രാഷ്ട്രീയ കാർട്ടൂണുകൾക്ക് ഒരു സുവർണ കാലം ഉണ്ടായിരുന്നു. അങ്ങിനെയൊന്ന് ഇപ്പോഴുണ്ടോ എന്നതാണ് വിഷയം. ശങ്കറിന്റെ കാലം തുടങ്ങി ആർ.കെ. ലക്ഷ്മണന്റെ കാലം വരെ എന്ന് ദേശീയ തലത്തിലും, കെ.എസ്. പിള്ള മുതൽ യേശുദാസ് - ബി.എം. ഗഫൂർ കാലം വരെ കേരളത്തിലും രാഷ്ട്രീയ കാർട്ടൂണിന്റെ സുവർണ കാലമായിരുന്നു. സാങ്കേതിക രംഗത്തു പുരേഗതിയുണ്ടായതും, ദൃശ്യ രംഗത്തുണ്ടായ മുന്നേറ്റവും ഫോട്ടൊ- വീഡിയോ രംഗത്തെ വളർത്തി. അതേ സമയം കാർട്ടൂൺ രംഗത്തെ തളർത്തി. പിന്നീടു കാണുന്നത് ഫോട്ടൊ- വീഡിയോ രംഗത്തെ കവച്ചുവച്ച് എഐ ടെക്നോളജി വളർന്നുവരുന്നതാണ്.
ആദ്യ കാലങ്ങളിൽ കാർട്ടൂണുകളാണ് ഒരു നേതാവിന്റെ മുഖം മനുഷ്യ മനസിലെത്തിച്ചിരുന്നത്. അച്ചടി മാധ്യമങ്ങൾ മാത്രമുള്ള കാലമായിരുന്നു അത്. ഫോട്ടൊകൾ അത്ര വ്യക്തതയില്ലാത്തതായിരുന്നു. അതുകൊണ്ട് കാർട്ടൂണിസ്റ്റുകൾക്ക് നല്ല സ്വീകാര്യതയുണ്ടായി. ഇന്ന് തത്സമയ റിപ്പോർട്ടിങ്ങാണ്. ജനങ്ങൾ അതുവഴി നേതാക്കളെ കാണുന്നു. അതാണ് കൂടുതൽ സ്വീകാര്യതയും. കാർട്ടൂൺ വിമർശനകല കൂടി ആയത് നേതാക്കൾക്ക് അതൃപ്തി ഉണ്ടാക്കി. അതുകൊണ്ട് ഒന്നാം പേജിൽ വന്നിരുന്ന കാർട്ടൂണുകൾ അകം പേജിൽ കയറി. എണ്ണം കുറയുകയും വലിപ്പം കുറയുകയുമുണ്ടായി. രാഷ്ട്രീയ കാർട്ടൂണിന്റെ സ്ഥാനത്ത് ട്രോളുകളും മീമുകളും ആധിപത്യം നേടി. കാർട്ടൂണിസ്റ്റുകൾക്ക് ഇതൊരു വെല്ലുവിളി തന്നെയാണ്.
രാഷ്ട്രീയ കാർട്ടൂണുകളുടെ സുവർണ കാലത്തിന് തുടക്കം കുറിച്ചത് കാർട്ടൂണിസ്റ്റ് ശങ്കറിന്റെ കാലം മുതൽക്കാണ്. കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 121ാം ജന്മദിനാഘോഷം കായംകുളം നഗരസഭയുടെ നൂറാം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായി ആഘോഷിക്കുന്നതിനാൽ നമുക്കിന്ന് അദ്ദേഹത്തെ ഓർക്കാം. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്ന പേര് ഇന്ത്യന്‍ കാര്‍ട്ടൂണ്‍ ചരിത്രത്തില്‍ എന്ന പോലെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലേയും തിളങ്ങുന്ന പേരുകളിലൊന്നാണ്. ശങ്കര്‍ മലയാളിയാണെന്നതു തന്നെയാണ് നമുക്ക് കൂടുതല്‍ അഭിമാനിക്കാന്‍ കാരണം. കായംകുളത്ത് ജനിച്ച്, തിരുവനന്തപുരത്ത് കോളെജ് പഠനം പൂര്‍ത്തിയാക്കി, ബോംബെ വഴി ഡല്‍ഹിയിലെത്തി കാര്‍ട്ടൂണ്‍ ലോകത്ത് തന്റേതായ സിംഹാസനം ഉറപ്പിച്ച അപൂര്‍വ പ്രതിഭയാണ് കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍. ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ പിതാവെന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. ജീവിതകാലത്തിന്റെ വലിയൊരു പങ്ക് മുഴുവന്‍ വടക്കേ ഇന്ത്യയില്‍ ജീവിച്ചിട്ടും, ഹിന്ദി ശങ്കറിന് വശമില്ലായിരുന്നു!
