#സ്വാമി സച്ചിദാനന്ദ, പ്രസിഡന്റ്, ശിവഗിരി മഠം
"നാം ദൈവത്തിന്റെ പ്രതിപുരുഷനാകുന്നു. നമ്മുടെ ദൈവം ജ്യോതിര്‍മയമായിരിക്കുന്ന ഒരു ദിവ്യസമുദ്രമാകുന്നു, ഇതൊക്കെയും ആ നിസ്തരംഗ സമുദ്രത്തിന്റെ തരംഗമാകുന്നു. ഓ, നാം ഇതുവരെയും ബഹിര്‍മുഖനായിരുന്നു. ഇനി അന്തർമുഖത്തോടു കൂടിയവനായിത്തീരുന്നു. ആ! ഇവിടം എത്രയോ ദിവ്യമായിരിക്കുന്നു. നാം ഇതുവരെയും നിന്നിരുന്നത് ഒരു ദിവ്യമായിരിക്കുന്ന കണ്ണാടിയിലാകുന്നു. ഇതു തന്നെയാണ് നമ്മുടെ ദൈവം. ഇതിനെ നാം ഇതിനു മുന്പില് കണ്ടിരുന്നില്ല. ഇപ്പോള്‍ നമുക്കിവിടം യാതൊരു മറവും കാണുന്നില്ല. നാമും ദൈവവും ഒന്നായിരിക്കുന്നു. ഇനി നമുക്ക് വ്യവഹിക്കുന്നതിന് പാടില്ല. ഓ! ഇതാ! നാം ദൈവത്തിനോടു ഒന്നായിപ്പോകുന്നു'.
ശ്രീനാരായണ ഗുരുദേവന് എഴുതിയ "ആത്മവിലാസം' എന്ന ഗദ്യകൃതിയിലെ ഒരു ഭാഗമാണിത്. ഗുരുദേവന്റെ ആത്മാനുഭൂതിയുടെ വാങ്മയ ചിത്രമാണ് ആ കൃതി. ഗുരുദേവന് പരബ്രഹ്മ സത്യവുമായി താദാത്മ്യം പ്രാപിച്ച് പരബ്രഹ്മഭാവത്തിൽ അമര്‍ന്നതിന്റെ നിജസ്വരൂപം അതില്‍ എത്രയും സുവ്യക്തമായിരിക്കുന്നു. "ആത്മോപദേശശതകം, അദ്വൈത ദീപിക, അറിവ്, ചിജ്ജഡ ചിന്തനം' തുടങ്ങി നിരവധി കൃതികളിലും ഗുരുവിന്റെ ഈശ്വരീയഭാവം സംദൃഷ്ടമാണ്. ഇപ്രകാരം ബ്രഹ്മഭാവത്തിലമര്‍ന്ന ശ്രീനാരായണ ഗുരുവിന്റെ ജയന്തിയും മഹാസമാധിയും യഥാതഥമായി അറിയേണ്ടതുണ്ട്. ദര്‍ശനമാലയിലെ നിര്‍വാണദര്‍ശനത്തില്‍ സമാധിയുടെ വിവിധ ദശകളെ സവിസ്തരമായി ഗുരു പ്രതിപാദിച്ചിട്ടുണ്ട്. സത്യസാക്ഷാത്ക്കാരം നേടിയ ബ്രഹ്മനിഷ്ഠന്റെ നാലവസ്ഥകള്‍ സമാധിദശയെ പ്രകാശിപ്പിക്കുന്നു. ഗുരുദേവന് അനുഭവിച്ചറിഞ്ഞ ഈ സമാധിദശകളുടെ ലഘുവിവരണം നല്‍കിയതിനു ശേഷം അവിടുത്തെ മഹാസമാധിയെക്കുറിച്ച് കുറിക്കാം.
