നവതി ജയന്തി: സുഗതസ്മൃതിയിൽ ഒരു നാലുകെട്ട്

പ്രകൃതിയുടെ കാവൽക്കാരിയുടെ ഓർമ്മകളിൽ ഒരു നാലുകെട്ട്
അഭയഗ്രാമത്തിലെ നാലുകെട്ട്.
അഭയഗ്രാമത്തിലെ നാലുകെട്ട്.
Updated on

വിളപ്പിൽ: മണ്ണിനെ, മരങ്ങളെ, മഴയെ, പ്രകൃതിയെ പ്രണയിച്ച കവയത്രി... സഹജീവികളുടെ സങ്കടങ്ങൾ തന്‍റെതാക്കിയ മനുഷ്യസ്നേഹി... മലയാളികൾ നെഞ്ചേറ്റിയ ആ അക്ഷരമുത്തശ്ശി, കവയത്രി സുഗതകുമാരിക്ക് ജനുവരി 22ന് തൊണ്ണൂറാം ജന്മദിനം. സുഗതകുമാരിയുടെ ആത്മാവ് തങ്ങിനിൽക്കുന്ന ഒരിടമുണ്ട് പേയാട് തച്ചോട്ടുകാവിനടുത്ത് മഞ്ചാടിയിൽ.... അഭയഗ്രാമം.

പേരുപോലെ തന്നെ ഉറ്റവർ ഉപേക്ഷിക്കപ്പെട്ട മനോരോഗികൾക്കും അനാഥബാല്യങ്ങൾക്കും വേണ്ടി മൂന്ന് പതിറ്റാണ്ടു മുമ്പ് കവയത്രി പടുത്തുയർത്തിയ അഭയകേന്ദ്രമാണിത്. ഇവിടെ ഒരു നാലുകെട്ടുണ്ട്. 180 വർഷം പഴക്കമുള്ള അറയും നിരയും നാലുകെട്ടും അടുക്കള കിണറും പത്തായപ്പുരയുമൊക്കെയുള്ള തറവാട്. കവിത കുറിക്കാൻ, ഒഴിവുവേളകളിൽ വിശ്രമിക്കാൻ സുഗതകുമാരി ഓടിയെത്തിയിരുന്ന ഇടം.കോട്ടയം വൈക്കത്തുള്ള കൃഷ്ണൻ എമ്പ്രാതിരി തങ്ങളുടെ പൈതൃകസ്വത്തായ നാലുകെട്ട് വർഷങ്ങൾക്ക് മുമ്പ് സുഗതകുമാരിക്ക് സമ്മാനിക്കുകയായിരുന്നു.

പഴമയോട്, പുരാവസ്തുക്കളോട് വല്ലാത്തൊരു പ്രണയമുള്ള കവയത്രി ആ ഇല്ലം അഭയഗ്രാമത്തിൽ പറിച്ചുനടുകയായിരുന്നു. കൊത്തുപണിചെയ്ത തടികൾ, തൂണുകൾ, കരിങ്കൽപാളികൾ, മണിച്ചിത്ര താഴുള്ള വാതിലുകൾ തുടങ്ങി എല്ലാം 6.5 ലക്ഷം ചെലവഴിച്ച് 11 ലോറികളിലായി അഭയയിൽ എത്തിക്കുകയായിരുന്നു.

അഭയ അന്തേവാസികൾക്ക് യോഗ, മെഡിറ്റേഷൻ, പഠനകേന്ദ്രം എന്നിങ്ങനെ ഉപയോഗിച്ചിരുന്ന 3000 ചതുരശ്ര അടി വിസ്തീർണമുള്ള നാലുകെട്ട് ഇപ്പോൾ ലക്ഷങ്ങൾ മുടക്കി നവീകരിച്ചു. അഭയിൽ പുതിയ കെട്ടിട സമുച്ചയങ്ങൾ വന്നതോടെ ഇവിടെ നടന്നിരുന്ന പ്രവർത്തനങ്ങളൊക്കെ അവിടേക്ക് മാറ്റി.

സിനിമ, സീരിയൽ ഷൂട്ടിംഗിന് ദിവസവാടകയ്ക്ക് നൽകുകയാണ് ഈ ചരിത്രമാളിക. അഭയ അന്തേവാസികളുടെ സംരക്ഷണത്തിന് ഇന്നിതൊരു വരുമാനമാർഗം കൂടിയാണ്.നാലുകെട്ടിന്‍റെ മുറ്റത്ത് ടീച്ചർ നട്ട ചെമ്പകമരം പൂവിട്ടു നിൽക്കുന്നുണ്ടിവിടെ. ആ കൈകൾ നട്ടുനനച്ച തുളസിത്തറയിലെ കൃഷ്ണതുളസിയും തളിരിട്ടു നിൽക്കുന്നു. കവിതകളെഴുതിയും ചൊല്ലിയും കവയത്രി ഉലാത്തിയ ഇടനാഴികളിലും അകത്തളങ്ങളിലും ഇപ്പോഴും അലയടിക്കുന്നുണ്ട് സുഗതനിശ്വാസങ്ങൾ.

Trending

No stories found.

Latest News

No stories found.