അക്ഷരജാലകം | എം.കെ. ഹരികുമാർ
കഴിഞ്ഞദിവസം വൈക്കം മുഹമ്മദ് ബഷീറിന്‍റെ അനുസ്മരണം വിവിധ വിദ്യാലയങ്ങളിൽ ഉത്സാഹത്തോടെ നടന്നതറിഞ്ഞു. പത്രങ്ങളിൽ ചിത്രങ്ങളും വാർത്തകളും വന്നു. വൈക്കം മുഹമ്മദ് ബഷീർ സമുദായ കഥാപാത്രങ്ങൾ സൃഷ്ടിച്ച ഒരു എഴുത്തുകാരൻ എന്ന നിലയിലേക്ക് കാര്യങ്ങൾ ചുരുങ്ങിപ്പോയോ എന്ന് സംശയമുണ്ട്. ബഷീർ "പാത്തുമ്മയുടെ ആട്' എന്ന ഒരു കൃതി എഴുതിയത് കൊണ്ട് പാത്തുമ്മയുടെ വേഷം കെട്ടി ഒരു ആടിനെയും പിടിച്ച് നിന്നാൽ ബഷീർ അനുസ്മരണമായി എന്ന് ചിന്തിക്കുന്നവരുണ്ട്. അവർക്ക് ബാഹ്യമായ ഒരു ബഷീറിനെ മതി. ചാരുകസേരയിൽ ബീഡി വലിച്ച് ഉറുദു പാട്ടു കേട്ടിരിക്കുന്നയാളാണ് ബഷീർ എന്ന് ധരിക്കുന്നവരുണ്ട്. ഈ രീതിയിൽ വ്യക്തികളെ ചുരുക്കി കൊണ്ടുവരുന്നത് ആശയങ്ങളെ നേരിടാൻ മനസില്ലാത്തവരാണ്.
നമ്മുടെ സ്കൂളുകളിൽ നിറഞ്ഞാടിയ ബഷീർ അനുസ്മരണത്തിൽ കണ്ടത് പാത്തുമ്മമാരെയാണ്. ബഷീറിനെ ഒരു പ്രത്യേക കഥാപാത്രത്തിന്‍റെ പേരിൽ മാത്രം മനസിലാക്കുന്നത് ശരിയല്ല. അത് വല്ലാത്ത ന്യൂനീകരണമാണ്. ബഷീറിന്‍റെ കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താൻ വേണ്ടി മലയാളം പഠിച്ച ബ്രിട്ടീഷ് ഭാഷാ വിദഗ്ധൻ റൊണാൾഡ് ഇ. ആഷർ എന്ന പ്രൊഫസറെ ഓർക്കുക. ബഷീർ ഒരു ആഗോള സാഹിത്യകാരനാണെന്ന തിരിച്ചറിവാണ് അതിനു പിന്നിലുള്ളത്. ബഷീർ ഒരു പാത്തുമ്മയെ സൃഷ്ടിച്ചെങ്കിൽ, അതിലൂടെ എന്താണ് പറയാൻ ശ്രമിക്കുന്നതെന്ന് അറിയണം.
ബഷീർ പൊതു പാരമ്പര്യം
അധ്യാപകരോട് പറയാനുള്ളത് ഇതാണ്: നിങ്ങൾ ബഷീറിനെക്കുറിച്ച് തെറ്റായ ധാരണകൾ കുട്ടികളുടെ മനസിലേക്ക് കടത്തി വിടരുത്. ബഷീർ മതങ്ങൾക്കപ്പുറം പോയി സത്യത്തെ കാണാൻ ശ്രമിച്ച എഴുത്തുകാരനാണ്. അദ്ദേഹം നമ്മുടെ പൊതു പാരമ്പര്യമാണ് ഇപ്പോൾ. എല്ലാ ആശയസംഹിതകളിലും ചിന്തകളിലും തത്ത്വങ്ങളിലും വെളിച്ചമന്വേഷിച്ച എഴുത്തുകാരനാണ് അദ്ദേഹം. ആ നിലയിലായിരിക്കണം ബഷീർ അനുസ്മരണം നടത്തേണ്ടത്. നമ്മുടെ സ്കൂളുകളിലും മറ്റു കലാലയങ്ങളിലും ഇപ്പോൾ സാഹിത്യത്തിനോ സാഹിത്യകാരന്മാർക്കോ പ്രവേശനമില്ല. വിദ്യാലയങ്ങൾ വെറും സർക്കാർ വകുപ്പായി മാറിയിരിക്കുന്നു. ഇനിയും ബഷീർ അനുസ്മരണം വരും; അന്നും ബഷീർ കഥാപാത്രങ്ങളുടെ വേഷപ്പകർച്ചകൾ എന്ന പോലെ ചടങ്ങു നടക്കും.
