ആനന്ദത്തിന്‍റെ എൻജിനീയറിങ്

ഒരു ഉറുമ്പിന് പോലും ജീവൻ വെടിയുന്നത് സഹിക്കാനാവില്ല. വലിയ ശരീരവും ചെറിയ ശരീരവും ഒരേ പോലെ സന്തോഷവും ദുഃഖവും നേരിടുന്നു
ആനന്ദത്തിന്‍റെ എൻജിനീയറിങ്
Updated on

ഒരാൾ ഈ മഹാമപ്രപഞ്ചത്തിൽ എത്രയോ ചെറിയ ഒരു യൂണിറ്റാണ്. നമുക്ക് ആറ്റത്തോട് തോന്നുന്ന ഏറ്റവും ചെറുതെന്ന വികാരം നമ്മോട് ഈ പ്രപഞ്ചം എത്രവട്ടം ആവർത്തിക്കുന്നു!. നമ്മൾ വളരെ ചെറിയ ഒരു ശരീരമായിരുന്നുകൊണ്ട് പ്രാപഞ്ചികമായ വ്യവസ്ഥയെ ഉള്ളിൽ കൊണ്ടുനടക്കുന്നു. ഉദയാസ്തമയങ്ങളും ജനിമൃതികളും നാം ഈ ശരീരത്തിൽ അനുഭവിക്കുന്നു. ശരീരം എത്ര ചെറുതായാലും പ്രപഞ്ചത്തിന്‍റെ അനുഭവങ്ങളുടെ ആഴവും പരപ്പും എല്ലാവർക്കും ഒരുപോലെയാണ്. ഒരു ഉറുമ്പിന് പോലും ജീവൻ വെടിയുന്നത് സഹിക്കാനാവില്ല. വലിയ ശരീരവും ചെറിയ ശരീരവും ഒരേ പോലെ സന്തോഷവും ദുഃഖവും നേരിടുന്നു.

മനുഷ്യനു പരമമായ ആനന്ദം കിട്ടാൻ കുണ്ഡലിനിയെ ഉണർത്തി പടികൾ പലത് കടന്ന് സഹസ്രാര പത്മത്തിലെത്തണം. അങ്ങനെയാണ് ഋഷിമാർ പറഞ്ഞിട്ടുള്ളത്. എന്നാൽ ഒരു ശലഭം അതിന്‍റെ ഏറ്റവും ജൈവമായ അവസ്ഥയിൽ ലളിതമായി, സഹജമായി ,നിഷ്കളങ്കമായി ആനന്ദത്തിലേക്ക് ഒന്ന് പറക്കുന്നു. ആനന്ദമെന്ന ആശയം ഭാരതത്തിന്‍റെ മഹത്തായ അനുഭവമായി വേർതിരിക്കപ്പെട്ടിരിക്കുന്നു. നമുക്ക് എങ്ങനെയാണ് ആനന്ദം കിട്ടുക? ജീവിതം തന്നെ കെണിയും ഊരാക്കുടുക്കുമായി അനുഭവപ്പെടുമ്പോൾ മഹത്തായ ആനന്ദത്തിലേക്ക് നോക്കുന്നത് സാഹസമായിരിക്കും. ആനന്ദത്തിനു ഒരു എൻജിനീയറിങ്ങുണ്ട്. അത് പഠിക്കാൻ പരിശീലനം വേണം.

ഇന്ന് സാധാരണ ജീവിതത്തിൽ പുസ്തകങ്ങൾക്ക് പോലും ഇടമില്ലാതാവുകയാണ്. വായിക്കുന്ന ഒരാളെ സമൂഹം അംഗീകരിക്കാൻ വിമുഖമാണ്. വായിക്കുന്നവനു വീട്ടിൽ പോലും ഇടം കിട്ടുമോ എന്ന് സംശയമാണ്. വീട് ഒരു വേർപെടുത്തപ്പെട്ട ഇടമാണിന്ന്. അത് ജ്ഞാനത്തിനോ അറിവിനോ വേണ്ടി യാതൊന്നും ചെയ്യാനാവാത്ത ഇടമായി തീർന്നിരിക്കുന്നു. വീട്ടിലെ ജീവിതം ലോണുകളുടെയും തിരിച്ചടവിന്‍റെയും വേഗത്തിന്‍റെയും പിടിയിലമർന്നിരിക്കയാണ്. പണം കടം മേടിച്ചിട്ടില്ലാത്തവർക്ക് മാത്രമേ പുസ്തകങ്ങൾ വായിച്ച് ആസ്വദിക്കാനുള്ള ഏകാഗ്രത കിട്ടുകയുള്ളു. എഴുത്തിലും ഇതുതന്നെയാണ് യഥാർത്ഥ്യം.

