ഡോ സഞ്ജീവൻ അഴീക്കോട്
കണ്ണൂർ: ഭാരതത്തിന്‍റെ ദേശീയപതാകയെ വന്ദിക്കാൻ ചെറുകുന്ന് മാങ്കീൽ കിഴക്കേവീട്ടിലെ സംസ്കൃത പണ്ഡിതനും യോഗാചാര്യനുമായിരുന്ന കവിഎം.കെ. കൃഷ്ണൻ നായർ 1947 ൽ രചിച്ച ത്രിവർണ്ണ പതാക വന്ദനഗാനം പൂർണമായും കണ്ടെത്തി. 102 വരികളുള്ള ഗാനത്തിലെ മൂന്നും നാലും പേജുകളിലായി അച്ചടിച്ച 48 വരികളായിരുന്നു നഷ്ടപ്പെട്ടത്. തളിപ്പറമ്പ് കൊട്ടക്കാനത്ത് പുല്ലായ്ക്കൊടി ശാന്തി സദൻ വീട്ടിൽ ചിതലരിച്ച അലമാരയിൽ പഴയ മാസിക കൂമ്പാരത്തിനിടയിൽ നിന്നാണ് പാട്ടുപുസ്തകം കണ്ടെത്തിയത്. പതാകവന്ദന പാട്ടിന്‍റെ പൂർണ രൂപം കണ്ടെടുക്കാൻ കവിയുടെ പേരമകൾ നാണിക്കുട്ടിയമ്മ സി.എം. എസ്. ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണ പീഠം വഴി അന്വേഷണം നടത്തുന്നുവെന്ന വാർത്ത 2024 ഓഗസ്റ്റ് 15 ന് മെട്രൊവാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഓണത്തിനു മുന്നോടിയായി വീട് വൃത്തിയാക്കവെ ചിതലരിച്ച മാസികകെട്ടുകൾ കത്തിക്കാൻ എടുത്തപ്പോഴാണ് പാട്ടു പുസ്തകം വീട്ടുകാരിയുടെ ശ്രദ്ധയിൽപ്പെട്ടത്. പതാക വന്ദന പാട്ടിനെക്കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽ പെട്ടതിനു ഷേഷം വീട്ടിലെ ചിതലരിച്ച പഴയ കടലാസ് കെട്ടുകൾ എടുക്കുമ്പോൾ ഓരോന്നും ശ്രദ്ധിക്കുമായിരുന്നുവെന്ന് വീട്ടുകാരി രാധാമണി പറയുന്നു.
കൂവേരിയിലെ കർഷകനായിരുന്ന ഇ.കെ. ഗോവിന്ദൻ നമ്പ്യാരുടെയും മകൻ പി.വി. ഡി നമ്പ്യാരുടെയും പേരുകൾ പുസ്തകത്തിനു പുറത്ത് മഷികൊണ്ട് എഴുതിയിട്ടുണ്ടായിരുന്നു. ത്രിവർണ്ണപതാക വന്ദന പാട്ട് എഴുതിയ കവിയുടെ അടുത്ത സുഹൃത്തായിരുന്നു പരേതനായ ഇ.കെ. ഗോവിന്ദൻ നമ്പ്യാർ. അദ്ദേഹത്തിന്‍റെ മകൻ അധ്യാപകനായ പി.വി. ഡി നമ്പ്യാരാണ് 1977 ൽ രാധാമണിയമ്മയുടെ ഭർത്താവ്കൂടിയായ തടിക്കടവ് യുപി സ്കൂൾ പ്രധാനാധ്യാപകനായിരുന്ന സത്യാനന്ദന് പാട്ടു പുസ്തകം സൂക്ഷിക്കാൻ ഏല്പിച്ചത്.
