ഫെയ്സ്ബുക്കിൽ ഒരു പൂച്ചജീവിതം

ഫെയ്സ്ബുക്ക് നമ്മുടെ യഥാർഥവും സ്വപ്നാത്മകവുമായ സ്നേഹത്തെ നശിപ്പിച്ചു
facebook life special story
ഫെയ്സ്ബുക്കിൽ ഒരു പൂച്ചജീവിതം
Updated on

ഫെയ്സ്ബുക്ക് എന്നാണ് പേരെങ്കിലും അതിനു വാസ്തവത്തിൽ ഒരു മുഖമില്ല. 5,000 സുഹൃത്തുക്കളെ സൗജന്യമായി കിട്ടുമല്ലോ. പരിചയമോ ബന്ധമോ ഒന്നും ഇല്ലാതെതന്നെ സുഹൃത്താകാൻ അപേക്ഷ സമർപ്പിക്കുകയാണ്. അപേക്ഷ സ്വീകരിച്ചാൽ സുഹൃത്തായി; പരസ്പരം കാണേണ്ട. ശരീരത്തിന്‍റെ ആവശ്യമോ സാന്നിധ്യമോ വേണ്ട. യാന്ത്രികമായ വിനിമയങ്ങളിലൂടെ നമ്മൾ സ്നേഹത്തെ നിർമിച്ചുകൊണ്ടിരിക്കുകയാണ്. ഫെയ്സ്ബുക്കിനു ഫേയ്സില്ല; മനസു മാത്രമേയുള്ളു. മനസാകട്ടെ, ആരാണെന്നോ എന്താണെന്നോ വ്യക്തമാക്കുന്നുമില്ല. മനസിന്‍റെ ഉടമസ്ഥനാരാണെന്നു നിശ്ചയമില്ല.

അകലങ്ങളിലുള്ളവരെ അടുത്താണെന്നു ധരിപ്പിക്കാൻ ഇതുപകരിക്കുന്നുണ്ട്. ആഗോളവിനിമയത്തിന്‍റെ ഒരു പ്രതീതി ഗ്രാമമായി ഫെയ്സ്ബുക്കിനെ കാണാം. തീവ്രമായ സ്നേഹത്തെ നഷ്ടപ്പെടുത്തുകയും ചിഹ്നങ്ങളിലൂടെയും പദങ്ങളിലൂടെയും അത് നിലനിൽക്കുന്നുണ്ടെന്നു ധരിപ്പിക്കുകയുമാണ് ഒരു ഫെയ്സ്ബുക്കറുടെ (ഫെയ്സ്ബുക്കിൽ സ്ഥിരമായി ഇടപെടുന്നയാൾ) ജോലി. ഫെയ്സ്ബുക്കർക്ക് മറ്റുള്ളവരുടെ മനസിലാണ് പണി; സ്വന്തം മനസിലല്ല.

70കളിലെ നഷ്ടപ്പെട്ട പ്രണയങ്ങൾ ഇപ്പോൾ സ്വപ്നത്തിൽ പോലുമില്ല. ഒന്നു പ്രണയിക്കാൻ, വികാരം അറിയിക്കാൻ എത്ര കഷ്ടപ്പെടണമായിരുന്നു! ഇപ്പോൾ വികാരങ്ങൾ അതിവേഗത്താൽ പകരാം; അതിവേഗത്തിൽ പിന്മാറുകയും ചെയ്യാം. മനസ് എവിടെ? മനസിന്‍റെ സൂക്ഷ്മഭാവങ്ങൾ, വികാരങ്ങൾ പ്രേമത്തിനു ഒരു അലങ്കാരമായിരുന്നെങ്കിൽ, ഫെയ്സ്ബുക്കിൽ അതിനു പകരം ചിഹ്നങ്ങളും സന്ദേശങ്ങളും വാക്കുകളുമാണ്. മനുഷ്യർക്ക് സ്നേഹിക്കാൻ ശരീരമോ മനസോ ആവശ്യമില്ല; ഇമോജികളും പദങ്ങളും മതി. അങ്ങനെ നോക്കുമ്പോൾ ഇമോജികൾക്കും ടെക്സ്റ്റ് മെസേജുകൾക്കുമിടയിൽ മനസ് നഷ്ടപ്പെട്ടവരാണ് നാം. പ്രേമം നമ്മുടെ മജ്ജയിൽ തന്നെ തൂങ്ങിമരിക്കുകയാണ്. മനുഷ്യരോട് ബന്ധമില്ലാത്ത ഒരു വികാരമായി അത് പ്രതീതി ലോകത്ത് തത്തിക്കളിക്കുകയാണ്. നമ്മുടെ സാന്നിധ്യമില്ലെങ്കിലും നമ്മുടെ പ്രേമം സഞ്ചരിച്ചുകൊള്ളും: ഇമോജികൾ ഉണ്ടല്ലോ.

