എം. കെ. ഹരികുമാർ
മഹാനായ റഷ്യൻ സാഹിത്യകാരൻ ടോൾസ്റ്റോയ് "എ കൺഫഷൻ' എന്നൊരു ചെറിയ പുസ്തകമെഴുതിയിട്ടുണ്ട്. 1882 ലാണ് ഇത് റഷ്യയിൽ പ്രചരിച്ചതെന്ന് 93 പേജുള്ള ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1888 ലാണ് വാട് ഐ ബിലീവ് എന്ന കൃതി അദ്ദേഹം രചിക്കുന്നത്. ദ് ഗോസ്പൽ ഇൻ ബ്രീഫ് 1883 ൽ പ്രസിദ്ധീകരിച്ചു. 1921 ലാണ് പ്രശസ്ത ടോൾസ്റ്റോയ് പരിഭാഷകനായ അയൽമർ മോദേ ഇത് ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്നത്. മനുഷ്യരുടെ ജീവിതത്തെ ബാഹ്യമായും ആന്തരികമായും ബാധിക്കുന്ന കാര്യങ്ങളെ ഉപരിപ്ളവമായി നോക്കി കാണുകയല്ല ടോൾസ്റ്റോയ് ചെയ്തിരുന്നത്. അതിനുള്ളിലേക്ക് കയറി ആത്യന്തികമായ അർഥങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിച്ചു. സാഹിത്യകലയുടെ മർമം നൂറിൽ രണ്ടോ മൂന്നോ പേർക്ക് മാത്രമാണ് മനസിലാകുന്നത്.
അവർക്ക് മാത്രമേ ഇതുപോലൊരു പുസ്തകമെഴുതി തങ്ങളെ ആവേശിച്ചിരുന്ന ഉത്ക്കണ്ഠകളും തൃഷ്ണകളും എന്തായിരുന്നുവെന്ന് സ്വയം അന്വേഷിക്കാൻ സാധിക്കുകയുള്ളൂ.ടോൾസ്റ്റോയി കേട്ടാൽ ഇമ്പമുള്ള വാക്കുകൾ കൊണ്ട് അയഥാർഥമായ ചില വസ്തുതകളെ ഒരു വിരോധാഭാസമാക്കുന്ന തരത്തിൽ കൂട്ടിയോജിപ്പിച്ച് വായനക്കാരെ അന്ധാളിപ്പിക്കുകയല്ല ചെയ്തത്. ഏതു വസ്തുവിനെക്കുറിച്ച് എഴുതിയാലും അതിൽ നിന്ന് ഗ്രഹിക്കാനും സ്വാംശീകരിക്കാനും ചിലതുണ്ടാകണം. അത് ഒരു വീക്ഷണമായിരിക്കാം, അല്ലെങ്കിൽ ഒരാൾ ഗത്യന്തരമില്ലാതെ എത്തിച്ചേരുന്ന കണ്ടത്തലുകളായിരിക്കാം.
അർഥരാഹിത്യത്തിലും സംഗീതം
എല്ലാ അന്വേഷണങ്ങളും ഒരിടത്ത് ചെന്ന് നിൽക്കും. അതിനപ്പുറത്തേക്ക് പോവുക പ്രയാസമാണ്. അവിടെയാണ് തത്ത്വചിന്തയുടെ ആവശ്യം വരുന്നത്. സർവത്ര നിരാശയും ദുഃഖവും കൊണ്ടുവരുന്ന ജീവിതത്തെ ഒരു കലാകാരൻ അർഥശൂന്യമായി കാണുന്നത് സ്വാഭാവികമാണ്.
