മനുഷ്യന്‍റെ റോബോട്ടിക് ജീവിതം

ഒരു ജീവിവർഗം എന്ന നിലയിൽ ഇന്നത്തെ സാങ്കേതിക വിപ്ലവവും നമ്മെ എവിടേക്കാണ് നയിക്കുന്നത്?
ഒരു ജീവിവർഗം എന്ന നിലയിൽ ഇന്നത്തെ സാങ്കേതിക വിപ്ലവവും നമ്മെ എവിടേക്കാണ് നയിക്കുന്നത്?
മനുഷ്യന്‍റെ റോബോട്ടിക് ജീവിതംConcept AI illustration - Freepik
Updated on

അക്ഷരജാലകം | എം.കെ. ഹരികുമാർ

ഇന്ത്യയിലെ പ്രമുഖ കംപ്യൂട്ടർ ഡാറ്റാ വിശ്ളേഷകനും സംരംഭകനും എഐ വിദഗ്ധനും കവിയുമായ അതുൽ ജലൻ എഴുതിയ 'വെയർ വിൽ മാൻ ടേക്ക് അസ്' എന്ന കൃതി ഈ കാലത്തിന്‍റെ പരിവർത്തനവും ഭാവിയിലെ മനുഷ്യരുടെ സാങ്കേതിക, ജൈവപ്രശ്നങ്ങളും ചർച്ചചെയ്യുന്നു. ഇത് വളരെ അസാധാരണമായ ഒരു കൃതിയാണ്. മനുഷ്യസാങ്കേതികശാസ്ത്രം നമ്മെ എവിടെ കൊണ്ടെത്തിക്കുമെന്ന അന്വേഷണമാണിത്. ഒരു ജീവിവർഗം എന്ന നിലയിൽ ഇന്നത്തെ സാങ്കേതിക വിപ്ളവും നമ്മെ എവിടേക്കാണ് നയിക്കുന്നത്? യന്ത്രങ്ങളുടെയും യാന്ത്രികമായ മാറ്റങ്ങളുടെയും പുറമെ കാണുന്ന ലോകത്തിനപ്പുറം അത് ഉത്പാദിപ്പിക്കുന്ന അറിവിനെ, യാഥാർഥ്യത്തെ, അസ്തിത്വത്തെ പഠിക്കേണ്ടതുണ്ടെന്നു ജലൻ എഴുതുന്നു.

യന്ത്രങ്ങൾ അതിന്‍റെ യാന്ത്രിക രൂപത്തിനപ്പുറത്തേക്ക് സഞ്ചരിച്ചാണ് നമ്മുടെ ജീവിതത്തിൽ ഇടപെടുന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഒട്ടും യാന്ത്രികമോ കൃത്രിമമോ അല്ലെന്നാണ് അദ്ദേഹം പറയുന്നത്. എ ഐ എന്നത് ചിന്തിക്കാനും വികാരം കൊള്ളാനും ബുദ്ധി ഉപയോഗിക്കാനും കഴിയുന്ന ഒരു സാങ്കേതികതയാണ്. എന്നാൽ നമ്മളിൽ എങ്ങനെയാണ് ചിന്തയും ബുദ്ധിയും വികാരവും പ്രവർത്തിക്കുന്നതെന്നു ഇപ്പോഴും അറിയില്ല. നമുക്ക് നമ്മെക്കുറിച്ച് ഒരു മുൻധാരണയുമില്ല. എപ്പോൾ കോപിക്കുമെന്നു മുൻകൂട്ടി പറയാനാവില്ല. അതിന്‍റെയർഥം നമ്മൾ ഇനിയും തലച്ചോറിനെ പൂർണമായും പഠിച്ചിട്ടില്ല എന്നാണ്. എന്താണ് ബോധം? എന്താണ് ആത്മബോധം? 'രമണമഹർഷിയുടെ ഒരു പ്രസ്താവന അദ്ദേഹം ഉദ്ധരിക്കുന്നു:'ഞാൻ ആരാണ്? ശരീരമല്ല, എന്തെന്നാൽ അത് ജീർണിക്കുന്നതാണ്. മനസല്ല ഞാൻ; ശരീരത്തോടൊപ്പം തലച്ചോറും നശിക്കുന്നു. ഞാൻ വ്യക്തിത്വമല്ല, വികാരങ്ങളുമല്ല; ഇവയെല്ലാം മരണത്തോടെ ഇല്ലാതാകും.' പിന്നെയും ചോദ്യം ബാക്കിയാണ്. എന്താണ് ഞാൻ? ഞാൻ എന്ന അറിവ് എവിടെ നിന്നു വന്നു? അതിനു ചരിത്രമില്ല. അത് അവസാനിക്കുന്നതോടെ ഒരു ലോകം ഇല്ലാതാവുകയാണ്. എന്താണ് ഞാൻ എന്നതിനു ഒരു തൃപ്തികരമായ ഉത്തരമില്ല.

