അന്തപ്പുരങ്ങൾ വാടകയ്ക്ക് | Travelogue
വി.കെ. സഞ്ജു
ബിഷ്ണോയ് വില്ലേജിൽനിന്നുള്ള മടക്കയാത്രയില്‍ എങ്ങനെയോ 'മോദി സാബ് ' സംസാര വിഷയമായി. കുല്‍ദീപ് സിങ് കോണ്‍ഗ്രസുകാരനാണ്. സംസ്ഥാനം ഗെഹ്‌ലോട്ട് ഭരിച്ചോട്ടെ. പക്ഷേ, കേന്ദ്രത്തില്‍ മോദി സാബ് മതി. അത് ബിജെപിയായതു കൊണ്ടല്ല. നാട്ടിലെ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങിയത് മോദി സാബ് വന്നതു കൊണ്ടാണത്രെ.
എല്ലാം മൂളിക്കേട്ടതേയുള്ളൂ. സൽമാൻ ഖാന്‍റെ കാര്യം പറഞ്ഞപ്പോൾ കിട്ടിയ പ്രതികരണത്തിലെ ആവേശം ഇത്തവണ ഉണ്ടാവാത്തതുകൊണ്ടാവാം, കൂടുതല്‍ ആധികാരികമെന്ന് അയാള്‍ക്കു തോന്നിയ മറ്റൊരു യുക്തി കൂടി മുന്നോട്ടുവച്ചു:
''ബീവി ബച്ചേ തോ നഹി ഹേനാ....''
മറ്റൊന്നുമല്ലെങ്കിലും ഭാര്യയും പിള്ളേരുമില്ലാത്തയാളാണല്ലോ മോദി സാബ് എന്ന്...! യശോദ ബെന്‍ എന്ന പേര് അപ്പോൾ ഓര്‍ത്തെടുത്തിട്ടു കാര്യമുണ്ടെന്നു തോന്നിയില്ല....
പിന്നെ പാക്കിസ്ഥാനില്‍ നിന്നുള്ള ട്രെയിനുകള്‍ - ധാര്‍ എക്‌സ്പ്രസും സംഝോധ എക്‌സ്പ്രസും - നിര്‍ത്തിച്ചതാണ് മോദി സാബ് ചെയ്ത ഏറ്റവും നല്ല കാര്യമെന്നായി. ജോധ്പൂര്‍ ആയിരുന്നു ധാര്‍ എക്‌സ് പ്രസിന്‍റെ അവസാനത്തെ സ്റ്റോപ്പ്.
പാക്കിസ്ഥാനുമായി ഏറ്റവും അടുത്തു കിടക്കുന്ന ഇന്ത്യന്‍ നഗരമാണ് ജോധ്പൂര്‍. ഡല്‍ഹിക്കും മുന്‍പേ അന്താരാഷ്ട്ര പദവി ലഭിച്ച ഇവിടത്തെ വിമാനത്താവളം അതുകൊണ്ടു തന്നെ ഇപ്പോഴും സൈനിക എയര്‍ പോര്‍ട്ട് എന്ന നിലയിൽക്കൂടി ഡബിൾ റോളിൽ പ്രവര്‍ത്തിക്കുന്നു. സ്വാതന്ത്ര്യ ദിനത്തോടടുപ്പിച്ചുള്ള ആ യാത്രയില്‍ ഹാന്‍ഡ് ലഗേജ് രണ്ടുവട്ടം അഴിച്ചു പരിശോധിച്ചു. അതും എറണാകുളം ബസ് സ്റ്റാന്‍ഡിനോളം പോന്ന ആ വിമാനത്താവളത്തില്‍.
ഡല്‍ഹിക്കു മുന്‍പേ കിട്ടിയ അന്താരാഷ്ട്ര പദവിയൊക്കെ അങ്ങനെ കിടക്കും. അതൊക്കെ അന്നത്തെ രാജാവിന്‍റെ മിടുക്കാണെന്ന് പിന്നീട് പരിചയപ്പെട്ട വീര്‍ പറഞ്ഞു. കാറുകളെയും വിമാനങ്ങളെയും സ്‌നേഹിച്ച ഹന്‍വന്ത് സിങ്. ഇരുപത്തെട്ടാം വയസില്‍ സ്വയം പറത്തിയ വിമാനം തകര്‍ന്നു മരിച്ച, അവസാനത്തെ ജോധ്പൂര്‍ രാജാവ്.
സ്വാതന്ത്ര്യാനന്തരം സ്വന്തം പാര്‍ട്ടിയുണ്ടാക്കി തെരഞ്ഞെടുപ്പ് നേരിടാനിറങ്ങിയ രാജാവിനെ രാഷ്‌ട്രീയക്കാർ ക്വൊട്ടേഷൻ കൊടുത്ത് തട്ടിക്കളഞ്ഞതാണെന്ന കോൺസ്പിറസി തിയറി കൂടി ടിയാന്‍ തദവസരത്തില്‍ പങ്കുവച്ചു.