ഫെയ്സ്ബുക്ക് നമ്മുടെ യഥാർഥവും സ്വപ്നാത്മകവുമായ സ്നേഹത്തെ നശിപ്പിച്ചു. അതേസമയം അത് ഒളിഞ്ഞിരിക്കുന്ന, സ്വതന്ത്രനായ ഒരു മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യർക്ക് ജീവിതം തന്നെ സഞ്ചാരമാക്കാം; ദൂരം ഇല്ലാതാകുന്നതും സഞ്ചാരം തന്നെ. നമുക്ക് ഡൽഹിയിൽ പോകാതെ അവിടെയുള്ളവരെ കാണാനും സംസാരിക്കാനും കഴിയുന്നുണ്ടെങ്കിൽ ദൂരവും സമയവും ഇല്ലാതായി എന്നാണർഥം. ദൂരം ഇല്ലാതായത് നാം ഡൽഹി വരെ സഞ്ചരിച്ചതിനു തുല്യമാണ്.

മുഖമില്ലാത്തവർ

ശരീരമില്ലാതെയാണ് ഒരു ഫെയ്സ്ബുക്കർ ജീവിക്കുന്നത്. അയാൾക്ക് മുഖമില്ല; ചിത്രമേയുള്ളു. അയാൾ ധാരാളം സുഹൃത്തുക്കളെ സ്വീകരിക്കാൻ വിശാലഹൃദയനാണ്. സുഹൃത്തുക്കളെ അയാൾ ഒരു സംജ്ഞയിലാണ് ഉൾക്കൊള്ളുന്നത്. സുഹൃത്ത് എന്ന സംജ്ഞയാണത്. അവിടെ സുഹൃത്തിന്‍റെ സ്വഭാവമോ ശബ്ദമോ പെരുമാറ്റമോ ഒന്നും ബാധകമല്ല. വിഭാഗീയ ചിന്തയുള്ളവരും തലതിരിഞ്ഞ് ചിന്തിക്കുന്നവരും ഫെയ്സ്ബുക്കിൽ പെട്ടെന്ന് ഒറ്റപ്പെടും. ഒരു ഫെയ്സ്ബുക്കർ അംഗീകൃത വസ്തുതകളോടാണ് കൂറു പ്രഖ്യാപിക്കുന്നത്. ആശയപരമായ പൊളിച്ചെഴുത്തുകൾ കണ്ടില്ലെന്ന് നടിക്കാം. പരമ്പരാഗതമായ സ്നേഹത്തിന്‍റെയും ഒത്തുചേരലിന്‍റെയും ഔദ്യോഗിക സ്ഥിരീകരണമാണ് ഫെയ്സ്ബുക്ക് കൂട്ടുചേരലുകൾ. എല്ലാവർക്കും സ്വീകരിക്കാനാവുന്ന കാര്യങ്ങളോട് ഫെയ്സ്ബുക്കർമാർ പിന്തുണ അറിയിക്കുന്നു. ഒരു സുന്ദരമായ ഫോട്ടോയ്ക്ക് എല്ലാവരും കട്ട സപ്പോർട്ടാണ്. ജീവിതത്തിൽ സ്ത്രീപക്ഷമായിരിക്കാൻ കിട്ടുന്ന അവസരത്തെ ഒരു ഫെയ്സ്ബുക്കർ വേണ്ടെന്നു വയ്ക്കില്ല. അയാൾ ഫോട്ടോകളോടു ധാർമികത പുലർത്തുന്നു.

ട്രക്ക് ഡ്രൈവർ അർജുൻ കർണാടകയിലെ ഉരുൾപൊട്ടലിൽ പുഴയിൽ വീണു മരിച്ച സംഭവം ഓർക്കുമല്ലോ. ലോറി ഉടമ മനാഫ് ലോറി കണ്ടെടുക്കും വരെ അവിടെ നിലകൊണ്ടതും അർജുനെയും കൊണ്ടല്ലാതെ തിരികെ പോകില്ല എന്നു പ്രഖ്യാപിച്ചതും ഫെയ്സ്ബുക്കർമാർ ഏറ്റെടുത്തു. അവർ ഓരോരുത്തരും പോസ്റ്റിട്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മനാഫ് എന്ന വ്യക്തിയോടു സ്നേഹം പ്രകടിപ്പിക്കുന്നതിലുപരി ഇതുപോലുള്ള പ്രശ്നങ്ങളിൽ ധാർമികമായി ഇടപെട്ട് സ്വന്തം ഐഡന്‍റിറ്റി എങ്ങനെ വെളിവാക്കാമെന്നാണ് ഫെയ്സ്ബുക്കർ ആലോചിക്കുന്നത്. ഫെയ്സ്ബുക്കർ തന്‍റെയുളളിൽ ഒളിപ്പിച്ചതല്ല, ഒരു സമൂഹ ജീവിയെന്ന നിലയിൽ എടുത്തുയർത്തുന്ന ഉത്തരവാദിത്തമാണ് ഐഡന്‍റിറ്റിയായി കാണുന്നത്.

