രണ്ടു കഥകൾ | അക്ഷരജാലകം

മനുഷ്യനെക്കുറിച്ച് ഏറ്റവും സത്യസന്ധമായ ഗദ്യത്തിൽ എഴുതുക എന്നതാണ് ഈ ലോകത്തിലെ ഏറ്റവും പ്രയാസമേറിയ പണി: ഏണസ്റ്റ് ഹെമിങ്‌വേ
Ernest Hemingway
ഏണസ്റ്റ് ഹെമിങ്‌വേ
Updated on

അക്ഷരജാലകം | എം.കെ. ഹരികുമാർ

ജീവിതത്തോട് സത്യസന്ധതയുണ്ടെങ്കിൽ മികച്ച കഥയെഴുതാനാവും. എഴുതാൻ ശ്രമിക്കുന്നവരെ നിശ്ശബ്ദരാക്കുന്ന ക്രൂരമായ ഒരു പ്രസ്താവനയാണ് ഹെമിംഗ്‌വേ പുറപ്പെടുവിച്ചത്. 'മനുഷ്യനെക്കുറിച്ച് ഏറ്റവും സത്യസന്ധമായ ഗദ്യത്തിൽ എഴുതുക എന്നതാണ് ഈ ലോകത്തിലെ ഏറ്റവും പ്രയാസമേറിയ പണി. ഒന്നാമതായി നിങ്ങൾക്ക് വിഷയം മനസ്സിലാകണം. അത് എങ്ങനെ എഴുതണമെന്നതാണ് അടുത്ത പ്രശ്നം. ഇതു രണ്ടും പഠിക്കണമെങ്കിൽ ഒരു ജീവിതകാലമത്രയും വേണ്ടിവരും' ഒരു എഴുത്തുകാരന്‍റെ ജീവിതം തുടരുന്ന ഒരാൾ സമീപഭാവിയിലെങ്ങും അതിന്‍റെ പ്രതിസന്ധികൾ, അപര്യാപ്തതകൾ തിരിച്ചറിയണമെന്നില്ല. കാരണം അയാൾ എഴുതിവെച്ചിരിക്കുന്ന ലോകത്തേക്കാൾ ഗഹനവും സൂക്ഷ്മവുമായ ലോകം വേറെയുണ്ടെന്ന് മനസ്സിലാക്കാൻ ഒരു സമയം വേണമല്ലോ. എപ്പോഴും ഉയരത്തിലേക്ക് പല പടവുകൾ ഉണ്ടാകും. എങ്ങനെ സത്യസന്ധമായി എഴുതും?നവീനതയോ, ആധുനികതയോ, ഉത്തരാധുനികതയോ ഒന്നും തന്നെ അനിവാര്യമല്ല. അതൊക്കെ ശൈലിയും ഉള്ളടക്കവും തീരുമാനിക്കുന്നതിനുള്ള അവബോധമാണ് നൽകുന്നത്. എന്നാൽ എത്രയും ആഴത്തിൽ ഒരു അവസ്ഥയെ പ്രതിപാദിക്കണമെന്നത് നിങ്ങളുടെ മാത്രം വിധിയാണ്. ഏറ്റവും സാധാരണമായി തോന്നുന്ന കാര്യങ്ങൾക്ക് പോലും ആഴമുണ്ടാവും. പക്ഷേ ആ ആഴം നിങ്ങളെ കാത്തിരിക്കുന്നില്ലെങ്കിലോ?