മരുത്വാമലയിലും മറ്റും ചെയ്ത തപസിലൂടെ ബ്രഹ്മാനുഭൂതി അവിടുത്തേക്ക് കരഗതമായി. ഉപ്പുപാവ വെള്ളത്തില്‍ ലയിച്ചമരുന്നതു പോലെ ചെമ്പഴന്തിയിലെ നാരായണന്റെ ജീവഭാവം ദൈവസത്തയില്‍ വിലയം പ്രാപിച്ച് ജീവാത്മപരമാത്മൈക്യം പ്രാപിച്ചിരുന്നു. അവിടുന്ന് ദൈവസ്വരൂപനായിരിക്കുന്നു. അതായത്, മുക്തപുരുഷനായിരിക്കുന്നു. അങ്ങനെയുള്ള ഒരു ജ്ഞാനിയെ സ്ഥിതപ്രജ്ഞന്, അതിവര്‍ണാശ്രമി, ഗുണാതീതന്, ജീവന്മുക്തന് എന്നൊക്കെ വിശേഷിപ്പിക്കണം. അവിടുത്തെ അന്തരാത്മാവിനെ മഥിച്ചിരുന്ന അനൃതപരമ്പരയെ ഒഴിച്ചുമാറ്റി "സകലമഴിഞ്ഞുതണിഞ്ഞു കേവലത്തിന് മഹിമയുമറ്റു മഹസില്‍' സമ്പൂര്‍ണം അവിരളമായി അമര്‍ന്ന് അവിടുന്ന് അതു മാത്രമായിത്തീര്‍ന്നിരിക്കുന്നു. അതായത് "ബ്രഹ്മവിത് ബ്രഹ്മൈവഭവതി' ബ്രഹ്മത്തെ അറിഞ്ഞ് ബ്രഹ്മമാത്രസ്വരൂപനായി കഴിഞ്ഞിരിക്കുന്നു. ബ്രഹ്മവിത്ത്, ബ്രഹ്മവിദ്വരന്‍, ബ്രഹ്മവിദ്വരീയന്‍, ബ്രഹ്മവിദ്വരിഷ്ഠന് എന്നിങ്ങനെ ജ്ഞാനിയുടെ നാലു തലങ്ങളെക്കുറിച്ച് ഗുരുദേവന് തന്നെ ദര്ശനമാലയില് ഉപദേശിക്കുന്നു. നിര്‍വാണ ദര്‍ശനത്തില്‍ പറയുന്ന ആ നാല് തലങ്ങളെക്കുറിച്ച് തെല്ലൊന്ന് വിശദമാക്കിയാലേ ഗുരുദേവ സ്വരൂപത്തെ പ്രസ്പഷ്ടമാക്കുവാന്‍ സാധിക്കൂ. ഗുരു വിശദമാക്കുന്നു.
സമാധിയും മഹാസമാധിയും
ഈ നാലു തലങ്ങളും മുക്താവസ്ഥയെ സംബന്ധിച്ച് ഒരുപോലെയാണ്. ഒന്ന് മറ്റൊന്നിനെ അപേക്ഷിച്ച് കൂടുതല്‍ മഹത്തരമെന്ന് പറയാവുന്നതല്ല. ഈ നാലു കൂട്ടരില്‍ ബ്രഹ്മവിത്തിനു മാത്രമേ ലോകസംഗ്രഹ പ്രവര്‍ത്തനമുള്ളൂ. മറ്റു മൂവരും ജനപഥങ്ങളില്‍ നിന്നും അകന്നു കഴിയുന്നവരാണ്. ഗുരുദേവന് കഠിനമായ തപശ്ചര്യയാല്‍ ജ്ഞാനാവസ്ഥയിലെത്തി ബ്രഹ്മവിത്തായിത്തീര്‍ന്നു. ഇനിയും ആത്മാനുസന്ധാനത്തില്‍ ധ്യാനനിഷ്ഠയില്‍ത്തന്നെ മുഴുകിയാല്‍ ബ്രഹ്മവിദ്വരന്‍, വരീയാന്‍, വരിഷ്ഠന്‍ എന്നീ നിലകളിലേക്ക് ആമഗ്നമാകാം. എന്നാല്‍ അതു മൂന്നും തനിക്ക് തല്ക്കാലം വേണ്ട എന്ന് ഗുരുദേവന് ആത്മപ്രതിജ്ഞയെടുത്തിരിക്കുന്നു.
ദീനം പിടിച്ചും ജാതിമതാദി ഭേദചിന്തകളാല് ലക്ഷ്യബോധമില്ലാതെ കൂരിരുട്ടില്‍ അമര്‍ന്നും കിടക്കുന്ന ജനകോടികളെ സമുദ്ധരിക്കേണ്ടത് അവിടുത്തെ കടമയായിരുന്നു. ബ്രഹ്മവിത്തായിരുന്നു കൊണ്ട് ലോകജനതയെ സമുദ്ധരിക്കണം. അതായിരുന്നു ഗുരുദേവന്റെ മഹാസങ്കല്പം. അപ്പോള്‍ ഗുരു സമാധിയിലായിരുന്നു. ആ സങ്കല്പത്തോടു കൂടിയാണ് ഒരവതാരപുരുഷനായി അരുവിപ്പുറത്തേക്ക് ഇറങ്ങിവന്നത്. സമാധി സഹജഭാവമാക്കിക്കൊണ്ടാണ് ഗുരു കർമനിരതനായത്. സമാധിയെന്നത് ജീവാത്മപരമാത്മൈക്യ ജ്ഞാനാനുഭവമാണ്. സാധാരണ ജീവന്മാര് ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ മൂന്നവസ്ഥകളില്‍ വിഹരിക്കുമ്പോള്‍ ജ്ഞാനി നാലാമത്തെ തുരീയാവസ്ഥയെ അഥവാ സമാധിയെ പ്രാപിച്ച് അതില്‍ വിഹരിക്കുന്നു. അടിയെന്നോ മുടിയെന്നോ വ്യത്യാസമില്ലാതെ എല്ലാറ്റിനേയും ഒരേയൊരു അദ്വൈതബോധത്തിലറിയുന്നത് തുര്യാനുഭവമാണ്. ഗുരുദേവന് ഈ തുര്യാവസ്ഥയെ പ്രാപിച്ച് അതില്‍ അമര്‍ന്ന് അതുമാത്രമായി. അതായത് സഹജാവസ്ഥയെ പ്രാപിച്ചു. ഈശ്വരനുമായി താദാത്മ്യം പ്രാപിച്ച് ഈശ്വരനില്‍ ലയിക്കുന്ന അവസ്ഥയാണ് സമാധി എന്നു പറയാം. സമാധി എന്നത് ബുദ്ധിയുടെ സമമായ അവസ്ഥയാണ്.