ജീവിതം പങ്കിടാം

ജീവശാസ്ത്രത്തിലും തലച്ചോറിലും നമ്മെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കരുതെന്നാണ് ജലന്‍റെ പക്ഷം. എ.ഐയെ മനസിലാക്കാൻ നമ്മുടെ തലച്ചോറിന്‍റെ തന്നെ ഘടന പഠിക്കണം. നമ്മുടെ തലച്ചോറിനു പിന്നിലെ നാഡീശാസ്ത്രപരമായ വസ്തുക്കൾ ശേഖരിക്കണം. നാനോടെക്നോളജി, ക്വാണ്ടം കംപ്യൂട്ടിംഗ്, ജനിറ്റിക്സ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. ഒരു നാനോ കണത്തെ മനുഷ്യനു സങ്കൽപ്പിക്കാൻ കഴിയില്ല. ഓരോ വസ്തുവിനും ഒരു നാനോ തലമുണ്ട്. തന്മാത്രകളുടെ തലത്തിലാണ് നാം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ആറ്റത്തെ നാനോസ്കെയിലിൽ ഒന്നിപ്പിച്ചാൽ ഏത് വസ്തുവും നിർമ്മിക്കാം. ആറ്റവും തന്മാത്രകളുമായി നാം പരിഗണിക്കുന്ന വസ്തുക്കൾ നാനോസ്കെയിലേക്ക് കൊണ്ടുവരുമ്പോൾ മറ്റൊരു പ്രതികരണമാണ് ഉണ്ടാവുക.

