സാഹിത്യത്തിന് പൊളിറ്റിക്കൽ കറക്റ്റ്നസ് ആവശ്യമില്ലെന്ന് എഴുത്തുകാരൻ ലിജീഷ് കുമാർ, 'കസബ'ക്കെതിരെ നടി പാർവതി നടത്തിയ വിമർശനം തെറ്റെന്നും അഭിപ്രായം | Mammootty is the life we live, Mohanlal is the life we want to live
''നാം ജീവിക്കുന്ന ജീവിതമാണ് മമ്മൂട്ടി, നാം ആഗ്രഹിക്കുന്ന ജീവിതം മോഹൻലാലും...''

''നാം ജീവിക്കുന്ന ജീവിതമാണ് മമ്മൂട്ടി, നാം ആഗ്രഹിക്കുന്ന ജീവിതം മോഹൻലാലും...''

സാഹിത്യത്തിന് പൊളിറ്റിക്കൽ കറക്റ്റ്നസ് ആവശ്യമില്ലെന്ന് എഴുത്തുകാരൻ ലിജീഷ് കുമാർ, 'കസബ'ക്കെതിരെ നടി പാർവതി നടത്തിയ വിമർശനം തെറ്റെന്നും അഭിപ്രായം
Published on

റോയ് റാഫേൽ

ഷാർജ: മമ്മൂട്ടി പ്രേമം പറയുന്നത് പോലെ പറയുന്ന, മമ്മൂട്ടി കരയുന്നത് പോലെ കരയുന്ന, മമ്മൂട്ടി നൃത്തം ചെയ്യുന്നത് പോലെ നൃത്തം ചെയ്യുന്ന ഒരാളാണ് മലയാളി പുരുഷനെന്ന് എഴുത്തുകാരൻ ലിജീഷ് കുമാർ. മമ്മൂട്ടിയുടെ 'മീറ്ററിലാണ്' ജീവിതം എപ്പോഴും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തക മേളയിൽ വായനക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

മമ്മൂട്ടിയെക്കുറിച്ച് എപ്പോഴും പറയുന്ന പരാതി അദ്ദേഹത്തിന് നൃത്തം ചെയ്യാൻ അറിയില്ല എന്നാണ്. അഭിനയത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന മമ്മൂട്ടിക്ക് നൃത്തം വഴങ്ങില്ലെന്ന് താൻ വിശ്വസിക്കുന്നില്ല. മലയാളി മധ്യവർഗ പുരുഷ ജീവിതത്തിന്‍റെ നൃത്തം എങ്ങനെയെന്ന് പഠിച്ച് അതിനെ സിനിമയിൽ ആവിഷ്കരിക്കാനാണ് മമ്മൂട്ടി ശ്രമിച്ചത് എന്നാണ് തന്‍റെ വിലയിരുത്തലെന്നും ലിജീഷ് കുമാർ പറഞ്ഞു.

എന്നാൽ മോഹൻലാൽ അങ്ങനെയല്ല.'ഐ ലവ് യു' എന്നലറിവിളിച്ച് മോഹൻലാൽ ഓടുന്ന ഓട്ടം നമുക്ക് ജീവിതത്തിൽ ഓടാൻ കഴിയില്ലെന്നും ലിജീഷ് വ്യക്തമാക്കി. ലാലിനെ പോലെ പ്രേമം പറയാൻ കഴിയാത്ത, ലാലിനെ പോലെ നൃത്തം ചെയ്യാൻ അറിയാത്ത ജീവിതമുള്ളവർ ലാലിനെ സ്വപ്നം കണ്ടിരുന്നു.

മമ്മൂട്ടി നാം ജീവിക്കുന്ന ജീവിതവും മോഹൻലാൽ നാം ജീവിക്കാൻ ആഗ്രഹിക്കുന്ന ജീവിതവുമാണെന്ന് ലിജീഷ് കുമാർ വിലയിരുത്തുന്നു.