ഐഡന്‍റിറ്റിയില്ല

വ്യക്തികൾക്ക് സ്വയം സമ്പൂർണമായ ഒരു തലമുണ്ടാകാം. അതാണ് അവരുടെ ഐഡന്‍റിറ്റിയായി പലരും കണക്കാക്കുന്നത്. എന്നാൽ ഐഡന്‍റിറ്റി കാലഹരണപ്പെട്ടു എന്നാണ് ഉത്തരാധുനികതയ്ക്ക് ശേഷമുള്ള ലോകത്തെക്കുറിച്ച് തത്ത്വചിന്തകർ പറയുന്നത്. ഒരാൾ ജീവിതകാലമത്രയും ഒരു ഐഡന്‍റിറ്റിയും ചുമക്കുന്നില്ല. ഇന്ന് 1940കളിലെ ഐഡന്‍റിറ്റി എന്ന ഉറച്ച അടയാളമില്ല. ജാതി ചിഹ്നങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്നു സഞ്ചരിക്കുന്ന തൊഴിലാളികളാണ് ഏറെയും. അവരാകട്ടെ വലിയ കോർപ്പറേറ്റ് വ്യവസായങ്ങളുടെ ഭാഗമായി പുതിയൊരു പെരുമാറ്റ രീതിയും വസ്ത്രസംവിധാനവും സ്വായത്തമാക്കിയിരിക്കുന്നു. പണിയെടുക്കുന്നവർ തമ്മിൽ ഔപചാരിക ബന്ധമേയുള്ളു. മനുഷ്യർ അവയവങ്ങൾ ദാനം ചെയ്യുന്ന കാലമാണ്. ദുബായ്, സിംഗപ്പുർ തുടങ്ങിയ നഗരങ്ങളിൽ തൊഴിലാളി എന്ന മുഖം മാത്രമേയുള്ളു; വംശീയമോ പ്രാദേശികമോ ആയിട്ടുള്ള അടയാളങ്ങളില്ല. അതുകൊണ്ട് ഫെയ്സ്ബുക്കിൽ ഒരാൾക്ക് വ്യക്തിഗതമായ ഐഡന്‍റിറ്റിയില്ല.

ഫെയ്സ്ബുക്ക് ഒരു കലാരൂപമാണ്. മാധ്യമം തന്നെയാണ് കല. അതിന്‍റെ പേജ് സംവിധാനവും എല്ലാവർക്കും ഒരേ പോലെയാണ്. അവിടെ സമ്പത്തോ മതമോ ഒരു വിശേഷാൽ അധികാരമാവുന്നില്ല. ഫെയ്സ്ബുക്കർമാർ തങ്ങളുടെ സ്വകാര്യമായ പേരിലൂടെയോ മറ്റേതെങ്കിലും ചിത്രത്തിലൂടെയോ ഐഡൻറിറ്റി എന്ന നിലയിൽ എന്തെങ്കിലും അനാവരണം ചെയ്യാൻ ശ്രമിച്ചാലും അവിടെ അയാൾക്ക് ഒരു സൗഹൃദവലയം കിട്ടില്ല. അവിടെ അനുവദിക്കപ്പെട്ടിരിക്കുന്നത് ഔദ്യോഗികമായ അംഗീകാരമുള്ള വിഷയങ്ങൾ മാത്രമാണ്. അവിടെയാണ് സ്വീകാര്യത. ഫെയ്സ്ബുക്കർ പൊതുസ്വീകാര്യത എന്ന ഏകകത്തിലാണ് ജീവിക്കുന്നത്. സാമ്പ്രദായികമായതിനെ ചോദ്യം ചെയ്യുന്നതിനോടോ, പരസ്യമായി എതിർപ്പ് പ്രകടിപ്പിക്കുന്നതിനോടോ അയാൾ പ്രതികരിക്കുകയില്ല. അതിന്‍റെ മറ്റൊരു വശമുണ്ട്. ഒരു വ്യക്തിക്ക് അദൃശ്യമായി ജീവിക്കാമെന്ന അവകാശമാണത്.

