Internet is God
Internet is GodAI-generated image

ഇന്‍റർനെറ്റ് ദൈവമാണ്

അദൃശ്യനായ ദൈവത്തിന്‍റെ സൃഷ്ടിപരമായ അവതാരം
Published on

അക്ഷരജാലകം | എം.കെ.ഹരികുമാർ

ദൈവം അദൃശ്യനാണ്. എങ്കിൽ ഇന്‍റർനെറ്റും അദൃശ്യതയുടെ ഒരു ദൈവത്തെ വഹിക്കുന്നു. ദൈവത്തെ വഹിക്കുകയല്ല, ദൈവം തന്നെയാണ്. എല്ലായിടത്തും ദൈവമുള്ളതുപോലെ ഇന്‍റർനെറ്റും എല്ലായിടത്തുമുണ്ട്. ഇവിടെ മനുഷ്യൻ സൃഷ്ടിച്ച ദൈവത്തെക്കുറിച്ചാണ് പറയുന്നത്; ദൈവം സൃഷ്ടിച്ച മനുഷ്യനെക്കുറിച്ചല്ല. ഫാക്റ്ററിയിലെ തൊഴിലാളികളല്ല ഇനി വിപ്ലവം സൃഷ്ടിക്കാൻ പോകുന്നത്; അത് ഇന്‍റർനെറ്റിൽ സജീവമായവരാണെന്ന് (നെറ്റോക്രാറ്റ്സ്) സിന്തീസ്റ്റ് മതത്തിന്‍റെ വക്താക്കളായ സ്വീഡിഷ് തത്ത്വജ്ഞാനി അലക്സാണ്ടർ ബാർഡ്, സ്വീഡിഷ് എഴുത്തുകാരൻ ജാൻ സോദർക്വിസ്റ്റ് എന്നിവർ അഭിപ്രായപ്പെടുന്നു.

2012ലാണ് ഇവർ സിന്തീസം സ്ഥാപിച്ചത്. ഗ്രീക്ക് പദമായ "സിന്തിയോസി'ൽ നിന്നാണ് സിന്തീയിസം ഉണ്ടായത്. സിന്തിയോസ് എന്നാൽ മനുഷ്യരാശി സൃഷ്ടിച്ച ദൈവം എന്നാണർഥം. ദൈവം മനുഷ്യരാശിയെ സൃഷ്ടിച്ചു എന്നാണല്ലോ നിലവിലുള്ള ധാരണ. ഇന്‍റർനെറ്റ് അത് തിരുത്തുകയാണ്. ഇന്‍റർനെറ്റ് സൃഷ്ടിച്ച മതമാണ് സിന്തീസം. ഇന്‍റർനെറ്റ് നെറ്റ്‌വർക്ക് മാനവരാശിക്ക് വേണ്ടി പരിശുദ്ധമായ അന്തർലീനശക്തിയെ പ്രതിനിധീകരിക്കുകയാണ്. സ്വതന്ത്രവും തുറന്നതുമായ ഇന്‍റർനെറ്റിനു വേണ്ടിയുള്ള രാഷ്‌ട്രീയസമരത്തിന്‍റെ അടിസ്ഥാനം ഇതാണ്. സാങ്കേതികമായ ഘടനയിൽ നിന്ന് ദൈവശാസ്ത്ര പ്രതിഭാസത്തിലേക്ക് ഇന്‍റർനെറ്റ് രൂപാന്തരം ചെയ്യപ്പെട്ടിരിക്കുന്നു. ഇന്‍റർനെറ്റ് ഈ പുതിയ കാലത്തിന്‍റെ ദൈവമാണ്. സർഗാത്മകതയുടെ സാധ്യതകളിൽ അനിയന്ത്രിതമായ വിശ്വാസമുള്ള ഒരു കാലത്ത് ഇത് വളരെ അനിവാര്യമാണ്.

