ശ്രീകണ്ഠന്‍ കരിക്കകം എഴുതിയ ചെറുകഥ 'അറുപത്തിയേഴ് വയസ്സുള്ള രണ്ട് മുലകള്‍'
ശ്രീകണ്ഠന്‍ കരിക്കകം എഴുതിയ ചെറുകഥ 'അറുപത്തിയേഴ് വയസ്സുള്ള രണ്ട് മുലകള്‍'വര: സുഭാഷ് കല്ലൂർ

കഥ | അറുപത്തിയേഴ് വയസ്സുള്ള രണ്ട് മുലകള്‍

ശ്രീകണ്ഠന്‍ കരിക്കകം എഴുതിയ ചെറുകഥ 'അറുപത്തിയേഴ് വയസ്സുള്ള രണ്ട് മുലകള്‍'
Published on

' സര്‍...ഞാന്‍ അമ്മയേയും കൂട്ടി ശ്രീചിത്രാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ്. ഹൃദയ ശസ്ത്രക്രിയ വേണമോ, വേണ്ടയോ എന്ന് തീരുമാനിക്കുവാനുള്ള ചില പ്രധാന പരിശോധനകളാണിന്ന്. അതു കഴിഞ്ഞാല്‍ ഞാന്‍ ചിറയിന്‍കീഴും ആറ്റിങ്ങലിലുമെല്ലാം പൊയ്‌ക്കൊള്ളാം. '

ആ പരിശോധനാ മുറിയില്‍ പുറത്തൊരിടത്തും ഇല്ലാത്തത്ര തണുപ്പുണ്ടായിരുന്നു. ഒരു മഴത്താളത്തില്‍ മിടിച്ചുകൊണ്ടിരുന്ന ഒരുപാട് യന്ത്രങ്ങള്‍ക്കിടയില്‍ അവിടെ അന്നേരം ഒറ്റയ്‌ക്കൊരു ചെറുപ്പക്കാരനേ ഉണ്ടായിരുന്നുള്ളൂ. അര മണിക്കൂര്‍ വീതം ഓരോ രോഗിയും പങ്കിട്ടെടുത്ത നീണ്ട രണ്ട് മണിക്കൂറിനൊടുവിലാണ് അഞ്ച് എന്ന ഞങ്ങളുടെ ടോക്കണ്‍ നമ്പര്‍ പുറത്തെ ഒരു എല്‍.ഇ.ഡി ബോര്‍ഡില്‍ സാവധാനം മിന്നി തെളിഞ്ഞത്. അതിനകം രണ്ട് ഇരുമ്പ് കസേരകളിലായി ഇരുന്ന ഞങ്ങള്‍ തികച്ചും രണ്ട് ഭിന്ന ലോകങ്ങളായി മാറിയിരുന്നു.

അമ്മ ഒരുപക്ഷേ, അറുപത്തേഴ് വര്‍ഷത്തെ ജീവിതത്തോട് സമരസപ്പെടാതെ പോയ തന്‍റെ രോഗങ്ങളെക്കുറിച്ചോര്‍ത്ത് കസേരയുടെ മരവിച്ച ആത്മാവിനോട് ആവശ്യത്തിലേറെ സംസാരിച്ചിരിക്കാം. അയയുമ്പോള്‍ നട്ടും ബോള്‍ട്ടും കരഞ്ഞുകൊണ്ടിരുന്ന കസേരയുടെ അസ്വസ്ഥകളോട് കലഹിച്ചു കൊണ്ടിരുന്ന എന്നെ എന്‍റെ കമ്പനിയുടെ ബോസ് ഇതിനകം കുറഞ്ഞത് പത്തുവട്ടമെങ്കിലും വിളിച്ചു. പ്രതീക്ഷ എന്നാല്‍ ഭാരം ചുമന്നു നില്‍ക്കുന്ന ഒരു വയസ്സന്‍ കഴുതയാണെന്ന് ഞാന്‍ എന്നെ അപ്പോഴെല്ലാം ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു.

' സര്‍...ഞാന്‍ അമ്മയേയും കൂട്ടി ശ്രീചിത്രാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ്. ഹൃദയ ശസ്ത്രക്രിയ വേണമോ, വേണ്ടയോ എന്ന് തീരുമാനിക്കുവാനുള്ള ചില പ്രധാന പരിശോധനകളാണിന്ന്. അതു കഴിഞ്ഞാല്‍ ഞാന്‍ ചിറയിന്‍കീഴും ആറ്റിങ്ങലിലുമെല്ലാം പൊയ്‌ക്കൊള്ളാം. '

ഇത്രയൊക്കെ വിശദമായി പറഞ്ഞിട്ടും ഒന്നും മനസിലാകാത്തതു പോലെയാണ് അയാള്‍ ഓരോ തവണയും വിളിച്ചുകൊണ്ടിരുന്നത്. അപ്പോഴെല്ലാം എനിക്കെന്‍റെ ഫോണിനെ ഒരു ശത്രു ഓങ്ങുന്ന വാളായി തോന്നി. ഒഴിഞ്ഞു മാറാന്‍ നോക്കുമ്പോഴെല്ലാം ഇടം തരാതെ തുളഞ്ഞു വീശിക്കയറി വരുന്ന ഒരു കൊടുംവാള്‍!