സമൂഹ മാധ്യമമാണെങ്കിലും ഒരു ഫെയ്സ്ബുക്കർക്ക് ഒളിച്ചിരിക്കാം. അയാളുടെ ഓഫ് ലൈൻ സമയങ്ങൾ വേറൊരു ജീവിതത്തിനുള്ളതാണ്. ഓൺലൈൻ സമയങ്ങൾ സാമൂഹികമായ പൗരത്വത്തിന്‍റെ പ്രകടനത്തിനായാണ് ഉപയോഗിക്കപ്പെടുന്നത്. രഹസ്യങ്ങൾ ഉണ്ടെന്നു വിശ്വസിക്കുകയും എന്നാൽ ഒട്ടും രഹസ്യം ഇല്ലാതിരിക്കുകയും ചെയ്യുന്നതിന്‍റെ സംഘർഷം അയാൾക്കുണ്ട്. അയാൾക്കു വളരെ രഹസ്യമായി യാതൊന്നും ചെയ്യാനൊക്കില്ല. എല്ലായിടത്തും ഡേറ്റ റെക്കോഡിങ് നടക്കുകയാണ്.

ഫെയ്സ്ബുക്കർക്ക് ഒരു മൗനമാണ് ആചരിക്കാനുള്ളത്. അതിവാചാലത അയാൾ നിയന്ത്രിക്കും. കാരണം, സമുദ്രം പോലെ പരന്ന ഒരു ഭൂവിഭാഗമാണ് മാധ്യമമെന്ന നിലയിൽ പതിച്ചു കിട്ടിയിരിക്കുന്നത്. അവിടെ തുടങ്ങിവച്ച സൗഹൃദ വലയം മാത്രമല്ല, മറ്റൊരു മാനവ വ്യവഹാര ശൃംഖലയുമുണ്ട്. അത് വളരെ വലുതാണ്. എല്ലായിടത്തും വല്ലപ്പോഴുമെങ്കിലും മുഖം കാണിക്കേണ്ടിവരും. അതുകൊണ്ട് അയാൾ മിതഭാഷിയായിപ്പോകും. അയാൾ സമാധാനമാണ് ആഗ്രഹിക്കുന്നത്. അയാളുടെ ഏകാന്തതകളെ മൗനത്താൽ ചലനാത്മകമാക്കുകയാണ് ഒരു ഫെയ്സ്ബുക്കറുടെ സഞ്ചാരത്തിന്‍റെ ആകത്തുക.

പൂച്ചയുടെ തത്ത്വചിന്ത

ജോൺ ഗ്രേ എഴുതിയ "ഫെലിൻ ഫിലോസഫി' എന്ന ഗ്രന്ഥത്തിൽ പൂച്ചകളുടെ മനോഗതത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. മനുഷ്യർക്ക് ഈ ലോകം ഭീഷണിപ്പെടുത്തുന്നതും അപരിചിതവുമാണെന്നു ഗ്രേ പറയുന്നുണ്ട്. അതുകൊണ്ടാണ് മനുഷ്യത്വരഹിതമായ ഒരു ലോകത്തെ മനുഷ്യത്വമുള്ളതാക്കാൻ വേണ്ടി മതങ്ങൾ അവതരിപ്പിക്കപ്പെട്ടത്. സംസ്കാരമില്ലാത്തവനു സംസ്കാരമുണ്ടാകാൻ ഒരു ചട്ടക്കൂട് ആവശ്യമാണെന്ന ചിന്തയാണത്.

നിയമങ്ങളെക്കുറിച്ച് ബോധമുള്ളവർ വിദ്യാസമ്പന്നരുടെയിടയിൽ പോലുമില്ല. മോഷ്ടിച്ചാൽ പിടിക്കപ്പെടും എന്നറിയാവുന്നവർ കുറവാണ്. മനുഷ്യൻ ശ്രമിക്കുന്നത് മറ്റാരോ ആകാനാണ്. അവന്‍റെ കിരാതമായ വാസനകളെ ചങ്ങലക്കിട്ട ശേഷം അവൻ ധാർമികതയുടെ വക്താവാകുന്നു. ഇതിനെയാണ് സംസ്കാരം എന്നു വിളിക്കുന്നത്.

