Marwari Thali in Jodhpur | ജോധ്പൂരിലെ മാർവാഡി താലി
Marwari Thali in Jodhpur | ജോധ്പൂരിലെ മാർവാഡി താലിMetro Vaartha

മാർവാഡിന്‍റെ രുചിമേളം | Travelogue

നീലനഗരത്തിലെ നിറഭേദങ്ങൾ - ഭാഗം 5 | രാജസ്ഥാൻ - ജോധ്പൂർ യാത്രാവിവരണം | ഭക്ഷണ വൈവിധ്യം
Published on

മെഹ്റാൻഗഢിലെ കോട്ട കണ്ടിറങ്ങിയപ്പോഴേക്കും, പുരാവസ്തുക്കളും ചരിത്രാവശിഷ്ടങ്ങളും ഉണർത്തിയ വിസ്മയമൊക്കെ വിശപ്പിനു വഴിമാറി. എങ്കിലും ജോധ്പൂരിന്‍റെ തനത് വിഭവങ്ങൾ കിട്ടുന്ന ഏതെങ്കിലും റെസ്റ്ററന്‍റ് തന്നെ തേടിപ്പിടിക്കാനായി തീരുമാനം. വീർ അങ്ങനെയൊരിടത്തേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി.

പൈപ്പ് പൊട്ടി വെള്ളം കയറിയ നാട്ടിടവഴി കടന്ന്, ആളനക്കമില്ലാത്ത വിശാലവീഥിയും പിന്നിട്ട് ഡ്രൈവർ ഒരു റസ്റ്ററന്‍റിനു മുന്നിൽ വണ്ടി ചവിട്ടി. പ്യുവർ വെജിറ്റേറിയൻ ബോർഡ് കണ്ടപ്പോൾ തന്നെ മനസ് മടുത്തു. വരുന്ന വഴിക്കെവിടെയും ഒരു തട്ടുകട പോലും കാണാതിരുന്നതു കൊണ്ട് അതൃപ്തി ഉള്ളിലൊതുക്കി. ചില്ലറ വെജിറ്റേറിയൻ കഫേകളല്ലാതെ മറ്റ് ഭക്ഷണശാലകളൊന്നും നോക്കെത്തുന്ന ദൂരത്തെവിടെയും കാണാനില്ല.

വൈവിധ്യത്തിന്‍റെ മാർവാഡി താലി

വെജിറ്റേറിയനെങ്കിൽ വെജിറ്റേറിയൻ, പക്ഷേ, പക്കാ ലോക്കലായിരിക്കണം. അതായിരിക്കുമെന്നു വീർ ഉറപ്പു തന്നു. എഥ്നിക് എന്നു തോന്നിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി മച്ചിൽ സാരിയൊക്കെ വലിച്ചുകെട്ടിയ ഒരു ചെറിയ റസ്റ്ററന്‍റ്. അഞ്ചോ ആറോ ടേബിൾ മാത്രം. മെനു കാർഡ് കൊണ്ടുവന്നു. റൊട്ടിയും ദാലും പോലെ ചില്ലറ പതിവ് നോർത്തിന്ത്യൻ വിഭവങ്ങൾ ഒഴികെ എല്ലാം കേട്ടുകേൾവിയില്ലാത്ത ഐറ്റങ്ങൾ. വെയ്റ്ററോടു തന്നെ ചോദിച്ചു, സ്ഥലത്തെ സ്പെഷ്യലുകളെക്കുറിച്ച്. നല്ല വിലയുള്ള മൂന്നാലെണ്ണം കാണിച്ചു തന്ന ശേഷം അയാൾ തന്നെ മറ്റൊരു ഓപ്ഷൻ പറഞ്ഞു, ''ഇതൊക്കെ ഓരോന്നായി വാങ്ങിയാൽ നല്ല വിലയാകും, അതിനു പകരം ഒരു മാർവാഡി താലി വാങ്ങുക, ഈ പറഞ്ഞതെല്ലാം കുറേശ്ശെ അതിലുണ്ടാവും.''

മറ്റൊന്നും ആലോചിക്കാനില്ല. താലി തന്നെ പോരട്ടെ. കേർ സംഗരി, ഗാട്ടാ കറി, ഗുലാബ് ജാമുൻ കി സബ്ജി, കടി പകോഡ... കൊള്ളാം, സമൃദ്ധമായ താലി. പിന്നെ റൊട്ടിയും പപ്പടവും സ്വീറ്റ്സും സലാഡും റെയ്തയും ദാലും അങ്ങനെ നോർത്ത് ഇന്ത്യൻ വിഭവങ്ങളിൽ പതിവുള്ള മറ്റിനങ്ങളും.

