പ്രസിഡന്‍റിന്‍റെ മരണം പ്രതിസന്ധികൾക്കിടെ

യുക്രെയ്‌നെതിരായ യുദ്ധത്തിൽ റഷ്യയ്ക്ക് ബോംബ് വാഹക ഡ്രോണുകൾ നൽകിയതും പടിഞ്ഞാറിനെ ചൊടിപ്പിച്ചിരുന്നു
പ്രസിഡന്‍റിന്‍റെ മരണം പ്രതിസന്ധികൾക്കിടെ
Updated on

ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ പിൻഗാമിയെന്നു പരിഗണിക്കപ്പെട്ടിരുന്ന നേതാവാണ് 63കാരൻ ഇബ്രാഹിം റെയ്സി. ജുഡീഷ്യറിയിൽ നിന്നു ഭരണനേതൃത്വത്തിലെത്തിയ റെയ്‌സി കടുത്ത മതയാഥാസ്തിക പക്ഷത്താണ് എക്കാലവും നിലയുറപ്പിച്ചിരുന്നത്. റെയ്സിയുടെ കാലത്താണ് ഇറാൻ യുറേനിയം സമ്പുഷ്ടീകരിച്ച് ആണവായുധ നിർമാണത്തിന്‍റെ വക്കോളമെത്തിയത്. പടിഞ്ഞാറന്‍ രാജ്യങ്ങളുമായുള്ള സംഘർഷത്തിലേക്കു നയിച്ചിരുന്നു ഈ നടപടി. യുക്രെയ്‌നെതിരായ യുദ്ധത്തിൽ റഷ്യയ്ക്ക് ബോംബ് വാഹക ഡ്രോണുകൾ നൽകിയതും പടിഞ്ഞാറിനെ ചൊടിപ്പിച്ചിരുന്നു.

സമ്പദ്‌വ്യവസ്ഥയുടെ തകർച്ച, സ്ത്രീകളോടുള്ള വിവേചനം തുടങ്ങിയവയ്ക്കെതിരേ രാജ്യത്തുയരുന്ന അസംതൃപ്തിക്കൊപ്പം ഇസ്രയേലുമായുള്ള സംഘർഷം കൂടി ഇറാനെ വരിഞ്ഞുമുറുക്കുന്നതിനിടെയാണ് പ്രസിഡന്‍റിന്‍റെ അപ്രതീക്ഷിത അന്ത്യം.

ഇസ്‌ലാമിക റിപ്പബ്ലിക്കിന്‍റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് നടന്ന 2021ൽ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലാണ് റെയ്സി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. 2019 മുതൽ 2021 വരെ ഇറാനിലെ മതകോടതിയുടെ ചീഫ് ജസ്റ്റിസായിരുന്നു അദ്ദേഹം. രക്തരൂഷിതമായ ഇറാൻ- ഇറാഖ് യുദ്ധത്തിനൊടുവിൽ ആയിരക്കണക്കിനു രാഷ്‌ട്രീയത്തടവുകാരെ കൂട്ടത്തോടെ കൊന്നൊടുക്കിയതിൽ പ്രധാന പങ്കുവഹിച്ചിരുന്നു റെയ്സി. ഇതിന്‍റെ പേരിൽ യുഎസ്, റെയ്സിക്കെതിരേ ഉപരോധം ഏർപ്പെടുത്തുകയുമുണ്ടായി.

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാനിലെ മത പൊലീസ് പിടികൂടെയ മഹ്സ അമിനിയെന്ന യുവതി കസ്റ്റഡിയിൽ മരിച്ചതിനെത്തുടർന്നു രാജ്യത്തുയർന്ന പ്രക്ഷോഭത്തിനെതിരേ റെയ്സി സ്വീകരിച്ച സമീപനവും രാജ്യാന്തര തലത്തിൽ വിമർശിക്കപ്പെട്ടിരുന്നു. പ്രക്ഷോഭത്തിനിറങ്ങിയ 500ലധികം പേരെ രക്ഷാസേന കൊലപ്പെടുത്തി. 22000 പേരെ തടവിലാക്കിയിരുന്നു. മഹ്സ അമിനി പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ടതാണെന്ന് പിന്നീട് യുഎൻ നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയതും റെയ്സിക്ക് തിരിച്ചടിയായിരുന്നു.

ദുരന്തത്തെത്തുടർന്ന് ഇറേനിയൻ മന്ത്രിസഭ അടിയന്തര യോഗം ചേർന്നു. റെയ്‌സിയുടെ നയങ്ങളും പാതയും പിന്തുടരുമെന്നും ദൈവത്തിന്‍റെയും ജനങ്ങളുടെയും സഹായമുള്ളതിനാൽ രാജ്യത്തിന്‍റെ ഭരണരംഗത്ത് ഒരു പ്രതിസന്ധിയുമില്ലെന്നും ഭരണകൂടം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഷിയാ വിശ്വാസം പിന്തുടരുന്ന രാജ്യത്ത് എൺപത്തഞ്ചുകാരൻ ഖമീനിയുടെ പിൻഗാമി റെയ്സിയാണെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ഖമീനിയുടെ മരണമോ രാജിയോ ഉണ്ടായാലുടൻ റെയ്സി ചുമതലയേൽക്കുമെന്നു കരുതിയിരിക്കെയാണു ദുരന്തം.

റെയ്സിയുടെ മരണത്തോടെ ഖമീനിയുടെ മകൻ മുജ്തബ ഖമീനി (55) ഇറാന്‍റെ പരമോന്നത നേതാവായി ഭാവിയിൽ ഉയർത്തപ്പെടാനുള്ള സാധ്യതയേറി. എന്നാൽ, പഹൽവി രാജവാഴ്ചയെ അട്ടിമറിച്ച ഇസ്‌ലാമിക വിപ്ലവം സ്ഥാപിച്ച രാജ്യത്ത് മൂന്നാംതവണയും ഒരേ കുടുംബത്തിൽ നിന്നു തന്നെ പരമോന്നത നേതാവിനെ കണ്ടെത്തുന്നത് ശരിയല്ലെന്ന അഭിപ്രായങ്ങളും ശക്തമാണ്.

Trending

No stories found.

Latest News

No stories found.