കഥ | കാരണം

ജയമോഹന്‍ എഴുതിയ ചെറുകഥ 'കാരണം'
ചെറുകഥ | കാരണം
ചെറുകഥ | കാരണംവര: സുഭാഷ് കല്ലൂർ
1.
കൊടുത്തൂവ പോലുള്ള ചൊറിയണച്ചെടികള്‍ വളരെ സൂക്ഷ്മതയോടെ കയ്യിലിരിക്കുന്ന ശീമക്കൊമ്പുകൊണ്ട് തട്ടിയൊതുക്കി, വളരെ പ്രയാസപ്പെട്ടാണ് കേസന്വേഷിക്കുന്നവര്‍ അവിടേയ്ക്കു നടന്നത്.

വലിയൊരു നിലവിളി തൊണ്ടയില്‍ കുരുങ്ങിയാണ് അവള്‍ മരിച്ചത്.

അടക്കാനാവാത്ത സങ്കടം ഉള്ളില്‍നിറഞ്ഞങ്ങട് ഉരുണ്ടുകൂടി മുകളിലേക്കിരച്ചു കയറുകയായിരുന്നു. തൊണ്ടയിലെത്തിയപ്പോള്‍ അത് വലിയൊരു ചുഴലിക്കാറ്റായി മാറി. പിന്നേയും മുകളിലേക്കു കയറാനാവാതെ തൊണ്ടയില്‍ കിടന്നു തന്നെ വട്ടംചുറ്റി ശ്വാസം മുട്ടി യാണവള്‍ മരിച്ചത്.

പുറത്തേക്കു വരാത്ത നിലവിളി അങ്ങനെ മരണകാരണമായി പോസ്റ്റുമാര്‍ട്ടത്തില്‍ തെളിഞ്ഞു കണ്ടു.

ഇത്രയും ദു:ഖം ഉള്ളിലൊതുക്കി ഇങ്ങനെയൊരു മരണം സ്വയം തിരഞ്ഞെടുത്തതാണോ, അതായത് ആത്മഹത്യയാണോ അതോ ആരെങ്കിലും ഇത്രയും ദു:ഖം അവളുടെ മനസ്സില്‍ കൊണ്ടുവന്നിട്ട് കൊല ചെയ്തതാണോ എന്നൊക്കെയുള്ള അന്വേഷണം നടക്കുന്നതേയുള്ളു.

കൊടുത്തൂവ പോലുള്ള ചൊറിയണച്ചെടികള്‍ വളരെ സൂക്ഷ്മതയോടെ കയ്യിലിരിക്കുന്ന ശീമക്കൊമ്പുകൊണ്ട് തട്ടിയൊതുക്കി, വളരെ പ്രയാസപ്പെട്ടാണ് കേസന്വേഷിക്കുന്നവര്‍ അവിടേയ്ക്കു നടന്നത്.

ഇവള്‍ക്കൊക്കെ ചാകാന്‍ കണ്ട സ്ഥലം എന്നൊരു പുളിച്ച ഏമ്പക്കത്തോടെ വായില്‍വന്നത് ചവച്ചരച്ചു നടന്ന മുഖ്യ കേസന്വേഷകന്‍ കൂടെ നടന്ന കീഴ് ജീവനക്കാരെ വെറുപ്പോടെ നോക്കി.

അവരാണെങ്കില്‍ മുഖ്യന് വേണ്ടി ഒതുങ്ങി ഓടി ചൊറിയണ വള്ളികളില്‍ തട്ടി വീണും അസഹ്യമായി ചൊറിഞ്ഞും തികട്ടിവന്ന ദേഷ്യം കടിച്ചിറക്കിയും, ലക്ഷ്യസ്ഥാനത്തേക്കു നടന്നു.

വര: സുഭാഷ് കല്ലൂർ
2.

ഇതെല്ലാം മാനംമുട്ടി നില്‍ക്കുന്ന ആഞ്ഞിലി മരത്തിന്‍റെ തുഞ്ചത്തിരുന്നു കണ്ട് ചിരിക്കുകയായിരുന്നു അവള്‍.

മുള്ളില്ലാമരം നോക്കി നടന്ന് ആകെ കണ്ടത് ആഞ്ഞിലിയാണ്. മുരുക്കു നിറഞ്ഞോരു പ്രദേശമായിരുന്നു അത്. ഒന്നു കയറിയിരിക്കാന്‍ ഫലവൃക്ഷം തേടി നടന്നവള്‍ കഷ്ടപ്പെട്ടു. ദേഹംവിട്ട് പ്രാണന്‍ പിരിഞ്ഞ നിമിഷം തന്നെ മരമന്വേഷിച്ചുള്ള പരക്കം പാച്ചിലായിരുന്നു. പെട്ടെന്നു ചെന്നിരുന്നില്ലെങ്കില്‍ മറ്റേതെങ്കിലും ആത്മാക്കള്‍ അവിടെ ബുക്കുചെയ്തിരുന്നാല്‍ പിന്നെ ഇരിക്കാന്‍ ദൂരേക്കെവിടെയെങ്കിലും പോകേണ്ടി വരും. ഒരാത്മാവിന് ഒരു മരം എന്നതാണ് കണക്ക്. അതും ഫലവൃക്ഷം തന്നെ വേണം. അതാണുത്തമം. പുളിയായിരുന്നു നല്ലത്. മാവും പ്ലാവും കൊള്ളാം. ക്രിയ തീരുന്നതുവരെ ഇവിടെ ചുറ്റിത്തിരിയേണ്ടിവരും എന്നതാണ് മറ്റ് ആത്മാക്കളുടെ കണക്കെങ്കില്‍ ക്രിയ ആരും ചെയ്യാനില്ലാത്തതുകൊണ്ട് കാലം മുഴുവനും ഇവിടെ ചുറ്റിത്തിരിയേണ്ടിവരും എന്നതായിരുന്നു അവളുടെ പ്രശ്‌നം.