സമീപദിവസങ്ങളിൽ രണ്ടു കഥകൾ വായിച്ചു. മനസിനെ സ്പർശിച്ച കഥകൾ. ജീവിതത്തിന്‍റെ വൃക്ഷം, മുകളിൽ കാണുന്ന പോലെ മണ്ണിനടിയിലേക്കും പടർന്നിട്ടുണ്ടാകും. വേരുകൾ എങ്ങനെ സഞ്ചരിക്കുമെന്ന് നമുക്കറിയില്ല. വൃക്ഷത്തിൽ വേരുകൾ ഒളിപ്പിക്കപ്പെട്ടിരിക്കുന്നു.വൃക്ഷം വല്ലാത്ത സൗന്ദര്യവാദിയാണ്. അതു കുറേക്കൂടി സുന്ദരവും സുഭഗവും ഹരിതാഭവുമായ ഭാഗമാണ് നമ്മെ കാണിച്ചുതരുന്നത്. അവ വേരുകളിലൂടെ എങ്ങോട്ടെല്ലാം സഞ്ചരിക്കുന്നു എന്ന് അറിയിക്കുന്നില്ല. മനുഷ്യരുടെ ജീവിതവും അങ്ങനെയാണ്. ഓരോ വ്യക്തിയും ആൾക്കൂട്ടത്തിൽ വെറുമൊരു ശരീരമാണ്. അയാൾ എന്തെല്ലാം പൊട്ടിച്ചിതറലുകൾക്ക് സാക്ഷ്യം വഹിച്ചവനായിരിക്കും!. അയാൾ അതൊന്നും ആരോടും പറഞ്ഞിട്ടുണ്ടാവില്ല. എന്തിന് പറയണം? പറഞ്ഞുപോയാൽ അതിന്‍റെ ചരടിൽ പിടിച്ചാവും പിന്നെ കുത്തിനോവിക്കുക. സത്യം ആരോടും പറയാനുള്ളതല്ലെന്ന ബോധ്യം അങ്ങനെയാണുണ്ടാകുന്നത്. ഒരു കെണിയിൽപ്പെട്ടാൽ അതാവർത്തിക്കാതെ നോക്കുമല്ലോ.

ഒരു പാവപ്പെട്ട മനുഷ്യൻ

മനുഷ്യന്‍റെ ജീവിതത്തിന്‍റെ അടിവേരുകൾ ചികയുന്നവനാണ് നല്ല എഴുത്തുകാരൻ. ബംഗാളി സാഹിത്യകാരനായ ശരത്ചന്ദ്ര ചാറ്റർജി (1876-1938)യുടെ 'വരൾച്ച'(പച്ചമലയാളം, ഓഗസ്റ്റ് ,2024) എന്ന കഥയുടെ പരിഭാഷയെക്കുറിച്ചാണ് ആദ്യമായി പറയാനുള്ളത്. 'വരൾച്ച' പരിഭാഷപ്പെടുത്തിയത് പത്രപ്രവർത്തകനും എഴുത്തുകാരനുമായ കുന്നത്തൂർ രാധാകൃഷ്ണനാണ്. ശരത്ചന്ദ്ര ചാറ്റർജി കുട്ടിക്കാലത്ത് കടുത്ത ദാരിദ്ര്യം അനുഭവിച്ചാണ് വളർന്നത്. സ്കൂൾ പഠനം പൂർത്തിയാക്കാനായില്ല ,സാമ്പത്തിക പ്രയാസം കൊണ്ട്. എന്നാൽ എഴുത്തിനോടുള്ള അഭിനിവേശം ഒരിക്കലും അവസാനിച്ചില്ല. എല്ലാ പ്രതിബന്ധങ്ങളിലും തന്‍റെ സിദ്ധികൾ ആളിക്കത്തുന്നതായി അദ്ദേഹത്തിനു തോന്നി. അച്ഛനുമായി പിണങ്ങി വീടുവിട്ട ശരത്ചന്ദ്ര പല തൊഴിലുകൾ ചെയ്തു. സന്ന്യാസവേഷം കെട്ടി അലഞ്ഞു. കോൽക്കത്ത വിട്ട് ബർമ (മ്യാൻമർ)യിൽ 13 വർഷം പല ജോലികൾ ചെയ്തു. ഇക്കാലത്തെല്ലാം അദ്ദേഹം വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങൾ വായിച്ചുകൊണ്ടിരുന്നു.1903 ൽ പുറത്തുവന്ന 'ബാർദിദി'യാണ് ആദ്യ നോവൽ. പതിനഞ്ച് നോവലുകളും ധാരാളം ചെറുകഥകളും നാടകങ്ങളുമെഴുതി. ബംഗാളിസാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട പേരുകളിലൊന്നാണ് ശരത്ചന്ദ്ര ചാറ്റർജിയുടേത്. അദ്ദേഹത്തിനു യാതൊരു കാപട്യവുമില്ലാതെ എഴുതാനറിയാം.ഏത് തത്ത്വശാസ്ത്രവും പ്രസ്ഥാനവും വന്നാലും സത്യം മരിക്കുകയില്ല. ആ സത്യത്തെ തേടുന്നതിൽ ഭയം പാടില്ല.

