literature special story
ഷേക്‌സ്‌പിയറോളജിയും സാംസ്‌കാരിക അപായക്കളിയും | അക്ഷരജാലകം

ഷേക്‌സ്‌പിയറോളജിയും സാംസ്‌കാരിക അപായക്കളിയും | അക്ഷരജാലകം

ഒരു കഥയോ കവിതയോ വായിച്ച് അതിന്‍റെ ശുദ്ധമായ സൗന്ദര്യാനുഭവത്തിൽ എത്തുകയാണ് വായനയിൽ ഏറ്റവും പ്രധാനമായിട്ടുള്ളത്. വായിക്കുക എന്ന പ്രക്രിയയിൽ അടിസ്ഥാനപരമായിട്ടുള്ളത് ഈ അനുഭവമാണ്. സൗന്ദര്യബോധത്തിലെത്തണമെങ്കിൽ നമുക്ക് ഒരു അഭിരുചി വേണം. നമ്മെ ആകർഷിക്കുന്ന ഒരു ലാവണ്യമുണ്ടാവണം. നമ്മുടെ ആസ്വാദനക്ഷമത എന്നു പറയാം. എല്ലാവർക്കും എല്ലാം ആസ്വദിക്കാൻ കഴിയില്ല. എല്ലാവരുടെയും സാഹിത്യകാരനും കവിയുമണ്ടോ എന്നു സംശയമാണ്.

വളരെ ജനകീയ എഴുത്തുകാരായിരുന്ന പമ്മനും കോട്ടയം പുഷ്പനാഥും എല്ലാവർക്കും പ്രിയമാണോ? വളരെ പേരുകേട്ട പോഞ്ഞിക്കര റാഫിയും വി.ടി. നന്ദകുമാറും എല്ലാവരുടെയും എഴുത്തുകാരാണോ? പരീക്ഷണാത്മകമായ രചനകളിലൂടെ ഒരു ബൗദ്ധികസമൂഹത്തിന്‍റെ പ്രിയങ്കരരായിത്തീർന്ന കാക്കനാടനും സക്കറിയയും എല്ലാ യാഥാസ്ഥിതികരെയും ഇനിയും തൃപ്തിപ്പെടുത്തിയിട്ടില്ല. സക്കറിയയോ കാക്കനാടനോ തങ്ങൾ എഴുതുന്ന കൃതികൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. അവർക്ക് തങ്ങളെ വായിക്കുന്നവരുടെ ഒരു ചെറിയ മണ്ഡലത്തിൽ നിലനിൽക്കുന്നതാണ് ആഹ്ലാദകരം. അവരുടെ മനസിനെ ആദരിക്കുന്ന, മനസിലാക്കുന്ന വായനക്കാരെ അവർ തേടുന്നു. അവർക്ക് ഭൂരിപക്ഷത്തിന്‍റെ പ്രിയം കിട്ടാത്തതിൽ വ്യഥയില്ല.

കാക്കനാടൻ അത് സൂചിപ്പിച്ചിട്ടുണ്ട്. അഭിരുചിയുടെ പ്രശ്നം വളരെ ഗൗരവമുള്ളതാണ്. എഴുത്തുകാരന്‍റെ യുദ്ധഭൂമിയാണത്. ഒരുമിച്ച് താമസിക്കുകയും പഠിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്നതുകൊണ്ട് രണ്ടുപേരുടെ ആസ്വാദനബോധവും ശേഷിയും ഒരുപോലെയായിരിക്കില്ല. അഭിരുചി ഒരാളുടെ സ്വകാര്യമായ സിദ്ധിയാണ്. അയാൾക്ക് ആ അഭിരുചിയില്ലാതെ ജീവിക്കാനാവുകയില്ല.ഒ.വി. വിജയന്‍റെ "അരിമ്പാറ' എന്ന കഥ പ്രസിദ്ധീകരിച്ചപ്പോൾ അതിൽ കുടുംബമോ പ്രേമമോ പ്രേമഭംഗമോ തേടിയവർ നിരാശരായി. വിജയൻ എഴുതിയത് തന്‍റേതായൊരു ഭാവനയുടെ ലോകത്തിരുന്നുകൊണ്ടാണ്. മുഖത്ത് പ്രത്യക്ഷപ്പെട്ട അരിമ്പാറ വളർന്നു വലുതായതിനെക്കുറിച്ചാണ് അദ്ദേഹം പ്രതിപാദിച്ചത്. മുഖത്തെ വികൃതമാക്കുന്ന അരിമ്പാറ താൻ അനുഭവിച്ച രാഷ്ട്രീയവും സർഗാത്മകവുമായ പാരതന്ത്ര്യത്തിന്‍റെ അസ്വസ്ഥതകളുടെ ആകെത്തുകയാണെന്നു, അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ എഴുതിയ ആ കൃതി വിലയിരുത്തപ്പെട്ടു.

