വി.കെ. സഞ്ജു
ചിരിക്കുന്ന സൗരവ് ഗാംഗുലിയും ബനിയനിട്ട സല്‍മാന്‍ ഖാനും തൊഴുതു നില്‍ക്കുന്ന മമത ബാനര്‍ജിയും നിറഞ്ഞ ഫ്ലക്‌സ് ബോര്‍ഡുകള്‍ റോഡിന് ഇരുവശവും. റെസ്റ്ററന്‍റുകളിലെ ദുര്‍ഗാ പൂജ സ്‌പെഷ്യല്‍ വിഭവങ്ങളുടെ ചിത്രങ്ങളില്‍ ഫിഷ് ഫ്രൈ പ്രത്യേകം മൊരിഞ്ഞു കിടന്നു. നിറം മങ്ങിയ ചുവരുകളില്‍ അപൂര്‍വമായെങ്കിലും തൃണമൂലിനോടു പടവെട്ടാന്‍ നില്‍ക്കുന്ന അരിവാള്‍ച്ചുറ്റികയുടെ കനല്‍ത്തരികള്‍....
ദംദമില്‍ നിന്ന് ജോധ്പൂര്‍ ഗാര്‍ഡന്‍സിലേക്ക് 26 കിലോമീറ്ററുണ്ട്. ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഇലക്‌ട്രിക് ബസുകളിലൊന്നിനടുത്ത് ചെന്ന് വഴി ചോദിച്ചതേ ഓര്‍മയുള്ളൂ. നിര്‍ബന്ധപൂര്‍വം പിടിച്ച് അകത്തിട്ടതാണ്, ബാക്ക് പാക്ക് സഹിതം.
എയര്‍പോര്‍ട്ട് മേഖല കഴിഞ്ഞതോടെ വലുതും ചെറുതുമായ പൂജാ പന്തലുകള്‍ കണ്ടു തുടങ്ങി. ദേവിക്ക് എവിടെയും ഒരേ രൂപമാണ്. ജീവന്‍ തുടിക്കുന്ന ശില്‍പ്പഭംഗി എന്നൊന്നും പറയാനില്ല. ചുവര്‍ ചിത്രശൈലിയെ ഓര്‍മിപ്പിക്കുന്ന ഏകീകൃത മുഖച്ഛായ മാത്രം. പക്ഷേ, ത്രിശൂലത്തിനു കീഴില്‍ മരണാസന്നനായി കിടക്കുമ്പോഴും, 'കൊല്ലാം തോല്‍പ്പിക്കാനാവില്ല' എന്ന ഭാവത്തോടെ വാളുയര്‍ത്തിപ്പിടിച്ചിരിക്കുന്ന മഹിഷാസുരന് ചില പന്തലുകളില്‍ നടന്‍ ജയന്‍റെ ഛായ തോന്നും. ഇങ്ങനെ ശിവനും പാര്‍വതിയും ഗണപതിയും സുബ്രഹ്മണ്യനും അടക്കം മറ്റു കഥാപാത്രങ്ങള്‍ക്കെല്ലാം ദേവിയെ അപേക്ഷിച്ച് 'ഒറിജിനാലിറ്റി' ലേശം കൂടും.
ടോളി ഗഞ്ച് വരെയുള്ള ബസാണ്. അര മണിക്കൂര്‍ കഴിഞ്ഞിട്ടും കണ്ടക്റ്റര്‍ ഡ്രൈവറുമായി സൊറ പറഞ്ഞിരിക്കുന്നതേയുള്ളൂ. ടിക്കറ്റ് കൊടുക്കാനുള്ള മട്ടൊന്നുമില്ല. ഇതിനി ഫ്രീയായിരിക്കുമോ?! എല്ലാ സ്റ്റോപ്പിലും നിര്‍ത്തിയാണ് പോക്കെങ്കിലും ആകെ അഞ്ചാറ് ആളേ കയറിയിട്ടുള്ളൂ. കയറിയവരാരും ഇതുവരെ ഇറങ്ങിയിട്ടുമില്ല. ഹിന്ദിയില്‍ അങ്ങോട്ട് ചോദിക്കുന്നതൊക്കെ അവര്‍ക്ക് മനസിലാവുന്നുണ്ട്. പക്ഷേ, മറുപടി ബംഗാളിയിലാണ്, ഒരെത്തുംപിടിയും കിട്ടുന്നില്ല. ഇടയ്‌ക്കെവിടെയോ പ്രശസ്തമായ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിന്‍റെ ബോര്‍ഡ് കണ്ടു. ചാരു മാര്‍ക്കറ്റ് സ്റ്റോപ്പിലാണ് ഇറങ്ങേണ്ടത്. ഒടുവില്‍ ഗൂഗ്ള്‍ മാപ്പ് തന്നെ ആശ്രയമായി. ഇറങ്ങാന്‍ നേരം 45 രൂപ വാങ്ങി ടിക്കറ്റും തന്നു.