ജീവിതത്തെ ഒരു പ്രതീക്ഷയുമില്ലാതെ നോക്കിയ എഴുത്തുകാരനാണ് ബഷീർ. "മാന്ത്രികപ്പൂച്ച' എന്ന നോവലിലെ ഈ വാചകങ്ങൾ നോക്കുക:
"മരിച്ചു കഴിഞ്ഞാൽ കാറ്റും വെളിച്ചവും അത്യാവശ്യമാണല്ലോ. ജീവിച്ചിരിക്കുമ്പോൾ കാറ്റു വേണ്ട! വെളിച്ചം വേണ്ട! ഒന്നും വേണ്ട. ഈ ഭൂമിയിലെ താമസം യാത്രാമധ്യേ സത്രത്തിൽ രാത്രി കഴിച്ചുകൂട്ടുന്ന മാതിരിയാകുന്നു. യാതനകൾ ഉണ്ടെങ്കിൽ സാരമില്ല. ശാശ്വതമായി കഴിച്ചുകൂട്ടേണ്ട സ്ഥലം കിടക്കുന്നു - സ്വർഗം! നരകമുണ്ടെന്ന് വച്ചോളൂ. അതിൽ നിന്ന് രക്ഷപ്പെടുന്നതിനാകുന്നു പ്രാർഥന; സൽപ്രവൃത്തികൾ. പ്രാർഥനയും തീറ്റയും കുടിയും സന്താനങ്ങളെ ഉണ്ടാക്കലും- ഇതാകുന്നു ജീവിതം. പത്തുപതിനായിരം വർഷങ്ങൾ ഇങ്ങനെ കഴിച്ചുകൂട്ടി. സന്തതിപരമ്പരകളും ഇങ്ങനെ തന്നെ കഴിച്ചുകൂട്ടും. ഇതാകുന്നു വിധി'.
ഇതാണ് ബഷീറിനെ സ്വാധീനിച്ച ചിന്ത. അദ്ദേഹം ആത്മാവിൽ ഒരു അന്വേഷിയായിരുന്നു. എല്ലായിടത്തും ഒരു നിരീക്ഷകനായിരുന്നു. ആത്മാവിൽ ഏകാന്തതയായിരുന്നു ബാക്കി. ആ ഏകാന്തതയുടെ പാരമ്യത്തിലാണ് അദ്ദേഹം എഴുത്തിനോടു പറഞ്ഞത്. എഴുതുമ്പോൾ, അദ്ദേഹം ഒരു ലോകത്തെക്കുറിച്ച് ബോധവാനാകുന്നു. പിന്നീട് ജീവിതം എന്ന നിരുപാധികമായ സഹനത്തിലേക്ക് വീണുപോവുകയായിരുന്നു. തകഴിയെ അനുസ്മരിക്കാൻ പറഞ്ഞാൽ പാടത്ത് പണിയെടുക്കുന്ന കർഷകരുടെ വേഷത്തിൽ കുറേപ്പേർ സ്റ്റേജിലേക്ക് കയറി വരുന്ന കാലമാണിത്. ഇത് ബുദ്ധിപരമായ നിശ്ചലതയായി കാണണം. തകഴിയാണല്ലോ "ചെമ്മീൻ' എഴുതിയത്. ചെമ്മീൻ തലയിൽ ചുമന്ന് സ്റ്റേജിലെത്തിയാൽ തകഴി അനുസ്മരണമായി! ഈ നിലപാട് വിധ്വംസകമാണ്. ബഷീർ വെളിച്ചത്തെ തേടുകയായിരുന്നു. ഉള്ളിൽ ഒരു സന്യാസിയെപ്പോലെ അദ്ദേഹം അലത്തു. സന്യാസിയെന്നാൽ അതിൽ മതം കലർത്തേണ്ടതില്ല. നിസ്വനായി, പ്രപഞ്ചസാരം തേടി, അവനവനിലേക്ക് വരുന്ന സൂചനകളെക്കുറിച്ച് നിരന്തരം ചിന്തിക്കുന്നയാൾ എന്ന് മനസിലാക്കിയാൽ മതി. ലോകം തിന്മ കൊണ്ട് നിറഞ്ഞതാണ്. എവിടെ നോക്കിയാലും നെഗറ്റീവ്. അതിൽ നിന്ന് രക്ഷ നേടാനാണ് അനൈഹികമായ ആനന്ദം തരുന്ന കല സൃഷ്ടിക്കുന്നത്.