വായിക്കുന്നവൻ വ്യാഖ്യാനിക്കും. ചില വിട്ടുപോയ കണ്ണികൾ, മയങ്ങിക്കിടക്കുന്ന അർഥങ്ങൾ, പ്രകടമാകാത്ത ഭാവങ്ങൾ വായനക്കാർ കണ്ടെത്തുന്നു. അവർ ജീവിക്കുന്നത് അങ്ങനെയാണ്. വായനക്കാരൻ വെറുതെ വായിച്ച് മനം മടുപ്പിക്കുകയല്ല, സ്വയം കണ്ടെത്തുകയാണ്. വായനക്കാരൻ വായിക്കുന്നത് കൃതിയുടെ കർത്താവിനോടുള്ള അടുപ്പം കൊണ്ടോ വിധേയത്വം കൊണ്ടോ അല്ല. കൃതി രചിച്ചയാളിനു പ്രശസ്തി നേടിക്കൊടുക്കാനുമല്ല. ലൈബ്രറികൾ സംഘടിപ്പിക്കുന്ന മത്സരത്തിന്‍റെ ഭാഗമായല്ല ഒരാൾ വായിക്കുന്നത്. വായിക്കാൻ ഒരു അഭിരുചി വേണം. അത് നേടിയവൻ അതിനു തൃപ്തികരമായ പുസ്തകങ്ങൾ തേടിപ്പോകും. അതാണ് അവന്‍റെ വിധി.

1. എല്ലാവർക്കും അറിയാവുന്നത് എഴുതേണ്ട

ഒരു സമൂഹം ജീർണിക്കുകയോ പിൻവാങ്ങുകയോ ഓർമകൾ ഉപേക്ഷിക്കുകയോ ചെയ്യുമ്പോൾ അതിനോടു എഴുത്തുകാരൻ പ്രതികരിക്കുന്നത് സ്വാഭാവികമായാണ്. ആ പ്രതികരണം മഹത്തായ, ഏറ്റവും ശ്രേഷ്ഠമായ ഒരു കർമമല്ല. ഒരു സാമൂഹികമായ സ്വഭാവം മാത്രമാണ്. എന്നാൽ സ്ത്രീധനം, ആർഭാടം എന്നിവയ്ക്കെതിരേ കഥയെഴുതിയിൽ ഇന്നു അത് വല്ലാതെ നിർവികാരവും സർവസാധാരണവുമായിപ്പോകും. കാരണം, വായനക്കാർ അതെല്ലാം ഗ്രഹിച്ചു കഴിഞ്ഞിരിക്കുന്നു. അവർക്ക് ഒരു ഞെട്ടലും ഉണ്ടാകില്ല. അവർ നിത്യവും കേട്ട് പരിചയിച്ച ഒരു കാര്യം കഥാകൃത്ത് വലിയ കണ്ടുപിടിത്തമെന്ന മട്ടിൽ അവതരിപ്പിക്കരുത്.