ശങ്കറിന്റെ ബ്രഷ് സ്ട്രോക്കില്‍ ഇന്ത്യയിലെ നേതാക്കള്‍ അഭിമാനം കൊണ്ടു. ശങ്കറിന്റെ കാര്‍ട്ടൂണില്‍ കഥാപാത്രമാകുക എന്നത് വലിയൊരു അംഗീകാരമായിരുന്നു നേതാക്കള്‍ക്ക്. കറുത്ത വരകളിലൂടെ വെള്ളി വെളിച്ചം കണ്ട് ശ്രദ്ധേയരായവര്‍ അനവധി. അദ്ദേഹത്തിന്റെ തണല്‍ പറ്റി എത്രയോ കാര്‍ട്ടൂണിസ്റ്റുകള്‍ പില്ക്കാലത്ത് പ്രശസ്തരായി. മലയാള കാര്‍ട്ടൂണിന് മേല്‍കോയ്മ ഉണ്ടാകുന്നതിന് മുഖ്യ കാരണക്കാരന്‍ മറ്റാരുമല്ലെന്ന് നിസ്സംശയം പറയാം. കാര്‍ട്ടൂണ്‍ രംഗത്തെ അനുപമ പ്രതിഭാ വിലാസം കൊണ്ട് തന്നെയാണ് ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി പദ്മശ്രീ, പദ്മഭൂഷൻ, പദ്മവിഭൂഷൻ എന്നിവ നല്കി രാജ്യം ആദരിച്ചു.
ലോകത്തിന്റെ പല ഭാഗത്തും കാര്‍ട്ടൂണ്‍ മ്യൂസിയങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യയില്‍ അത്തരമൊന്ന് ആദ്യമായി കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ ജന്മനാടായ കായംകുളത്ത് പ്രവര്‍ത്തിക്കുന്നു. കേരള ലളിതകലാ അക്കാദമിയുടെ മേല്‍നോട്ടത്തിലാണിത്. ശങ്കറിന്റെ ഒറിജിനല്‍ കാര്ട്ടൂണുകള്, ഫോട്ടൊകള്‍, ശങ്കേഴ്സ് വീക്കിലി, ശങ്കര്‍ വരയ്ക്കാന്‍ ഉപയോഗിച്ച പെന്‍സില്‍ ബ്രഷ്, കോട്ട് എന്നുവേണ്ട അദ്ദേഹത്തെ ഓർമിക്കാവുന്ന എല്ലാം അവിടെ കാണാം. ശങ്കറിന്റെ മാത്രമല്ല ഇന്ത്യയിലെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളുടെയെല്ലാം ഒറിജിനല്‍ കാര്‍ട്ടൂണുകളാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സ്വതന്ത്ര്യത്തിന് മുന്‍പ്, അതിന് ശേഷം, നെഹ്റു, ഇന്ദിര കാലം എന്നിങ്ങനെ നാലായി തരം തിരിച്ചാണ് പ്രദർശനം. ദേശീയ പാതയില്‍ കൃഷ്ണപുരം കൊട്ടാരത്തിനോട് ചേര്‍ന്നുള്ള മ്യൂസിയം 15,000 ചതുരശ്ര അടിയിലേറെ വിസ്തീര്‍ണത്തില്‍ 5 ബ്ലോക്കുകളാക്കിയാണ് പണിതിരിക്കുന്നത്.
