പ്രഭാ വർമ
(കവിയും കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവുമാണ് ലേഖകൻ)
കേരളത്തിന്‍റെ നവോത്ഥാന മണ്ഡലത്തില്‍ വിളങ്ങി നില്‍ക്കുന്ന നാമമാണ് തങ്ങള്‍കുഞ്ഞ് മുസലിയാരുടേത്. "കശുവണ്ടി രാജാവ്' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അദ്ദേഹം അനേകര്‍ക്ക് തൊഴില്‍ കൊടുത്ത ഒരു വ്യവസായി എന്നതിനേക്കാളുപരി വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, പത്രാധിപര്‍, ഗ്രന്ഥരചയിതാവ്, പ്രസാധകന്‍, അന്വേഷണ കുതുകി, മനുഷ്യസ്നേഹി എന്നീ നിലകളിലെല്ലാം യശോധാവള്യം പുലര്‍ത്തിയ വ്യക്തിത്വമാണ്.
എഴുത്തുകാരൻ ഡോ. കായംകുളം യൂനുസ് എഴുതിയ "തങ്ങൾ കുഞ്ഞ് മുസലിയാർ ജീവചരിത്രം' രജത ജൂബിലി പതിപ്പിലേക്കു കടക്കുകയാണ്. മൂന്നു ദശകം മുമ്പ് ഡോ. യൂനുസ് നടത്തിയ പഠന ഗവേഷണങ്ങളാണു തങ്ങള്‍കുഞ്ഞ് മുസലിയാരുടെ ഈദൃശ പ്രവര്‍ത്തനങ്ങളെല്ലാം വായനക്കാരിലേക്ക് കൊണ്ടുവന്നത്. 1997ല്‍ തങ്ങള്‍കുഞ്ഞ് മുസലിയാര്‍ ജന്മശതാബ്ദി കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കായംകുളം യൂനുസ് രചിച്ച് പ്രസിദ്ധീകരിച്ച ജീവചരിത്രം പിന്നീട് പല എഡിഷനുകളിലായി മലയാളികളുടെ കൈകളില്‍ എത്തിയിട്ടുണ്ടെങ്കിലും അതിനൊരു രജത ജൂബിലിപ്പതിപ്പ് പുറത്തു വരുന്നു എന്നതില്‍ ഇപ്പോള്‍ എല്ലാവര്‍ക്കും സന്തോഷിക്കാം.
"ദൈവത്തിന്‍റെ സ്വന്തം നാട് ' എന്ന് നമ്മുടെ നാടിനെ എല്ലാവരും വിശേഷിപ്പിക്കുമ്പോള്‍ തന്നെ മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലും തേടി അന്യദേശങ്ങളിലേയ്ക്ക് പോകുക എന്നതില്‍ മലയാളി എപ്പോഴും ശ്രദ്ധ പുലര്‍ത്തിയിരുന്നു എന്നതും പരമാർഥമാണ്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലൊന്നും അധികമായി കാണപ്പെടാതിരുന്ന ഈ പ്രവണത നമ്മുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒന്നായിത്തന്നെ വിലയിരുത്തപ്പെട്ടു വരുന്നതാണ്. തങ്ങള്‍കുഞ്ഞ് മുസലിയാരുടെ ജീവിതത്തിലും നമുക്ക് പ്രവാസ ജീവിതത്തിന്‍റെ അനുഭവങ്ങള്‍ നല്‍കിയ കരുത്ത് ദര്‍ശിക്കാം.
ഇന്നത്തെ ശ്രീലങ്കയായ സിലോണിലും മലേഷ്യയും സിംഗപ്പൂരും ചേര്‍ന്ന മലയായിലും അദ്ദേഹം ചെറുപ്പകാലത്ത് നയിച്ച ജീവിതത്തില്‍ നിന്നും നേടിയ അനുഭവ പാഠങ്ങളാണു പില്‍ക്കാല ജീവിതത്തില്‍ മുസലിയാരെ സാഹസികമായ ഒട്ടേറെ തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തനാക്കിയതും വിജയം കൈവരിക്കാന്‍ ശക്തനാക്കിയതും. വിശാലമായ ലോകത്ത് ദാര്‍ശനികമായ കാഴ്ചപ്പാട് പുലര്‍ത്തിയ അപൂര്‍വ വ്യക്തിത്വത്തിന്‍റെ ഉടമയായി അദ്ദേഹത്തെ മാറ്റിയതും ഈ അനുഭവ പാഠങ്ങള്‍ തന്നെ.
ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ സംഭാവനകള്‍ ചെറുതെങ്കിലും മികവുറ്റതാണ്. കായംകുളം യൂനുസ് കണ്ടെത്തിയ "പ്രായോഗികാദ്വൈതം, പ്രകൃതിനിയമം' എന്ന അദ്ദേ ഹത്തിന്‍റെ കൃതിയുടെ കൈയെഴുത്തു പ്രതി നമ്മെ വളരെയധികം ചിന്തിപ്പിക്കുന്നതാണ്. അതില്‍ കൈകാര്യം ചെയ്തിരിക്കുന്ന വിഷയങ്ങളേക്കാള്‍ ഉപരി, കേവല വിദ്യാഭ്യാസം മാത്രം കൈമുതലുണ്ടായിരുന്ന അദ്ദേഹം ഒരു വലിയ "പേരേട് ' ബുക്കില്‍ പെന്‍സില്‍ ഉപയോഗിച്ച് തന്‍റെ വിലപ്പെട്ട സമയത്തില്‍ നിന്ന് മാറ്റി വച്ച് പുസ്തകം പൂര്‍ത്തിയാക്കി എന്നത് അറിവിനോടുള്ള അദ്ദേഹത്തിന്‍റെ അദമ്യമായ താല്പര്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.
പ്രഭാതം പത്രത്തിന്‍റെ മുഖസൂക്തമായിരുന്ന,
"പ്രഭാത സൂര്യനെത്തുമ്പോള്‍
ആഹ്ലാദ പരമാര്‍ന്നുടന്‍
ജീവജാലങ്ങളെല്ലാമേ
ഭാവുകാര്‍ത്ഥം ശ്രമിച്ചിടും'
എന്ന തങ്ങള്‍കുഞ്ഞ് മുസലിയാര്‍ തന്നെ രചിച്ച വരികള്‍ അദ്ദേഹത്തിന്‍റെ പ്രതിഭാ വിലാസത്തെ സൂചിപ്പിക്കുന്നതാണ്. മലയാളത്തിലെ പ്രശസ്തരായ ഒട്ടേറെ പത്രപ്രവര്‍ത്തകരെ തന്‍റെ പത്രത്തില്‍ നിലനിര്‍ത്തുവാനും ഒട്ടനവധി എഴുത്തുകാരുടെ കൃതികള്‍ തന്‍റെ "വിജ്ഞാനപോഷിണി' മുദ്രണാലയത്തിലൂടെ വെളിച്ചം കാണിക്കാനും അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ അന്നും ഇന്നും എന്നും ശ്ലാഘനീയം തന്നെ.
എഴുത്തുകാരനു പ്രതിഫലം നല്‍കുന്നതില്‍ അദ്ദേഹം പുലര്‍ത്തിയ നിഷ്ഠ ഇവിടെ പ്രത്യേകം പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസ രംഗത്തെ തങ്ങള്‍കുഞ്ഞു മുസലിയാരുടെ സംഭാവനകളുടെ നിത്യസ്മാരകമാണ് ടി.കെ.എം എൻജിനീയറിങ് കോളെജ്. ഒരു വ്യക്തി തന്‍റെ മാത്രം മുതല്‍ മുടക്കില്‍ ഒരു എൻജിനീയറിങ് കോളെജ് സ്ഥാപിക്കുക എന്ന അത്ഭുത പ്രവൃത്തിയാണ് മുസലിയാര്‍ അന്ന് ചെയ്തത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും പില്‍ക്കാലത്ത് കൊച്ചി സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുമായിരുന്ന ജോസഫ് മുണ്ടശേരി തന്‍റെ ആത്മകഥയില്‍ ഇതു സംബന്ധിച്ച് പറഞ്ഞ കാര്യങ്ങള്‍ ഗ്രന്ഥകാരന്‍ അന്യത്ര ഉദ്ധരിച്ചിട്ടുണ്ട്.
കേരളത്തിന്‍റെ വികസനത്തെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ആ സ്ഥാപനവും അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ കൂടി രൂപം കൊടുത്ത ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളും വഹിക്കുന്ന പങ്ക് വളരെയധികം വിലപ്പെട്ടതാണ്.
തങ്ങള്‍കുഞ്ഞ് മുസലിയാരുടെ മഹത്തായ സംഭാവനകളുടെ വിവിധ വശങ്ങളെക്കുറിച്ച് ധാരാളം എഴുതിയിട്ടുള്ള വ്യക്തിയാണ് ഡോ. കായംകുളം യൂനുസ്. ഇവിടെ പരാമര്‍ശിക്കപ്പെടുന്ന കൃതിയാണ് അതിന്‍റെ മുന്‍ഗാമി. ലളിതവും മനോഹരവുമായി തങ്ങള്‍കുഞ്ഞു മുസലിയാര്‍ എന്ന മഹദ് വ്യക്തിത്വത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതില്‍ ഈ കൃതി മികവു പുലര്‍ത്തിയിരിക്കുന്നു എന്നു നിസ്സംശയം പറയാം. അതുകൊണ്ടു തന്നെ വായനക്കാര്‍ അതീവ താല്പര്യത്തോടെ ഈ കൃതി സ്വീകരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.