അധമ മൃഗീയതകൾക്ക് ഇനിയെങ്കിലും മൂക്കുകയർ

ഉദാരമായി പരോള്‍ അനുവദിച്ചു പ്രതികൾക്ക് രാഷ്‌ട്രീയ സംരക്ഷണം നൽകിയവർക്ക് ഇനി അത് ആവർത്തിക്കാൻ കഴിയില്ലെന്ന വ്യക്തമായ സന്ദേശം
അധമ മൃഗീയതകൾക്ക് ഇനിയെങ്കിലും മൂക്കുകയർ
Updated on

വധക്കേസിൽ വിചാരണ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച 6 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും വിചാരണ കോടതി വിട്ടയച്ചെങ്കിലും ഗൂഢാലോചന കുറ്റം കണ്ടെത്തി പത്തും പന്ത്രണ്ടും പ്രതികൾക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ച ഹൈക്കോടതി വിധി രാഷ്‌ട്രീയ കൊലപാതകങ്ങൾക്കെതിരേയുള്ള കർശനമായ താക്കീതാണ്. മുഖ്യപ്രതികളായ 9 പേർക്കുള്ള ജീവ പര്യന്തം ശിക്ഷയിൽ 20 വർഷം കഴിയാതെ ഇളവ് ചോദിക്കാനോ നൽകാനോ പാടില്ലെന്ന കർശന നിർദേശവും കോടതി നൽകിയിട്ടുണ്ട്. ഉദാരമായി പരോള്‍ അനുവദിച്ചു പ്രതികൾക്ക് രാഷ്‌ട്രീയ സംരക്ഷണം നൽകിയവർക്ക് ഇനി അത് ആവർത്തിക്കാൻ കഴിയില്ലെന്ന വ്യക്തമായ സന്ദേശം.

ഗൂഢാലോചന നടത്തി അതിമൃഗീയമായാണ് ടി.പിയെ വധിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. വ്യക്തിപരമായ കാരണങ്ങളല്ല, രാഷ്‌ട്രീയ വിദ്വേഷം തന്നെയാണ് കൊലയ്ക്ക് കാരണമെന്നും 2014 ജനുവരി 28ന് പുറപ്പെടുവിച്ച വിധി ന്യായത്തിൽ കോഴിക്കോട് അഡീഷണൽ സെഷൻസ് ജഡ്ജി ആർ. നാരായണ പിഷാരടി ചൂണ്ടിക്കാട്ടിയിരുന്നു. ആ നിഗമനം ആവർത്തിച്ചു, ജസ്റ്റിസുമാരായ ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ഡോ. കൗസർ എടപ്പഗത്ത് എന്നിവർ ഉൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ജയിലിലായിരിക്കെ 2020 ൽ മരണപ്പെട്ട പതിമൂന്നാം പ്രതി പി.കെ. കുഞ്ഞനന്തനു വിചാരണക്കോടതി വിധിച്ച പിഴത്തുകയായ ഒരു ലക്ഷം രൂപ അയാളുടെ കുടുംബം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

വിയോജിപ്പിന്‍റെ സ്വരത്തെ നിശബ്ദമാക്കാൻ ലക്ഷ്യമിട്ടുള്ള കുറ്റകൃത്യത്തെ ജനങ്ങൾക്കെതിരേയും സമൂഹത്തിനെതിരേയുമുള്ള കുറ്റകൃത്യമായി കാണണം. ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിക്കുന്നത് തടയുന്ന കുറ്റകൃത്യങ്ങളെ ശക്തമായി തടയണം. നിയമവാഴ്ച നിലനിൽക്കുന്ന സമൂഹത്തിന് അത് അനുവദിക്കാനാവില്ല. ഒരു വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഭരണഘടന പ്രകാരം അംഗീകരിക്കേണ്ടതുണ്ട് - കോടതി അർധശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കി. കൊലയാളികളും അവരെ നിയോഗിച്ചവരുമൊഴികെയുള്ള മുഴുവൻ ജനസാമാന്യത്തിനും ആത്മഹർഷം ഉളവാക്കുന്ന നീതിസാരത്തിന്‍റെ ശബ്ദ വീചികൾ. ഈ പ്രാകൃത വൈകൃതം ഇവിടംകൊണ്ടെങ്കിലും അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവനാളുകളും ആരതി ഉഴിയേണ്ട ആപ്തവാക്യങ്ങൾ.