ചിലവേറിയ ഒരു പരിശോധനയായതുകൊണ്ടാണോ, ഈ റിസള്‍ട്ട് കിട്ടുമ്പോള്‍ ഹൃദയ ശസ്ത്രക്രിയയെക്കുറിച്ച് ഉണ്ടാകുവാന്‍ പോകുന്ന അന്തിമ വിധിയെക്കുറിച്ച് ഓര്‍ത്തിട്ടാണോ - എന്തായാലും അമ്മയുടെ നനവൂറിയ വിരലുകള്‍ക്കിടയില്‍ അമര്‍ന്നിരുന്ന ആ വെണ്ണ പോലുള്ള കടലാസിലെ ചെമ്പന്‍ നിറമുള്ള അക്ഷരങ്ങള്‍ അന്നേരം തന്നെ മാഞ്ഞു തീര്‍ന്നിരുന്നു.

ആശുപത്രി ഓഫീസിനോട് ചേര്‍ന്നുള്ള ആദ്യത്തെ നീളന്‍ മുറിയില്‍ പണം അടച്ച് ചെല്ലുമ്പോള്‍, അടുത്ത മുറിയില്‍ ഒറ്റയ്ക്കിരുന്ന ഒരു മെലിഞ്ഞ പെണ്‍കുട്ടിയാണ് ഒരു ചതുരന്‍ യന്ത്രത്തിന്‍റെ പഞ്ഞി പോലുള്ള മധ്യ ഭാഗത്ത് ഞെക്കി, അതില്‍ നിന്നും നാവു പോലെ നീണ്ടു വന്നൊരു പേപ്പര്‍ അവളുടെ കൂര്‍ത്ത നഖങ്ങള്‍ കൊണ്ട് കൃത്യമായി കീറി തന്നത്. അതായിരുന്നു ആ ടോക്കണ്‍. അത് ചെയ്യുന്നതു മാത്രമായിരുന്നു അവളുടെ ജോലി. അതുകൊണ്ടുതന്നെ ആ പെണ്‍കുട്ടി നഖങ്ങള്‍ നീട്ടി വളര്‍ത്തുകയും അതില്‍ അവളുടെ ചുവന്ന ചുരിദാറിനിണങ്ങുന്ന ചായം പുരട്ടുകയും ചെയ്തിരുന്നു.

കിട്ടുന്നെങ്കില്‍ ഇതുപോലുള്ള ജോലികള്‍ കിട്ടണം. ഭാഗ്യവതി! ഞാന്‍ പതിവുപോലെ പറഞ്ഞു. ഇങ്ങനെ പറയിക്കുവാന്‍ ഈ ഭൂമിയില്‍ എത്ര എത്ര തൊഴിലുകള്‍! എത്ര എത്ര ഭാഗ്യവാന്മാരും ഭാഗ്യവതികളും

ഞാന്‍ പലരോടും ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വേണമെങ്കില്‍ അമ്മയോടും അത് പറയാം. പക്ഷേ...വേണ്ട, അതിപ്പോള്‍ വേണ്ട. അങ്ങനെയെങ്കില്‍ അത് മറ്റൊരിക്കലാകാം.

ഭാഗ്യ നിര്‍ഭാഗ്യങ്ങളെക്കുറിച്ച് പറയുവാന്‍ പറ്റിയ നിമിഷങ്ങളല്ലല്ലോ, ഇത്!

'ജീന്‍ സ്റ്റാര്‍ ' എന്ന അടിവസ്ത്ര കമ്പിനിയിലെ സെയില്‍സ് വിഭാഗം ഏര്യാമാനേജര്‍ എന്ന നിലയില്‍ എനിക്ക് യാത്രകള്‍ ഒഴിവാക്കാനാത്ത ഭാരമാണ്.

ഏതു കണക്കിലായാലും നട്ടെല്ല് വളഞ്ഞ് ഒന്നിനും കൊള്ളാത്ത ഒന്നായി മാറിയിട്ടുണ്ട്.

ഓര്‍ത്താല്‍, 'ഏര്യാ മാനേജര്‍ ' എന്ന പദവി പോലും ഒരു നല്ല ഫലിതമാണ്. ഒരു ജന്മം മുഴുവന്‍ ചിരിക്കാം! തെക്കുവടക്ക് പെട്രോള്‍ അടിച്ചു കൊണ്ട് പായുന്ന പട്ടിപ്പണി!

എം.ബി.എ യും മറ്റ് പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുമൊക്കെ ദയയില്ലാത്ത മഴയും വെയിലും ചേര്‍ന്ന് നിര്‍മ്മിച്ചു തന്ന വ്യാജ ജാതകങ്ങള്‍!