എന്നാൽ എങ്ങനെയാണ് അത് അർഥരഹിതമായിരിക്കുന്നതെന്ന് സൂക്ഷ്മമായി ഇഴപിരിച്ചു നോക്കുന്നതിന്റെ സംഗീതാത്മകത, ലയം, ധ്യാനം തുടങ്ങിയ ആശയങ്ങൾ കലാകാരൻ ഒഴിവാക്കുന്നില്ല. ജീവിതത്തിന്റെ ആത്യന്തികമായ നേട്ടം പണമോ വസ്തുതവകകളോ പദവിയോ ആണെന്ന് വിചാരിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. അതെല്ലാം അനിവാര്യവുമാണ്, ചില ഘട്ടങ്ങളിൽ. കലാകാരൻ അതിനപ്പുറം പോകേണ്ടതുണ്ട്. അവൻ ജീവിതവും മരണവും തമ്മിലുള്ള സംഘർഷങ്ങളെ കാണാൻ ധൈര്യപ്പെടുന്നു. സ്വന്തം പ്രതിച്ഛായയിലോ അറിവിലോ അഹങ്കരിക്കാതെ നിർമമതയോടെ യാഥാർഥ്യത്തെ സമീപിക്കുന്നു.
ഒരു കാലത്ത് ടോൾസ്റ്റോയി ഇങ്ങനെയാണ് ചിന്തിച്ചത് : ഓരോന്നും വികസിക്കുന്നു, സ്വയം വ്യത്യസ്തമാവുന്നു. സങ്കീർണതയിലേക്കും പൂർണതയിലേക്കുമാണ് അതിന്റെ പ്രയാണം. ഇതിനെ നിയന്ത്രിക്കുന്ന ചില നിയമങ്ങളുണ്ട്. നിങ്ങൾ ഒരു മഹാ ലോകത്തിന്റെ ഭാഗമാണ്. സാകല്യതയെ പരമാവധി മനസിലാക്കുമ്പോൾ, പരിണാമത്തിന്റെ നിയമത്തെ അറിയുമ്പോൾ, സാകല്യതയിൽ നിങ്ങളുടെ ഇടം നിങ്ങൾക്ക് തിരിച്ചറിയാനാകും. അങ്ങനെ നിങ്ങൾക്ക് സ്വയം മനസിലാക്കാനാവും'.
മറ്റൊരു സന്ദർഭത്തിൽ അദ്ദേഹം ഇങ്ങനെ നിരീക്ഷിക്കുന്നു: ചില ആത്മീയതത്ത്വങ്ങളുടെയും ആദർശങ്ങളുടെയും അടിസ്ഥാനത്തിലാണ് മനുഷ്യവംശം ആകെ ചരിക്കുന്നത്. ആ ആദർശങ്ങൾ മതങ്ങളിൽ സ്പഷ്ടമാണ്. ശാസ്ത്രത്തിലും കലയിലും അതുണ്ട്. ഭരണകൂടങ്ങളുടെ രൂപങ്ങളിലും അതുണ്ട്. ആ ആദർശങ്ങൾ വളർച്ച പ്രാപിക്കുന്നതിന നുസരിച്ച് മനുഷ്യവംശം ഉന്നതിയിലെത്തുന്നു'. ടോൾസ്റ്റോയിയുടെ യഥാർഥ ആത്മീയ പ്രതിസന്ധിയുടെ ഭാഗമായാണ് ഇതിനെ കാണേണ്ടത്. ഒരു ഘട്ടത്തിൽ, അദ്ദേഹം ജീവൻ വെടിയുന്നതിനെക്കുറിച്ച് പോലും ആലോചിച്ചതായി എഴുതുന്നുണ്ട്.