മനുഷ്യന്‍റെ കാര്യത്തിൽ ഏറ്റവും ദയയില്ലാത്ത ശത്രുവാണ് ഭൂതകാലമെന്ന് റഷ്യൻ എഴുത്തുകാരൻ മാക്സിം ഗോർക്കി പറഞ്ഞത് ഓർക്കുകയാണ്. ഒരു റിയലിസ്റ്റ് എഴുത്തുകാരനായിരുന്നിട്ടും മനോഹരമായ ഒരു കവിത എഴുതി ഗോർക്കി -സ്റ്റോം പെറ്റ്റൽ. ശരത്ചന്ദ്ര ചാറ്റർജിയുടെ 'വരൾച്ച' ഉള്ളുലച്ച കഥയാണ്. ഗഫൂർ എന്ന പേരുള്ള ഒരു സാധാരണ തൊഴിലാളിയുടെ കഥയാണിത്. അയാൾ തന്‍റെ മകൾ ആമിനയോടും പ്രിയപ്പെട്ട മഹേഷ് എന്ന കാളയോടും ഒപ്പമാണ് താമസം. അവർ ഒരു ജന്മിയുടെ ഭൂമിയിൽ കുടിൽ കെട്ടി താമസിക്കുകയാണ്. വാടക കൊടുക്കണം. ജന്മിയുടെ ഭൂമിയിൽ കാളയെ കൊണ്ട് ഉഴുതു കൊടുക്കുകയും വേണം. ജന്മി തരുന്ന വൈക്കോൽ കുടിൽ മേയാനും കാളയ്ക്കു കൊടുക്കാനും തികയില്ല. വീട്ടിലെ പാത്രങ്ങൾ പണയം വെച്ചും കാശു കിട്ടുമ്പോൾ തിരിച്ചെടുത്തുമാണ് അയാൾ ജീവിതം തള്ളുന്നത്. അയാളെ ഒരു വേനൽക്കാലം ശരിക്കും ബുദ്ധിമുട്ടിച്ചു. കുടിക്കാൻ വെള്ളമില്ല. കാളയ്ക്ക് കൊടുക്കാൻ തീറ്റയില്ല. കുടിൽ നനയാതിരിക്കാൻ കെട്ടിവെച്ചിരിക്കുന്ന വൈക്കോൽ എടുത്തു കാളയ്ക്കു കൊടുക്കും. കാള കയറു പൊട്ടിച്ച് ജന്മിയുടെ വയലിൽ കയറിയാൽ പിഴ ഒടുക്കിയാൽ പോരാ, ജന്മിയുടെ വക ചാട്ടവാറടിയും സഹിക്കേണ്ടി വരും. എങ്ങോട്ടും രക്ഷപ്പെടുവാനാവാത്ത അവസ്ഥയിലാണ് അയാൾ. അങ്ങനെയിരിക്കെ, ഗത്യന്തരമില്ലാതെ ,മനസ്സിന്‍റെ സമ്മർദ്ദത്തിൽ അയാൾ തന്‍റെ ഏറ്റവും പ്രിയങ്കരനായ കാളയെ അടിച്ചു കൊല്ലുകയാണ്. അതിന്‍റെ പിന്നിലെ മാനസികാവസ്ഥ പറയേണ്ടതില്ലല്ലോ. എത്ര വേദനയോടെയും അരിശത്തോടെയുമാണ് അയാൾ അത് ചെയ്തത്!.അയാൾ മകളെയും കൂട്ടി വീട് ഉപേക്ഷിച്ചു പോവുകയാണ്, അകലെയുള്ള ഒരു ചണമില്ലിൽ ജോലി കിട്ടുമെന്ന പ്രതീക്ഷയിൽ.ആ ഭാഗം കഥയിൽ ഇങ്ങനെ വായിക്കാം: 'ആമിനാ വാ നമുക്ക് പോകാം.