ഗുരുദേവന് ഏതാണ്ട് 30ാമത്തെ വയസില്‍ സമാധിയായി, 73ാം വയസില്‍ മഹാസമാധിയും. അതായത് 30ാമത്തെ വയസില്‍ ഈശ്വരസ്വരൂപനായിത്തീര്‍ന്ന ഗുരുദേവന് 73 വയസു വരെ ശരീരധാരണം ചെയ്ത് ലോകസംഗ്രഹത്തില്‍ മുഴുകി ബ്രഹ്മതത്ത്വത്തെ പ്രാപിച്ച ബ്രഹ്മവിത്ത് അഥവാ ദൈവം ദൈവസ്വരൂപമായി പ്രകാശിച്ചുകൊണ്ട് എല്ലാവരേയും ആ ദൈവമഹിമാവിലേക്ക് ഉയര്‍ത്തി ദൈവസ്വരൂപമാക്കി പ്രകാശിപ്പിക്കുവാന്‍ ശ്രമം ചെയ്തുവെന്നു താല്പര്യം. അപ്പോള്‍ ദൈവമാണ് ഇവിടെ 73 വയസുവരെ ശരീരധാരണം ചെയ്തതെന്നു നാമറിയണം. 73ാം വയസില്‍ ശരീരമുപേക്ഷിച്ചു. ഈ ശരീര വേര്‍പാടിനെ സാങ്കേതികമായി മഹാസമാധിയെന്നോ മഹാപരിനിര്വാണമെന്നോ പറയാം.
ഈ തത്ത്വമറിയാത്തവര്‍ ഗുരുദേവന് സമാധിയായി, മരിച്ചുപോയി എന്നൊക്കെ വ്യവഹരിക്കാറുണ്ട്. രാഷ്ട്രീയക്കാരാകട്ടെ ഇപ്പോള്‍ ശവകുടീരങ്ങളെ സമാധികളാക്കിക്കൊണ്ടിരിക്കുന്നു. നേതാക്കളുടെ ശവശരീരം അടക്കം ചെയ്ത സ്ഥലമാണ് അവര്‍ക്ക് സമാധി! ശാന്തം പാവം!! മഹാഗുരുക്കന്മാര് ജീവിച്ചിരിക്കുമ്പോള്‍ അനുഭവിക്കുന്ന സമാധ്യവസ്ഥയെ- ഈശ്വരാനുഭൂതിയെ ഇപ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക് ബഹുമതി നല്കുവാന് തുല്യം ചാര്‍ത്തിക്കൊടുത്തിരിക്കുന്നു. ഗാന്ധി സമാധി, നെഹ്റു സമാധി, മന്നം സമാധി, ശങ്കര്‍ സമാധി.. ഈ പ്രയോഗങ്ങള്‍ വിവേകികളെങ്കിലും ഒഴിവാക്കുമെന്ന് ഇവിടെ പ്രത്യാശിക്കുകയാണ്.