മുള്ളുകള്‍ കൂട്ടിമുട്ടി ഉരഞ്ഞാടുന്ന മുരുക്കു മരങ്ങള്‍ക്കിടയിലൂടെ കഷ്ടിച്ച് രക്ഷപ്പെട്ട് നടന്നു പോകേണ്ടി വന്നു കേസന്വേഷകര്‍ക്ക്. രണ്ട് മരങ്ങള്‍ തമ്മിലുള്ള ചെറിയ അകലം കാറ്റത്തില്ലാതായി. മരങ്ങള്‍ തമ്മിലുള്ള ഈ മല്‍പ്പിടുത്തത്തില്‍ ഉരയലിന്‍റെ ശക്തി താങ്ങാനാവാതെ മുള്ളുകള്‍ ഒടിഞ്ഞുവീണു. അവ ചിലരുടെ കാലില്‍ കുത്തിക്കയറി. കുത്തിക്കയറിയ മുള്ളുകള്‍ വലിച്ചെടുത്ത് പൊടിഞ്ഞ ചോരയുമായി അവര്‍ മേലധികാരിക്കൊപ്പമെത്താന്‍ പണിപ്പെട്ടു.

മേലധികാരിയാണെങ്കില്‍ വട്ടക്കണ്ണില്‍ നിറയെ സംശയങ്ങളും ആര്‍ത്തിയും മാത്രമുള്ള മനുഷ്യനായിരുന്നു.

കൃഷ്ണകിരീടപൂക്കള്‍ നിറഞ്ഞ കാടായിരുന്നു പണ്ടിവിടെ. കുലകുത്തി കിരീടഭംഗിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന പൂക്കളില്‍ പല വര്‍ണ്ണശലഭങ്ങള്‍ തേന്‍ നുകരാനെത്തിയിരുന്നു; അന്ന്. വെയില്‍വെളിച്ചത്തില്‍ അവയുടെ ചിറകുകള്‍ തീ പോലെ ചിതറി.

രാത്രിയില്‍, ആരോ തട്ടിമറിച്ച പാലുപോലെ നിലാവ് ഇലപ്പടര്‍പ്പുകളില്‍ തളംകെട്ടിക്കിടന്നു. നക്ഷത്രങ്ങള്‍ കണ്ണുചിമ്മുന്നതുപോലെ മിന്നാമിനുങ്ങുകള്‍ പാറിനടന്നു.

അന്നിവിടെ മുരുക്കുമരങ്ങളുണ്ടായിരുന്നില്ല. ഫലവൃക്ഷങ്ങളാല്‍ സമ്പന്നമായിരുന്നു, ഇവിടം.

ഒറ്റയടിപ്പാതകള്‍ മുറിച്ചോടുമ്പോള്‍ മുയലുകളില്‍ അന്ന് ഭയമുണ്ടായിരുന്നില്ല. കാല്‍പ്പെരുമാറ്റശബ്ദം കേട്ട് കിളികള്‍ പറന്നുപോയില്ല. ഇലവള്ളികള്‍ ആനപ്പൊക്കത്തില്‍ പടര്‍ന്നുകയറി കാറ്റിലാടി രസിച്ചിരുന്നു. അതില്‍ ഊഞ്ഞാലാടിയ കിളികള്‍ ചിലച്ചു കൊണ്ടേയിരുന്നു. എവിടേയോ നിന്നു വന്ന് എങ്ങോട്ടോ പോയിരുന്ന അരുവി അവരോട് കിന്നാരം പറഞ്ഞു. ആ അരുവിയില്‍ മുങ്ങിക്കുളിച്ചവള്‍ ഉന്മാദംകൊണ്ടു; അന്ന്.

''എവിട്യാ.....'' നടന്നു തളര്‍ന്ന മുഖ്യകേസന്വേഷകന്‍ ആക്രോശിച്ചു. അയാളുടെ കണ്ണുകളിലേക്കു നോക്കിയ കീഴ് ജീവനക്കാര്‍ മൂത്രമൊഴിച്ചു. ''ഇനി എനിക്കുവയ്യ...

മതി... തിരിച്ചുപോകാം'' - ദേഷ്യത്തോടെ അയാള്‍ തിരിച്ചു നടന്നു.

എല്ലാവരുടേയും നാവുകള്‍ ഉള്ളിലേക്കിറങ്ങിയിരുന്നു. വാ പൊളിച്ച് അവരും തിരിഞ്ഞു നടന്നു.