അതെന്തായാലും, ഇന്ന് രാജാവിന്‍റെ ആലങ്കാരിക പദവി വഹിക്കുന്ന മകന്‍ ഗജ് സിങ്ങിന് തിരുവിതാംകൂര്‍ രാജകുടുംബത്തിനു കേരളത്തില്‍ കിട്ടുന്നതിനെക്കാള്‍ മതിപ്പ് ജോധ്പൂരില്‍ കിട്ടുന്നുണ്ടെന്നു മനസിലായി. അഭിമാനിക്കാൻ ഭൂതകാലം മാത്രമുള്ളവർക്ക് ചിലപ്പോൾ രാജഭക്തി അധികമുണ്ടാവാം....
'മഹാരാജാ' ഗജ് സിങ്ങും കുടുംബവും താമസിക്കുന്ന ഉമൈദ് ഭവന്‍ എന്ന കൊട്ടാരത്തിലേക്കായിരുന്നു അടുത്ത യാത്ര. രാജകുടുംബമാണെങ്കിലും കുടുംബം തന്നെ, അവരുടെ താമസസ്ഥലമാണ് ഉമൈദ് ഭവൻ, ഒപ്പം വിനോദസഞ്ചാര കേന്ദ്രവും. അവിടത്തെ കുറച്ച് മുറികള്‍ അതിഥികൾക്കായും മാറ്റിയിട്ടിട്ടുണ്ട്, ദിവസം അര ലക്ഷം രൂപയ്ക്കു മുകളിലാണ് ഓഫ് സീസണ്‍ വാടക.
ഡെസ്റ്റിനേഷന്‍ വെസ്സിങ് ഇന്ത്യയില്‍ ട്രെന്‍ഡ് സെറ്ററാക്കിയ അരുണ്‍ നായര്‍ - ലിസ് ഹര്‍ലി വിവാഹം മുതല്‍ ഏറ്റവുമൊടുവില്‍ പ്രിയങ്ക ചോപ്ര - നിക്ക് ജോനാസ് വിവാഹത്തിനു വരെ വേദിയായ കൊട്ടാരം എന്ന അര്‍ഥത്തില്‍, ഒരു ഗ്ലോറിഫൈഡ് കല്യാണ മണ്ഡപമെന്നും വേണമെങ്കില്‍ വിളിക്കാം.
നേരത്തെ പറഞ്ഞ ഹന്‍വന്ത് സിങ്ങിന്‍റെ അച്ഛന്‍ ഉമൈദ് സിങ് പണികഴിപ്പിച്ച കൊട്ടാരം. സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട അവസാനത്തെ രാജകൊട്ടാരത്തിന്‍റെ പണി പൂര്‍ത്തിയായത് 1942ല്‍.
ഉമൈദ് ഭവന്‍റെ മറ്റൊരു ഭാഗം മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു. അവിടത്തെ പ്രദര്‍ശന വസ്തുക്കളില്‍ പലതും ആധുനികതയിലേക്ക് അതിവേഗം ചുവടുവച്ച രാജകുടുംബാംഗങ്ങളുടെ പ്രകീര്‍ത്തനങ്ങളാണ്. പോക്കറ്റ് മണിയില്‍ നിന്നു മിച്ചം പിടിക്കുന്ന തുക ഉപയോഗിച്ച് രാജകുമാരന്‍മാരും രാജകുമാരിമാരും നടത്തുന്ന 'ചാരിറ്റി' പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകള്‍. അങ്ങനെയൊരു വലിയ ചാരിറ്റിയാണ് ജോധ്പൂരിലെ തൂര്‍ജി കാ ഝല്‍റ ബാവ്ഡി എന്ന, പടിക്കെട്ടുകളുള്ള പടുകൂറ്റന്‍ കിണർ. ജനങ്ങളില്‍ നിന്നു കപ്പം പിരിച്ച പണം കൊണ്ട് അവര്‍ക്കു തന്നെ കുഴിച്ചുകൊടുത്ത വലിയൊരു കുളം എന്നു വിളിക്കാം. ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് മഴവെള്ളം സംഭരിക്കാന്‍ പതിനെട്ടാം നൂറ്റാണ്ടില്‍ തയാറാക്കിയ നിര്‍മിതി.