അനുഭവങ്ങൾ പാളിച്ചകൾ
തകഴിയുടെ "അനുഭവങ്ങൾ പാളിച്ചകൾ' എന്ന നോവലിനെ കെ.എസ്. സേതുമാധവൻ ചലച്ചിത്രമാക്കിയപ്പോൾ സത്യനാണല്ലോ ചെല്ലപ്പൻ എന്ന തൊഴിലാളിയെ അവതരിപ്പിച്ചത്. ചെല്ലപ്പന് തെറ്റ് ചെയ്യേണ്ടി വന്നു. അയാളെ ഭരണകൂടം തൂക്കിലേറ്റുകയായിരുന്നു. തൊഴിലാളികൾക്ക് വേണ്ടി ഇടിക്കാനും കൊല്ലാനും നടന്ന ചെല്ലപ്പന് വീടും ഭാര്യയും മക്കളും നഷ്ടപ്പെട്ടു. ചെല്ലപ്പനെ സത്യൻ അവതരിപ്പിച്ചപ്പോൾ ആ കഥാപാത്രത്തിന് സ്വീകാര്യത ലഭിച്ചു. ചെല്ലപ്പനെ സിനിമയിലൂടെ ആദർശവൽക്കരിക്കുകയാണോ ചെയ്തതെന്ന് ഞാൻ സേതുമാധവനോട് ചോദിച്ചത് ഓർക്കുകയാണ്. അദ്ദേഹം പറഞ്ഞത് ഒരിക്കലും ചെല്ലപ്പനെ ആദർശവത്കരിക്കാൻ ശ്രമിച്ചില്ല എന്നാണ്. ആരെയും ഹിംസിക്കാൻ ആർക്കും അധികാരമില്ല. തെറ്റ് ചെയ്താൽ ശിക്ഷ കിട്ടണം. ഒരിക്കലും ചെല്ലപ്പനെ പോലെയാകാൻ ശ്രമിക്കരുത് എന്ന സന്ദേശമാണ് താൻ സിനിമയിലൂടെ നൽകിയതെന്ന് സേതുമാവവൻ പറഞ്ഞു.
എന്നാൽ സത്യൻ എന്ന നടനിലൂടെ ഒരു നിഷേധിയുടെ, കുറ്റവാളിയുടെ ജീവിതത്തിന് ഫോക്കസ് ലഭിച്ചു. ധാരാളം പേർ അത് വിലയിരുത്തി. അയാൾ തന്‍റെ കുട്ടിയുടെ ശവമടക്കിയ സ്ഥലത്ത് വരുന്ന നിമിഷം വികാരഭരിതമാണ്. ചെല്ലപ്പൻ അവിടെ ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുന്നു. അയാൾക്ക് വാക്കുകളില്ല. സ്വന്തം നഷ്ടത്തെ ന്യായീകരിക്കാനോ സ്വന്തം പ്രവൃത്തികളുമായി മുന്നോട്ടു പോകാനോ അയാൾക്ക് സാധിക്കുന്നില്ല. അയാൾ ജീവിതത്തിൽ, ഉറ്റവരുടെയിടയിൽ സ്വയം വേർപെടുത്തപ്പെട്ടവനായി മാറുന്നു. ഒരു അന്യനാണ് അയാൾ, തീവ്രമായ വേദന ഉള്ളിൽ അടക്കിപ്പിടിക്കുമ്പോഴും. സത്യനിലൂടെ ആ വികാരത്തിന്‍റെ സമ്മർദം പ്രേക്ഷകർ കണ്ടു. ഇത് സംവിധായകന്‍റെ സന്ദർഭമാണ്.