സുഹൃത്ത് മോണിങ് വോക്കിനിടെ പിക്ക് ചെയ്യാനെത്തി. ഫ്ലാറ്റ് വരെ നടന്നെത്താന്‍ മുക്കാല്‍ മണിക്കൂർ. കഷ്ടിച്ച് 150 മീറ്റര്‍ ദൂരമാണ് ആ ചുറ്റി വളഞ്ഞ് നടന്നതെന്ന് അടുത്ത ദിവസമാണ് മനസിലായത്. നാലു ദിവസത്തേക്ക് നോണ്‍സ്റ്റോപ്പ് വോക്കിങ് മോഡ് സെറ്റ് ചെയ്തിരുന്നതുകൊണ്ട് അതൊരു ഇഷ്യു ആക്കിയില്ല.
യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആറു ദിവസത്തെ ഉത്സവം-മഹാ ഷഷ്ടി മുതല്‍ ദസറ വരെ. ഇടവഴികളിലൂടെയൊന്നും വാഹനങ്ങള്‍ കടത്തിവിടുന്നില്ല. ചെറിയ റോഡുകള്‍ പൂര്‍ണമായി അടച്ചാണ് ചില പൂജ പന്തലുകള്‍. അതെല്ലാം കാണാന്‍ നടത്തം മാത്രമാണു മാര്‍ഗം. അതിന്‍റെ ഒരു കര്‍ട്ടന്‍ റെയ്‌സറായിരുന്നു അതിരാവിലെ ഉറക്കപ്പിച്ചിലുള്ള നടത്തം.
പോകുന്ന വഴിക്ക് ലുച്ചി കഴിച്ചു. നമ്മുടെ പൂരി പോലൊരു ഐറ്റം. കൂടെ അണ്‍ ലിമിറ്റഡ് കിഴങ്ങുകറിയും പേരറിയാത്ത ഒരു മധുര പലഹാരവും. ബ്രേക്ക്ഫാസ്റ്റ് മുതല്‍ മധുരം മസ്റ്റാണ് അന്നാട്ടുകാര്‍ക്ക്. പല്ലുതേയ്ക്കാഞ്ഞ കൊണ്ടാണോ എന്തോ നല്ല ടേസ്റ്റ്. ഏതായാലും 17 രൂപയ്ക്ക് ഒരു നേരത്തെ ഫുഡ് കുശാല്‍!
അന്നേക്ക് ദുര്‍ഗാഷ്ടമി. ദേവിയെപ്പോലെ അണിഞ്ഞൊരുങ്ങിയ സ്ത്രീകളാണ് എവിടെയും. ഡ്രസിങ്ങിലും ആറ്റിറ്റ്യൂഡിലും ഒരു പോലെ ബോള്‍ഡ്. പഴയ സൗരവ് ഗാംഗുലിയെപ്പോലെ പൊടി മീശയും പാതി മയങ്ങിയ കണ്ണുകളുമുള്ള പുരുഷന്‍മാര്‍ക്കാകട്ടെ, സദാ അലസഭാവം. പൂജ പന്തലുകളിലെ സുബ്രഹ്മണ്യനും ദേവിയുടെ മകുടത്തിലെ മഹേശ്വരനും വരെ കാണാം അവര്‍ക്കുള്ളതുപോലെ നനുത്ത മീശകള്‍.
