അക്ഷരജാലകം | എം.കെ. ഹരികുമാർ
സാഹിത്യ രചനകളിൽ, വിശേഷിച്ച് കവിതകളിൽ ആത്മീയതയുടെ കടും നിറങ്ങൾ ഏശുകയില്ല. കവിതയ്ക്ക് വികാരങ്ങളില്ലാതെ ജീവിക്കാനാകില്ല. കവിത ജീവിതത്തെയാണ് അറിയാൻ ശ്രമിക്കുന്നത്. അത് ഒരു വസ്തുസ്ഥിതിവിവരണത്തിനപ്പുറമുള്ള അറിവാണ്. അവിടെ യുക്തി പോലുമില്ല. മനസിനെ സ്പർശിച്ച് കടന്നുപോകുന്ന ഒരു വെളിച്ചമാകാം; അതിലാണ് ജീവിതത്തിന്‍റെ സത്യമുള്ളത്. അത് ഭാഷയിൽ ആവിഷ്കരിക്കാൻ വേണ്ടി കവി കുരിശേറുകയാണ്. കവി സ്വയം പീഡിപ്പിക്കുകയാണ്. അമെരിക്കൻ കവി ചാൾസ് ബുകോവ്സ്കിയുടെ കവിത ഇങ്ങനെയാണ്:
"ഈ ലോകത്ത് മഹത്തായ ഏകാന്തതയുണ്ട്.
ഒരു ക്ലോക്കിന്‍റെ സൂചിയുടെ
ചെറിയ ചലനങ്ങളിൽ
നിങ്ങൾക്കത് കാണാം.
ആളുകൾ ക്ഷീണിക്കുകയോ
ചിതറുകയോ ചെയ്യുകയാണ്,
ഒന്നുകിൽ സ്നേഹത്തിലൂടെ,
അല്ലെങ്കിൽ സ്നേഹരാഹിത്യത്തിലൂടെ'.
ജീവിതത്തോടുള്ള വികാരത്തെ ഒരു ക്ലോക്കിലെ സൂചിയിൽപ്പോലും കവി അനുഭവിക്കുന്നു. കവിതയ്ക്കു വികാരങ്ങൾ വേണം. ആ വികാരങ്ങളാണ് അനുവാചകനിലേക്കുള്ള വഴികൾ. അതിലൂടെയാണ് നാം കവിതയെ മനനം ചെയ്യുന്നത്. അനുവാചകൻ ധ്യാനിക്കുകയാണ്. അവൻ സ്വയം കണ്ടെത്തുകയാണ്. അതിനായി അവൻ കവിതയെ ഉപയോഗിക്കുന്നു. മനുഷ്യർക്കെല്ലാം ആത്മീയതയുണ്ട്, ആന്തരികതയുണ്ട്. ഒരാൾ തനിച്ചാകുമ്പോഴെല്ലാം സ്വയം കണ്ടെത്തലുമുണ്ട്. പുറത്തുപോകാൻ കഴിയാതെ ജനാലച്ചില്ലിൽ കുടുങ്ങിയ ഒരു ശലഭത്തെ രക്ഷപ്പെടുത്തുന്നതും ആത്മീയതയാണ്. അത് വികാരവുമാണ്. മനുഷ്യൻ ഓരോ വിധമാണ് സ്വയം കണ്ടെത്തുന്നത്. ചിലർ കവിതയിൽനിന്ന്, മറ്റു ചിലർ ജീവിതത്തിലെ സന്ദർഭങ്ങളിൽനിന്ന്, അല്ലെങ്കിൽ പ്രകൃതിയിൽനിന്ന്.