റോബോട്ടിനെ, യാന്ത്രികമായി പെരുമാറാനാണത്രെ പ്രോഗ്രാം ചെയ്ത് വച്ചിരിക്കുന്നത്. എന്നാൽ ജലൻ പറയുന്നത് ഒരു റോബോട്ടിനു സ്വന്തം വികാരങ്ങളെ സാന്ദർഭികമായി രൂപീകരിക്കാൻ കഴിയുമെന്നാണ്. റോബോട്ടുകൾ കുറേക്കൂടി നന്നായി മനുഷ്യരെപ്പോലെ പെരുമാറാൻ തുടങ്ങുന്നതാണ് അടുത്തഘട്ടം. ഒസാക്കയിലെ ഇന്‍റലിജന്‍റ് റോബോട്ടിക്സ് ലാബിന്‍റെ ഡയറക്റ്റർ ഹിലാരി ഇഷിഗുറോ അത് വ്യക്തമാക്കുന്നുണ്ട്. മനുഷ്യനെ മറ്റു മനുഷ്യരോട് ഇടപെടാനും അവരെ വിശ്വസിക്കാനും പറ്റുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. അതുകൊണ്ട് മനുഷ്യരെ പോലെ പെരുമാറുന്ന റോബോട്ടുകൾ വരുന്നത് സാമൂഹികബന്ധങ്ങളിൽ മറ്റൊരു ഘട്ടത്തിന്‍റെ തുടക്കമാവുമത്രേ. ഏറ്റവും സ്വീകാര്യമായ തരത്തിൽ പെരുമാറാൻ പറ്റുന്ന റോബോട്ടുമായി നമ്മുടെ ജീവിതം പങ്കിടുന്ന സാഹചര്യമാണ് വരാൻ പോകുന്നത്. റോബോട്ടിനെ വിവാഹം കഴിച്ചു ജീവിക്കുന്നത് ഇന്ന് അസാധ്യമല്ല. ഇത് മനുഷ്യസഹജമായ അഭിവാഞ്ഛയാണ്. മനുഷ്യപുരോഗതിയും വളർച്ചയും അങ്ങനെയാണ്. ഗ്രീക്ക് തത്ത്വചിന്തകനായ സെനോഫെയ്ൻസ് ഈ പ്രവണതയെ 'ആന്ദ്രോപോമോർഫിസം ' എന്നു വിളിക്കുന്നു.മറ്റു വസ്തുക്കളെ മനുഷ്യവൽക്കരിക്കുന്ന പ്രവണതയാണിത്.ഗ്രീക്ക് ദേവതമാർ നിഷ്കളങ്കമായ കണ്ണുകളുള്ളവരാണ്, ത്വക്കിനു മാർദവമേറും. ആഫ്രിക്കൻ ദൈവങ്ങളുടെ കണ്ണുകൾക്ക് തവിട്ടു നിറമാണ്. തൊലി കറുത്തതാണ്. ആരാധിക്കുന്നവനും ആരാധിക്കപ്പെടുന്നവനും തമ്മിലുള്ള സാദൃശ്യം ഇവിടെ കാണാം. നമ്മുടെ ഗുണങ്ങൾ നാം മറ്റു വസ്തുക്കളിലേക്ക് സംക്രമിപ്പിക്കുന്നു. അതിലൂടെ നാം ലക്ഷ്യം സാക്ഷാത്ക്കകരിക്കുന്നു.

ഫോണിനോട് ആസക്തി

ഇപ്പോൾ നാം പുതിയൊരു പ്രവണതയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. മനുഷ്യരെക്കാൾ മൊബൈൽ ഫോണിനെ സ്നേഹിക്കുന്നു, അതല്ലേ സത്യം? ആൾക്കൂട്ടത്തിലോ ബസിലോ പാർക്കിലോ ആളുകൾ മറ്റു മനുഷ്യരെക്കാൾ ശ്രദ്ധിക്കുന്നത് സ്വന്തം ഫോണിനെയാണ്. 24 മണിക്കൂറും ഫോൺ നോക്കുന്നവർക്ക് അതിനോട് ലൈംഗികം എന്ന പോലെ ഒരാസക്തിയാണുള്ളത്.സ്വന്തം കാമനകളെ ഏതെങ്കിലും വിധത്തിൽ അത് പൂർത്തീകരിക്കുന്നുണ്ടെന്നാണ് മനസിലാക്കേണ്ടത്. ഇന്നു നമ്മുടെ അഭിപ്രായങ്ങളെ, ചിന്തകളെ, തിരഞ്ഞെടുപ്പുകളെ, അറിവുകളെ സ്വാധീനിക്കുന്നത് മൊബൈൽ ഫോണാണ്, അത് നൽകുന്ന വിവരങ്ങളാണ്. ഒരു വ്യക്തിയെക്കാൾ അതിനെ വിശ്വസിക്കുന്നു. അധ്യാപകർക്കോ ഗുരുവിനോ കൊടുക്കുന്നതിനെക്കാൾ പ്രാധാന്യം ഗൂഗിളിനു നൽകുന്നു.