സത്യാനന്ദന്‍റെ നിർദേശ പ്രകാരം രാധാമണിയമ്മ പഴയ പുസ്തകങ്ങൾ കളയാതെ സൂക്ഷിച്ചു വയ്ക്കുമായിരുന്നു. അതിനിടെ കർക്കടകത്തിൽ പഴയ അലമാര ചിതലരിച്ചു. ഇതേ തുടർന്ന് മക്കൾ വന്നപ്പോൾ അതൊക്കെ വാരിക്കൂട്ടി കത്തിക്കാനിട്ടു. റബർപുകപ്പുരയിൽ തീപിടിപ്പിക്കാൻ ചിതലരിച്ച കടലാസുകൾ രാധാമണിയമ്മ ഉപയോഗിക്കാറുണ്ട്. പഴയ പുസ്തകത്തെക്കുറിച്ച് വാർത്ത വന്നതോടെ കടലാസ് കെട്ടുകൾ ഓരോന്നും സൂക്ഷ്മമായി പരിശോധിച്ചാണ് രാധാമണിയമ്മ കത്തിക്കാനെടുത്തിരുന്നത്. വാർത്ത വായിച്ചപ്പോൾ ത്രിവർണ്ണ പതാക പുസ്തകം 1977 ൽകൊട്ടക്കാനം സ്കൂൾ അധ്യാപകൻ കൂടിയായിരുന്ന പി.വി.ഡി എന്നു ചുരുക്കപ്പേരിൽ അറിയപ്പെട്ട കോൺഗ്രസ് നേതാവ് ദാമോദരൻ നമ്പ്യാർ തന്ന കാര്യവും ഓർമ്മയിലെത്തി.
തളിപ്പറമ്പ് കൂവേരിപ്പുഴ മേനോൻ കടവിലായിരുന്നു അന്ന് പതാക പാട്ടെഴുതിയ കവി എം.കെ. കൃഷ്ണൻ നായർ താമസിച്ചിരുന്നത്. ഇന്ന് പക്ഷേ, ആ വീടില്ല. കവിയുടെ വീട്ടിൽ നിന്നും അരകിലോമീറ്റർ അകലെ യാണ് തേറണ്ടി കൂവേരി തൂക്കുപാലത്തിന്നടുത്ത് കൊട്ടേക്കാനത്ത് പുല്ലായ്ക്കൊടി വീട്. അവിടെയായിരുന്നു 1977 ൽ അധ്യാപകനായ ദാമോദരൻ നമ്പ്യാർ താമസിച്ചിരുന്നത്. അന്ന് കാഞ്ഞങ്ങാട്ട് രാവണേശ്വരത്ത് ഗവ.സ്കൂൾ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു സത്യാനന്ദൻ മാഷ്. പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ തന്‍റെ വീട്ടിലെ പുസ്തക ശേഖരത്തിൽ നിന്ന് പതാക വന്ദന ഗാനം സത്യാനന്ദൻ മാഷിന് സമ്മാനിക്കുകയായിരുന്നു ദാമോദരൻ നമ്പ്യാർ മാഷ്.
കവി കൃഷ്ണൻ നായരുടെ മകൾ മാധവിക്കുട്ടിയമ്മയുടെയും മദ്രാസ് സ്പെഷൽ പോലീ സ് ഹവിൽദാരായിരുന്ന അനന്തൻ നായരുടെയും മകനാണ് സത്യാനന്ദൻ. ജനിച്ചത് പക്ഷേ, പഴനിയിലായിരുന്നു. കുട്ടിക്കാലത്ത് കവിയായ അച്ഛപ്പൻ വീട്ടിൽ വച്ച് ഈ പാട്ട് ചൊല്ലി പഠിപ്പിച്ചിരുന്നത്രെ. മാത്രമല്ല പാട്ട് കുട്ടികളെ ക്കൊണ്ട് അച്ഛപ്പൻ പൂഴിയിൽ എഴുതിപ്പിക്കുമായിരുന്നു. 74 കഴിഞ്ഞ സത്യാനന്ദൻ മാഷ് പറയുന്നു. പുല്ലായ്ക്കൊടി കുഞ്ഞു വീട് പിന്നെ പുതുക്കിപ്പണിതു ശാന്തി സദൻ എന്ന പേരുമിട്ടു. തന്‍റെ സഹോദരി നാണിക്കുട്ടി വിവാഹ ശേഷം പാട്ടു പുസ്തകവുമായി അമേരിക്കയിലെ കാലിഫോർണിയയ്ക്ക് പോയി.
