ജോധ്പൂരിന്‍റെ ജാതിത്തലപ്പാവുകൾ | Travel Video
വി.കെ. സഞ്ജു
കാടും പടപ്പും കടന്ന് ജനവാസ മേഖലയിലേക്ക് ജീപ്പ് കയറി. തലപ്പാവ് ധരിച്ച വൃദ്ധന്‍മാര്‍ തിരക്കില്ലാത്ത ജംക്ഷനുകളില്‍ പരസ്പരം സംസാരിക്കാതെ പ്രതിമ പോലിരുന്നു. ചുവപ്പിന്‍റെ അതിപ്രസരമുള്ള ഉടയാടകളും കൈമുട്ടിനു മേലേയ്ക്കു കയറ്റിയിട്ട പ്ലാസ്റ്റിക് വളകളും ധരിച്ച സ്ത്രീകള്‍ തലയില്‍ പുല്‍ക്കെട്ടുകളുമായി നടന്നു നീങ്ങി. നഗരവാസികളെന്നു തോന്നിക്കുന്ന ജീപ്പ് യാത്രികരെ കണ്ട് കുട്ടികള്‍ കൈവീശിക്കാണിച്ചുകൊണ്ട് പിന്നാലെ ഓടി.
(Part 1: അവർ ബിഷ്ണോയികൾ, പ്രകൃതിയുടെ കാവൽക്കാർ)
പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ദൂരെ നിന്നു നടന്നു വരുന്നവരെ കാണുമ്പോള്‍ കുല്‍ദീപ് പറയും, ''ബിഷ്ണോയ്, ജിപ്സി, രജ്പുത്, ഷെപ്പേഡ്, ബ്രാഹ്മിന്‍....''
ഓരോ ജാതിക്കാര്‍ക്കും പ്രത്യേകം നിറത്തിലുള്ള തലപ്പാവുകളാണ്. ജാതി തിരിച്ചറിയാന്‍ തലയില്‍ കെട്ടിവയ്ക്കുന്ന ബില്‍ബോര്‍ഡുകള്‍! കാലി മേയ്ക്കുന്നവര്‍ക്ക് ചുവപ്പ്, ബിഷ്ണോയികള്‍ക്ക് വെള്ള, രജപുത്രര്‍ക്ക് അഞ്ച് നിറങ്ങള്‍... അങ്ങനെയങ്ങനെ....
ഓരോ സമുദായങ്ങള്‍ പ്രത്യേകമായി അധിവസിക്കുന്ന ഗ്രാമങ്ങള്‍. ഇടകലര്‍ന്നുള്ള ജീവിതം തീരെ കാണാനില്ല.
സമുദായക്കാർ ഒരുമിച്ച് തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ പിന്നിട്ട്, വിജനമായ സമതലങ്ങളിലൂടെ ജീപ്പ് ഓടിത്തുടങ്ങി. ഏക്കറുകളോളം പരന്നു കിടക്കുന്ന കൃഷിയിടങ്ങള്‍ക്കു നടുവില്‍ വെയിലേല്‍ക്കാതെ കിടന്നുറങ്ങാന്‍ മാത്രം പാകത്തില്‍, കതകുകളില്ലാത്ത, നാലു ചുവരുകള്‍ പോലും തികച്ചില്ലാത്ത, പുല്ലു മേഞ്ഞ വളച്ചു കെട്ടലുകൾ മാത്രമാണ് അവിടത്തെ പല വീടുകളും. ചെടികള്‍ ഉള്ളിലൂടെ പടര്‍ന്നു കയറിയിട്ടുണ്ടാവും. കിളികള്‍ കഴുക്കോലില്‍ കൂട്ടുവച്ചിട്ടുണ്ടാവും.