സൈബർ ഉള്ളകങ്ങൾ
എന്നാൽ സമകാലിക കവിതയിൽ ഭയപ്പെടുത്തുന്ന വിധം ചിന്താദാരിദ്ര്യവും അതിസാധാരണത്വവും വൈകാരികശൂന്യതയും തലപൊക്കുകയാണ്. ഇവിടെ വികാരങ്ങൾക്ക് ഹൃദയമില്ല. ആ വികാരങ്ങൾ മനുഷ്യർക്ക് വേണ്ടിയല്ല. കവിതയിൽ വികാരങ്ങൾ ഉണ്ടോയെന്നറിയാൻ ഒരു ഏജൻസിയെ വയ്ക്കേണ്ട അവസ്ഥയാണ്. കവിതയിലെ വികാരരാഹിത്യം ഇന്നത്തെ ഉത്തര- ഉത്തരാധുനിക ജീവിതത്തിന്‍റെ ഭാഗമാണ്. ഒരാളോട് ഉള്ളു തുറക്കാൻ പറ്റാത്ത വിധം മനുഷ്യ വ്യക്തി അവന്‍റെ ആന്തരിക, ഡിജിറ്റൽ, സെല്ലുലാർ, സൈബർ ഉള്ളകങ്ങളിലേക്ക് വളരുന്ന വ്യക്തിത്വമായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരുവൻ അവനിൽ മാത്രമാണ് പെരുമാറുന്നത്. അത് സ്നേഹമാണെന്നു സങ്കല്പിക്കുകയാണ്. അത് അവനിൽ തന്നെ ഉദിച്ചസ്തമിക്കുകയാണ്. മറ്റൊരാൾക്ക് കൊടുക്കാനില്ല. റബർ മരത്തിൽനിന്നു പാലെടുക്കാൻ വെട്ടിയ ചാലിൽ പാൽ വന്ന് അവിടെത്തന്നെയിരുന്നു ഉണങ്ങിപ്പോകുന്ന പോലെയാണ് മനുഷ്യസ്നേഹം. സ്നേഹം ഒരു വികാരമായി വളരുന്നില്ല.
സ്നേഹം യുക്തിയും ബുദ്ധിയുമായി പരിണമിച്ചിരിക്കുന്നു. സ്നേഹം എപ്പോഴും സേവനവും ഓർമപ്പെടുത്തലുമായി വഴിതിരിഞ്ഞു പോയിരിക്കുന്നു. ഇന്നു ഒരാൾക്ക് സ്നേഹം ബോധ്യപ്പെടാൻ പ്രയാസമാണ്. ഇംഗ്ലീഷ് കവി വേർഡ്സ്‌വർത്ത് പറഞ്ഞത് ഇതാണ്: "ഏതൊരു വലിയ, മൗലിക എഴുത്തുകാരനും അയാളുടെ മഹത്വത്തിനും മൗലികതയ്ക്കും ആനുപാതികമായി ഒരു അഭിരുചി സൃഷ്ടിക്കേണ്ടതുണ്ട്. ഇതിന്‍റെയടിസ്ഥാനത്തിലാണ് അയാൾ ആസ്വദിക്കപ്പെടേണ്ടത്'. അതായത്, വള്ളത്തോൾ സൃഷ്ടിച്ച അഭിരുചിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ആസ്വദിക്കപ്പെടുന്നത്; അതുകൊണ്ട് ചങ്ങമ്പുഴ സൃഷ്ടിച്ച അഭിരുചിയുടെ പേരിൽ വള്ളത്തോളിനെ അന്വേഷിക്കുന്നത് വിഡ്ഢിത്തമാണ്.