നോവാ ഹരാരി

സ്വാതന്ത്ര്യം തേടി, ജ്ഞാനം തേടി ബുദ്ധനെ പോലെ, ശങ്കരാചാര്യരെ പോലെ വീടു വിട്ടിറങ്ങാൻ ഇന്നു സാധ്യമല്ല. ആളുകൾ നാടുമായി, രാഷ്‌ട്രീയവുമായി, വീടുമായി അത്രമേൽ ഇഴചേർന്നിരിക്കുകയാണ്. ടെലിവിഷൻ ചാനലുകൾ ദിവസവും രാഷ്‌ട്രീയഗുരുക്കന്മാരെ തേടുകയാണ്. ഒരു ഗുരുവിനെ പുകഴ്ത്തുകയും പിന്നീട് മറ്റൊരു ഗുരുവിനെ വാഴ്ത്തുകയും അതിനു ശേഷം തകർക്കുകയുമാണ് അവരുടെ ജോലി. രാഷ്‌ട്രീയവുമായി ബന്ധമുള്ള ആശയങ്ങളോ സാഹിത്യപരമായ പര്യവേക്ഷണങ്ങളോ തങ്ങളെ ബാധിക്കുന്നില്ലെന്ന മട്ടിൽ ഒരേ ഇടത്തു തന്നെ കഴിയുകയാണ് അവർ ചെയ്യുന്നത്. കലങ്ങിമറിഞ്ഞ ഈ അന്തരീക്ഷത്തിൽ മനുഷ്യനു ശാന്തി ലഭിക്കാൻ പ്രയാസമാവുകയാണ്. അവൻ നിത്യേന ആന്തരസംഘർഷങ്ങളിലേക്ക് അമരുകയാണ്. കുറ്റകൃത്യങ്ങൾ പെരുകുകയാണ്.

ആളുകൾ ശാന്തി തേടി ആശുപത്രികളിലേക്ക് പോകുന്ന കാഴ്ചയാണ് നാം കാണുന്നത്. ഡോക്റ്റർമാരാണ് പുതിയ ഗുരുക്കന്മാർ. 'സാപിയൻസ് -എ ഹിസ്റ്ററി ഒഫ് ഹ്യൂമൻകൈൻഡ്' എന്ന പുസ്തകത്തിൽ പ്രമുഖ നരവംശശാസ്ത്രജ്ഞനും സാംസ്കാരിക ചിന്തകനുമായ നോവാ ഹരാരി ബുദ്ധനെ ഉദ്ധരിച്ചു ചില കാര്യങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ബുദ്ധനിൽ തുടക്കത്തിൽ ആഴ്ന്നു കാണപ്പെട്ട അസന്തുഷ്ടിയെപ്പറ്റിയാണ് അദ്ദേഹം എഴുതുന്നത്. അർധരാത്രിയിൽ ഇരുപത്തൊൻപത് വയസ്സിലാണ് എല്ലാം ഉപേക്ഷിച്ചു ഗൗതമൻ കൊട്ടാരം വിടുന്നത്.ഉത്തരേന്ത്യ മുഴുവൻ അദ്ദേഹം നിസ്വനായി അലഞ്ഞു. യാതനകളിൽ നിന്ന് എങ്ങനെ പുറത്തു കടക്കാം എന്നതായിരുന്നു ചിന്ത. പല ആശ്രമങ്ങളും സന്ദർശിച്ചു. പല ഗുരുക്കന്മാരുടെ മുന്നിലും പ്രണമിച്ചു. പക്ഷേ, യാതൊന്നും അദ്ദേഹത്തെ വിമോചിപ്പിച്ചില്ല. എന്നാലും അദ്ദേഹം നിരാശനായില്ല. അന്വേഷണമാണല്ലോ ലക്ഷ്യം.