അവൾ മുറ്റത്ത് കിടന്നുറങ്ങിപ്പോയിരുന്നു.'

ഉപ്പാ എവിടെ? അവൾ കണ്ണുകൾ തിരുമ്മിക്കൊണ്ട് ചോദിച്ചു.

ഫൂൽബെറിലെ ചണമില്ലിൽ ജോലി ചെയ്യാൻ.

പെൺകുട്ടി അവിശ്വസനീയതയോടെ അയാളെ നോക്കി.

മഹാദുരിതങ്ങൾക്കിടയിലും ഫൂൽബെറിലേക്കു പോകാൻ അയാൾ ഒരുക്കുമായിരുന്നില്ല. അവിടെ മതമില്ല, ബഹുമാനമില്ല , സ്ത്രീകൾക്ക് സ്വകാര്യതയുമില്ല. അയാൾ അടിക്കടി ഇങ്ങനെ പറയുന്നത് ആമിന കേട്ടിട്ടുണ്ട്.

'വേഗമാകട്ടെ കുട്ടി... നമുക്കൊരുപാടു ദൂരം പോകാനുണ്ട്.'

ആമിന കുടിവെള്ളപ്പാത്രവും ഉപ്പയുടെ പിച്ചളപ്പാത്രവുമെടുക്കാൻ പോവുകയായിരുന്നു.

അതൊന്നും എടുക്കണ്ട മോളേ. മഹേഷിനു വേണ്ടിയുള്ള പ്രായശ്ചിത്തമായി അവ സ്വയം സമർപ്പിച്ചു കൊള്ളും.

മകളുടെ കൈപിടിച്ച് ഗഫൂർ യാത്ര പുറപ്പെട്ടു.'

പൊള്ളുന്ന സ്നേഹം

ഈ ഗഫൂർ എന്ന സാധു മനുഷ്യനിൽ നമ്മൾ ജീവിക്കുന്നുണ്ട്. തന്‍റെ കാളയെ വിൽക്കാൻ അയാൾ നേരത്തെ തീരുമാനിച്ച് അഡ്വാൻസ് വാങ്ങിയതാണ്. എന്നാൽ കൊണ്ടുപോകാൻ ആളുകൾ വന്നപ്പോൾ ക്ഷോഭിച്ച് ആ അഡ്വാൻസ് വലിച്ചെറിഞ്ഞുകൊടുത്ത് കാളയെ വിട്ടു തരില്ലെന്ന് പ്രഖ്യാപിക്കുകയാണ് അയാൾ ചെയ്തത്. അയാളിൽ ഒരു സത്യമുണ്ട്. അയാൾ ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുകയാണ്. അയാൾക്ക് ആ കാളയെയും മകളെയും പരിപാലിക്കണം. എന്നാൽ പണിയെടുത്ത് തുലയാമെന്നല്ലാതെ ഒരു നേട്ടവുമില്ല. അയാളെ പരാജയപ്പെടുത്താൻ ലോകം ഗൂഢാലോചന നടത്തുകയാണെന്നു തോന്നും.അയാൾ തോറ്റു നാടുവിടുകയാണ്. അപ്പോൾ താൻ പണയം വച്ച ആ പാത്രങ്ങളെക്കുറിച്ച് മകൾ ഓർമിപ്പിക്കുന്നുണ്ട്. അയാൾ പറയുന്നത് ആ പാത്രങ്ങൾ സ്വയം സമർപ്പിക്കുമെന്നാണ്, കാളയെ കൊന്നതിനു പ്രായശ്ചിത്തമായി. എന്തൊരു വിശാലതയും അറിവുമാണ് അയാൾ പ്രകടമാക്കുന്നത്. ജീവിതത്തോടു സത്യസന്ധമായാൽ മതി അറിവു താനേ വരും. ആ പാത്രങ്ങളെയും അയാൾ തീവ്രമായി സ്നേഹിച്ചിരുന്നു.