വിനിമയങ്ങൾ പ്രതിസന്ധിയിൽ
ഈ മൗലികമായ വ്യത്യാസം മനസിലാക്കാതെയാണ് ഇന്നു പലരും സാഹിത്യകൃതികളെക്കുറിച്ച് അഭിപ്രായം പറയുന്നത്. ഒരു കവി അതുല്യമായ സംവേദനമാണ് മുന്നോട്ടുവയ്ക്കുന്നതെങ്കിൽ അതിനു മൂല്യമുണ്ട്. പക്ഷേ ഇപ്പോൾ സംവേദനങ്ങൾ നഷ്ടപ്പെടുകയാണ്. ഒരു കവിക്ക് സവിശേഷമായ ചില വിനിമയങ്ങൾ ഇല്ലാതാവുന്നത് ദുരന്തമാണ്. എന്തിന്‍റെ സൂചനയാണിത് ?ഇത് ഉത്തര- ഉത്തരാധുനിക കാലത്തിന്‍റെ അമിതവേഗതയുടെ ഫലമാണ്. വൈകാരികമായ പങ്കുവെയ്ക്കൽ ഇല്ലാതായതിന്‍റെ ലക്ഷണമാണ്. ഇപ്പോൾ ആസ്വാദകൻ എന്ന ഒരു വർഗ്ഗം തന്നെ ഇല്ലാതായി. സമൂഹമാധ്യമങ്ങളിൽ അമിത സ്വാതന്ത്ര്യം ആഘോഷിക്കാൻ വേണ്ടി ചിലർ എന്തിനെയും വിമർശിക്കുന്നു. നമ്മൾ ഒരാളുടെ രചനയെയോ പംക്തിയെയോ വിമർശിക്കുന്നതോടെ അയാൾ ആളുകളെ കൂട്ടി ഫേസ്ബുക്കിൽ വന്ന് ഭ്രാന്ത് പിടിച്ചതുപോലെ തെറി പറയുകയാണെങ്കിൽ അത് എന്തിന്‍റെ സൂചനയാണ്? യാതൊരു മൂല്യത്തെയും അംഗീകരിക്കാനോ ശ്രദ്ധിക്കാനോ പറ്റാത്തവിധം വ്യക്തികൾ അവരുടെ അഹന്ത കൊണ്ട് സ്വയം നിറഞ്ഞിരിക്കുന്നു എന്നാണ് അർഥമാക്കേണ്ടത്.
ഇത് വല്ലാത്തൊരു വൈകാരിക അപഭ്രംശമാണ്. ആശയപരമായ, സൗന്ദര്യാത്മകമായ, വൈകാരികമായ പങ്കുവയ്ക്കലുകൾ നഷ്ടമായതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. പുതിയ കവിത നേരിടാൻ പോകുന്ന വലിയ വെല്ലുവിളി ഈ വൈകാരിക ശൂന്യതയായിരിക്കും. മനസിലുള്ള വികാരങ്ങൾ ഇമോജികളിലൂടെ പറയുന്ന കാലമാണല്ലോ ഇത്. ചിലർ ഇപ്പോൾ തന്നെ വാട്സാപ്പിലും മറ്റും എഴുതുന്ന കുറിപ്പുകളിൽ ഇമോജികൾ ചേരുംപടി ചേർക്കുന്നത് കാണാം. വാക്കുകൾ കൊണ്ട് വികാരങ്ങൾ ജനിപ്പിക്കാൻ കഴിയാത്ത ഒരു സാഹചര്യമുണ്ടെന്നു തോന്നുന്നു. അല്ലെങ്കിൽ വികാരങ്ങൾ യാതൊന്നിനും വേണ്ടിയല്ലെന്നു കരുതുന്നുണ്ടാവും. ജീവിതത്തിൽ പാഴ്വസ്തുക്കൾ ഏറുകയാണല്ലോ. മനുഷ്യൻ ഉപയോഗിക്കുന്ന വസ്തുക്കൾ പാഴ്വസ്തുക്കളായി അവനെത്തന്നെ വേട്ടയാകാൻ തിരിച്ചുവരികയാണ്. അതുപോലെ വികാരങ്ങളും പാഴ്വസ്തുക്കളും നമ്മുടെ കൂട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. നമ്മുടെ സ്നേഹവും സ്നേഹഭംഗവും ആശയും നിരാശയും ഉപയോഗശേഷം പാഴ്വസ്തുക്കളായി നമ്മെത്തന്നെ വേട്ടയാടുന്ന സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യും?
ജീവിതത്തിനു അർഥമുണ്ടാകുന്നത് വികാരങ്ങളുള്ളപ്പോഴാണ്. അല്ലെങ്കിൽ നാം എഞ്ചുവടി പട്ടികയിലെ ഒരു കണക്കോ ഡിജിറ്റൽ ഉൽപ്പന്നമോ ആയിരിക്കും. സി. ഹനീഫ് എഴുതിയ "മുസാവരി ബംഗ്ലാവ്' (പച്ചമലയാളം, ഓഗസ്റ്റ് ) എന്ന കവിതയിലെ വരികൾ നോക്കുക:
"എന്‍റെ വാടക വീടിനു മുന്നിൽ
ദൂരെ കുന്നിൻ നെറുകയിലൊരു കെട്ടിടമുണ്ട്
ജീവനുള്ളൊരു ജിറാഫ് കണക്കെ
ഇരുട്ടിലോ നിലാവിലോ
തനിച്ചു നിൽക്കുന്ന ഒന്ന്.