രാഷ്‌ട്രീയ കൊലപാതകങ്ങൾ നടന്നു കഴിഞ്ഞാലുടൻ സിപിഎം നേതൃത്വം ആവർത്തിക്കുന്ന ഒരു സ്റ്റീരിയോ ടൈപ്പ് മറുപടിയുണ്ട് - " ഈ കേസുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ല. കുറ്റവാളികൾക്ക് ഒരു സംരക്ഷണവുമുണ്ടാവില്ല". ടിപി വധക്കേസിലും ഷുഹൈബ് വധക്കേസിലും കൃപേഷ് - ശരത് ലാൽ വധക്കേസിലും ഷുക്കൂർ വധക്കേസിലുമെല്ലാം നാം ആവർത്തിച്ചു കേട്ട വായ്മൊഴിയാണിത്. എന്നിട്ടോ, അന്വേഷണത്തെ വഴിമുട്ടിച്ച് കൊലപാതകികൾക്ക് രക്ഷാകവചം തീർക്കുക, അവർക്ക് നിയമപരിരക്ഷ ഒരുക്കുക, അവരുടെ കുടുംബത്തെ ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുക ഇത്യാദി നാടകങ്ങളാണ് എല്ലാ കേസുകളിലും അരങ്ങേറിയത്. അതും പോരാഞ്ഞ്, മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെയോ ഭർത്താവിനെ നഷ്ടപ്പെട്ട വിധവയായ ഭാര്യയുടെയോ സത്യാവസ്ഥ കണ്ടെത്താനുള്ള അന്വേഷണ ആവശ്യത്തെ പോലും പരിഗണിക്കാതെ അത് പ്രതിരോധിക്കാൻ സർക്കാർ ഖജനാവിൽ നിന്ന് ലക്ഷങ്ങൾ മുടക്കി വിലകൂടിയ അഭിഭാഷകരെ ഇറക്കുമതി ചെയ്യുന്നതും കണ്ടു. എന്നിട്ടും ആവർത്തിച്ചു കൊണ്ടിരിക്കുന്നു "ബന്ധമില്ലാ പല്ലവി'!

" ചന്ദ്രശേഖരനെ വെള്ള പുതപ്പിച്ചു കിടത്തുമെന്നും ചന്ദ്രശേഖരന്‍റെ തലച്ചോറ് തെങ്ങിൻ പൂക്കുല പോലെ റോഡിൽ ചിതറിക്കുമെന്നും" കേസിലെ പത്താംപ്രതിയും സിപിഎം വടകര കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗവുമായ കെ.കെ.കൃഷ്ണൻ പ്രസംഗിച്ചത് അക്ഷരംപ്രതി നടപ്പാക്കിയിട്ട് അതിൽ ഒരു അസാധാരണത്വമോ അപൂർവതയോ ഇല്ലെന്നു പറയുന്ന മാനസികാവസ്ഥയെക്കുറിച്ച് എന്തു പറയാൻ!

എന്തായാലും പ്രതികൾ നൽകിയ അപ്പീൽ തള്ളി കൊണ്ടുള്ള ഹൈക്കോടതി വിധിയുടെ പ്രഹരശേഷി സിപിഎമ്മിനെ വീണ്ടും പ്രതിക്കൂട്ടിൽ നിർത്തി വരിഞ്ഞുമുറുക്കും. കോടാലിക്കൈ മാത്രമല്ല അത് പിടിച്ചവരും ശിക്ഷിക്കപ്പെടണം. എങ്കിലേ ഈ അരും കൊലകൾക്ക് അറുതി വരുത്താനാവൂ. അതിലേക്ക് ഊർജം പകരുന്ന നിർണായക വിധിയാണിത്.