Q

പാർവതിയോട് വിയോജിപ്പ്

A

നടി പാർവതി തിരുവോത്ത് കസബ എന്ന സിനിമക്കെതിരെ നടത്തിയ വിമർശനത്തോട് വിയോജിക്കുന്നുവെന്ന് ലിജീഷ് കുമാർ അഭിപ്രായപ്പെട്ടു. കസബ എന്ന സിനിമയിലെ പോലീസ് ഓഫീസർ വഷളനായ ഒരു ഉദ്യോഗസ്ഥനാണ്. ആ കഥാപാത്രത്തെ വഷളത്തരത്തിന്‍റെ പാരമ്യത്തിൽ ചെയ്യുക എന്നതാണ് മമ്മൂട്ടിക്ക് ചെയ്യാനുണ്ടായിരുന്നത്. എപ്പോഴും രാഷ്ട്രീയ ശരികളിൽ മാത്രം ഊന്നി നിൽക്കുന്ന കഥാപാത്രങ്ങളുമായി നമുക്ക് മുന്നോട്ട് പോകാനാവില്ല.

പാർവതി ഈ വിമർശനം ഉന്നയിക്കുന്ന സമയത്ത് തന്നെ പൃഥ്വിരാജ്, പാർവതി എന്നിവർ അഭിനയിച്ച 'മൈ സ്റ്റോറി' എന്ന സിനിമ പുറത്ത് വന്നിരുന്നു. ആ സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിച്ച ജെയ് എന്ന കഥാപാത്രത്തിന്‍റെ ഒപ്പം ഒരു പെൺകുട്ടിയെ കണ്ടപ്പോൾ പാർവതിയുടെ നായികാ കഥാപത്രം 'ഇതിനെ എത്ര യൂറോയ്ക്ക് റോഡരികിൽ നിന്ന് കിട്ടിയതാണ്' എന്നു ചോദിക്കുന്നുണ്ട്. ഇത് രാഷ്ട്രീയമായി ശരിയായ ചോദ്യമല്ല. ഒരു പെൺകുട്ടിയെക്കുറിച്ച് ഇതിലും മോശമായ ഒരു ചോദ്യം ഉന്നയിക്കാനാവില്ല.

ആ ചോദ്യം ചോദിക്കുന്ന നായികയാണ് മറ്റൊരു സിനിമയെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നത്. പുരുഷന്മാർ സംസാരിക്കുന്ന ഭാഷ മാത്രമല്ല നവീകരിക്കണ്ടത്. ഭാഷ നവീകരിക്കപ്പെടുക എന്നതിന് നാം അടിമുടി നവീകരിക്കുക എന്നതാണർത്ഥമെന്നും ലിജീഷ് കുമാർ പറഞ്ഞു.

Q

കഞ്ചാവ് എന്ന പേരും ലഹരിയും

A

തന്‍റെ പുതിയ പുസ്തകത്തിന് 'കഞ്ചാവ്' എന്ന പേര് നൽകാനിടയായ സാഹചര്യം ലിജീഷ് കുമാർ വിശദീകരിച്ചു. കുട്ടിക്കാലം മുതൽ തന്നെ ലഹരിയുടെ പേര് കഞ്ചാവ് എന്നാണ്. ആധുനിക കാലത്ത് നിരവധി പുതുലഹരികൾ വന്നെങ്കിലും ലഹരിയുടെ പാരമ്യത്തിന്‍റെ പേരായി 'കഞ്ചാവ്' നിലകൊണ്ടു. ഒരു ചെടി എന്ന നിലയിൽ കഞ്ചാവ് ദുർബലമാണ്. എന്നാൽ ദുർബലമായ ഒരു ചെടിയെക്കുറിച്ച് പറയാനല്ല,ചേർത്തുപിടിക്കാൻ സാധിക്കാത്ത അത്ര തടിയുള്ള ഒരു മഹാവൃക്ഷത്തെക്കുറിച്ച് പറയാനാണ് 'കഞ്ചാവ്' എന്ന പുസ്തകത്തിലൂടെ ശ്രമിച്ചിട്ടുള്ളതെന്ന് ലിജീഷ് കുമാർ വ്യക്തമാക്കി.