ജീവിതം ഒരു നുണ
ശാഖ്യ മുനിയുടെ (സിദ്ധാർഥ രാജകുമാരൻ) കഥ ടോൾസ്റ്റോയ് എഴുതുന്നുണ്ട്. ശാഖ്യമുനിക്ക് ജീവിതത്തിലെ ജരാനരകളും രോഗങ്ങളും കാണാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ യാദൃച്ഛികമായി ആ കാഴ്ചകൾ യാത്രയ്ക്കിടയിൽ കാണുകയാണ്. ഒരു വൃദ്ധനെയും രോഗിയെയും കണ്ട ദിവസങ്ങളിൽ ശാഖ്യമുനി ചിന്താധീനനായി. പിന്നീട് യാത്രയ്ക്കിടയിൽ ഒരാൾ മരിച്ചു കിടക്കുന്നതും കണ്ടു. ജീവിതത്തിൽ ആവർത്തിക്കപ്പെടുന്ന ദുരിതങ്ങൾ എന്തെല്ലാമാണെന്ന് അദ്ദേഹത്തിനു അദ്യമായി മനസിലാവുകയായിരുന്നു. താൻ മരിച്ചാൽ തന്നെ കാത്തിരിക്കുന്നത് മൃതദേഹം ഭക്ഷിക്കാൻ വരുന്ന കീടങ്ങളാണെന്ന ചിന്തയിലേക്ക് അദ്ദേഹം എത്തിച്ചേർന്നത് വഴിത്തിരിവായി. ജീവിതത്തിൽ യാതൊരു ആശ്വാസവും കണ്ടെത്താനാവാതെ കുഴഞ്ഞ ശാഖ്യമുനി ജീവിതം ഏറ്റവും വലിയ തിന്മയാണെന്ന് കണ്ടെത്തുന്നു. അദ്ദേഹം അതിനെതിരെ പോരാടാൻ തീരുമാനിച്ചു. എങ്ങനെ? തന്നെയും തന്റെ ആത്മാവിനെയും ആ തിന്മകളിൽ നിന്നും മോചിപ്പിക്കുക. എന്നാൽ കഴിഞ്ഞുപോയ ജീവിതം തിരിച്ചുപിടിക്കാനാവില്ല. അതുകൊണ്ട് അത്തരം തിന്മകളെ ഉറവിടത്തിൽ തന്നെ ഉന്മൂലനം ചെയ്യുക. അസ്തിത്വപരമായ ഈ വിഷമപ്രശ്നം ടോൾസ്റ്റോയിയെ വലിച്ചുമുറുക്കി.
"യുദ്ധവും സമാധാനവും', അന്നാകരേ നിന എന്നീ നോവലുകൾ എഴുതിയ ശേഷമാണ് അദ്ദേഹത്തിനു ഈ വിധിയെ നേരിടേണ്ടി വന്നത്. സോക്രട്ടീസിന്റെ വാക്കുകൾ ടോൾസ്റ്റോയ് ഉദ്ധരിക്കുന്നുണ്ട്: "ജീവിതം ഒരു തിന്മയും നുണയുമാണ്. അതുകൊണ്ട് ജീവിതശരീരത്തെ നശിപ്പിക്കുന്നത് പ്രധാനമാണ്. അതിനായി നമ്മൾ ആഗ്രഹിക്കണം'.
ജീവിതത്തെക്കുറിച്ച് വളരെയേറെ ചിന്തിച്ച ടോൾസ്റ്റോയ് ഒടുവിൽ കുമ്പസാരിക്കുന്നത് ഇങ്ങനെയാണ്: "പ്രശസ്തിയും പണവും കിട്ടുന്നതിന്, അതിന്റെ നേട്ടത്തിനു വേണ്ടി ഞാൻ എഴുതി. നന്മയെ ഒളിപ്പിച്ചു വയ്ക്കേണ്ടതും തിന്മയെ പുറത്തു കാണിക്കേണ്ടതും ആവശ്യമായിരുന്നു. ഞാൻ അങ്ങനെ ചെയ്തു. ജീവിതത്തോട് കൃത്രിമമായ നിർവ്വികാരത പുലർത്തുന്നതായി ഭാവിക്കുകയും സുഖഭോഗങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തു'.
ആത്മാവിന്റെ പ്രകാശം
ജീവിതം യാതനകളുടെയും വാക്യത്തിന്റെയും മരണത്തിന്റെയും ഭാണ്ഡമാകയാൽ അതിൽ നിന്നു സ്വതന്ത്രമാകുകയാണ് പ്രധാനം.