ശങ്കറിന്റെ ശിഷ്യരായ ഒട്ടുമിക്കപേരും പില്ക്കാലത്ത് പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായി മാറി. ഇന്ത്യന്‍ കാര്‍ട്ടൂണ്‍ കലയുടെ പിതാവായിരുന്ന അദ്ദേഹത്തിന്റെ ശങ്കേഴ്സ് വീക്കിലി കാര്‍ട്ടൂണ്‍ സര്‍വകലാശാല തന്നെയായിരുന്നു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഡേവിഡ് ലോയുടെ ശൈലിയായിരുന്നു ശങ്കര്‍ പിന്തുടര്ന്നത്. തന്റെ ശിഷ്യരും അപ്രകാരം തന്നെയായിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു.
ശങ്കറുമായി ഒട്ടു മിക്ക ശിഷ്യരും പിണങ്ങിയാണ് പിരിഞ്ഞത് എന്നും പറഞ്ഞുകേട്ടിരുന്നു. എല്ലാവരും ശങ്കറിനോടൊപ്പം ഉണ്ടായിരുന്ന കാലത്തെ നല്ല ഓര്‍മകള്‍ പങ്കുവച്ചിട്ടുണ്ട്. പക്ഷെ ഒരാളും മനസില്‍ തട്ടിയുള്ള ഒരു അനുഭവവും എഴുതിയിട്ടില്ല. ശങ്കര്‍ പെര്ഫെക്ഷന്റെ വക്താവായിരുന്നു. എപ്പോഴും പൂര്‍ണത അദ്ദേഹം ആഗ്രഹിച്ചിരുന്നു. ശിഷ്യര്‍ വരയ്ക്കുന്ന കാര്ട്ടൂണുകള് പലവട്ടം മാറ്റി വരപ്പിക്കും. സ്വന്തമായി കാര്ട്ടൂണുകള് വരയ്ക്കുന്ന സമയത്ത് ശങ്കറും പലവട്ടം കാര്ട്ടൂണുകള് മാറ്റി വരയ്ക്കുമായിരുന്നു. കലാകാരന്മാര് സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരായിരുന്നു. ശങ്കര്‍ ഒരു അധ്യാപകനെ പോലെയായിരുന്നു ശിഷ്യരെ ശാസിച്ചതും മറ്റും. പക്ഷേ പലരും അത് ഉള്‍കൊണ്ടില്ലെന്ന് ബി.ജി. വര്‍മയുടെ ഭാര്യ ഗായത്രി വര്‍മ പറയുന്നു.
കാര്‍ട്ടൂണിസ്റ്റ് കുട്ടി 48 വര്‍ഷമാണ് ശങ്കറിന്റെ ശിഷ്യനായി ഉണ്ടായിരുന്നത്. ശങ്കറിന്റെ എല്ലാ ശീലങ്ങളും ദുശീലങ്ങളും അദ്ദേഹത്തിന് അറിയാമായിരുന്നു. ശങ്കറിന്റെ കുടുംബക്കാരെ മാറ്റി നിര്‍ത്തിയാല്‍ അദ്ദേഹത്തെ അടുത്തറിയുന്ന ആദ്യ വ്യക്തി കുട്ടി തന്നെയാണ്. കുട്ടി എല്ലാ പദ്ധതികളുമായും ശങ്കറുമായി ബന്ധപ്പെട്ടിരുന്നു, എന്നാല്‍ ഒരിക്കലും ശങ്കറിന്റെ ശമ്പളം പറ്റുന്ന ഒരു ജീവനക്കാരനായിരുന്നില്ല. പല പത്രങ്ങളുടെയും സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു കൊണ്ടാണ് ശങ്കറിനായി കുട്ടി സേവനം നടത്തിയത്. ശങ്കറിനെ പരാമര്‍ശിച്ച് കുട്ടി പറഞ്ഞ കാര്യങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പ്രമുഖരായ പലരും അവരുടെ ആത്മകഥകളില്‍ അതിന് സമാനമായ പരാമര്‍ശം നടത്തി.
