ഒരിക്കൽ പതിഞ്ഞു പോയാൽ പിന്നെ ഒരിക്കലും പറിച്ചെറിയാൻ കഴിയാത്ത ചില കാഴ്ചകളുണ്ട്...ഒരു പക്ഷേ പെൺനോട്ടങ്ങളിൽ മാത്രം പതിഞ്ഞേക്കാവുന്ന ചിലത്.. ഉള്ളിലാഴത്തിൽ പതിഞ്ഞു പോയ പ്രിയകാഴ്ച്ചകളുടെ കാഴ്ചപ്പതിപ്പുകൾ...
അച്ഛൻ മരിച്ച് മുപ്പത്തൊന്നാം നാളായിരുന്നു. ആശുപത്രിവാസക്കാലത്ത് അടച്ചിട്ട വീടിനുള്ളിലേക്ക് ഞങ്ങൾ പിന്നെ തിരിച്ചെത്തിയിരുന്നില്ല..വീടിനു താഴെയുള്ള മുല്ലത്തറയ്ക്കു മീതേ കെട്ടിയ നീല ടാർപ്പായയിൽ മഴവെള്ളം നിറഞ്ഞ് താഴേക്ക് കനംതൂങ്ങി നിന്നു. അങ്ങുമിങ്ങും എത്താത്ത ആ പായയ്ക്കു കീഴിലായിരുന്നു ഞങ്ങളെല്ലാം.. ചെറുതായി ചാറിത്തുടങ്ങിയ മഴത്തുള്ളികളുടെ കനം അടിക്കടി കൂടി വരുന്നതു പോലെ.
''എന്‍റച്ഛാ മുത്തച്ഛാ കാർന്നന്മാരേ.. ''
കൊളുത്തി വച്ച വിളക്കുകൾക്കു മുന്നിൽ നിന്ന് ആകാശത്തേക്ക് മിഴികൾ എറിഞ്ഞ് ഇടനെഞ്ചിൽ കൈ വച്ച് വെല്ലിച്ചൻ ഉറക്കെ പ്രാർഥിച്ചു കൊണ്ട് കൈയുയർത്തി മഴയ്ക്ക് തടയിടാൻ ശ്രമിച്ചു. പല തവണ ആവർത്തിച്ചിട്ടും മഴ ഒട്ടും കുറയുന്നില്ലെന്ന് കണ്ടപ്പോൾ 'ശ്ശേ ' എന്ന് സ്വയം പറഞ്ഞു കൊണ്ട് തല ചൊറിഞ്ഞു.
അച്ഛനെ ആവാഹിക്കുകയായിരുന്നു... മുല്ലത്തറയിൽ ആവാഹിച്ചിരുത്തിയ അനേകം കാർന്നന്മാർക്കൊപ്പം ഇരുത്താൻ. അതിനൊടുവിൽ നറുക്കിലയിട്ട് മുകളിൽ വച്ച രാശിപ്പലകയിൽ മഴവെള്ളം വീണ് ചിതറി. നനഞ്ഞു കുതിർന്ന് തറവാട്ടിലേക്ക് കയറി.
'അച്ഛൻ ഇരിക്കാൻ തടസൊന്നും ഇണ്ടായില്യല്ലോ?' തല തുവർത്തുന്നതിനിടെയാണ് അമ്മ ചോദിച്ചത്.
തടസമുണ്ടായോ... ഇല്ലെന്ന് ഞാൻ തലയാട്ടി.
ഞങ്ങളെല്ലാം നനഞ്ഞു കുതിരുമ്പോൾ അച്ഛൻ എങ്ങനെ തടസം പറയും....
മഴവെള്ളം പതിവു പോലെ പാടവും കവിഞ്ഞ് കാവിലെ ചിത്രകൂടത്തിന്‍റെ പാതിയോളം മറച്ചു. വരമ്പുകളുടെയോ നീണ്ടു വളർന്നു നിന്നിരുന്ന പുൽച്ചെടികളുടെയോ തരി പോലും പുറത്തു കാണാനാവാത്ത വിധം പാടം പൂർണമായൊരു കായൽ പോലെ ഓളം തല്ലിക്കൊണ്ടിരുന്നു. എല്ലാ മഴക്കാലത്തുമെന്ന പോലെ വെള്ളം എത്രത്തോളം കയറിയെന്നറിയാൻ ഞങ്ങളിൽ ആരെങ്കിലുമൊക്കെ മണിക്കൂറുകൾ ഇടവിട്ട് പാടം അതിരിടുന്ന പറമ്പുകളുടെ അറ്റം വരെ നടന്നു ചെന്നു....