അവള്‍ക്കതുകണ്ട് ചിരിവന്നു. വായ പൊത്തിപ്പിടിച്ചവള്‍ ഇലമറയ്ക്കുള്ളിലിരുന്നു. പെട്ടെന്നവള്‍ക്കോര്‍മ്മവന്നു. അതിന്‍റെ ആവശ്യമില്ലല്ലോയെന്ന്. അവള്‍ ആത്മാവാണല്ലോ. ആത്മാവിനെ മറ്റാര്‍ക്കും കാണാനാവില്ലല്ലോ. അവള്‍ കേസന്വേഷകന്‍റെ ചെകിട്ടത്ത് കാറ്റായിവന്ന് ഒരടികൊടുത്തു. വേദനകൊണ്ടു പുളഞ്ഞ അയാള്‍ ആരാണ് തന്നെ തല്ലാന്‍ ധൈര്യം കാണിച്ചതെന്നതിശയത്താല്‍ പല്ലിറുമ്മി ചുറ്റും നോക്കി. എല്ലാവരും അയാളില്‍നിന്നും കൈയെത്താ ദൂരത്തകലെയായിരുന്നതിനാല്‍ ആരിലും കുറ്റം ചാര്‍ത്താനായില്ല. മറ്റുള്ളവര്‍ക്കെല്ലാം ആ കാറ്റ് ഒരു തഴുകലായേ തോന്നിയുള്ളൂയെന്നതാണത്ഭുതം.

കേസന്വേഷകര്‍ പോയിക്കഴിഞ്ഞപ്പോള്‍ അവള്‍ മരത്തില്‍നിന്നിറങ്ങി

പോലീസുകാര്‍ അന്വേഷിച്ചിടത്തേക്കു നടന്നു. അത് ഒളിഞ്ഞിരുന്നാരെങ്കിലും കാണുന്നുണ്ടോയെന്നവള്‍ ചുറ്റും നോക്കി. ആരുമില്ല. പിന്നേയും അവള്‍, താന്‍ ആത്മാവാണ് എന്ന സത്യം മറന്നു പോയല്ലോയെന്നോര്‍ത്തു. ജീവിതം കൊതിതീരെ ജീവിച്ചു തീരാഞ്ഞതിനാല്‍ മരിച്ചിട്ടും ജീവിതത്തെക്കുറിച്ചാണവള്‍ ഓര്‍ത്തത്. അല്ലെങ്കിലും അങ്ങനെതന്നെ വരൂ. മരിച്ചു എന്നതിനോടു പൊരുത്തപ്പെടാന്‍ സമയം കുറേ എടുക്കും.

കാറ്റ് അവള്‍ക്കരികില്‍ ചൂളം വിളിച്ചു.

കയ്യില്‍കിട്ടിയ എതോ വള്ളിയില്‍ തൂങ്ങി അവള്‍ ഒറ്റആയലിന്, മുരിക്കു മരങ്ങള്‍ക്കിടയിലൂടെ പറന്ന്, ദൂരങ്ങള്‍ താണ്ടി ലക്ഷ്യസ്ഥാനത്തെത്തി.

അവിടെ പറയത്തക്കതായി ഒന്നുമുണ്ടായിരുന്നില്ല.

മരിക്കാന്‍ പറ്റിയ ഒരു സ്ഥലമായിരുന്നില്ല അത്. നിറഞ്ഞ ശാന്തത അവിടെ ധ്യാനത്തിനായി തെരഞ്ഞെടുക്കാന്‍ പറ്റിയ സ്ഥലമാണെന്നറിയിച്ചു. ധ്യാനം മനസ്സിന്‍റെ ഉത്സവമാണല്ലോ. ശരീരം അപ്പോള്‍ അപ്പൂപ്പന്‍താടി പോലെ പറന്നു നടക്കും. അത്തരം ധ്യാനത്തിലാണ് താനെന്നപ്പോള്‍ അവള്‍ക്കു തോന്നി. അതിനെ ഖണ്ഡിക്കാന്‍ വന്നവര്‍ക്ക് അവിടെ എത്താനേ കഴിഞ്ഞില്ല.

3.
വര: സുഭാഷ് കല്ലൂർ

അവള്‍ ഒരു ദുര്‍നടപ്പുകാരിയായിരുന്നെന്ന് ചിലര്‍ പറഞ്ഞു. ദുര്‍നടപ്പെന്നാല്‍ എന്താണെന്ന് അവര്‍ക്ക് വിവരിക്കാന്‍ കഴിഞ്ഞില്ല. കാരണം, അങ്ങനെയൊരു തെളിവ് ആരുടേയും കയ്യിലുണ്ടായിരുന്നില്ല. എങ്കിലും ഊഹിച്ചു പറയുന്നതില്‍ ഒരു രസം അവര്‍ കണ്ടെത്തിയിരുന്നു. കേള്‍ക്കുന്നവര്‍ അതില്‍ കാമം തീര്‍ത്തു., കഴുത കരഞ്ഞു തീര്‍ക്കുമ്പോലെ.

കാമുകനോടൊപ്പം പോയതായിരിക്കും ആ കാട്ടിനുള്ളില്‍ എന്ന് ചെറുപ്പക്കാരേക്കാൾ ടുതല്‍ വയസ്സന്‍മാര്‍ സംശയംകൊണ്ടു. എന്നാല്‍ ആരാണ് കാമുകന്‍ എന്ന് അവര്‍ക്കറിയില്ലായിരുന്നു. അങ്ങനെയൊരാള്‍ ഉണ്ടോയെന്നുപോലും അവര്‍ക്ക് ഉള്ളിന്‍റെയുള്ളില്‍ ഉറപ്പില്ലായിരുന്നു.