സാധ്യമായ എല്ലാ ജീവിതങ്ങളിൽ നിന്നും സ്വതന്ത്രമാകണം - ബുദ്ധൻ പറഞ്ഞു. ബുദ്ധൻ പറഞ്ഞത് വളരെ പുരാതനമായ ഒരു ജീവിത തത്ത്വമായാണ് ടോൾസ്റ്റോയ് പരിഗണിക്കുന്നത്. എന്നാൽ അദ്ദേഹം സാഹിത്യരംഗത്ത് തന്റേതായ ഒരു മതമാണ് അന്വേഷിച്ചത് - സുഖവും പണവും പ്രശസ്തിയും. അദ്ദേഹം അതിന്റെ പുരോഹിതനാവുകയും ചെയ്തു. അവിടെ നിന്നാണ് ജീവിതത്തിന്റെ അർഥത്തെക്കുറിച്ച് ഓർത്ത് അസ്വസ്ഥനാകാൻ തുടങ്ങിയത്. മഹാന്മാരുടെ ചിന്തകൾ ടോൾസ്റ്റോയിയെ കൂടുതൽ വിഷമത്തിലാക്കി. ഏതാണ് ശരി എന്ന കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്താനായില്ല. കലുഷിതമായ ആശയ പ്രവാഹങ്ങൾക്കിടയിൽ സ്വന്തമെന്ന് പറയാവുന്ന ഒരു തത്ത്വത്തിലെത്താൻ പിന്നെയും അലഞ്ഞു. തന്നിലേക്കു തന്നെ നോക്കുകയാണ് അതിനുള്ള പോംവഴി. തനിക്ക് ആത്മഹത്യയല്ലാതെ വേറെ വഴിയില്ല എന്ന ഘട്ടമെത്തിയപ്പോഴാണ് അദ്ദേഹം സ്വന്തം വഴിക്കായി മനനത്തിലേക്കും നിരീക്ഷണത്തിലേക്കും നീങ്ങിയത്.
കുട്ടിക്കാലം മുതൽ തന്നെ മുന്നോട്ടു നയിച്ച ശക്തി എന്തായിരുന്നുവെന്ന് അദ്ദേഹം ഓർക്കാൻ ശ്രമിച്ചു. അപ്പോൾ തന്നിലുണ്ടായിരുന്ന ഒരു ഊർജ്ജം പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുന്നതായി ഉൾക്കൊണ്ടു. തന്നെ നിലനിർത്തിയ മനഃശക്തി, തന്റേതായ ആഗ്രഹങ്ങൾ തുടങ്ങിയവയിലേക്കാണ് ആ മനസ് നീങ്ങിയത്. ജീവിതത്തിന്റെ അർഥം കുറേക്കൂടി നന്നാവുന്നതിൽ കാണാം. എന്നാൽ മനസിന്റെ ശക്തിക്കൊത്ത് ജീവിക്കണം.അദ്ദേഹം എഴുതുന്നു: "മനുഷ്യവംശത്തിന്റെ ഭൂതകാലത്തിൽ എന്റെ ആത്മാവിന്റെ പ്രകാശത്തെ കണ്ടെത്താൻ കഴിയും. ഞാൻ ദൈവവിശ്വാസത്തിലേക്ക് തിരിച്ചുപോയി -എന്റെ ധാർമികമായ പൂർണതയിൽ, ജീവിതത്തിന്റെ അർഥം തലമുറകളിലൂടെ സംക്രമിപ്പിക്കുന്ന പാരതന്ത്രത്തിൽ'.
ഭൂതകാലത്തിലെ മഹാന്മാരുടെ ജീവിതം വളരെയേറെ മാറ്റുരച്ചു നോക്കപ്പെട്ടതാണ്. മാനവരാശി അതിലൂടെയാണ് പ്രയാണം ചെയ്യുന്നത്. എന്നാൽ ഏകാകിയായ ഒരെഴുത്തുകാരൻ തന്റെ സങ്കടങ്ങൾക്ക് ഉത്തരം തേടി എല്ലാ മാമൂലകളുടെയും ശരിതെറ്റുകൾ നിരീക്ഷിക്കുന്നു. ഒരു സാമാന്യനായ റഷ്യാക്കാരന്റെ മനോഗതം ഇങ്ങനെയാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു: ഓരോ മനുഷ്യനും ഈ ലോകത്തേക്ക് വരുന്നത് ദൈവത്തിന്റെ ഇച്ഛയ്ക്കൊത്താണ്. ഏതൊരു മനുഷ്യനും അവന്റെ ആത്മാവിനെ നശിപ്പിക്കാനോ, സംരക്ഷിക്കാനോ കഴിയുന്ന വിധത്തിലാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത്. ജീവിതത്തിന്റെ ലക്ഷ്യം അവന്റെ ആത്മാവിനെ സംരക്ഷിക്കുക എന്നതാണ്. അവൻ "ദൈവിക'മായി ജീവിക്കണം. അതിനായി അവൻ സകല ഭോഗങ്ങളും ഉപേക്ഷിക്കണം. പണിയെടുക്കണം, കഷ്ടപ്പെടണം, വിനയാന്വിതനാകണം,ഭയമുള്ളവനാകണം. ഇത് തലമുറകളായി കൈമാറി വന്നതാണ്. എനിക്കും ഇതാണ് സ്വീകാര്യമായി തോന്നുന്നത് ".