ചുവന്ന ബോര്‍ഡറുള്ള വെള്ള സാരിയാണ് സ്ത്രീകള്‍ക്ക് അന്നത്തെ വേഷം. കൗമാരം വിടാത്ത കുട്ടികള്‍ പോലും പട്ടുസാരിയുടുക്കും. മഞ്ഞ കുര്‍ത്തയും വെള്ള പൈജാമയുമാണ് പുരുഷന്‍മാരുടെ ഡ്രസ് കോഡ്.
നാലു ദിവസംകൊണ്ടൊന്നും ഒരു നഗരത്തെയും അളക്കാനാവില്ല. പക്ഷേ, പൂജയുടെ പളപളപ്പുകള്‍ കുറഞ്ഞ മഹാനവമി ദിവസത്തെ കോൽക്കൊത്ത ഒറ്റ ദിവസം കൊണ്ട് മറ്റേതോ ലോകം പോലെയായി.
ബസിലാണ് ഹൗറയില്‍ ചെന്നിറങ്ങുന്നത്. രബീന്ദ്ര സേതു, അതായത്, പ്രശസ്തമായ ഹൗറ ബ്രിഡ്ജ് തന്നെ ലക്ഷ്യം. പണ്ടേതോ പുസ്തകത്തില്‍ നിന്നോ സിനിമയില്‍ നിന്നോ മനസില്‍ കയറിക്കൂടിയ കോല്‍ക്കൊത്തയുടെ പരിചിതമുഖം, ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം. അവിടത്തെ തിരക്കിന് വെള്ളയും ചുവപ്പും ബോര്‍ഡറില്ല, കടുമഞ്ഞയുടെ പൊലിമയില്ല, പച്ചജീവിതത്തിന്‍റെ പരക്കം പാച്ചില്‍ മാത്രം.
പാലത്തിലേക്ക് കയറും മുന്‍പ് താഴെ ഫ്ലവര്‍ മാര്‍ക്കറ്റ് കാണാം. അഴുക്കും ചെളിയും നിറഞ്ഞ വെറും തറയിലൂടെ അറപ്പില്ലാതെ നടക്കുന്ന മനുഷ്യരെ മാത്രം കാത്തിരിക്കുന്ന വിടര്‍ന്ന പൂക്കളുടെ വര്‍ണരാജി. പാലത്തില്‍ കയറിയാല്‍ ഹൂഗ്ലി നദിയിലെ മാലിന്യങ്ങള്‍ മുഴുവന്‍ അടിഞ്ഞുകൂടുന്ന ഘട്ടുകള്‍ താഴെ. തിരക്കുപിടിച്ച ബോട്ട് ജെട്ടി.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഇടയ്‌ക്കെപ്പോഴോ കോല്‍ക്കൊത്തയെയും നനച്ചു പോയിരുന്നു. മെട്രൊ സ്റ്റേഷന്‍ അന്വേഷിച്ച് വഴി തെറ്റി നടന്നത് പാലത്തിന്‍റെ മറുവശത്തുള്ള മാര്‍ക്കറ്റിലൂടെ. കിലോമീറ്ററുകള്‍ ദൈര്‍ഘ്യമുള്ള മാര്‍ക്കറ്റ്. എത്ര ശ്രമിച്ചാലും ചെളിയില്‍ ചവിട്ടാതെ അവിടം മറികടക്കാനാവില്ല. ഇടയ്ക്കിടെ നാലു വശത്തേക്കും സദാ വെള്ളമൊഴുകുന്ന കോണ്‍ക്രീറ്റ് പീഠങ്ങള്‍. ടാപ്പ് ഘടിപ്പിക്കാത്ത വാട്ടര്‍ പൈപ്പുകളാണതിലെല്ലാം. കുളിക്കാനും കുടിക്കാനും വണ്ടി കഴുകാനുമെല്ലാം ഇതുപയോഗിക്കും. പബ്ലിക് യൂറിനലുകളുടെ തറയിലേക്കും ഇതുപോലെ നിരന്തരം വെള്ളം ഒഴുകിക്കൊണ്ടിരിക്കും. ന്യൂനമര്‍ദമൊന്നുമില്ലെങ്കിലും മാര്‍ക്കറ്റ് എപ്പോഴും നനഞ്ഞു കുഴഞ്ഞു തന്നെ. മത്സ്യ-മാംസ മാര്‍ക്കറ്റിനു നടുവിലും കണ്ടു ഒരു പൂജ പന്തല്‍.