ശ്രീബുദ്ധന്, യേശുക്രിസ്തു, മുഹമ്മദ് നബി, ശ്രീ ശങ്കരാചാര്യർ എന്നീ മഹത്തുക്കളെപ്പോലെ ധർമസംസ്ഥാപനാർഥം ആവിര്‍ഭവിച്ച ഒരു ലോക ഗുരുവാണ് ശ്രീനാരായണ ഗുരുദേവന്. മഹാത്മാക്കള്‍ സ്വകൃത്യം നിര്‍വഹിച്ചതിനു ശേഷം സ്വധാമം പൂകുന്നു. ഓരോരുത്തരുടെയും തിരോധാനം ഓരോ തരത്തിലായിരിക്കും. കൃഷ്ണന് ഒരു വേടന്റെ അമ്പേറ്റ് സ്വര്‍ഗാരോഹണം ചെയ്തു. ബുദ്ധന് വിലക്കപ്പെട്ട ആഹാരം കഴിച്ച് അജീര്‍ണം ബാധിച്ച് മഹാനിര്‍വാണം പ്രാപിച്ചു. ക്രിസ്തു കുരിശിലേറി, തുടര്‍ന്ന് സ്വര്‍ഗസ്ഥനായി. ശ്രീശങ്കരന് "ഗന്ദരം' എന്ന രോഗമുണ്ടായി. മുഹമ്മദ് നബി സ്വമതസ്ഥാപനത്തിനു വേണ്ടി യുദ്ധം ചെയ്ത് അവസാനം സാധാരണയെന്നവണ്ണം പരലോകം പ്രാപിച്ചു. ശ്രീരാമകൃഷ്ണദേവന്റെ തിരോധാനത്തിന് ഹേതു കണ്ഠത്തില് ബാധിച്ച ക്യാന്‍സറായിരുന്നു. രമണ മഹര്‍ഷിക്കും ക്യാന്‍സര്‍ തന്നെ ബാധിച്ചു. ദയാനന്ദ സരസ്വതി വിഷം കുടിച്ചു മരിച്ചു. സ്വാമി രാമതീർഥര്‍ ഗംഗയില്‍ ജീവിതമര്‍പ്പിച്ചു. ഇതുപോലെ ശ്രീനാരായണ ഗുരുദേവന് മൂത്രതടസവും "ഹെര്‍ണിയ' എന്ന രോഗവും ബാധിച്ചാണ് ശരീരത്യാഗം വരിച്ചത് അഥവാ മഹാസമാധി പ്രാപിച്ചത്.
മഹാസമാധിയും അമനീഭാവവും
ഭൗതികദേഹം ഉപേക്ഷിച്ച് പരബ്രഹ്മസ്വരൂപത്തില്‍ സമ്പൂര്‍ണം വിലയം പ്രാപിക്കുന്നതിനെ മഹാസമാധി എന്നു പറയുന്നു. ജീവന്മുക്തന്റെ ശരീരവേര്പാടാണ് അത്. വിദേഹമുക്തി എന്നും ഇതിനെ പറഞ്ഞുപോരുന്നു. ജീവന്മുക്തന്റെ പരമാത്മലയത്തിന് ശുക മാര്‍ഗം, പിപീലികാ മാര്‍ഗം എന്നു രണ്ടു സമ്പ്രദായങ്ങളുണ്ട്. രണ്ടും ബ്രഹ്മസത്യവുമായുള്ള അഭേദാവസ്ഥയാണ്.
"നീരോഗ ഉപവിഷ്ഠോ വാ
രുഗ്ണോ വാ വിലുഠന്‍ഭുവി
മൂര്ഛിതോ വാ ഭവത്യേഷ
പ്രാണാന്‍ ഭ്രാന്തിര് ന സംശയ'
ജീവന്മുക്തനായ ജ്ഞാനി രോഗമൊന്നുമില്ലാതെ ഇരുന്നുകൊണ്ടോ മഹാരോഗം പിടിപെട്ടു ഭൂമിയില്‍ വീണുരുളുന്നതിനിടയിലോ, മോഹാലസ്യത്തിനിടയ്ക്കോ ഏതു രൂപത്തില്‍ ദേഹം ത്യജിച്ചാലും ആ മഹാത്മാവിന്റെ വ്യക്തിത്വത്തിനോ ജ്ഞാനാവസ്ഥയ്ക്കോ യാതൊരുവിധ കുറവും സംഭവിക്കുന്നില്ല. രോഗം, മോഹാലസ്യം എന്നിവ ശരീരധർമങ്ങളാണ്. അവ ആത്മാവിനെ ബാധിക്കുന്നതേയില്ല. രോഗാദികള്‍ ജ്ഞാനത്തിനോ സമാധിക്കോ ഒരു കുറവും വരുത്തുന്നുമില്ല. രോഗാവസ്ഥയിലും പലരുടെയും രോഗങ്ങള്‍ മാറ്റിക്കൊണ്ടിരുന്ന ഗുരുദേവനോട് "അങ്ങയുടെ രോഗവും മാറ്റിക്കൂടേ' എന്നു മഹാകവി ഉള്ളൂര്‍ ചോദിച്ചപ്പോള്‍ "ശരീരമല്ലയോ' എന്നായിരുന്നു മറുപടി. "അകവും പുറവുമൊഴിഞ്ഞെന്‍ ഭഗവാനേ നീ നിറഞ്ഞുവാഴുന്നു' എന്നതാണ് ഗുരുദേവന്റെ മുക്താവസ്ഥ. അതാണ് ഒരു യോഗിയുടെ മഹാസമാധിയും ജ്ഞാനിയുടെ കേവലാവസ്ഥയും.