ജോധ്പൂരിൽനിന്ന് ഒരു വഴിയോരക്കാഴ്ച | One among so many street musicians of Jodhpur
ജോധ്പൂരിൽനിന്ന് ഒരു വഴിയോരക്കാഴ്ച | One among so many street musicians of JodhpurVK SANJU | Metro Vaartha

കേർ സംഗരിയെക്കുറിച്ചു പറയുമ്പോൾ, നേരത്തെ കാട്ടിൽ കണ്ട ആ പഴ‍യ മരത്തിലേക്ക് ഒന്നുകൂടി തിരിച്ചുക‍യറേണ്ടിവരും. കേരളത്തിനു തെങ്ങെന്ന പോലെയാണ് ഇന്നാട്ടുകാർക്ക് ഖെജ്‌രി എന്ന മരം. അവരുടെ കൽപ്പവൃക്ഷമാണിത്. കാഴ്ചയ്ക്കും കായയ്ക്കും അക്കേഷ്യയോടു സാദൃശ്യം. ഇതിലുണ്ടാകുന്ന ബീൻസ് പോലുള്ള കായകളിൽനിന്നെടുക്കുന്ന പരിപ്പാണ് സംഗരി.

മരുപ്രദേശങ്ങളിൽ വളരുന്ന ഒരുതരം മുൾച്ചെടിയുടെ പഴമാണ് കേർ. രണ്ടും കൂട്ടിച്ചേർത്തുള്ള കേർ സംഗരി ദക്ഷിണേന്ത്യക്കാരുടെ നാവിൽ തീർത്തും അപരിചിതമായ അനുഭൂതികളായിരിക്കും സമ്മാനിക്കുക.

നാട്ടിൽ കല്യാണത്തിനു വിളമ്പുന്ന, മുന്തിരിയിട്ട മധുരക്കറിയുമായി വിദൂര സാദൃശ്യം ആരോപിക്കാവുന്ന ഐറ്റമാണ് ഗുലാബ് ജാമുൻ കി സബ്ജി. നേർത്ത മധുരമുള്ള ഗുലാബ് ജാമുൻ അത്യാവശ്യം പച്ചക്കറികളും മസാലയുമൊക്കെ ചേർത്ത് തയാറാക്കുന്ന വെറൈറ്റി ഐറ്റം. പതിവുള്ള ബ്രൗൺ നിറത്തിലേക്കു കടക്കും മുൻപുള്ള, കടുമഞ്ഞയാർന്ന ഗുലാബ് ജാമുൻ.

ഗാട്ടേ കി കിച്ചഡി ജോധ്പൂരിന്‍റെ മറ്റൊരു തനത് വിഭവമാണ്. കടലമാവ് കൊണ്ടുണ്ടാക്കുന്ന ചെറിയ ഉരുളകൾ, തൈര് ചേർത്ത ഗ്രേവിയിൽ മുങ്ങിക്കിടക്കുന്ന മറ്റൊരു വിചിത്ര സ്വാദ്.

ഒരു പകുതി ഘേവർ | Half of a Ghevar
ഒരു പകുതി ഘേവർ | Half of a GhevarMetro Vaartha

അതിമധുരത്തിന്‍റെ ഘേവർ

കണ്ടാൽ പിസയെ ഓർമിപ്പിക്കുകയും, കഴിച്ചാൽ അതിമധുരം സമ്മാനിക്കുകയും ചെയ്യുന്ന ഘേവർ അടുത്തുള്ള ബേക്കറിയിൽ ചോദിച്ചു മനസിലാക്കിയതാണ്. തെക്കേയിന്ത്യക്കാരാണെന്നു മനസിലായപ്പോൾ കടക്കാരൻ തമിഴിലായി സംസാരം. പണ്ടെന്നോ ചെന്നൈയിൽ ജോലി ചെയ്തിട്ടുണ്ടത്രെ. രുചിച്ചു നോക്കാൻ എടുത്ത തന്ന സ്ലൈസിൽ തൃപ്തിപ്പെട്ട് കടയിൽ ബാക്കിയുണ്ടായിരുന്ന ഒന്നര വട്ടം ഘേവർ പൊതിഞ്ഞുവാങ്ങി.

പക്ഷേ, അതിനകം പലയിടത്തു നിന്നു പറഞ്ഞുകേട്ടിരുന്ന ലാൽ മാസ്, ജംഗ്ലീ മാസ് തുടങ്ങിയ വിഭവങ്ങൾ അപ്പോഴും കണ്ടുകിട്ടിയിരുന്നില്ല....