കൊച്ചി മെട്രൊയുടെ ഓര്‍മയില്‍ ഒരു നഗരപ്രദക്ഷിണമാവാം എന്ന പ്രതീക്ഷയിലാണ് മെട്രൊ സ്റ്റേഷനില്‍ ചെന്നു കയറുന്നത്. അവിടെയുമുണ്ട് കാല് കഴുകാന്‍ സദാ വെള്ളമൊഴുകുന്ന പൈപ്പ്. ഭൂഗര്‍ഭ പാതയാണെന്നു കണ്ടതോടെ പരിപാടി മാറ്റി താമസ സ്ഥലത്തിനടുത്തേക്കുള്ള ടിക്കറ്റെടുത്തു. ട്രെയ്നിൽ കാല് കുത്താനിടമില്ലാത്ത തിരക്ക്. ഇന്ത്യയിലെ ആദ്യ മെട്രൊയാണ്, ഇന്ത്യന്‍ റെയ്ല്‍വേ നേരിട്ട് ഓപ്പറേറ്റ് ചെയ്യുന്ന ഏക മെട്രൊ പ്രോജക്റ്റ്. ഡല്‍ഹിയില്‍ രാജ്യത്തെ രണ്ടാമത്തെ മെട്രൊ പദ്ധതി 2004ല്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ കോല്‍ക്കൊത്ത മെട്രൊയ്ക്ക് 20 വയസ് പിന്നിട്ടിരുന്നു!
പക്ഷേ, ഇന്ത്യയില്‍ ഏത് വന്‍ നഗരവും സ്വപ്നം കണ്ടു തുടങ്ങും മുന്‍പ്, ഇന്നത്തെ കാലത്തും ആധുനികം എന്നു വിളിക്കപ്പെടുന്നൊരു ആശയം 1984ല്‍ തന്നെ പാളത്തില്‍ കയറ്റിയ ഈ 'പഴയ' മഹാനഗരത്തിന്‍റെ വികസനം ഇപ്പോഴും ആ കാലഘട്ടത്തിലെവിടെയോ മരവിച്ചു നില്‍ക്കുന്നതു പോലെ തോന്നിക്കുന്നതാണ് പല നഗരക്കാഴ്ചകളും. ഫ്ലൈ ഓവറുകളുടെയും അണ്ടര്‍ പാസുകളുടെയും ബൃഹത്തായ ശൃംഖലകളുണ്ടായിട്ടും എട്ടു വരിയില്‍ വീര്‍പ്പുമുട്ടുന്ന നഗരപാതകള്‍. ഫുട്‌പാത്തിലെ നാമമാത്ര കച്ചവടക്കാർ. പെട്ടിക്കടയോടു ചേര്‍ത്ത് വലിച്ചു കെട്ടുന്ന ടാര്‍പായകള്‍ക്കു താഴെ കുട്ടികളടക്കമുള്ള കുടുംബങ്ങളുടെ നിത്യജീവിതം. നഗരമധ്യത്തില്‍ ത്രസിച്ചു നില്‍ക്കുന്ന ദാരിദ്ര്യത്തിന്‍റെ നേര്‍ക്കാഴ്ചകള്‍. ദുര്‍ഗാ പൂജയ്ക്ക് സ്ഥാപിച്ച സ്‌പെഷ്യല്‍ ഫ്ലക്‌സ് ബോര്‍ഡുകള്‍ അഴിച്ചുമാറ്റിയാല്‍ പിന്നില്‍ ഏറെയും പഞ്ഞം പിടിച്ച കെട്ടിടങ്ങള്‍.
മാറ്റങ്ങളോടു മുഖം തിരിച്ചു നിൽക്കുന്ന മഹാനഗരം. അതിന്‍റെ പല പഴഞ്ചന്‍ ഫ്രെയിമുകളും ചിലപ്പോഴൊക്കെ സന്ദർശകർക്ക് റൊമാന്‍റിക് ദൃശ്യങ്ങളായെന്നിരിക്കും. രണ്ടു പേര്‍ക്ക് യാത്ര ചെയ്യാവുന്ന സൈക്കിള്‍ റിക്ഷകള്‍; അംബാസഡര്‍ കാറുകള്‍ക്ക് വംശനാശം സംഭവിച്ചിട്ടില്ലെന്ന് ഓര്‍മിപ്പിക്കുന്ന മഞ്ഞ ടാക്‌സികള്‍; റോഡിലെ പാളത്തിലോടുന്ന ട്രാമുകള്‍....
