അക്ഷരജാലകം | എം.കെ. ഹരികുമാർ
ഉത്തര- ഉത്തരാധുനികത എന്നൊരു യാഥാർഥ്യമുണ്ട്. അത് ആധുനികത, നവീനത എന്നൊക്കെ പറയുന്നതുപോലെയുള്ള ഒരാശയമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചിന്താപ്രശ്നങ്ങൾ, അനുഭവങ്ങൾ, വൈകാരികമായ പ്രതിസന്ധികൾ കഴിഞ്ഞ നൂറ്റാണ്ടിൽ നിന്നും വിഭിന്നമാണെന്ന് കാണിക്കാനാണ് ഈ പ്രയോഗം ആവശ്യമായി വരുന്നത്. മനുഷ്യന്‍റെ സ്വത്വം, പ്രാദേശിക സംസ്കാരം, വ്യാജചരിത്ര നിർമാണം തുടങ്ങിയവയിൽ സ്തംഭിച്ചു നിന്ന ഉത്തരാധുനികത എന്ന പ്രവണതയിൽ നിന്നുള്ള മോചനമാണിത്.
മനുഷ്യൻ ഒരു ഡിജിറ്റൽ മൃഗമാണ് എന്ന് സമ്മതിച്ചേ പറ്റൂ. പലരും തങ്ങൾ സ്വതന്ത്രരാണ്, ഒന്നിന്‍റെയും അടിമകളല്ല എന്നൊക്കെ പറയുമെങ്കിലും ഫലത്തിൽ മനുഷ്യൻ ഇന്ന് ഒരു ഉത്തര- ഉത്തരാധുനിക ഡിജിറ്റൽ ജീവിയാണ്. എന്തുകൊണ്ടാണ് നാം ഉത്തര- ഉത്തരാധുനിക ജീവിയിരിക്കുന്നത്?തീർച്ചയായും നമുക്ക് ഡിജിറ്റൽ, ഡേറ്റാ ജീവിതമുണ്ട്. ഫോട്ടോകൾ ഇന്‍റർനെറ്റിൽ കൈമാറുന്നത് ഡേറ്റയായാണ്. ഒരു സത്യമാണത്. നമ്മൾ സ്മാർട്ട് മൊബൈൽ ഫോൺ ഉപയോഗിക്കുന്നു എന്ന യാഥാർഥ്യത്തെ അംഗീകരിക്കാമല്ലോ. ഇതിലാണ് ഉത്തര- ഉത്തരാധുനികത. ഈ ഫോൺ നിങ്ങളെ ചിന്തയിലും, ജീവിതത്തിലും മനോഭാവത്തിലും ഇരുപതാം നൂറ്റാണ്ടിൽ നിന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് പറിച്ചു നട്ടിരിക്കുകയാണ്.
കഴിഞ്ഞ നൂറ്റാണ്ടിൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും റേഡിയോ വാർത്ത കേട്ടാണ് ലോകം കഴിഞ്ഞത്. രാവിലെ പത്രം വായിക്കാം. പിന്നെ പിറ്റേദിവസമാണ് പത്രം ഇറങ്ങുന്നത്. എല്ലാ ദിവസവും പത്രം ഇറങ്ങുമെങ്കിലും ദിവസത്തിൽ ഒരു തവണയേ അത് സാധ്യമാകൂ. പത്രം വാർത്തയുടെ ശേഖരം എന്നതിലുപരി അത് ഒരു കാലബോധമാണ്. 24 മണിക്കൂർ കൂടുമ്പോൾ ലോകത്തെ സമഗ്രമായി കിട്ടും. അതിനിടയിൽ നമുക്ക് മറ്റു പ്രവൃത്തികളിൽ മുഴുകാം. എപ്പോഴും വാർത്തയ്ക്ക് പിന്നാലെ അലയേണ്ട. രാവിലെ മാത്രം അത് അറിഞ്ഞാൽ മതി.