ആത്മവിമോചനത്തിന്, യാതനകളിൽ നിന്നുള്ള വിടുതലിന് അദ്ദേഹം യാത്ര തുടരുകയായിരുന്നു. മനുഷ്യന്‍റെ തീവ്രമായ ദുഃഖത്തിന് പരിഹാരം കാണാൻ വേണ്ടി ഏതു യാതന അനുഭവിക്കാനും ഗൗതമൻ ഒരുക്കമായിരുന്നു. എന്തെന്നാൽ ഗൗതമൻ മനുഷ്യവംശത്തെ പ്രതിനിധീകരിക്കുന്നു. മനുഷ്യവംശത്തെ ബാധിക്കുന്ന ഏതൊരു പ്രശ്നവും തൻ്റേതാണ്. ഏതൊരാൾക്കും വിധിച്ചിട്ടുള്ള തീവ്രമായ യാതന ഒരിടത്തും പരിഹരിക്കപ്പെടുന്നില്ല. അതിന് എവിടെയാണ് പരിഹാരം കാണുക? ഗൗതമനെ ഈ ചിന്തകൾ നോവിച്ചുകൊണ്ടിരുന്നു. ജീവിതത്തിന്‍റെ അർത്ഥം, കാര്യകാരണങ്ങൾ തുടങ്ങിയ വിഷയങ്ങൾക്കുള്ള ഉത്തരം തേടി അദ്ദേഹം ധ്യാനനിരതനായതിന്‍റെ രഹസ്യം ഹരാരി മനസ്സിലാക്കുന്നു :ഒരു ദൗർഭാഗ്യമോ സാമൂഹ്യമായ അനീതിയോ അല്ല യാതനയ്ക്ക് കാരണമെന്ന്. ദൈവികമായ കോപമല്ല കാരണം. ഗൗതമൻ കണ്ടുപിടിച്ച മഹത്തായ ആ സത്യം ഇതാണ്: മനുഷ്യന്‍റെ യാതനയ്ക്ക് കാരണം അവന്‍റെ പ്രത്യേക സ്വഭാവഘടനയാണ്.

മോഹവലയങ്ങൾ

ഹരാരി എഴുതുന്നു: മനസ്സ് എന്തനുഭവിക്കുന്നുവെന്നത് പ്രധാനമല്ല. ആഗ്രഹം അല്ലെങ്കിൽ ആസക്തിയാണ് എല്ലാത്തിനും അടിസ്ഥാനം. ആഗ്രഹങ്ങൾ എപ്പോഴും അതൃപ്തിയുണ്ടാക്കുന്നു. മനസ്സിനു എന്തെങ്കിലും അതൃപ്തി തോന്നുകയാണെങ്കിൽ നമ്മൾ അതിൽ നിന്ന് രക്ഷ നേടാൻ നോക്കും. മനസ്സിന് സന്തോഷമുള്ള കാര്യമാണെങ്കിൽ, ആ സന്തോഷം നീണ്ടുനിൽക്കാനും തീവ്രമാകാനും ആഗ്രഹിക്കും. അതുകൊണ്ട് മനസ്സ് എപ്പോഴും അസംതൃപ്തവും വ്യഗ്രവുമായിരിക്കും. ഇത് സൂചിപ്പിക്കുന്നത്, സന്തോഷം കിട്ടിയാൽ പോലും നമുക്ക് അത് ആസ്വദിക്കാൻ കഴിയില്ല എന്നാണ്. ഭൗതികവസ്തുക്കളുടെ പേരിലുള്ള സന്തോഷം താത്കാലികമാണ്. ആ സന്തോഷം നിലനിർത്താൻ വേണ്ടി സന്തോഷമില്ലാത്ത പ്രവൃത്തികളിൽ ഏർപ്പെടേണ്ടി വരുന്നു. ജീവിതത്തിൽ ഇപ്പോൾ എത്തിയിരിക്കുന്ന നിമിഷം സന്തോഷത്തിന്‍റേതാണെങ്കിൽ അത് നഷ്ടപ്പെടുമോ എന്ന് ചിന്ത ഭയാനകമാണ്. ഇതുതന്നെയാണ് സ്നേഹത്തിന്‍റെ കാര്യത്തിലുമുള്ളതെന്ന് ഹരാരി ചൂണ്ടിക്കാട്ടുന്നു. സ്നേഹം വേണമെന്ന് നമ്മൾ ആഗഹിക്കുന്നുണ്ട്. വർഷങ്ങളോളം ആഗ്രഹിക്കുന്നു. എന്നാൽ സ്നേഹം കണ്ടുമുട്ടുന്ന സന്ദർഭത്തിൽ അതിൽ തൃപ്തരാവുന്നില്ല.ചിലർ ചിന്തിക്കുന്നത് തന്‍റെ ഇണ തന്നെ വിട്ടു പോകുമെന്നാണ്. അല്ലെങ്കിൽ ഇതിനെക്കാൾ മെച്ചപ്പെട്ട ഒരു പങ്കാളിയെ കിട്ടുമായിരുന്നു എന്നു ചിന്തിക്കും.ജീവിതത്തിലെ മോഹം നമ്മെ ഒരു വലയത്തിനകത്തേക്ക് വലിച്ചുകൊണ്ടു പോവുകയാണ്. നമ്മുടെ മാനസികാവസ്ഥ മാറ്റിമറിക്കാൻ ഒരു ദൈവത്തിനും കഴിയില്ലല്ലോ. ദൈവത്തിന്‍റെ മാനസികാവസ്ഥ മാറ്റാൻ കഴിവുള്ളവർ കണ്ടേക്കാം. അവർ സന്തോഷങ്ങൾക്ക് പിന്നാലെ വാളുമേന്തി കുതിരപ്പുറത്ത് പാഞ്ഞു പൊയ്ക്കൊണ്ടിരിക്കും. എതിരെ വരുന്നവനെ മാത്രമല്ല ,നിരുപദ്രവകാരികളായവരെയും ഇതര ജീവികളെയും കാരണമില്ലാതെ കൊന്നൊടുക്കി പീഡയിൽ രസിക്കുന്നുണ്ടാവും.