നിരപരാധികളെ തേടി
വില്ലെജ് ഓഫീസർമാരെ അന്യായമായി സസ്പെൻഡ് ചെയ്തതിനെതിരെ പ്രതിഷേധിക്കുകയാണ് യു.കെ. കുമാരൻ "ഒരേയൊരു ഒപ്പ് ' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാർച്ച് 19-25) എന്ന കഥയിൽ. 3 വില്ലെജ് ഓഫീസർമാരുടെ കാര്യം കഥയിൽ വിവരിക്കുന്നുണ്ട്. അവർ മൂവരും കുറ്റം ചെയ്തില്ല. എന്നിട്ടും കള്ളരേഖകളിൽ അറിയാതെ ഒപ്പിട്ടു പോയതിന്റെ പേരിൽ ഈ പാവങ്ങളെ സസ്പെൻഡ് ചെയ്തുവത്രേ. ഇനി യു.കെ. കുമാരന്റെ ശ്രദ്ധ തിരിയേണ്ടത് പൊലീസ്, എക്സൈസ് ഡിപ്പാർട്ട്മെന്റുകളിലാണ്. അവിടെയും നിരപരാധികൾ ശിക്ഷിക്കപ്പെടുന്നു!
സർക്കാർ ഉദ്യോഗസ്ഥരെ ജനങ്ങൾ കള്ളരേഖയുണ്ടാക്കി കബളിപ്പിക്കുകയാണല്ലോ. ചില ഉദ്യോഗസ്ഥർ അങ്ങനെയുണ്ടാവാം. സ്വന്തം ജോലിയിൽ വേണ്ടത്ര ശ്രദ്ധ പുലർത്താൻ കഴിയാത്തതാവാം കാരണം. പക്ഷേ, ഈ കഥയ്ക്ക് വിശ്വാസ്യതയില്ല. ഏതാനും വില്ലെജ് ഓഫീസർമാർ കുറ്റം ചെയ്യാതെ ശിക്ഷിക്കപ്പെട്ടു എന്ന് പറഞ്ഞുകൊണ്ട് കഥാകൃത്ത് എന്താണ് ലക്ഷ്യം വയ്ക്കുന്നത് ? ഈ കഥയിലെ വില്ലെജ് ഓഫീസർമാർ എങ്ങനെയാണ് ഇത്ര ലോലഹൃദയരായത്. അതൊന്നും വിശദീകരിക്കുന്നില്ല. മാത്രമല്ല, ഒരു കഥയിൽ തെളിയേണ്ട മനുഷ്യവ്യക്തിത്വം ഇവിടെ കാണാനില്ല. ഒരു പത്രപ്രവർത്തകന്റെ റിപ്പോർട്ട് പോലെയാണ് എഴുതിയിരിക്കുന്നത്. ചെറുകഥ വായനക്കാരനെ ധ്യാനത്തിന്റെ ലയത്തിലേക്ക് കൊണ്ടുപോകണം. അന്ത:കരണത്തിലെ സാക്ഷാത്കാരമാണ് അത് ലക്ഷ്യം വയ്ക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ "പാവപ്പെട്ടവരുടെ വേശ്യ' എന്ന കഥ വായിച്ചാൽ അത് ബോധ്യപ്പെടും.