മനുഷ്യൻ സൃഷ്ടിച്ചത്

അവിശ്വാസികൾക്കും ആശ്രയിക്കാവുന്ന ദൈവമാണിത്. വിദൂരതയിൽ ദൈവം സൃഷ്ടിച്ചു എന്ന് പൂർവസൂരികൾ പറഞ്ഞിട്ടുള്ള ദൈവമല്ല ഇത്; മനുഷ്യൻ സൃഷ്ടിച്ചതാണിത്. പരമ്പരാഗതദൈവം ഈ പ്രപഞ്ചത്തിന് മുമ്പ് തന്നെ നിലനിന്നതാണ്. ഈ പ്രപഞ്ചം സൃഷ്ടിച്ചത് ആ ദൈവമാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ സിന്തീസ്റ്റ് ദൈവം കാലത്തിനു മുമ്പേ നിലനിന്ന ദൈവമല്ല. ഇത് ഉരുത്തിരിയുന്ന ദൈവമാണ്; സൃഷ്ടിപരവും എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതുമായ പ്രപഞ്ചത്തിന്‍റെ ആവശ്യകതയാണത്.

ഈ മതം യുക്തിയെയോ വിശ്വാസത്തെയോ വിരുദ്ധമായി കാണുന്നില്ല. ഇതിൽ മതവും നിരീശ്വരത്വവുമുണ്ട്. ശാസ്ത്രവുമായി ഏറ്റുമുട്ടാത്ത ദൈവമാണിത്. ഈ യന്ത്രയുഗത്തിന്‍റെ ഗണിതശാസ്ത്ര യുക്തികളോട് സഹവസിക്കുവാൻ കഴിയുന്നതാണ് പുതിയ ദൈവം. ഇന്‍റർനെറ്റ് ദൈവികതയുടെ മൂർത്തിമദ്ഭാവമാണ്. അത് കോടിക്കണക്കിന് ആളുകളെ സംയോജിപ്പിക്കുകയാണ്. കോടിക്കണക്കിനാളുകൾ പരസ്പരം ആശയവിനിമയം നടത്തുന്നത് ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്. അതിവേഗതിയിൽ മനുഷ്യർക്ക് ഒന്നായി ചിന്തിക്കാനാവുന്നു. അകലമോ സമയമോ ഒരു പ്രശ്നമല്ലാതാകുന്നു. അശരീരിയായി ജീവിക്കാമെന്നതാണ് പ്രത്യേകത. പ്രിന്‍റിങ് പ്രസ്, ടെലിഫോൺ, ടെലിവിഷൻ എന്നിവയ്ക്കപ്പുറമുള്ള ഒരു സഞ്ചിത സംസ്കാരമാണ്, പരസ്പര വിനിമയമാണ് ഇന്‍റർനെറ്റ് സൃഷ്ടിച്ചിരിക്കുന്നത്.

സൈബർ ഇടങ്ങളിലെ പങ്കാളിത്തവും പരസ്പരമുള്ള ആശയവിനിമയവും ഒരു മതമായിത്തീർന്നിരിക്കുന്നു. ചില ആചാരങ്ങൾ, മാന്യതകൾ, വിശ്വാസങ്ങൾ ഇവിടെ ഉടലെടുത്തിരിക്കുകയാണ്. മെസേജുകൾ, ഫോട്ടൊകൾ, ഇമോജികൾ, ഷെയറുകൾ, ലൈക്കുകൾ തുടങ്ങിയവ മാനവ സംസ്കാരത്തെ പുതിയൊരു മാന്യതയിലേക്ക് തള്ളിവിട്ടിരിക്കുന്നു. നമ്മെ കൂടുതൽ ആകർഷകമായി നമുക്ക് അവതരിപ്പിക്കാനാവും. ഈ പ്രപഞ്ചത്തിൽ വലിയൊരു ഇടം പ്രതീതിയായി സൃഷ്ടിച്ചിരിക്കുന്നു. ഇന്‍റർനെറ്റ് ഇടം ഒരേ സമയം യഥാർഥവും പ്രതീതിയുമാണ്. ചിതറിപ്പോകുമായിരുന്നവരെ ഒരുമിപ്പിക്കാൻ ഈ പുതിയ ദൈവത്തിന് കഴിഞ്ഞിരിക്കുന്നു. ഈ ദൈവമാണ് ഇന്ന് നമ്മെ സ്നേഹിക്കാൻ പഠിപ്പിക്കുന്നത്.