പക്ഷേ, അപ്പോഴും അവർക്ക് തൃപ്തി കിട്ടില്ല. അവർ നേടിയതിനെക്കാൾ നേടാത്തതിനെയോർത്ത് വിഷാദിച്ചുകൊണ്ടിരിക്കും.ഉന്നതമായ സ്ഥാനത്ത് എത്തുന്ന മിക്കവരും ആ സ്ഥാനത്തുനിന്ന് കൂടുതൽ ഉന്നതസ്ഥാനത്തേക്ക് പോകാനും കൈയിലുള്ളത് നഷ്ടപ്പെടാതിരിക്കാനും വേണ്ടി സ്വസ്ഥത നഷ്ടപ്പെടുത്തും. അതുകൊണ്ട് സ്നേഹിക്കുന്നവരോടു പോലും സ്നേഹം തോന്നാൻ സാധിക്കാത്ത നിസ്സഹായമായ അവസ്ഥയിലായിരിക്കും അവർ.ഉന്നത സ്ഥാനത്തിരിക്കുന്നത് കൊണ്ട് സ്നേഹം കൊടുക്കാൻ പറ്റാത്ത കഷ്ടസ്ഥിതിയിലായിരിക്കും. ഈ കുരുക്കിൽ നിന്ന് രക്ഷനേടാൻ ഗൗതമൻ കണ്ടെത്തിയത് ഹരാരി വിവരിക്കുന്നത് ഇങ്ങനെയാണ്: 'മനസ് സുഖമുള്ളതോ അസുഖമുള്ളതോ ആയ എന്തെങ്കിലും ചിന്തിക്കട്ടെ. അത് പ്രാഥമികമായി മനസ്സിലാക്കുന്നുണ്ട്, അതെല്ലാം വസ്തുതകൾ മാത്രമാണെന്ന്. യഥാർഥത്തിൽ ഒരു യാതനയുമില്ല. യാതൊരു ആസക്തിയും ഇല്ലാതിരിക്കുകയാണെങ്കിൽ ദുഃഖം ഇല്ലാതാകും. നിങ്ങൾക്ക് ദുഃഖമുണ്ടെങ്കിൽ പോലും അത് നിങ്ങളെ കഷ്ടപ്പെടുത്തില്ല. ആ സങ്കടത്തിൽ ഒരു ധന്യതയുണ്ടായിരിക്കും.