"വിശ്വാസങ്ങളുടെ അക്രമാസക്തമായ അടിച്ചേൽപ്പിക്കലിൽ അല്ലാ, ആശയങ്ങളുടെ സമാധാനപരമായ കൈമാറ്റത്തിലാണ് ജനാധിപത്യം അഭിവൃദ്ധിപ്പെടുന്നത്. രാഷ്‌ട്രീയ അതിക്രമം ജനാധിപത്യ തത്വങ്ങളുടെ വേരിനെ നശിപ്പിക്കുന്ന വിഷമാണ്" - എന്ന നോബൽ സമ്മാന ജേതാവ് അമർത്യാ സെന്നിന്‍റെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ടാണ് ടി. പി. വധകേസിലെ വിധി ന്യായം ആരംഭിക്കുന്നത്. ആ വിഷ നശീകരണത്തിനുള്ള ഉഗ്രപ്രയോഗം.

തളരാതെ, മനസ്സുമടിക്കാതെ ഈ കേസിൽ കെ. കെ. രമ നടത്തിയ നിയമ പോരാട്ടം ഏറെ അഭിനന്ദനീയം തന്നെ. പ്രതികളുടെ ശിക്ഷ വർധിപ്പിക്കുന്ന കാര്യത്തിൽ ഹൈക്കോടതിയിൽ അന്തിമവാദം നടക്കുമ്പോൾ 'രക്തമല്ല, നീതിയാണ് തനിക്ക് വേണ്ടത് ' എന്നായിരുന്നു കെ.കെ. രമയുടെ അഭിഭാഷകൻ എസ്. രാജീവ് ബോധിപ്പിച്ചത്. "ഒരു മനുഷ്യന്‍റെയും ജീവൻ എടുക്കരുത് " എന്നു രമ ഇതിനു വിശദീകരണം നൽകുമ്പോൾ നിഷ്ഠുരമായ കൊലയിൽ ഭർത്താവിനെ നഷ്ടമായ വേദനയിലും വ്യഥയിലും അവർ പ്രകടിപ്പിക്കുന്ന സഹിഷ്ണുതയുടെയും വിശാല കാഴ്ചപ്പാടിന്‍റെയും തങ്കത്തിളക്കം വലിയൊരു സന്ദേശവും ഉദാത്ത മാതൃകയുമാണ്. അക്രമവും കൊല്ലും കൊലയുമായി അതീശത്വവും കേമത്വവും നടിക്കുന്ന വമ്പന്മാർക്ക് മുന്നിൽ ഉയരുന്ന കനത്ത വെല്ലുവിളിയും.

കൊലപാതകികളുടെ നേരെ ചാട്ടുളി പോലെ പായുന്ന ടി.പി. കേസിലെ വിധി ന്യായം പുറത്തു വരുമ്പോഴാണ് നിഷ്ഠുരമായ മർദനത്തിന്‍റെയും കൊലപാതകത്തിന്‍റെയും മറ്റൊരു വാർത്ത പുറത്തുവരുന്നത്.

"മകനെ മർദിച്ചും കഴുത്തു ഞെരിച്ചും കൊന്ന് അവർ കെട്ടിത്തൂക്കിയതാണ് " എന്ന് ഒരു അച്ഛനും അമ്മയും വിലപിക്കുമ്പോൾ അധികൃതർക്കും ഭരണസംവിധാനങ്ങൾക്കും എന്തു മറുപടിയാണുള്ളത്?

വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ രണ്ടാം വർഷ ബിവിഎസ്‌സി വിദ്യാർഥി നെടുമങ്ങാട് വിനോദ് നഗർ കുന്നുംപുറത്ത് ജയപ്രകാശ് - ഷീബ ദമ്പതികളുടെ മകൻ ജെ. എസ്. സിദ്ധാർഥാണ് ആ കൊടുംക്രൂരതയ്ക്ക് വിധേയനായത്.