ജീവിതത്തെ കാർമേഘങ്ങൾ വലയം ചെയ്തിരിക്കുകയാണ്. അത് കാണാതെ നീങ്ങുന്നവർ ദിക്കറിയാതെ കഷ്ടപ്പെടും. കലാകാരൻ ആ വഴി കണ്ടെത്താനാണ് ശ്രമിക്കുന്നത്. കാരണം, കലാകാരൻ ഒരു സൃഷ്ടികർത്താവാണ്. അയാളാണല്ലോ കഥാപാത്രത്തെ സൃഷ്ടിക്കുന്നത്. മനുഷ്യന്‍റെ ജീവിതത്തെ വലയം ചെയ്ത നരകം കഥാപാത്രത്തിലൂടെ കലാകാരൻ ആവിഷ്കരിക്കുന്നു. കലാകാരൻ ലക്ഷ്യം വയ്ക്കുന്നത് ശുദ്ധമായ ബോധവും വെളിച്ചവുമാണ്. ജീവിതത്തെ മൂടിയ കാർമേഘത്തെ മറികടക്കാൻ വേണ്ടി അയാൾ ദുരിതമനുഭവിക്കുന്നു. സ്വയം നോവിക്കുന്നു.
അൻസൽ ആദംസ്
അമെരിക്കൻ ഫോട്ടൊഗ്രാഫർ അൻസൽ ആദംസ് (1902-1984) എഴുതിയ ചില വാചകങ്ങൾ ഈ അവസരത്തിൽ പ്രസക്തമാണെന്ന് തോന്നുന്നു. "ജീവിതമാണ് നിങ്ങളുടെ കല. തുറന്ന, ബോധമുള്ള ഒരു ഹൃദയമാണ് നിങ്ങളുടെ കാമറ. ലോകവുമായുള്ള ഒരുമയാണ് നിങ്ങളുടെ കാമറച്ചിത്രം. നിങ്ങളുടെ തെളിഞ്ഞ കണ്ണുകളും അനായേസനയുള്ള ചിരിയുമാണ് നിങ്ങളുടെ മ്യൂസിയം. "ഇത് സൂചിപ്പിക്കുന്നത് സ്വയം നവീകരിക്കുകയും നിരീക്ഷിക്കുകയും ചെയ്യണമെന്നാണ്. നെഗറ്റീവാകാതിരിക്കാനുള്ള മന്ത്രമാണിത്. ലോകവുമായുള്ള ഒരുമ എന്നത് ആഴമുള്ള ആശയമാണ്. ലോകം നിറയെ വൈരുധ്യങ്ങളും തർക്കങ്ങളുമാണ്. ഒരു അഭിപ്രായത്തോടും ആരും യോജിക്കുകയില്ല. എല്ലാവരും എല്ലാറ്റിനെയും എതിർക്കുകയാണ്. സ്വയം എതിർക്കാൻ വേണ്ടിയാണ് അഭിപ്രായം സ്വയം നിരസിക്കുന്നത്.