അതിൽ ഒരു സംതൃപ്തിയും സമാധാനവും ഉണ്ടായിരുന്നു. ഒരു ദിവസം രാവിലെയുണ്ടാകുന്ന സംഭവങ്ങളുടെ വിവരങ്ങൾ പിറ്റേദിവസം വായിച്ചാൽ മതിയെന്ന് വിചാരിക്കുന്നത് ആ കാലത്തിന്‍റെ സ്വഭാവമായിരുന്നു. ഇപ്പോഴും പത്രവായന തുടരുന്നുണ്ട്. വാർത്തയുടെ വൈപുല്യവും വ്യാഖ്യാനവും പത്രങ്ങളിൽ വരുന്നു. എന്നാൽ ഈ 24 മണിക്കൂർ കാലസങ്കല്പം തകർന്നിരിക്കുകയാണിപ്പോൾ. പത്രങ്ങൾ രാവിലെ തന്നെ വായിക്കണമെന്നില്ല. മൊബൈലിൽ കൊണ്ടു നടന്ന് എപ്പോൾ വേണമെങ്കിലും വായിക്കാം. എന്നാൽ ലോകം ഇപ്പോൾ തൽസമയമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഓരോ നിമിഷത്തിലും വാർത്തയുണ്ട്. നമുക്ക് അത് വായിക്കാതെ, കേൾക്കാതെ നിവൃത്തിയില്ലാതായി. വാർത്തകൾ വീഡിയോയാണിന്ന്. ലോകത്തിൽ തൽസമയം സംഭവിക്കുന്നത് അറിയാതെ ജീവിക്കാനാവാത്ത അവസ്ഥയാണ്. ഈ ലൈവ് പ്രതിഭാസം കഴിഞ്ഞ നൂറ്റാണ്ടിലില്ല. ഇത് പുതിയ നൂറ്റാണ്ടിന്‍റേതാണ്. ഇത് ഉത്തര- ഉത്തരാധുനികതയുടെ ഭാഗമാണ്. കാരണം, നമ്മൾ കാലത്തിനൊപ്പമാണ് സഞ്ചരിക്കുന്നത്.
നമുക്ക് നഷ്ടപ്പെടുത്താൻ സമയമില്ല. നഷ്ടപ്പെടുന്നത് ജീവിതമാണെന്ന തിരിച്ചറിവ് ഇപ്പോഴുണ്ടായിരിക്കുന്നു. എണ്ണമറ്റ വീഡിയോകളും വാർത്തകളും ഓരോ നിമിഷത്തിലും പ്രവഹിക്കുകയാണ്. ഇതിനെ ഇൻഫർമേഷൻ ഓവർലോഡ് എന്ന് വിളിക്കാം. എന്നാൽ ഈ നൂറ്റാണ്ടിന്‍റെ മാധ്യമവിസ്ഫോടനത്തിന്‍റെ മറുവശം ഫേക്ക്ന്യൂസ് അഥവാ വ്യാജവാർത്തകളാണ്. യഥാർഥ വാർത്ത പോലെ തന്നെ വ്യാജവാർത്തയും വായിക്കാൻ, കാണാൻ, കേൾക്കാൻ ധാരാളം പേരുണ്ട്. വ്യാജവാർത്തകൾ യൂട്യൂബിൽ വിൽക്കാനുള്ളതാണ്. കഴിഞ്ഞ നൂറ്റാണ്ടിലായിരുന്നെങ്കിൽ വാർത്തയെക്കുറിച്ചുള്ള വിശകലനം പത്രത്തിലോ വാരികയിലോ എഴുതാനുള്ളതായിരുന്നു. ഇന്ന് അത് യൂട്യൂബ് വീഡിയോയാണ്.
ഒരാൾ ദിവസം അഞ്ചും ആറും വീഡിയോ പുറത്തിറക്കുകയാണ്. വീഡിയോ വിവാദമാക്കാനാണ് പലരും ശ്രമിക്കുന്നത്. വിവാദമാക്കിയാലേ കൂടുതൽ പേർ കാണൂ. എങ്കിൽ മാത്രമേ വരുമാനമുണ്ടാക്കാനാവൂ. താനൊരു മര്യാദയില്ലാത്തവനും എന്തും തുറന്നുപറയുന്നവനുമാണെന്ന ഒരു ധാരണ പ്രേക്ഷകനിൽ ജനിപ്പിച്ചെടുക്കാനാണ് മിക്ക യൂട്യൂബർമാരും ശ്രമിക്കുന്നത്. ഇത് നിലനില്പിന്‍റെ പ്രശ്നമാണ്. മര്യാദയും മാന്യതയും നോക്കിയാൽ യുട്യൂബ് വിൽക്കില്ല.