സ്ട്രീറ്റ് ഫുഡ്

ക്ലോക്ക്ടൗൺ മാർക്കറ്റ് എന്നറിയപ്പെടുന്ന സർദാർ മാർക്കറ്റിൽ കയറിയിറങ്ങിയപ്പോഴേക്ക് നേരം വൈകി. കൈത്തറി, കരകൗശല വസ്തുക്കൾക്കും പരമ്പരാഗത രീതിയിൽ നെയ്തെടുത്ത പരവതാനികൾക്കും മറ്റും പ്രശസ്തമാണ് രാജഭരണ കാലത്ത് നിർമിക്കപ്പെട്ട ഈ ചന്ത. തിരക്കേറെയുണ്ടെങ്കിലും സാമാന്യം വൃത്തിയായി കിടക്കുന്ന മാർക്കറ്റ്.

ജോധ്പൂരിന്‍റെ യഥാർഥ രുചികളിലേക്ക് നടന്നിറങ്ങിയത് അന്നു രാത്രിയാണ്. നടന്നുനടന്ന്, തൃശൂർ റൗണ്ട് പോലെ തോന്നിക്കുന്ന ഒരു റൗണ്ട് എബൗട്ടിലേക്കാണ് ചെന്നുചാടിയത്. റൗണ്ടിനു ചുറ്റുമുള്ള റോഡിന് ഇരുവശത്തും തട്ടുകടകളും ചെറിയ റെസ്റ്ററന്‍റുകളും. തട്ടുകടകളിൽ പോലും വെജിറ്റേറിയൻ ബോർഡ് തൂങ്ങുന്നു. കബാബും പിസയും ബർഗറും മോമോസും കഴിക്കാൻ ജോധ്പൂർ വരെ പോകേണ്ട ആവശ്യമില്ലാത്തതുകൊണ്ട് പിന്നെയും നടന്നു.

ഒടുവിൽ കിട്ടി, നമ്മുടെ കള്ളപ്പത്തിന്‍റെ രൂപവും രുചിയുമുള്ള ഒരു സംഗതി. കഴിച്ച ശേഷം മറന്നു പോയ അതിന്‍റെ പേര്, അടുത്ത ദിവസം നാട്ടുകാരോടോ പിന്നീട് ഗൂഗിളിനോടോ ഒന്നും ചോദിച്ചിട്ട് കിട്ടിയില്ല. അതുകൂടാതെ കച്ചോരിയുടെ വിവിധ ഭാവങ്ങളുമുണ്ടായിരുന്നു.

ലാൽ മാസും ബട്ടർ റൊട്ടിയും | Laal Maas with butter Roti
ലാൽ മാസും ബട്ടർ റൊട്ടിയും | Laal Maas with butter Roti

വേട്ടക്കാരുടെ ഭക്ഷണം

അപ്പോഴും അപ്രാപ്യമായി തുടർന്ന ലാൽ മാസ് മുന്നിലെത്താൻ ആ രാത്രി കൂടി ഇരുട്ടിവെളുക്കേണ്ടിവന്നു. മട്ടൻ കറിയാണ് സാധനം. ശരിക്കും, വേട്ടയ്ക്കു പോകുന്ന രാജാക്കൻമാരുടെ സംഘം കാട്ടിലെ ക്യാംപുകളിൽ വച്ചു കഴിച്ചിരുന്ന മാനിറച്ചിയുടെ കറിയായിരുന്നു ഇത്. വെളുത്തുള്ളിയും തൈരും മാത്രം ചേർത്തുണ്ടാക്കിയ മാനിറച്ചി കഴിക്കാൻ രാജാവ് വിസമ്മതിച്ചതിനെത്തുടർന്ന് മഥാനിയ മുളക് ചേർത്ത് പാചകക്കാരൻ നടത്തിയ പരീക്ഷണത്തിലായിരുന്നു ഇതിന്‍റെ പിറവി എന്നാണ് പത്താം നൂറ്റാണ്ടോളം പഴക്കമുള്ള കഥ. ഈ മഥാനിയ മുളകിന്‍റെ നിറം തന്നെയാണ് കറി ചുവന്നു തുടുത്തിരിക്കാൻ കാരണം. പരമ്പരാഗതമായി വേട്ടയ്ക്കു പോകുമ്പോൾ വയ്ക്കുന്ന കറി എന്ന നിലയിൽ, പുരുഷൻമാരുടെ കുത്തകയായിരുന്നു ഇതിന്‍റെ പാചകം.

