ആനിക്കാവിളയുടെ കാറലുള്ള പകലുകൾ | കവിത
ആനിക്കാവിളയുടെ കാറലുള്ള പകലുകൾ | കവിതവര: സുഭാഷ് കല്ലൂർ

ആനിക്കാവിളയുടെ കാറലുള്ള പകലുകൾ | കവിത

കുഴിഞ്ഞ കണ്ണുകൾ ചുറ്റും നിരക്കും കല്ലുപ്പ് തുപ്പും, പ്ലാവിലകുമ്പിളിൽ വറ്റ് പറ്റും. അപ്പനന്തി മോന്തും അമ്മ, നോവ് തിന്നും... | അനുകുമാർ തൊടുപുഴയുടെ കവിത
Published on

അനുകുമാർ തൊടുപുഴ

അരികത്തുണ്ട്,

50 എണ്ണ

100 തെയില,

501 ബാരസോപ്പ്

ഒക്കെ വാങ്ങി ഓടിയ

നിക്കറ് കാലം.

കൊയ്ത്തു കാലത്ത്

കുത്ത് കൂടും.

ചെളി മണക്കും,

ഉരലിനാഴം താഴും

തവിയൂന്നിയുടയ്ക്കും അടച്ചൂറ്റിപ്പലകയിൽ

മുളകരിപൊട്ടും,

ചാരം മണക്കും.

കുഴിഞ്ഞ കണ്ണുകൾ ചുറ്റും നിരക്കും

കല്ലുപ്പ് തുപ്പും,

പ്ലാവിലകുമ്പിളിൽ വറ്റ് പറ്റും.

അപ്പനന്തി മോന്തും

അമ്മ, നോവ് തിന്നും.

തെളിപകലുരുകി വീണ് സന്ധ്യ വേർക്കും

കാളിയവയറിൽ

തീ പാറുന്ന നേരം

ആനിക്കാവിളയുലഞ്ഞ്,

കൊതിയുമ്മ കൊള്ളും.

തൊണ്ടയിൽ,

കാറൽ ചുവ കനക്കും.

ആനിക്കാവിളയുടെ കാറലുള്ള പകലുകൾ
ആനിക്കാവിളയുടെ കാറലുള്ള പകലുകൾവര: സുഭാഷ് കല്ലൂർ