അവന്‍റേത് മാത്രമാണ്. അവനോട് എല്ലാവർക്കും ആന്തരികമായ അസ്പൃശ്യതയാണ്. ആ ഭാരം അവൻ ഒറ്റയ്ക്ക് താങ്ങുകയാണ്. അവനെ ആരും രക്ഷിക്കില്ല. അവൻ സമ്പൂർണ്ണമായി ഒറ്റപ്പെട്ടു കഴിഞ്ഞതുകൊണ്ട് ആരോടും ആലോചിച്ചിട്ട് കാര്യമില്ല. ദൈവം അത് കേൾക്കുകയില്ല. അവിടെ സ്വയം നിരസിച്ചുകൊണ്ടാണ് മറ്റൊരു സംഘവുമായി കൂട്ടുചേരുന്നത്. അവൻ നിശ്ശബ്ദതയിൽ അവനെ നിരാകരിക്കുകയും കൂട്ടത്തിൽ ചേരുന്നതിലൂടെ ലഭിക്കുന്ന പ്രതീതിയുടെ അർത്ഥത്തിന്‍റെ ഭാഗമാവുകയും ചെയ്യുന്നു. ഈ നിരാസവും നിർമ്മാണവും എല്ലാ നിമിഷത്തിലുമുണ്ട്. ഇതാണ് നവാദ്വൈതം. ഇത് വേദാന്തത്തിലെ അദ്വൈതമല്ല, എല്ലാ അതാര്യതകളെയും ഇരുട്ടുമുറികളെയും മറികടന്ന് മനുഷ്യൻ അവന്‍റെ മറ്റൊരു ലോകം നിർമ്മിക്കുന്നു. മറ്റൊരു പ്രക്രിയയുമില്ല. ആത്യന്തികമായ ഒന്ന് എന്ന് പറയാവുന്നത് ഈ നിരാസവും നിർമ്മാണവും ചേരുന്ന നിമിഷം മാത്രമാണ്.

"ഉണ്ണിയെ വേണോ, ഉണ്ണിയെ വേണോ

ആളുകളിങ്ങനെയെങ്ങും ചോദിച്ചാ-

ടിപ്പിപ്പൂ പാവത്തെപ്പല

പാടുമതിന്‍റെ മിടിക്കും കരളിൻ

താളക്കൂത്തിനു തുടികൊട്ടുന്നൂ

തേങ്ങലിനൊത്തക്കുഴൽവിളി കേൾപ്പൂ

കേട്ടിട്ടില്ലേ തുടികൊട്ടും കലർ -

ന്നോട്ടു ചിലമ്പിൻ കലമ്പലുകൾ

അയ്യയ്യാ വരവമ്പിളിപ്പൂങ്കുല

മെയ്യിലണിഞ്ഞ കരിമ്പൂതം."

ഉണ്ണിയെ കൊടുക്കാമെന്ന് പറഞ്ഞ് ആളുകൾ പൂതത്തെ വെറുതെ ആട്ടത്തിനു പ്രേരിപ്പിക്കുന്നു. പൂതത്തോടൊപ്പമുള്ള തപ്പും കൊട്ടും പൂതത്തിന്‍റെ ഹൃദയമിടിപ്പായി മാറുകയാണ്. കുഴൽവിളി തേങ്ങലാണ്. എത്രയോ മനോഹരമായ കണ്ടെത്തൽ!പ്രാപഞ്ചിക ജീവിതത്തിന്‍റെ ആഴം അറിഞ്ഞ ജ്ഞാനിയായ കവിയാണ് ഇടശ്ശേരി. വ്യർത്ഥതയ്ക്ക് മേൽ അർത്ഥം കണ്ടെത്താൻ അദ്ദേഹം നിയോഗിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്‍റെ കണ്ണിൽപ്പെടാതെ ഒരു ആട്ടവും കടന്നു പോകുന്നില്ല. 'ഓട്ടുചിലമ്പിൻ കലമ്പലുകൾ' നമ്മുടെ മനസ്സിനുള്ളിലേക്ക് അരച്ചിറങ്ങുകയാണ്. അത് പൂതത്തിന്‍റെ ആത്മവേദനയും പാപ സങ്കീർത്തനവുമായി ലയിക്കുന്നു.

Trending

No stories found.

Latest News

No stories found.