വെറുതെയിരിക്കുന്നതിലും നല്ലത് എന്തെങ്കിലും പറഞ്ഞു പരത്തുന്നതാണെന്നു ചിന്തിക്കുന്നവരാണധികവും. അങ്ങനെയുള്ളവരുടെ അർഥമില്ലാത്ത വാക്കുകള്‍ക്ക് അവള്‍ വില കൊടുത്തിരുന്നില്ല. തന്നെപ്പറ്റി ആരെന്തു പറഞ്ഞാലും തനിക്കൊന്നുമില്ല. തന്‍റെ ജീവിതം എന്നും ശുദ്ധവും പുണ്യവുമായിരിക്കണം എന്നവള്‍ ചിന്തിച്ചു. അതിനു ഭംഗം വരുന്നതൊന്നും ചെയ്തില്ലെന്നു മാത്രമല്ല, അവള്‍ ആലോചിച്ചിട്ടും കൂടിയില്ല. എന്നിട്ടും ധാരാളം പഴി കേള്‍ക്കേണ്ടി വന്നത് അവള്‍ അതര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളി. അവള്‍ അവളുടെ സുന്ദരമായ ജീവിതം മാനസികോല്ലാസത്തോടെ തുടര്‍ന്നു.

എപ്പോഴോ അവളീ സ്ഥലത്തെത്തിച്ചേര്‍ന്നതായിരുന്നു; പണ്ട്. എങ്ങനെയാണെന്നവള്‍ക്കോര്‍മ്മയില്ല. എങ്ങനേയോ. അവിടുത്തെ ശാന്തത, അവിടുത്തെ ഭംഗി അവളെ അങ്ങോട്ടാകര്‍ഷിക്കുകയായിരുന്നു. എന്തെന്നില്ലാത്ത. എന്തിനെന്നില്ലാത്ത ഒരു സുഖം അവള്‍ക്കവിടെ കിട്ടിയിരുന്നു. മനുഷ്യര്‍ തിരിഞ്ഞുനോക്കാത്ത ഒരു സ്ഥലമായിരുന്നു അന്നിവിടം. അതുകൊണ്ട് മരങ്ങള്‍ ആര്‍ത്തുല്ലസിച്ചുനിന്നു. കിളികള്‍ ആഹ്‌ളാദത്തോടെ പറന്നു. ഓരോ ജീവജാലങ്ങളും അവരുടേതായ ഇടത്തില്‍ സന്തോഷത്തോടെ കഴിഞ്ഞു. സൂര്യന്‍ ഇലകള്‍ക്കിടയിലൂടെ നാണയത്തുട്ടുകള്‍പോലെ വെളിച്ചം ഭംഗിയോടെ വിതറി. അരുവികള്‍ ചിരിച്ചുകൊണ്ടൊഴുകി. ഏറെ പ്രയാസപ്പെട്ടാണെങ്കിലും ഇടയ്‌ക്കൊക്കെ അവിടെ എത്തുമ്പോള്‍ എന്തെന്നില്ലാത്ത ആഹ്‌ളാദം അവള്‍ക്കനുഭവപ്പെട്ടു. ഭൂമിയിലെ സ്വര്‍ഗ്ഗമാണിവിടം എന്നവള്‍ക്കു തോന്നി. പലകാരണങ്ങളാല്‍ കുറേനാളത്തേക്ക് അവള്‍ക്കവിടെ വരാന്‍ പറ്റിയിരുന്നില്ല. ഏറെ നാളുകള്‍ക്കുശേഷം അങ്ങോട്ടുവരുമ്പോള്‍ അവിടെ വന്ന ഓരോ മാറ്റങ്ങളും അവളെ വേദനിപ്പിക്കുകയും അതിശയപ്പെടുത്തുകയും ചെയ്തു.

കൃഷ്ണകിരീടപ്പൂക്കള്‍ക്കു പകരം തിങ്ങിനിറഞ്ഞ മുരിക്കുമരങ്ങളാണ് അവളെ സ്വീകരിച്ചത്. അരുവി കാണാനേയുണ്ടായിരുന്നില്ല. മുള്ളുകള്‍ നിറഞ്ഞ മരങ്ങള്‍ കരകരശബ്ദത്തോടെ, ഭയപ്പെടുത്തുംവിധം കാറ്റിലാടി നിന്നു. അവിടം വല്ലാത്തൊരു വന്യത അനുഭവപ്പെട്ടു. ഉള്ളില്‍ എന്തോ ഒരു ഭയം തളം കെട്ടിവരുന്നത് അവളറിഞ്ഞു. എങ്കിലും പിന്മാറാന്‍ അവള്‍ തയ്യാറായിരുന്നില്ല. മുന്നോട്ട് മുന്നോട്ട് അവള്‍ ഭീകരതയുടെ ഉള്ളിലേക്കു നടന്നു...

കാറ്റിന്‍റെ ചൂളംവിളി ചെകിടടപ്പിക്കുംവിധം ഭീകരമായിരുന്നു. കിളികള്‍ കൂട്ടത്തോടെ ഭയന്നുവിറച്ച് കരഞ്ഞു, പറന്നുപോകുന്നതവള്‍ കണ്ടു. എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള വെമ്പല്‍ ആ പറക്കലിലുണ്ടായിരുന്നു. കാട് ആര്‍ത്തുവിളിച്ചു കരയുമ്പോലെ ഭയപ്പെടുത്തുന്നൊരു ശബ്ദം ഇടയ്ക്കിടെ അവള്‍ കേട്ടു. ഒരു നിമിഷം ഉള്ളിലൊരാന്തലോടെ തിരിച്ചുപോയെങ്കിലോയെന്നവള്‍ ചിന്തിച്ചു. എന്നിട്ടും അവളെ കാലുകള്‍ മുന്നോട്ടുതന്നെ നയിച്ചു. ഇത് ഒരാഴ്ച മുമ്പിലത്തെ കാര്യം.