സന്തോഷ് ഏച്ചിക്കാനത്തിന്‍റെ "ബിരിയാണി'യും വി.ജെ. ജയിംസിന്‍റെ' "ഇരുട്ടുകുത്തി'യും പരാജയപ്പെട്ടത് അങ്ങനെയാണ്. വലിയ കല്യാണങ്ങൾക്ക് വേണ്ടി 5000 പേർക്ക് ബിരിയാണി തയാറാക്കുന്നത് ഇവിടെ എത്രയോ വർഷങ്ങളായി സർവസാധാരണമാണ്. സമ്പന്നർ കൂടിയത് മാത്രമല്ല കാരണം; കൂടുതൽ പകിട്ടിലും ആർഭാടത്തിലും ചടങ്ങുകൾ നടത്തുന്നത് ഒരു സാംസ്കാരിക പ്രവർത്തനത്തിന്‍റെ ഭാഗമായിരിക്കുന്നു. സാംസ്കാരികവും ഉപഭോഗപരവുമായ അപായക്കളി ഭൂരിപക്ഷവും ഏറ്റെടുക്കുകയാണ്. ഇന്നു സാഹിത്യോത്സവങ്ങൾ പോലും ധൂർത്തിലും മോടിയിലുമാണ് സംഘടിപ്പിക്കുന്നത്, അവിടെ ഒരു നൂതനാശയം പോലും ചർച്ച ചെയ്യുന്നില്ലെങ്കിലും. അതുകൊണ്ട് ഉപയോഗിക്കാത്ത ഭക്ഷണം കുഴിച്ചുമൂടുന്നു എന്നു അറിയിക്കാൻ വേണ്ടി ഒരാൾ കഥയെഴുതേണ്ടതില്ല. കഥാകൃത്ത് ഈ വിഷയം എഴുതാൻ തെരഞ്ഞെടുക്കുമ്പോൾ തന്നെ പഴയതാകുന്നു. സാമൂഹിക ജീവിതം ഇന്നു സാംസ്കാരികമായ ഒരു അപായക്കളിയാണ്. പുതിയതും വില വിലകൂടിയതുമായ വസ്തുക്കളിലേക്കുള്ള ഭ്രാന്തമായ ചാട്ടമാണത്.

വി.ജെ. ജയിംസിന്‍റെ "ഇരുട്ടുകുത്തി' കേരളത്തിലെ പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ എഴുതിയ കഥയാണ്. പ്രളയത്തിൽ നഷ്ടം സംഭവിച്ച മനുഷ്യരെക്കുറിച്ചോ അവരുടെ സങ്കടങ്ങളെക്കുറിച്ചോ ജയിംസിന് വേവലാതിയില്ല. ഒരു സമ്പന്നന്‍റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഇരുട്ടുകുത്തി വെള്ളത്തിലൂടെ ഒഴുകിപ്പോയതാണ് ഈ നാട്ടിലെ ഏറ്റവും വലിയ പ്രശ്നമെന്നു കഥാകൃത്ത് എഴുതുന്നു. ഇത് വായിച്ചപ്പോൾ അടി കിട്ടിയതുപോലെ തോന്നി. ഏതു തരം വായനക്കാരെയാണ് കഥാകൃത്ത് പ്രതീക്ഷിച്ചതെന്ന് മനസിലായില്ല. പ്രളയത്തിൽ ദുരിതമനുഭവിച്ചവർ ഈ കഥ വായിച്ചാൽ സഹിക്കുമോ? അവരെ കളിയാക്കി വിട്ടു എന്നു തോന്നില്ലേ? ജയിംസ് എഴുതിയ കാലം മാറിപ്പോയി. പ്രളയം ഉണ്ടായിട്ടു വർഷങ്ങളായി. ഇപ്പോൾ ഇരുട്ടുകുത്തി നഷ്ടപ്പെട്ടതിനെക്കുറിച്ചു എഴുതുന്നതിനു എന്താണ് പ്രസക്തി? വായനക്കാർ അതിവേഗം മുന്നോട്ടു കുതിക്കുകയാണ്. ലോകം എങ്ങനെയാണ് ആധുനികവത്ക്കരിക്കപ്പെടുന്നതെന്നു ആലോചിക്കണം. വായനക്കാരൻ അപ്ഡേറ്റവുന്ന പോലെ എഴുത്തുകാരൻ അപ്ഡേറ്റാവുന്നില്ലെങ്കിൽ ആപത്കരമാണ്.

