ചില മനുഷ്യരെ കണ്ടാൽ | കവിത
ചില മനുഷ്യരെ കണ്ടാൽ | കവിതവര: സുഭാഷ് കല്ലൂർ

കവിത | ചില മനുഷ്യരെ കണ്ടാൽ

ചില മനുഷ്യരെ കണ്ടാൽ അവർ അക്വേറിയത്തിൽ നീന്തിക്കൊണ്ടിരിക്കുന്ന വർണമത്സ്യങ്ങളാണെന്ന് തോന്നിപ്പോകും... പി.എ. അനിഷ് അശോകൻ എഴുതിയ കവിത
Published on

പി.എ. അനിഷ് അശോകൻ

ചില മനുഷ്യരെ കണ്ടാൽ

അവർ അക്വേറിയത്തിൽ

നീന്തിക്കൊണ്ടിരിക്കുന്ന

വർണമത്സ്യങ്ങളാണെന്ന്

തോന്നിപ്പോകും

അവർക്ക്

തിളങ്ങുന്ന

ചെതുമ്പലുകളുണ്ടായിരിക്കും

തണുപ്പിന്‍റെയറകളിൽ

പതിഞ്ഞൊളിക്കാനായും

ചിറകുകളുണ്ടായിരിക്കും

നിശ്വാസങ്ങളിൽ

ചെകിളപ്പൂക്കൾപോലെ പിടയുന്ന

ഹൃദയമുണ്ടായിരിക്കും

വേദനയിലും നാണത്തിലും

അടയാത്ത കണ്ണുകളുണ്ടായിരിക്കും

ചിലപ്പോൾ

നിശ്ചലതയ്ക്കിടയിൽ

പഴുതുകൾ തിരയുന്ന

നിരാർദ്രമായ

ചിരിയുണ്ടായിരിക്കും

നോട്ടങ്ങളിൽ

ജലസസ്യങ്ങൾക്കിടയിൽ

മറഞ്ഞിരിക്കുന്നതിന്‍റെ

നിർവികാരതയുറഞ്ഞിരിക്കും

ചലനങ്ങളിൽ

സ്ഫടികഭിത്തിയിൽ തൊട്ടുഴിയുന്ന

വഴക്കമുണ്ടായിരിക്കും

മറവിയിലുമോർമയിലും

ചില്ലുകൾ തകർന്നുടയുന്ന

ഭീതിദമായൊരു

തണുപ്പു പടർന്നിരിക്കും

എപ്പോഴെങ്കിലും

യാദൃച്‌ഛികമായവരിലേക്ക്

കടക്കാനായെന്നു കരുതുക

അപ്പോൾ മാത്രമാണറിയാനാവുക

സ്വയം ചില്ലിട്ടൊതുക്കിയ

ഒരക്വേറിയത്തിനുള്ളിലായിരിക്കു-

മവരുടെ ജീവിതമെന്ന്

അവരുടെ വിശ്വാസങ്ങളെന്ന്

ദൂരമളന്നിട്ട യാത്രകളെന്ന്

ഇലത്തുമ്പുകൾ മാത്രം

നനച്ചുപോയ ചാറ്റൽമഴ കണക്കെ

ഉള്ളിനുള്ളിലെവിടെയോ

തൊട്ടുഴിഞ്ഞ പ്രണയമെന്ന്

വീർപ്പുമുട്ടലിന്‍റെ കടൽക്കോളിലും

ആരും കാണാതെ

തീരത്തടിയുന്ന

നേർത്ത തേങ്ങലുകളുമെന്ന്

അവർ നമ്മളാണെന്നറിയുന്ന ഏകാന്തതയിലാണ്

ഉള്ളിനുള്ളിൽ

നാം നനഞ്ഞു കൊണ്ടിരുന്നതും

കുമിളയിൽ പൊതിഞ്ഞതിരിട്ട

അതേ നിറംകെട്ട വെയിലുകളാണെന്ന് !

വര: സുഭാഷ് കല്ലൂർ