മഴ തോർന്നില്ല... കെട്ടു പൊട്ടിയ പോലെ വെള്ളം ആർത്തൊഴുകി.. പാടത്തിനു നടുക്കുള്ള ഇടത്തറയെ ചെറിയൊരു ദ്വീപാക്കി മാറ്റിക്കൊണ്ട് വെള്ളം ആഞ്ഞുയർന്നു കൊണ്ടിരുന്നു.
''പൊരിങ്ങൽകുത്ത് ഡാം തുറന്നാലേ ഞങ്ങടെ പാടത്ത് വെള്ളം കേറൊള്ളൂ... അതോണ്ട് പേടിക്കാനില്ല.''
പണ്ടു മുതലേ കേട്ടു മനസിൽ പതിഞ്ഞൊരു അറിവ് ഫോണിലൂടെ മഞ്ജുവിനോടാണ് പറഞ്ഞത്.
വീടിനരികിലൂടെ മെലിഞ്ഞൊഴുകിയിരുന്നൊരു തോട് അവളുടെ വീടിനെയും നാടിനെയും മുഴുവനായും മുക്കിയത് അപ്പോഴും ഒരു അവിശ്വസനീയമായ നാടോടിക്കഥയെന്ന പോലെ മനസിൽ ദഹിക്കാതെ കിടന്നു.
എല്ലാ വർഷത്തെയും പോലെയല്ല... വെള്ളം നല്ലോണം കയറുമെന്ന് ഏതാണ്ട് ഉറപ്പിച്ചു. വീടും മുല്ലത്തറയും തമ്മിലുള്ള അതിർത്തി ഭേദിച്ചു കൊണ്ട് കിണറിനു ചുറ്റും വലം വച്ചൊഴുകുന്ന വെള്ളം കണ്ടപ്പോഴാണ് യാഥാർഥ്യത്തിന്‍റെ നനവ് ഉള്ളിലേക്കാഴ്ന്നത്.
''കടലിൽക്ക് ഈ വെള്ളൊന്നും പോണില്ലേ...? ഇതെന്തൊരു മെനക്കേട്....''
അതിരുകളിൽ വന്ന് തിരതല്ലുന്ന വെള്ളത്തിലേക്ക് ചെടിത്തലപ്പ് നുള്ളിയെറിഞ്ഞ് താടിക്കും കൈയും വച്ചു നോക്കി നിന്നു കൊണ്ട് ചേടത്ത്യാര് സ്വയം പറഞ്ഞു.
''പണ്ട് കാലത്ത് ഒഴുകീരുന്ന വഴീക്കൂടെ പൊഴകൾടെ വിസിറ്റിങ്ങാ... ഒരു രക്ഷേമില്ല... അയ്നുണ്ടോ റോഡും വീടും... ഒക്കെ നമ്മളിണ്ടാക്കീതല്ലേ....''
കുമാരേട്ടൻ കിട്ടിയ അവസരത്തിൽ തത്വം പറഞ്ഞ് താടിയുഴിഞ്ഞു.
എല്ലാം പെട്ടെന്നായിരുന്നു. നോക്കി നിൽക്കേ അതിരിൽ നിന്ന് മുറ്റത്തേക്ക്, മുറ്റത്തു നിന്ന് പടിക്കെട്ടുകളിലേക്ക്, അവിടെ നിന്ന് ഇറയത്തേക്ക്... വെള്ളം കൺമുന്നിൽ ഉയർന്നു വരുന്നതിന്‍റെ അദ്ഭുതം എല്ലാവരിലും നിറഞ്ഞു നിന്നു. വീട്ടിൽ നിന്ന് പരമാവധി ഇലക്‌ട്രോണിക് വസ്തുക്കളും സർട്ടിഫിക്കറ്റുകളും തറവാട്ടിലേക്ക് മാറ്റി. അലമാരകൾക്കടിയിൽ ഒതുക്കി വച്ചിരുന്ന തുണികളെല്ലാം മടക്കി ഒതുക്കി മുകൾഭാഗത്തെ ഷെൽഫിലേക്ക് കയറ്റി വച്ചു.
''ഇത്രയൊന്നും വെള്ളം കയറില്ലാ... എന്നാലും ഒരു സേഫ്റ്റിക്ക്....''
തുണി മടക്കുന്നതിനൊപ്പം പലപ്പോഴായി എല്ലാവരും അതുതന്നെ ആവർത്തിച്ചു.
