ലെറ്റർ റൈറ്റിങ് കാർണിവലിൽ കത്ത് പോസ്റ്റ് ചെയ്യുന്ന കുട്ടികൾ.
ലെറ്റർ റൈറ്റിങ് കാർണിവലിൽ കത്ത് പോസ്റ്റ് ചെയ്യുന്ന കുട്ടികൾ.File photo

''അവിടെ സുഖമെന്നു കരുതുന്നു, ഇവിടെയും സുഖം'', അവസാനമൊരു കത്തെഴുതിയതെന്നാണ്...?

കഴിഞ്ഞദിവസം ഡല്‍ഹിയിലൊരു കാര്‍ണിവല്‍ നടന്നു. ലെറ്റര്‍ റൈറ്റിങ് കാര്‍ണിവല്‍. കത്തെഴുത്ത് മഹോത്സവമെന്നു പരിഭാഷപ്പെടുത്താം.
Published on

പ്രത്യേക ലേഖകൻ

മഞ്ഞ പോസ്റ്റ് കാര്‍ഡില്‍ കറുത്ത മഷിയില്‍ കാലം ഇങ്ങനെയെഴുതി,

എത്രയും പ്രിയപ്പെട്ട അച്ഛനും അമ്മയും വായിച്ചറിയാന്‍,

അവിടെ സുഖമെന്നു കരുതുന്നു.

ഇവിടെയും സുഖമാണ്.

കത്ത് ചുരുക്കുന്നു

എന്ന് സ്വന്തം...

അവിടെയും സുഖം ഇവിടെയും സുഖം, പിന്നെയീ കത്ത് കൊണ്ടു നടക്കുന്ന എനിക്കാണോടാ അസുഖമെന്ന ആത്മഗതത്തിന്‍റെ അകമ്പടിയോടെ കത്ത് കീറിക്കളഞ്ഞ പോസ്റ്റുമാനുണ്ടായിരുന്നത്രേ.

എവിടെയെന്നു ചോദിക്കരുത്. എന്നാണെന്നും ചോദിക്കരുത്. പണ്ട് പണ്ട് ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുമ്പ്, ഒരു സായാഹ്നത്തില്‍ രണ്ടു ജീവബിന്ദുക്കള്‍ നടക്കാനിറങ്ങിയ ആ കാലത്തിലൊന്നുമല്ല. കുറച്ചേറെ വര്‍ഷങ്ങള്‍ക്കു മുമ്പു വരെ കത്തുകള്‍ കൈമാറിയിരുന്ന ഊഷ്മളതകള്‍ നിറഞ്ഞുനിന്നിരുന്ന കാലത്തില്‍ ആവര്‍ത്തിച്ചിരുന്ന തമാശയാണ്. പരസ്പരം അറിയിക്കാനുള്ളത് കൈയക്ഷരങ്ങളിലൂടെ എത്തിയിരുന്ന സമയം. ഒന്നു ചോദിക്കട്ടെ, അവസാനമായി ഒരു കത്തെഴുതിയതെന്നാണ്, പ്രിയപ്പെട്ടവരെഴുതിയ ഒരു കത്ത് കൈപ്പറ്റിയതെന്നാണ്.

കത്തെഴുത്തിന്‍റെ കാർണിവൽ

തൂവാനത്തുമ്പികള്‍ പറന്ന മണ്ണാര്‍ത്തൊടിയിലിരുന്ന് ജയകൃഷ്ണന്‍ ക്ലാരയ്ക്ക് കത്തെഴുതുമ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു. മഴ, തൂവാനത്തുമ്പി, ജയകൃഷ്ണന്‍, ക്ലാര, കത്ത്.... ജോണ്‍സണ്‍ മാഷ് കൂടി ഉണ്ടായിരുന്നെങ്കില്‍ തകര്‍ത്തേനെ. അസമയത്തൊരു നൊസ്റ്റാള്‍ജിയയെ തഴുകിയുണര്‍ത്തി തലോടി വിടുന്നതൊന്നുമല്ല. കാരണമുണ്ട്. കഴിഞ്ഞദിവസം ഡല്‍ഹിയിലൊരു കാര്‍ണിവല്‍ നടന്നു. ലെറ്റര്‍ റൈറ്റിങ് കാര്‍ണിവല്‍. കത്തെഴുത്ത് മഹോത്സവമെന്നു പരിഭാഷപ്പെടുത്താം. ഡാക്ക്‌ റൂം എന്നായിരുന്നു ഈ കാര്‍ണിവലിനു നല്‍കിയ ടൈറ്റില്‍ (ഡാക്ക് ഘർ എന്നാൽ ഹിന്ദിയിൽ പോസ്റ്റ് ഓഫിസ്). ആധുനിക ആശയവിനിമയ സങ്കേതങ്ങളുടെ കാലത്ത് കത്തെഴുത്തിലേക്കൊരു മടങ്ങിപ്പോക്ക്. കത്തുകളും സ്റ്റാംപുകളും കൈയക്ഷരവുമൊക്കെ തിരിച്ചെത്തിയ ഒരു ദിവസം.