"ഗായത്രീ' മന്ത്രത്തിൽ വെളിച്ചം തേടിപ്പോകുന്ന ഒരു ലൗകികന്‍റെ പ്രാർഥനയാണുള്ളത്. ഇരുട്ടിനെതിരെ പ്രതികരിക്കാൻ മനസാക്ഷിയുള്ളവരെല്ലാം വിധിക്കപ്പെടുന്നു. അനീതി കാണുമ്പോൾ പ്രതികരിക്കുന്നത് ഈ മനസുള്ളതുകൊണ്ടാണ്. അനീതിയുമായി ഒത്തുപോകാൻ കഴിയാത്തതുകൊണ്ട് ആത്മഹത്യ ചെയ്യുന്നവരുണ്ട്. അവർ എത്രമാത്രം നന്മ ഉള്ളിൽ പേറിയിരിക്കണം. ജീവിതം തെറ്റുകളോടുള്ള ഒത്തുതീർപ്പാണെങ്കിൽ നമ്മുടെ സാഹിത്യവും കലയും രാഷ്‌ട്രീയവും കൊണ്ട് എന്ത് പ്രയോജനം? ഒരു തെറ്റ് കാണുമ്പോൾ അതിനോട് എതിരിടുന്നത് പോലെ നമ്മുടെയുള്ളിൽ നമ്മുടെ തിന്മയ്ക്കെതിരെയുള്ള ഒരു യുദ്ധം നടക്കുന്നുണ്ട്. ഗായത്രീ മന്ത്രത്തിൽ അതാണ് ഞാൻ വായിക്കുന്നത്.
"ഓം ഭൂർ ഭുവഃ സ്വഃ
തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത്'
ഓം എന്നാൽ പരമമായ അർഥമാണ്, പ്രണവമാണ്. ഭൂർ ഈ ഭൂമിയാണ്, അസ്തിത്വമാണ്. ഭുവഃ ജീവിതവേളയാണ് (ഭൂമിക്കും സൂര്യനും ഇടയിലുള്ള ഇടം). സ്വഃ സ്വർഗം തന്നെ (മനസിന്‍റെ ആകാശം). തത് സവിതൂർ വരേണ്യം എന്നാൽ ഈ മൂന്നു ലോകങ്ങളെയും ഭാസുരമാക്കുന്ന സൂര്യദേവന്‍റെ ഗുണം. ഭർഗോ ദേവസ്യ ധീമഹി- സൂര്യന്‍റെ ഈ ദൈവികമായ പ്രകാശത്തെ ഞങ്ങൾ ധ്യാനിക്കുന്നു. അതിനെ ദൈവത്തിന്‍റെ ഗുണമെന്ന നിലയിൽ ഞാൻ ധ്യാനിക്കുന്നു എന്ന്.
എന്തിന്? എന്‍റെ ബുദ്ധിയെ അവിടുത്തെ ദിവ്യമായ പ്രകാശത്താൽ നിത്യമായി പ്രചോദിപ്പിക്കാൻ. ജീവിതത്തിൽ എല്ലായിടത്തും ആധിപത്യമുള്ള സർവശക്തിയോട് ഒരു മനുഷ്യാത്മാവ് പ്രാർഥിക്കുകയാണ്. തന്‍റെ ഇരുട്ടിനെ മാറ്റി അവിടുത്തെ പ്രകാശം നിറയ്ക്കണമെന്ന്. ഇവിടെ ധിയോ എന്നാൽ ആന്തരിക ബുദ്ധിയാണ്, അന്തർദർശനമാണ്, ജ്ഞാനമാണ്. കുറെ ജനറൽ നോളജ് തരണമെന്നല്ല പ്രാർഥന. മറഞ്ഞിരിക്കുന്ന സത്യങ്ങൾ വെളിവാക്കി കൊടുക്കണമെന്നാണ്. വിദ്യാസമ്പന്നനായതുകൊണ്ട് ക്രൂരത പ്രവർത്തിക്കുകയില്ലെന്ന് പറയാനാവില്ല. അവന്‍റെയുള്ളിലും ദൈവമില്ല. വിദ്യാസമ്പന്നന്‍റെയുള്ളിലും ദൈവം ഉണ്ടാകണം. ദൈവം പരമമായ ജ്ഞാനമാണ്.