മുല്ലത്തറയ്ക്കുള്ളിൽ പല കാലങ്ങളിലായി പലർ എത്തിച്ച് സൂക്ഷിച്ചു വച്ച ശംഖുകളും രാശിപ്പലകയും വിളക്കും തിരികളും ചെരാതും മുത്തപ്പന്‍റെ ചൂരലുമെല്ലാം ആദ്യമേ സുരക്ഷിതമാക്കിയിരുന്നു. തറയ്ക്കു മുന്നിലെ കൽവിളക്കിന്‍റെ തട്ടുകൾ ഓരോന്നായി വെള്ളത്തിൽ മുങ്ങിക്കൊണ്ടിരുന്നു. കണ്ണൊന്നു തെറ്റിയപ്പോഴേക്കും കൽവിളക്ക് മുഴുവനായും വെള്ളത്തിനടിയിൽ അപ്രത്യക്ഷമായി. മുകളിൽ അലസമായി വലിച്ചു കെട്ടിയിരുന്ന, മഴവെള്ളത്തിന്‍റെ ഭാരത്തിൽ താഴ്ന്ന നീലപ്പായയെ കൂടി നക്കി തുവർത്തും പോലെ വെള്ളം ഉയർന്നു വന്നു.
''ടിവി അവിടെ ഇരിക്കട്ടേ... അത്ര വെള്ളൊന്നും വരില്ല....''
ചുമരിൽ ഘടിപ്പിച്ച ടിവിയിൽ തൊട്ടു തലോടിക്കൊണ്ട് അനിയൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.
വരില്ലായിരിക്കുമെന്ന വിശ്വാസത്തിലാണ് ഉച്ച തിരിഞ്ഞപ്പോൾ ഫ്യൂസ് ഊരി വീടടച്ചു പൂട്ടി തറവാട്ടിലേക്ക് തിരിച്ചു പോയത്.
ആറു മണിക്ക് ഒന്നു കൂടി എത്തിയപ്പോഴേക്കും..., മുറ്റത്തേക്കുള്ള അഞ്ചാറു പടികൾക്കു മേലെ വന്നു നിന്ന് ഇനി വീട്ടിലേക്ക് കയറേണ്ടെന്ന് പറയും പോലെ വീടിന്‍റെ പാതിയിലധികം ഉയരത്തിൽ കലങ്ങിയൊഴുകുന്ന മലവെള്ളം.... പ്രളയം ജീവിതത്തിൽ വന്നു തൊട്ടു നിന്ന നിമിഷം. ഒരടി മുന്നോട്ടു നടക്കാൻ അനുവദിക്കാതെ വെള്ളം ഉയർന്നുയർന്നു വന്നു. ഓരോ ഓളം തല്ലലിലും ഏതൊക്കെയോ ഇടങ്ങളിൽ നിന്ന് കാലിക്കുപ്പികളും കടലാസും കണ്ടകടച്ചാദിയുമെല്ലാം ഒഴുക്കിക്കൊണ്ടു വന്നു.
നഗരത്തിലേക്കുള്ള ഒറ്റ വഴി ഏതു സമയത്തും വെള്ളം കേറി ബ്ലോക്കായേക്കും. മൂന്നുപാടുമുള്ള കണ്ടങ്ങളെല്ലാം പുഴ പോലെ ആർത്തലച്ചു കയറിക്കൊണ്ടിരുന്നു.
അത്യാവശ്യം തുണികളും പാത്രങ്ങളും കൊണ്ട് മരുമോൾടെ വാക്ക് കാറ്റിൽ പറത്തി രണ്ടാം നിലയിൽ ഇരിപ്പുറപ്പിച്ചിരിക്കുകയായിരുന്നു 'ഊടത്തി'. എന്തേലും കാണിക്കട്ടേയെന്നും പറഞ്ഞ് കെട്ട്യോനെ അമ്മയ്ക്ക് കൂട്ടിരുത്തി മരുമോള് സന്ധ്യയായപ്പോഴേ പിള്ളേരേം കൊണ്ട് മുകൾഭാഗത്തുള്ള അനിയന്‍റെ വീട്ടിൽ പോയി ഇടം പിടിച്ചു. പാതിരാത്രി കോളിങ് ബെല്ലടിച്ച് വീടിന്‍റെ പാതിയും വെള്ളത്തിലായെന്ന് അയലക്കത്തെ രാജപ്പൻ വന്നു പറഞ്ഞപ്പോഴാണ് 'നശിച്ച തള്ള' എന്നു പ്രാകി മരുമോള് രാത്രി തന്നെ ടോർച്ചും പിടിച്ച് മഴയും നനഞ്ഞ് സ്വന്തം വീട്ടിലേക്കു പാഞ്ഞത്. മുട്ടിനു മുകളിലുള്ള വെള്ളത്തിലൂടെ നടന്ന് വാതിലിൽ ചെന്നു മുട്ടി വിളച്ചു. അകത്തു നിന്നു വാതിൽ തുറന്ന പാടെ മരുമോളെയും കൂട്ടിനു വന്ന അനിയത്യാരെയും ഒന്നുലച്ചുകൊണ്ട് ചിത്രപ്പൂട്ടിട്ട വാതിലും കടന്ന് മലവെള്ളം വീടിനകത്തേക്ക് ഇരച്ചു കയറി. ഒരു നിമിഷത്തെ അന്ധാളിപ്പിനൊടുവിൽ നാലു ചീത്തേം പറഞ്ഞ് കെട്ട്യോനെയും ഊടത്തിയേം വിളിച്ചിറക്കി വീടും പൂട്ടി മരുമോള് വെള്ളത്തിലൂടെ പാതി നീന്തിയെന്ന മട്ടിൽ വീട്ടിൽ തിരിച്ചെത്തി.