2. ബഹിരാകാശ ജീവിതങ്ങൾ

ഈ വർഷം ബുക്കർ പ്രൈസ് ലഭിച്ചത് സാമന്ത ഹാർവെയുടെ "ഓർബിറ്റൽ' എന്ന കൃതിക്കാണല്ലോ. ബഹിരാകാശത്തു താമസിക്കുന്ന ആറു പേരെക്കുറിച്ചാണ് ഈ നോവൽ. അവർ ദിവസവും കാണുന്ന 16 സൂര്യോദയങ്ങളും 16 അസ്തമയങ്ങളും ചിത്രീകരിക്കുകയാണ്. ഒരു പുതിയ ലോകം അനാവരണം ചെയ്യുകയാണ്. ഒരു ഗ്രാമത്തിന്‍റെ പുരാവൃത്തമോ, തറവാടിന്‍റെ മഹിമയോ, വഴക്കിന്‍റെ പിന്നാമ്പുറ കഥകളോ ഒന്നുമല്ല ഇന്നത്തെ ഫിക്‌ഷനെ മുന്നോട്ട് നയിക്കുന്നത്. ഇനിയും കടന്നു ചെന്നിട്ടില്ലാത്ത മേഖലകളിലേക്ക് വാതിൽ തുറക്കണം. സാമൂഹിക പ്രശ്നങ്ങൾക്ക് വീണ്ടും വീണ്ടും ഉത്തരം കണ്ടെത്തുകയല്ല നോവലിസ്റ്റിന്‍റെ ജോലി. ഭൂമിയിലല്ലാതെ ഒരു ജീവിതം എവിടെയാണ് സാധ്യമാകുന്നതെന്നു തിരയുന്ന നോവലിസ്റ്റ് കൗതുകകരമായ ഒരു യാഥാർഥ്യത്തെ സൃഷ്ടിക്കുന്നു.

ഭൂമിയിൽ നിന്നു മാറി വേറൊരിടത്തു താമസിച്ച ശേഷം ഭൂമിയെ നോക്കുന്നവരുടെ മനോനില എന്താണ്? നമ്മൾ താമസിക്കുന്നില്ലെങ്കിൽ നമുക്ക് ഭൂമി പ്രിയങ്കരമായി തോന്നുമോ? ഒരു മണിക്കൂറിൽ 17,000 മൈൽ സഞ്ചരിക്കുന്ന ഈ വാനനിരീക്ഷകർ ഭൂമിയെ ഒരു ദിവസം 16 തവണ ചുറ്റുന്നു! നമുക്ക് എന്നെങ്കിലും ഭൂമിയെ ഇങ്ങനെ ചുറ്റാനൊക്കുമോ? അത് ഓരോ മനുഷ്യനും ആഗ്രഹിക്കുന്ന കാഴ്ചയായിരിക്കും.

മനുഷ്യനെക്കുറിച്ചുള്ള ശരിയായ വീക്ഷണം സാധ്യമാകുന്നത് ഒരു പക്ഷേ ഇന്‍റർനാഷണൽ സ്പേസ് സ്റ്റേഷനിലായിരിക്കും. ഭൂമിയിൽ നിന്നു വേർപെട്ട മനുഷ്യന്‍റെ ദുഃഖത്തെ ആവിഷ്കരിക്കുന്നതാണ് 2024ലെ സാഹസികത. ഇംഗ്ലീഷ് എഴുത്തുകാരി സാമന്ത ഹാർവെ 1975ൽ യുകെയിലാണ് ജനിച്ചത്. 2009 ൽ പ്രസിദ്ധീകരിച്ച "ദ് വൈൽഡർനസ്' ആദ്യ കൃതിയാണ്. ഇതിൽ മറവിരോഗത്തെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ഓൾ ഈസ് സോങ് രണ്ടാമത്തെ നോവലാണ്. ഡിയർ തീഫ്, ദ് വെസ്റ്റൺ വിൻഡ് എന്നിവയാണ് മറ്റു നോവലുകൾ. "ഞാൻ ഭൂമിയെക്കുറിച്ച് എഴുതാൻ ആഗ്രഹിച്ചു; ഭൂമിയുടെ ഭൗതികലോകത്തെക്കുറിച്ചും മനുഷ്യനോടുള്ള ബന്ധത്തെക്കുറിച്ചും. ഭൂമിയെ അറിയുന്നവരുടെ സൗന്ദര്യബോധം, സങ്കടം, നിഷ്കളങ്കതയുടെ നഷ്ടം എന്നിവയെക്കുറിച്ചും ചർച്ച ചെയ്യാനാണ് ആഗ്രഹിച്ചത്.'