ജനനത്തിനും മരണത്തിനും ഇടയ്ക്കുള്ള ജീവിതത്തെക്കുറിച്ച് സാരവത്തായ പാഠങ്ങൾ പഠിപ്പിക്കാൻ സാധാരണ അധ്യാപകർക്ക് കഴിവില്ല. അധ്യാപകർ പൊതുവെ പഠിച്ച പാഠങ്ങൾ ആവർത്തിക്കുകയാണ് ചെയ്യുന്നത്. അവർ ജ്ഞാനം സൃഷ്ടിക്കുന്നില്ല. നമ്മുടെ രാഷ്‌ട്രീയ, സാഹിത്യഘടനയിൽ സ്വന്തമായി ജ്ഞാനം സൃഷ്ടിക്കുന്നവരെ കുറ്റവാളിയായി കാണുന്ന സമീപനമാണുള്ളത് ;നിലവിലുള്ള ധാരണകളെ അത് എത്ര അസംബന്ധമാണെങ്കിലും ചുമക്കണം. ഇങ്ങനെ ചുമക്കുന്നവനെയാണ് വിദ്യാഭ്യാസമ്പന്നൻ എന്ന് പറയുന്നത്. ജ്ഞാനത്തിനോട് കലികയറി യുദ്ധം ചെയ്യുന്നത് ഒരു ഫാഷനാക്കരുത്.
അറിവ് നേടാനായി ആദ്യം ചെയ്യേണ്ടത് സ്വന്തം മനസിൽ നിന്നുള്ള സിഗ്നലുകൾ പിടിച്ചെടുക്കാൻ വിനീതനാകുകയാണ്. മനസ് സൂചന തരാറുണ്ട്. പക്ഷേ, അത് ശ്രദ്ധിക്കാൻ കഴിയാറില്ല. എപ്പോഴും ബുദ്ധിക്കു ഉപദേശം വേണം. ബുദ്ധിയുണ്ടാകുന്നത് നല്ലതാണെങ്കിലും ബുദ്ധികൊണ്ട് ചെയ്യുന്നതെല്ലാം നല്ല കാര്യങ്ങളല്ല. നിരപരാധികളായ ആളുകളെ വെടിവെച്ചു കൊല്ലുന്നതും അഴിമതി നടത്തുന്നതും ബുദ്ധികൊണ്ടാണ്. എന്നാൽ ആ ബുദ്ധി വർജ്യമാണ്. ഇങ്ങനെയുള്ള ബുദ്ധിയിൽ നിന്ന് രക്ഷിച്ച് അന്തർദർശനപരമായ ബുദ്ധി അഥവാ പ്രകാശം ഉള്ളിൽ നിറയ്ക്കണമേയെന്നാണ് പ്രാർഥന. അതാണ് ധിയോ യോ നഃ പ്രചോദയാത്.
രജതരേഖകൾ
1) മഹർഷി അരബിന്ദോ ദൈവത്തെയും മനുഷ്യനെയും പ്രകൃതിയെയും കുറിച്ച് അസന്ദിഗ്ധമായി പറഞ്ഞു: "ദൈവവും പ്രകൃതിയും സ്നേഹത്തോടെ കളികളിലേർപ്പെട്ട ആൺകുട്ടിയും പെൺകുട്ടിയുമാണ്. അവർ ഒളിച്ചുകളിക്കുകയാണ്. ചിലപ്പോൾ കണ്ടെത്തുന്നു. മനുഷ്യൻ പ്രകൃതിയിൽ നിന്ന് സ്വയം മറച്ചുപിടിച്ച ദൈവമാണ്. അതുകൊണ്ട് പ്രകൃതിയെ അവനു കീഴടക്കാൻ തോന്നും, അക്രമത്തിലൂടെ. മൃഗം എന്നത് മനുഷ്യൻ വേഷപ്രച്ഛന്നനായിരിക്കുന്നതാണ്, രോമത്തൊലിയോടെ. മണ്ണിരയിലും വേഷപ്രച്ഛന്നനായ മനുഷ്യനാണുള്ളത്; അത് മനുഷ്യത്വത്തിലേക്ക്, അതിന്‍റെ പരിണാമത്തിലേക്ക് ഇഴയുകയാണ്.