ഹണ്ടിങ് ട്രിപ്പുകളിൽ പിറവിയെടുത്ത മറ്റൊരു ഐറ്റമാണ് ജംഗ്ലീ മാസ്. ജംഗ്ലീ എന്നാൽ കാട്ടിലേത് എന്നു തന്നെ അർഥം. കാട്ടിൽക്കയറിക്കഴിഞ്ഞാൽ ആദ്യം വേട്ടയാടിപ്പിടിക്കുന്ന മൃഗത്തിന്‍റെ ഇറച്ചിയാണത്രെ പണ്ടൊക്കെ ഇതുണ്ടാക്കാൻ ഉപയോഗിച്ചിരുന്നത്. ഈ കറിക്കും പിൽക്കാലത്ത് മട്ടനിലേക്കുള്ള സ്വാഭാവിക പരിണാമം സംഭവിച്ചു. മാംസം മൺപാത്രത്തിൽ മണിക്കൂറുകളോളം വേവിക്കും, എന്നാൽ, കാട്ടിലായതിനാൽ ഏറ്റവും കുറഞ്ഞ ചേരുവകൾ മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. പക്ഷേ, ഇപ്പോൾ ഉണക്ക മുളകും വെളുത്തുള്ളിയുമടക്കം ഏഴിനം ചേരുവകൾ വരെ ഇതിൽ വരുന്നുണ്ട്.

ജംഗ്ലീ മാസിന്‍റെ കഥയും ലാൽ മാസിന്‍റെ എരിവും മേമ്പൊടിയായി ഒരു ലസ്സിയും കഴിച്ച് ഇറങ്ങി നടന്നപ്പോൾ ഓർത്തു, രാജസ്ഥാനിൽ വന്ന് നോൺ വെജ് അന്വേഷിച്ചിട്ട് വലിയ കാര്യമൊന്നുമില്ല, വെജിറ്റേറിയൻ തിന്നുന്ന നാട്ടിൽ ചെന്നാൽ വെണ്ടയ്ക്കയുടെ നടുക്കണ്ടം തന്നെ തിന്നുന്നതാകും നല്ലത്. അല്ലെങ്കിലും, ആദ്യം പറഞ്ഞ ബിഷ്ണോയികളുടെ കഥയുമായി ഈ നായാട്ടു ചരിത്രം തീരെയങ്ങോട്ട് സിങ്കാകുന്നുമില്ല...!

പക്ഷേ, വൈൻ ഷോപ്പുകൾക്ക് ആ പരിമിതികളൊന്നുമില്ല. കുങ്കുമപ്പൂവിട്ടു വാറ്റിയ ദേശി ദാരു മുതൽ ഇംപോർട്ടഡ് ഐറ്റംസ് വരെ ഒരേ സ്ഥലത്ത്. അശോക് ഗെഹ്‌ലോട്ടിന്‍റെ ബ്രാൻഡ് എന്നു പറഞ്ഞാണ് സർക്കാരുണ്ടാക്കുന്ന ഐറ്റം പരിചയപ്പെടുത്തിത്തന്നത്. ജവാന്‍റെ രാജസ്ഥാനി പതിപ്പായിരിക്കാം.

രാജസ്ഥാനിലെ പരമ്പരാഗത നാടോടി നൃത്തരൂപമായ ഘൂമർ | Ghoomar, the traditional folk dance of Rajasthan
രാജസ്ഥാനിലെ പരമ്പരാഗത നാടോടി നൃത്തരൂപമായ ഘൂമർ | Ghoomar, the traditional folk dance of RajasthanMetro Vaartha

മടക്കരാത്രി

രാത്രി തിരിച്ചു നടക്കുമ്പോഴേക്ക് ഹരി മഹലിനു മുന്നിലെ ഓവർബ്രിഡ്ജ് മുഴുവൻ ത്രിവർണത്തിൽ പ്രകാശിച്ചു തുടങ്ങിയിരുന്നു. പിറ്റേന്ന് ഓഗസ്റ്റ് പതിനഞ്ചാണ്.

എവിടെയെങ്കിലും വെറുതേ നിൽക്കുന്നതു കണ്ടാൽ ദൂരെനിന്നേ ഓടിച്ചുകൊണ്ടു വന്ന് അടുത്ത നിർത്തി സവാരിക്കു ക്ഷണിക്കുന്ന ഓട്ടോ റിക്ഷക്കാരുടെ പ്രധാന താവളങ്ങളിലൊന്ന് അവിടെയായിരുന്നു. വരുന്നില്ലെന്നു പറഞ്ഞാലും ഭാവഭേദമൊന്നുമില്ലാതെ തിരിച്ചു വണ്ടിയോടിച്ചു പോകുന്നവർ.

ഓവർബ്രിഡ്ജിനടുത്തുള്ള പെട്ടിക്കടയിൽ ചായയും കാത്തുനിൽക്കുമ്പോൾ ജോധ്പൂരിലെ അവസാനത്തെ രാത്രിയും കനത്തുതുടങ്ങിയിരുന്നു. നീല നഗരം കാട്ടിത്തന്ന നിറവ്യത്യാസങ്ങൾ മനസിൽ ഘനീഭവിച്ചുകഴിഞ്ഞിരുന്നു....

(അവസാനിച്ചു)