ഫ്രഞ്ച് സോഷ്യോളജിസ്റ്റും തത്ത്വചിന്തകനുമായ ഷാങ് ബോദ്രിയാ (1929-2007) ജീവിത യാഥാർഥ്യത്തെക്കുറിച്ച് ചില വെളിപാടുകൾ നൽകുന്നുണ്ട്. അദ്ദേഹത്തിന്റെ ഹൈപ്പർ റിയാലിറ്റി, സിമുലക്രം എന്നീ സിദ്ധാന്തങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ദ് ഇല്യൂഷൻ ഓഫ് ദ് എൻഡ്, സിമുലേഷൻസ്, ദ് മിറർ ഓഫ് പ്രൊഡക്ഷൻ തുടങ്ങിയ കൃതികളിൽ നവീന ലോകത്തെക്കുറിച്ചുള്ള വിചിന്തനങ്ങൾ കാണാം.
പുതിയ സാഹചര്യത്തെക്കുറിച്ച് ബോദ്രിയാർ ഇങ്ങനെ എഴുതുന്നു: "ഇന്നത്തെ സംസ്കാരം ശിഥിലമായ വൈകാരികനുഭവങ്ങളുടേതാണ്. വൈവിധ്യമാർന്ന തലങ്ങളിലുള്ള ഗൃഹാതുരത്വത്തിന്റേതാണ്. വലിച്ചെറിയാവുന്ന സാദൃശ്യങ്ങളുടേതാണ്. വിവേചനരഹിതമായ ഉപരിപ്ലവതകളുടേതാണ്; അതിൽ അഗാധതയെക്കുറിച്ചുള്ള പരമ്പരാഗതമായ മൂല്യങ്ങൾ, യുക്തി, അർഥം, മൗലികത, ആധികാരികത തുടങ്ങിയവയെല്ലാം ഒഴിവാക്കപ്പെടുകയോ ഇല്ലാതാവുകയോ ചെയ്യുന്നു, വെറും പ്രതീകങ്ങളുടെ ഇടവിട്ടുള്ള കറക്കത്തിനിടയിൽ'.
ഇന്നത്തെ ലോകം നിറയെ പ്രതീകങ്ങളും അടയാളങ്ങളുമാണ്. ഓരോ പ്രതീകവും ഓരോ യാഥാർഥ്യത്തെയാണ് സൃഷ്ടിക്കുന്നത്. മെഴ്സിഡസ് ബെൻസിന്റെ ലോഗോ കണ്ടാൽ മനസിൽ സമ്പന്നതയുടെ ഒരു അനുഭവം സൃഷ്ടിക്കും. ബെൻസിൽ കയറാതെ തന്നെ അതിനെക്കുറിച്ചുള്ള അനുഭവം മനസിൽ നിർമിക്കപ്പെടുന്നു. ഇവിടെ യാഥാർഥ്യമില്ല, യാഥാർഥ്യത്തെക്കുറിച്ചുള്ള സങ്കല്പം മാത്രമാണുള്ളത്. സമൂഹം നിരവധി പ്രതീകങ്ങളെയും ബിംബങ്ങളെയും സൃഷ്ടിക്കുന്നു. അങ്ങനെ യാഥാർഥ്യം അല്ലെങ്കിൽ അർഥം മരിക്കുന്നു. അതുകൊണ്ട് മനുഷ്യാനുഭവം ഒരു അനുകരണമായി മാറുന്നു.
ടെലിവിഷൻ വാർത്താചാനലുകളുടെ പരസ്യം കണ്ടാൽ അത് വ്യക്തമാകും. മിക്ക ചാനലുകളും അവരുടെ വാർത്താ അവതാരകരുടെ ചിത്രങ്ങളാണ് പരസ്യമായി നൽകുന്നത്. ഒന്നോ രണ്ടോ അവതാരകരുടെ ചിത്രങ്ങളാണ് മുമ്പ് നൽകിയിരുന്നതെങ്കിൽ ഇപ്പോൾ അഞ്ചും ആറും പേരടങ്ങുന്ന ഗ്രൂപ്പ് ഫോട്ടോകളായി മാറിയിരിക്കുന്നു. ഈ ചിത്രങ്ങൾ അടങ്ങിയ പരസ്യം ബസുകളിലും റെയ്ൽവേ സ്റ്റേഷനുകളിലും മെട്രൊ നഗര പരിസരങ്ങളിലും സ്ഥാപിക്കുന്നു.