ഉത്തര- ഉത്തരാധുനികതയിൽ കലയ്ക്കോ സാഹിത്യത്തിനോ മാത്രമായി ഒരു അധികാരമില്ല. എല്ലാവർക്കും പ്ലാറ്റ്ഫോമുണ്ട്. കലയുടെ ഭാവുകത്വം അഥവാ സവിശേഷ വൈകാരിക പ്രതികരണം ഇല്ലാതായി എന്നു പറയാം. ഭാവുകത്വം മരിച്ചു. ആരുടെ കവിതയും ആരെയും സ്പർശിക്കുന്നില്ല. എല്ലാവർക്കും പ്രേക്ഷകരെ കിട്ടും. മാധ്യമങ്ങൾ എല്ലാവർക്കുമുണ്ട്. സ്വന്തമായി യു ട്യൂബ് മാധ്യമങ്ങൾ, ബ്ലോഗ് തുടങ്ങിയവ ഉള്ളവരാണ് അധികവും. വ്യക്തി തന്നെ മാധ്യമമാവുകയാണ്. ഇത് നാല്പത് വർഷം മുമ്പ് ആലോചിക്കാൻ പോലുമാകുമായിരുന്നില്ല. എഡിറ്റർ ഇല്ലാതായി. ടെലിവിഷൻ പ്രൈം ടൈം വാർത്താ പരിപാടിയിൽ എഡിറ്ററില്ല. അവിടെ മാത്രമല്ല, ചാനൽ പരിപാടികളിൽ പൊതുവേ എഡിറ്ററുടെ സാന്നിധ്യമില്ല.
ലൈവ് റിപ്പോർട്ടിംഗ് സംഭവിക്കുകയാണ്. അവിടെ ആരും തിരുത്താനില്ല. സ്വയം തിരുത്തുക മാത്രമേ മാർഗമുള്ളൂ. പ്രൈം ടൈം ചർച്ചയിൽ പങ്കെടുക്കുന്നവരെ ആർക്കും എഡിറ്റ് ചെയ്യാനൊക്കുകയില്ല. യാതൊരു നിയന്ത്രണവുമില്ലാത്ത ഇത്തരം ചർച്ചകൾ പ്രക്ഷുബ്ധവും അക്രമാസക്തവുമാണ്. അതാണ് അതിന്‍റെ വിപണി മൂല്യം. സംഘട്ടനവും തെറിയും ഉത്തര- ഉത്തരാധുനികതയിൽ ഒരു വീഡിയോയുടെ മൂല്യം വർധിപ്പിക്കുകയാണ്. സമാധാനം, സംസ്കാരം, നിഷ്പക്ഷത, സത്യസന്ധത തുടങ്ങിയവ ചാനൽ ചർച്ചകളിൽ അയോഗ്യതയും പരാജയവുമായി വിലയിരുത്തപ്പെടുന്നു.
ഉത്തര- ഉത്തരാധുനികതയിൽ നാം കാണുന്ന മറ്റൊരു സാംസ്കാരിക പ്രശ്നം അമിതവേഗതയാണ്. അമിത വേഗത ഒരു ദാർശനികപ്രശ്നമാണ്. വേഗതയില്ലാത്തതിന് ജീവിതത്തിൽ പ്രസക്തിയില്ല എന്ന സങ്കല്പമാണ് ഏറ്റവും വിനാശകരമായിട്ടുള്ളത്. പ്രേമിക്കാനും വേർപിരിയാനും വേഗത അനിവാര്യമാണ്. ചങ്ങമ്പുഴയെ പോലെ പ്രേമിച്ച് വിലപിക്കുന്നവർ ഇന്നില്ല. ഇത് ദുരന്തമാണ്. ഇന്ന് വിലാപപ്രണയകാവ്യമില്ലല്ലോ. ഏത് കവിയാണ് തന്‍റെ നഷ്ടപ്രണയത്തെ ക്കുറിച്ച് ഇപ്പോൾ എഴുതുന്നത്? പ്രണയിക്കാത്ത കവി എങ്ങനെയാണ് നഷ്ടപ്രണയത്തിന് മൂല്യം കൊടുക്കുന്നത്? പ്രേമിക്കുന്നതും പരാജയപ്പെടുന്നതും തിന്മയായി കാണുന്ന ഒരുകാലത്ത് കുമാരനാശാന്‍റെ പ്രണയസങ്കല്പം (സന്യാസത്തോളം എത്തുന്ന പ്രണയം) ആർക്കും തന്നെ മനസിലാവുകയില്ല.