''വാതില് തൊറക്കാണ്ടിരുന്നാ മത്യാര്ന്ന്....''
നനഞ്ഞ തുണി മാറ്റി കട്ടൻചായ കുടിച്ചോണ്ടിരിക്കുമ്പോ മരുമോളെ നോക്കി ഊടത്തി കുത്തിപ്പറഞ്ഞു.
''തൊറന്നില്ലെങ്കിൽ എല്ലാം കൂടി തകർന്ന് രണ്ടും കൂടി അതീക്കെടന്ന് ചത്തേനെ തള്ളേ...'', മരുമോള് ഉള്ള കലിയെല്ലാം പറഞ്ഞു തീർത്ത് അകത്ത് കേറി കതകടച്ചു.
അപ്പുറത്തെ പഴയ വീട്ടിൽ വാടകയ്ക്ക് താമസിച്ചവരെ അൽപ്പം മുകൾഭാഗത്തു വീടുള്ള അയൽപ്പക്കക്കാർ നിർബന്ധിച്ച് വീട്ടിൽ വിളിച്ച് കിടത്തിയിരുന്നു.
''മണ്ണു കുഴച്ചു ചേർത്തു വച്ച് പണ്ടെങ്ങോ ഉണ്ടാക്കിയ വീടാണ്. കുമ്മായം പൂശി ഭംഗിയാക്കിയിട്ടുണ്ടെന്നേ ഉള്ളൂ. അകം വെറും പൊള്ളയാ....''
വാടകക്കാരോട് അയൽക്കാരി പറ്റാവുന്ന പോലൊക്കെ പഴം പുരാണം പറഞ്ഞ് കിടന്നുറങ്ങിപ്പോയി. പിറ്റേന്ന് നേരം പുലർന്ന് അവരങ്ങെത്തും മുൻപേ, വെള്ളം കണ്ട് കണ്ണ് മിഴിച്ചു നിന്നവരുടെ കണ്ണ് ഒന്നു കൂടി തള്ളിച്ചു കൊണ്ട് കളിവീട് പോലെയാ വീട് മുച്ചൂടും തകർന്ന് തരിപ്പണമായി. കൺമുന്നിൽ വീടു തകർന്നു വീണതു കണ്ട് നിലവിളിച്ചവരുടെ മുന്നിലൂടെ ചെളി കലർന്ന് മഞ്ഞപ്പായ വെള്ളം ഓളം വെട്ടി.
ചാലക്കുടിയിൽ താമസിക്കുന്ന മാമനെക്കുറിച്ച് യാതൊരു വിവരവുമില്ല. ചുറ്റുമുള്ള ക്യാംപുകളിലെല്ലാം അന്വേഷിച്ചിട്ടും അറിവില്ല. വെള്ളം ഒന്നൊതുങ്ങിയപ്പോൾ ഒരു വിധത്തിൽ മണ്ടിക്കുന്നിലെ വീട്ടിലെത്തി. കറന്‍റുമില്ല മൊബൈലിൽ ചാർജുമില്ല, ഒരു തരി പോലും റേഞ്ചുമില്ല, അങ്ങോട്ട് വെള്ളവും എത്തീട്ടില്ല അവരീ കഥയൊന്നും അറിഞ്ഞ മട്ടുമില്ല. കുറേ നേരമായി ഹെലികോപ്റ്ററുകൾ കുറേ പറക്കുന്നുണ്ടല്ലോന്ന് അദ്ഭുതം കൂറി എല്ലാവരും മഴേം നോക്കി വീട്ടിലിരിപ്പുണ്ട്.