ഓഷോ

ആസക്തിയില്ലാതെ സന്തോഷിക്കുകയാണെങ്കിൽ ,ആ സന്തോഷം വർധിക്കും; മനസ്സിന് ശാന്തത നഷ്ടപ്പെടുകയുമില്ല. അല്പം പോലും ആഗ്രഹമില്ലാതെ മനസ്സ് എങ്ങനെയാണ് ഒരു വസ്തുവിനെ , വികാരത്തെ അതിന്‍റെ യഥാർത്ഥനിലയിൽ സ്വീകരിക്കുന്നതെന്ന് ഹരാരി ചോദിക്കുന്നു - ദുഃഖത്തെ ദുഃഖമായി കാണാനും സന്തോഷത്തെ സന്തോഷമായി ,വേദനയെ വേദനയായി?

ഗൗതമൻ ഇതിനായി ധ്യാനമാണ് നിർദേശിക്കുന്നത്. അത് മനസ്സിനെ പാകമാക്കുന്ന പ്രക്രിയയാണ്. 'ഞാൻ എന്താണ് ഇപ്പോൾ അനുഭവിക്കുന്നതെന്ന്' മനസ്സ് സ്വയം ആലോചിച്ചു ഗ്രഹിക്കാനുള്ള പരിശീലനമാണത്. ഇത് ചിന്തയല്ല; അറിവിലേക്കുള്ള താദാത്മ്യമാണ്. കൊലപാതകം, അനഭിമതമായ സെക്സ്, മോഷണം എന്നിവയിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഗൗതമൻ ഉപദേശിച്ചത് ഇതെല്ലാം ആഗ്രഹങ്ങൾ ജനിപ്പിക്കുമെന്നതിലാണ്. അപ്പോൾ ആഗ്രഹങ്ങൾക്ക് പകരം പൂർണമായ തൃപ്തി വരുന്നു. മിഥ്യകൾ ഒഴിഞ്ഞുപോകുന്നു. ആഗ്രഹങ്ങൾ നശിപ്പിക്കാതെ ദൈവത്തെ ആശ്രയിച്ചിട്ട് കാര്യമില്ലെന്നാണ് ബുദ്ധിസ്റ്റുകൾ വിശ്വസിക്കുന്നത്.

നിങ്ങൾ എന്നെങ്കിലും സന്തോഷം കണ്ടെത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഓഷോ പറയുന്നത് മാനവരാശി അത് ഇനിയും അറിയാനിരിക്കുന്നു എന്നാണ്. സന്തോഷത്തിനുവേണ്ടി ശ്രമിക്കുന്നതാണ് അത് അകന്നു പോകാൻ കാരണമെന്ന് ഓഷോ വിചാരിക്കുന്നു. അന്വേഷിക്കുമ്പോൾ നിങ്ങൾ പലയിടത്തേക്കും നോക്കുകയാണ്. അവിടെ നിങ്ങൾക്ക് നിങ്ങളെ നഷ്ടപ്പെടുന്നു. തിരയും തോറും ഉൽക്കണ്ഠ കൂടുന്നു. കൂടുതൽ കിട്ടുമോ ഇല്ലയോ എന്ന ചിന്ത വളരുന്നു. നിരാശയും ദുരിതവും ബാക്കിയാകുമ്പോൾ സന്തോഷം ഒരിക്കലും അടുത്തു വരികയില്ല. എത്രമാത്രം തിരയുന്നുവോ അത്രത്തോളം സന്തോഷം കിട്ടുകയില്ല; എന്തെന്നാൽ സന്തോഷം നിങ്ങളുടെയുള്ളിലാണ്. ഓഷോ പറയുന്നു:' നിങ്ങൾ ഉണർന്നിരിക്കുമ്പോൾ നിങ്ങളുടെ ബോധം ഏർപ്പെടുന്ന ഒരു പ്രവൃത്തിയാണ് സന്തോഷം.അസന്തുഷ്ടി നിങ്ങളുടെ അബോധത്തിന്‍റെ പ്രവൃത്തിയാണ്. അബോധം പൊടി പിടിച്ച ഒരു കണ്ണാടിയാണ്.അതാകട്ടെ നിങ്ങളുടെ ഭൂതകാലമാണ്. അമിതമായ തെരച്ചിൽ അവസാനിപ്പിക്കുമ്പോൾ മനസ്സ് ശാന്തമാകുന്നു. അവിടെ ഒരു പുതിയ വാതിൽ തുറക്കപ്പെടുകയാണ്.