വാലന്‍റൈൻസ് ഡേയ്ക്ക് സിദ്ധാർഥ് സീനിയർ വിദ്യാർഥിനികൾക്കൊപ്പം ഡാൻസ് ചെയ്തതാണ് കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള എസ്എഫ്ഐ നേതാക്കളെ പ്രകോപിതരാക്കിയത്. " ഇപ്രാവശ്യത്തെ ആറ്റുകാൽ പൊങ്കാലയ്ക്ക് അമ്മയെ ഞാൻ കൊണ്ടുപോയി കൊള്ളാം" എന്ന് അമ്മ ഷീബയോടു ഫോണിൽ പറഞ്ഞ സിദ്ധാർഥ് വീട്ടിലേക്ക് യാത്രയായതാണ്. എറണാകുളം എത്തിയപ്പോൾ സഹപാഠികളിൽ ചിലർ അത്യാവശ്യ കാര്യം ഉണ്ടെന്നു പറഞ്ഞു തിരിച്ചുവിളിക്കുകയായിരുന്നു. ഹോസ്റ്റലിൽ തുടർന്നുള് മൂന്ന് ദിവസവും കൊടിയ മർദനം നേരിട്ടു സിദ്ധാർഥ്. ക്യാംപസിലെ പാറപ്പുറത്തും വാട്ടർ ടാങ്കിന് സമീപവും കേസിലെ പ്രതികൾ സിദ്ധാർഥിനെ സംഘം ചേർന്ന് മർദിക്കുന്നു.17നു ഹോസ്റ്റലിന്‍റെ നടുമുറ്റത്ത് നൂറോളം വിദ്യാർഥികളുടെ മുന്നിൽ വച്ച് വിവസ്ത്രനാക്കി കയറുകൊണ്ട് കെട്ടിയിട്ട് കൂട്ട മർദനം. രണ്ടുബെൽറ്റ്‌ പൊട്ടിച്ചിതറുന്നതു വരെ അടിച്ചു. 15, 16, 17 തീയതികളിൽ ഭക്ഷണമോ വെള്ളമോ നൽകാതെ ഡോർമെറ്ററിയിൽ പാർപ്പിച്ചു. അവിടെയും മർദനം തുടർന്നു.

എല്ലാം അറിഞ്ഞ ഡീനും വാർഡനും രക്ഷിക്കാനല്ല, വിവരം പുറത്തുപോകരുതെന്നു വിദ്യാർഥികളെ ഭീഷണിപ്പെടുത്താനായിരുന്നു വ്യഗ്രത. ഒരു ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനും പരസ്യ വിചാരണയ്ക്കും ഈ സംഭവങ്ങൾക്കൊക്കെയും അരുനിന്നിരുന്നു എന്നാണ് രഹസ്യ വിവരം. ഇവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി നിയമത്തിനു മുമ്പിൽ കൊണ്ടുവരണം.

സിദ്ധാർഥ് മരിച്ച് നാല് ദിവസത്തിനു ശേഷം പൊലീസ് അറിയിച്ചപ്പോൾ മാത്രമാണ് കോളജിൽ ആന്‍റി റാഗിങ് കമ്മിറ്റി യോഗം പോലും അധികൃതർ വിളിച്ചു ചേർത്തത്. മർദനം അറിഞ്ഞില്ലെന്ന് പറയുന്നതിൽ നിന്നു തന്നെ അവർ ആ സ്ഥാനത്തിന് യോഗ്യരല്ല എന്ന് സ്വയം വെളിപ്പെടുത്തുകയല്ലേ.