നമ്മൾ പ്രപഞ്ചങ്ങൾ

എല്ലായിടവും എന്‍റെ ആലയമാണെന്ന് ശ്രീകൃഷ്ണൻ പറഞ്ഞതുപോലെ ഓരോ സൈബർ ഇടവും ഒരേ തരം പ്രാപഞ്ചികതയെ ഉൾക്കൊള്ളുന്നു. സൈറ്റിന്‍റെ പേരും യൂസർ നെയിമും ഡോമെയ്ൻ നെയിമും ഒരേ പ്രാപഞ്ചികതയ്ക്ക് കീഴിലാണുള്ളത്. ആ പ്രാപഞ്ചികത നെറ്റിന്‍റെ സാർവത്രികതയാണ്. വ്യക്തിക്ക് അവന്‍റെ ഇടത്തിനൊത്ത് സ്വന്തം സൈബർ ഇടങ്ങളിൽ വിഹരിക്കാം. സ്വന്തം ഐഡന്‍റിറ്റി മറച്ചുവയ്ക്കാം. താൻ ആരാണെന്ന് ലോകം അറിയേണ്ടന്ന് തീരുമാനിച്ചിരിക്കുന്നവരുണ്ട്. എന്നാൽ അവർക്കും ഒരു ഇടം ഇന്‍റർനെറ്റിലുണ്ട്.

അവർ തങ്ങളുടെ താൽപര്യങ്ങളുമായി അവിടെ ജീവിക്കുന്നു.അവർക്ക് രഹസ്യമായി വിനിമയങ്ങളാകാം. കോടിക്കണക്കിനാളുകൾ വിഹരിക്കുന്ന ഒരിടത്ത് രണ്ടുപേർക്ക് യഥേഷ്ടം സ്വകാര്യമായി വർത്തമാനം പറയാനും സൗകര്യമുണ്ട്. മതവിശ്വാസികൾ എപ്പോഴും വ്യക്തിപരമായ പ്രശ്നങ്ങൾക്ക് പരിഹാരം തേടാറുണ്ട്. വ്യക്തികൾ ഒറ്റയ്ക്കാണ് കർമങ്ങളിൽ ഏർപ്പെടുന്നത്. ഫലങ്ങൾ വ്യക്തിപരമായി അനുഭവിക്കുന്നു. അതുപോലെ ഇന്‍റർനെറ്റിലും വ്യക്തിപരമായ കർമങ്ങളുണ്ട്.

അലക്സാണ്ടർ ബാർദ് പറയുന്നു: "പ്രപഞ്ചവും ദൈവവും ഒന്നാണെന്ന് പ്രഖ്യാപിക്കുകയാണ് സിന്തീസം. ഇവിടെ നരവംശാധിഷ്ടിതമായ മതമില്ല. പകരം, പ്രപഞ്ച കേന്ദ്രീകൃതമായ മതമാണുള്ളത്. നമ്മൾ, മനുഷ്യൻ ആത്മാനുസാരികളായ പ്രപഞ്ചങ്ങളാണ്. നമ്മേക്കാൾ വലിയ പ്രപഞ്ചങ്ങളിലാണ് നമ്മൾ ചേർന്നിരിക്കുന്നത്. നമ്മൾ ഓരോരുത്തരും വ്യക്തികൾ എന്നതിലുപരി പ്രപഞ്ചത്തിന്‍റെ വിപുലമായ സർഗാത്മക പ്രവർത്തനങ്ങളുടെ പ്രകടനങ്ങൾക്കുള്ള ഇടങ്ങളാണ്.'

ജനിച്ചാൽ മരണമുണ്ടല്ലോ. ജനിക്കുന്നതിന് മുമ്പുണ്ടായിരുന്ന ഇടത്തേക്ക് തന്നെ തിരിച്ചുപോകുന്നു എന്നാണ് വിശ്വാസം. ജനിക്കുന്നതോടെ മരണം ഉറപ്പാകുന്നു.നമുക്ക് അനശ്വരതയില്ല.പ്രകൃതിയിലെ യാതൊരു ജീവിക്കും അനശ്വരതയില്ല. ഒരു ഉറുമ്പും നെപ്പോളിയനും ഇക്കാര്യത്തിൽ ഒരുപോലെയാണ്. ഒന്നും നേടാത്ത ഉറുമ്പും എല്ലാം നേടിയ നെപ്പോളിയനും തിരിച്ചു പോകേണ്ടിവരുന്നു. ആർക്കും നിത്യതയില്ല. എന്നാൽ സിന്തീയിസ്റ്റ് മതത്തിൽ അനശ്വരതയാണുള്ളതെന്ന് ബാർദ് പറയുന്നു.