പരമശാന്തിയിലേക്ക്
ഗുരുദേവന്റെ മഹാപരിനിര്‍വാണത്തിന് ഉപാധിയായത് മൂത്രതടസമായിരുന്നുവെന്ന് പറഞ്ഞുവല്ലോ. കോട്ടയത്തു വച്ചു ശിവഗിരി തീർഥാടനത്തിനു അനുവാദം നല്കിയ ഗുരുദേവന് വൈക്കം വെല്ലൂര്‍ മഠത്തിലേക്ക് എഴുന്നള്ളി അവിടെ വച്ച് സംന്യാസിസംഘത്തിന്റെ യോഗം ചേര്‍ന്നു. ഇതാണ് തൃപ്പാദങ്ങള്‍ പങ്കെടുത്ത അവസാന യോഗമെന്നു പറയാം. അതുകഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് മുന്‍പ് പലപ്പോഴും അലട്ടിയിട്ടുള്ള മൂത്രതടസം തലപൊക്കിയത്. ഒരിക്കലും ലംഘിക്കാതെയുള്ള ബ്രഹ്മചര്യമാണോ ഈ രോഗത്തിനു നിദാനമായത് എന്ന് ഒരിക്കല്‍ ഗുരു അരുളിച്ചെയ്തിരുന്നു. ഭക്തരുടെയും ശിഷ്യരുടെയും താത്പര്യപ്രകാരം ആദ്യം പാലക്കാട്ടും തുടര്‍ന്ന് മദ്രാസിലും പോയി ചികിത്സ നടത്തി. "സ്വാമി തൃപ്പാദങ്ങള്‍ക്ക് ക്ഷീണത്തിന് കുറവില്ല, വളരെയധികമാണെന്നു പറയാം. ദേഹം ക്രമേണ മെലിഞ്ഞുവരുന്നു. രണ്ടുനാലു ദിവസമായി ഭക്ഷണം കഴിക്കുന്നതിനും രുചിക്കുറവുണ്ട്.' ഭഗവാന്റെ സുഖക്കേടു സംബന്ധിച്ചും 1104 ചിങ്ങം 30ലെ "ധർമം' പത്രം പ്രസിദ്ധപ്പെടുത്തിയ അവസാന റിപ്പോര്‍ട്ടാണിത്.
തുടര്‍ന്നുള്ള ദിവസങ്ങള്‍ മഹാസമാധിയെ മുന്പില് കണ്ടുകൊണ്ട് അത്യന്തം ആനന്ദതുന്ദിലനായി ഗുരുദേവന് കഴിഞ്ഞു. ബ്രഹ്മമാത്രപരായണനായി പ്രകാശിക്കുന്ന ആ മഹാപുരുഷനെ ഒരുനോക്കു കാണാൻ രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും ആയിരക്കണക്കിനാളുകളുടെ പ്രവാഹം അനുദിനം ശിവഗിരിയില്‍ സംഭവിച്ചുകൊണ്ടിരുന്നു. ഗുരുദേവന് കാരുണ്യപൂര്‍വം അവരെ വീക്ഷണം ചെയ്ത് അനുഗ്രഹിച്ചു. ഗുരുവിനു പൂര്‍ണസൗഖ്യം ഉണ്ടാകണമെന്ന ഭാവത്തില്‍ ഭക്തന്മാര് ശിവഗിരിയിലും ഗുരുദേവ ക്ഷേത്രങ്ങളിലും രാജ്യമെമ്പാടും കൂട്ട പ്രാർഥനകള്‍ നടത്തി. എന്നാല്‍ ത്രികാലജ്ഞനായ ആ പരമഹംസനാകട്ടെ മൗനഘനാംബോധിയില്‍ അഭിരമിച്ചു മഹാസമാധിയിലേക്കു മന്ദം മന്ദം നീങ്ങുകയാണുണ്ടായത്.
ഗുരുദേവന് ഒന്നു സങ്കല്പിച്ചാല് രോഗം മാറുമെന്ന് പലരും ധരിച്ചിരുന്നു. അതിനു വേണ്ടി അവര്‍ പ്രാർഥനയും നടത്തി. അതുകൊണ്ട് ഫലമുണ്ടായില്ല. ഗുരുദേവന് സര്‍വവും പരംപൊരുളില്‍ അര്‍പ്പിച്ച് തിരശീലയ്ക്കുള്ളിലേക്ക് മടങ്ങുവാന്‍ തയാറെടുക്കുകയായിരുന്നു.
യോഗസമാധി പാടില്ല
ഒരിക്കല്‍ അവിടുന്ന് അരുളിചെയ്തു- "മരണത്തെപ്പറ്റി ആരും മുന്‍കൂട്ടി പറയരുത്. ഇന്നപ്പോള്‍ മരിക്കുമെന്ന് മുന്‍കൂട്ടി പറഞ്ഞാല്‍ മരിക്കുന്നതിനു മുന്‍പായി ജനങ്ങളെല്ലാം അവിടെ വന്നുകൂടും. പല വിഷമതകളും ബഹളങ്ങളും അവിടെ നടക്കും. അതുകൊണ്ട് മുന്‍കൂട്ടി ആരും മരണത്തെപ്പറ്റി പറയാതിരിക്കുന്നതാണ് നന്ന്. ചിലര്‍ നാവിന്റെ അഗ്രം കൊണ്ട് നാസാരന്ധ്രങ്ങള്‍ അടച്ചും ചിലര്‍ മറ്റു പ്രകാരത്തില്‍ ശ്വാസം തടഞ്ഞും മരണം വരിക്കുന്നു. അതെല്ലാം കൃത്രിമ മരണങ്ങളാണ്. ഒരു തരം ആത്മഹത്യയ്ക്ക് തുല്യമാണ്.' (സ്വാമി ധർമാനന്ദജി, പേജ് 296).