എന്നാൽ പൂച്ചകൾക്ക് തത്ത്വചിന്തയുടെ ചുമടില്ല. സ്വന്തം പ്രകൃതത്തിൽ സ്വയം തൃപ്തി കണ്ടെത്തുകയാണ് അവ ചെയ്യുന്നത്. അതിനായി അവ മനുഷ്യരുമായി കൂട്ടുകൂടുന്നു. വളരെ അപരിഷ്കൃതനും പ്രവചിക്കാൻ കഴിയാത്തവനുമായ മനുഷ്യനുമായാണ് പൂച്ചകളുടെ കൂട്ട്. മനുഷ്യനോട്, അതുകൊണ്ടു തന്നെ അവ കലഹിക്കുന്നില്ല. മനുഷ്യനിലെ അതിലോല ഭാവങ്ങളെ പുറത്തെടുക്കാൻ പൂച്ച തന്‍റെ ശരീരത്തെയും ശബ്ദത്തെയും വിനയത്തിന്‍റെ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നു. എന്നാൽ പൂച്ചകൾ പൊതുവേ ശാന്തരല്ല. അവ സ്വന്തം വ്യവഹാരമേഖല നിർണയിച്ച ശേഷം അതിനുവേണ്ടി മറ്റു പൂച്ചകളുമായി പോരാടുന്നു. ഒരാൺ പൂച്ചയ്ക്ക് നിശ്ചിതമായ ഒരിടവും അധികാരവും കൂടിയ കഴിയൂ. അത് നിലനിർത്താൻ വേണ്ടി അവൻ പോരടിക്കുന്നു. പോരിൽ തോറ്റു കൊണ്ടിരിക്കുകയാണെങ്കിൽ അവൻ മറ്റു മാർഗങ്ങൾ തേടുകയോ സ്ഥലം ഉപേക്ഷിച്ച് മറ്റെവിടേക്കെങ്കിലും ഓടിപ്പോവുകയോ ചെയ്യും. എന്നാൽ മനുഷ്യനെ നന്നാക്കാൻ പൂച്ചയ്ക്ക് കഴിയും. അതുകൊണ്ടാണ് മനുഷ്യന്‍റെ വിലയേറിയ വീട്ടിൽ താമസവും ഭക്ഷണവും അവ ഉറപ്പാക്കുന്നത്. ഒരു കീരിക്കോ കാക്കക്കോ അതിനു കഴിയുന്നില്ലല്ലോ. മനുഷ്യനു സ്വന്തം സ്വഭാവത്തിൽ തന്നെ അതൃപ്തിയുള്ളതായി കാണപ്പെടുന്നു. ഫെയ്സ്ബുക്കർ ഒരു പൂച്ചയെപ്പോലെ സ്വന്തം പ്രകൃതത്തിൽ സമാധാനം കണ്ടെത്തുന്നവനാണ്. അവൻ കലഹത്തിൽ ഏർപ്പെടാതിരിക്കാനാണ് ശ്രമിക്കുന്നത്. ഫെയ്സ്ബുക്കർ തന്നിലുള്ള വികാരങ്ങളെ പിടിച്ചു കെട്ടുകയും ഔദ്യോഗികമായി സ്വീകാര്യതയുള്ളതിനെ തന്‍റെ മുഖമായി മാറ്റുകയുമാണ് ചെയ്യുന്നത്. അപരിഷ്കൃതവും വന്യവുമായ മനുഷ്യരെ ഫെയ്സ്ബുക്കർ ലൈക്കും ഇമോജിയും ഉപയോഗിച്ച് മെരുക്കുന്നു. അങ്ങനെ അയാൾ ഒരു സുരക്ഷിതമായ വാസസ്ഥലം നേടുന്നു.

സ്വന്തം യാതനകളിൽ കുടുങ്ങിക്കിടക്കരുതെന്നാണ് ജോൺ ഗ്രേയുടെ പാഠം. അതിനു ശ്രമിക്കുന്നവരിൽ നിന്നു അകലം പാലിക്കുക. യാതനകൾ പിടിച്ചുവെച്ച് സൂക്ഷിക്കാനുള്ളതല്ല. അതിൽ നിന്നു രക്ഷപ്പെടുകയാണ് വേണ്ടത്. ചിലർ കൂടെക്കൂടെ സ്വന്തം ദാരിദ്ര്യത്തെക്കുറിച്ചും യാതനകളെക്കുറിച്ചും പറയാറുണ്ട്. വാസ്തവത്തിൽ അത് മറക്കുകയാണ് വേണ്ടത്. പരാജയങ്ങളെയും തിരിച്ചടികളെയും നാം ചില്ലിട്ട് സൂക്ഷിക്കേണ്ടതില്ല. അത് നാം കടന്നു പോന്ന കാലമാണ്. ആ കാലം ഇപ്പോഴില്ല. ആ കാലത്തിന്‍റെ അടയാളങ്ങളോ മുറിവുകളോ നാം പേറിക്കൊണ്ടു നടന്നാൽ നമുക്ക് മുന്നോട്ട് പോകാനുള്ള പ്രസാദാത്മകത കിട്ടുകയില്ല.