ശങ്കറിനെക്കുറിച്ച് വളരെയേറെ സംഭവങ്ങള്‍ നമ്മള് കേട്ടിട്ടുണ്ട്. അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ കൂട്ടിച്ചേര്‍ക്കലാണ് ശങ്കറിന്റെ നിഴലായി നിന്ന കുട്ടി വെളിപ്പെടുത്തിയത്. അദ്ദേഹത്തെക്കുറിച്ചുള്ള ഛായാപടം പൂര്ണമാക്കാന് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ മറ്റൊരു ഭാഗം ചൂണ്ടിക്കാണിക്കുക എന്നതൊഴിച്ചാല്‍. വളരെയധികം കടപ്പെട്ടിരിക്കുന്ന വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ സ്വഭാവത്തിലെ ചില കറുത്ത ഏടുകള്‍ ഞാന്‍ ചൂണ്ടിക്കാട്ടിയാല്‍ എന്നോടു പൊറുക്കുമെന്ന ആമുഖത്തിലാണ് കുട്ടി പില വിവരങ്ങള്‍ പറഞ്ഞത്. അദ്ദേഹം മകനെപ്പോലെ എന്നെ സ്നേഹിച്ചു. പകരം ഞാന്‍ ഒരു അള്‍സേഷ്യന്‍ നായയെപ്പോലെ അദ്ദേഹത്തോടു വിശ്വസ്തത പുലര്‍ത്തി എന്ന് കുട്ടി പറയുന്നതില്‍ തന്നെ എല്ലാം അടങ്ങിയിട്ടുണ്ട്.
ശങ്കറിന്റെ ശിഷ്യനാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്നു പറഞ്ഞ അദ്ദേഹം ഒന്നു പറയുന്നു. എല്ലാവരും ശങ്കറിനെക്കുറിച്ചു വളരെ ശുഭ്രവും മാലാഖാതുല്യവുമായ ഒരു ചിത്രമാണു നല്‍കിയിരിക്കുന്നത്. ""അദ്ദേഹത്തിന്റെ കറുപ്പും വെളുപ്പം കലര്‍ന്ന ഒരു ഛായാചിത്രം വരയ്ക്കാന്‍ ആര്‍ക്കും ധൈര്യം വന്നിട്ടില്ല. കറുത്ത "ഷെയ്ഡു'കളില്ലാതെ ഒരു "പോര്‍ട്രെയിറ്റ്' ചിത്രവും പൂര്‍ത്തിയാകുന്നില്ല. എല്ലാ മനുഷ്യജീവികള്‍ക്കും ന്യൂനതകളുണ്ട്. അക്കാരണം കൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഛായാപടം ഒന്നു "റീടച്ച് ' ചെയ്യേണ്ടത് എന്റെ കടമയാണെന്നു ഞാന്‍ കരുതുന്നു. ശങ്കര്‍ മഹാനായ ഒരു കാര്‍ട്ടൂണിസ്റ്റായിരുന്നു. കാര്‍ട്ടൂണിങ്ങില്‍ അദ്ദേഹത്തിന്റെ സ്ഥാനം അദ്വിതീയമായി നില്ക്കുന്നു. ആ രംഗത്ത് അദ്ദേഹം പോയപ്പോഴുണ്ടായ വിടവ് ആരും നികത്തിയിട്ടില്ല. മറ്റു നിരവധി മേഖലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു''.
കാര്‍ട്ടൂണിസ്റ്റ് ശങ്കറും ശങ്കരപ്പിള്ളയും പൂര്‍ണമായും രണ്ടു വ്യത്യസ്ത വ്യക്തികളായിരുന്നു എന്ന് കുട്ടി വ്യക്തമാക്കി. ഇടത്തട്ട നാരായണനും പോത്തന് ജോസഫും ചെലപതി റാവുവും ടി.ജെ.എസ്. ജോര്‍ജും അവരുടെ വാക്കുകളില്‍ കുട്ടിയുടെ നിരീക്ഷണത്തെ സാധൂകരിക്കും തരത്തില്‍ എഴുതിയിട്ടുണ്ട്. ഈ വൈരുധ്യത്തെക്കുറിച്ച് അക്കാലത്ത് ശങ്കറിനോട് ചേര്‍ന്ന് നിന്നവര്‍ പലപ്പോഴും അത്ഭുതപ്പെടുമായിരുന്നു. അദ്ദേഹം കാര്‍ട്ടൂണുകളില്‍ കുത്തിവച്ചിരുന്ന ഹാസ്യം ഒരിക്കലും അദ്ദേഹത്തിന്റെ ദൈനംദിന ജീവിതത്തിലേക്കു കടന്നുവന്നിരുന്നില്ല. അദ്ദേഹത്തിന് ഒരേയൊരു സംഭാഷണ വിഷയമേ ഉണ്ടായിരുന്നുള്ളു- അദ്ദേഹം മാത്രം. അദ്ദേഹവും പിന്നെ അദ്ദേഹത്തിനു നെഹ്റുവുമായുള്ള അടുപ്പവും. ഇത് ഒട്ടുമിക്കവര്‍ക്കും അരോചകമായിരുന്നു. എന്നാല്‍ അദ്ദേഹം അതു മനസിലാക്കിയിരുന്നതേയില്ല.