ലോകം അടിയുടുപ്പുകളില്‍ ഒട്ടും ജാഗ്രതപ്പെടാത്ത ഒരു കാലത്ത് ഓരോ നിമിഷവും ഉരുണ്ടു കയറുന്ന സമ്മര്‍ദ്ദങ്ങള്‍ക്ക് ഒരു ശൈത്യവാതത്തിനേക്കാള്‍ അസ്ഥികളെ തകര്‍ക്കുന്ന കടുപ്പമാണ്.

വര: സുഭാഷ് കല്ലൂർ

നാലഞ്ച് യന്ത്രങ്ങള്‍ ഒന്നുകൂടെ കുലുങ്ങുകയും ചിലതിന്‍റെ കൈകാലുകള്‍ ഞെട്ടപൊട്ടുന്നതു പോലെ നിവര്‍ന്ന് ഞരങ്ങുകയും ചെയ്തു. ഇനിയും രോഗത്തിനും സദാചാരത്തിനും ഇടയിലെ പരിശോധനാ ഫലം കിട്ടാത്ത മട്ടില്‍ നില്‍ക്കുന്ന എന്നെ ഒഴിവാക്കുവാന്‍ അയാള്‍ക്ക് എളുപ്പമായിരുന്നു. അയാളെന്നെ പ്രവര്‍ത്തനരഹിതമായ ഒരു യന്ത്രത്തെപ്പോലെ നോക്കി.

' ഇവിടെയാണോ?' എന്ന് ആ മുറിക്കുള്ളിലേക്ക് കയറുന്നതിനു മുന്‍പ് അമ്മ എന്നോട് രണ്ടു മൂന്നു വട്ടം ചോദിച്ചിരുന്നു. മരണമെന്ന കടലില്‍ നിന്നും കരയാകെ വിഴുങ്ങിത്തീര്‍ക്കാന്‍ നാലഞ്ച് കൂറ്റന്‍ തിരകള്‍ പൊടുന്നനെ നെഞ്ചിലേക്ക് ആര്‍ത്തിരമ്പിയിട്ടാകണം, അമ്മ അങ്ങനെ ചോദിച്ചത്. ഭീതിയുടെ തിരയടിയാല്‍ കമ്പനം കൊണ്ടു നിന്ന അമ്മയുടെ ചെറിയ വിരലുകളില്‍ വെറുതെ അമര്‍ത്തിപ്പിടിച്ചതല്ലാതെ ഞാന്‍ ഒന്നും പറഞ്ഞില്ല. ഈ ലോകം വെച്ചും വിളമ്പിയും വേഗം തേഞ്ഞു തീരുന്ന ഒന്നാണെന്ന് ആ വിരലുകള്‍ എന്‍റെ ചൂടുപിടിച്ച പ്രജ്ഞയില്‍ തൊട്ട് പറഞ്ഞു കൊണ്ടേയിരുന്നു. രണ്ട് പേര്‍ക്കിടയില്‍ മിണ്ടിപ്പറയുവാന്‍ ഒരു വാക്കിനു പോലും ഇടയില്ലാത്ത വിധം നിശബ്ദതയാല്‍ ഞെങ്ങി ഞെരുങ്ങി നിന്ന ഒരു നീണ്ട ഇടനാഴിയായിരുന്നു അവിടം.

രോഗികള്‍, കൂട്ടിരിപ്പുകാര്‍, ഓഫീസ് ജീവനക്കാര്‍, ഡോക്ടര്‍മാര്‍, സുരക്ഷാ ജീവനക്കാര്‍ അങ്ങനെ നിരവധി പേര്‍ ആ മുറിയുടെ മുന്നിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരുന്നു. ഞാന്‍ അമ്മയെ എത്രയോ നാളുകള്‍ക്കിപ്പുറം ഒരു കിളിക്കുഞ്ഞിനെപ്പോലെ ചേര്‍ത്ത് പിടിച്ചു. മറ്റൊരിടത്തേക്കാളും ആ ആശുപത്രിയും അതിന്‍റെ പരിസരവുമാണ് ഒരു ചേര്‍ത്തു പിടിക്കലിന് ഏറെ അനുയോജ്യമായ ഒരിടം എന്നെനിക്ക് തോന്നുകയും ചെയ്തു. ഒരിക്കല്‍ അമ്മ എല്ലാരേം ചേര്‍ത്ത് പിടിച്ചിരുന്ന ഒരു കിളിക്കൂടായിരുന്നു. വിചാരിച്ചാല്‍ ഭൂമിയോളം വളരുന്ന ഒരു കൂട്.