ഓർമകളിൽ മുറിവേറ്റവർ

നമ്മൾ ഓർമകളിൽ മുറിവേറ്റവരായി മാറും. ഫെയ്സ്ബുക്കറുടെ തത്ത്വചിന്ത പ്രസക്തമാണ്. അയാൾ മുറിവിന്‍റെ പ്രചാരകനാകുന്നില്ല. മുറിവുണക്കുന്നവനായി പ്രത്യക്ഷപ്പെടുന്നു. അയാൾ അറിവിന്‍റെ പ്രചാരകനായി മാറുന്നതും കാണാം. അയാൾ ഓർമകളെ മുറിവു വച്ചു കെ ട്ടിയ പാടുകളായി കൊണ്ടുനടക്കുന്നില്ല. അയാൾ മറ്റുള്ളവരെ ആശ്വസിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഒരു ഫെയ്സ്ബുക്കർ സ്വന്തം മുറിവുകൾ ഒളിപ്പിക്കാനാണ് പൊതുവേ ആഗ്രഹിക്കുന്നത്. എന്നാൽ ആരെങ്കിലും സ്നേഹം അഭ്യർഥിച്ചാൽ സർവാത്മനാ കനിവുള്ളവനായി മാറുന്നു. അതിനുശേഷം മറ്റൊരിടത്തേക്ക് യാത്ര ചെയ്യുകയാണ്. ഫെയ്സ്ബുക്ക് ഒരു വലിയ ഭൂഖണ്ഡമാണ്. അവിടെ അയാളെ കാത്ത് പാട്ടും ആട്ടവും സിനിമയും കലയും സാഹിത്യവും എല്ലാമുണ്ട്.

ദിവസം തോറും ആംഗലേയ സാഹിത്യ കൃതികളെക്കുറിച്ച് എഴുതുന്ന പേജുകളുണ്ട്. മറ്റുള്ളവരുടെ ജീവിതകഥകൾ പോസ്റ്റ് ചെയ്യുന്നവരുണ്ട്. ഇവിടെയെല്ലാം ഒരു ഫെയ്സ്ബുക്കർ തന്‍റെ പ്രാദേശികവും വ്യക്തിഗതവുമായ സങ്കുചിത ഐഡന്‍റിറ്റി ചുമന്നുകൊണ്ട് നടക്കുന്നില്ല. അയാൾ സ്വതന്ത്രനാണ്, തത്ത്വത്തിൽ. അയാൾക്ക് ചിലതെല്ലാം അവഗണിക്കാനറിയാം. ഒരു ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുന്നതിലൂടെ വലയത്തിലേക്ക് വന്നുവെന്നു കരുതണ്ട. അയാൾ എല്ലാറ്റിനും ലൈക്ക് ചെയ്യില്ല. അയാൾ തികഞ്ഞ സന്ദേഹിയാണ്. കാരണം, അയാൾക്ക് ആരെയും വ്യക്തിപരമായി അറിയില്ലല്ലോ. ആരുടെയും സ്വകാര്യ ചിന്തകളും പരിചയമില്ല. അയാൾ മിക്കപ്പോഴും മൗനം പാലിക്കും. എന്തേ സുഹൃത്തുക്കൾ ലൈക് ചെയ്യാത്തത് എന്നു ചോദിക്കരുത്.

ഫെയ്സ്ബുക്കർ നിശബ്ദതയെയും സ്നേഹിക്കുന്നു. അയാൾക്ക് നിശബ്ദതയിൽ പെരുമാറാനറിയാം; പലപ്പോഴും പിൻവാങ്ങുന്നു. സ്വന്തം ഓഫ് ലൈൻ ജീവിതത്തെ പുറത്തു കാണിക്കാതിരിക്കാൻ വേണ്ടി പിൻവാങ്ങൽ, പിന്തുണയ്ക്കൽ, നിശബ്ദത എന്നീ ചേഷ്ടകളാണ് കാണിക്കുന്നത്. ഒരു ശരാശരി ഫെയ്സ്ബുക്കർ ആളുകളുമായി വെറുതെ സൗഹൃദത്തിലായിരിക്കാനും മറ്റുള്ളവരുടെ കലാപ്രകടനങ്ങൾ ആസ്വദിക്കാനുമാണ് കൂടുതൽ ശ്രദ്ധിക്കുന്നത്.