ഉത്തരരേഖകൾ

1)മലയാളസാഹിത്യ വിമർശനത്തെപ്പറ്റിയുള്ള ചർച്ചകൾ അവസാനിച്ചോ?

ഉത്തരം: മലയാളസാഹിത്യവിമർശനം ഇപ്പോൾ ക്ലാസ് മുറികൾക്ക് പുറത്താണുള്ളത്. ഇത് ശരിക്ക് വായിക്കുന്നവർ ചർച്ചചെയ്യുന്നുണ്ട്. വായിക്കാത്തവർ വിമർശനത്തെക്കുറിച്ച് അറിയാത്തവരാണ്.

2)അനുഭവകഥകൾ, ആത്മകഥകൾ സാർവത്രികമായി എഴുതപ്പെടുകയാണല്ലോ ?

ഉത്തരം: ഒരു സാധാരണ ഓഫിസ് ജീവനക്കാരന്‍റെ അനുഭവങ്ങളെക്കാൾ ആഴമുള്ളതായിരിക്കും ഒരു ലോക്കോ പൈലറ്റിന്‍റെ ആത്മകഥ. ഇതുവരെ രേഖപ്പെടുത്തപ്പെടാത്ത ജീവിതങ്ങളാണ് എഴുതേണ്ടത്.ഇക്കാര്യത്തിൽ പദവിയോ പണമോ ഒരു മാനദണ്ഡമാകരുത്.

3)ആത്മകഥയിൽ സത്യമുണ്ടോ?

ഉത്തരം: മനുഷ്യൻ പൊതുവേ സത്യം പറയാത്ത ജീവിയാണ്. ഈ വസ്തുത മനസ്സിലാക്കിക്കൊണ്ട് ഏത് ആത്മകഥയും വായിക്കാം.

4)ഒരേ രംഗത്ത് പ്രവർത്തിക്കുന്നവർ പരസ്പരം ജീവചരിത്രം എഴുതുമോ?

ഉത്തരം: അങ്ങനെ ചെയ്താൽ അതിനു വിശ്വാസ്യത ഉണ്ടാകില്ല. തകഴി, കേശവദേവിന്‍റെ ജീവചരിത്രം എഴുതിയില്ലല്ലോ.

5)വെറുതെ കുറെ സംഭവങ്ങൾ വിവരിച്ചാലും കവിതയാകുമോ?

ഉത്തരം: റോബിൻ എഴുത്തുപുര എഴുതിയ 'ചാച്ചന്‍റെ ബൈനോക്കുലർ ' (മാധ്യമം ആഴ്ചപ്പതിപ്പ് ,ഫെബ്രുവരി 26) എന്ന കവിതയിൽ കുറെ ഓർമകൾ മാത്രമാണുള്ളത്. ഇതുപോലുള്ള കവിതകൾ എഴുതാൻ ധാരാളം പേരുണ്ടാകും.

"ചാച്ചന് കടലുകടത്തിക്കൊണ്ടുവന്ന

ഒരു ബൈനോക്കുലറുണ്ട്

രാത്രിയിൽ ഞങ്ങൾ

ചന്ദ്രനെ നോക്കും; പിന്നേം പിന്നേം

അമ്മച്ചി നോക്കിയിട്ട്

ഉണ്ണീശോയെയും മാതാവിനെയും

കാലിത്തൊഴുത്തിനെയും കണ്ടു

വെന്തിങ്ങയിൽ

പിടിച്ചു കണ്ണുതുടയ്ക്കും'

6)നല്ലൊരു എഴുത്തുകാരനു എഴുതാതിരിക്കാനാവുമോ?