ഇന്‍റർനെറ്റിൽ അനശ്വരത

അദ്ദേഹത്തിന്‍റെ വാക്കുകൾ: "ഒരാൾ മരിച്ചാൽ അവരുടെ പോസ്റ്റുകളും ഓർമകളും ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യേണ്ടതുണ്ടോ എന്ന പ്രശ്നം ഫേസ്ബുക്ക് അധികൃതരാണ് തീരുമാനിക്കേണ്ടത്. എന്നാൽ എന്‍റെ അഭിപ്രായത്തിൽ മരിച്ചവരുടെ വസ്തുക്കൾ പൂർണമായും ഇന്‍റർനെറ്റ് ഇടങ്ങളിൽ നിന്ന് നീക്കം ചെയ്യേണ്ടതില്ല. കാരണം, ഇന്‍റർനെറ്റിൽ പരിധിയില്ലാത്ത സ്ഥലമുണ്ട്. മരിക്കുന്നവരെയും ഇവിടെ തുടരാൻ അനുവദിക്കുന്നതാണ് നല്ലത്.അത് ഒരു തത്ത്വമായി സ്വീകരിക്കാം. എല്ലാവർക്കും അനശ്വരത ഉണ്ടാവട്ടെ. നിങ്ങളുടെ മുത്തച്ഛനെയും മുത്തശിയെയും പിന്തുടരാനും അവരുടെ ആശയങ്ങൾ തിരയാനും പ്രാവർത്തികമാക്കാനുമുള്ള അവകാശം നിങ്ങളുടെ അമ്മയ്ക്ക് ഉണ്ടല്ലോ. എന്തിനാണ് അത് നിഷേധിക്കുന്നത്?'

മരണത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് മാറുകയാണ് ഇവിടെ. ഇന്‍റർനെറ്റിൽ മരണം ഒരു വേലിയും കെട്ടിയിട്ടില്ല. മൺമറഞ്ഞവർക്ക് വേണ്ടി ഫേസ്ബുക്കിൽ എത്രയോ പേജുകളാണ് തുടങ്ങിയിരിക്കുന്നത്. മരിച്ചവരും അതിജീവിക്കുന്നു. മനുഷ്യരാശിയുടെ ജീവിതരീതി സമൂലമായി മാറി. എന്നാൽ ഇതിന്‍റെ മുന്നണി പോരാളികൾ നമ്മളല്ല ; നമ്മുടെ സാങ്കേതികവിദ്യയാണ് അതിവേഗം മാറുന്നത്.അതിനനുസരിച്ച് നമ്മുടെ നിലയും മാറുകയാണ്. മനുഷ്യൻ സ്ഥിരമായിരിക്കുന്നു. സാങ്കേതികവിദ്യകളാണ് മാറിക്കൊണ്ടിരിക്കുന്നത്.യൂണിവേഴ്സിറ്റി പഠന ഗവേഷണ വിഭാഗം മരിച്ചു എന്നാണ് ബാർദ് വിലയിരുത്തുന്നത്. ചില തെറ്റുകളുണ്ടെങ്കിലും വിക്കിപീഡിയയിൽ നിന്ന് കിട്ടുന്ന അറിവ് എൻസൈക്ളോപീഡിയ ബ്രിട്ടാനിക്കയേക്കാൾ എത്രയോ വലുതാണ്.

