വി.കെ. സഞ്ജു
'നമഷ്‌കാര്‍....'
ഓടുന്ന വണ്ടിയുടെ സ്റ്റിയറിങ്ങില്‍ നിന്നു രണ്ടു കൈയും വിട്ട് കുല്‍ദീപ് സിങ് പിന്നോട്ടു നോക്കി തൊഴുതു. പഴയ മഹീന്ദ്ര ജീപ്പ് മുരള്‍ച്ചയോടെ തിരക്കില്ലാത്ത നാലു വരിപ്പാതയുടെ ഓരം ചേർന്ന് മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. ഏതാനും ദിവസം മുന്‍പ് നെറ്റ്ഫ്ളിക്സില്‍ കണ്ടു തീര്‍ത്ത 'ദഹാദ്' എന്ന സീരീസിലെ രംഗങ്ങള്‍ പലതും വശങ്ങളില്‍ തെളിഞ്ഞുമാഞ്ഞു.
ജീപ്പ് സാവധാനം അടുത്തുള്ള കുറ്റിക്കാട്ടിലേക്കിറങ്ങുകയാണ്. ഫോറസ്റ്റാണെന്ന് കുൽദീപ്. കേരളത്തിൽ കണ്ടു ശീലിച്ച പച്ചപ്പും ഹരിതാഭയുമൊന്നുമില്ല. ജോധ്പുരിലെ വരണ്ട വനങ്ങളിലൊന്നാണത്. മുന്‍പ് ഏതോ വണ്ടിയോടിയതിന്‍റെ ടയര്‍ പാടുകള്‍ മാത്രമാണ് റോഡെന്നു പറയാന്‍ മുന്നിലുള്ളത്.
അത്രയുമായപ്പോഴേക്കും വണ്ടിയുടെ ഫുട്ട് റെസ്റ്റില്‍ എഴുന്നേറ്റു നിന്നായി കുല്‍ദീപിന്‍റെ ഡ്രൈവിങ്. ഇടങ്കാല്‍ ആക്സിലറേറ്ററില്‍, ഇടങ്കൈ സ്റ്റിയറിങ്ങില്‍, ഉടലും തലയും പുറത്ത്... ചുറ്റുപാടും നിരീക്ഷണമാണ്, വന്യജീവികള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ കാട്ടിത്തരാന്‍.
കണ്ടു, ബിഷ്ണോയ് ഗ്രാമവാസികളുടെ വിശുദ്ധ മൃഗത്തെത്തന്നെ, കൃഷ്ണമൃഗത്തെ. ജോധ്പൂര്‍ നഗരമധ്യത്തില്‍ നിന്ന് അധികം അകലെയല്ലാതെ, ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ച.
''ആപ്പ് ലോഗ് തോ ലക്കി ഹേ സാബ്....''
കുല്‍ദീപ് സിങ് മുരണ്ടു. സാധാരണഗതിയില്‍ പുലർകാലങ്ങളിൽ മാത്രമാണത്രെ കൃഷ്ണമൃഗത്തെ കാണാന്‍ കിട്ടുക, അതും കുട്ടികളെ മാത്രം. ഇതൊരു മുതിർന്ന ബ്ലാക്ക് ബക്ക് ആണെന്ന് കൊമ്പിന്‍റെയും ഉടലിന്‍റെയും നിറങ്ങള്‍ ചൂണ്ടിക്കാട്ടി കുല്‍ദീപ് പറഞ്ഞു തന്നു. ഈ വൈകുന്നേരത്തും അവയെ കാണാന്‍ സാധിച്ചതാണ് ഞങ്ങള്‍ ലക്കിയാണെന്നു പറയാന്‍ കാരണം. ക്യാമറയിലെ ലെൻസ് മാറ്റിയിടാൻ വിദഗ്ധോപദേശവും കിട്ടി.
പിന്നെ പഴയ കഥകളായി... ഷൂട്ടിങ്ങിനു വന്ന സല്‍മാന്‍ ഖാനും സെയ്ഫ് അലി ഖാനും തബുവും സൊനാലി ബിന്ദ്രെയും നീലവും കൂടി വേട്ടയ്ക്കിറങ്ങിയതും... ഗര്‍ഭിണിയായ കൃഷ്ണമൃഗത്തെ വെടിവച്ചു കൊന്നതിനു സല്‍മാന്‍ ജയിലില്‍ കിടന്നതും... ഇതൊക്കെ നമുക്കും അറിയാവുന്ന കഥകളാണെന്നു മനസിലായതോടെ കുല്‍ദീപിന് ആവേശം കയറി.
ആ സംഭവത്തോടെ ജോധ്പൂരുകാര്‍ തോക്ക് ഉപയോഗിക്കാന്‍ തന്നെ മറന്നു പോയെന്നാണ് അദ്ദേഹത്തിന്‍റെ വാദം. തുരുമ്പെടുത്ത സ്വന്തം തോക്കിന്‍റെ വിശേഷവും, മീശത്തുമ്പിന് ഒന്നുകൂടി മൂര്‍ച്ച കൂട്ടിക്കൊണ്ട് അയാള്‍ വിശദീകരിച്ചു.
മൃഗങ്ങളെ മാത്രമല്ല, മരങ്ങളെയും ഉയിരുകൊടുത്തു കാക്കുന്നവരാണത്രെ ജോധ്പൂരിലെ ബിഷ്ണോയികള്‍. ബിഷ്ണോയ് എന്ന പേരു തന്നെ ബീസ് (ഇരുപത്) നൗ (ഒമ്പത്) എന്ന അക്കങ്ങള്‍ ചേര്‍ത്തുവച്ചുണ്ടായതാണ്. ഇരുപതും ഒമ്പതും ഇരുപത്തൊമ്പത് തത്വങ്ങള്‍ പാലിച്ചാണ് ബിഷ്ണോയികളുടെ ജീവിതം. അതില്‍ സ്ത്രീകള്‍ ധരിക്കേണ്ട ആടയാഭരണങ്ങളെക്കുറിച്ചു മുതല്‍ പക്ഷിമൃഗാദികളെയും മരങ്ങളെയും ദ്രോഹിക്കരുതെന്നും, ദ്രോഹിക്കാന്‍ മറ്റൊരാളെയും അനുവദിക്കരുതെന്നും കൂടി പറയുന്നുണ്ട്.
കഥ പറഞ്ഞ് മയിലുകളെയും നീലക്കാളകളെയും കണ്ട് കാട്ടിലൂടെ വണ്ടിയോടി. ജീപ്പിന്‍റെ ശബ്ദം കേട്ടാൽ പക്ഷിമൃഗാദികള്‍ക്കു പേടിക്കില്ല, പക്ഷേ, മനുഷ്യരുടെ ശബ്ദം പേടിയാണെന്നാണ് കുൽദീപിന്‍റെ പക്ഷം. അതുകൊണ്ട് ഞങ്ങൾ സഹയാത്രികര്‍ക്കിടയിലുള്ള സംഭാഷണങ്ങള്‍ പലപ്പോഴും അയാള്‍ തടഞ്ഞുകൊണ്ടിരുന്നു. എന്നാൽ, അയാളാകട്ടെ, നിര്‍ത്താതെ സംസാരിക്കുകയും ചെയ്തു കൊണ്ടിരുന്നു....
(തുടരും)
ഭാഗം 1: ബിഷ്ണോയികൾ, പ്രകൃതിയുടെ കാവൽക്കാർ