കാര്‍ട്ടൂണിസ്റ്റ് കുട്ടി പറയുന്നത്, അതീവ ഹാസ്യരസപ്രദമായ നൂറുകണക്കിനു കാര്ട്ടൂണുകള് ശങ്കര്‍ വരച്ചു എന്നാണ്. അദ്ദേഹത്തിന്റെ കാര്ട്ടൂണുകളോടു ജനങ്ങള്‍ അട്ടഹാസത്തോടെ പ്രതികരിക്കുകയും ചെയ്തു. ഒരു പുഞ്ചിരിയോ വിഡ്ഢിച്ചിരിയോ അല്ല, മറിച്ച് പൊട്ടിച്ചിരിയോടെ തന്നെ.
കുട്ടി കഴിഞ്ഞാല്‍ കാര്‍ട്ടൂണിസ്റ്റ് സാമുവലാണ് ശങ്കറിന്റെ കൂടെ ഏറെ കാലം പ്രവര്‍ത്തിച്ച മറ്റൊരു ശിഷ്യന്. ശങ്കറിന്റെ കാര്‍ട്ടൂണുകളിലെ മേശയും കസേരയും, സാരിയിലേയും മറ്റ് തുണികളിലേയും ഡിസൈനുകള്‍ വരച്ചിരുന്നത് സാമുവല്‍ ആയിരുന്നു. 1948ല്‍ ശങ്കേഴ്സ് വീക്കിലി തുടങ്ങിയ ഉടനെ തന്നെയായിരുന്നു സാമുവല്‍ ശങ്കറിന്റെ കൂടെ ശിഷ്യത്വം നേടിയത്. രാവിലെ 6 മണിക്ക് ബാബര്‍ ലൈനിലുള്ള ശങ്കറിന്റെ വീട്ടില്‍ സാമുവല്‍ എന്നും എത്തുമായിരുന്നു. ശങ്കറിന് അതുകൊണ്ട് തന്നെ സാമുവലിനെ വലിയ ഇഷ്ടമായിരുന്നു.
ശങ്കേഴ്സ് വീക്കിലിയില്‍ കാലു മീന എന്ന സ്ട്രിപ്പ് കാര്‍ട്ടൂണ്‍ സ്ഥിരമായി വരയ്ക്കാന്‍ സാമുവല്‍ തുടങ്ങി. ഇന്നത്തെ പോലെ ഡിജിറ്റല്‍ ലേ ഔട്ട് ആയിരുന്നില്ല എന്നതു കൊണ്ട് കമ്പോസിങ് കഴിഞ്ഞാല്‍ മിക്കവാറും ഒഴിഞ്ഞ ഇടം വരും. അവിടെ സാമൂഹ്യ കാര്ട്ടൂണുകള് വരച്ച് ചേര്‍ക്കുന്നത് സാമുവലായിരുന്നു. കുട്ടിക്കും സാമുവലിനും ശങ്കര്‍ ശമ്പളം നല്‍കിയിരുന്നില്ല. ശങ്കറിനോടൊപ്പം വിഭവസമൃദ്ധമായ ഭക്ഷണം മാത്രമായിരുന്നു പ്രതിഫലം. സാമുവല്‍ കുട്ടിയെപ്പോലെ പ്രശസ്തമായ പത്രങ്ങളില്‍ കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്താണ് വരുമാനം കണ്ടെത്തിയത്. ആദ്യകാലങ്ങളില്‍ ശങ്കേഴ്സ് വീക്കിലിക്ക് പ്രതിഫലം നല്‍കാനുള്ള വരുമാനം ഉണ്ടായിരുന്നില്ല. വീക്കിലിക്ക് പരസ്യത്തിലൂടെ വരുമാനം കിട്ടി തുടങ്ങിയപ്പോള്‍ ശങ്കര്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് പ്രതിഫലവും കൊടുത്തു തുടങ്ങി.