''ദേ നിങ്ങടെ ചുറ്റും വെള്ളമാണ്. ഇവിടെ പ്രളയമാണ്. കെട്ടിടത്തിൽ കുടുങ്ങിയവരെ എയർ ലിഫ്റ്റ് ചെയ്യാനാണ് ഹെലികോപ്റ്റർ വന്നേക്കുന്നേ....''
അന്വേഷിച്ചു ചെന്നവർ ഓരോരോ വിശേഷങ്ങൾ വിളമ്പി വച്ചു.
അയ് ശരീ... കറന്‍റില്ലാത്തോണ്ട് ഞങ്ങളൊന്നും അറിഞ്ഞില്ലെന്ന് അവരതങ്ങ് നിസ്സാരമാക്കി കളഞ്ഞു.
സ്കൂളിലെ ദുരിതാശ്വാസ ക്യാംപ് ഏതാണ്ട് നിറഞ്ഞിരുന്നു. ഇനിയും കാത്തു നിന്നാ വെള്ളം കേറി റോഡ് ബ്ലോക്കാവുമെന്ന് പേടിച്ച് ഞങ്ങളെല്ലാവരും മാമന്‍റെ വീട്ടിലേക്ക് താമസം മാറി. അവിടെയും ചുറ്റും പാടമാണ്. പക്ഷേ, വെള്ളം കയറിയില്ല. ഓരോരോ കൗതുകങ്ങൾ....
മൂന്നു രാവും രണ്ടു പകലും കഴിഞ്ഞപ്പോ വെള്ളം ഇറങ്ങിത്തുടങ്ങി. നാഗവല്ലി കേറി ആകെ അലങ്കോലമായിപ്പോയ പോലെ വീട് കലിയടക്കി മിണ്ടാതെ നിന്നു. നനഞ്ഞു കുതിർന്നു പോയ ഉടുപ്പുകൾ, നനഞ്ഞൊട്ടിപ്പിടിച്ച പ്രിയപ്പെട്ട പുസ്തകങ്ങൾ, നനവു മാറാത്ത ചുവരുകൾ, അച്ഛൻ പണിതു തീർക്കാതെ ബാക്കി വച്ച നീളൻ മരപ്പലകകൾ, ഒരായുസു മുഴുവൻ ഒപ്പം കൊണ്ടു നടന്ന ഇരുമ്പാണികളും വീതുളിയും കൊട്ടുവടിയും മഴുക്കോലും....
അച്ഛൻ ഇതൊക്കെ കണ്ടെങ്ങി നെഞ്ചു പൊട്ടിപ്പോയേനേ..
ഓരോന്നും പെറുക്കിക്കൂട്ടുന്നതിനിടയിൽ അമ്മ സ്വയം പറഞ്ഞു...അച്ഛനില്ലാത്ത കാലം കൺമുന്നിൽ നീണ്ടു കിടക്കുന്നു.. ആ പകപ്പിനെ വകഞ്ഞു മാറ്റിക്കൊണ്ട് പ്രളയം ആർത്തിരമ്പുന്നു..
നാട്ടിലെ ചെക്കന്മാർ വീടു തോറും കയറിയറങ്ങി ബ്ലീച്ചിങ് പൗഡറിട്ടു.... മണിക്കൂറുകൾ കഴിഞ്ഞ് നനഞ്ഞ കിടക്കകളും കട്ടിലുമടക്കം മാറ്റി ഉരച്ചു കഴുകി വൃത്തിയാക്കി. മലവെള്ളം കയറിയിറങ്ങിപ്പോയ കിണറ്റിലെ വെള്ളം മുഴുവൻ പുറത്തേക്കടിച്ച് കളഞ്ഞ്, നല്ല വെള്ളം അടിച്ച് കഴുകി വെടിപ്പാക്കി. അങ്ങനെയങ്ങനെ ആഴ്ചകളോളം നീണ്ട വൃത്തിയാക്കലുകൾക്കൊടുവിൽ പ്രളയകാലം ഉരുകിയുരുകി നീരാവിയും മേഘങ്ങളുമായി... വെയിലുദിച്ചു... മാനം തെളിഞ്ഞു, കിണറ്റിനരികെ പണ്ടെങ്ങോ അച്ഛൻ നട്ട കുരുമുളക് വള്ളിയിൽ ഇലകൾ വിടർന്നു.