രജത രേഖകൾ

1) പ്രമുഖ വിമർശകൻ ബാലചന്ദ്രൻ വടക്കേടത്ത് സാഹിത്യ വിമർശനത്തിലും ചിന്താപ്രക്രിയയിലും അത്യന്താപേക്ഷിതമായ സന്ദേഹം എന്ന മൂല്യം സംഭാവന ചെയ്തുകൊണ്ടാണ് വിടവാങ്ങിയിരിക്കുന്നത്. വടക്കേടത്ത് വിമർശനകലയിൽ പരീക്ഷണാത്മകമായ ചുവടുകൾ വച്ചു. "മരണവും സൗന്ദര്യവും' എന്ന ലേഖനം പുതിയൊരു ആലോചനയായിരുന്നു. അക്കാഡമിക് വൃത്തങ്ങളിലെ ചിരപരിചിതമായ ഭാഷയും ചിന്താരീതിയും തല്ലിത്തകർത്ത വടക്കേടത്ത് എന്നും നവവിമർശനത്തിൽ തൽപരരായ വായനക്കാരെയും എഴുത്തുകാരെയും പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. രമണൻ എങ്ങനെ വായിക്കരുത്, പുതിയ ഇടതുപക്ഷം, വിമർശകന്‍റെ കാഴ്ചകൾ തുടങ്ങിയ ലേഖനങ്ങൾ വടക്കേടത്ത് എന്ന സൗന്ദര്യാസ്വാദകന്‍റെ സന്ദേഹാത്മകമായ മനസിനെയാണ് കാണിച്ചുതരുന്നത്. സാഹിത്യരചനയിൽ സന്ദേഹത്തിനു പ്രസക്തിയുണ്ട്. ദീർഘകാലമായി അസുഖബാധിതനായിരുന്ന വടക്കേടത്ത് ഒരിക്കലും രചനയിൽ നിന്നു വിട്ടു നിന്നിട്ടില്ല.

2) പ്രവാസി സാഹിത്യകാരി ബ്രിജിയുടെ "സോട്രോപ്പ്'(യുകിയോട്ടോ പബ്ലിഷിംഗ്) എന്ന ഇംഗ്ളീഷ് കവിതാ സമാഹാരം സമകാലിക ജീവിതത്തിന്‍റെ വിഭിന്നങ്ങളായ അനുഭവങ്ങളെ പെൺവായനയിലൂടെ അപഗ്രഥിക്കുന്നു. സൂക്ഷ്മതയും വ്യക്തതയുമാണ് ഈ കവിതകളുടെ പ്രത്യേകത. ആദ്യകവിതയായ "സേവ് മി' എന്ന രചനയിൽ ഒരു നവജാതശിശുവിന്‍റെ നിഷ്കളങ്കമായ വരവിനെ വിവരിക്കുന്നു. "അവൻ ഒരു ഗർഭപാത്രവും തിരഞ്ഞെടുത്തിട്ടില്ല. എന്നാൽ വിധി അത് ചെയ്തു' എന്ന വരി ചിന്തിപ്പിക്കുന്നതാണ്. വ്യക്തമായ വീക്ഷണമുള്ള ഒരു കവിയെ ഈ കവിതകളിൽ കാണാം. "ഗേൾ ചൈൽഡ്' എന്ന കവിതയിൽ "അവൾ പ്രതിഷേധിക്കാൻ വേണ്ടി ജീവിച്ചിരിക്കുന്നു എന്ന പ്രസ്താവന സുന്ദരമാണ്. "ജോയ്' എന്ന രചനയിൽ "ഞാൻ എല്ലാ മാമൂലുകളിൽ നിന്നും സ്വതന്ത്രയായി എന്നും ഞാൻ എന്നെ പൂട്ടിയ ചങ്ങലകൾ ഭേദിച്ചു' എന്നും സൂചിപ്പിക്കുന്നുണ്ട്. കാലത്തോട് ശക്തമായി പ്രതികരിക്കാൻ കവിക്ക് കഴിഞ്ഞിരിക്കുന്നു.

3) ജയപ്രകാശ് പാനൂർ എഴുതിയ "രഹസ്യങ്ങളുടെ ബി നിലവറ' (ലോഗോസ്) എന്ന നോവൽ ചരിത്രത്തെ സവിശേഷമായ ആഖ്യാനത്തിലൂടെ സാഹിത്യാനുഭവമാക്കുകയാണ്. ഇവിടെ പാനൂർ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നു. "കിഷ്കിന്ധയുടെ മൗനം' എന്ന മുൻ നോവലിലും ഈ ഗുണം തെളിഞ്ഞു കാണാം. മാർത്താണ്ഡ വർമയുടെയും എട്ടുവീട്ടിൽ പിള്ളമാരുടെയും ചരിത്രം അനാവരണം ചെയ്യുകയാണ്, അധികമൊന്നും അറിഞ്ഞിട്ടില്ലാത്ത വസ്തുതകളുടെ അടിസ്ഥാനത്തിൽ. നോവലിസ്റ്റ് എഴുതുന്നു:'ആധുനിക തിരുവിതാംകൂറിന്‍റെ ശില്പി എന്ന് മാർത്താണ്ഡ വർമയെ വാഴ്ത്തിപ്പാടുമ്പോൾ അദ്ദേഹം എട്ടുവീട്ടിൽ പിള്ളമാരോട് കാണിച്ച ക്രൂരതയും അവരുടെ നിരപരാധികളായ സ്ത്രീജനങ്ങളെയും കുട്ടികളെയും കൊന്ന് തള്ളിയതും എങ്ങനെ മഹത്വത്തിനു നിദർശനമാവും എന്ന് വിശദീകരിക്കേണ്ടേ?'. തീർച്ചയായും വിശദീകരിക്കണം. ഈ നോവൽ അതിലേക്ക് വഴി തെളിക്കുകയാണ്.