ഒപ്പിയം ആരാധന കാണാന്‍ കൂട്ടിക്കൊണ്ടുപോയ ജസ്വന്ത് ലാൽ ബിഷ്ണോയിയുടെ വീട്ടില്‍ അതിഥികള്‍ക്ക് ഇരിക്കാന്‍ കയറ്റു കട്ടിലിട്ട ഒരു മുറി. അതിനോടു തൊടാതെ വളപ്പില്‍ മറ്റൊരു മുറി, വീട്ടിലെ സ്ത്രീകള്‍ക്ക്. അവിടെയും തൊടാതെ ഒരു അടുക്കള. കുടുംബത്തിലെ പലരും കൃഷിയിടങ്ങളില്‍ തന്നെയാണ് വർഷത്തിൽ ആറു മാസവും താമസം.
സ്വയമൊരു കാഴ്ചവസ്തുവായി സന്ദര്‍ശകരെ കാത്ത് ജസ്വന്ത് ബിഷ്ണോയ് മാത്രം അവിടെ വെറും നിലത്തിരിക്കുന്നു. അഴുക്കുപിടിച്ച വെളുത്ത മുണ്ടും കുപ്പായവും, ദൈന്യതകൊണ്ട് മുഖത്ത് വിളക്കിച്ചേർത്തതു പോലെ നേർത്ത കണ്ണട. ചുവരിലെ അഴികളില്‍ കോര്‍ത്തിട്ടിരിക്കുന്ന മുഷിഞ്ഞ തലപ്പാവുകളും, കണ്ണാടിച്ചില്ലുകൾ തുന്നിച്ചേർത്ത ദുപ്പട്ടകളും. സന്ദര്‍ശകര്‍ വരുമ്പോള്‍ അണിയിക്കാനുള്ളതാണ്.
ഒപ്പിയം - അതെ കറുപ്പ് തന്നെ - വെള്ളത്തില്‍ ചാലിച്ച് അരിച്ചെടുക്കുന്ന യന്ത്രം പോലൊരു സംവിധാനത്തിനു നടുവില്‍ പ്രതിഷ്ഠ പോലെ ശിവലിംഗം. ശിവന് അഭിഷേകം ചെയ്യുന്ന കറുപ്പ്, നമുക്കു പ്രസാദമായി വിതരണം ചെയ്യുന്നു എന്നാണ് സങ്കല്‍പ്പം, അതും പ്രായപൂര്‍ത്തിയായ സന്ദര്‍ശകര്‍ക്കു മാത്രം.
ഒടുവില്‍ അയാളുടെ സഹായി തിളപ്പിച്ചു തന്ന മസാലച്ചായ കുടിച്ച് മണ്‍പാത്രം തിരികെ വയ്ക്കുമ്പോള്‍ ആലോചിച്ചു, എന്തിനായിരിക്കും അയാള്‍ ഇതൊക്കെ ചെയ്തു തരുന്നത്...!
'അതിഥി ദേവോ ഭവഃ' എന്ന പ്രമാണമാണ് കാരണമെന്നൊക്കെ സ്ഥാപിക്കാൻ കുല്‍ദീപിന്‍റെ ശ്രണം. പക്ഷേ, അപരിചിതരായ അതിഥികളെ ദേവതകളാക്കാന്‍ വേണ്ടി മാത്രമാണ് അയാളൊരു മൃഗശാലയിലെ കൂട്ടിലെന്ന പോലെ ആ കുടിലിൽ ജീവിക്കുന്നതെന്നു തോന്നിയില്ല. ദാരിദ്ര്യത്തിന്‍റെ മൂര്‍ത്തരൂപത്തിൽനിന്നൊരു മസാലച്ചായയുടെ വാഗ്ദാനവും പ്രതീക്ഷിക്കാനാവുന്നതല്ല. യാത്ര പറയുമ്പോള്‍ തൊഴുത കൈയില്‍ വച്ചു കൊടുത്ത ഒറ്റനോട്ടിന്‍റെ മടക്കുകളില്‍ അയാളുടെ ദൈന്യത ഒന്നു കൂടി തളിര്‍ത്തതു കണ്ടപ്പോള്‍ മനസിലുയർന്ന സംശയങ്ങള്‍ക്കെല്ലാം ഉത്തരമായി....