ഡോക്റ്ററുടെ മുന്നിലിരുന്ന് മരുന്നിന്‍റെ ഉദ്ദേശ്യവും പാർശ്വഫലങ്ങളും ഗൂഗിളിൽ തെരയുന്നവർ ഏറിയിരിക്കുന്നു. മനുഷ്യനെ കാണാതെ ജീവിക്കാൻ കഴിയുമോ എന്നാണ് പുതിയ ലോകം ആലോചിക്കുന്നത്. ഒരു മനഃശാസ്ത്രവിദഗ്ധന്‍റെയോ ലൈംഗിക ചികിത്സകന്‍റെയോ അടുത്ത് പോകുന്നതിനെക്കാൾ ആളുകൾ ഇഷ്ടപ്പെടുന്നത് യൂട്യൂബ് ഗുരുക്കന്മാരെയാണ്. സെക്സ് വിദ്യാഭ്യാസത്തിന്‍റെ വലിയൊരു ലോകം യൂട്യൂബർമാർ തുറന്നിരിക്കുന്നു.ധാരാളം സ്ത്രീകൾ ലൈംഗികപ്രശ്നങ്ങൾക്ക് പരിഹാരവുമായി യൂട്യൂബിൽ പ്രേക്ഷകരെ സമ്പാദിക്കുന്നു. ഫോണിലെ യൂട്യൂബിൽ നമുക്ക് പരമാവധി രഹസ്യാത്മകത കിട്ടുന്നു. അത് സുരക്ഷിതമാണെന്ന ഒരു തോന്നലുമുണ്ട്. ലൈംഗികതയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ സൃഷ്ടിക്കാനും യൂട്യൂബമാർക്ക് കഴിയുന്നു.ഒരു യൂട്യൂബറുടെ ലൈംഗികമായ ഉപദേശങ്ങൾ എങ്ങനെയാണ് എല്ലാവർക്കും ശരിയാവുക? ലൈംഗികത ഒരു വ്യക്തിയുടെ പാരമ്പര്യവുമായും സങ്കൽപ്പവുമായും ബന്ധപ്പെട്ടതാണ്. ഭയവും ഉത്കണ്ഠയും അതിൽ കലർന്നിട്ടുണ്ട്. ഒരാൾ യൂട്യൂബിലൂടെ പറയുന്നത് ആധികാരികമെന്നു വിചാരിച്ച് ഇണയെ തേടാനോ ബന്ധം പുലർത്താനോ താത്പര്യമില്ലാതായവരുണ്ട്.

യാഥാർഥ്യത്തെക്കുറിച്ചുള്ള സങ്കൽപ്പം മാറുകയാണെന്നു ഗ്രന്ഥകാരൻ തുടർന്നെഴുതുന്നു. ഈ ലോകം ഒരു പ്രതീതിയായിക്കൊണ്ടിരിക്കുകയാണ്. എത്രയോ സമൂഹമാധ്യമ പ്ളാറ്റ്ഫോമുകളിൽ നാം നിത്യവും ഇടപെടുന്നു. എല്ലാം ഒരു സ്വപ്നം പോലെ അവസാനിക്കുന്നു. സ്വപ്നം കണ്ടവൻ ഉണർന്നശേഷം വേറൊരു യാഥാർഥ്യത്തിൽ അടിയുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നാം പങ്കുവച്ചത് നമ്മുടെ തന്നെ യഥാർഥ വസ്തുതയാണോ? നാം നമ്മെക്കുറിച്ച് നിമിഷം തോറും നിർമ്മിച്ചുകൊണ്ടിരിക്കുന്ന വ്യാജവസ്തുതകളല്ലേ അതെല്ലാം? നാം നമ്മെപ്പോലും വിശ്വസിക്കുന്നില്ല എന്നു പ്രഖ്യാപിക്കുന്നത് പോലെയാണ് സോഷ്യൽ മീഡിയ പ്രസ്താവനകൾ.അത് ഒരു നിമിഷം കഴിഞ്ഞാൽ പഴയതാവും. ഓരോ നിമിഷത്തിലുമാണ് സോഷ്യൽ മീഡിയ പ്രവർത്തിക്കന്നത്.

ചിത്രശലഭത്തിന്‍റെ സ്വപ്നമോ?