കാലങ്ങളായി കോല്‍ക്കൊത്തയുടെ മുഖമുദ്ര തന്നെയായ ട്രാമിനു വേണ്ടിയുള്ള അന്വേഷണം ആദ്യം നിരാശയിലാണ് അവസാനിച്ചത്. അവധി ദിവസമായതു കൊണ്ട് സര്‍വീസില്ലെന്ന് വെള്ള യൂണിഫോമിട്ട സൗമ്യനായ പോലീസുകാരന്‍റെ ഇന്‍ഫൊര്‍മേഷന്‍. നടുറോഡില്‍ തലങ്ങും വിലങ്ങും വിരിച്ച ട്രാമിന്‍റെ പാളങ്ങളില്‍ നോക്കി നെടുവീര്‍പ്പിട്ട് ബസ് സ്റ്റോപ്പിലേക്കുള്ള വഴി തേടി.
അടുത്ത ദിവസം ബേക്ക്ഡ് രസ്‌ഗുല അന്വേഷിച്ച് നടക്കുന്നതിനിടെയാണ് അവിചാരിതമായി റോഡിന് എതിര്‍വശത്തുകൂടി ട്രാം പോകുന്നത് കണ്ടത്. രണ്ടു ബോഗി മാത്രമുള്ള ടോയ് ട്രെയ്ന്‍ പോലൊരു വണ്ടി. മുന്നിലെ ഡ്രൈവര്‍ ക്യാബിന്‍ നോക്കി ചുമ്മാ കൈ കാണിച്ചു. ഞെട്ടിച്ചു കൊണ്ട് വണ്ടി അല്‍പ്പം മുന്നോട്ടു പോയി മെല്ലെ നിന്നു. റോഡിലെ ഡിവൈഡര്‍ മറികടക്കാന്‍ 50 മീറ്ററെങ്കിലും പിന്നോട്ടു പോകണം. ഓട്ടത്തിനിടെ നോക്കുമ്പോള്‍, സാവകാശം വന്നാല്‍ മതിയെന്ന് ആംഗ്യം കാണിക്കുന്ന കണ്ടക്റ്റര്‍. കൈ കാണിച്ചാല്‍ നിര്‍ത്തുന്ന ട്രെയിനിലേക്ക് ചാടിക്കയറുമ്പോള്‍ ആകെ രണ്ടു യാത്രക്കാര്‍ മാത്രം. തിരക്കുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ള വാഹനമല്ല ട്രാം. ഫോര്‍ട്ട് കൊച്ചി - മട്ടാഞ്ചേരി ബോട്ടിനെ ഓര്‍മിപ്പിക്കുന്ന ഇന്‍റീരിയര്‍. അതിലും അറുപഴഞ്ചനായ, പലകയടിച്ച തറ. പാതി മാത്രം തുറക്കാവുന്ന ചില്ലു ജാലകങ്ങള്‍ക്കു മുകളില്‍ ഫ്രീ വൈഫൈയുടെ ക്യുആര്‍ കോഡ് പ്രിന്‍റെടുത്ത് ഒട്ടിച്ചിരിക്കുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാന പാദം മുതല്‍ ഇന്ത്യയില്‍ ട്രാം സര്‍വീസുണ്ട്. തുടക്കം കോല്‍ക്കൊത്തയില്‍ തന്നെ, 1873ല്‍. പിന്നാലെ മുംബൈ, നാസിക്, ചെന്നൈ, കാണ്‍പൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍. കുതിര വലിക്കുന്ന ട്രാമുകളായിരുന്നു ആദ്യം. പിന്നീട് ഇലക്ട്രിക്കായി. രാജ്യത്ത് ഇന്നും ട്രാം സര്‍വീസ് തുടരുന്നത് കോല്‍ക്കൊത്തയില്‍ മാത്രം.