എന്താണ് ഇത് നൽകുന്ന സൂചന? ഇത് ഒരു പ്രതീകം മാത്രമാണ്. ഈ വ്യക്തികൾ വാർത്ത ശേഖരിക്കുന്നവരല്ല; എഡിറ്റ് ചെയ്യുന്നവരുമല്ല. തത്സമയ വാർത്താ ചാനലുകളിൽ എഡിറ്റിങ് ഇല്ലല്ലോ. വെറും അവതാരകരാണ്. അവതാരകരുടെ ഫോട്ടോ കാണിച്ച് മികച്ച വാർത്താവതരണവും സത്യസന്ധമായ വാർത്തയും തങ്ങളാണ് തരുന്നതെന്ന് സ്ഥാപിക്കാനാണ് പരസ്യത്തിലൂടെ ശ്രമിക്കുന്നത്. ഇതാണ് ഇന്നത്തെ ഹൈപ്പർ റിയാലിറ്റി. അതായത് കൃത്രിമ യാഥാർഥ്യം. സത്യസന്ധമായ വാർത്ത നൽകുന്നതിന് അവതാരകരുടെ പരസ്യം എന്തിനാണ്?
ചാനലുകളും ചതിക്കുന്ന യാഥാർഥ്യവും
ബോദ്രിയാർ എഴുതുന്നു: "എല്ലായിടത്തും മനുഷ്യൻ തേടുന്നത് ജീവിതത്തിന്റെ അർഥമാണ്, ഈ ലോകത്തെ അർഥപൂർണമാക്കുന്നതിന്. എന്നാൽ നമ്മൾ അർഥരാഹിത്യത്തിന്റെ അപകടാവസ്ഥയിലല്ല; തികച്ചും വിരുദ്ധമായി, നമ്മൾ അർഥം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എന്നാൽ അത് നമ്മെ കൊല്ലുകയാണ്'.
ചാനലുകളുടെ പരസ്യ ഫോട്ടോകൾ കണ്ടാൽ പ്രേക്ഷകൻ, ചാനലിൽ സംപ്രേഷണം ചെയ്യുന്ന വാർത്തയുടെ സത്യാവസ്ഥയെപ്പറ്റി അവബോധം നേടണമെന്നാണ് ചാനല് ഉടമകൾ ധ്വനിപ്പിക്കുന്നത്. ഇവിടെ യാഥാർഥ്യമില്ല; യാഥാർഥ്യത്തിന്റെ സാദൃശ്യം മാത്രമാണുള്ളത്.
ഈ വ്യക്തികളെ ആരെയും പ്രേക്ഷകർ നേരിട്ടിറിയുന്നില്ല. ആകെ കണ്ടിട്ടുള്ളത് അവർ സ്റ്റുഡിയോയിൽ മേയ്ക്കപ്പിട്ട് വന്നിരുന്ന് വാർത്ത വായിക്കുന്നതും ചർച്ചകളിൽ പങ്കെടുക്കുന്നതുമാണ്. ഈ പരിപാടികളിൽ ഇവർക്ക് വാർത്തയുടെ ആധികാരികത സ്ഥാപിക്കാനുള്ള ഒരു സാഹചര്യവുമില്ല. കാരണം, വാർത്തയെ അതിന്റെ ഉറവിടത്തിൽ ചെന്ന് അറിഞ്ഞവരല്ല ഈ അവതാരകർ. അവർ ചാനലിന്റെ "സുന്ദര മുഖങ്ങൾ' മാത്രമാണ്. വാർത്തകൾക്ക് പകരമായി ഈ "സുന്ദര മുഖങ്ങൾ' മതിയെന്ന് പ്രേക്ഷകരെ കൊണ്ട് ചിന്തിപ്പിക്കുന്നിടത്താണ് ഇതിന്റെ ഹൈപ്പർ റിയാലിറ്റി അഥവാ അതിയാഥാർഥ്യം. ഇത് യാഥാർഥ്യത്തിന്റെ വെറും അനുകരണമല്ല, അതിനപ്പുറം ചതിക്കുന്ന യാഥാർഥ്യമാണ്.
പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു ചക്രവർത്തിയുടെ ഫോട്ടോ കംപ്യൂട്ടർ സാങ്കേതികവിദ്യയിലൂടെ ആധുനികവത്ക്കരിച്ച് നവീനമായി പുനഃസൃഷ്ടിക്കുന്നതു പോലെയാണിത്. ഏതാണ് ശരി, ഏതാണ് തെറ്റ് എന്നു പ്രേക്ഷകർക്ക് മനസിലാക്കാനാവില്ല. ഒരു കംപ്യൂട്ടർ ഉണ്ടെങ്കിൽ ഏതിന്റെയും രൂപഭാവങ്ങൾ മാറ്റിമറിക്കാം. പുതിയ യാഥാർഥ്യങ്ങൾ സൃഷ്ടിക്കാം. "ആധുനികവത്കരണത്തിന്റെ യഥാർഥ പതിപ്പാണ് അമെരിക്ക. നമ്മൾ ഡബ്ബ് ചെയ്യപ്പെട്ട, സബ്ടൈറ്റിൽ കാണിക്കുന്ന ഒരു ഉല്പന്നമാണ്. അതിന് ഒരു ഉറവിടമോ ഐതിഹ്യത്തിന്റെ അടിത്തറയോ ഇല്ല. അതിനു ഭൂതകാലമില്ല. കണ്ടെത്താൻ ഒരു സത്യമില്ല. പ്രാചീനമായ കാലത്തിന്റെ ഒരു അറിവുമില്ല. അത് നിരന്തരമായ ഒരു വർത്തമാനകാലത്തിലാണ് കഴിയുന്നത്.' -ബോദ്രിയാർ നിരീക്ഷിക്കുന്നു.
ബിംബവത്കരണം
സമഗ്രമായ അറിവിനു വേണ്ടിയാണ് കലാശാലകളും മാധ്യമങ്ങളും പാടുപെടുന്നത് എന്നത് സങ്കല്പമാണ്. എന്നാൽ അങ്ങനെയല്ല; സമഗ്രമായ അറിവ് അപ്രാപ്യമാണ്. അറിവുകളുടെ ഒരു വലയാണ് ഇവിടെയുള്ളത്. ഒരു വസ്തുവിനെ മനസിലാക്കണമെങ്കിൽ അതിന് മറ്റു വസ്തുക്കളിൽ നിന്നുള്ള വ്യത്യാസം അറിയണം. എങ്ങനെയാണ് അറിയുന്നത്? അതിനുള്ള ഉപകരണം എവിടെയുണ്ട്?
ഒരു പാട്ടുകാരനെ അറിയാൻ മറ്റു പാട്ടുകാരിൽ നിന്നുള്ള വ്യത്യാസം മനസിലാക്കണം. എന്നാൽ പാട്ടുകാരനെ എല്ലാവരും പ്രശംസിക്കുന്ന ഒരു ഘട്ടത്തിൽ, ആ പാട്ടുകാരനെ പ്രത്യേക പരിവേഷത്തിൽ മാത്രം എല്ലാവരും കാണുന്ന സന്ദർഭത്തിൽ അതിനുള്ള സാധ്യതയില്ലാതാവും. അയാൾ ഒരു പ്രതീകം മാത്രമാകുന്നു. ആ പ്രതീകം യഥാർഥമല്ല; അതിനോട് നേരിട്ടുള്ള അനുഭവമില്ല. ആ പ്രതീകം ഒരു സങ്കല്പമാവുകയാണ്. യാഥാർഥ്യത്തിനു പകരമായി ഒരു ഗായകന്റെ ബിംബത്തെയാണ് മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്. അതോടെ അർഥങ്ങൾ നശിക്കുന്നു. പാട്ടിനെക്കുറിച്ചോ സംഗീതത്തെക്കുറിച്ചോ ഒരു ചർച്ച അപ്രസക്തമാക്കിക്കൊണ്ട് ആ ഗായകനെ ഒരു പകരം യാഥാർഥ്യമായി നിലനിർത്തുന്നു. ഇതാണ് ബോദ്രിയാർ പറയുന്ന സിമുലേഷൻ.
"മൃഗങ്ങൾക്ക് അബോധ മനസില്ല; എന്തെന്നാൽ അവയ്ക്ക് ഒരു അതിർത്തിയുണ്ട്. മനുഷ്യർക്ക് അബോധം മാത്രമേയുള്ളൂ; അവർ അതിർത്തി നഷ്ടപ്പെട്ടവരാണ്.' - ബോദ്രിയാറിന്റെ വാക്കുകൾ. മനുഷ്യർക്ക് എണ്ണമറ്റ അർഥങ്ങളുടെ ഗാലക്സികൾ പരതാനുണ്ട്. ഒരിക്കലും ഒരിടത്തും എത്തിച്ചേരുകയില്ലെങ്കിലും.
