ഷാർജ: നടിയും എഴുത്തുകാരിയും നിർമാതാവുമായ ഹുമ ഖുറേഷി 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ "സ്‌ക്രീനിൽ നിന്ന് പേജിലേക്ക് : ഹുമ ഖുറേഷിക്കൊപ്പം ഒരു സായാഹ്നം" എന്ന പരിപാടിയിൽ ആസ്വാദകരുമായി സംവദിച്ചു. തന്‍റെ ആദ്യ നോവലായ "സീബ: ഒരു ആക്‌സിഡന്‍റൽ സൂപ്പർഹീറോ' എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സംവാദം നടന്നത്. സൂപ്പർഹീറോ ചെയ്യുന്നത് പോലെയുള്ള കാര്യങ്ങൾ ചെയ്യുന്ന അപൂർണ്ണരായ ആളുകൾ എന്ന ആശയം താൻ എപ്പോഴും ഇഷ്ടപ്പെടുന്നുവെന്ന് ഹുമ പറഞ്ഞു. ഓരോരുത്തരുടെയും ഉള്ളിൽ ഒരു സൂപ്പർഹീറോ ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരുവളാണ് ഹുമയുടെ നോവലിലെ കഥാപാത്രം. എല്ലാം തികഞ്ഞവളല്ല എന്ന ബോധ്യമാണ് അവളെ യാഥാർത്ഥ്യ ബോധമുള്ളവളാക്കി മാറ്റുന്നത്. ഒരു സ്ത്രീയുടെ വീക്ഷണകോണിൽ നിന്നുള്ള എഴുത്ത് തന്നെ സംബന്ധിച്ച് "വിമോചനം" ആയിരുന്നുവെന്ന് ഹുമ പറഞ്ഞു.
സിനിമയുടെ കാര്യമെടുത്താൽ പരാജയത്തിന്‍റെ ഉത്തരവാദിത്തം സംവിധായകന്‍റെയോ തിരക്കഥാകൃത്തിന്‍റെയോ മേൽ ചുമത്താം, പക്ഷേ പുസ്തകം പൂർണ്ണമായും എഴുത്തുകാരിയുടെ ഉത്തരവാദിത്തമാണെന്ന ബോധ്യം തന്നിൽ വിറയലുണ്ടാക്കിയെന്ന് ഹുമ സമ്മതിച്ചു.
താൻ ആദ്യം ഒരു ടിവി ഷോ എന്ന നിലയിലാണ് കഥ അവതരിപ്പിച്ചതെന്ന് ഹുമ വെളിപ്പെടുത്തി, എന്നാൽ കഥയിലെ ഫാന്‍റസി രംഗങ്ങൾ ചിത്രീകരിക്കുന്നതിന് സാമ്പത്തിക പിന്തുണ ആവശ്യമായിരുന്നു. എന്നാലും ഒരു സിനിമയായോ പരമ്പരയായോ പുസ്തകം സ്‌ക്രീനിൽ യാഥാർഥ്യമാവണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് അവർ വ്യക്തമാക്കി. അഭിനയവും സംവിധാനവും ഒരു പോലെ കൊണ്ടുപോകുന്നത് വെല്ലുവിളിയാണെങ്കിലും സംവിധാനം ആസ്വാദ്യകരമാണെന്ന് ഹുമ അഭിപ്രായപ്പെട്ടു.
രണ്ടും ചെയ്യുന്ന തന്നെ അംഗീകരിക്കുന്ന അഭിനേതാക്കളെ കണ്ടെത്താൻ കഴിഞ്ഞാൽ ചിത്രീകരണം തുടങ്ങും. സൂപ്പർഹീറോയ്ക്ക് പോലും മാനസിക പിന്തുണ നൽകുന്ന തെറാപ്പിയെക്കുറിച്ചുള്ള പുസ്തകവുമായി ബന്ധപ്പെട്ട ചോദ്യത്തിന് സൂപ്പർഹീറോകൾക്ക് പോലും തെറാപ്പി ആവശ്യമാണ് എന്നും അവർക്ക് യുദ്ധം ചെയ്യാനും ലോകത്തെ രക്ഷിക്കാനുമുള്ള പി ടി എസ് ഡി ഉണ്ട് എന്നും ഹുമ ഖുറേഷി നർമത്തോടെ പ്രതികരിച്ചു. സിനിമാ സെറ്റിലാണ് താൻ ഏറ്റവും സജീവമായി ജീവിക്കുന്നത്. സിനിമാ സെറ്റിൽ തന്നെ മരിക്കണമെന്നാണ് ആഗ്രഹം. സിനിമാ ലോകവുമായുള്ള തന്‍റെ ആഴത്തിലുള്ള ബന്ധം സൂചിപ്പിക്കാനാണ് ജീവിതവും മരണവും സെറ്റിൽ തന്നെ വേണമെന്ന ആഗ്രഹം പങ്കുവെച്ചതെന്നും ഹുമ ഖുറേഷി പറഞ്ഞു. ഗൾഫ് ന്യൂസിലെ എന്‍റർടൈൻമെന്‍റ് എഡിറ്റർ മഞ്ജുഷ രാധാകൃഷ്ണൻ മോഡറേറ്ററായിരുന്നു.