അപ്പൂപ്പൻതാടിയുടെ സഞ്ചാരങ്ങൾ | കവിത

നാരകക്കമ്പിലിരുന്നു നാവൂറു പാടി രസിക്കെ കൂർത്ത നാരകമുള്ളുകൾ കത്തുന്ന ചുബനമേകി.... രമ്യ മഠത്തിൽത്തൊടി എഴുതിയ കവിത
Malayalam poetry
അപ്പൂപ്പൻതാടിയുടെ സഞ്ചാരങ്ങൾ
Updated on

രമ്യ മഠത്തിൽത്തൊടി

വെള്ളിച്ചിറകുമായ്

കുറ്റിച്ചെടിയുടെ

കരൾക്കൂട്ടിൽനിന്നൊരു

കുഞ്ഞിക്കുരുവി പിറന്നു.

നാടാകെ ചുറ്റിപ്പറക്കുവാൻ

വെമ്പി, ചെറുകിളി

നാട്ടുമുല്ലപ്പൂമണം

വാരിയണിഞ്ഞു.

നാരകക്കമ്പിലിരുന്നു

നാവൂറു പാടി രസിക്കെ

കൂർത്ത നാരകമുള്ളുകൾ

കത്തുന്ന ചുബനമേകി.

വെള്ളിലവള്ളിയിലേറി

ഉള്ളംതുറന്നു ചിരിച്ചു.

പൊള്ളുന്ന വെയിലിന്‍റെ

കയ്യിലിരുന്നിത്തിരി

സ്നേഹക്കുളിരു വിതച്ചു.

തോട്ടിൻ വക്കത്തുനിന്നു

തെറ്റാതെ വൃത്തം വരച്ചു.

പൊടിമീനുകൾതൻ

കണ്ണുപൊത്തിക്കളി

കണ്ടുമയങ്ങി.

പട്ടിണിത്തെരുവിലെ

കുട്ടികൾക്കൊപ്പം

ഇത്തിരിനേരം നടന്നു.

വിശപ്പിന്‍റെയാളലിൽ

ഉള്ളാകെ പൊള്ളിത്തരിച്ചു.

മുത്തശ്ശിയോർമ്മയിലെ

ബാല്യം ചികഞ്ഞു.

വീട്ടുമുറ്റത്തു വിരുന്നിനു

പോയി, തുളസിത്തറയിലായ്

തപ്പിത്തടഞങ്ങുനിൽക്കെ.

ദൂരെനിന്നൊരു

പേമാരി വന്നുപതിക്കെ-

ക്കുഞ്ഞിക്കിളിതൻ

കാലൊന്നു തെറ്റിമറിഞ്ഞു.

ആയുസ്സിൻ നേർരേഖ

പൊട്ടിച്ചിതറിത്തെറിച്ചു.

പേമാരിയിൽ മുങ്ങി

മണ്ണിൻ മടിയിൽ ലയിക്കെ

ആരോ മൊഴിഞ്ഞു

അപ്പൂപ്പൻതാടിയെ കണ്ടോ?

രമ്യ മഠത്തിൽത്തൊടി
രമ്യ മഠത്തിൽത്തൊടിramya1991ktp@gmail.com

Trending

No stories found.

Latest News

No stories found.