നീളത്തില്‍ വെട്ടിയെടുത്ത സാന്‍ഡ്സ്റ്റോണ്‍ നാട്ടിവച്ച കവാടം കടന്ന്, ജസ്വന്ത് ബിഷ്ണോയിയുടെ വീട്ടിൽ നിന്ന് മണ്‍ റോഡിലേക്കിറങ്ങി, വീണ്ടും ജീപ്പിലേക്ക്. നെയ്ത്തുകാരുടെ ഗ്രാമത്തിലേക്കാണിനി. ബിഷ്ണോയിയുടെ പുല്ലുമേഞ്ഞ വീടിന്‍റെ വലുപ്പമേറിയൊരു പതിപ്പായിരുന്നു സത്യവ്രത് റാത്തോഡിന്‍റെ വീട്. ജോലി ചെയ്യാനും കിടന്നുറങ്ങാനും ഭക്ഷണമുണ്ടാക്കാനും അതിഥികളെ സ്വീകരിക്കാനുമെല്ലാം പ്രത്യേകം പ്രത്യേകം കെട്ടിടങ്ങൾ. ബിഷ്ണോയിയുടെ വീടിനെക്കാൾ വലുപ്പം വളരെ കൂടുതലുണ്ടെങ്കിലും മേൽക്കൂര പുല്ല് മേഞ്ഞതുതന്നെ. വളപ്പിൽ കെട്ടിക്കൊണ്ടിരുന്ന പുതിയ കെട്ടിടത്തിനു കോൺക്രീറ്റ് മേൽക്കൂരയാണ്.
ഇത് തന്നെപ്പോലെ രജപുത്ര വിഭാഗത്തിൽപ്പെടുന്ന റാത്തോഡ് അല്ല, നാടോടി, അഥവാ ബഞ്ചാരാ വിഭാഗക്കാരാണെന്ന് കുൽദീപ് സിങ്ങിന്‍റെ വിശദീകരണം.
നേരത്തെ അയാൾ കാട്ടിൽ കാണിച്ചുതന്ന ഖെജ്‌രി എന്ന മരത്തിന്‍റെ കായ ഉണക്കാനിട്ടിരിക്കുന്ന മുറ്റം കടന്ന്, റാത്തോഡിന്‍റെ നെയ്ത്തുശാലയിലേക്ക്. പ്രാദേശികമായി കിട്ടുന്ന കമ്പും തടിയുമൊക്കെ ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയ തറി. ചേന്ദമംഗലത്തോ ബാലരാമപുരത്തോ ഒക്കെ കണ്ടുവരുന്നതുപോലുള്ള രൂപഭംഗിയൊന്നും അവയ്ക്കുണ്ടാകില്ല. നെയ്യുന്നത് ഉടുക്കാനുള്ള തുണിയുമല്ല. പരവതാനികളാണ് പ്രധാനം, പിന്നെ വീടിന്‍റെ മച്ചും ചുവരുകളുമൊക്കെ അലങ്കരിക്കാൻ ഉപയോഗിക്കുന്ന കട്ടിയുള്ള തുണികളും.
ആ സമയത്ത് നെയ്തുകൊണ്ടിരുന്ന, ലുങ്കിയുടെ വലുപ്പം വരുന്ന പരവതാനി നേരിട്ടു വാങ്ങിയാൽ 30,000 രൂപയ്ക്ക് തരാമെന്നു പറഞ്ഞു. ഷോറൂമിൽ വില പല മടങ്ങാകും. പല രാജ്യങ്ങളിലേക്കും ഇതു കയറ്റി അയയ്ക്കുന്നുമുണ്ട്.
പത്രത്തിലാണ് ജോലിയെന്നു മനസിലായപ്പോൾ, തറിക്കടിയിൽ നിന്ന് റാത്തോഡ് വലിയൊരു ആൽബം വലിച്ചെടുത്തു. അയാളെക്കുറിച്ച് ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുള്ള ഫീച്ചറുകൾ മുറിച്ചെടുത്ത് സൂക്ഷിച്ചിരിക്കുന്നതാണ്.
