മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ്. ഇസ്രയേലിലെ വസന്തകാലം. 1983 ഏപ്രില്‍ 15 അര്‍ധരാത്രി. ജറൂസലമിലെ ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയത്തിനു പുറത്തെ ഇരുട്ടില്‍ ഒരു കവര്‍ച്ചയുടെ അരങ്ങൊരുങ്ങുന്നുണ്ടായിരുന്നു. ആ രാത്രി ഇരുണ്ടു വെളുത്തപ്പോള്‍ അന്നേവരെയുള്ള കവര്‍ച്ചകളുടെ ചരിത്രത്തിലേക്കൊരു വിശേഷണം കൂടി എഴുതിച്ചേര്‍ക്കപ്പെട്ടു. ദ ഗ്രേറ്റസ്റ്റ് വാച്ച് ഹീസ്റ്റ്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ 106 വാച്ചുകളും ക്ലോക്കുകളും മോഷ്ടിക്കപ്പെട്ടു. അന്വേഷിച്ചു ചെല്ലാന്‍ തെളിവിന്‍റെ തരിമ്പു പോലും അവശേഷിപ്പിക്കാതെ അതിവിദഗ്ധമായ മോഷണം. ഇസ്രയേലിന്‍റെ ചരിത്രത്തിലെ ഏറ്റവും വലുതും ധീരവുമായ കവര്‍ച്ച. സുരക്ഷയുടെ എല്ലാ വലയങ്ങളെയും മോഷണവൈദഗ്ധ്യത്തിന്‍റെ കൈകളാല്‍ വകഞ്ഞുമാറ്റി, ഒരു തെളിവ് പോലും ശേഷിപ്പിക്കാതെയുള്ള ഓപ്പറേഷന്‍.
അമെരിക്കയില്‍ താമസിക്കുന്ന നിലി ഷോംറാട്ട് എന്ന സ്ത്രീയുടെ ഭര്‍ത്താവ് മരണക്കിടക്കയിലാണ്. മരണമെത്തുന്ന നേരത്ത് അരികില്‍ അല്‍പ്പനേരമിരിക്കുമ്പോള്‍ നിലിയുടെ ഭര്‍ത്താവ് ഒരു വെളിപ്പെടുത്തല്‍ നടത്തി. ഇസ്രയേലിലെ ദ ഗ്രേറ്റസ്റ്റ് വാച്ച് ഹീസ്റ്റ് നടത്തിയതു താനാണെന്ന്. ക്യാന്‍സര്‍ കാര്‍ന്നു തിന്നുന്ന ജീവന്‍റെ അവസാന തുടിപ്പുകള്‍ മാത്രം ശേഷിക്കുമ്പോള്‍ നടത്തിയ വെളിപ്പെടുത്തല്‍. അതില്‍ ചില വാച്ചുകള്‍ അവര്‍ താമസിക്കുന്ന വീട്ടില്‍ ശേഷിച്ചിട്ടുണ്ടെന്നും അയാൾ പറഞ്ഞു.