സാഹിത്യാസ്വാദനം അല്ലെങ്കിൽ വിമർശനം പുതിയ വഴി തേടേണ്ട ഘട്ടമാണത്. പരമ്പരാഗതമായ വഴികളിൽ നിന്നു പുറത്തു കടക്കേണ്ടതുണ്ട്. സാംസ്കാരിക പഠനം, ചരിത്രപഠനം, മനഃശാസ്ത്ര പഠനം, നരവംശശാസ്ത്ര പഠനം, സ്ത്രീ, പുരുഷ പക്ഷ പഠനം എന്നിങ്ങനെയുള്ള ക്ലീഷേകളിൽ കുടുങ്ങിക്കിടക്കുകയാണ് മലയാള വിമർശനം. അന്വേഷണത്തിന്‍റെ പുതിയ മേഖലകൾ ഉണ്ടാകുന്നില്ല. എന്നാൽ സഹസ്രാബ്ദത്തിന്‍റെ മഹാസാഹിത്യപ്രതിഭയായ ഷേക്സ്പിയറുടെ നാടകങ്ങളെക്കുറിച്ചും കവിതകളെക്കുറിച്ചും വിചിത്രമായ വിലയിരുത്തലുകളും ആസ്വാദനങ്ങളുമാണ് ഉണ്ടാകുന്നത്. ഷേക്സ്പിയറോളജി (ഷേക്സ്പിയർ ശാസ്ത്രം) എന്നു വിളിക്കാവുന്ന തരത്തിൽ വിവിധ ജ്ഞാനശാസ്ത്രങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള വ്യാഖ്യാനങ്ങൾ ഇപ്പോൾ വന്നുകൊണ്ടിരിക്കുകയാണ്. ഷേക്സ്പിയർ ഡിക്ഷ്ണറി, ഷേക്സ്പിയറുടെ ശൈലി, വിശ്ലേഷണങ്ങൾ, നാടകാവിഷ്കാരങ്ങൾ, സംഭാഷണ രചന തുടങ്ങിയ പഴയ അന്വേഷണരീതി വിട്ട് പുതിയ സരണികളിലേക്കു കടക്കുകയാണ്.

3. നിക്ഷേപമായിത്തീർന്ന വാക്കുകൾ

മാക്ബത്ത്, ഒഥല്ലോ, ജൂലിയസ് സീസർ, ആന്‍റണി ആൻഡ് ക്ലിയോപാട്ര, ദ് ടെംപസ്റ്റ് തുടങ്ങിയ നാടകങ്ങൾ എഴുതിയ ഷേക്സ്പിയർ ഒരു യൂണിവേഴ്സിറ്റിക്കും അപ്പുറമാണിപ്പോൾ. ഷേക്സ്പിയറിന്‍റെ ഓരോ വാക്കും എല്ലാ കാലത്തേക്കുമുള്ള നിക്ഷേപമാണ്. അദ്ദേഹം പറഞ്ഞതെന്തും ആഗോള സമൂഹത്തിന്‍റെ പൊതുസ്വത്താണ്. അത് എപ്പോഴും പരിശോധിക്കപ്പെടുകയാണ്. അത് ഗവേഷണത്തിനും മറ്റു കലാരൂപങ്ങളുടെ അവതരണത്തിനും ഉപയോഗിക്കുന്നു. ഷേക്സ്പിയർ നാടകങ്ങൾ മാത്രം അവതരിപ്പിക്കുന്ന നാടക സംഘങ്ങൾ, ഷേക്സ്പിയറുടെ കൃതികൾ മാത്രം പ്രതിദ്ധീകരിക്കുന്ന പ്രസാധകർ, ഷേക്സ്പിയറെക്കുറിച്ചു മാത്രം എഴുതുന്ന വിമർശകർ, ഗവേഷകർ തുടങ്ങിയവർ ഒരാഗോള പ്രതിഭാസത്തെ ഓർമ്മിപ്പിക്കുന്നു.