ശങ്കരാചാര്യരുടെ 'ദക്ഷിണാമൂർത്തി സ്തോത്ര'ത്തിലെ ഒരു വാക്യം ഗ്രന്ഥകാരൻ ഉദ്ധരിക്കുന്നുണ്ട് :'ഈ ലോകം യഥാർഥമാകുന്നത് കണ്ണാടിയിൽ കാണുന്ന പ്രതിച്ഛായ പോലെയാണ്.' ഇതിനു സദൃശ്യമായ ഒരു ചൈനീസ് ലിഖിതത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. ചൈനീസ് തത്ത്വജ്ഞാനി ഷുവാങ് ഷു ഒരു ദിവസം വിചിത്രമായ ഒരു സ്വപ്നം കണ്ടു. ആ സ്വപ്നത്തിൽ അദ്ദേഹം ഒരു ചിത്രശലഭമായി പറക്കുകയാണ്. അപ്പോൾ വളരെ സന്തോഷം തോന്നി. താൻ ഷുവാങ് ഷു എന്ന ചിന്തകനാണെന്ന് അപ്പോൾ അറിയുന്നുണ്ടായിരുന്നില്ല. പെട്ടെന്ന് ഉണർന്ന് നോക്കിയപ്പോൾ ചിത്രശലഭവുമില്ല, പറക്കലുമില്ല. താൻ പഴയതുപോലെ തന്നെ ഇരിക്കുന്നു. താൻ സ്വപ്നത്തിൽ ഒരു ചിത്രശലഭമായി പറന്നുവെന്ന തോന്നൽ പോലും അദ്ദേഹത്തിന്‍റെ മനസിലില്ലായിരുന്നു. അല്ലെങ്കിൽ താൻ ഷുവാങ് ഷു ആയിരിക്കുന്നത് ഒരു ചിത്രശലഭത്തിന്‍റെ സ്വപ്നമാണെന്നോ അദ്ദേഹം ചിന്തിച്ചില്ല.

ഏതാണ് യാഥാർഥ്യമെന്ന് ചിന്തിക്കുന്നതിനു പ്രസക്തിയുണ്ട്. നമ്മൾ ശരിക്കും ജീവിക്കുകയാണോ? അല്ലെങ്കിൽ ഏതെങ്കിലും ദുഷ്ടബുദ്ധിയുള്ള അന്യഗ്രഹജീവി, അല്ലെങ്കിൽ പിശാച് നമ്മെ നാം ജീവിക്കുകയാണെന്നു വിശ്വസിപ്പിക്കുകയാണോ ?

ശാസ്ത്രകഥകൾ ഇപ്പോൾ യഥാർഥമായിത്തീർന്നിരിക്കുകയാണ്. മനുഷ്യന്‍റെ തലച്ചോറിൽ ഈ ഘടനയുണ്ടെന്നു ജലൻ പറയുന്നു. 'റീസൺ ,ട്രൂത്ത് ആൻഡ് ഹിസ്റ്ററി' എന്ന പുസ്തകത്തിൽ ഹിലാരി പുത്നം എഴുതുന്നത് നമ്മുടെ തലച്ചോറ് ഒരു ലാബറട്ടറിയില്‍ എന്നപോലെ വലിയൊരു പാത്രത്തിൽ വച്ചിരിക്കുകയാണ് എന്നാണ്. അതിന്‍റെ നാഡീനാളങ്ങൾ അവസാനിക്കുന്നത് ഒരു സൂപ്പർ കംപ്യൂട്ടറിലാണ്. ആ കംപ്യൂട്ടർ നമുക്ക് വിചാരവികാരങ്ങൾ നൽകുന്നു. സാധാരണജീവിതം അങ്ങനെയുണ്ടാകുന്നതാണ്. നമ്മൾ വിലപ്പെട്ട ഒരു ജീവിതമാണ് ജീവിക്കുന്നതെന്ന തെറ്റിദ്ധാരണ സൃഷ്ടിച്ച് ആ കംപ്യൂട്ടർ ചതിക്കുകയാണ്.നമ്മൾ വായിക്കുന്നു ,എഴുതുന്നു തുടങ്ങിയ അറിവുകളെല്ലാം ആ കംപ്യൂട്ടർ തരുന്നതാണ്. അതെല്ലാം മറ്റൊരാളുടെയോ ആഗ്രഹത്താൽ സംഭവിക്കുന്നതാണെന്ന് നാം വിചാരിക്കുന്നു.നമ്മുടെ ചരിത്രം ഇത്തരം ഡേറ്റയുടെ അകത്തുകയാണ്. ഇത് യഥാർഥമാണെന്നു പറയുന്നതെങ്ങനെ?