സന്ധ്യ മയങ്ങിക്കഴിഞ്ഞിരുന്നു. ബാറും പബ്ബും ഹുക്കാ ലോഞ്ചുമൊക്കെയായി രാത്രി ജീവിതം സജീവമായ നഗരവീഥികള്‍. അവിടെ ലിംഗ സമത്വം മാത്രമല്ല, ഒരല്‍പ്പം സ്ത്രീമേധാവിത്വം തന്നെ കാണാം. നവരാത്രി ആഘോഷിക്കാന്‍ പരമ്പരാഗത വേഷങ്ങളണിഞ്ഞ സ്ത്രീകള്‍ അതേ വേഷത്തില്‍ റോഡരികില്‍ നിന്ന് പുകവലിക്കുന്നുണ്ടാവും. അവര്‍ ബാറില്‍ പോയി മദ്യപിക്കുകയോ ആഘോഷമായി നൃത്തം ചെയ്യുകയോ ചെയ്‌തെന്നു വച്ച് സദാചാരക്കുരുക്കളൊന്നും പൊട്ടാറില്ല. ''ഉടുപ്പിന്‍റെ ഇറക്കത്തിലല്ല, ബുദ്ധിയുടെ വലുപ്പത്തിലാണ് കാര്യം'' എന്നവർക്കറിയാം.
ദുര്‍ഗാ പൂജ സീസണില്‍ ഈ നഗരം ഉറങ്ങാറില്ലെന്നാണു പറയുക. പാലും പഞ്ചസാരയും ചേര്‍ത്തുണ്ടാക്കുന്ന സന്ദേശ് എന്ന മധുര പലഹാരം നിരത്തിവച്ച കടകളിലെ ചില്ലലമാരകള്‍ രാത്രി വൈകുവോളം പ്രകാശമാനമായിരിക്കും.
റെസ്റ്ററന്‍റുകളില്‍ നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളുടെ വൈവിധ്യം. ഉത്തരേന്ത്യന്‍ ഓര്‍മകളുടെ ഹാങ്ങോവര്‍ ഉണ്ടായിരുന്നതിനാല്‍ മെനുവിലെ ബീഫ് ഇനങ്ങള്‍ തെല്ലൊന്ന് അമ്പരപ്പിച്ചു.
''ഇവിടെ ഇതിന് റെസ്ട്രിക്ഷനൊന്നുമില്ലേ'' എന്ന് അദ്ഭുതം കൂറിയപ്പോൾ, ''റെസ്ട്രിക്ഷനോ, എന്നു വച്ചാലെന്താ'' എന്ന് കൂടെയുണ്ടായിരുന്ന ബംഗാളി സുഹൃത്തിന്‍റെ പരിഹാസം! ഇന്ത്യയില്‍ എവിടെയെങ്കിലും ഒരു ഭക്ഷണ വിഭവത്തിന് നിയന്ത്രണമുണ്ടെന്നു പോലും വിശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നത്ര സ്വതന്ത്ര ചിന്തയുള്ളൊരു ജനത; ട്രാമിലും ടാക്‌സിയിലും വരെ യഥേഷ്ടം സിഗരറ്റ് വലിക്കുന്നവര്‍.
ബീഫ് ബിരിയാണിയെക്കാൾ ഇവിടെ വെജ് ബിരിയാണിക്കാണത്രെ വില കൂടുതൽ, അതില്‍ രണ്ട് മുട്ടയും വലിയൊരു ഉരുളക്കിഴങ്ങും കൂടി പുഴുങ്ങി വച്ചിട്ടുണ്ടാവും. അങ്ങനെ, പരിചിതമല്ലാത്ത വിഭവങ്ങള്‍ പരമാവധി പരീക്ഷിക്കുക എന്ന ലക്ഷ്യവുമായി ചെന്നു കയറുന്നത് തലേ ദിവസം അണ്ഡാ-ചിക്കൻ റോൾ കഴിച്ച കടയുടെ അടുത്ത് മറ്റൊരു സ്ട്രീറ്റ് ഫുഡ് സ്റ്റോളിൽ. നമ്മുടെ തട്ടുകട പോലെ തന്നെ. അവിടെ നിന്നൊരു മുഗളായ് പൊറോട്ട. മേമ്പൊടിക്ക് ഒരു പൈനാപ്പിള്‍ ബ്ലോസം.