ഉത്തരം: പ്രതിഭയില്ലാത്തവർക്ക്, ആശയങ്ങളില്ലാത്തവർക്ക് ഒരു നോവലിനു ശേഷം മറ്റൊരു നോവലിനു വേണ്ടി വലിയൊരു കാത്തിരിപ്പ് ആവശ്യമായി വന്നേക്കാം. സ്വാഭാവിക ഒഴുക്കുള്ളവർക്ക് അതിന്‍റെ പ്രശ്നമില്ല. എഴുതിയില്ലെങ്കിൽ അസുഖം വരാവുന്ന ശാരീരികഘടനയുള്ളവരുണ്ട്. മനസ്സിൽ നിന്ന് പുറത്തു പോകേണ്ട ആശയങ്ങൾ ,ചിന്തകൾ കെട്ടിക്കിടക്കുന്നത് സംഘർഷമോ രോഗമോ സൃഷ്ടിക്കാം.

7)മമ്മൂട്ടിയുടെ കാതൽ, നൻപകൽ നേരത്ത് മയക്കം, ഭീഷ്മ, ഭ്രമയുഗം, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ സിനിമകളെ എങ്ങനെ കാണുന്നു ?

ഉത്തരം: ദീർഘിച്ച കാലയളവിലെ അഭിനയജീവിതത്തിലൂടെ മമ്മൂട്ടി നേടിയ പക്വത ഇപ്പോൾ പുതിയ ആവിഷ്കാരങ്ങളായി മാറിയിരിക്കുന്നു. നല്ലൊരു മാറ്റമാണിത്. അദ്ദേഹം ഇപ്പോൾ വ്യത്യസ്തമായ വേഷങ്ങൾക്കു വേണ്ടി അഭിനയിക്കുന്നു. ആദ്യകാലങ്ങളിൽ സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കും വേണ്ടി അഭിനയിച്ചെങ്കിൽ ഇപ്പോൾ അദ്ദേഹം തന്‍റെ മനസ്സിലെ ഒറ്റപ്പെട്ട കഥാപാത്രങ്ങൾക്ക് പ്രമുക്തി നൽകി അവതരിപ്പിക്കുന്നു. ഒരു നടൻ സ്വയം കണ്ടെത്തുകയാണിവിടെ.

8)സാഹിത്യകൃതികളുടെ ദേശം പരിശോധിക്കാനായി കഥ നടക്കുന്ന സ്ഥലങ്ങളുടെ ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നതിനെ എങ്ങനെ കാണുന്നു?

ഉത്തരം: ഒരു തെറ്റിദ്ധാരണയുടെ ഫലമാണ് ഈ ഫോട്ടോയെടുപ്പ്‌. നോവലുകളിലെ സ്ഥലം സാങ്കല്പികമാണ്. അത് യഥാർത്ഥമല്ല. തകഴിയുടെ 'രണ്ടിടങ്ങഴി'യിൽ കുട്ടനാടൻ ജീവിതമാണുള്ളതെങ്കിലും അതിലെ ഭൂപ്രകൃതിയും ഭൂമിശാസ്ത്രവും സാങ്കല്പികമാണ്. ഭാവനയിലൂടെയാണ് കലാകാരൻ കഥയിൽ ഇടപെടുന്നത്.

9)മലയാളത്തിലെ ചില എഴുത്തുകാർ ജയിംസ് ജോയ്സ്, ഗാർസിയ മാർകേസ് ,ഫോക്നർ തുടങ്ങിയവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനെ എങ്ങനെ കാണുന്നു?

ഉത്തരം: ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത് നല്ലതാണ്. എന്നാൽ ആഴം കുറഞ്ഞ റിയലിസ്റ്റ് കഥകൾ എഴുതുന്നവർ ജോയ്സിന്‍റെ 'യുളിസിസി'നെ പ്രശംസിക്കുന്നത് വിരോധാഭാസമാണ്. മാർകേസിന്‍റെ 'ഏകാന്തതയുടെ ഒരുനൂറ് വർഷങ്ങൾ' എന്ന നോവൽ ഒരു മലയാള സാഹിത്യകാരനാണ് എഴുതിയതെങ്കിൽ അതിന്‍റെ പേര് 'മക്കൊണ്ടോ'(നോവലിലെ ഭൂപ്രദേശം) എന്നായിരിക്കും!.മലയാള നോവലുകളുടെ പേര് ബുധിനി, തക്ഷൻകുന്ന് സ്വരൂപം എന്നൊക്കെയാണല്ലോ.

Trending

No stories found.

Latest News

No stories found.