ഒരു യാഥാർഥ്യത്തെ കരുതിക്കൂട്ടി ചാനലുകൾ സൃഷ്ടിച്ചെടുക്കുന്നു. എന്നിട്ട് അതിനെക്കുറിച്ച് ചർച്ച ചെയ്യുന്നു. അതിനെ പിന്തുടരുന്ന നമ്മൾ വേറിട്ട ഒരു ധാരണയിൽ എത്തിച്ചേരുന്നു. നമ്മളുമായി യാതൊരു ബന്ധവുമില്ലാത്ത, യാതൊരു ആവശ്യവുമില്ലാത്ത കാര്യങ്ങൾ വലിയ യാഥാർഥ്യമായി, അനിവാര്യമായ ചർച്ചയായി നമ്മളിലേക്ക് കൊണ്ടുവരുന്നു.
മൈക്കിനെതിരേ കേസെടുത്തത്, ഒരു പ്രവാസി വനിത നിയമസഭയ്ക്കുള്ളിൽ കയറിയത്, ഒരു നിയമസഭാ സമാജികൻ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചിട്ട് ബില്ലിന്റെ പേരിൽ തർക്കിച്ചത് തുടങ്ങിയവയെല്ലാം പ്രൈം ടൈമിൽ ചാനലുകൾ അതിഥികളെ, "എക്സ്പെർട്ടുകളെ' വിളിച്ചു ചർച്ച ചെയ്യുന്നതാണ് ഇന്നത്തെ ഹൈപ്പർ റിയാലിറ്റി. ഇതാണ് ഇന്നത്തെ പ്രേക്ഷകൻ അറിയേണ്ട അനിവാര്യമായ വാർത്തകൾ, അല്ലെങ്കിൽ വസ്തുതകൾ എന്ന് പ്രചരിപ്പിക്കുകയാണ്. യാഥാർഥ്യമോ ഉറവിടമോ ഇല്ലാത്ത, "യഥാർഥ'മായ ഒന്നിന്റെ മാതൃകയാണ് ഈ തലമുറയെ ഭരിക്കുന്നത് എന്ന് ബോദ്രിയാർ പറയുന്നുണ്ട്.
ഒരേപോലെ ചിന്തിച്ചാൽ?
എന്തിനാണ് ഈ യഥാർഥ്യമെന്ന് ടെലിവിഷൻ പ്രേക്ഷകർ സ്വയം ചോദിക്കാതിരിക്കില്ല. അവരുടെ മസ്തിഷ്കത്തെ, പക്ഷങ്ങളെ, മൂല്യങ്ങളെ സ്വാധീനിക്കാനും പ്രതിനിധീകരിക്കാനും മാധ്യമങ്ങൾ ശ്രമിക്കുകയാണ്. ഈ യാഥാർഥ്യം ഭയപ്പെടുത്തുന്നതും നിരാശപ്പെടുതുന്നതുമാണ്. ജീവിക്കാൻ പ്രേരിപ്പിക്കാത്ത ഈ ചർച്ചകളിലൂടെ ചാനലുകൾ സൃഷ്ടിക്കുന്നത് ഒരു കപട യാഥാർഥ്യമാണ്.
എല്ലാവരും തുല്യരായിരിക്കുന്നതും ഓരോരുത്തർക്കും ഒന്നുമില്ലാതിരിക്കുന്നതും സോഷ്യലിസത്തിൽ മഹത്വവത്കരിക്കപ്പെടുന്നു. ചിന്തയിലും സോഷ്യലിസം പരീക്ഷിക്കാവുന്നതാണ്! എല്ലാവരും ഒരേ പോലെ ചിന്തിക്കുക! ഒരേപോലെ കവിത എഴുതുക.