മറ്റൊരു കഥ ടി.പി.വേണുഗോപാലൻ എഴുതിയ 'ഒറ്റത്തടിപ്പാലം'(മാതൃഭൂമി ആഴ്ചപ്പതിപ്പ് , ജൂലൈ 21-27) എന്ന കഥയാണ്. പ്രാന്തഞ്ചേരി എന്ന സ്ഥലത്തുനിന്ന് ജാതിമാറി കല്യാണം കഴിച്ചതിനെ തുടർന്ന് ഓടിപ്പോന്നവരാണ് കുഞ്ഞിനാരായണനും ശ്യാമളയും. നാട്ടുകാർ ലഹളയ്ക്കു വന്നു. ഇപ്പോഴും ജാതിമാറാൻ പറ്റില്ലല്ലോ. ജാതിയെക്കാൾ വലിയ റിപ്പബ്ലിക്ക് എവിടെയാണുള്ളത്? നാടുവിട്ട് മറ്റൊരിടത്ത് താമസിച്ച കുഞ്ഞിനാരായണനെ സമുദായ പ്രമാണി നാട്ടിലേക്ക് വിളിപ്പിച്ചു; സഭ കൂടി പറഞ്ഞത് സുദർശന ഹോമം നടത്താൻ അയാൾ മുഴുവൻ തുകയും കൊടുക്കണമെന്നാണ്. ഹോമം നടത്തുന്നതിനു പറഞ്ഞ കാരണം വിചിത്രമാണ്. കുഞ്ഞിനാരായണനും ശ്യാമളയ്ക്കുമുണ്ടായ കുഞ്ഞു മരിച്ചുപോയിരുന്നു. ആ കുഞ്ഞിനെ സമുദായം വക ശ്മശാനത്തിൽ അടക്കം ചെയ്തതുകൊണ്ട് അവിടെ സംസ്കരിക്കപ്പെട്ടവരുടെ ആത്മാവുകൾ രോഷാകുലരാണത്രേ. അവരെ തണുപ്പിക്കാനാണ് ഹോമം. ഇത് അയാൾക്കുണ്ടായ പഴയ അനുഭവമാണ്. ഇപ്പോൾ അയാൾ വീണ്ടും സ്വന്തം നാട്ടിലേക്ക് വരുകയാണ് ,താനുമായി ഏറ്റവും അടുപ്പം പുലർത്തിയിരുന്ന കുഞ്ഞാതിച്ചേച്ചി എന്ന അനാഥ സ്ത്രീയുടെ മരണവാർത്തയറിഞ്ഞ്. അയാളെ നാട്ടുകാർ കാത്തുനിൽക്കുകയായിരുന്നു. റസിഡൻസ് അസോസിയേഷൻ ഭാരവാഹി പറഞ്ഞു, കുഞ്ഞാതിച്ചേച്ചിയുടെ സംസ്കാരം കഞ്ഞിനാരായണൻ മറ്റെവിടെയെങ്കിലും നടത്തണമെന്ന്. അയാൾ ഉള്ളിൽ ഞെട്ടിയെങ്കിലും നാട്ടുകാരുടെ ധർമ്മബോധത്തെ എതിർത്തില്ല. അയാൾ ആ ചുമതല ഏറ്റെടത്ത് മൃതദേഹം ഒരു വണ്ടിയിൽ കയറ്റി സ്ഥലം വിടുന്നു.

ദംഷ്ട്രകൾ മാത്രം

കഥാകൃത്ത് നമ്മുടെ സമൂഹത്തിന്‍റെ ഗുമസ്താത്മകവും സ്വാർത്ഥവും ക്രൂരവുമായ അഹന്തയെ തുറന്നുകാണിക്കുകയാണ് ,നിർദ്ദയം. ദയ എവിടെയുമില്ല; എല്ലായിടത്തും ദംഷ്ട്രകൾ മാത്രം. വേണുഗോപാലൻ എന്ന കഥാകൃത്ത് അയാഥാർത്ഥമായ കാര്യങ്ങളെ പെരുപ്പിച്ചു കാണിക്കുന്നില്ല. അദ്ദേഹം വ്യക്തിപരമായ ഭാവനകളിലും സ്വപ്നങ്ങളിലും അലയുന്നില്ല. ജീവിതത്തിന്‍റെ സത്യത്തിലേക്ക് തുറിച്ചു നോക്കുകയാണ്. സത്യം പറയുകയാണ് ധർമം. സമകാലിക ലോകത്തിന്‍റെയുള്ളിൽ അടിഞ്ഞുകൂടായിരിക്കുന്ന വിഷം എത്ര ഭയാനകമാണെന്നു ഈ കഥ ഓർമപ്പെടുത്തുകയാണ്.