ഈ ലോകത്തെ ഒരു പ്രതീതി നിർമിതിയാണെന്നു സങ്കൽപ്പിച്ചാൽ 'ബിഗ്ബാംഗ്' സിദ്ധാന്തം നല്ലപോലെ പ്രവർത്തിക്കുന്നത് കാണാമെന്നു ജലൻ ചൂണ്ടിക്കാട്ടുന്നു.പ്രതീതിലോകം ആരംഭിക്കുന്നത് ശൂന്യതയിൽ നിന്നാണ്.ഒരു കംപ്യൂട്ടർ ഓൺ ചെയ്താലാണ് ഇതുണ്ടാവുക. അല്ലെങ്കിൽ ഇല്ല. കംപ്യൂട്ടർ ഗെയിമിൽ തുടക്കത്തിൽ ഒരു ലോകം ഉണ്ടാകുന്നതുപോലെ ഓരോന്നും പെട്ടെന്ന് പ്രത്യക്ഷപ്പെടുകയാണ്. ഗെയിമിലെ കഥാപാത്രങ്ങൾ നിരന്നു കഴിഞ്ഞാൽ പിന്നീട് ചലനങ്ങൾ മുൻനിശ്ചയപ്രകാരമല്ലാതെ സംഭവിക്കുന്നു. ഗെയിം നാം നിയന്ത്രിക്കുകയാണ്. അവിടെ ഒരു സ്ഥലവും സമയവുമുണ്ട്. അത് നമ്മുടെ സമയവും സ്ഥലവുമല്ല.അത് പ്രതീതിയാണ്. ഈ പ്രതീതിയാണ് ഇന്നു ഉത്തര-ഉത്തരാധുനിക ലോകം അനുഭവിക്കുന്നത്. ഒരു കംപ്യൂട്ടർ ഗെയിം നിങ്ങൾക്ക് നിയന്ത്രിക്കാം. അതുപോലെ ടിവി ചാനലുകളിലെ ഫോണിൻ പ്രോഗ്രാമിൽ ഇടപെട്ട് നിയന്ത്രിക്കാം. ഈമെയിലുകളും ടെക്സ്റ്റ് മെസ്സേജ്കളും സ്ഥലത്തെയും കാലത്തെയും കൊല്ലുകയാണ്. മെയിലുകൾ, മെസേജുകൾ നമ്മെ റോബോട്ടായി ജീവിക്കാൻ വിടുകയാണ്. നമുക്ക് അപ്പോൾ സ്ഥലമോ സമയമോ വേണ്ടല്ലോ.

രജതരേഖകൾ

1) ശ്രീലങ്കയിലെ തമിഴ് പ്രക്ഷോഭത്തിന്‍റെയും അഭയാർഥി പ്രവാഹത്തിന്‍റെയും പശ്ചാത്തലത്തിൽ എസ്. മഹാദേവൻ തമ്പി എഴുതിയ 'അലകളില്ലാത്ത കടൽ'(ഗ്രീൻ ബുക്സ്) എന്ന നോവൽ വലിയ ശ്രദ്ധയാകർഷിച്ചിരിക്കുന്നു. ലോക പ്രശസ്തരായ ഒർഹാൻ പാമുഖിന്‍റെയും എലിഫ് ഷഫക്കിന്‍റെയും ടർക്കിഷ് ഭാഷയിൽ ഈ നോവൽ പ്രസിദ്ധീകരിക്കാൻ പോവുകയാണ്. ഷാർജ പുസ്തകോത്സവത്തിൽ നിന്നു സമകാലികപ്രസക്തിയുള്ള നോവൽ എന്ന നിലയിൽ തെരഞ്ഞെടുത്ത ഈ കൃതിക്ക് ഒരു അന്തർദേശീയ വായന ലഭിക്കാൻ വേണ്ടി പ്രത്യേക ഗ്രാൻഡ് ലഭ്യമായിരിക്കുന്നു. അടുത്ത ഷാർജ പുസ്തകോത്സവത്തിനു മുൻപ് ഇത് പ്രസിദ്ധീകരിക്കും. ഇംഗ്ലീഷിൽ 'പർജ്' എന്നാണ് നോവലിന്‍റെ പേര്. പി.മുരളീധരനാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.തമിഴിൽ നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. കാലിക പ്രസക്തിയുള്ള വിഷയങ്ങൾ കണ്ടെടുത്ത് ഗൗരവത്തോടെ നോവൽ രചിക്കുന്നതിൽ സാമർഥ്യം തെളിയിച്ചിട്ടുള്ള മഹാദേവൻ തമ്പിയുടെ 'കണ്ടൽക്കാട്'(ഗ്രീൻ ബുക്സ്) എന്ന കഥാസമാഹാരത്തിൽ പരിസ്ഥിതിയുടെ രാഷ്ട്രീയമാണ് ചർച്ച ചെയ്യുന്നത്.