മനുഷ്യമനസ് വേഗത്തിന് വേണ്ടി ജീവിക്കുന്നു. ഹമാസിന്‍റെ ഡെപ്യൂട്ടി ലീഡർ സലേഹ് അൽ അറൂരി ലബനനിൽ വധിക്കപ്പെട്ടത് ഡ്രോൺ ആക്രമണത്തിലാണ്. പട്ടാളക്കാർ ഒരു രാജ്യത്ത് കടന്നു കയറി യുധം ചെയ്യേണ്ടതില്ല. അത് ഒരു ഡ്രോൺ ഭംഗിയായി ചെയ്യുന്നു. വിരൽത്തുമ്പു കൊണ്ട് എന്തും നിയന്ത്രിക്കാവുന്ന കാലമാണ് ഉത്തര- ഉത്തരാധുനികതയുടേത്. വിരൽത്തുമ്പ് ഒരു സൂചകമാണ്, നിയന്താവാണ്. ഇത് നവീനകാലത്തെ വേഗത്തെ, സാങ്കേതിക മികവിനെ, യാന്ത്രിക അത്ഭുതത്തെ ചൂണ്ടിക്കാണിക്കുന്നു. യുധത്തിൽ വിജയിക്കുന്നത് വേഗമാണ്. പാകിസ്ഥാനിൽ ബിൻ ലാദനെ വധിക്കുന്ന രംഗം അമേരിക്കൻ പ്രസിഡന്‍റ് തന്‍റെ ഓഫീസിൽ സഹപ്രവർത്തകരോടൊപ്പം തൽസമയം കാണുകയായിരുന്നു. ഇതാണ് ലൈവിന്‍റെ അടയാളം.
ഇതെല്ലാം മാറിയ സാഹചര്യമാണ്. ഉത്തര- ഉത്തരാധുനികത ഡിജിറ്റൽ ടെക്നോളജിയുടെ, റോബോട്ടിക് ശസ്ത്രക്രിയയുടെ, കൃത്രിമബുദ്ധിയുടെ അനന്ത സാധ്യതകളാണ് തുറന്നിടുന്നത്.
ഇതെല്ലാം ഇന്ന് നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായിരിക്കെ നമ്മെ ഈ നവീനത സ്പർശിച്ചിട്ടല്ലെന്ന് പറയുന്നത് അർഥശൂന്യമാണ്. നമ്മൾ വേഗതയുടെ ആൾരൂപങ്ങളാണ്. വാട്സപ്പ് ലൈവ് വീഡിയോയിൽ സംസാരിച്ചുകൊണ്ട് ആത്മഹത്യ ചെയ്യുന്നവരുണ്ട്. ഫേസ്ബുക്കിൽ ലൈവ് കൊടുത്തുകൊണ്ട് ഒരു അക്രമി ഇന്തോനീഷ്യയിൽ പള്ളിയിൽ പ്രാർഥിച്ചു കൊണ്ടിരുന്നവരെ വെടിവച്ച് കൊന്നത് പുതിയ ജീവിതത്തിന്‍റെ യന്ത്രജന്യ മനോരോഗങ്ങൾ വെളിവാക്കുകയാണ്.