ഷേക്സ്പിയറെക്കുറിച്ച് എഴുതപ്പെടുന്ന കൃതികളുടെ പേരുകൾ നോക്കുക: ഷേക്സ്പിയർ ആൻഡ് സയൻസ് (കമ്പർലാൻഡ് ക്ലാർക്ക്), ഷേക്സ്പിയർ ആൻഡ് സയൻസ് ഫിക്‌ഷൻ (സാറ ആൻഡ് ബ്രൗൺ), ഷേക്സ്പിയർ ആൻഡ് സയൻസ് -എ ഡിക്‌ഷ്‌ണറി (കാതറൈൻ വാക്കർ) വിമൻ ഇൻ ഷേക്സ്പിയർ (അലിസൺ ആൻഡ് ഫിൻലൻഡേ), ഷേക്സ്പിയർ ആൻഡ് അനിമൽസ് - എ. ഡിക്ഷ്ണറി (കാരൻ ഫേബർ, കാരൻ എഡ്വേർഡ്സ് ), ഷേക്സ്പിയർ ആൻഡ്‌ നാഷണൽ ഐഡന്‍റിറ്റി - എ ഡിക്ഷ്ണറി (ക്രിസ്റ്റഫർ ഇവിക്), ഷേക്സ്പിയർ ആൻഡ് വിഷ്വൽ കൾച്ചർ (ആർമല്ലി സബാറ്റിയർ) ഷേക്സ്പിയേഴ്സ് പ്ലാൻന്‍റ്സ് ആൻഡ് ഗാർഡൻസ് (നിവിയൻ തോമസ്, നിക്കി ഫെക്സ്ക്ളോത്ത്), ഷേക്സ്പിയേർസ് ഡെമനോളജി (മാരിയൻ ഗിബ്സൺ, ജോ ആൻ എസ്റ), സ്പെക്റ്റാക്കുലർ സയൻസ്, ടെക്നോളജി, സൂപ്പർസ്റ്റിഷൻ ഇൻ ദ ഏജ് ഓഫ് ഷേക്സ്പിയർ (എഡി. സോഫി ചിയാരി,മിഖായേൽ പോസ്ലോർഡ്), ദ് സയൻസ് ഓഫ് ഷേക്സ്പിയർ (ഡാൻ ഫാക്), ഫന്‍റാസ്മാറ്റിക് ഷേക്സ്പിയർ (സുവർണ റോയ് ചൗധരി), ഷേക്സ്പിയർ അൺലിമിറ്റഡ് (ഫോൾഗർ ഷേക്സ്പിയർ ലൈബ്രറി), ഷേക്സ്പിയർ ദ് ഇല്യൂഷൻ ഓഫ് ഡെപ്ത് ആൻഡ് സയൻസ് ഓഫ് പാർട്സ് (അമി കുക്ക്)... ഇങ്ങനെ പോകുന്നു പതിനായിരക്കണക്കിനു ഷേക്സ്പിയർ ഗവേഷണ, വിമർശന ഗ്രന്ഥങ്ങൾ.

ഷേക്സ്പിയർ ലോകമാനവിക പഠനങ്ങളിലെ ഒരു സ്വർഗലോകമായി പരിണമിച്ചിരിക്കുന്നു. തങ്ങളുടെ ബുദ്ധിപരവും സൗന്ദര്യാത്മകവുമായ അറിവുകൾ പരിശോധിക്കാനും ഉറപ്പുവരുത്താനും ലോകവിജ്ഞാനത്തെ അളന്നു തിട്ടപ്പെടുത്താനും ഈ പ്രതിഭയെ ആവശ്യമായിരിക്കുന്നു. സ്കോട്ടിഷ് ചരിത്രകാരൻ തോമസ് കാർലയിൽ പറഞ്ഞത് ഇപ്പോൾ ശരിയായിരിക്കുന്നു: "ലോകത്തിൽ ഏറ്റവും വലിയ ബുദ്ധിജീവിയാണ് ഷേക്സ്പിയർ എന്നു ഞാൻ പറയുന്നത് എല്ലാ അർഥത്തിലുമാണ്. നമ്മൾ ഇതുവരെ കണ്ടതിനേക്കാൾ വലിയ ബുദ്ധിപരമായ തലങ്ങൾ അദ്ദേഹത്തിലുണ്ട്. ഇത് ഒരു അബോധത്തിന്‍റെ ബുദ്ധിയാണ്; ഷേക്സ്പിയർ അറിഞ്ഞതിനെക്കാൾ മഹത്വം അദ്ദേഹത്തിനുണ്ട്'.