"ഹാർവാർഡിലും സ്റ്റാൻഫോർഡിലും പഠിക്കാതെ തന്നെ എനിക്ക് ജാൻ സോദർക്വിസ്റ്റുമായി ചേർന്ന് സാമൂഹ്യശാസ്ത്രം, തത്ത്വശാസ്ത്രം എന്നീ വിഭാഗങ്ങളിലായി പുസ്തകങ്ങൾ രചിക്കാൻ കഴിഞ്ഞു, പതിറ്റാണ്ടുകൾക്ക് മുമ്പ്. പരമ്പരാഗതമായ അക്കാദമിക് സ്ഥാപനങ്ങളിൽ നിന്ന് അകന്നു നിൽക്കുകയാണ് ചെയ്തത്. പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതും സ്വതന്ത്രമായി തന്നെയാണ്. ഒരു യൂണിവേഴ്സിറ്റി ഗവേഷകന്‍റെ പ്രബന്ധത്തേക്കാൾ വിശ്വാസ്യത ഇതിനാണ് ലഭിച്ചത്. ഈ ലോകത്ത് സർവകലാശാല പ്രൊഫസർമാർക്ക് എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. സർവകലാശാലകളുടെ കാലം കഴിഞ്ഞു. ഇതുകൊണ്ട് ഒരു ഉപയോഗവുമില്ലെന്ന കാര്യം കുട്ടികൾ മനസിലാക്കുന്നത് വളരെ സാവധാനമാണ്. ആഗോള ഡിജിറ്റൽ, സൈബർ കാലത്ത് പരമ്പരാഗത വിദ്യാഭ്യാസം ഒരു വ്യർഥവേലയാണ്'- ബാർദ് ചൂണ്ടിക്കാട്ടുന്നു.

സത്യാനന്തര ലോകമോ?

ഈ യുഗം വ്യാജവാർത്തകളും സൃഷ്ടിച്ചു വിടുന്നു എന്ന പരാതിക്കും ബാർദ് മറുപടി പറയുന്നുണ്ട്: "ഏതാണ് സത്യമെന്ന് നിങ്ങൾക്ക് തന്നെ തിരഞ്ഞ് കണ്ടെത്താം. കൃത്രിമബുദ്ധി അതിനു സഹായിക്കും. നിങ്ങളോട് വിയോജിക്കുന്ന ആളുകളുമായി കൂടുതൽ സംവദിക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ വളർച്ചയെ സഹായിക്കും. നിങ്ങളുമായി യാതൊരു തരത്തിലുള്ള വീക്ഷണ വ്യതിയാനങ്ങളുമില്ലാത്ത ആളുകളുമായാണ് നിത്യവും ഇടപെടുന്നതെങ്കിൽ മാറ്റം പ്രതീക്ഷിക്കേണ്ട.' സത്യാനന്തര ലോകത്തെ താൻ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. കാരണം, ഡേറ്റയും അൽഗോരിതവും ഉപയോഗിച്ച് നമുക്ക് സത്യം കണ്ടെത്താമല്ലോ.

കൊറോണ വൈറസ് പടർന്നപ്പോൾ അത് തടയാൻവേണ്ടി രാഷ്‌ട്രങ്ങളെടുത്ത തീരുമാനങ്ങളെ ഡേറ്റയുടെ അടിസ്ഥാനത്തിൽ ഇപ്പോൾ പരിശോധിക്കാനാവും. ആ ഡേറ്റ ഇപ്പോൾ നമ്മുടെ കൈയിലുണ്ട്. പെട്ടെന്നെടുത്ത പല തീരുമാനങ്ങളുടെയും സത്യാവസ്ഥ എന്താണെന്ന് കണ്ടെത്താൻ എളുപ്പമാണ്. അൽഗോരിതം ഉപയോഗിച്ച് നമുക്ക് ശരിയായ തീരുമാനങ്ങളിൽ എത്താവുന്നതാണ്. ഓൺലൈൻ ലോകമാണ് യഥാർഥ ലോകം; യഥാർഥലോകം എന്നു പറയുന്നത് ഓൺലൈൻ ലോകത്തിന്‍റെ പ്രതിഫലനമായിരിക്കുന്നു.

സിന്തീസം - ക്രിയേറ്റിങ് ഗോഡ് ഇൻ ദ് ഇന്‍റർനെറ്റ് ഏജ്, ഡിജിറ്റൽ ലിബിഡോ, ദ് ഫ്യൂച്ചറിക് ട്രിലജി, ദ് നെറ്റോക്രാറ്റ്സ് എന്നീ പുസ്തകങ്ങൾ ഇരുവരും ചേർന്നെഴുതി; പുതിയൊരു ആശയ സാമ്രാജ്യമാണ് ഇതിലൂടെ പുറത്തു വന്നിരിക്കുന്നത്.