(ആദ്യ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
മതിൽക്കെട്ടിനപ്പുറത്ത് അൽപ്പം വലിയൊരു ഹാളിലേക്കാണ് റാത്തോഡ് പിന്നെ ഞങ്ങളെ കൊണ്ടുപോയത്. ഇരിക്കാൻ കയർ വരിഞ്ഞ സ്റ്റൂളുകൾ നീക്കിയിട്ടു തന്നു. നീളക്കുറവുള്ള ഇടതുകാൽ അയാളുടെ ചുറുചുറുക്കിനെ തെല്ലും ബാധിച്ചിരുന്നില്ല.
കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് പണിതതാണ് ഈ ഹാൾ. ജോലിയൊന്നുമില്ലാതെ വെറുതേയിരുന്നപ്പോൾ ഒരു രസത്തിനു ചെയ്തതാണത്രെ, വീട്ടിൽവരുന്നവരെ സ്വീകരിച്ചിരുത്താമല്ലോ!
സാമൂഹികാവസ്ഥയുടെ രണ്ടു തലങ്ങളിൽ ജീവിക്കുന്നവരാണ് ജസ്വന്ത് ലാൽ ബിഷ്ണോയിയും സത്യവ്രത് റാത്തോഡുമെന്ന് വേഷഭൂഷാദികളിൽ നിന്നു മനസിലാകില്ല, ചുറ്റുപാടുകൾ കൊണ്ടും തിരിച്ചറിയണമെന്നില്ല, പക്ഷേ, അവരുടെ ശരീരഭാഷയിൽ എല്ലാം വ്യക്തമായിരിക്കും.
അധികം അകലെയല്ലാതെ മുസ്‌ലിം വിഭാഗക്കാർ മാത്രം താമസിക്കുന്ന ഗ്രാമം. മൺപാത്രങ്ങളും പ്രതിമകളുമുണ്ടാക്കുന്നവരാണവിടെ. മറ്റു രണ്ടു പേരോടും വിശദമായി സംസാരിച്ചിരുന്നതു പോലെ ഈ വീട്ടിലെ കേന്ദ്ര കഥാപാത്രത്തെ അടുത്തുകിട്ടിയില്ല. ചെല്ലുമ്പോൾ യൂറോപ്യൻ ടൂറിസ്റ്റുകൾ അടങ്ങുന്ന സംഘത്തിനു നടുവിൽ അദ്ദേഹം പൂവിറുക്കുന്ന ലാഘവത്തോടെ മൺകൂജകളും ഡോൾഫിൻ പ്രതിമകളുമൊക്കെ ചക്രത്തിൽനിന്ന് ഇറുത്തു തള്ളുകയാണ്, നോൺ സ്റ്റോപ്പ് കമന്‍ററി സഹിതം.
അടുക്കിവച്ചിരുന്ന പ്രതിമകളുടെ കൂട്ടത്തിൽ ബുദ്ധന്‍റെ ചെറിയൊരു തലയ്ക്ക് വില ചോദിച്ചപ്പോൾ, ത്രീ ഹൺഡ്രഡ് എന്നു മറുപടി. തിരക്കിൽ നിൽക്കാതെ പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ പിന്നിൽ നിന്നു വിളിച്ചു, തീൻ സോ തോ ഇൻകേലിയേ, ആപ് കോ സിർഫ് ദോ സൗ. വിദേശികൾ ഇരുന്നതുകൊണ്ടാണ് മുന്നൂറ് പറഞ്ഞത്, നാട്ടുകാർക്ക് ഇരുനൂറിനു കൊടുക്കുമെന്ന്. രണ്ടു ബുദ്ധൻമാരെയും തുണിസഞ്ചിയിൽ പൊതിഞ്ഞെടുത്ത് ജീപ്പിൽ വീണ്ടും കാടുകയറുകയാണ്....
(തുടരും)
ഭാഗം 1: ജോധ്പൂരിന്‍റെ ജാതിത്തലപ്പാവുകൾ