4.
കാലുകള്‍ അവളുടെ നിയന്ത്രണത്തില്‍ നിന്നില്ല. മുള്ളുകള്‍ക്കിടയിലൂടെ അവ മുന്നോട്ടു കുതിച്ചുകൊണ്ടേയിരുന്നു. അങ്ങനെയാണ് അവള്‍ അവിടെ എത്തിപ്പെട്ടത്. അവിടം അപ്പോള്‍ പകല്‍വെളിച്ചത്തിലും ഇരുട്ടുമൂടി കിടന്നിരുന്നു. തൊണ്ടയില്‍ കുരുങ്ങി നിന്നൊരു കരച്ചില്‍ കാറ്റിന്‍റെ ശീല്‍ക്കാരത്തിനിടയിലൂടെ അവള്‍ കേട്ടു.

ഇപ്പോള്‍, അവള്‍ മരിച്ചുകിടന്ന സ്ഥലത്തെത്തി. അവിടെ പുല്ലുകളെല്ലാം കരിഞ്ഞു കിടക്കുന്നതവള്‍ കണ്ടു. ഒരാഴ്ചമുമ്പ് ഇവിടെ കിടന്നാണല്ലോ താന്‍ മരിച്ചതെന്നകാര്യം ഭയത്തോടെ അവള്‍ ഓര്‍ത്തു. കുറച്ചുദൂരെ ചോര പോലെ നിന്ന പുല്ലുകളില്‍ മനുഷ്യാകൃതിയില്‍ രണ്ടു കുഴികള്‍ രൂപപ്പെട്ടതവള്‍ കണ്ടു. അതിന് ഒരു കുഞ്ഞിന്‍റെ ആകൃതിയായിരുന്നു. ആ കുഴികളില്‍ ചോര പോലെ വെള്ളം തളംകെട്ടി കിടപ്പുണ്ടായിരുന്നു. ആ വെള്ളത്തിലേക്ക് ചങ്കിടിപ്പോടെ നോക്കി കുറച്ചുനേരം നിന്നപ്പോള്‍ അവളുടെ ആത്മാവിന് കഴിഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മ വന്നു.

യു.കെ.യില്‍ പോകാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായി. തീയതിയും അടുത്തടുത്തുവന്നു. കൂടാതെ വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. പയ്യന്‍ തരക്കേടില്ല. ഇടയ്ക്കിടെ വിളിക്കും. കുറേനേരം സംസാരിക്കുമ്പോള്‍ ഒരു സുഖമൊക്കെ തോന്നി. ദൈവനിശ്ചയമെന്നു പറയട്ടെ പയ്യനും അന്നുതന്നെയാണ് യു.കെയിലേക്ക് പുറപ്പെടുന്നത് എന്നത് യാദൃച്ഛികമായി. ഇതൊന്നും മുന്‍കൂട്ടി തീരുമാനിച്ചതല്ല, അങ്ങനെ വന്നുപെട്ടതാണ്. കല്ല്യാണം കഴിഞ്ഞതിനുശേഷമാണ് ഈ പുറപ്പെടല്ലെങ്കില്‍ ഒരു മധുവിധുവിന്‍റെ പകിട്ടുണ്ടായേനേ. എന്നാല്‍ കല്യാണം ഇനിയും മാസങ്ങള്‍ കഴിഞ്ഞാണ് നടക്കുക. അവള്‍ ആദ്യമായിട്ടാണ് ഇന്ത്യ വിട്ട് പോകുന്നത്. അതിന്‍റെയൊരു പങ്കപ്പാട് ഉള്ളിലുണ്ടായിരുന്നു. എന്നാല്‍ ഒട്ടും നിനച്ചിരിക്കാതെയാണ് ഇങ്ങനെയൊരു കല്ല്യാണാലോചന വന്നത്. പയ്യന്‍ ഇവള്‍ പോകാന്‍പോകുന്ന നാട്ടിലാണ് ജോലി ചെയ്യുന്നത് എന്നത് കുറച്ചൊന്നുമല്ല ആശ്വാസവും സന്തോഷവും നല്‍കിയത്. ഒരുമിച്ചുള്ള യാത്രയാണെന്നുകൂടി അറിഞ്ഞപ്പോള്‍ സന്തോഷം ഇരട്ടിയായി. പയ്യനാണ് അവള്‍ക്കുവേണ്ടിയും എല്ലാ തയ്യാറെടുപ്പുകളും നടത്തിയത്.