കടുകെണ്ണയില്‍ വറുത്ത മീന്‍ പ്രത്യേകം തയാറാക്കിയ ഗ്രേവിയില്‍ പൊതിഞ്ഞു വയ്ക്കുന്ന കറി ബംഗാളിന്‍റെ തനത് വിഭവമാണ്, അതു ഹോം മെയ്ഡ് തന്നെ കിട്ടിയിരുന്നു. പക്ഷേ, പശ്ചിമ ബംഗാളിന്‍റെ സംസ്ഥാന മത്സ്യവും ബംഗ്ലാദേശിന്‍റെ ദേശീയ മത്സ്യവുമായ ഹില്‍സയ്ക്കു വേണ്ടിയുള്ള അന്വേഷണം വിഫലമായി. നൂറ് ഗ്രാമിന് ആയിരം രൂപയ്ക്കു മുകളിലാവുമെന്നു മാത്രം മെനുവില്‍നിന്നു മനസിലായി.
ഇന്ത്യയിലെ ഫ്യൂഷന്‍ ഫുഡ് ക്യാപ്പിറ്റല്‍ എന്നു വേണമെങ്കില്‍ വിളിക്കാം കോല്‍ക്കൊത്തയെ. ബീഫിന്‍റെ കാര്യം പറഞ്ഞതു പോലെ, ഒന്നും നിഷിദ്ധമല്ല ഇവിടത്തെ റെസിപ്പികളില്‍. ഇഡ്ഡലി അടക്കം ദക്ഷിണേന്ത്യന്‍ വിഭവങ്ങളും സുലഭം. പക്ഷേ, ഏതു 'വിദേശ' ഭക്ഷണം കിട്ടിയാലും അതിനെ ബംഗാളി ഫ്യൂഷനാക്കി മാറ്റാന്‍ അവര്‍ക്കൊരു പ്രത്യേക വൈഭവമാണ്. ഇന്ത്യയില്‍ ഇന്നു ലഭ്യമായ ചൈനീസ് വിഭവങ്ങളില്‍ ഏറെയും യഥാര്‍ഥത്തില്‍ കോല്‍ക്കൊത്തയുടെ ഫ്യൂഷന്‍ വെര്‍ഷനുകളാണെന്നത് പുതിയ അറിവായിരുന്നു. റോളുകളും മോമോസും വില്‍ക്കുന്ന സ്റ്റോളുകള്‍ സമൃദ്ധം. വില പൊതുവേ കേരളത്തിലേതിനെക്കാള്‍ കുറവും.
പക്ഷേ, ഓര്‍മയുടെ രസമുകുളങ്ങളില്‍ കടുകെണ്ണയില്‍ വറുത്ത മീനിനെക്കാള്‍ മുകളില്‍ നില്‍ക്കുന്നുണ്ട്, കുങ്കുമപ്പൂ വിതറിയ കൊഴുപ്പുള്ള ചായ. അഞ്ച് രൂപ മുതല്‍ അമ്പത് രൂപ വരെയുള്ള ചായ വൈവിധ്യം വഴിയോരക്കടകളില്‍ പോലും സാധാരണം. പല രൂപത്തില്‍, പല വലുപ്പത്തില്‍, പല ഡിസൈനിലുള്ള മണ്‍ കപ്പുകളിലാണ് ഫുട്‌പാത്ത് മുതല്‍ എയര്‍പോര്‍ട്ട് വരെയുള്ള കടകളിലെല്ലാം ചായ കൊടുക്കുന്നത്. ഡിസ്‌പോസിബിള്‍ ആണെങ്കിലും കളയാന്‍ തോന്നാത്തത്ര ഭംഗിയുള്ള കപ്പുകള്‍.
ഹൂഗ്ലിയുടെ തീരത്ത് ആഘോഷങ്ങളുടെ അലയടങ്ങുന്നതേയില്ല. 12 മാസത്തില്‍ 13 ഉത്സവങ്ങള്‍. പല സംസ്കാരങ്ങൾ പറിച്ചു നട്ട നഗരമെന്ന നിലയിലാകാം ആഘോഷങ്ങളുടെ ഈ ആധിക്യം.