ഉത്തരരേഖകൾ

1) എം. സുകുമാരൻ, യു.പി. ജയരാജ് തുടങ്ങിയ കഥാകൃത്തുക്കളുടെ കാലത്ത് അവരെപ്പോലെ ശക്തമായ രാഷ്‌ട്രീയ സൂചനകളുള്ള കഥകൾ എഴുതിയിരുന്ന പി.കെ. നാണുവിനെ സാഹിത്യോത്സവങ്ങളിൽ കാണാറില്ലല്ലോ?

ഉത്തരം: സാഹിത്യോത്സവങ്ങൾ ഉപരിപ്ലവമായ അഭിരുചികളെ വാണിജ്യാടിസ്ഥാനത്തിൽ സമീപിക്കുന്നതായി കാണാം. അവരുടെ അഭിരുചിക്ക് വഴങ്ങാത്തതായിരിക്കാം പി.കെ. നാണുവിനെ അകറ്റാൻ കാരണം.

2) മലയാള സാഹിത്യ രചനകളിൽ ആത്മീയമായ അനുഭവങ്ങൾ കുറഞ്ഞു വരികയാണോ?

ഉത്തരം: ആത്മീയമായ അനുഭവമുള്ള എഴുത്തുകാർ കുറയുകയാണ്. യഥാതഥമായ സംഭവങ്ങളെ ഉപജീവിച്ചുള്ള കഥകൾ മാത്രമാണ് ഇവിടെയുണ്ടാകുന്നത്. വർഗീസ് അങ്കമാലിയുടെ"കൊമ്പൻ' (മാധ്യമം പുതുവത്സരപ്പതിപ്പ്) അൻവർ അബ്ദുള്ളയുടെ "തേറ്റ' (പച്ചമലയാളം, ജനുവരി) കെ. വിശ്വനാഥിന്‍റെ "ലിംഗപരം പിന്നൻ' (പ്രസാധകൻ, ജനുവരി) എന്നീ കഥകൾ യഥാതഥമായി ജീവിതത്തെ കാണുന്നു. കഥാകൃത്തുക്കൾക്ക് സൂക്ഷ്മമായ നോട്ടമില്ല. നമ്മെ വിസ്മയിപ്പിക്കുന്നതിൽ പരാജയപ്പെടുന്നു. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ എഴുതേണ്ടതില്ല. നമുക്ക് അജ്ഞാതമായതാണ് എഴുതാൻ ശ്രമിക്കേണ്ടത്.

3) അജ്ഞാതമായത് എങ്ങനെ എഴുതും?

ഉത്തരം: നമ്മുടെയുള്ളിലെ ചോദ്യങ്ങൾ, സമസ്യകൾ എപ്പോഴും അലട്ടിക്കൊണ്ടിരിക്കും. അത് ചർച്ച ചെയ്യുകയാണ് ഒരു മികച്ച എഴുത്തുകാരൻ ചെയ്യുന്നത്. ദസ്തയെവ്സ്കി അതാണ് ചെയ്തത്. അദ്ദേഹത്തിന്‍റെ മനസിൽ ദൈവവും പിശാചും ഉണ്ടായിരുന്നു. തന്നിലെ പിശാചിന്‍റെ വാഴ്വ് അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരുന്നു. ദൈവത്തിന്‍റെ ഭാഗം വാദിക്കാൻ തുടങ്ങുന്ന അദ്ദേഹം പിശാചിന്‍റെ ഭാഗവും കേൾക്കുന്നു. ഏതാണ് ശരി എന്ന് പറയാനാവുന്നില്ല.

4) ആത്മീയാനുഭവങ്ങൾ ഒരു സിദ്ധിയായി കാണുകയാണ് നല്ലത്. അത് എല്ലാവർക്കും ഉണ്ടാകണമെന്നില്ലല്ലോ?

