ഒരച്ഛൻ മകന്‍റെ കുസൃതികൾ ചിരിയിൽ പൊതിഞ്ഞ് പുസ്തക രൂപത്തിലാക്കിയപ്പോൾ 'മ്മള് ഒരു കഥ പറയട്ട്' എന്ന ബാലസാഹിത്യ കൃതി ജനിച്ചു. മകൻ അപ്പുണ്ണിയുടെ സുന്ദരമായ കുട്ടിക്കാലത്തിലൂടെ, മകന്‍റെ നിഷ്കളങ്കമായ തമാശകളിലൂടെ, പുതിയ കാലത്തെ വാക്ക് കടമെടുത്താൽ 'തഗ് ലൈഫിലൂടെ'യുള്ള യാത്രയാണ് 'മ്മള് ഒരു കഥ പറയട്ട്' എന്ന ജി. കണ്ണനുണ്ണിയുടെ, ചിരിയിൽ പൊതിഞ്ഞ ബാലസാഹിത്യ പുസ്തകം.
കുട്ടിക്കാലം നമ്മൾ അസ്വദിച്ചതുപോലെ, കുട്ടിയായി ആസ്വദിക്കാവുന്ന ഒരു കുട്ടിപ്പുസ്തകം. ബോബനും മോളിയും, ഉണ്ണിക്കുട്ടനും ഒക്കെ ആസ്വദിച്ച നമ്മൾ അപ്പുണ്ണി കഥകളെയും മനസ്സിന്‍റെ കോണിൽ ചേർത്ത് വയ്ക്കും ഈ പുസ്തകത്തിലൂടെ. അപ്പുണ്ണി യഥാർഥ ജീവിതത്തിൽ സൃഷ്ടിച്ച 28 കഥാമുഹൂർത്തങ്ങളാണ് ഇതിന്‍റെ ഉള്ളടക്കം.
ബാങ്കോക്കിൽ നടത്തിയ കുട്ടികളുടെ അന്താരാഷ്ട്ര ഫാഷൻ ഷോ മത്സരമായ ജൂനിയർ മോഡൽ ഇന്‍റർനാഷണലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്നാം സ്ഥാനം നേടിയ മിടുക്കനാണ് എഴു വയസുകാരൻ അപ്പുണ്ണി. ആലപ്പുഴ വളവനാട് വിജയ നിവാസിൽ കണ്ണനുണ്ണിയുടെയും അനുവിന്‍റെയും മകനാണ് ഈ കുരുന്ന് മോഡൽ. മികച്ച മിമിക്രി കലാകാരൻ കൂടിയാണ് അപ്പുണ്ണി. ഫ്‌ളവേഴ്സ് ടിവി കോമഡി ഉത്സവം പരിപാടിയിലെ ഏറ്റവും പ്രായം കുറഞ്ഞ മിമിക്രി കലാകാരൻ എന്ന റെക്കോർഡിനും അപ്പുണ്ണി ഉടമയായിരുന്നു.
രണ്ട് തുല്യദുഃഖിതരുടെ 'ഒടിവുകാലത്തെ' പരിശ്രമം കൂടിയാണ് ഈ പുസ്തകം എന്നു പറയാം. കഥാകൃത്തായ കണ്ണനുണ്ണി രണ്ടു മാസം കാലൊടിഞ്ഞു വീട്ടിലിരുന്നപ്പോഴാണ് പുസ്തകം എഴുതി പൂർത്തിയാക്കുന്നത്. കഥകൾക്ക് തുല്യമായ വരകൾകൊണ്ട് പുസ്തകത്തെ ധന്യമാക്കിയത് രാജേട്ടൻ കാർട്ടൂൺസ് എന്ന പേരിൽ പ്രശസ്തിനേടിയ രാജൻ സോമസുന്ദരമാണ്. രാജനും കാലൊടിഞ്ഞു വീട്ടിൽ ഇരുപ്പായ സമയത്താണ് അപ്പുണ്ണിക്കഥകൾക്ക് ചിരിവര സമ്മാനിക്കുന്നത്. ആകാശവാണി റെയിൻബോ എഫ്എം കൊച്ചിയിലെ ചിരിക്കട എന്ന ഹാസ്യ പരിപാടിയുടെ അവതാരകരാണ് ഇരുവരും.
മുൻകൂർ ഓൺലൈൻ ബുക്കിംഗ് സിസ്റ്റത്തിലൂടെ സുജിലി ബുക്ക്സിന്‍റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ആദ്യ ദിനത്തിൽ ബുക്ക് ചെയ്ത പുസ്തകമായി 'മ്മള് ഒരു കഥ പറയട്ട്'.
കുഞ്ഞു വായിൽ വലിയ വർത്തമാനം പറയാത്ത, തികഞ്ഞ നർമബോധത്തോടെ നിഷ്കളങ്ക തമാശകൾ പറയുന്ന, പുഴുവിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ പുഴുവിനെ കറുമുറെ തിന്നുന്ന പ്രായോഗിക ബുദ്ധിയുള്ള, ടീച്ചറെ പഠിപ്പിക്കുന്ന, പ്രധാനമന്തിക്ക് കത്തെഴുതുന്ന, മൊബൈലിലെ ഗൂഗിൾ അമ്മച്ചിയുടെ മകനോട് അമ്മയെക്കുറിച്ച് ചോദിക്കുന്ന, ചില്ല് ഷഡ്ഡിയുടെ കഥ പറയുന്ന, കളക്റ്റർ മാമനെ ഇഷ്ടപ്പെടുന്ന, കല്യാണം കുറച്ച് നേരത്തെ ആയാൽ കുഴപ്പമുണ്ടോ എന്ന് ചോദിക്കുന്ന, മാവേലി വരാൻ കാത്തിരിക്കുന്ന വേറിട്ടൊരു കുട്ടിയുടെ വലിയ ലോകമാണ് ഈ പുസ്തകം.
കുസൃതി നിറച്ച ഈ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ മനസ്സ് കൊണ്ട് നമ്മളും ഒരു കുട്ടിയാകും. സുജിലി ബുക്ക്സിന്‍റെ 9496644666 എന്ന നമ്പറിൽ പുസ്തക നമ്പറായ 661 എന്ന് വാട്ട്സാപ്പ് ചെയ്താൽ പുസ്തകം നിങ്ങളുടെ വീട്ടിൽ എത്തും.
ബാലസാഹിത്യകാരൻ, റേഡിയോ അവതാരകൻ, മിമിക്രി കലാകാരൻ, അധ്യാപകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധനേടിയ ജി. കണ്ണനുണ്ണിയുടെ രണ്ടാമത്തെ പുസ്തകമാണിത്. കണ്ണനുണ്ണിയുടെ കവിതകൾ എന്നൊരു കവിതാ സമാഹാരം നേരത്തെ പ്രസിദ്ധീകരിച്ചു. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ അംഗമാണ് കണ്ണനുണ്ണി. മലയാളത്തിലെ ആദ്യത്തെ ആക്കാപ്പെല്ല രൂപത്തിലുള്ള ഭക്തി ഗാനം ഉൾപടെ ഒരുപിടി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. അനൂസ് ഹെർബ്സ് സിഇഒ കൂടിയായ അനു കണ്ണനുണ്ണിയാണ് ഭാര്യ.