സാമൂഹികമായ ജീവിതത്തിന്റെ മരണത്തിൽ നിന്നാണ് സോഷ്യലിസം ഉണ്ടാകുന്നത്. ദൈവത്തിന്റെ മരണത്തിൽ നിന്ന് മതങ്ങൾ ഉണ്ടായതുപോലെ. സാമൂഹ്യജീവിതം ഏകശിലാരൂപം ആവുകയാണെങ്കിൽ, അവിടെ സർഗാത്മകതയും ഏകശിലാരൂപമാകും. കാരണം, സർഗാത്മകതയുടെ ഉണർവ് എല്ലാവരും ഒരേപോലെയാകാതിരിക്കുന്നതിലാണ് പ്രസക്തമാകുന്നത്. വാൻഗോഗിനെ പോലെ ചിത്രം വരയ്ക്കാത്തതു കൊണ്ടാണ് ഹെൻറി മാറ്റിസും പിക്കാസോയും ശ്രദ്ധ നേടുന്നത്. സർഗാത്മകത ഒറ്റയ്ക്കുള്ള ഒരു നിൽപ്പാണ്. അത് സ്വയം പരിശോധനയും സ്വയം കണ്ടെത്തലുമാണ്.എന്നാൽ സകലതിനെയും ഒരേ സ്കെയിൽ ഉപയോഗിച്ച് അളക്കുന്ന ഒരു കാലത്ത് ഹൈപ്പർ റിയാലിറ്റിയാണ് നമുക്ക് വിധിക്കുന്നത്.
കഥയേക്കാൾ അപരിചിതമാണ് സത്യം എന്ന വാദം തകർന്നിരിക്കുകയാണ്. ഇപ്പോൾ ജീവിതം അഭിമുഖീകരിക്കുന്ന ഒരു കഥയുമില്ല. യാഥാർഥ്യത്തിന്റെ കളിയിൽ യാഥാർഥ്യം തന്നെ അപ്രത്യക്ഷമാകുകയാണ്. ആ കളിയിൽ വിചിത്രമായ നിരാശകളും സൈബർ ജീവിതവും ഭ്രമാത്മകമായി നിലനിൽക്കുകയാണ്.
യാഥാർഥ്യം തന്നെ ഛിന്നഭിന്നമാവുകയും കപടമായിത്തീരുകയും ചെയ്യുകയാണ്. സ്വന്തം അനുഭവങ്ങളെ പോലും, സമൂഹത്തിന്റെ കൃത്രിമമായ അർഥനിർമിതയും പ്രതീകാരാധനയും മൂലം തെറ്റിദ്ധരിക്കേണ്ടി വരുന്ന കാലമാണിത്. വീടിനു സമീപത്തുള്ളവർ വലിയ കാർ വാങ്ങിയാൽ നമുക്ക് കാർ ഒരു അവശ്യവസ്തുവായി മാറും. ഉടനെ കടമെടുത്ത് കാർ വാങ്ങും. ജീവിതം ഇവിടെ ഒരു അനുകരണവും കൃത്രിമ യാഥാർഥ്യവുമാകുന്നു. വലിയ കാർ ഒരു സ്വപ്നമോ ആഡംബരമോ എന്നതിനുപരി ജീവിത യാഥാർഥ്യത്തെക്കുറിച്ചുള്ള തെറ്റായ അർഥങ്ങൾ നിർമിക്കുകയാണ്. ഈ അർഥങ്ങളുടെ പിന്നാലെ പോകുന്നവൻ അതിന്റെ തന്നെ കളിയിൽപ്പെട്ട് അർഥങ്ങളും യാഥാർഥ്യങ്ങളും നഷ്ടപ്പെടുന്നവനായി മാറുന്നു. കൃത്രിമമായ ഒരു ലോകത്ത് എത്തിച്ചേരുന്നു. ഭൗതിക വസ്തുക്കൾ ഇന്ന് ജീവിതത്തിന്റെ അർഥം കണ്ടെത്താനുള്ള ഉപകരണങ്ങളായി വ്യാഖ്യാനിക്കപ്പെടുകയാണ്.
അത് സ്ഥാപിക്കാനാണ് ടെലിവിഷൻ പരസ്യങ്ങളും കായികതാരങ്ങളും ഉപയോഗിക്കപ്പെടുന്നത്. ഒരു പരസ്യത്തിനു ഉപയോഗിക്കാൻ വേണ്ടി സ്ഥാപനങ്ങളും മാധ്യമങ്ങളും സെലിബ്രിറ്റികളെ സൃഷ്ടിക്കുകയാണ്. സെലിബ്രിറ്റികളെ പ്രേക്ഷകർക്ക് നേരിട്ടറിയില്ല. എന്നാൽ അവരെ പരസ്യത്തിൽ തുടരെ കാണുമ്പോൾ അവർ പറയുന്നതും ചെയ്യുന്നതും തങ്ങളുടെ ജീവിത യാഥാർഥ്യമാണെന്ന് ചിന്തിക്കുന്നു.