4. രജത രേഖകൾ

1) ആനന്ദ് ഏകർഷിയുടെ "ആട്ടം' എന്ന സിനിമ മനഃശാസ്ത്രപരമായ ആഖ്യാനം, ഉത്തരാധുനികമായ രൂപത്തിന്‍റെ പരീക്ഷണം എന്നീ നിലകളിലാണ് പ്രസക്തി നേടുന്നത്. ഒരു നാടക സംഘത്തിൽപ്പെട്ടവർ ഒരിടത്ത് താമസിക്കുന്നു. അവർക്കിടയിൽ ഒരു വനിത മാത്രമാണുള്ളത്. രാത്രിയിൽ അവളുടെ ശരീരത്തിൽ ലൈംഗികമായ സൂചനയോടെ സ്പർശിച്ച ശേഷം ആരോ ഓടി മറയുന്നു. അത് ആരാണെന്നു കണ്ടുപിടിക്കാനുള്ള ചർച്ചയാണ് സിനിമയുടെ പ്രധാന ഭാഗം.

കുറ്റം ചെയ്തതായി സംശയിക്കപ്പെടുന്ന നടൻ നാടകപ്രവർത്തകർക്കെല്ലാം സന്തോഷമുണ്ടാക്കുന്ന ഒരു വാർത്തയുമായി വരുന്നു. ഒരു വിദേശയാത്രയും നാടകാവതരണവും നല്ലൊരു തുകയുമാണ് അയാൾ സംഘത്തിലെ ഒരു പ്രധാനിയെ കണ്ട് വാഗ്ദാനം ചെയ്യുന്നത്. അയാൾ ഇത് ചെയ്യുന്നത് താൻ നേരത്തെ അപമാനിക്കപ്പെട്ടതിലുള്ള പക തീർക്കാനാണ്. എന്നാൽ പ്രതി ആരാണെന്നു കണ്ടെത്താൻ അംഗങ്ങൾക്കിടയിൽ നടക്കുന്ന ചർച്ച നടുക്കമുണ്ടാക്കുന്നതാണ്. ഓരോ വ്യക്തിയും സ്വയം സ്വഭാവഹത്യ ചെയ്യുന്നു. ആർക്കും മുഖമില്ല, സ്നേഹമില്ല,ആത്മാർഥതയില്ല. വിദേശ ടൂർ ഓഫർ വന്നശേഷം എല്ലാവരുടെയും സ്വഭാവം മാറുന്നു. പെൺകുട്ടിയുമായി അതിലൊരാൾ പ്രണയത്തിലാണ്. ആരാണ് അവളെ അപമാനിച്ചതെന്നതിനു ഉത്തരമില്ല.

അവൾ ഒടുവിൽ നാടകസംഘം വിട്ട് മറ്റൊരു അരങ്ങിൽ ഈ സംഭവം അവതരിപ്പിക്കുന്നു. പ്രതി ആരാണെന്നു അവൾ തെളിയിക്കുന്നു. നാടകം കാണാൻ വന്നവരിൽ ആ പഴയ സുഹൃത്തുക്കളുമുണ്ട്. അവർ ഞെട്ടലോടെ ഓരോരുത്തരായി സ്ഥലം വിടുന്നു. കാമുകൻ തന്നെയാണ് പ്രതിയെന്നു സംശയിച്ചാലും കുഴപ്പമില്ല. മനുഷ്യ മനസിനെ പഠിക്കാൻ സംവിധായകൻ സ്വീകരിച്ച മാർഗം ലക്ഷ്യം കണ്ടു. ഈ കാലഘട്ടത്തിൽ സ്നേഹമോ പ്രണയമോ എന്തായാലും അതിൽ പാതി ശരി പോലും നിലനിൽക്കുന്നില്ല എന്നാണ് സിനിമ പറയുന്നത്.

2) "ചിത്രകലയും ചെറുകഥയും' എന്ന പുസ്തകമെഴുതിയ കഥാകത്ത് ടി.ആർ. മലയാള വിമർശനത്തിൽ ശാന്തവും ഗംഭീരവുമായ ഒരു മുന്നേറ്റം നടത്തി. പ്രശസ്തമായ ചിത്രങ്ങളെ ചെറുകഥയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള വിലയിരുത്തൽ ജ്ഞാനത്താൽ സുന്ദരമായിരുന്നു.

3) സാഹിത്യകാരന്മാരുടെ വേദിയിൽ പ്രസംഗിക്കുന്നത് ആവേശം തരുന്ന കാര്യമാണ്. എന്നാൽ സി.ജെ. തോമസ്, പി.കെ. ബാലകൃഷ്ണൻ, കുറ്റിപ്പുഴ തുടങ്ങിയ പേരുകൾ കേൾക്കാത്ത ഓഡിയൻസ് പ്രസംഗകന് ഒരു ഭാരമായിരിക്കും.