നിങ്ങൾ
ഏതാനും മാസങ്ങൾക്കു മുമ്പ്, പ്രധാന കഥാപാത്രത്തിന് "നിങ്ങൾ' എന്ന് പേരിട്ട് ചിലർ നോവലും കഥയും എഴുതിയല്ലോ. എന്നാൽ വൈക്കം മുഹമ്മദ് ബഷീറിന്റെ "ഒരു മനുഷ്യൻ' എന്ന കഥ തുടങ്ങുന്നത് നിങ്ങൾ എന്ന് വിവരിച്ചുകൊണ്ടാണ്. പിന്നീട് ബഷീർ പറയുന്നു ആ നിങ്ങൾ താൻ തന്നെയാണെന്ന് സങ്കല്പിക്കാമെന്ന്.
മണ്ണ് പരേതരുടേതാണ്
ഒരു പിടി മണ്ണിൽ പലതും ഉണ്ടെന്ന് ഓർമിപ്പിക്കുകയാണ് പ്രമീള ദേവി (ഒരുപിടി മണ്ണ്, പ്രസാധകൻ, മാർച്ച്).
"ഒരുപിടി മണ്ണിത്
എണ്ണിത്തീരാ -
ക്കനവുകൾ വീണു
കുതിർന്നത്, കണ്ണീർ -
ക്കനലുകളാലേ
നീറിടുന്നത് '
എന്ന് എഴുതുന്ന കവി ഒടുവിൽ ഇങ്ങനെ ഉപസംഹരിക്കുന്നു:
"ഒരുപിടി മണ്ണിത്,
വാക്കുകൾ വേരുകൾ
ചിറകുവിരിക്കാ-
നമൃതൂട്ടുന്നത് '.
എന്നാൽ ആ മണ്ണിലെ അറിയപ്പെടാത്ത മനുഷ്യാനുഭവങ്ങളെ ഉണർത്തിയെടുക്കാൻ കവിക്ക് കഴിയുന്നില്ല. പൊതുവൃത്താന്തത്തിൽ ഉയർന്നു കേൾക്കുന്ന ആശയങ്ങൾ കവിതയിലുണ്ട്. അതേസമയം മണ്ണ് പരേതരുടേതാണ്. അവരുടെ ഓർമകളാണത്. ഭൂതകാലമാണത്. അവിടെനിന്നാണ് കവിത വരുന്നത്. ഇത് കവി കാണുന്നില്ല. ഒരു മണൽത്തരിയിൽ ലോകത്തെയും ഒരു വനപുഷ്പത്തിൽ സ്വർഗത്തെയും നിങ്ങളുടെ കൈപ്പത്തിയിൽ അനന്തതയെയും ഒരു മണിക്കൂറിൽ അനശ്വരതയെയും കാണണമെന്ന് പറഞ്ഞ വില്യം ബ്ളേക്ക് എത്ര കൃത്യതയോടെയും വ്യക്തതയോടെയുമാണ് ഈ പ്രശ്നത്തെ സമീപിക്കുന്നതെന്ന് ആലോചിക്കുക.
നോവൽ ഖണ്ഡശഃ
ഒരു നോവൽ ചില ആനുകാലികങ്ങളിൽ ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തണമെങ്കിൽ രചയിതാവിന് ഉണ്ടായിരിക്കേണ്ട യോഗ്യതകൾ ഇവയാണ്:
1) നോവലിസ്റ്റ് നല്ലൊരു സർക്കാർ ഉദ്യോഗസ്ഥനായിരിക്കണം.
2) നോവലിസ്റ്റിന്റെ പക്കൽ ഒരു അവാർഡ് ഉണ്ടായിരിക്കണം.അത് ഇഷ്ടാനുസരണം ആർക്കെങ്കിലും കൊടുക്കാൻ സന്മനസുള്ളവനാണ് അയാളെങ്കിൽ അത്യുത്തമം.
3) രാഷ്ട്രീയ പാർട്ടിയുമായി ഗാഢമായ ബന്ധവും കാര്യനിർവഹണ ശേഷിയും നോവലിസ്റ്റിനുണ്ടായിരിക്കണം.