4) ജയനൻ എഴുതിയ "വരവിളക്കോലങ്ങൾ' (ഫേബിയൻ ബുക്സ്) എന്ന കവിതാസമാഹാരം അവതാരികയിൽ പ്രൊഫ. സി.ആർ. പ്രസാദ് എഴുതുന്നപോലെ സ്ത്രീ ആത്മീയതയുടെ പരിസരത്തിൽ നിന്നു ഒഴിവാക്കപ്പെടേണ്ടവളല്ല എന്നു വ്യാഖ്യാനിക്കുകയാണ്. ശരത്ചന്ദ്രലാലിന്‍റെ വരകൾ ഈ സമാഹാരത്തിനു മറ്റൊരു ശോഭ സമ്മാനിച്ചിരിക്കുന്നു. ഗുരുവിലാപം, മാതൃവ്യഥ എന്നീ കവിതകൾ മനനം ചെയ്യേണ്ടവയാണ്. അതിവാചാലത ഉപേക്ഷിച്ച് മനനവും തപസുമാണ് കവി അവലംബിക്കുന്നത്. അതേസമയം ഒറ്റവായനയിൽ വിനിമയത്തിനു സാധ്യമാവുന്നുമില്ല. "നാരീവ്യഥ' എന്ന കവിതയിലെ വരികൾ ഇങ്ങനെ:

"ഉണ്ടൊരു ലോകമപ്പുറം

വിണ്ടുകീറിയ മണ്ണിലും

പേറ്റു നോവേറ്റ പെണ്ണില്ല

നാരീശാപപ്പേടി വേണ്ട

വെള്ളിപ്പൂരാട, കണ്ടക-

ശനിപ്പിറവിയുമില്ല...

കർമബന്ധക്കുരുക്കില്ല

കാലചക്രക്കുരിശില്ല

പഞ്ചഭൂതഭ്രമം വേണ്ട

കടം വീട്ടാൻ ഓർമ വേണ്ട'.

5) കുമാരനാശാന്‍റെ "വീണപൂവ് ' പ്രണയനഷ്ടമുണ്ടാക്കിയ യുവതിയുടെ കഥയാണെങ്കിൽ ആ കഥയ്ക്ക് പകരം വീട്ടുന്നുണ്ട് ആശാന്‍റെ പിന്നീട് വന്ന നായികമാർ' (വീണപൂവ് എഴുന്നേൽക്കുന്ന കവിത, പ്രഭാതരശ്മി, സെപ്റ്റംബർ) എന്ന് നന്ദൻ അഭിപ്രായപ്പെടുന്നു. ഇത് അബദ്ധമാണ്. വീണപൂവ് പ്രണയ കവിതയല്ല. അതിൽ കാമുകിയുമില്ല. അതിൽ പ്രണയം കണ്ടെത്തുന്നവർക്ക് കവിത വായിക്കാനറിയില്ല എന്നു പറയേണ്ടിവരും. വീണത് പൂവ് മാത്രമാണ്. ആ കവിത നിറയെ ദാർശനികപ്രശ്നങ്ങളാണ്. എന്‍റെ "വീണപൂവ് കാവ്യങ്ങൾക്കു മുമ്പേ' (എസ്‌പിസിഎസ്) എന്ന പുസ്തകത്തിൽ ഈ കാര്യം ചർച്ച ചെയ്യുന്നുണ്ട്.

6) ദസ്തയെവ്സ്കി പറഞ്ഞു, അവനവനോട് നുണ പറയരുതെന്ന്. സ്വന്തം നുണകൾ കേൾക്കാൻ തുടങ്ങിയാൽ പിന്നെ സത്യം വേർതിരിച്ചെടുക്കാൻ കഴിയാതെ വരുമെന്നു അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.

7) മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവം സ്വന്തം കഴിവിനെ അമിതമായി കണക്കാക്കിയിരുന്നുവെന്നു സംശയിക്കുന്നതായി ഐറിഷ് നാടകകൃത്ത് ഓസ്കാർ വൈൽഡ് എഴുതുന്നു. മനുഷ്യൻ എന്ന ജീവിയുടെ സൃഷ്ടി ഒരു പരാജയമാണെന്ന ധ്വനിയാണ് ഈ വാക്യത്തിലുള്ളത്.

Trending

No stories found.

Latest News

No stories found.