എന്തുകൊണ്ടും സന്തോഷത്തിലാറാടിയപ്പോള്‍, പണ്ട്, ഇടയ്ക്കു ചെന്നിരിക്കാറുള്ള ആ സ്ഥലത്ത് ഒരിക്കല്‍കൂടി പോകണമെന്നൊരു മോഹമുണ്ടായി. വിവാഹം കഴിക്കാന്‍ കുറച്ച് വൈകിയെന്നുള്ളത് സത്യമാണ്. നാട്ടുനടപ്പനുസരിച്ചുള്ള വിവാഹപ്രായം കഴിഞ്ഞു. നല്ല വിദ്യാഭ്യാസവും തരക്കേടില്ലാത്തൊരു ജോലിയും നാട്ടിലുള്ളപ്പോള്‍ സുന്ദരിയും സുശീലയുമായ തനിക്ക് എന്തുകൊണ്ടും വളരെ നല്ലൊരാലോചന വരുമെന്നവളും വീട്ടുകാരും ചിന്തിച്ചു. അതിന്‍റെ അഹങ്കാരത്തില്‍ വന്ന നല്ല ആലോചനകള്‍ പലതും പോരാ പോരായെന്നു പറഞ്ഞ് തള്ളിവിട്ടു. പൂര്‍ണ്ണമായും തൃപ്തിയായൊരാലോചനക്കു വേണ്ടി കാത്തിരുന്നു. അങ്ങനെയൊന്നിന്‍റെ സ്വപ്നത്തില്‍ കാലം പോയതറിഞ്ഞില്ല. ഇപ്പോള്‍ വന്നത് കുറച്ചൊക്കെ പോരായ്മകളുണ്ടെങ്കിലും ഇനിയും കാത്തിരിക്കുന്നത് ശരിയല്ലെന്ന പൊതു അഭിപ്രായത്തില്‍ ഇതങ്ങ് സമ്മതിച്ചു. പോരാത്തതിന് ചെറുക്കന്‍ സ്വന്തം നാട്ടിൽ തന്നെയുള്ള ആളായതുകൊണ്ടും വീട്ടുകാര്‍ തമ്മില്‍ പഴയ അടുപ്പം ഉള്ളതുകൊണ്ടും അവര്‍ വളരെ തൃപ്തരായിരുന്നു. യു.കെയിലാണ് പയ്യന് ജോലിയെന്നുകൂടി അറിഞ്ഞപ്പോള്‍ പ്ലസ്‌ പോയിന്‍റ് കൂടി. പയ്യനെക്കുറിച്ച് എല്ലാര്‍ക്കും നല്ല അഭിപ്രായമായിരുന്നു. ഒരു ദുശ്ശീലങ്ങളുമില്ലാത്ത അടങ്ങിയൊതുങ്ങി കഴിയുന്നൊരു പയ്യന്‍. ഏറെനാളായി വിദേശത്തു ജോലി ചെയ്യുകയാണല്ലോ. നാട്ടിലെത്തിയാല്‍ എല്ലാവര്‍ക്കും വല്യ കാര്യമാണ്. എന്തിനോടും പൊരുത്തപ്പെട്ടു പോകുന്നൊരു പ്രകൃതം. ആദ്യകാഴ്ചയിലും പെരുമാറ്റത്തിലും വല്ലാത്തൊരു ആകര്‍ഷണം തോന്നുന്ന ടൈപ്പ്. സംസാരം കേട്ടാല്‍ നമ്മുടെ സ്വന്തമാണെന്നൊരു തോന്നലുണ്ടാകും. വിനീതവും പ്രൗഢവും ഭവ്യത നിറഞ്ഞതുമായ പെരുമാറ്റം. ദൂരയാത്രയ്ക്കു പോയാല്‍ ഇനി എന്നാണ് നാട്ടില്‍ തിരിച്ചെത്തുകയെന്നൊരു നിശ്ചയവുമില്ലല്ലോ. ചിലപ്പോള്‍ കല്യാണത്തിനു കുറച്ചുദിവസംമുമ്പ് അവിടെനിന്നും നാട്ടിലേക്ക് പുറപ്പെടാം. അതും ചിലപ്പോള്‍ പയ്യനൊരുമിച്ചാകാം. രണ്ടു പേരുടേയും ജോലിയുടെ കാര്യങ്ങളൊക്കെ ആശ്രയിച്ചിരിക്കും അതൊക്കെ. പിന്നെ, കല്യാണമായി തിരക്കായി അതുകഴിയുമ്പോള്‍ വീണ്ടും തിരിച്ചുപോകണം. ഇതിനിടയില്‍ ഇവിടെ വരുകയെന്നു പറഞ്ഞാല്‍ ചിലപ്പോള്‍ നടന്നെന്നുവരില്ല. അതുതന്നെയല്ല, കല്യാണം കഴിഞ്ഞാല്‍ ഒറ്റയ്ക്കൊരു തീരുമാനമെടുക്കാനാവില്ലല്ലോ. കാലമൊക്കെ മാറിയെന്നു പറയുമെങ്കിലും കുടുംബജീവിതം ഭംഗിയാകണമെങ്കില്‍ പരസ്പരം അറിഞ്ഞ്, വിട്ടുവീഴ്ചകള്‍ചെയ്ത്, ഒന്നിച്ചൊരു തീരുമാനമെടുത്ത് മുന്നോട്ടു പോകണ്ടേ. അതില്‍ ഞാന്‍ വലുത്, നീ വലുത് എന്നു വിചാരിച്ചാല്‍ കാര്യം വഷളാകും. അപ്പോള്‍ ഇങ്ങനെയൊരു സ്ഥലംവരെ പോകാം, എന്നു പറഞ്ഞാല്‍ കൂടെയുള്ള ആള്‍ക്ക് ചിലപ്പോള്‍ പെരുത്തിഷ്ടമാകും, ചിലപ്പോള്‍ അതു വേണോയെന്നൊരു സംശയം തോന്നാം. അല്ലെങ്കില്‍ വേണ്ടായെന്ന് തറപ്പിച്ചുപറയാം. എന്തായാലും ആ ആളുടെ അപ്പോഴത്തെ മനോഭാവവും മറ്റും ആശ്രയിച്ചിരിക്കും അത്. എന്നാല്‍ ഇപ്പോള്‍ ആരോടും ഒന്നും ചോദിക്കാതെ തന്നിഷ്ടത്തോടെ അവിടെ പോകാം. മാത്രമല്ല, ആ ഏകാന്തത അനുഭവിക്കണമെങ്കില്‍ കൂടെ ആളുണ്ടാവരുതല്ലോ. പഴയപോലെ അവിടെചെന്ന് നിലമറന്നു നില്‍ക്കാം. ഒരിക്കലും കിട്ടാത്ത സുഖത്തില്‍ ആറാടിയങ്ങനെയങ്ങനെ...