ഓരോ ദിവസവും
ഓരോ ഭാവമാണതിന്.
ചിലപ്പോൾ
ഗുലാം അലിയുടെ ഗസലുകൾ കൊണ്ട്
എന്‍റെ ഒറ്റപ്പെട്ട നിമിഷങ്ങൾക്കൊരു
ഷാമിയാന പണിയും.
മറ്റു ചിലപ്പോൾ
ശൂന്യതയുടെ മഹാകാശത്തിനു ചുവട്ടിൽ
വെളിച്ചമൊട്ടിച്ച
ചില്ലു ജാലകത്താലൊരു
ഹൈക്കു കവിത തീർക്കും'.
വികാരങ്ങൾക്ക്
ഹൃദയമുണ്ട്
കവി തന്‍റെ വികാരങ്ങളാണ് സംവദിക്കുന്നത്. വികാരങ്ങൾക്ക് ഹൃദയമുണ്ട്. ഇതിലാണ് കവിതയുള്ളത്. നേർക്കുനേർ കണ്ട വസ്തുവിനെ കവി മറ്റൊരു ലോകത്തെ പ്രത്യേകമായ ഭാവപ്പകർച്ചകളായി രൂപാന്തരപ്പെടുത്തുന്നു. ഈ രാസപ്രക്രിയ കവി ബോധപൂർവ്വം ചെയ്യുന്നതല്ല. ഇത് കവിയുടെ വിധിയാണ്. കവി തന്നിൽ നിന്നു മറ്റൊരു ലോകത്തെ പുറത്തെത്തിക്കുകയാണ്. അതിനു കവിക്കു ഭാഷ വേണം. ഭാഷ അശക്തമാകുമ്പോൾ കവി മൗനത്തിൽ പ്രവേശിക്കും. ആ മൗനത്തിൽ എല്ലാമുണ്ട്. പക്ഷേ അത് ആവിഷ്കൃതമാവുകയില്ല. വാക്കുകൾ മൗനത്തിന്‍റെ രൂപങ്ങളായി രൂപാന്തരപ്പെടുകയാണ്. അപ്പോഴും അതിൽ വികാരങ്ങൾ ഒളിക്കുന്നുണ്ടാവും.
സത്യൻ മാടാക്കരയുടെ "ടവറുകൾ ഒപ്പുന്ന സന്ദേശം' (ഏറുമാടം, ഏപ്രിൽ) എന്ന കവിതയിൽ ഇങ്ങനെ വായിക്കാം:
"അധ്വാനം വിൽക്കുന്നവരുടെ അതൃപ്തി
മരണത്തിന്‍റെ വിത്ത്
മണ്ണ് രുചിച്ചു മുളക്കുന്നു.
ആഘാതങ്ങളുടെ പൊള്ളലിൽ
വെള്ളിനര സൂക്ഷിപ്പിടം.
കേരളം എന്നത് തല തിരിച്ചിട്ട്
'ലാ കേരള' എന്ന് മലയാളി എഴുതുന്നു.
അതിലൂടെ സിൽക്ക് റൂട്ട് പോലെ
ഒരു വഴി കടന്നു വരുന്നു
സുലൈമാനി, കുബൂസ്, കുഴിമന്തി
സാൻവിച്ച്, ബിരിയാണി
നരകത്തിലെ കോഴി.
ഇത്തിരി പച്ചപ്പോടെ സാലഡ്'.