അവരുടെ കൈയിലെ പുസ്തകത്തിലെ നഷ്ടപ്പെട്ട പേജുകൾ അന്വേഷിക്കുന്നതിന്‍റെ വിശദാംശങ്ങളാണ് സ്വാതന്ത്ര്യദിനത്തിൽ പ്രസിദ്ധീകരിച്ചിരുന്നത്. ദാമോദരൻ നമ്പ്യാർ വീടൊഴിയുമ്പോൾ തനിക്കു സമ്മാനിച്ച പാട്ടു പുസ്തകത്തെക്കുറിച്ച് സത്യാനന്ദന് അപ്പോഴാണ് ഓർമ്മ വന്നത്. ഇതേ തുടർന്ന് ചിതലരിച്ച പുസ്തകങ്ങൾ കത്തിക്കുമ്പോൾ വളരെ ശ്രദ്ധിക്കണമെന്ന് സത്യാനന്ദൻ മാഷ് തന്‍റെ സഹധർമ്മിണിയെ ഓർമ്മിപ്പിക്കുകയും ചെയ്തു.
"മക്കൾ വെറ്റിനറി ഡോക്ടറായ ആഷയും ഖത്തറിൽ കമ്പ്യൂട്ടർ സോഫ്റ്റ് വെയർ എൻജിനീയറായ നിഷയും വീട്ടിലെ ചിതലരിച്ച മാസിക കെട്ടുകൾ വൃത്തിയാക്കാൻ അമ്മയോടു പറഞ്ഞതു പതാക വന്ദന ഗാനം കണ്ടെത്താൻ ഒരു നിമിത്തമായി. പത്രങ്ങളിൽ വാർത്ത വന്നില്ലെങ്കിൽ ചിതലരിച്ച കടലാസുകെട്ടുകൾ ക്കൊപ്പം പാട്ടു പുസ്തകം ഒരു പക്ഷേ തീയിൽ ചാമ്പലായാനേ ," പുല്ലായ്ക്കൊടി ശാന്തി സദനത്തിൽ രാധാമണിയമ്മ സംഘവഴക്കഗവേഷണ പീഠത്തോടു പറഞ്ഞു.
പാട്ടു പുസ്തകം കണ്ടെത്തിയ കാര്യം രാധാമണിയമ്മ കാലി ഫോർണിയ ഡബ്ലിനിൽ സോഫ്റ്റവെയർ എൻജിനി യറായ മകൻ രാഗേഷിനെ അറിയിച്ചു. ഉടൻ തന്നെ പതാകപ്പാട്ടിന്‍റെ പൂർണരൂപം കണ്ടെത്തിയ സന്തോഷ വാർത്ത കാലിഫോർണിയ സാന്താക്ലാരയിലുള്ള ഇളയമ്മ നാണിക്കുട്ടിയമ്മയെയും രാഗേഷ് അറിയിച്ചു. ത്രിവർണ്ണ പതാക വന്ദനം പൂർണമായും കിട്ടിയതോടെ അത് പുനഃപ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് നാണിക്കുട്ടിയമ്മയും സഹോദരൻ ഡോ. എം.വി. മുകുന്ദനും ഒപ്പം സംഘവഴക്കഗവേഷണ പീഠവും.
1947 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനപ്പുലരിയിൽ കൂവേരി ഫർക്കയിലാണ് എം.കെ കൃഷ്ണൻ നായർ രചിച്ച ത്രിവർണ്ണ പതാക വന്ദന ഗാനം ആദ്യമായി പാടിയത്. പിന്നീട് ഉത്തര കേരളത്തിലെങ്ങും ഈ പാട്ട് പ്രചരിച്ചു.
1947 ഡിസംബർ 3 നാണ് കണ്ണൂർ സ്റ്റാർ പ്രസ്സിൽ നിന്ന് പുസ്തക രൂപത്തിൽ പാട്ടു പുസ്തകം അച്ചടിച്ചത്. കോൽക്കളിചിന്തുപാട്ടായും കുമ്മിയടിപ്പാട്ടായും അക്കാലത്ത് ഉത്തര കേരളത്തിലെങ്ങും പ്രചുര പ്രചാരം നേടിയതാണ്
മഞ്ജരി വൃത്തത്തിലെഴുതിയ എം.കെ. കൃഷ്ണൻ നായരുടെ ത്രിവർണ്ണ പതാക ഗാനം. കുമിഴി തിമിരി ശിവക്ഷേത്രത്തിൽ 1124 മകരം 25 ന് നവീകരണ കലശം നടന്നപ്പോൾ എം കെ കൃഷ്ണൻ നായർ എഴുതിയ സ്തോത്രവും പി.വി.ഡി നമ്പ്യാർ ശേഖരിച്ചുവച്ചിരുന്നു.