ഡിജിറ്റൽ ടെക്നോളജി മനസിന്‍റെ സമനില തെറ്റിച്ചോ എന്ന് ശങ്കിക്കുന്നവരുണ്ട്. വേഗത കൂട്ടാൻ വേണ്ടി അതിരുകൾ ലംഘിക്കേണ്ടി വരുന്നു. സ്വർഗരാജ്യം വിളിക്കുമ്പോൾ ഉറ്റവരെ ആരു ശ്രധിക്കാൻ? ജീവിതം ക്ഷണികമാണ്. അതുകൊണ്ട് സ്വർഗരാജ്യം വിളിക്കുമ്പോൾ പിഞ്ചുകുട്ടിയെ കൊന്നിട്ട് യുവതി ഒളിച്ചോടുന്നത് വാസവദത്തയുടെ ജീവിതത്തെക്കാൾ ഭയാനകമല്ലേ? പോലീസ് പിടിച്ചാൽ പിന്നെ ജീവിതമില്ല. അത് അറിഞ്ഞ് വീണ്ടും റിസ്ക് എടുക്കുകയാണ്. ഞാണിന്മേൽ ഓടുകയാണ്. വീണാൽ എല്ലാം പോയി. എന്നാൽ വീണില്ലെങ്കിൽ സ്വർഗം പ്രണയമായി, രതിയായി എത്തിച്ചേരുകയാണ്.
വ്യക്തിക്ക് ഐഡന്‍റിറ്റി ഇല്ലാതായി. ആളുകൾ അവരുടെ സാഹചര്യനുസരിച്ചാണ് അഭിപ്രായം സ്വരൂപിക്കുന്നത്. സ്ഥിരമായി ഒരു ചിന്തയോ, ധർമമോ, ആദർശമോ ഇല്ല, ഒരു ഡിജിറ്റൽ, ഫേസ്ബുക്ക് ലൈവ് ചാറ്റിൽ എന്തിനാണ് ധർമത്തിന്‍റെ നൂലാമാല?
1) സാഹിത്യകൃതിയിലെ അന്തർഗതങ്ങൾ, ആത്മാന്വേഷണങ്ങൾ, സങ്കീർണമായ ത്വരകൾ തുടങ്ങിയ പ്രശ്നങ്ങൾ നമ്മുടെ സമൂഹം ശ്രധിക്കാതിരിക്കുകയാണോ? അതോ ബോധപൂർവം ഒഴിവാക്കുകയാണോ ?
ഉത്തരം: സമൂഹം മൗനത്തിനുള്ളിലെ സംഘർഷങ്ങളെ ഗൗനിക്കുന്നില്ലല്ലോ. യാതൊരു ചർച്ചയും തങ്ങളുടെ വഴിമുടക്കരുതെന്ന് മാത്രമേ സമൂഹം ആഗ്രഹിക്കുന്നുള്ളൂ. അതുകൊണ്ടാണ് പൊതുനിരത്തുകൾ ഇന്ന് അങ്ങേയറ്റം ശബ്ദമുഖരിതമായിരിക്കുന്നത്. ശബ്ദങ്ങൾ പലതിനെയും മറയ്ക്കും. നഗരങ്ങളിൽ പക്ഷികൾ പാർക്കാറില്ല. അവ നാട്ടിൻ പുറങ്ങളിൽ സ്വന്തം അലച്ചിലുകളെ സന്തോഷകരമാക്കുന്നു. മഹത്തായ ഒരു സാഹിത്യകൃതിയും ഇവിടെ വായിക്കപ്പെടുന്നില്ല. വീടുവിട്ട് ദൂരെ എവിടെയോ താമസിച്ച ഒരാൾ വീടിനെ ക്കുറിച്ച് വേദനയോടെ ഓർക്കുന്ന ഒരു കവിത ഡി. വിനയചന്ദ്രൻ എഴുതിയിട്ടുണ്ട് - "വീട്ടിലേക്കുള്ള വഴി'.
ഈ വരികൾ നോക്കൂ :
"ഉള്ളിൽ ഏതോ ഗുഹാശിൽപം നിറയെയും
പൂർവലിപികൾ
തിരിച്ചു വായിക്കുവാനാകാതെ
നിന്നു ചുറ്റുന്ന പ്രണയം
വിഷാദം, വിരഹം, പ്രതീക്ഷ, അനാഥ സങ്കല്പം
മുറിവേറ്റ് ദിനരാത്രി സന്ധ്യകൾ
അമ്മയില്ലാത്തവർക്ക് ഏത് വീട്, ഇല്ല വീട്
എങ്ങെങ്ങുമേ വീട് '.