4) കാട്ടിലെത്തേവരും കാട്ടാനക്കൂട്ടവും

കറുകറെ മാനം നിറഞ്ഞു പെയ്തീടുമ്പോൾ

വെളുവെളെപ്പകലുകൾ ജീവകിരണങ്ങളായ്

രാത്രിക്ക് കറുപ്പിന്‍റെ ഏഴഴകേകുന്ന

പുലരിവെളിച്ചത്തിൽ നിറയുന്നു രാവുകൾ

കാർകൂന്തൽ വാരിയൊതുക്കിയ പെണ്ണിന്‍റെ

കടുംതുടി മുഴങ്ങും കണങ്കാൽ തുടകളും

കാലത്തിത്ര കറുപ്പോ, കർക്കടക രാത്രിമഴ

കൊടുങ്കാറ്റിനെല്ലാമൊരു നിറം'

ഡോ. രാജു വള്ളികുന്നം എഴുതിയ "കരി' (പ്രസാധകൻ, സെപ്റ്റംബർ) എന്ന കവിത അങ്ങേയറ്റം കൃത്രിമമാണ്. ഇതെഴുതാൻ എന്തെങ്കിലും ആത്മീയമായ വേദന അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് ആ വാക്കുകൾ സൂചിപ്പിക്കുന്നു. കരി, കറുപ്പ് തുടങ്ങിയ വാക്കുകളുടെയും അർഥങ്ങളുടെയും ആവർത്തനം മാത്രമാണുള്ളത്. മകാരം മത്തായി മ എന്ന അക്ഷരം ഉപയോഗിച്ച് പ്രസംഗിക്കുന്നത് കണ്ടിട്ടുണ്ട്. ഈ കവിതയിൽ ക ആണെന്നു മാത്രം. കറുകറെ മാനം എന്നു വായിച്ചപ്പോൾ കാവാലം നാരായണപ്പണിക്കരെ ഓർത്തു. കറുപ്പിന്‍റെ ഏഴഴക് എന്നത് ക്ലീഷേ പ്രയോഗമാണ്. വെളുവെളെപ്പകലുകൾ ആവർത്തന വിരസമാണ്. കാർകൂന്തൽ വാരിയൊതുക്കി എന്നു വായിച്ചപ്പോൾ സിനിമാഗാനമാണോയെന്നു ചിന്തിച്ചു. പെണ്ണിന്‍റെ കടുംതുടി മുഴങ്ങും കണങ്കാൽ തുടകളോ? അതെന്തു തുടയാണ്? കർക്കടക രാത്രിമഴ മറ്റൊരു ക്ലീഷേ. "പുലരി വെളിച്ചത്തിൽ നിറയുന്നു രാവുകൾ' എന്നാൽ എന്താണ്?

5) "ദ് സബ്ലൈം ഒബ്ജക്റ്റ് ഓഫ് ഐഡിയോളജി' എന്ന പുസ്തകമെഴുതിയ സ്ലൊവേനിയൻ സാംസ്കാരിക സൈദ്ധാന്തികനും ബുദ്ധിജീവിയുമായ സ്ലവോജ് സിസേക്ക് ഇങ്ങനെ പറഞ്ഞു: "മനുഷ്യവംശം ഓക്കെയാണ്. എന്നാൽ 99% ആളുകളും ബോറടിപ്പിക്കുന്ന ഇഡിയറ്റുകളാണ്.

6) നിരാശ ബാധിച്ചു നടന്നാൽ ജീവിതത്തിന്‍റെ സൗന്ദര്യം കാണാനൊക്കില്ല. ജീവിതത്തിൽ സൗന്ദര്യവും ദുഃഖവും ഒരു ഘോഷയാത്രയിലെന്ന പോലെ മുന്നോട്ട് വരികയാണ്. ഏത് കാണണമെന്നതാണ് പ്രശ്നം. ഇംഗ്ലീഷ് ചലച്ചിത്ര സംവിധായകനായ ചാർലി ചാപ്ലിൻ പറഞ്ഞു: തല താഴ്ത്തി നടന്നാൽ നിങ്ങൾക്കൊരിക്കലും മഴവില്ലുകൾ കാണാനൊക്കില്ല.

Trending

No stories found.

Latest News

No stories found.