1951ൽ ആദ്യമാണ് ഒ.വി. വിജയന് ശങ്കേഴ്സ് വീക്കിലിയില്‍ വരുന്നത്. വിജയന് 1950കളുടെ അവസാനം മദിരാശി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഒരു കോളെജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു.
ഒരു കാര്‍ട്ടൂണിസ്റ്റ് ചലിക്കുന്ന വിജ്ഞാനകോശമായിരിക്കണം എന്നായിരുന്നു ശങ്കറിന്റെ പക്ഷം. ചിരിപ്പിക്കുക എന്നതു തന്നെയാണ് കാര്‍ട്ടൂണിന്റെ മൗലിക ധര്‍മം എന്നും അദ്ദേഹം വിശ്വസിച്ചു. ചതുരത്തിനകം മുഴുവനും ചിത്രം നിറഞ്ഞു നില്ക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ സങ്കല്പനം; പശ്ചാത്തല വര്‍ണന ഉള്‍പ്പെടെ, ഡേവിഡ് ലോയുടെ ചിത്രം പോലെ, ഒരു പെയിന്റിങ്ങിന്റെ ദൃശ്യഭംഗിയുളവാക്കും വിധം. സ്കെച്ച് പെന്‍ ഉപയോഗിക്കുന്നതിനോട് അദ്ദേഹം വിയോജിച്ചു. നാം ഉദ്ദേശിക്കുന്നിടം വരെ ചെന്നെത്താന്‍ അതിനു കഴിയുകയില്ല. ബ്രഷ് തന്നെയാണ് ഏറ്റവും യോഗ്യവും ശക്തവുമായ ഉപകരണം.
അബു എബ്രഹാമിനൊപ്പം തന്നെ ശങ്കേഴ്സ് വീക്കിലിയില്‍ എത്തിയവരായിരുന്നു പ്രകാശ് ഘോഷും രാം കുമാര്‍ റായും. 1953ല്‍ തന്നെ അബു എബ്രഹാം ശങ്കേഴ്സ് വീക്കിലിയില്‍ നിന്ന് രാജിവച്ച് ബ്രിട്ടണിലേക്കു പോയി. രാംകുമാറും സാമുവലും പിന്നാലെ ശങ്കേഴ്സ് വീക്കിലിയില്‍ നിന്ന് രാജിവച്ചു. ബോംബയില്‍ ബ്ലിറ്റ്സിലും മറ്റും കാര്ട്ടൂണുകള് വരച്ചിരുന്ന കേരളവര്‍മ എന്ന കാര്‍ട്ടൂണിസ്റ്റ് കെവിയെ 1953ല്‍ ശങ്കര്‍ ക്ഷണിച്ചു വരുത്തി ശങ്കേഴ്സ് വീക്കിലിയില്‍ കാര്‍ട്ടൂണിസ്റ്റാക്കി. 1960ല്‍ കേരള വര്‍മ ശങ്കേഴ്സ് വീക്കിലിയില്‍ നിന്ന് രാജിവച്ചു. പക്ഷെ ശങ്കറുമായുള്ള ഹൃദയബന്ധം പിന്നീടും തുടര്‍ന്നിരുന്നു.
1963ല്‍ ഒ.വി. വിജയന് രാജിവച്ച ഒഴിവിലാണ് കാര്‍ട്ടൂണിസ്റ്റ് യേശുദാസന് എത്തുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മുഖപത്രമായ ജനയുഗത്തില്‍ നിന്നായിരുന്നു വരവ്. 6 വര്‍ഷം മാത്രമേ യേശുദാസന് ശങ്കറിന്റെ കൂടെ ഉണ്ടായിരുന്നുള്ളൂ. ശങ്കറിന് ഏറെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു യേശുദാസന്. ശങ്കറുമായി അഭിപ്രായവ്യത്യാസമില്ലാതെ രാജിവെച്ച ശിഷ്യന് എന്ന പേരും യേശുദാസിന് അവകാശപ്പെട്ടതാണ്.