മാധവിക്കുട്ടി: ആത്മാവ് വിവസ്ത്രമാണ്
താനൊരു എഴുത്തുകാരി മാത്രമാണ്, അതുകൊണ്ടുതന്നെ തന്റെ ആത്മാവിനു യാതൊരു വസ്ത്രവും ചേരുകയില്ല എന്ന ചിന്തയാണ് മാധവിക്കുട്ടി പങ്കുവയ്ക്കുന്നത്. ജീവിച്ച ഓരോ നിമിഷത്തിലും അവർ എഴുത്തുകാരിയും കലാകാരിയുമായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെ എഴുതുന്നത്:
"എനിക്ക് എന്റെ ഭൂതകാലത്തെയും വിശ്വസിക്കാൻ കഴിയുന്നില്ല. അത്ര ലാഘവത്തോടെ പ്രേമത്തിന്റെ ബന്ധനഗൃഹത്തിൽച്ചെന്ന് ചാടുവാൻ ഈ എനിക്ക് ഒരിക്കൽ കഴിഞ്ഞുവെന്നോ ? സന്തോഷത്താൽ പൊട്ടിച്ചിരിക്കാൻ എനിക്ക് സാധിച്ചിരുന്നുവെന്നോ? ഞാനെങ്ങനെ ഇതൊക്കെ വിശ്വസിക്കും? ചിരി എന്ന് പറഞ്ഞാൽ അരയ്ക്കാൽ നിമിഷത്തിനു മുൻവശത്തെ നാലഞ്ചു പല്ലുകൾ വെളിപ്പെടുത്തുക മാത്രമാണെന്ന് ഞാൻ ഇപ്പോൾ വിശ്വസിക്കുന്നു. സന്തോഷത്തിന്റേതായ യൂണിഫോം പെട്ടെന്നെടുത്തു ധരിക്കുന്നതു പോലെ. യുവത്വത്തിന്റേതായ യൂണിഫോം ഞാനിന്നും ഇടയ്ക്കിടയ്ക്ക് സ്വീകരിക്കുന്നുവല്ലോ.
ചുവപ്പ് പട്ടുസാരി, വളകൾ, പൂമാല, വാസന ദ്രവ്യങ്ങൾ - ഇവയെല്ലാം എന്റെ അണിയറയിൽ ഞാനൊരുക്കി വച്ചിരിക്കുകയാണ്. വരാനിരിക്കുന്ന ഋതുവിന്റെ പ്രത്യേകാവ രണങ്ങളും - രുദ്രാക്ഷ മാല, ഭസ്മം, വെള്ളവസ്ത്രം, ലളിതാ സഹസ്രനാമം, ഭഗവദ്ഗീത. രണ്ടു വേഷത്തിലും എനിക്ക് തൃപ്തി തോന്നുന്നില്ല. വേഷങ്ങളെ മറയ്ക്കാൻ വയ്യാത്തത്ര നഗ്നമാണ് എന്റെ ആത്മാവ്. ഇസ്ലാം മതത്തിലും ക്രിസ്തുമതത്തിലും ഹിന്ദുമതത്തിലും പിന്നിലായി മനുഷ്യരാശിയുടെ ആരംഭദശയിൽ അവയെക്കാൾ എത്രയോ ശ്രേഷ്ഠമായ ഒരു മതം ഉണ്ടായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. സ്നേഹമെന്ന ആ പ്രാചീന മതം. അതിൽക്കൂടി മാത്രമേ എനിക്ക് തെല്ലാശ്വാസം ഈ ജന്മത്തിൽ ലഭിക്കുകയുള്ളൂ എന്നെനിക്ക് ഇപ്പോൾ മനസിലായിരിക്കുന്നു'. ("എന്റെ ലോകം' എന്ന പുസ്തകത്തിൽ നിന്ന്).
മാധവിക്കുട്ടി പറയുന്ന ആത്മാവ് മതപരമല്ല; വ്യക്തിപരമായ അനുഭവമാണത്. ഒരാൾ താനും പ്രപഞ്ചവുമായി പുലർത്തുന്ന ബന്ധത്തെക്കുറിച്ചുള്ള ആലോചന അതിലുണ്ട്.