കാലുകള്‍ അവളുടെ നിയന്ത്രണത്തില്‍ നിന്നില്ല. മുള്ളുകള്‍ക്കിടയിലൂടെ അവ മുന്നോട്ടു കുതിച്ചുകൊണ്ടേയിരുന്നു. അങ്ങനെയാണ് അവള്‍ അവിടെ എത്തിപ്പെട്ടത്. അവിടം അപ്പോള്‍ പകല്‍വെളിച്ചത്തിലും ഇരുട്ടുമൂടി കിടന്നിരുന്നു. തൊണ്ടയില്‍ കുരുങ്ങി നിന്നൊരു കരച്ചില്‍ കാറ്റിന്‍റെ ശീല്‍ക്കാരത്തിനിടയിലൂടെ അവള്‍ കേട്ടു. വല്ലാത്തൊരു പന്തിയില്ലായ്മയോടെ അവള്‍ ചുറ്റും നോക്കി. ഒരു കുഞ്ഞിന്‍റെ ശ്വാസംമുട്ടിയ ശബ്ദം അവളുടെ ചെവിയിലടിച്ചു. ശബ്ദത്തിന്‍റെ ദിശയില്‍ അവള്‍ക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. മൃഗസമാനമായൊരലര്‍ച്ചയോടെ, കാറലോടെ എന്തോ വന്ന് ഒരു കുഞ്ഞിന്‍റെ ദേഹത്ത് വീണുകൊണ്ടിരിക്കുന്നതായാണ് അവള്‍ക്കാദ്യം തോന്നിയത്. ഒരു നിമിഷംകൊണ്ട് അവള്‍ എല്ലാം തിരിച്ചറിഞ്ഞു. കണ്ണും ചെവിയും പൊത്താനവള്‍ ആഗ്രഹിച്ചു. മണ്ണില്‍ കിടന്ന കിടപ്പില്‍ ഒരു കുഴിയിലേക്കാണ്ടു പോവുകയായിരുന്നു ഏതോ ഒരു പെണ്‍കുട്ടി. അവളുടെ ഞരക്കങ്ങള്‍ കുഴിയുടെ താഴ്ചയിലേക്കമര്‍ന്നു. രണ്ടോ മൂന്നോ വയസ്സുള്ള ആ കുട്ടിക്കു മുകളില്‍ ഭീകരമായൊരു മനുഷ്യരൂപം ആര്‍ത്തിപൂണ്ടു വിലസുകയായിരുന്നു. അത്യാഹ്‌ളാദത്തിന്‍റെ മൂര്‍ധന്യതയില്‍ അയാള്‍ സ്വയം മറന്നു വിളയാടുകയായിരുന്നു. പെണ്‍കുഞ്ഞിന്‍റെ പോലെ അവളുടെ തൊണ്ടയിലും ഒരു നിലവിളി കുടുങ്ങി. പുറത്തു വരാത്ത നിലവിളി തൊണ്ടയില്‍ ചുഴലിക്കാറ്റായടിച്ചു. അനങ്ങാന്‍ കഴിയാതെ, തൊണ്ടയില്‍ തഴുകാന്‍ കഴിയാതെ അവള്‍ നിലത്തിരുന്നു. വാ പൊളിച്ചിരുന്ന ആ ഇരിപ്പില്‍ അവളുടെ പ്രാണന്‍ വായിലൂടെ പുറത്തേക്കുപോയി.

മരവിച്ച ശരീരത്തില്‍നിന്നും പുറത്തുകടന്ന പ്രാണനാണ് പിന്നീട് എല്ലാം വ്യക്തമായി കണ്ട് തിരിച്ചറിഞ്ഞത്. അതിങ്ങനെയായിരുന്നു.

എല്ലാം കെട്ടടങ്ങിയ അയാള്‍ തളര്‍ന്നവിടെ ഇരുന്നു, കുറേനേരം. പിന്നെ, മണ്ണില്‍നിന്നും കുഴിയിലേക്കാണ്ടുപോയ നഗ്‌നയായ പെണ്‍കുട്ടിയെ വിലിച്ചെടുത്തു പുറത്തിട്ടു. വീണ്ടും അയാളില്‍ ആര്‍ത്തിമൂത്തു. കുഞ്ഞിനെ മലര്‍ത്തികിടത്തുമ്പോള്‍, പ്രാണനായ അവള്‍ കണ്ടു, കുഞ്ഞിന്‍റെ കാലിടുക്കില്‍നിന്നും നെഞ്ചുവരെ വയര്‍ പിളര്‍ന്നിരിക്കുന്നു. അയാളുടെ ദേഹം മുഴുവനും ചോരയാണ്. നഗ്‌നനായ അയാളിലെ പുരുഷന്‍ അപ്പോഴും ഉയര്‍ന്നുനിന്നു. അടക്കാനാകാത്ത ആര്‍ത്തിയോടെ അയാള്‍ വീണ്ടും കുഞ്ഞിന്‍റെ ശരീരത്തിലേക്കു വീണു. പിന്നെ അവള്‍ക്കതു നോക്കി നില്‍ക്കാനായില്ല. ലോകം നടുങ്ങുമാറലര്‍ച്ചയോടെ കരഞ്ഞുകൊണ്ട് അവളുടെ പ്രാണന്‍ കണ്ണുപൊത്തി എങ്ങോട്ടെന്നില്ലാതെ പറന്നു. പറന്നു തളര്‍ന്നപ്പോള്‍, ഇരുട്ടും നിലാവും കുഴഞ്ഞ ഭയാനകമായ രാത്രിയില്‍ അവളുടെ പ്രാണന്‍ വീണ്ടും മരിച്ച സ്ഥലത്തെത്തി. അവിടെ കുറുക്കന്മാര്‍ ആ കുഞ്ഞിന്‍റെ ദേഹം ആര്‍ത്തിയോടെ തിന്നുകയായിരുന്നു. ഉറയ്ക്കാത്ത എല്ലുകള്‍പോലും മാംസം പോലെ കടിച്ചുതിന്നു, ഒട്ടും അവശേഷിപ്പിക്കാതെ. മണ്ണില്‍കിടന്ന പൊടിപോലും നക്കിത്തിന്ന കുറുക്കന്മാര്‍ മതിയാകാതെ, ചുറ്റുംനോക്കി ഓടിപ്പോയി.