രജതരേഖകൾ

1) കൗമുദി ബാലകൃഷ്ണന്‍റെയും വൈക്കം ചന്ദ്രശേഖരൻ നായരുടെയും സി.എൻ. ശ്രീകണ്ഠൻ നായരുടെയും തോപ്പിൽ ഭാസിയുടെയും കാലം ഒരു പ്രത്യേക ഘട്ടമാണ്. അതുപോലെ സ്വയം സമ്പൂർണവും ചിന്തകൊണ്ട് പ്രബുദ്ധവുമായ കാലം പിന്നീട് ഉണ്ടായോ എന്നു സംശയമാണ്. ബൈജു ചന്ദ്രനും കെ.എ. ബീനയും കൗമുദി ബാലകൃഷ്ണനെക്കുറിച്ചെഴുതിയ ലേഖനങ്ങൾ 'ഗ്രന്ഥാലോക'ത്തിൽ (ഓഗസ്റ്റ്)വായിച്ചു. ഒരു പുതിയ അഭിരുചിയുടെ കാലഘട്ടത്തെ പരിചയപ്പെടുത്തുകയാണ് ലേഖകർ.

2) കാക്കകളെക്കുറിച്ച് വത്സൻ പീലിക്കോട് എഴുതിയ ലേഖനം(കാക്ക, പ്രസാധകൻ, ജൂലൈ) നമ്മുടെ സാമൂഹ്യപക്ഷിയെ പറ്റിയുള്ള മിത്തും യാഥാർത്ഥ്യവും വെളിപ്പെടുത്തുകയാണ്.കാക്ക സന്ദേഹിയാകുന്നതാണ് നല്ലത്. അല്ലെങ്കിൽ കാക്കയെ പിടിച്ചു ഭാവി പറയിക്കും. കാക്കകൾ മനുഷ്യരെ സംശയത്തോടെ നോക്കുന്നത് ഏറ്റവും ആശാവഹമായ പ്രകൃതിദൃശ്യമാണ്.

3) കെ. ദിനേശ് രാജയുടെ 'കാവ്യായനം '(പുലിറ്റ്സർ)എന്ന കവിതാസമാഹാരം യാദൃശ്ചികമായാണ് വായിച്ചത്. കഥകളിസംഗീതവും ശാസ്ത്രീയസംഗീതവും പരിശീലിച്ചിട്ടുള്ള രാജയുടെ കവിതയിൽ, വാക്കുകളുടെ സംഗീതം സന്നിവേശിപ്പിച്ചിരിക്കുന്നു. 'സ്വതന്ത്രായനം' എന്ന കവിതയിലെ വരികൾ മനസ്സിൽ പ്രതിധ്വനിക്കുന്നു:

'ഇന്നു ഞാനിറങ്ങുന്നുവെന്നായിരം മോഹങ്ങൾ തൻ ബന്ധുരമണിമയം കൂടു വിട്ടിറങ്ങുന്നു...

സ്മൃതിയിൽ പുരാതനം സമൃദ്ധം ഗർവിൻ പുഷ്പ

സുഗന്ധം വഹിച്ചു ഞാൻ തനിയെ പറക്കുന്നു!

നിറയെ വർണോജ്വലം ദുഃഖത്തിൻ ചിറകുകൾ

ആവതും വിടർത്തി ഞാൻ വാനിലേക്കുയരട്ടെ

സ്വതന്ത്രവിഹായസ്സിൽ

ഭാവനാവിഹംഗമായ്

ചിരമായി വിഹരിപ്പാൻ

തനിയെ മറക്കട്ടെ.'