യേശുദാസന് ഉണ്ടായിരുന്ന സമയത്തു തന്നെ കാര്‍ട്ടൂണിസ്റ്റ് ബാലന് ശങ്കേഴ്സ് വീക്കിലിയില്‍ ജോലി ചെയ്തിരുന്നു. ശങ്കേഴ്സ് വീക്കിലിയില്‍ നിന്ന് രാജിവച്ച ബാലന് വിദേശ പത്രങ്ങളിലാണു പില്ക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നത്. യേശുദാസനു ശേഷം ബി.എം. ഗഫൂര്‍ അവിടെ വന്നെങ്കിലും 6 മാസം കൊണ്ട് ജോലി രാജിവച്ച് കോഴിക്കോട്ടേക്കു മടങ്ങി. പിന്നീട് ദേശാഭിമാനി, ദീപിക, മാതൃഭൂമി പത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.
1970ല്‍ ലക്ഷദ്വീപുകാരനായ എന്‍.കെ.പി. മുത്തുക്കോയ ഡല്‍ഹിയിലെത്തി. ടെലിഫോണ്‍ ഡയറക്റ്ററിയെടുത്ത് ശങ്കറിന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തി. വന്ന അന്നു തന്നെ ശങ്കറെ വിളിച്ചു. പിറ്റേന്ന് 3 മണിക്ക് നെഹ്റു ഹൗസില്‍ കാണാമെന്ന് ശങ്കര്‍ പറഞ്ഞു. മുത്തുക്കോയ താന്‍ വരച്ച ചിത്രങ്ങള്‍ കാണിച്ചു. പിറ്റേന്ന് ട്രെയ്നി ആര്‍ട്ടിസ്റ്റായി ചില്‍ഡ്രന്‍സ് വേള്‍ഡില്‍ നിയമനം നല്കി. ഒരു വര്‍ഷമേ അവിടെ ഉണ്ടായുള്ളൂ. വര്‍ഷങ്ങള്‍ക്ക് ശേഷം 1986ല്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി ലഭിച്ച് തിലക് ലൈനില്‍ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സില്‍ താമസമാക്കിയപ്പോള്‍ ശങ്കറിന്റെ അയല്‍ക്കാരനായി. 9ാം നമ്പര്‍ പുരാന കിലയിലെ ശങ്കറിന്റെ വീടിന്റെ പിന്നിലുള്ള കെട്ടിടമായിരുന്നു തിലക് ലൈനില്‍ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സ്.
തിരുവല്ല നെടുമ്പ്രത്ത് കൊട്ടാരത്തിലെ ബി.ജി. വര്‍മ 1972ല്‍ ശങ്കേഴ്സ് വീക്കിലിയില്‍ എത്തി. പട്ടാളത്തില്‍ നിന്ന് വിരമിച്ച ശേഷമാണ് വര്‍മ എത്തിയത്. ശങ്കേഴ്സ് വീക്കിലി നിര്‍ത്തിയപ്പോള്‍ ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റില്‍ ആര്‍ട്ടിസ്റ്റായി. ഇതിനിടെ 10 കൊല്ലത്തോളം ബഹറിനില്‍ ജോലി ചെയ്തിരുന്നു. മടങ്ങിയെത്തി ചല്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റില്‍ തന്നെ ആര്‍ട്ടിസ്റ്റായി. 2002 വരെ ബിജി വര്‍മ അവിടെ ഉണ്ടായിരുന്നു.
പിന്നെയുള്ള തലമുറയിലെ കാര്‍ട്ടൂണിസ്റ്റുകളില്‍ പലരും ശങ്കറിന് കീഴില്‍ ജോലി ചെയ്തില്ലെങ്കിലും ശങ്കേഴ്സ് വീക്കിലിയിലൂടെ രംഗത്ത് എത്തിയവരാണ്. രജീന്ദര്‍ പുരി, മിക്കി പട്ടേല്‍, മലയാറ്റൂര്‍, രങ്ക, ബ്രിഷ്വര്, കാക്ക്, ഇ.പി. ഉണ്ണി, സുധീര്‍ തൈലാങ്, നരേന്ദ്ര, മോഹന്‍ ശിവാനന്ദ് തുടങ്ങിയവര്‍.