2006 ഓഗസ്റ്റ്. ടെല്‍ അവീവിലെ ഒരു വാച്ച് മേക്കര്‍ ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയത്തിലേക്കു വിളിക്കുന്നു. ക്യുറേറ്ററോട് സംസാരിക്കുന്നു. അപൂര്‍വമായ 39 വാച്ചുകളുടെ വിലയായിരുന്നു ആ വാച്ച് മേക്കർക്ക് അറിയേണ്ടിയിരുന്നത്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ഒരു സ്ത്രീയുടെ അഭിഭാഷകന്‍ എന്ന് അവകാശപ്പെട്ടു കൊണ്ടൊരു ഫോണ്‍ കോളും മ്യൂസിയത്തിലേക്കെത്തി. പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു സ്ത്രീ മ്യൂസിയത്തില്‍ നിന്നു നഷ്ടപ്പെട്ട ചില വാച്ചുകള്‍ തിരിച്ചു തരാന്‍ തയാറാണത്രേ. പക്ഷേ, പ്രതിഫലം വേണം. ഒടുവില്‍ നിശ്ചിത തുക നല്‍കാമെന്നു സമ്മതിച്ചു. തുക നല്‍കി. നഷ്ടപ്പെട്ട 39 വാച്ചുകള്‍ തിരികെ കിട്ടി. അപ്പോഴും മോഷണമുതല്‍ തിരികെക്കിട്ടിയ വാര്‍ത്ത രഹസ്യമാക്കിവച്ചു മ്യൂസിയം അധികൃതര്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായ, പിസ്റ്റളിന്‍റെ ആകൃതിയിലുള്ള വാച്ചും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
എന്നാല്‍, ആ രഹസ്യാത്മകത അധികം നീണ്ടില്ല. ഒരു പത്രത്തില്‍ മോഷണമുതല്‍ തിരികെക്കിട്ടിയ വാര്‍ത്ത വന്നു. അതോടെ ഇസ്രയേല്‍ വീണ്ടും അന്വേഷണം ഊര്‍ജിതമാക്കി. തിരികെ കിട്ടിയ ക്ലോക്കുകളിലെ തെളിവുകളില്‍ നിന്നും അന്വേഷണം തുടങ്ങി. വാച്ച്‌മേക്കറില്‍ നിന്നും അഭിഭാഷകനില്‍ നിന്നും നിലി ഷോംറാട്ട് എന്ന സ്ത്രീയിലേക്ക് അന്വേഷണമെത്തി. അപ്പോഴും മോഷണം നടത്തിയത് ആരെന്ന ചോദ്യം ബാക്കിയായിരുന്നു. നിലിയെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയപ്പോള്‍ ആ മോഷ്ടാവിലേക്കുള്ള വഴി തുറന്നു.
വളരെ നേരിയ ഇടങ്ങളിലൂടെ നൂഴ്ന്നിറങ്ങി മോഷണം നടത്തുന്നതില്‍ വിദഗ്ധനായിരുന്നു നാമാന്‍ ഡില്ലര്‍ എന്ന മോഷ്ടാവ്. ആ വസന്തകാല രാത്രിയില്‍ ഹൈഡ്രോളിക് ജാക്ക് ഉപയോഗിച്ച് ജനല്‍ കമ്പി വളച്ചാണ് നാമാന്‍ മ്യൂസിയത്തിന്‍റെ അകത്തു കടന്നത്. എല്ലാ വാച്ചുകളും എടുത്തു. ആ വഴി തന്നെ തിരിച്ചിറങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ കാഴ്ചയുടെ അതിര്‍ത്തിയില്‍ സ്വന്തം കാര്‍ കുറുകെ ഇട്ടിരുന്നുവെന്നു കരുതപ്പെടുന്നു. മോഷണമുതല്‍ വിറ്റ് കാശാക്കാനായിരുന്നില്ല. മോഷ്ടിക്കുന്നതിന്‍റെ ത്രില്‍ അനുഭവിക്കാന്‍ മാത്രമായിരുന്നു അപൂര്‍വമായ വാച്ചുകളും ക്ലോക്കുകളും അടിച്ചു മാറ്റിയതെന്നു കരുതപ്പെടുന്നു.
മോഷണം നടന്ന ആ കാലത്ത് നോമാനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ നോമാന്‍റെ പാസ്‌പോര്‍ട്ടില്‍ ആ സമയത്ത് വേറെ ഏതോ രാജ്യത്തായിരുന്നു എന്ന രേഖപ്പെടുത്തലുണ്ടായിരുന്നു. വളരെ വിദഗ്ധമായി കൃത്രിമമായി സൃഷ്ടിച്ച വ്യാജ യാത്രാരേഖ. ഒടുവില്‍ മരണക്കിടക്കയില്‍ നോമാന്‍ ഭാര്യയോട് മോഷണത്തിന്‍റെ കാര്യം വെളിപ്പെടുത്തുമ്പോള്‍ മാത്രമാണ് മോഷണത്തിന്‍റെ കാര്യം പുറംലോകമറിയാനുള്ള വഴി തുറന്നത്.