രാജ്ഘട്ടിനു സമീപം ഗാന്ധി ദര്‍ശനായിരുന്നു വേദി. പങ്കെടുത്തത് എണ്ണായിരത്തോളം പേര്‍. കുട്ടികളും എഴുത്തുകാരും വിദ്യാര്‍ഥികളും കുടുംബങ്ങളുമൊക്കെ കത്തെഴുത്തിന്‍റെ ഊഷ്മളത അറിയാനെത്തി.

ഡാക്ക് റൂം കാർണിവലിലെ പോസ്റ്റ് ഓഫിസ്.
ഡാക്ക് റൂം കാർണിവലിലെ പോസ്റ്റ് ഓഫിസ്.

എഴുത്തിന്‍റെ ആഘോഷം

കത്തെഴുത്തിനെ ആഘോഷമാക്കുക എന്ന ലക്ഷ്യത്തോടെ 2016ലാണ് കാര്‍ണിവലിനു തുടക്കമിടുന്നത്. അലഹബാദിലായിരുന്നു ആദ്യ എഡിഷന്‍. ഹൃദയത്തോട് ഏറെ ചേര്‍ന്നു നിന്ന ഒരു ആശയവിനിമയ കാലത്തെ തിരികെ എത്തിക്കുക എന്നതില്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തുവെന്നു കാര്‍ണിവലിലെ പങ്കാളിത്തം വ്യക്തമാക്കുന്നു.

ആദ്യ എഡിഷന്‍ തൊട്ട് കത്തെഴുത്ത് കാര്‍ണിവലില്‍ മനസ് നിറയ്ക്കുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. സൈനികര്‍ക്ക് നന്ദിയര്‍പ്പിച്ച് കത്തെഴുതുന്ന കുട്ടികള്‍, സൂപ്പര്‍സ്റ്റാറുകള്‍ക്ക് കത്തെഴുതുന്നവര്‍, ഐ ലവ് ഡാഡ് എന്നൊരു വാചകത്തില്‍ സ്‌നേഹാക്ഷരങ്ങള്‍ നിറയ്ക്കുന്നവര്‍.... അങ്ങനെ എത്രയെത്ര കാഴ്ചകള്‍. ഇക്കുറി പേപ്പര്‍ വിമാനം പറപ്പിക്കുന്ന മത്സരം വരെയുണ്ടായിരുന്നു ലെറ്റര്‍ റൈറ്റിങ് കാര്‍ണിവലിനോടനുബന്ധിച്ച്. കാര്‍ണിവലിനു പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ സഹകരണവുമുണ്ട്.

കാലത്തിന്‍റെ കത്തിടപാടുകൾ

ഇന്ത്യയിലെ കൂടുതല്‍ നഗരങ്ങളില്‍ കാര്‍ണിവല്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഡാക്ക്‌ റൂമിന്‍റെ ഭാരവാഹികളായ ശിവാനി മേത്തയും ഹര്‍ണേമത്ത് കൗറും.

കത്തെഴുത്തിന്‍റെ കാലം കഴിഞ്ഞെങ്കിലും, പോസ്റ്റ്മാനും വുമണുമൊക്കെ കളം നിറയുന്നുണ്ട്. പരസ്പരം സംസാരിക്കുന്ന കത്തുകള്‍ അന്യം നിന്നുവെന്നു മാത്രം. ബില്ലുകളും കല്യാണക്കാര്‍ഡുകളും പണയം വച്ചതിന്‍റെ പലിശ പുതുക്കേണ്ട അറിയിപ്പുകളുമായൊക്കെ.

ചില ഓര്‍മകളും സ്വര്‍ണം പണയം വച്ചതു പോലെയാണല്ലോ. കാലത്തിന്‍റെ പലിശയടയ്ക്കാനും പുതുക്കാനുമുള്ള അറിയിപ്പുകളായി ഇടയ്‌ക്കൊക്കെ വന്നുകൊണ്ടേയിരിക്കും.