Q

പെൺകുട്ടികൾ മാറുകയാണ്

A

കഴിഞ്ഞ 20 വർഷമായി അധ്യാപകൻ എന്ന നിലയിൽ പ്രവർത്തിക്കുന്നു. കുറച്ച് വർഷങ്ങൾ കൊണ്ട് പെൺകുട്ടികൾക്കിടയിൽ ഉണ്ടായ മാറ്റം അവർ അനുഭവിച്ച ഉപദ്രവങ്ങളെക്കുറിച്ച് ഉച്ചത്തിൽ പറയാൻ തുടങ്ങിയിരിക്കുന്നു എന്നതാണ്.

നാം നായക പരിവേഷം കൽപ്പിച്ചുകൊടുത്തവർ പീഡിപ്പിച്ച, മുറിവേൽപ്പിച്ച ഒരുപാട് പെൺകുട്ടികളുടെ ലോകമാണിതെന്ന് ലിജീഷ് പറഞ്ഞു. പുരുഷന്മാർക്ക് വേണ്ടി നിർമിക്കപ്പെട്ട ലോകമാണിതെന്നും അദ്ദേഹം പറഞ്ഞു.

മലയാളിക്ക് രതി എന്നത് ആദ്യാവസാനം പ്രത്യുത്പാദനത്തിനുള്ള ഒന്നാണെന്ന ബോധത്തെ ഉറപ്പിക്കുന്ന തലച്ചോറാണ് കുട്ടിക്കാലം മുതൽ ഉള്ളത്. അതുകൊണ്ടുതന്നെ വിവാഹം, മാതൃത്വം എന്നീ വാർപ്പുമാതൃകകളുടെ പാലത്തിലൂടെയാണ് നമ്മുടെ സഞ്ചാരം. സ്ത്രീകൾ ആർജിക്കുന്ന പുതിയ രാഷ്ട്രീയ ബോധത്തിൽ വിവാഹം, മാതൃത്വം എന്നിവയെ പുനർനിർവചിക്കേണ്ടതുണ്ടെന്ന് ലിജീഷ് പറയുന്നു.

Q

സാഹിത്യത്തിന് രാഷ്ട്രീയ ശരികൾ വേണ്ട

A

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഉയർന്ന് കേൾക്കുന്നത് ബഹിഷ്‌കരണ ആഹ്വാനങ്ങളാണ് എന്ന് ലിജീഷ് പറഞ്ഞു. എല്ലാത്തിനെയും അംഗീകരിക്കുന്ന ഒരു പൊതു ഇടം രൂപം കൊള്ളുന്നുവെന്നതിന് നാം രാഷ്ട്രീയമായ ശരികളിലേക്ക് എത്തുന്നു എന്ന അർത്ഥത്തിൽ വലിയ ആഴമുണ്ട്. എന്നാൽ സാഹിത്യം അതിൽ ഊന്നിയല്ല മുന്നോട്ട് പോകേണ്ടത്. സാഹിത്യത്തിന് എല്ലാ മനുഷ്യരെയും അഭിമുഖീകരിക്കാനുള്ള ശേഷിയുണ്ടാവണം എന്ന് അദ്ദേഹം പറഞ്ഞു.

ലോകം അടിമുടി മാറിയതിന് ശേഷം കുറേക്കൂടി സമൃദ്ധമായി ജീവിച്ചുകളയാം എന്ന് വിചാരിക്കാവുന്ന ആയുസൊന്നും മനുഷ്യനില്ല എന്ന് ലിജീഷ് കണ്ടെത്തുന്നു. തന്‍റെ ചുറ്റും സമൃദ്ധമായി ജീവിക്കാവുന്ന ഒരു സുന്ദര ലോകം സൃഷ്ടിച്ച് അതിൽ ആനന്ദ ലഹരിയിൽ ജീവിച്ച് മരിക്കാനാണ് മനുഷ്യർ ശ്രമിക്കേണതെന്ന് കഞ്ചാവിന്‍റെ എഴുത്തുകാരൻ പറഞ്ഞു.