ഈ വിഷാദപ്രശ്നങ്ങൾ പൊതു സമൂഹത്തിനു ഏറ്റെടുക്കാനാവില്ല. ഇത് വ്യക്തിനിഷ്ഠമാണ്.
2) മലയാള ചലച്ചിത്രവിമർശനം ഇല്ലാതായോ? നമ്മുടെ സിനിമയെ ആഗോളതലത്തിൽ പരിശോധിക്കുന്ന വിമർശനം വേണ്ടതല്ലേ?
ഉത്തരം: മൂന്നു പതിറ്റാണ്ടുകൾ മുമ്പ് ഉണ്ടായിരുന്ന പോലെ മികച്ച സിനിമകൾ ഇപ്പോൾ ഉണ്ടാകുന്നില്ലെന്ന് ചലച്ചിത്ര വിമർശകനായ എം. സി. രാജനാരായണൻ അഭിപ്രായപ്പെടുന്നു. (വേണ്ടേ ചെറു സിനിമകൾക്കും ഒരിടം, അഭിമുഖം, മാധ്യമം ആഴ്ചപ്പതിപ്പ്, ) കാതൽ, നൻപകൽ നേരത്ത് മയക്കം പോലുള്ള ചിത്രങ്ങൾ സമീപകാലത്ത് പ്രശംസ നേടിയിരുന്നു.
മലയാളത്തിൽ സമാന്തര സിനിമകളെക്കുറിച്ച് രാജനാരായണൻ പറയുന്നത് ഇതാണ്: "സമാന്തര സിനിമകളെടുക്കുക എന്നത് റിസ്ക്കാണ്. ഒരു സ്ട്രഗ്ളുമാണ്. എന്നിട്ടും ആർട്ട് ഹൗസ് പടങ്ങൾ ചെയ്യാൻ ധാരാളം ചെറുപ്പക്കാർ എത്തുന്നുണ്ട്. മലയാളത്തിൽ സജാത് റഹ്മാനെയും പ്രതാപ് ജോസഫിനെയും പോലുള്ള പുതുതലമുറ ഏറെ പ്രതീക്ഷ നൽകുന്നു. പക്ഷേ, ഏതു പ്രതിസന്ധി നേരിട്ടാലും സമാന്തര സിനിമ ഇല്ലാതാകുന്നില്ല. സിനിമ ഉള്ളിടത്തോളം ആത്മാവിഷ്കാരം എന്ന നിലയ്ക്ക് ചിത്രങ്ങളുമായി എത്തുന്ന ഒരു വിഭാഗം ആളുകൾ എന്നുമുണ്ടാകും'.
വളരെ പ്രസക്തമായ നിരീക്ഷണമാണിത്. തീയെറ്ററിൽ വലിയ പിന്തുണ കിട്ടിയില്ലെങ്കിലും നല്ല സിനിമയ്ക്ക് അതിന്‍റെ കലാപരമായ മികവിൽ നിലനിൽക്കാനാവും.
3) മലയാള കഥ നേരംകൊല്ലി വിഷയങ്ങളുടെ നീരാളിപ്പിടിത്തത്തിലാണോ ?
ഉത്തരം: ആഴമുള്ള നിരീക്ഷണങ്ങളില്ല. ജീവിതത്തെ റിപ്പോർട്ട് ചെയ്യുന്ന അനുഭവമാണ് ഇപ്പോഴുള്ളത്. വിമീഷ് മണിയൂർ എഴുതിയ "ഹഗ് എ മഗ് ' (എഴുത്ത്, ഡിസംബർ) , വൃഥാസ്ഥൂലമായി. ഇത്രയും ദീർഘമായി പറയാനുള്ള കാതൽ ഈ കഥയ്ക്കില്ല. അസാമാന്യമായ ഒരു കാഴ്ചയില്ല.