ഒന്നുരണ്ട് മണിക്കൂര്‍ ഞങ്ങള്‍ ചിലവിട്ട ഒ.പി.യിലോ മറ്റ് പരിശോധനാ കേന്ദ്രങ്ങളിലോ ഉള്ള തിരക്കോ ബഹളമോ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. പത്ത് വയസിന് താഴെ മാത്രം പ്രായം തോന്നിച്ച ഒരു കുഞ്ഞിനേയും കൊണ്ട് ഒരച്ഛനും അമ്മയും ഞങ്ങളുടെ മുന്നില്‍ ഉണ്ടായിരുന്നു. അയാള്‍ തന്‍റെ സമ്പാദ്യം മുഴുവന്‍ ആ മകന്‍റെ ജീവനിലേക്ക് നിശ്വാസങ്ങളായി കയറ്റി വിട്ടു കൊണ്ടിരുന്നു.

തടിച്ച ഒരു ബ്രഡ് പാക്കറ്റിന്‍റെ വലിപ്പം ഉണ്ടായിരുന്ന കതക് ജീവനോളം പോന്നൊരു ആയം കൊടുത്ത് വലിച്ചു തുറന്നാണ് ഞങ്ങള്‍ പരിശോധനാ മുറിക്കുള്ളിലേക്ക് കയറിയത്. കയറിയ ഉടന്‍ ഒരു ലിഫ്റ്റിലെ കവാടം പോലെ താളത്തില്‍ ആ കതക് അടയുകയും ഒരു ശൂന്യാകാശ പേടകത്തിനുള്ളിലെന്നവണ്ണം ഞങ്ങള്‍ കുടുങ്ങുകയും ചെയ്തു!

ചുമരുകള്‍ നിറയെ യന്ത്രങ്ങള്‍ പിടിപ്പിച്ച ഒരു മുറിയായിരുന്നു അത്. രോഗിയും നിസ്സഹായനുമായ ഒരു മനുഷ്യനെ കൂടുതല്‍ ഭീതികളിലേക്ക് വലിച്ചിടുന്ന ഒരിടം. അമ്മ അന്നേവരെ കാണാത്ത ഒരു ലോകത്തെന്ന പോലെ അമ്പരന്നു നിന്നു. ഞാന്‍ ഒരു ഇരുമ്പുതൂണുപോലെ ധൈര്യം സംഭരിച്ച് നില്‍ക്കേണ്ട ഒരാളാണെന്ന തോന്നല്‍ അതിനകം എന്നില്‍ ഉരുകി ഉറച്ച് കഴിഞ്ഞിരുന്നു.

എന്നാല്‍, ആ മുറിക്കുള്ളിലെ മെലിഞ്ഞ ചെറുപ്പക്കാരന്‍ ഞങ്ങളെ ഒട്ടും ശ്രദ്ധിക്കാതെ മുന്നിലെ കംപ്യൂട്ടറില്‍ എന്തൊക്കെയോ വേഗത്തില്‍ ടൈപ്പ് ചെയ്യുകയായിരുന്നു. സമാന സാഹചര്യങ്ങളില്‍ ഇരിക്കുന്ന മറ്റേതൊരു ചെറുപ്പക്കാരനേയും പോലെ അയാള്‍ക്കും ഒരു തടിച്ച കണ്ണടയുണ്ടായിരുന്നു. ഈ ലോകം തന്നെ ഇല്ലാതായാലും അയാള്‍ക്ക് ആ പ്രവൃത്തികള്‍ ഈ ജീവിതകാലം മുഴുവന്‍ ചെയ്യേണ്ടതാണെന്നും ഞങ്ങള്‍ അഞ്ചെന്നും ആറെന്നും ഒക്കെയുള്ള വെറും അക്കങ്ങള്‍ മാത്രമാണെന്നും അയാളുടെ ചലനങ്ങള്‍ തോന്നിപ്പിച്ചു.

സാമാന്യം വലിപ്പമുള്ള ഒരു യന്ത്രത്തെ അയാള്‍ ചുമരിനുള്ളില്‍ നിന്നും കംപ്യൂട്ടറില്‍ ഒരു നിര്‍ദ്ദേശം കൊടുത്ത് ഇറക്കി. ഇപ്പോള്‍ മറിഞ്ഞുവീണേക്കാം, എന്നൊരു വേഗഭാവം അതിനുണ്ടായിരുന്നു.

ഒന്നുകില്‍, പ്രവൃത്തിപരിചയം കൊണ്ടാകണം, അല്ലെങ്കില്‍ ആവര്‍ത്തനം കൊണ്ട് വല്ലാതെ മുഷിഞ്ഞു പോയിട്ടാകണം, ഞങ്ങളുടെ മുഖത്തൊന്നും നോക്കാതെ ' ഉമയമ്മ 67 വയസ്. ബ്ലൗസ് മാറ്റിയിട്ട് ഇവിടെ കയറി കിടന്നുകൊള്ളൂ...' എന്ന് ഒരു കട്ടില്‍ ചൂണ്ടി യന്ത്ര സമാനമായ നിര്‍വ്വികാരതയോടെ അയാള്‍ പറഞ്ഞത്. കംപ്യൂട്ടറിലെ മോണിറ്ററില്‍ അന്നേരമെല്ലാം കരിയിലകള്‍ പോലെ വന്നു വീണു കൊണ്ടിരുന്ന ഒന്നിലേറെ ചിത്രങ്ങളെ അയാള്‍ ശ്രദ്ധയോടെ തൂത്തു മാറ്റുകയും രോഗിക്കുവേണ്ടി അവിടെയൊരു വെര്‍ച്വല്‍ വിരിപ്പെടുത്ത് കുടഞ്ഞ് വിരിക്കുകയും ചെയ്തു.

ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ മുറിക്കുള്ളിലാകെ കൂടുതല്‍ തണുപ്പ് നിറയുകയും നാലഞ്ച് വെളിച്ചങ്ങള്‍ മിന്നി തെളിയുകയും ചെയ്തു.

എവിടെ നിന്നാണ് ആരംഭിക്കേണ്ടതെന്ന് തീര്‍ച്ചപ്പെടുത്താനാകാത്ത ഒരു നിര്‍ദ്ദേശത്തിനു മുന്നില്‍ ഞാനും അമ്മയും അങ്ങനെ നിന്നു. ഇപ്പോള്‍ അയാള്‍ക്കൊപ്പം ചില യന്ത്രങ്ങളും ഞങ്ങളെ ശ്രദ്ധിക്കാന്‍ തുടങ്ങി. മുരണ്ടും അനങ്ങിയും അവയെല്ലാം അക്ഷമരായി. ചെറുപ്പക്കാരന്‍ കണ്ണട ഉയര്‍ത്തിവച്ചു. കസേരയില്‍ നിന്നൊന്ന് ഉയര്‍ന്നു. അയാള്‍ പറഞ്ഞ കാര്യം അമ്മയ്ക്ക് മനസിലായില്ലെങ്കില്‍ അത് പറഞ്ഞ് ചെയ്യിപ്പിക്കുകയാണ് എന്‍റെ കടമയെന്ന് ഓര്‍മിപ്പിക്കുന്ന വിധം അയാള്‍ കമ്പ്യൂട്ടറില്‍ നിന്നും ഒരു മാത്ര കണ്ണെടുക്കുകയും എന്‍റെ മുഖത്തേക്ക് കൂര്‍പ്പിച്ച് നോക്കുകയും ചെയ്തു.

നാലഞ്ച് യന്ത്രങ്ങള്‍ ഒന്നുകൂടെ കുലുങ്ങുകയും ചിലതിന്‍റെ കൈകാലുകള്‍ ഞെട്ടപൊട്ടുന്നതു പോലെ നിവര്‍ന്ന് ഞരങ്ങുകയും ചെയ്തു. ഇനിയും രോഗത്തിനും സദാചാരത്തിനും ഇടയിലെ പരിശോധനാ ഫലം കിട്ടാത്ത മട്ടില്‍ നില്‍ക്കുന്ന എന്നെ ഒഴിവാക്കുവാന്‍ അയാള്‍ക്ക് എളുപ്പമായിരുന്നു. അയാളെന്നെ പ്രവര്‍ത്തനരഹിതമായ ഒരു യന്ത്രത്തെപ്പോലെ നോക്കി. നിസ്സഹായതകള്‍ക്ക് ചിലപ്പോള്‍ ബുദ്ധിയുറയ്ക്കാത്ത ഒരു അഞ്ചു വയസുകാരന്‍റെ ഭാവമാണ്.

' മാറ്... ' എന്നൊരു ഞരക്കത്തിലേക്ക് കംപ്യൂട്ടര്‍ ടേബിളിനെ ഉന്തി മാറ്റി അയാള്‍ ഇത്തവണ അമ്മയുടെ മുഖത്ത് മാത്രം നോക്കിക്കൊണ്ട് അക്ഷമയോടെ പറഞ്ഞു:

'സമയം കളയാതെ അമ്മേ.. ആ ബ്ലൗസ് മാറ്റിയിട്ട് കട്ടിലില്‍ കയറി കിടന്നോളൂ... '

അന്നേരമാണ് ഞാന്‍ ശ്രദ്ധിച്ചത്, നന്നേ ചെറുപ്പമായിരുന്നു ആ യുവാവ്. ഏറിയാല്‍ ഒരു മുപ്പത് വയസ്. ഏതൊക്കെയോ യന്ത്രങ്ങള്‍ക്കു മുന്നില്‍ ചെന്നു നിന്ന് അയാള്‍ അവ തിരിക്കുകയും ചില സ്വിച്ചുകള്‍ ഇടുകയും ചെയ്തിട്ട് മടങ്ങി വന്നപ്പോഴേക്കും ഒരു കുഞ്ഞിനെപ്പോലെ ബ്ലൗസിന്‍റെ കുടുക്കുകളെല്ലാം ഊരി ആ ചെറിയ ഇരുമ്പ് കട്ടിലില്‍ കയറി അമ്മ കിടന്നിരുന്നു.

