തൃക്കാക്കരയിലേക്ക് വഴി തുറന്ന് മുകുന്ദനും സച്ചിദാനന്ദനും

കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥിന്‍റെ 'തൃക്കാക്കര സ്‌കെച്ചസ്' പ്രകാശനം ചെയ്തു
കാർട്ടൂണിസ്റ്റ് സുധീർനാഥിന്‍റെ തൃക്കാക്കര സ്കെച്ചസ് എന്ന പുസ്തകം എം. മുകുന്ദൻ, പ്രൊഫ. കെ. സച്ചിദാനന്ദൻ, അശോകൻ ചരുവിൽ എന്നിവർ പ്രകാശനം ചെയ്യുന്നു.
കാർട്ടൂണിസ്റ്റ് സുധീർനാഥിന്‍റെ തൃക്കാക്കര സ്കെച്ചസ് എന്ന പുസ്തകം എം. മുകുന്ദൻ, പ്രൊഫ. കെ. സച്ചിദാനന്ദൻ, അശോകൻ ചരുവിൽ എന്നിവർ പ്രകാശനം ചെയ്യുന്നു.
Updated on

തൃശൂർ: ഏതൊരു എഴുത്തുകാരനും ആദ്യം എഴുതിത്തുടങ്ങുന്നത് സ്വന്തം നാടിനെക്കുറിച്ചായിരിക്കുമെന്നും ആ എഴുത്തിലൂടെയാണ് സാഹിത്യകാരന്മാര്‍ വളര്‍ന്നു വരുന്നതെന്ന് പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്‍. കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാനും എഴുത്തുകാരനുമായ സുധീര്‍നാഥ് രചിച്ച 'തൃക്കാക്കര സ്‌കെച്ചസ് ' കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. കെ. സച്ചിദാനനന്ദനുമായി ചേര്‍ന്ന് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ ഉപാധ്യക്ഷന്‍ അശോകന്‍ ചെരുവില്‍ സന്നിഹിതനായിരുന്നു. അഴിമുഖം ബുക്‌സ് പ്രസിദ്ധീകരിക്കുന്ന നാലാമത്തെ പുസ്തകമാണ് തൃക്കാക്കരയുടെ ചരിത്ര- പൗരാണിക സമകാലിക കഥകള്‍ വരച്ചിടുന്ന തൃക്കാക്കര സ്‌കെച്ചസ്. പ്രശസ്ത നിരൂപക ഡോ. എം. ലീലാവതിയാണ് അവതാരിക എഴുതിയിരിക്കുന്നത്. രാജേഷ് ചാലോട്ടാണ് കവര്‍ ഡിസൈന്‍.

തൃക്കാക്കരയുടെ പരിണാമവും വികാസവും തികഞ്ഞ നര്‍മബോധത്തോടെയും ഒരു കാര്‍ട്ടൂണിസ്റ്റിന്‍റെ ജീവിതബോധത്തോടെയും പ്രതിഫലിപ്പിക്കുന്ന വിവരണങ്ങളാണ് സുധീര്‍നാഥിന്‍റെ തൃക്കാക്കര സ്‌കെച്ചസ് എന്നാണ് ഡോ. എം ലീലാവതി അവതാരികയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

'തൃക്കാക്കരയ്ക്ക് പോം പാതയേതോ?' എന്ന് മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ ചോദിച്ചതുപോലെ പണ്ടത്തെ മഹാബലിയുടെ ആസ്ഥാനത്തേക്ക് പോകുന്ന പാതയേതോ എന്ന് അന്യദേശക്കാര്‍ അന്വേഷിക്കുന്ന രീതിയിലുള്ള ഈ ചരിത്ര വിവരണം രചിച്ചതിന് സുധീര്‍ നാഥിനെ അഭിനന്ദിക്കുകയാണെന്നും ലീലാവതി എഴുതുന്നു.

മഹാബലി ചക്രവര്‍ത്തിയുടെ ആസ്ഥാനമായിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന തൃക്കാക്കര എറണാകുളം പട്ടണത്തിനും ആലുവയ്ക്കും ഇടയിലുള്ള പ്രദേശമാണ്. ആ പുരാണത്തിന്‍റെയും ചരിത്രത്തിന്‍റെയും ലോകത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന രീതിയിലാണ് ഇതിന്‍റെ രചന.

Trending

No stories found.

Latest News

No stories found.