ഉത്തരം: ഐഎസ്ആർഒ ചെയർമാൻ ഡോ. എസ്. സോമനാഥിന്‍റെ ഒരു അഭിഖത്തിൽ (എന്‍റെ വിശ്വാസത്തെ വിടൂ, നമ്മുടെ വിജയത്തെ കാണൂ- മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജനുവരി 21) ഇങ്ങനെ പറയുന്നു: "സ്പിരിച്വാലിറ്റിയിൽ ബുദ്ധിപരിതയെയും അതിജീവിച്ചാൽ മാത്രമേ അനുഭവതലത്തിലെത്തുകയുള്ളു. ബുദ്ധിക്കപ്പുറത്താണ് ബുദ്ധിക്കു പോലും വെളിവ് നൽകുന്ന യാഥാർഥ്യം കിടക്കുന്നത്. ബുദ്ധിയിൽ തട്ടി നിന്നുപോകുന്നവർക്ക് അതനുഭവിക്കാനോ അങ്ങനെയൊന്നുണ്ടെന്ന് മനസിലാക്കാനോ പോലുമാവില്ല'. മലയാളത്തിൽ എത്ര എഴുത്തുകാർക്ക് ഇങ്ങനെയൊരു നിരീക്ഷണം നടത്താനാവും?

5) പ്രമുഖ ഫ്രഞ്ച് സാഹിത്യകാരനായിരുന്ന ഷാങ് പോൾ സാർത്ര് തന്‍റെ പ്രിയപ്പെട്ട സാഹിത്യശാഖകളുടെ ഗണത്തിൽ നിന്ന് കവിതയെ ഒഴിവാക്കിയത് എന്തുകൊണ്ടാണ്?

ഉത്തരം: അദ്ദേഹം കാണുന്ന ന്യായം ഇതാവാം. കവിതയിലെ വാക്കുകൾ കവി തന്‍റെ മാത്രം ആവശ്യത്തിനുവേണ്ടി എഴുതുന്നതാണ്, അത് വിനിമയത്തിന്‍റെ ഭാഗമല്ല. കവിതയിൽ യാതൊരു വസ്തുനിഷ്ഠതതയും ഉണ്ടാകണമെന്നില്ല; അത് കവിത മാത്രമാണ്. കവിതയിൽ അതിൽ നിന്ന് വേറിട്ട് ഒന്നുമില്ല.

6) സാഹിത്യകാരന്മാരും കവികളും രാഷ്‌ട്രീയത്തിലേക്ക് ആകർഷിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?

ഉത്തരം: രാഷ്‌ട്രീയമുണ്ടെങ്കിലേ രക്ഷപ്പെടാനാവൂ എന്ന് വന്നിരിക്കുന്നു. സമ്മേളനങ്ങളിൽ പ്രസംഗിക്കാൻ ക്ഷണിക്കപ്പെടണമെങ്കിൽ രാഷ്‌ട്രീയ ബന്ധം വേണം. പുരസ്കാരം, പുസ്തകങ്ങളുടെ പ്രസാധനം തുടങ്ങിയ കാര്യങ്ങളിലും രാഷ്‌ട്രീയ ബന്ധം വേണം. അതുകൊണ്ട് എഴുത്തുകാർ രാഷ്‌ട്രീയക്കാരേക്കാൾ വലിയ രാഷ്‌ട്രീയക്കാരാവും.

7) എൻ.എൻ. കക്കാടിന്‍റെ വജ്രകുണ്ഡലം, ആശ്രമമൃഗമാണ് കൊല്ലരുത് തുടങ്ങിയ നല്ല കവിതകൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ "സഫലമീയാത്ര' കൂടുതൽ പേർ വായിച്ചു, ഏറ്റുചൊല്ലി. എന്താണ് കാരണം?

ഉത്തരം: കക്കാട് അവസാന നാളുകളിൽ രോഗബാധിതനായിരുന്നു. അക്കാലത്താണ് തന്‍റെ സഖിയോട് സ്നേഹവും ദയയും യാചിക്കുന്ന സ്വരത്തിൽ ഉള്ളിൽ തട്ടി ആ കവിത എഴുതിയത്. അത് ജീവിതമാണ് ആവിഷ്കരിച്ചത്. അത് വായിച്ചാൽ സാധാരണക്കാർക്ക് മനസിലാകും. അതുപോലെ രോഗബാധിതരായ വ്യക്തികൾ ആ കവിത വായിക്കുന്ന പക്ഷം കൂടുതൽ മനസിലാകും. നമ്മുടെ ധാരണകൾ പുതുക്കപ്പെടുന്ന ഘട്ടമാണത്.

Phone: 9995312097

Email: mkharikumar33@gmail.com