ഓര്‍മ്മകള്‍ ഛര്‍ദ്ദിച്ചിട്ടപ്പോള്‍ അവളുടെ പ്രാണന്‍ അതില്‍ ഒരുകാര്യം കണ്ടു. ക്രൂരനായ അയാള്‍ക്ക് വിവാഹനിശ്ചയം കഴിഞ്ഞ പയ്യന്‍റെ മുഖമായിരുന്നു. എന്നാല്‍ പലപ്പോഴും കണ്ട, കളിച്ചുചിരിച്ച് ദൂരെനിന്നു കണ്ട പയ്യന്‍റെ ശരീരപ്രകൃതിയായിരുന്നില്ല ആ ക്രൂരന്. ഒരു രാക്ഷസന്‍റെ ശക്തിയും വീറും വാശിയും ആ ശരീരത്തില്‍ കണ്ടു, അവിശ്വസനീയമാംവിധം. പ്രകൃതിയെ മൊത്തത്തില്‍ വലിച്ചുകീറാനുള്ള ഒരാവേശവും കരുത്തും അയാളിലുണ്ടായിരുന്നു. പയ്യന്‍റെ പുറമേ കണ്ട മുഖവും മാറിനിന്ന് കണ്ട ഈ ക്രൂരമുഖവും ഓര്‍ത്തപ്പോള്‍ അവളുടെ നിലതെറ്റി

വീണ്ടും അവള്‍ അലര്‍ച്ചയോടെ കരഞ്ഞ് മുള്ളുമരങ്ങള്‍ക്കിടയിലുടെ ചുഴലിപോലെ പറന്നു..... , ഒരു ഭ്രാന്തിയെപ്പോലെ...

അപ്പോള്‍ അടക്കിപ്പിടിച്ച കരച്ചിലോടെ ഒരു കുഞ്ഞാത്മാവ് അവളുടെ അടുത്തേക്ക് പറന്നുവരുന്നത് അവള്‍ കണ്ടു. അതിനെകണ്ടതും അവളുടെ സങ്കടം അണപൊട്ടിയൊഴുകി. ആ ആത്മാവിന്‍റെ ദേഹംനിറയെ ചോരയായിരുന്നു. കുറച്ചുദിവസത്തെ അലച്ചിലിന്‍റെ തളര്‍ച്ച അതിനുണ്ടായിരുന്നു.

അവള്‍ ആ കുഞ്ഞാത്മാവിനെ സ്വന്തം കുഞ്ഞിനെയെന്നവണ്ണം വാരിപ്പുണര്‍ന്നു.

അവളുടെ ആത്മാവിനോടുചേര്‍ന്ന്, അമ്മയുടെ മടിയിലെന്നപോലെ ആ കുഞ്ഞാത്മാവും അവളെ പുണര്‍ന്നു

അവര്‍ വലിയൊരു സങ്കടക്കടലായി നിന്നു. ഉള്ളില്‍ വന്‍തിരകള്‍ ആര്‍ത്തലച്ചു.

കുറച്ചുനേരത്തിനുശേഷം അവളുടെ ആത്മാവു പറഞ്ഞു. ' വാ മോളേ, നമുക്കുപോകാം. എന്‍റെ വാസസ്ഥലമായ ആഞ്ഞിലിമരത്തില്‍ ഇനി നമുക്കൊരുമിച്ച് കഴിയാം.''

അവള്‍ ആ കുഞ്ഞിനെ ദേഹത്തോടുചേര്‍ത്തുപിടിച്ച് ആഞ്ഞിലിമരത്തിലേക്കു പറന്നു. അപ്പോള്‍ മാനം ഇരുണ്ടുകൂടി ആര്‍ത്തലച്ച് വന്‍മഴപെയ്തു. മുള്ളുമരങ്ങള്‍ വലിയകാറ്റില്‍ പരസ്പരം കലഹിക്കുന്നവരെപ്പോലെ, പകയോടെ കൂട്ടിയുരുമ്മി മുള്ളുകള്‍ അടര്‍ന്ന് മണ്ണില്‍വീണു. അതിന്‍റെ കൂര്‍ത്തമുന ഇനി ഈ വഴി വരുന്നവരുടെ കാലില്‍ തറയ്ക്കാന്‍ കാത്ത് ആകാശം നോക്കി കിടന്നു, ആരോടെന്നില്ലാത്ത പകയോടെ....