ഒരു നിമിഷം ഞാന്‍ അവിടെ നില്‍ക്കണോ, പുറത്തിറങ്ങിപ്പോകണമോ എന്ന സന്നിഗ്ധതയിലായിരുന്നു. എന്നാല്‍ ആ ചെറുപ്പക്കാരന് അതൊന്നും ഒരു പ്രശ്‌നമായിരുന്നില്ല. ഒരു ദിവസം പത്തോ പതിനഞ്ചോ രോഗികളെ അയാള്‍ക്ക് രോഗനിര്‍ണ്ണയം നടത്തണം. ആ റിപ്പോര്‍ട്ട് ഡോക്ടേഴ്‌സ് ചേമ്പറില്‍ എത്തിക്കണം. എണ്ണം കുറഞ്ഞാല്‍, ചോദ്യം വരും. ഊഴം കാത്തു നില്‍ക്കുന്ന എണ്ണമറ്റ രോഗികളുണ്ട്.

അനാവൃതമായ അമ്മയുടെ മാറില്‍ അയാള്‍ ഒരു ചിത്രകാരനെപ്പോലെ ചില ഓയില്‍മെന്‍റുകള്‍ ഞെക്കി തേച്ചു. പുറത്തെടുത്തു വച്ച ഹൃദയത്തോളം പോന്ന ആ ചുളിഞ്ഞ മുലകള്‍ എനിക്കൊട്ടും പരിചിതമായി തോന്നിയില്ല. മൂന്ന് ആണ്‍മക്കളില്‍ ഏറ്റവും കൂടുതല്‍ കാലം മുലകുടിച്ചവന്‍ - എന്നാണ് അമ്മ പലപ്പോഴും പറയാറ്. സ്‌നേഹത്തിന്‍റെ അളവില്‍ ചില ഏറ്റക്കുറവുകള്‍ ഉണ്ടാകുമ്പോഴുള്ള പരിഭവമാണത്.

അമ്മയുടെ മുലയിലാകെ തേച്ച് പറ്റിച്ച ജെല്ലിനു മീതെ ആ ചെറുപ്പക്കാരന്‍ ഒരു യന്ത്രത്തലപ്പു കൊണ്ട് ഓടിച്ചു. സ്‌റ്റെതസ്കോപ്പിനെക്കാള്‍ ഇത്തിരിക്കൂടി വലിപ്പം ഉള്ള ഒരു യന്ത്രമായിരുന്നു അത്. ഒരു തുടയെല്ലിന്‍റെ രൂപസാദൃശ്യം ഉള്ളത്. ഒരിക്കല്‍, അമ്മയുടെ നെഞ്ചിനുമീതെ ഞാന്‍ ഇങ്ങനെ കളിപ്പാട്ടങ്ങള്‍ ഓടിച്ചു കളിക്കുമായിരുന്നു. പലപ്പോഴും ഉച്ചനേരങ്ങളില്‍ കിടക്കുമ്പോഴാണത്. എന്‍റെ കുഞ്ഞ് കാറും ജീപ്പുമൊക്കെ അങ്ങനെ കുന്നും മലകളും കയറിയിറങ്ങും. അമ്മ അതൊന്നും ശ്രദ്ധിക്കാത്ത വായനയില്‍ ആയിരിക്കും.

വീട്ടിലെത്തിയ ഉടന്‍ അമ്മ നാലഞ്ച് ഗ്ലാസ് വെള്ളം കുടിച്ചു. എനിക്ക് വേണമോ എന്ന് രണ്ടു വട്ടം ചോദിച്ചു. ഉള്ളി തീയലും ചമ്മന്തിയും നെല്ലിക്ക അച്ചാറും കൂട്ടി അല്പം ചോറുണ്ടിട്ട് പോകാമെന്ന് പറഞ്ഞു. അകത്തു കയറി വേഷം മാറി. പിന്നെ അടുക്കളപ്പുറത്തേക്ക് പോയി. അല്പം കഴിഞ്ഞ് വീണ്ടും വരാന്തയിലേക്ക് വന്നു