ക്യാംപസിലെ എസ്എഫ്ഐ കാടത്തം എത്ര ഭീകരമായിരുന്നുവെന്നതിനു തെളിവാണ് യൂണിയൻ ചെയർമാനും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റും സെക്രട്ടറിയുമെല്ലാം പ്രതിപ്പട്ടികയിൽ സ്ഥാനം പിടിച്ചത്. കാലങ്ങളായി ക്യാംപസിൽ എസ്എഫ്ഐ നടത്തുന്ന ഇത്തരം കാടത്തത്തിനും അടിച്ചമർത്തലിനും ഒരു വിഭാഗം അധ്യാപകർ കൂട്ടുനിൽക്കുകയാണെന്നും പരാതിപ്പെടുന്നവരുടെ പേര് സംഘടനാ നേതാക്കൾക്ക് ചോർത്തിക്കൊടുക്കുക പതിവാണെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. ഇവരൊക്കെ അധ്യാപകരോ കൊടും ക്രിമിനലുകളോ?

കൊടിയ മർദനത്തിന്‍റെയും കമ്പി കൊണ്ട് തലയ്ക്കടിച്ചതിന്‍റെയും നെഞ്ചിലും വയറ്റിലും ചവിട്ടിയതിന്‍റെയും പാടുകൾ സിദ്ധാർഥിന്‍റെ ശരീരത്തിലുണ്ടായിരുന്നു. എംപ്റ്റി സ്റ്റൊമക്കും എംപ്റ്റി ബ്ലാഡറും 3 ദിവസം വെള്ളവും ഭക്ഷണവും നൽകാതെ പട്ടിണിക്കിട്ട് പീഡിപ്പിച്ചതിന്‍റെ സാക്ഷ്യപത്രം. അങ്ങനെയാണ് ആദ്യം 12 പേരെ പ്രതി ചേർക്കുന്നത്. തുടക്കത്തിൽ ഒളിച്ചുകളിച്ച പൊലീസ്, കുടുംബവും സമൂഹവും ഉന്നയിച്ച ശേഷമാണ് എഫ്ഐആർ തിരുത്തി എന്തെങ്കിലും ഒരു നടപടിക്കും അറസ്റ്റിനും മുതിരുന്നത്. പ്രതികളെല്ലാം എസ്എഫ്ഐ യുമായി ബന്ധപ്പെട്ടവർ. അവരുടെ ഒളി സങ്കേതങ്ങൾ പാർട്ടി ഓഫിസുകളും പാർട്ടി നേതാക്കളുടെ ഭവനങ്ങളുമാണെന്ന മുൻകാല അനുഭവങ്ങൾ ആർക്കാണ് അറിഞ്ഞുകൂടാത്തത്?

എന്നിട്ടും എസ്എഫ്ഐക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്നാണ് സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പറയുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി 'പിടികിട്ടാപ്പുള്ളി' യായി വിലസിയ ആളാണ് ആർഷോ. എഐഎസ്എഫ് വനിതാ നേതാവിനെ മർദിക്കുകയും 'അച്ഛനില്ലാത്ത കുട്ടിയെ സമ്മാനിക്കുമെന്ന്' ഭീഷണിപ്പെടുത്തുകയും ചെയ്തത് കേരളം മറന്നിട്ടില്ല. പത്തനംതിട്ട സ്വകാര്യ കോളെജിലെ നിയമ വിദ്യാർഥിനിയെ മർദ്ദിച്ച കേസിൽ പ്രതികളായ ഡിവൈഎഫ്ഐ നേതാവ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിട്ടും പൊലീസ് പിടിയിലാവാതെ ഇപ്പോഴും വിലസുന്നത് ആരുടെ സംരക്ഷണയിലാണ്? എസ്എഫ്ഐ അധീശത്വം നിലനിൽക്കുന്ന കേരളത്തിലെ കോളേജ് ക്യാംപസുകളുടെ പൊതുസ്ഥിതിയാണിത്. ഇത്തരക്കാരിൽ നിന്നു ക്യാംപസും വിദ്യാർഥികളും എന്ത് സർഗാത്മകതയും സംവാദ ക്ഷമതയുമാണ് പ്രതീക്ഷിക്കേണ്ടത്!

Trending

No stories found.

Latest News

No stories found.