39 ക്ലോക്കുകള്‍ തിരികെയെത്തിയ ശേഷം ഇസ്രയേല്‍ പൊലീസ് അന്വേഷണം തുടര്‍ന്നു. നോമാന്‍റെ സേഫ് സ്റ്റോറേജുകളൊക്കെ പരിശോധിച്ചു. ആ കള്ളന്‍റെ യാത്രാവഴികളിലൂടെ സഞ്ചരിച്ചു. നെതര്‍ലന്‍ഡ്‌സിലെ ഹേഗില്‍ നിന്നു ചില ക്ലോക്കുകളും വ്യാജ പാസ്‌പോര്‍ട്ടുകളും വ്യാജ യാത്രാരേഖകളുമൊക്കെ ലഭിച്ചു. ആ ക്ലോക്കുകളില്‍ ചിലത് മ്യൂസിയത്തിലേതായിരുന്നു എന്ന് തിരിച്ചറിഞ്ഞു. ചില ക്ലോക്കുകള്‍ ഫ്രാന്‍സില്‍ നിന്നാണു ലഭിച്ചത്. മോഷണത്തിനു ശേഷം സ്വസ്ഥജീവിതത്തിനിടം തേടി യൂറോപ്പിലേക്കും പിന്നീട് അമെരിക്കയിലേക്കും പലായനം ചെയ്യുകയായിരുന്നു നാമാന്‍. അപ്പോഴേക്കും ക്യാന്‍സര്‍ ബാധിതനായി. തിരികെ കിട്ടിയ എല്ലാ ക്ലോക്കുകളിലും വാച്ചുകളിലും നാമാന്‍റെ വിരലടയാളമുണ്ടായിരുന്നുവെന്നു പിന്നീട് ഇസ്രയേല്‍ സീരിയസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം സ്ഥിരീകരിച്ചിരുന്നു.
ഇസ്രയേലിന്‍റെ ചരിത്രത്തില്‍ ഏറ്റവും വിദഗ്ധനായ കള്ളനായാണ് നാമാനെ വിലയിരുത്തുന്നത്. ഒരു തുരങ്കമുണ്ടാക്കി ബാങ്ക് കൊള്ളയടിച്ചതുള്‍പ്പടെ നിരവധി മോഷണങ്ങള്‍ ഇയാളുടെ 'ക്രെഡിറ്റിലുണ്ട്'. 1960 മുതല്‍ 70 വരെ ജയിലിലായിരുന്നു. പണത്തിനു വേണ്ടിയായിരുന്നില്ല ആ മോഷണം. ആ പ്രവൃത്തിയിലുള്ള ലഹരിയായിരുന്നു എല്ലാകാലത്തും നാമാനെ ഉത്തേജിപ്പിച്ചിരുന്നത്. എന്നിരുന്നാലും മ്യൂസിയത്തില്‍ നിന്നു മോഷ്ടിക്കപ്പെട്ട 34 ക്ലോക്കുകള്‍ ഇന്നു ദുരൂഹമായി തുടരുകയാണ്.
ദ ഗ്രേറ്റസ്റ്റ് വാച്ച് ഹീസ്റ്റ് ഇന്നും ഒരു ത്രില്ലിങ് ഹീസ്റ്റ് സ്റ്റോറിയാണ് പലര്‍ക്കും. അല്ലെങ്കിലും സ്വന്തം വീട്ടില്‍ കയറുന്നിടത്തോളം കള്ളനോളം വലിയൊരു കൗതുകമില്ലല്ലോ.