ഇപ്പോള്‍ വീണ്ടും ഏതോ ഒരു കളിപ്പാട്ടം കൊണ്ട് ഞാന്‍ അമ്മയുടെ മുലകളില്‍ കളിക്കുകയാണ്. ചുണ്ടുകള്‍ വിറപ്പിച്ചൊരു ശബ്ദത്തിന്‍റെ അകമ്പടിയോടെ ആ ജീപ്പ് ചുരം കയറുന്നു. പെട്ടെന്ന് അത് കയറുവാനാകാതെ വല്ലാതെ കിതയ്ക്കുന്നു. അന്നേരം എവിടെ നിന്നോ ആ ചെറുപ്പക്കാരന്‍ പാഞ്ഞു വന്ന് വണ്ടിയിലേക്ക് ചാടി കയറി. അയാളുടെ നിശ്വാസങ്ങള്‍ക്ക് ഒരു ആവിക്കുഴലിന്‍റെ ചൂടുണ്ടായിരുന്നു. ഇപ്പോള്‍ അയാളുടെ കൈകളാണ് വളയം പിടിക്കുന്നത്. ശ്രദ്ധയോടെയാണ് അയാള്‍ വാഹനം ഓടിക്കുന്നത്. ഇറക്കങ്ങളില്‍ ബ്രേക്ക് അമര്‍ത്തുന്നു. ഗിയറുകള്‍ മാറ്റി വീണ്ടും കയറ്റം കയറുന്നു. പെട്ടെന്ന് മുന്നില്‍ വരുന്ന ഗര്‍ത്തത്തിനു മുന്നില്‍ അവധാനതയോടെ നില്‍ക്കുന്നു. ഹോണ്‍ മുഴക്കുന്നു. ഒരു തീപ്പെട്ടിക്കൂടിന്‍റെ വലിപ്പമുള്ള ആ കളിപ്പാട്ടം പിന്നെ താഴ്വാരങ്ങളിലൂടെ പായുന്നു. ഇടതുവശത്തെ സീറ്റില്‍ ഞാനുണ്ട്. എനിക്ക് മുന്നിലെ മോണിറ്ററില്‍ എല്ലാം കാണാം.

ഏതൊക്കെയോ യന്ത്രങ്ങള്‍ മുരള്‍ച്ച കൂട്ടി. മോണിറ്ററില്‍ ഒരു കടന്നല്‍കൂട് ഇളകുവാന്‍ തുടങ്ങി. ഹൃദയം എന്ന വലിയ കടലിന്‍റെ തിരയടി. തീരത്തേക്ക് പാഞ്ഞടുക്കുകയും പിന്നെ അതേ വേഗത്തില്‍ പിന്മാറുകയും ചെയ്യുന്ന ഒരു കടല്‍! ഇപ്പോള്‍ അതിലൂടെയും വിദഗ്ധമായി വണ്ടിയോടിക്കുകയാണയാള്‍.

കൃത്യമായ ഒരു ഫലം ആവശ്യമുള്ള പരീക്ഷണമായതു കൊണ്ടാകണം, അയാള്‍ 'ശ്വാസം വലിച്ചു വിടൂ,... ' എന്ന് ഉറക്കെ ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരുന്നു. അന്നേരമെല്ലാം അമ്മയെക്കാള്‍ ശക്തിയായി, അതിലും ആരോഗ്യത്തോടെ ഞാന്‍ നിശ്വസിക്കുന്നത് ആ ചെറുപ്പക്കാരന്‍ ഇടംകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. അയാള്‍ ആദ്യമായി ചുണ്ടുകള്‍ക്ക് മീതെ ചുവന്ന ചായപ്പെന്‍സില്‍ കൊണ്ട് വരഞ്ഞതുപോലെ ഒരു ചിരി ചിരിച്ചു.

പലവട്ടം ആവശ്യപ്പെട്ടിട്ടും എന്തോ, അയാള്‍ ആഗ്രഹിച്ചത്ര ദൂരം താണ്ടുവാന്‍ അറുപത്തിയേഴ് പിന്നിട്ട ആ പഴയ വണ്ടിക്ക് കഴിഞ്ഞില്ല! അര മണിക്കൂറോളം നീണ്ട ആ ഡ്രൈവിനൊടുവില്‍ അയാള്‍ ഒരു ഒഴിഞ്ഞ കരയില്‍ വണ്ടി ഒതുക്കി.

യാതൊന്നും പറയാതെ അയാള്‍ തന്‍റെ കസേരയില്‍ കംപ്യൂട്ടറിനു മുന്നിലായി ചെന്നിരുന്നു.അമ്മ ഇനിയൊന്നും വെളിപ്പെടാന്‍ ഇല്ലെന്ന മട്ടില്‍ അങ്ങനെ ആ കിടക്കയില്‍ തന്നെ കുറച്ചു നേരം കൂടി കിടന്നു. കുറേ നേരം കംപ്യൂട്ടറില്‍ എന്തൊക്കെയോ ചെയ്ത ശേഷം അയാള്‍ അടുത്ത രോഗിയെ വിളിക്കാനായി ബസറില്‍ വിരല്‍ അമര്‍ത്തിയപ്പോഴാണ് പരിശോധന കഴിഞ്ഞെന്ന വിവരം എനിക്ക് മനസിലായത്.

അമ്മ തിരിഞ്ഞു നിന്ന് വളരെ സാവധാനം ബ്ലൗസ് എടുത്ത് ധരിച്ചു. സാധാരണ മൂന്ന് മാസത്തിലൊരിക്കലുള്ള പരിശോധനകള്‍ കഴിഞ്ഞ് ഞങ്ങള്‍ മടങ്ങുമ്പോള്‍ അമ്മയാണ് കൂടുതല്‍ സംസാരിക്കുക. മൂന്ന് മക്കള്‍ ഉണ്ടായിട്ടും ഒറ്റയ്ക്കുള്ള ഇപ്പോഴത്തെ ജീവിതം. അച്ഛനുണ്ടായിരുന്ന കരുതല്‍...