'തുടര്‍ന്ന് ഗുരുദേവന് ആഹാരത്തിന്റെ മാത്ര കുറച്ചു. ക്രമേണ പാലും പഴവും വരെ ഉപേക്ഷിക്കുകയായി. ചൂടാക്കിയ വെള്ളവും ജീരകവെള്ളവും മാത്രം മതിയെന്നു കല്പിച്ചു. ഒരുപക്ഷേ മലാംശം കൂടി അവശേഷിക്കാതിരിക്കാന്‍ ഇപ്രകാരം ചെയ്തതാവാം' (സ്വാമി ധർമാനന്ദജി).
മഹാസമാധി സൂചന
അങ്ങനെ ഗുരുദേവന് കൂടുതല്‍ മൗനിയായും ദിവ്യസ്വരൂപനായും കാണപ്പെട്ടുകൊണ്ടിരുന്നു. ഒരു സമയം അവിടുന്നു മൊഴിഞ്ഞു. "നാം ഇവിടെ പുതിയ ഒരു യന്ത്രം സ്ഥാപിച്ചിട്ടുണ്ട്. പ്രതിബിംബങ്ങളെ ഒഴിവാക്കിക്കൊണ്ട് യാതൊരു കോട്ടവും കൂടാതെ ആ യന്ത്രം എന്നെന്നും പ്രവര്‍ത്തിച്ചുകൊള്ളും, നമുക്ക് നല്ല തൃപ്തി തോന്നുന്നു'. കുറേ നേരം കണ്ണടച്ചുകിടന്നശേഷം "മരണത്തില്‍ ആരും ദുഃഖിക്കരുത്' എന്ന് അരുളിച്ചെയ്തു. ഗുരുദേവന് തുടര്‍ന്നു. "കന്നി അഞ്ച് നല്ല ദിവസമാണ്. അന്ന് എല്ലാവര്ക്കും ആഹാരം കൊടുക്കണം'.
ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ഗുരുവിന്റെ മഹാസമാധി ദിനം എന്നെന്ന് അവിടുന്ന് വ്യക്തമായി പറഞ്ഞില്ല. എന്നാല്‍ സുവ്യക്തമായ ചില സൂചനകള്‍ നല്‍കുകയും ചെയ്തു. വ്യക്തമായി സൂചിപ്പിച്ചാല്‍ ആളുകള്‍ തിങ്ങിക്കൂടി ബഹളങ്ങള്‍ വയ്ക്കുമല്ലോ. അടുത്ത ദിവസം പ്രഭാതത്തില്‍ തൃപ്പാദങ്ങള്‍ എടുത്തുവളര്‍ത്തി പഠിപ്പിക്കുന്ന ശിവഗിരിയിലെ അന്തേവാസികളായ കുട്ടികള്‍- സമൂഹം വേര്‍തിരിച്ച് നിര്‍ത്തിയിരുന്ന എല്ലാ വിഭാഗങ്ങളിലും പെട്ട വിദ്യാർഥികള്‍- തൃപ്പാദങ്ങളെ നമസ്കരിക്കുവാന്‍ എത്തി. അവര്‍ നമസ്കരിച്ച് പിന്‍വാങ്ങിയപ്പോള്‍ ആ മഹാഗുരുവിന്റെ തൃക്കണ്ണുകള്‍ ഈറനണിഞ്ഞിരുന്നുവത്രേ. ഗുരുദേവന് വിഭാവനം ചെയ്ത ഏകലോക വ്യവസ്ഥിതിയുടെ സ്ഫുരണങ്ങള്‍ ആ കുട്ടികളിലൂടെ കണ്ടപ്പോള്‍ ഉതിര്‍ന്ന ആനന്ദക്കണ്ണീരാകാം അത്.