ഇന്ത്യയിലെ മെട്രൊ നഗരങ്ങളിൽ വച്ച് ഏറ്റവും ചെറുപ്പം കോൽക്കൊത്തയ്ക്കായിരിക്കും. കാരണം, സ്വാഭാവികമായി വളർന്നുവന്ന ഒരു നഗരമല്ല ഇത്. ഹൂഗ്ലി നദിയുടെ കിഴക്കേ തീരത്തെ ചതുപ്പിൽ ബ്രിട്ടീഷുകാർ കെട്ടിപ്പൊക്കിയതാണ്. പിന്നീട് അവരുടെ ആദ്യത്തെ തലസ്ഥാനവുമായി. അതുകൊണ്ടു തന്നെ ബ്രിട്ടീഷ് ഭരണകാലത്തിനു മുൻപുള്ള ചരിത്രത്തിന്‍റെ ശേഷിപ്പുകളൊന്നും കോൽക്കൊത്തയിൽ കാണാനാവില്ല.
ഇവിടെ ഇപ്പോൾ കാണുന്ന തരത്തിലുള്ള സമൂഹ ദുർഗാ പൂജയ്ക്കു പോലും 112 വർഷത്തെ ചരിത്രം മാത്രമാണുള്ളത്.
നവരാത്രി സങ്കല്‍പ്പമൊക്കെ കേരളത്തിലേതിനു സമാനമാണെങ്കിലും, നമ്മൾ വിജയദശമിക്കു നടത്തുന്ന വിദ്യാരംഭമൊന്നും ബംഗാളില്‍ ഇല്ല. സരസ്വതീദേവിയുടെ ജയന്തി ദിനമായി ആഘോഷിക്കുന്ന മാഘ മാസത്തിലെ വസന്തപഞ്ചമിക്കാണ് (ജനുവരി-ഫെബ്രുവരി) അവിടെ കുട്ടികളെ ആദ്യക്ഷരം എഴുതിക്കുന്ന ചടങ്ങ്- ഹാതെ ഘൊരി.
അഷ്ടമി കഴിയുന്നതോടെ ഉത്സവാന്തരീക്ഷം ശാന്തമായിത്തുടങ്ങും. നവമിക്കും ദസറയ്ക്കും ആചാരപരമായ ചടങ്ങുകളാണ് അധികവും, ആഘോഷങ്ങള്‍ കുറവ്. ഇക്കുറി രണ്ടു ദിവസം കൂടി കഴിഞ്ഞായിരുന്നു പ്രധാനപ്പെട്ട വിഗ്രഹ നിമജ്ജനങ്ങള്‍. പിന്നെയും മൂന്നാഴ്ചയോളം കഴിഞ്ഞ് ചടങ്ങുകള്‍ ബാക്കിയുണ്ട്. അതിനിടെ ദീപാവലി എത്തും. ദുര്‍ഗയുടെ ഉത്സവത്തിനു ശേഷം കാളീഘട്ടം അതിന്‍റെ അധിദേവതയായ കാളിയുടെ ഉത്സവത്തിന് ഒരുങ്ങുകയായി.
സിറ്റി ഒഫ് ജോയ് എന്നു കോല്‍ക്കൊത്തയെ വിളിക്കാന്‍ കാരണം ഇങ്ങനെ അവസാനമില്ലാതെ കിടക്കുന്ന ഉത്സവാഘോഷങ്ങളുടെ ദിനരാത്രങ്ങള്‍ കൂടിയാണ്; അതില്‍ സംസ്‌കാരത്തിന്‍റെയും സാഹിത്യത്തിന്‍റെയും ചരിത്രത്തിന്‍റെയും നിറക്കൂട്ടുകളുണ്ട്; കടുകെണ്ണ മണമുള്ള പാചകപ്പുരകളുടെ രുചിസമൃദ്ധിയുണ്ട്; പഞ്ചസാരപ്പാനിയില്‍ കുതിര്‍ന്ന പാല്‍പ്പേടയിലെ വര്‍ണപ്രപഞ്ചവുമുണ്ട്....