പക്ഷേ... ഇത്തവണ അമ്മ ഒന്നും മിണ്ടിയില്ല. ഞങ്ങള്‍ പതിവുപോലെ മെഡിക്കല്‍ കോളേജിലെ തിരക്കുള്ള നടപ്പാതയിലൂടെ പതിയെ പതിയെ നടന്നു. ജീവന്‍റെ അവസാന ഞരമ്പുകളില്‍ പിടിച്ച് പാഞ്ഞുകൊണ്ടിരുന്ന ആംബുലന്‍സുകള്‍ക്കുള്ളിലേക്ക് ഞാന്‍ പലവട്ടം വെറുതെ പാളി നോക്കി. തലേന്നും രാവിലെയുമായി നിരത്തില്‍ പെയ്ത മഴയിലൂറിയ ചെളിവെള്ളം ചവിട്ടാതെ റോഡ് മുറിച്ചു കടന്നു.ഇന്ത്യന്‍ കോഫി ഹൗസില്‍ ചെന്നിരുന്ന് ചുവന്ന മസാല വച്ച ദോശകള്‍ തിന്നു. തിരക്കുള്ള നാല് ബസുകള്‍ ഒഴിവാക്കി അഞ്ചാമത്തെ ബസില്‍ കയറി ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങി.

നാല് ദിവസം കഴിഞ്ഞ് വീണ്ടും ആശുപത്രിയില്‍ ചെല്ലണമെന്നും ഓപ്പറേഷന്‍റെ കാര്യം ഡോക്ടര്‍ അന്ന് തീരുമാനിക്കുമെന്നെല്ലാം ഞാന്‍ അമ്മ ചോദിക്കാതെ തന്നെ പറഞ്ഞു.

വീട്ടിലെത്തിയ ഉടന്‍ അമ്മ നാലഞ്ച് ഗ്ലാസ് വെള്ളം കുടിച്ചു. എനിക്ക് വേണമോ എന്ന് രണ്ടു വട്ടം ചോദിച്ചു. ഉള്ളി തീയലും ചമ്മന്തിയും നെല്ലിക്ക അച്ചാറും കൂട്ടി അല്പം ചോറുണ്ടിട്ട് പോകാമെന്ന് പറഞ്ഞു. അകത്തു കയറി വേഷം മാറി. പിന്നെ അടുക്കളപ്പുറത്തേക്ക് പോയി. അല്പം കഴിഞ്ഞ് വീണ്ടും വരാന്തയിലേക്ക് വന്നു. മാസങ്ങള്‍ മാറ്റിയിടാന്‍ മറന്ന കലണ്ടറിനോട് ചേര്‍ന്ന് ചുവരില്‍ തൂക്കിയിരുന്ന ഒരു പഴയ ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രത്തില്‍ വെറുതെ അങ്ങനെ നോക്കി നില്‍ക്കുകയായിരുന്ന എന്നോടായി താഴ്ന്ന ഒച്ചയില്‍ ചോദിച്ചു:

'നിനക്ക് മുലകുടിച്ച ഓര്‍മയുണ്ടോ?'

എനിക്ക് അമ്മയുടെ മുഖത്ത് നോക്കാനായില്ല. ഒരിക്കല്‍ പുറത്തെവിടെയോ പോയപ്പോള്‍ അച്ഛന്‍ ഫ്രെയിം ചെയ്ത് വാങ്ങിക്കൊണ്ടു വന്ന ഒരു തെളിച്ചമുള്ള ചിത്രമായിരുന്നു അത്. മുലയൂട്ടുന്ന ഒരമ്മയുടെയും കുഞ്ഞിന്‍റെയും ചിത്രം.

'ഇല്ല ' എന്ന് ഞാന്‍ പതിയെ പറഞ്ഞു.

അമ്മ ചിരിച്ചു. അന്നേരം എന്‍റെ ഫോണ്‍ വീണ്ടും മുഴങ്ങി. ലോകത്തെമ്പാടും അടിവസ്ത്രം ധരിക്കുന്ന മുഴുവന്‍ മനുഷ്യരേയും ശപിച്ചുകൊണ്ട് ഞാന്‍ പിന്‍പോക്കറ്റില്‍ നിന്നും ഫോണ്‍ വലിച്ചെടുത്തു. മറുതലയ്ക്കല്‍ പരിശോധനാ മുറിയിലെ ആ ചെറുപ്പക്കാരനായിരുന്നു, അയാള്‍ പറഞ്ഞു: 'നോക്കൂ....നിങ്ങളുടെ അമ്മയുടെ മുലകളാണെന്ന് തോന്നുന്നു, 67 വയസു തോന്നിക്കുന്ന രണ്ട് മുലകള്‍ ഇവിടെ ആരോ ഉപേക്ഷിച്ചിട്ട് പോയിരിക്കുന്നു!'