ഭഗവാന്റെ മഹാസമാധി
കന്നി അഞ്ചാം തീയതി വന്നെത്തി. അന്ന് ഒരു ചാറ്റല്‍ മഴയുള്ള ദിവസമായിരുന്നു. പ്രകൃതി കണ്ണുനീര് പൊഴിച്ച് നിശ്ചേഷ്ടമായി നിന്നു. ഉച്ചയായപ്പോഴേക്കും മാനം ശരത്കാലത്തേതുപോലെ നല്ലവണ്ണം തെളിഞ്ഞു. തൃപ്പാദങ്ങള്‍ കല്പിച്ച പ്രകാരം അന്ന് എല്ലാവര്ക്കും ഭക്ഷണം നല്കി. സായാഹ്ന സൂര്യന് പശ്ചിമാകാശത്തിലണഞ്ഞു. തത്സമയം ഗുരുദേവശിഷ്യനായ മാമ്പലം വിദ്യാനന്ദ സ്വാമികള്‍ തൃപ്പാദസന്നിധിയില്‍ "യോഗവാസിഷ്ഠം ജീവന്മുക്തി പ്രകരണം' വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.
സമയം ഏതാണ്ട് മൂന്നേകാല്‍ മണിയോടടുക്കുന്നു. "നമുക്ക് നല്ല ശാന്തി അനുഭവപ്പെടുന്നു' എന്നരുളി. ഗുരു കിടക്കയില്‍ എഴുന്നേറ്റിരിക്കുവാനൊരുങ്ങി. തൃപ്പാദശിഷ്യനായ അച്യുതാനന്ദ സ്വാമികള്‍ ആ ദിവ്യകളേബരത്തെ താങ്ങിപ്പിടിച്ചു. അപ്പോള്‍ ശരീരം പത്മാസനത്തില്‍ ബന്ധിച്ചിരുന്നു.
1928 സെപ്റ്റംബര്‍ 20 (1104 കന്നി 5) ശുക്ല ഷഷ്ഠി, വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30. ശിവഗിരി വൈദിക മഠത്തിലെ കിടക്കയില്‍ ബ്രഹ്മചൈതന്യ സ്വരൂപനായിരിക്കുന്ന ആ മഹാഗുരുവിന്റെ തിരുസന്നിധിയില്‍ ഉണ്ടായിരുന്ന തൃപ്പാദ ശിഷ്യന്മാര് ഉപനിഷദ് സാരസര്‍വസ്വമായ "ദൈവദശകം' ആലാപനം ചെയ്തുതുടങ്ങി. പരംപൊരുളില്‍ മൃദുവായ് അമര്‍ന്നുകൊണ്ടിരുന്ന ആ ജീവന്മുക്തന്റെ തിരുസന്നിധാനത്തില്‍ ശ്രീ ധർമതീർഥ സ്വാമികള്‍, സുഗുണാനന്ദഗിരി സ്വാമികള്‍, അച്യുതാനന്ദ സ്വാമികള്‍, നരസിംഹ സ്വാമികള്‍ തുടങ്ങിയ ശിഷ്യന്മാരും ബ്രഹ്മചാരികളും ചേര്‍ന്ന് തൃപ്പാദവിരചിതമായ ദിവ്യസ്തോത്രങ്ങള്‍ ഈണത്തില്‍ ഭക്തിനിര്‍ഭരമായി ആലാപനം ചെയ്തുകൊണ്ടിരുന്നു. സാന്ദ്രവും ദിവ്യവുമായ നിര്‍വാണത്തിന്റെ സാന്ദ്രസുന്ദരമായ പ്രശാന്തി എങ്ങും നിറഞ്ഞു വ്യാപിക്കവെ,
"ആഴമേറും നിന് മഹസാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം'
എന്നു ചൊല്ലിക്കഴിയവേ ഏകലോകദര്‍ശനം വിഭാവനം ചെയ്ത ഭഗവാന് ശ്രീനാരായണ പരമഹംസദേവന്റെ തൃക്കണ്ണുകള്‍ സാവധാനം അടഞ്ഞു. ഭഗവാന് മഹാസമാധിസ്ഥനായി. (മഹാസമാധി വേളയില്‍ യോഗാവാസിഷ്ഠം പാരായണം ചെയ്തു എന്ന് ഒരു കൂട്ടരും അതല്ല ദൈവദശകമായിരുന്നു എന്ന് മറ്റൊരു കൂട്ടരും അഭിപ്രായപ്പെടുന്നു. എന്നാല്‍ ആ സന്നിധിയില്‍ ദിവസങ്ങളായി ഇതു രണ്ടും പാരായണം ചെയ്തുകൊണ്ടിരുന്നു എന്നതാണ് സത്യം).