ഇവിടെ കവി വാക്കുകളെ മൗനത്തിന്‍റെ രൂപത്തിലേക്ക് കൊണ്ടുവരുന്നു. മരണത്തിന്‍റെ വിത്ത് മണ്ണു രുചിക്കുന്നു എന്ന പ്രയോഗം യുക്തിയല്ല, പ്രബന്ധമല്ല, ബുദ്ധിയല്ല, വ്യാഖ്യാനമല്ല. അത് മൗനമാണ്. അത് ആവിഷ്കരിക്കാൻ പ്രയാസമായതുകൊണ്ട് കവി മൗനത്തിലേക്ക് പ്രവേശിക്കുകയാണ്. വാക്കുകൾ അശക്തമായിത്തീരുന്ന ഇടമാണിത്. വാക്കുകൾക്കു അർഥശേഷി നഷ്ടപ്പെടുന്ന ഒരു സന്ദർഭത്തിൽ എഴുത്തുകാരും കവികളും അവരുടേതായ ഇരുണ്ട അന്തരീക്ഷത്തിലേക്ക് പിന്തിരിയുന്നു. അവർക്ക് വിശദീകരിക്കാൻ ഈ മൗനം മാത്രമേയുള്ളൂ. അതാകട്ടെ മൗനത്തിന്‍റെ ഭാഷയിലാണ് പുറത്തു വരുന്നത്.
വിജയകുമാർ കൈപ്പള്ളി എഴുതിയ "രണ്ട് അപൂർണ കവിതകൾ' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, മെയ് 26) എന്ന രചനയിലെ ഈ വരികൾ ശ്രദ്ധിക്കാം:
"നനഞ്ഞൊലിച്ചൊരു ഓർമ
ഓടിവന്നെന്‍റെ കുടയിൽക്കയറി.
മുടിച്ചിമ്പലിൽനിന്നൊരു ബാല്യക്കുളിർ
തോളിൽ കൈയിട്ടു.
രാജുവിന്‍റെയും ഫ്രാൻസിസിന്‍റെയും മണം
കുമാരവിലാസം യുപി സ്കൂളിന്‍റെ മണം
ഉപ്പുമാവിൻ പുക
സ്കൂൾബെല്ലിനു കാത്തുനിൽക്കാതെ
വിശപ്പ് ഇരട്ടവരയിലെ പുകക്കുഴലിലൂടെ
കൂട്ടക്ഷരങ്ങളായി പുറത്തേക്കോടുന്നു.
ചന്തിയിൽ അമർത്തിഞെരടുന്ന
ജനാർദ്ദനൻ സാറിന്‍റെ കണക്കും
വൃത്തം തെറ്റാത്ത
സരോജിനിട്ടീച്ചറുടെ മലയാളവും
ലീല ടീച്ചറുടെ ഹിന്ദിയും കടന്നു നടക്കുകയാണ്,
കൈവീശി വീശി...
ഒരു മഴയിൽനിന്നുകൊണ്ട് കവി തന്‍റെ ആത്മാവിന്‍റെ കൈകൾ വിടർത്തി നോക്കുന്നു. അതിൽ ആരൊക്കെയാണ് സ്പർശിച്ചിട്ടുള്ളതെന്നു നോക്കുന്നു. തന്നിലേക്ക് വരുന്ന കൂട്ടുകാർ ആരെല്ലാമാണെന്ന് കണ്ടെത്തുന്നു. താൻ ഒരു വെറും ശരീരമോ മനസോ അല്ലെന്നും തന്നിൽ പലരും ജീവിക്കുന്നുണ്ടെന്നും അറിയുന്നു. ഇത് വൈകാരിക ജീവിതത്തിന്‍റെ സ്പന്ദനമാണ്. ഇങ്ങനെയാണ് ഒരു അനുഭവത്തെ ആഴത്തിൽ തേടി ചെല്ലേണ്ടത്. എന്നാൽ മലയാളത്തിലെ പുതുതലമുറ കവിതകളിൽ ഇത്രയും ഗാഢമായ സംവേദനശീലമില്ല എന്നാണ് അനുഭവം. ചിലരുടെ രചനകൾ വായിച്ചാലറിയാം, വാക്കുകളിലൂടെ പകരാൻ ഒരു വികാരവും ശേഷിക്കുന്നില്ല. വൈകാരികമായി തുടർച്ച നഷ്ടപ്പെട്ട ആ രചനകൾ കവിതയുടെ ധർമം നിറവേറ്റുന്നില്ല. കവിതയ്ക്ക് വലിയ ജനാധിപത്യവും രാഷ്‌ട്രീയവും ഉണ്ടാകുന്നത് നല്ലതാണ്. എന്നാൽ കവിതയ്ക്ക് അതിന്‍റെ ധർമവും സൗന്ദര്യവും നിഷേധിക്കാനാവില്ല.