2) തങ്ങൾക്ക് പരിക്കേൽക്കാത്ത വിഷയങ്ങളിൽ മാത്രം പ്രതികരിക്കുക എന്ന നിലപാടാണ് കേരളത്തിലെ ബുദ്ധിജീവികൾക്കുള്ളതെന്ന് രാജേഷ് കെ. എരുമേലി എഴുതിയത് (ഭരണകൂടവും ബുദ്ധിജീവികളും, പ്രസാധകൻ ,ജലൈ 2024) ചർച്ച ചെയ്യേണ്ടതാണ്. ബുദ്ധിജീവികൾ സർക്കാരിന്‍റെ ശബ്ദമാണെന്നു പറയുന്നത് ശരിയല്ല. എന്നാൽ അവർ ഏതോ ഒരു ഔദ്യോഗികസ്വഭാവം പ്രകടിപ്പിക്കുന്നുണ്ട്. എഴുതി പ്രശസ്തനാകുന്നതോടെ ബുദ്ധിജീവിയെ പരമ്പരാഗതമായ അന്യവത്കരണവും നാടുവാഴിത്ത കാലത്തെ അന്തസും പിടികൂടുകയാണ്. അയാൾ ഒരു മൗനിയാകുന്നതിന്‍റെ മൂല്യമാണ് സ്വയം തിരിച്ചറിയുന്നത്. എന്നാൽ ഏത് തിരിച്ചടിയും നേരിടാൻ തയാറായി വെട്ടുകിളികളെ പോലെ അവതരിച്ചിട്ടുള്ള യൂട്യൂബർമാരാണ് ഇന്ന് അനൗദ്യോഗിക, അപ്രിയ പ്രതിപക്ഷമാവുന്നത്. സ്വന്തം പ്രതിച്ഛായയുടെ വസ്ത്രം അവർ ഊരിയെറിയുകയാണ്. ബുദ്ധിജീവികൾക്ക് സ്വന്തം പ്രതിച്ഛായയിൽ നിന്നു പുറത്തു കടക്കാനാവില്ല.സ്വന്തം പ്രതിച്ഛായയെക്കുറിച്ച് അമിതമായി ചിന്തിക്കുന്നതുകൊണ്ടാണ് ബുദ്ധിജീവി മൗനിയായിപ്പോകുന്നത്.

3) ഇ.വി.രാമകൃഷ്ണന്‍റെ 'ലെസ്സൺ ഇൻ ലവ്' എന്ന ഇംഗ്ലീഷ് കവിതയുടെ പരിഭാഷയാണ് 'പ്രണയത്തെക്കുറിച്ച്'(ഗ്രന്ഥാലോകം, പരിഭാഷ : ഇ.വി.ആർ.കെ.രാമചന്ദ്രൻ) .നാം കേട്ടു പരിചയിച്ച വാക്കുകളെയും അനുഭവങ്ങളെയും മറ്റൊരു പരിപ്രേക്ഷ്യത്തിൽ കാണുന്ന കവിതകളാണ് രാമകൃഷ്ണൻ എഴുതുന്നത്. കവിതയിലെ ഒരു ഭാഗം ഇങ്ങനെ:

'നെറ്റി മറഞ്ഞുകിടക്കുന്ന മുടിയൊതുക്കാൻ

തല വെട്ടിച്ചുകൊണ്ട്, കാശിറാം പറഞ്ഞു:

നിങ്ങൾ പ്രണയത്തിലാണെങ്കിൽ പറയുന്ന ഏതു വാക്കിനുമർഥം

പ്രണയമെന്നാവും.

