ബാലികാബലി | കവിത
ബാലികാബലി | കവിതവര: സുഭാഷ് കല്ലൂർ

കവിത | ബാലികാബലി

ഡോ. ഷീജ വക്കം എഴുതിയ കവിത, ബാലികാബലി.
Published on

ഡോ. ഷീജ വക്കം

ഒറ്റയടിപ്പാത

കൽത്തുറുങ്കിൻ

മുറ്റത്തു നിന്നും,

കിതച്ചിറങ്ങും.

കുറ്റിരുട്ടിൻ മറ പറ്റിയേതോ

ലക്ഷ്യത്തിലേയ്ക്കതു

സഞ്ചരിയ്ക്കും.

കുത്തിയൊലിക്കും

മഴയിലൂടെ

കൊച്ചുകരച്ചിലൊലിച്ചിറങ്ങും.

പെട്ടെന്നതിന്നുമേൽ

ആകമാനം

പത്തികൾ ചേർന്നു

കുടപിടിക്കും.

ഇത്തിരിപ്പോകെ -

പ്പുഴയിലേയ്ക്കാ

വിഖ്യാതയാത്ര

നടന്നു ചേരും.

മദ്ധ്യത്തു രണ്ടായ്-

പ്പിളർന്നുമാറി

കുത്തൊഴുക്കാഴം

വഴിയൊരുക്കും.

അക്കരെച്ചെന്നു

നനഞ്ഞു കേറി

തപ്പിത്തടഞ്ഞൊരു

വീട്ടിലെത്തും,

പറ്റിക്കിടക്കുന്ന

വാവയെത്തൻ

പെറ്റമ്മയിൽ നിന്നു

വേർപ്പെടുത്തും.

ഉച്ചി പിളർന്നു

കല്ലിൽച്ചിതറാൻ,

കഷ്ടമതിനെയും

കൊണ്ടു പോകും,

രക്തസാക്ഷിക്കുഞ്ഞു

പോയ വീട്ടിൽ

രക്ഷകൻ

പൊന്നുണ്ണിയായ് വളരും..!

വര: സുഭാഷ് കല്ലൂർ
വര: സുഭാഷ് കല്ലൂർ