അംബികാസുതൻ മങ്ങാട് "തോട്ടങ്കരപ്പോതി' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജനുവരി 14-20) എന്ന കഥയിൽ, "ഓരോ സ്ത്രീയുടെ ഉള്ളിലും ഓരോ തോട്ടുങ്കര ഭഗവതിയുണ്ട്' എന്ന് പ്രസ്താവിക്കുന്നുണ്ട്. ഈ ആശയം സ്ഥാപിക്കാനായി, ചികിത്സയ്ക്ക് എത്തിയവരുടെ മുന്നിൽ ഡോക്ടർ ചിലങ്കയും താലപ്പാളിയുമണിഞ്ഞ് ആടുകയാണ്. ദിനകരൻ എന്ന കഥാപാത്രത്തിന്‍റെ ഭൂതാവേശമാണ് കഥാകൃത്ത് ആവിഷ്കരിക്കുന്നത്. ഈ കഥ ഇതിനേക്കാൾ നന്നായി എഴുതാമായിരുന്നു. ഉപരിതലസ്പർശിയായ ഒരു വിവരണം മാത്രമാണിത്. കഥയുടെ സമസ്യയില്ല.
ഒരു കഥാകൃത്ത് എല്ലാം അറിയുന്നവനല്ല. അയാൾ തന്‍റെ ആന്തരികമായ സമസ്യകൾക്ക് ഉത്തരം തേടുകയാണ്. ചിന്താക്കുഴപ്പവും സംശയവും സമസ്യയുമാണ് ഒരു നല്ല എഴുത്തുകാരനെ എഴുതാൻ പ്രേരിപ്പിക്കുന്നത്. തന്‍റെ ചിന്താക്കുഴപ്പങ്ങൾക്ക് ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിലാണ് എഴുതുന്നത്. ഈ കഥയിൽ അത് കണ്ടില്ല.
4) മലയാള വിമർശനത്തിൽ അസ്തിത്വവാദത്തിനു പ്രസക്തിയുണ്ടോ ?
ഉത്തരം: ഒരു ആശയം എന്ന നിലയിൽ പ്രസക്തിയുണ്ട്. ഇപ്പോഴും സ്വാധീനമുണ്ട്. കാരണം, അസ്തിത്വവും ഒരു കണ്ടെത്തലാണ്. അതിനു മുകളിലോട്ട് വളരാൻ ഒരു അടിസ്ഥാനം വേണം. ഭൂമി കറങ്ങുകയാണെന്ന് മനസിലാക്കിയാൽ പിന്നീടുള്ള ചിന്തകൾ ഇതിനെ അടിസ്ഥാനമാക്കിയാവും നീങ്ങുക. ബുധമതത്തിനു പഴക്കമുള്ളതു കൊണ്ട് ഒരു കുഴപ്പവുമില്ല. ചരിത്രത്തിലെ തന്നെ ഒരു അപൂർവമായ കണ്ടെത്തലാണ് അസ്തിത്വവാദം. അതുകൊണ്ട് ഭാവിയിലെ വിമർശനത്തിലും ഈ വെളിച്ചം ആവശ്യമാണ്. സറിയലിസം, ഇംപ്രഷണിസം തുടങ്ങിയ പ്രസ്ഥാനങ്ങൾ ഇപ്പോഴും നമ്മുടെ അവബോധത്തെ വികസിപ്പിക്കുകയാണ്. ഉത്തര- ഉത്തരാധുനികതയെക്കുറിച്ച് എഴുതുമ്പോഴും അസ്തിത്വവാദപമായ അറിവുകൾ ഗുണം ചെയ്യും.
5) 'ദ റിബൽ' എന്ന പുസ്തകമെഴുതിയ ഫ്രഞ്ച് നോവലിസ്റ്റും ചിന്തകനുമായ ആൽബേർ കമ്യു "ഒരു വിചിത്രമായ സ്നേഹമില്ലാതെ പ്രക്ഷോഭത്തിന് നിലനിൽപ്പില്ല' എന്ന് പറഞ്ഞത് എന്തുകൊണ്ടാണ്?
ഉത്തരം: വിപ്ലവത്തിനു സ്നേഹവും സൗന്ദര്യവും വേണം. വിപ്ലവകാരി മനുഷ്യരെയും ഇതര ജീവജാലങ്ങളെയും സ്നേഹിക്കണം. വിപ്ലവകാരി കലയെയും പുസ്തകങ്ങളെയും സ്നേഹിക്കണം. വിപ്ലവം ഒരു തച്ചുതകർക്കൽ മാത്രമല്ല, സംരക്ഷിക്കലുമാണ്.