അത്തരം കുളം കോരലുകളുടെ ആധുനിക മുദ്രകള്‍ പലതും ചിത്രങ്ങളും പത്ര റിപ്പോര്‍ട്ടുകളുടെ ക്ലിപ്പിങ്ങുകളുമൊക്കെയായി ഉമൈദ് ഭവന്‍റെ ചുവരുകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഒപ്പം, ഇന്നത്തെ കാലത്ത് പോലും കണ്ണു തള്ളിക്കാന്‍ പോന്ന പഴയ കൊട്ടാരം മെനു, വിചിത്രരൂപികളായ മദ്യക്കുപ്പികള്‍, ജയിംസ് ബോണ്ട് പടത്തിലൊക്കെ കാണുന്ന ഫാന്‍റസി ആയുധങ്ങൾ, ഒക്കെയടങ്ങിയ വിശാലമായ ശേഖരം....
പക്ഷേ, ഇതിനെക്കാളുപരി ഉമൈദ് ഭവനില്‍ കണ്ണുകള്‍ ഉടക്കിയത് പോളോ കളിയുടെ ചിത്രങ്ങളിലാണ്. രാജാക്കന്‍മാരുടെ കളിയെന്നു വിശേഷിപ്പിക്കപ്പെടുന്ന, കുതിരപ്പന്തുകളി. ബ്രിട്ടീഷ് രാജാവ് ചാൾസും മക്കളായ വില്യമും ഹാരിയുമൊക്കെ പോളോ വേഷത്തില്‍ കുതിരപ്പുറത്തിരിക്കുന്ന ചിത്രങ്ങൾ കണ്ടിട്ടുണ്ടാവും.
യുദ്ധമില്ലാത്ത സമയത്ത് രാജകുടുംബാംഗങ്ങള്‍ക്ക് അതിന്‍റെയൊരു ടച്ച് വിട്ടു പോകാതിരിക്കാൻ ഇംപീരിയലിസ്റ്റ് കാലഘട്ടത്തിൽ വികസിപ്പിച്ചെടുത്ത കളിയാണത്. മുഗള്‍ രാജകുടുംബാംഗങ്ങളുമായിട്ടായിരുന്നു ജോധ്പൂര്‍ രാജകുടുംബാംഗങ്ങളുടെ ആദ്യത്തെ പോളോ മത്സരങ്ങളെന്ന് കൂടെയുണ്ടായിരുന്ന വീര്‍ പറഞ്ഞു.
ഇന്ത്യയില്‍ ഏറ്റവുമാദ്യം പോളോ വളര്‍ന്നുവന്ന നാട്ടുരാജ്യങ്ങളിലൊന്നാണ് ജോധ്പൂര്‍. 1889ല്‍ അന്നത്തെ രാജാവിന്‍റെ സഹോദരന്‍ സര്‍ പ്രതാപ്, വിക്‌റ്റോറിയ രാജ്ഞിയുടെ സ്ഥാനാരോഹണത്തിന്‍റെ വജ്ര ജൂബിലി വര്‍ഷത്തില്‍ തന്‍റെ ടീമുമായി ഇംഗ്ലണ്ടില്‍ പോയി പോളോ കളിച്ച് വലിയ വിജയങ്ങള്‍ നേടിയിട്ടുണ്ട്. പോളോയോടുള്ള അഭിനിവേശം രാജകുടുംബത്തിലെ ഇപ്പോഴത്തെ തലമുറയും കൈവിട്ടിട്ടില്ല. ഗജ് സിങ്ങിന്‍റെ മകനും കിരീടാവകാശിയുമായ ശിവരാജ് സിങ് ഇന്ത്യന്‍ പോളോ ടീമില്‍ അംഗമായിരുന്നു. വിദേശ പഠനവും ജോലിയുമെല്ലാം ഉപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം ഇപ്പോള്‍ കൊട്ടാരം വക ഹോട്ടല്‍ ശൃംഖലയുടെ നടത്തിപ്പിനൊപ്പം ജോധ്പൂര്‍ ടീമിനെ പോളോ പരിശീലിപ്പിക്കാനും സമയം കണ്ടെത്തുന്നു.
പോളോ ചരിത്രവും കേട്ട് കൊട്ടാരത്തില്‍നിന്നിറങ്ങുമ്പോള്‍ പുറത്ത് മറ്റൊരു കെട്ടിടത്തില്‍ നിറയെ വിന്‍റേജ് കാറുകളുടെ പ്രദര്‍ശനം. ഒക്‌റ്റോപസി എന്ന ജയിംസ് ബോണ്ട് സിനിമയില്‍ ഉപയോഗിച്ച 1934ലെ റോള്‍സ്-റോയ്‌സ് ഫാന്‍റം മുതല്‍, 1961ല്‍ എലിസബത്ത് രാജ്ഞിയെ വിമാനത്താവളത്തിൽ ഡ്രോപ്പ് ചെയ്ത കാഡിലാക് കണ്‍വര്‍ട്ടിബിള്‍ വരെ....
(തുടരും)
ഭാഗം 3: അന്തപ്പുരങ്ങൾ വാടകയ്ക്ക്