രജത രേഖകൾ
1) മേതിൽ രാധാകൃഷ്ണന്‍റെ കഥകളെക്കുറിച്ച് ഇപ്പോൾ ഉണ്ടാകുന്ന ചർച്ചകൾ നല്ലതാണ്. 25 വർഷം മുമ്പേ ചർച്ച ചെയ്യേണ്ടതായിരുന്നു. എന്നാൽ അന്നൊക്കെ പലരും ഉറക്കത്തിലായിരുന്നു, വാഷിംങ്ടൺ ഇർവിന്‍റെ കഥാനായകനായ റിപ്പ്‌വാൻ വിങ്കിളിനെ പോലെ. വി.പി. ശിവകുമാർ, യു.പി. ജയരാജ് തുടങ്ങിയവരെപ്പോലെ ഒരു രാഷ്‌ട്രീയ സൗന്ദര്യാത്മകത മേതിൽ കഥകൾക്കില്ല. അദ്ദേഹം കലയോട് കൂറ് പ്രഖ്യാപിക്കുന്നില്ല. ആഖ്യാനത്തിലുള്ള ദുരൂഹമായ വഴികളാണ് അദ്ദേഹത്തിന്‍റെ കഥകളുടെ ആകർഷണം. അതേസമയം ഒരു നല്ല ഇൻസ്ട്രുമെന്‍റൽ സംഗീതത്തിനപ്പുറം മറ്റു ആശയലോകങ്ങളിലേക്കൊന്നും മേതിൽ കഥകൾ ശ്രദ്ധ ക്ഷണിക്കുന്നില്ല. "ഡിലൈല' പോലുള്ള കഥകൾ ഒട്ടും വിനിമയയോഗ്യമല്ല. കഥകളിൽ കലാപരമായ കലാപമോ തത്വചിന്താപരമായ ആശയങ്ങളോ ഇല്ല. ഒരു പുതിയ കഥാഖ്യാനത്തിന്‍റെ വഴി എന്ന നിലയിൽ ഈ കഥകളെ ഇപ്പോൾ അവതരിപ്പിക്കാനാവില്ല.
2) രാഷ്‌ട്രീയ ബോധവും കലാബോധവും ഒരുപോലെ സമന്വയിപ്പിച്ച കഥാകൃത്ത് യു.പി. ജയരാജിന്‍റെ വിടവ് നമ്മുടെ സാഹിത്യത്തിൽ എന്നും നിലനില്ക്കും. ജയരാജിനെക്കുറിച്ച് സി.വി. ബാലകൃഷ്ണൻ എഴുതിയ ലേഖനം (പ്രക്ഷുബ്ധകാലത്തിന്‍റെ ചരിത്രകാരൻ, കലാപൂർണ, ആഗസ്റ്റ്, 2024) ഉചിതമായി. അദ്ദേഹം എഴുതുന്നു: "ജയനെ (അങ്ങനെയായിരുന്നു വിളിക്കാറ്) അതിരറ്റ സ്നേഹവായ്പ്പോടെ ഞാനിന്നും ആത്മാവിനോടു ചേർത്തു പിടിക്കുന്നു. കിടപിടിക്കാനില്ലാത്ത സത്യസന്ധതയോടെ അവനെഴുതിയ കഥകൾ ഒരു പ്രക്ഷുബ്ധകാലത്തിന്‍റെ ചരിത്രരേഖകളായി നമ്മുടെ മുന്നിൽ അവശേഷിക്കുന്നുണ്ട്. അവ അപ്രസക്തമായില്ല. ജയരാജിന്‍റെ "നിരാശാഭരിതനായ സുഹൃത്തിനു ഒരു കത്ത്,' "ഓക്കിനാവയിലെ പതിവ്രതകൾ" എന്നീ സമാഹാരങ്ങളെക്കുറിച്ചും ബാലകൃഷ്ണൻ സൂചിപ്പിക്കുന്നുണ്ട്.