ഇക്കുറി ആരും ചിരിച്ചില്ല.

ഏതു വാക്കും? പെൺകുട്ടി പറഞ്ഞു, പുഴ.

വേറെയും വന്നു വാക്കുകൾ:

കണ്ണ് ,തിളക്കം, ഇന്നലെ.

ഒരു കവിതയുടെ വരി ഉണ്ടായി വന്നു: 'പുഴയുടെ കണ്ണിലെ തിളക്കം'

4) വർദ്ധക്യമാണ് യഥാർഥ പ്രളയം. എല്ലാ യൗവനവും ആ പ്രളയത്തിൽ മുങ്ങിപ്പോകുന്നു.

5) ഔദ്യോഗികവും ചെത്തിത്തേച്ചതുമായ വഴികളിൽ നിന്നെല്ലാം മാറി തന്‍റെ പ്രതിഭയുടെ അനിവാര്യമായ സംഘങ്ങളിലൂടെയും കണ്ടെത്തലുകളിലൂടെയും ജീവിച്ച എൻ.എൻ.പിള്ള എന്ന നാടകാചാര്യനെക്കുറിച്ച് സഹൃദയനും നടനും സംവിധായകനുമായ ബിജൂ നെട്ടറ എഴുതിയ 'എൻ.എൻ. പിള്ളയിലേക്ക് ഒരു ഫ്ളാഷ്ബാക്ക്'(കടമ്പ് സാംസ്കാരിക വേദി ,കടമ്പനാട്) എന്ന പുസ്തകം സവിശേഷമായ അനുഭവമാണ്. ആത്മകഥാപരമായ ആഖ്യാനത്തിലൂടെ എൻ.എൻ.പിള്ളയിലേക്ക് എത്തുന്ന ഈ കൃതി ആ വലിയ പ്രതിഭയെ അടുത്തുനിന്നു കാണാൻ സഹായിക്കുന്നു. ഒരു കാലഘട്ടത്തിന്‍റെ നാടകാനഭവം എന്ന നിലയിൽ ഇത് പ്രധാനമാണ്.

6) അമെരിക്കൻ സംവിധായകനും കൊമേഡിയനുമായ വൂഡി അല്ലൻ ഇങ്ങനെ പറഞ്ഞു: 'ജീവിതം കലയെ അനുകരിക്കുന്നില്ല;അത് അനുകരിക്കുന്നത് ചീത്ത ടെലിവിഷൻ പരിപാടികളെയാണ്!.'

7) സ്നേഹത്തെക്കുറിച്ച് ചിന്തിക്കാത്ത എഴുത്തുകാർ ഉണ്ടാവില്ല. ഗബ്രിയേൽ ഗാർസിയ മാർകേസ് എഴുതി: 'പ്രേമിക്കാൻ എപ്പോഴും എന്തെങ്കിലും അവശേഷിക്കുന്നുണ്ടാവും.' മനസിൽ നിന്നു പ്രേമത്തിന്‍റെ കൗതുകവും ആഗ്രഹവും ഒരിക്കലും മാഞ്ഞുപോകുന്നില്ലെന്നു സൂചിപ്പിക്കുകയാണ്. എത്ര പരാജയങ്ങളും സഹനങ്ങളും നേരിടേണ്ടി വന്നാലും പ്രേമം എന്ന പാമ്പ് തല ചലിപ്പിച്ചുകൊണ്ടിരിക്കും.

9995312097 | mkharikumar33@gmail.com

Trending

No stories found.

Latest News

No stories found.