ആത്മവേദനകളും സ്വപ്നഭംഗങ്ങളും തളർത്തുമ്പോഴും ആകാശം ലക്ഷ്യമാക്കുന്ന അയനം ശ്രദ്ധേയമാണ്.

4) ഒരു കവിത നമുക്ക് തരേണ്ടത് സന്തോഷവും മനസ്സിനു ശക്തിയുമാണ്. അത് മനസ്സിൽ നിറഞ്ഞു നിൽക്കണം. എന്താണ് വായിച്ചതിന്‍റെ ഫലം എന്നു ചോദിച്ചാൽ ഇതായിരിക്കണം ഉത്തരം. എന്നാൽ ചരിത്രപരമായോ വ്യക്തിപരമായോ കവിതയെ സമീപിക്കുന്നത് വഴിതെറ്റിക്കുമെന്നാണ് പ്രമുഖ ആംഗലേയ വിമർശകനും കവിയുമായ മാത്യു ആർനോൾഡ് പറഞ്ഞത്.

5) ഒരു സിനിമയിലെ നല്ല നടനാവാൻ ഒന്നോ രണ്ടോ സീനിൽ അഭിനയിച്ചാലും മതി.'കുടുംബപുരാണം' എന്ന സിനിമയിലെ ഒടുവിൽ ഉണ്ണികൃഷ്ണനെപ്പോലെ.

6) നൊസ്റ്റാൾജിയ (ഗൃഹാതുരത്വം)നല്ലതാണെന്ന് പറയാം. പഴയകാലത്തെക്കുറിച്ച് വീണ്ടും വീണ്ടും ഓർക്കാൻ എന്തെങ്കിലും ഉണ്ടാവണം. എന്നാൽ ഓർമ്മകളിൽ തന്നെ കെട്ടിക്കിടക്കുന്നത് ഒരു രോഗമായി തീരാം.

7) മലയാളത്തെയും കേരളപ്രകൃതിയെയും ശക്തമായി സംയോജിപ്പിച്ച ഇടശേരിയുടെ 'ഇസ്ലാമിലെ വന്മല' എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷ (ദ് മൈറ്റി മൗണ്ടൻ ഓഫ് ഇസ്ലാം, പരിഭാഷ :അശോക് കുമാർ ഇടശ്ശേരി)വായിച്ചു. കവിയുടെ ബാല്യകാലസുഹൃത്തിനെ ഓർക്കുകയാണ്. സാഹോദര്യത്തിന്‍റെയും രമ്യതയുടെയും വലിയൊരു കാലാവസ്ഥയാണ് ഇടശ്ശേരി തന്നത്. മതസൗഹാർദത്തിന്‍റെയും ഉല്പതിഷ്ണുത്വത്തിന്‍റെയും കവിയായിരുന്നു അദ്ദേഹം.

ഓരോന്നിലും ജീവിച്ച ഈ കവി മനുഷ്യത്വത്തിന്‍റെ നവീനമായ ഏടുകളാണ് സൃഷ്ടിച്ചത്. ഇടശ്ശേരിയുടെ മകൻ അശോക് കുമാർ ഇടശ്ശേരി എഴുതുന്നു: 1930കളിൽ, ഇന്നത്തെപ്പോലെ ഗൂഗിളും തിസോറസും വിരലറ്റത്ത് ലഭ്യമല്ലാതിരുന്ന ഒരു കാലത്ത് ഇടശ്ശേരി സംസ്കൃതത്തിൽ നിന്നും ഇംഗ്ലീഷിൽ നിന്നും കവിതകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.(പ്രഭാതരശ്മി, മാർച്ച് - ഏപ്രിൽ)ഇടശ്ശേരി സ്വപ്രയത്നം കൊണ്ടാണ് ഇംഗ്ലീഷിലും സംസ്കൃതത്തിലും മലയാളത്തിലും അഗാധജ്ഞാനം നേടിയത്.

8) ഫ്രഞ്ച് എഴുത്തുകാരൻ ആൽബേർ കമ്യു പറഞ്ഞു: 'കഥ ഒരു നുണയാണ്; എന്നാൽ അതിലൂടെ നാം പറയുന്നത് സത്യമാണ്.'

Trending

No stories found.

Latest News

No stories found.