ഗുരുദേവന് അനശ്വരൻ
"പഞ്ചഭൂതസഞ്ചയമായ ഗുരുദേവന് നമ്മുടെ മാംസചക്ഷുസിന് അഗോചരമായിത്തീര്ന്നെങ്കിലും യാതൊന്നിനാലും നശിപ്പിക്കാന്‍ സാധിക്കാത്ത ശാശ്വതമായ ആ ആത്മാവ് നമ്മുടെ സര്‍വ പ്രവര്‍ത്തികളും കണ്ടുകൊണ്ട് സ്ഥിതി ചെയ്യുന്നുണ്ട്. അചിന്ത്യ ശക്തിയോടു കൂടിയ ആ ആത്മാവിന് എന്നും നമുക്ക് പൂര്‍വാധികം നന്മകള് ചെയ്യാന്‍ സാധിക്കുമെന്ന് ഓര്ക്കുന്നതാണെങ്കില് സമാധാനത്തിന് വഴിയുണ്ട്' എന്ന് ഗുരുപ്രസാദ് സ്വാമികള്‍ "ധർമ' ത്തില്‍ മഹാസമാധിക്ക് എഴുതിയ പത്രാധിപക്കുറിപ്പില്‍ പറയുന്നു. മഹാസമാധിയോടെ ഗുരുവിന്റെ ശരീരം പഞ്ചഭൂതങ്ങളില്‍ വിലയം പ്രാപിച്ചു എന്നാണ്. ഗുരുചൈതന്യം അമരത്വമാര്‍ന്ന് ബ്രഹ്മചൈതന്യമായി പ്രകാശിക്കുന്നു. കുടങ്ങളിലെ ജലത്തില്‍ പ്രതിബിംബിച്ച സൂര്യന് ഉപാധിയായ കുടം ഉടയുമ്പോഴും മാറ്റമൊന്നും സംഭവിക്കുന്നില്ല എന്ന വേദാന്ത തത്ത്വം ഇവിടെ ഓര്‍ക്കുക.
ഗുരുദേവന് അസുഖമായിരുന്ന അവസരത്തില്‍ അവിടുത്തെ ശുശ്രൂഷിക്കാന്‍ ഭാഗ്യം ലഭിച്ച ഒരു സുകൃതിയായിരുന്നു വര്‍ക്കല സ്വദേശി വി.കെ. കൃഷ്ണന്. മഹാസമാധി സംബന്ധിച്ച എല്ലാ കർമങ്ങളിലും ഇദ്ദേഹം ഭാഗഭാക്കായിരുന്നു. അദ്ദേഹം എഴുതുന്നു. "1104 കന്നി 5ാം തീയതി 3 മണിക്കാണ് ഗുരു സമാധിയായത്. അടുത്ത ദിവസം രാവിലെ എഴരമണിയോടു കൂടി സമാധി ഇരുത്തേണ്ട കുന്നില്‍ വേല ചെയ്യിക്കാനായി ഞാന്‍ ചെന്നു. കിഴക്കോട്ടു നോക്കിയപ്പോള്‍ ചെറിയ മേഘമറയോടു കൂടിയ രണ്ടു സൂര്യന്മാര് ഉദിച്ചുപൊങ്ങി വരുന്നതുപോലെയാണ് തോന്നിയത്. ഞങ്ങള്‍ക്ക് അതൊരു അത്ഭുതമായിരുന്നു. തിരുവനന്തപുരം നക്ഷത്ര ബംഗ്ലാവിലും ഞങ്ങള്‍ കണ്ട മാതിരി തന്നെ കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളതായി അറിയാന്‍ കഴിഞ്ഞു'. (ഗുരുദേവ സ്മരണകള്‍ ആര്. ഗംഗാധരന്, വി.കെ. കൃഷ്ണന്- പേജ് 203).
ഏവരെയും വിസ്മയഭരിതമാക്കുന്ന ഈ ദിവ്യപ്രഭയെ ഗുരുദേവന്റെ ശിഷ്യോത്തമന്മാരായ മംഗലശ്ശേരില്‍ ഗോവിന്ദനാശാന്‍, മണക്കാട് ഗോവിന്ദനാശാന്‍, മാമ്പലം വിദ്യാനന്ദ സ്വാമികള്‍ എന്നിവര്‍ കണ്ടിട്ടുള്ളതായി തന്നോടു പറഞ്ഞിട്ടുണ്ടെന്ന് ഗീതാനന്ദ സ്വാമികളും രേഖപ്പെടുത്തുന്നു.
ഗുരുദേവന് ശരീരധാരണം ചെയ്തിരുന്നപ്പോഴും മഹാസമാധിക്കു ശേഷവും സംഭവിച്ചിട്ടുള്ള അത്ഭുതകരമായ അനുഭവങ്ങള്‍ പലര്‍ക്കും അവിശ്വസനീയം എന്നു തോന്നിയേക്കാം. അതുകൊണ്ടാണല്ലോ ഗുരുദേവന് നടരാജ ഗുരുവിനോടും ടി.കെ. മാധവനോടും പറഞ്ഞത്. "നമ്മുടെ ജീവചരിത്രം എഴുതിയാല്‍ ആളുകള്‍ വിശ്വസിക്കുമോ? ഇനി അവിശ്വാസികളുടെ കാലമാണ് വരാന്‍ പോകുന്നത്' എന്ന്. അതേ ഗുരുദേവ സ്വരൂപവും സ്വത്വവും തികഞ്ഞ പഠനത്തിനും മനനത്തിനും വിധേയമാക്കുക.