3) കൽപ്പറ്റ നാരായണൻ കവിതയിൽ നിന്നു വികാരത്തെ വാറ്റിക്കളയുകയാണെന്നു തോന്നുന്നു. കവിതയ്ക്കു മാംസം വേണ്ടേ, അസ്ഥിമാത്രം മതിയോ?
4) കവിത വായിച്ചാൽ രോമാഞ്ചമുണ്ടാകണമെന്നു ടി.പി. രാജീവൻ പറഞ്ഞതോർക്കുന്നു. വികാരം കൊള്ളാൻ മറന്നുപോകരുത് എന്നു പറയുമായിരുന്നു. രോമം എഴുന്നേൽക്കുന്നത് ഇപ്പോഴത്തെ തലമുറയ്ക്ക് അജ്ഞാതമാണെന്നു തോന്നുന്നു.
5) ഇടപ്പള്ളി രാഘവൻപിള്ളയുടെ കവിതയിലെ രാഷ്‌ട്രീയത്തെ വിശകലനം ചെയ്യുകയാണ് ഷൂബ കെ.എസ്. (ജ്ഞാനഭാഷ ഡോട്ട് കോം): "പ്രവർത്തിക്കാൻ എന്തെങ്കിലും ഉണ്ടായിരിക്കുക, സ്നേഹിക്കാൻ എന്തെങ്കിലും ഉണ്ടായിരിക്കുക, ആശിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കുക - ഇവയിലാണ് ലോകത്തിലെ സുഖമെന്നും അത് തനിക്കില്ലെന്നും "ഇടപ്പള്ളി പറഞ്ഞത് ഷീബ ഉദ്ധരിച്ചത് അർഥവത്തായി.
6) എഴുതാനുള്ള പ്രചോദനം ഉള്ളപ്പോഴാണ് കടമ്മനിട്ട എഴുതിയതെന്നും അദ്ദേഹത്തിൽ ഏറെ ആദരിക്കപ്പെടേണ്ട വസ്തുത എഴുതാതിരിക്കാനുള്ള മനസാണെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞത് ശ്രദ്ധേയമായി.
7) "നിങ്ങളുടെ മനസിനെ ശ്രദ്ധിക്കുക. അത് എല്ലാം അറിയുന്നുണ്ട് '-പൗലോ കോയിലോ ഫെയ്സ്ബുക്കിൽ കുറിച്ചു.
8) ആരു ഞാൻ? ആരു ഞാൻ?
എന്നെത്തിരിച്ചറിഞ്ഞീടാതെ
കണ്ണാടി നോക്കുന്നു പിന്നെയും'.
ചാത്തനാത്ത് അച്യുതനുണ്ണിയുടെ "ആരു ഞാൻ' എന്ന കവിതയിലെ ഈ വരികൾ എപ്പോഴും അർഥവിചാരമായി മന്ത്രിക്കുകയാണ്.
9) "ബഷീറിന്‍റെ ചെറുകഥകൾ - 101 പഠനങ്ങൾ' എന്ന പേരിൽ ഒലിവ് ബുക്സ് പ്രസിദ്ധീകരിച്ച ഒരു കൃതിയുണ്ട്. (എഡിറ്റർ : പോൾ മണലിൽ). 101 എഴുത്തുകാർ ബഷീറിന്‍റെ കഥകളെക്കുറിച്ച് എഴുതിയിരിക്കുകയാണ്. ഒരു കഥാകൃത്തായി ജീവിക്കുന്നതിന്‍റെ സകല പ്രതിസന്ധികളും ബഷീർ നേരിട്ടിട്ടുണ്ട്. "ജന്മദിനം' എന്ന കഥ ഉദാഹരണമാണ്. ഈ കഥയുടെ നായകൻ വിശപ്പാണ്.
10) കല്യാണത്തെയും പ്രേമത്തെയും താരതമ്യം ചെയ്തുകൊണ്ട് പൗളിൻ തോമസാണ് പറഞ്ഞു: പ്രേമം അന്ധമാണ്. എന്നാൽ കല്യാണം ശരിക്കും കണ്ണ് ഉറപ്പിക്കും.