ശിവസേന സ്ഥാപകനും പ്രമുഖ കാർട്ടൂണിസ്റ്റുമായ ബാൽ താക്കറെയുടെ വരകള്‍ ശങ്കറിന് ഏറെ ഇഷ്ടമായിരുന്നു. നെഹ്റുവിനൊപ്പം 1955ല്‍ റഷ്യന്‍ സന്ദര്‍ശനത്തിന് ശങ്കര്‍ പോയ അവസരത്തില്‍ ശങ്കേഴ്സ് വീക്കിലിയുടെ കവര്‍ വരയ്ക്കാന്‍ ശങ്കര്‍ കണ്ടെത്തിയത് ബാല്‍ താക്കറെയെ ആയിരുന്നു. അന്ന് ബോംബയില്‍ നിന്നുള്ള ഫ്രീ പ്രസ് ജേര്‍ണലിന്റെ കാര്‍ട്ടൂണിസ്റ്റായിരുന്നു താക്കറെ. ശങ്കര്‍ ബോംബെയില്‍ ഫ്രീ പ്രസ് ഓഫീസില്‍ നേരിട്ടെത്തി താക്കറെയും കൂട്ടി പത്രാധിപരെ കണ്ട് ശങ്കേഴ്സ് വീക്കിലിയില്‍ വരയ്ക്കാന്‍ അനുമതി വാങ്ങുകയായിരുന്നു. ഫ്രീ പ്രസ് ജേര്‍ണലിന്റെ പത്രാധിപരുടെ അനുമതിയോടെ ബാല്‍ താക്കറയെ ശങ്കേഴ്സ് വീക്കിലിയുടെ കവര്‍ വരയ്ക്കാന്‍ ഏല്‍പ്പിച്ചു.
മടങ്ങും വഴി ശങ്കര്‍ ഒരു കാര്‍ട്ടൂണ്‍ താക്കറെയില്‍ നിന്ന് വരച്ച് വാങ്ങിയാണ് ഡല്‍ഹിക്ക് മടങ്ങിയത്. നെഹ്റു റീഡിസ്ക്കവറി ഓഫ് റഷ്യ എന്ന പുസ്തകം എഴുതുന്ന കാര്‍ട്ടൂണ്‍ ആയിരുന്നു അത്. ശങ്കേഴ്സ് വീക്കിലിയില്‍ അത് മുഖച്ചിത്ര കാര്‍ട്ടൂണായി അച്ചടിച്ച് വന്നതായാണ് ബാല്‍ താക്കറെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
മലയാളി ശിഷ്യര്‍ അടക്കിവാണിരുന്നതു കൊണ്ടാകും പിന്നീട് ഒരു തവണ പോലും താക്കറെയുടെ കാര്‍ട്ടൂണ്‍ കവര്ച്ചിത്രമായില്ല. തപാല്‍ വൈകിയതു കൊണ്ട് കവറില്‍ കൊടുക്കാന്‍ സാധിച്ചില്ല എന്നാണ് ശങ്കറിനോട് ശിഷ്യര്‍ പറഞ്ഞ മറുപടി. ശങ്കറിന്റെ റഷ്യന്‍ പര്യടന കാലയളവില്‍ കുട്ടിയുടെ കാര്‍ട്ടൂണായിരുന്നു കവറില്‍ അച്ചടിച്ചിരുന്നത്. താക്കറെയ്ക്ക് മലയാളികളോട് വിരോധം തോന്നാന്‍ ഇത് ഒരു കാരണമായിരുന്നു എന്ന സംസാരവും ഉണ്ട്.
പുതുതലമുറയിലെ മിക്ക കാര്‍ട്ടൂണിസ്റ്റുകളും ശങ്കറിന്റെ കാര്ട്ടൂണുകള് പാഠമാക്കിയിട്ടുണ്ട്. അവര്‍ അറിഞ്ഞോ അറിയാതെയോ ശങ്കറിന്റെ ശിഷ്യരായി മാറി എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ഇന്ന് ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ സ്വന്തമായി ശൈലികള്‍ ഉണ്ടാക്കി ഓരോരുത്തരും വേറിട്ട് നില്ക്കുന്നു. ശൈലികള്‍ മാറിയെങ്കിലും ശങ്കറും ശങ്കറിന്റെ കാര്‍ട്ടൂണുകളും പിന് തലമുറയിലെ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് പാഠഭാഗം തന്നെയാണ്.