2) കേരളത്തിൽ ഇടതുപക്ഷത്തിനു വേണ്ടി വാദിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന എഴുത്തുകാർക്ക് യാതൊന്നിനോടും പ്രതിബദ്ധതയില്ലെന്നും സ്ഥാനമാനങ്ങൾ തേടി ആർത്തി പൂർത്തീകരിക്കാനുള്ള ഓട്ടമാണ് അവരുടേതെന്നും ബി. രാജീവൻ പറഞ്ഞത് (മാധ്യമം ആഴ്ചപ്പതിപ്പ്, ജൂലായ് 15) ശക്തമായ ഒരു പ്രഹരമായി. അദ്ദേഹത്തിന്‍റെ വാക്കുകൾ: "നമ്മുടെ ബുദ്ധിജീവികൾ ഇടത്തരക്കാരായതുകൊണ്ട് തന്നെ ഇവർക്ക് സുരക്ഷിതമായ സാമൂഹ്യജീവിതം കിട്ടും. അധികാരത്തിന്‍റെ ഭാഗമായി നിന്നാൽ അവർക്ക് സ്വപ്നം കാണാൻ കഴിയാത്ത സ്ഥാനങ്ങൾ ലഭിക്കും. ഇടത്തരക്കാരന് ഉള്ളിൽ നിറയെ ആർത്തിയാണ്ട്'- ബി. രാജീവൻ ഇപ്പോഴും ഒരു സ്വതന്ത്ര എഴുത്തുകാരനായി തുടരുന്നതിൽ സൗന്ദര്യമുണ്ട്.
3) ഉണ്ണി ബാലകൃഷ്ണന്‍റെ നീണ്ടകഥ "വ്യക്തിത്വമുള്ള ഒരു മൃഗവൈദ്യൻ' (മാധ്യമം, ജലായ് 15) ഒന്നാം ഭാഗം വായിച്ചു. തുറന്നു പറയട്ടെ, തുടക്കത്തിൽ തന്നെ ടെലിവിഷൻ ആങ്കർമാരുടെ വൃഥാസ്ഥൂലവും ആവർത്തനവിരസവുമായ ഭാഷയാണ് കാണാൻ കഴിഞ്ഞത്. ഓഫീസിൽ കഥാപാത്രം കൃത്യമായി ജോലി ചെയ്യുന്നത് അതിസ്ഥൂലമായി വിവരിക്കുകയാണ്. അതാകട്ടെ അർഥശൂന്യവും. കഥാകൃത്ത് മനസിലാക്കേണ്ടത് ഇതാണ്: ഒരു കഥാകൃത്ത് എഴുതി തുടങ്ങുമ്പോൾ തന്നെ, ഇന്നത്തെ വായനക്കാരൻ ആർജിച്ച ചിന്തയുടെ വേഗം കഥാകാരനെയും കടന്ന് സംസ്ഥാനം വിട്ടിരിക്കും. മനുഷ്യർക്ക് പഴയ മട്ടിലുള്ള നീണ്ട വിവരണം ഇപ്പോൾ ആവശ്യമില്ല.
4) കെ.പി. രമേഷിന്‍റെ "ആവേ മരിയ' എന്ന പുസ്തകത്തെക്കുറിച്ച് ബെന്നി ഡൊമിനിക്ക് എഴുതിയ ലേഖനം (മേരി വിജ്ഞാനീയത്തിലെ മലയാള മാതൃക, എഴുത്ത്, ജൂലായ് ) മേരി പഠനങ്ങൾക്ക് സഹായകരമാണ്. "ആവേ മരിയ -വിശുദ്ധ മരിയയുടെ അർഥതലങ്ങൾ'(പ്രണത) എന്ന പുസ്തകം ഒരു പഠനമാണ്, അതോടൊപ്പം ഗവേഷണവുമാണ്. മരിയൻ സംഗീതം, ചിത്ര, ശില്പങ്ങൾ, സിനിമകൾ, സാഹിത്യം, ഐതിഹ്യം, ചരിത്രം എന്നിങ്ങനെ വിവിധ മേഖലകളെ സ്പർശിക്കുന്ന പുസ്തകമാണിത്. കെ.പി. അപ്പൻ എഴുതിയ "മധുരം നിന്‍റെ ജീവിതം' മലയാളത്തിൽ മേരിയോളജി പഠനങ്ങൾക്ക് തുടക്കം കുറിച്ച പുസ്തകമാണ്.
5) "എണ്ണം പറഞ്ഞ ഒരു ബാലസാഹിത്യകൃതി മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ' എന്ന് കഥാകൃത്ത് ഉണ്ണികൃഷ്ണൻ കിടങ്ങൂർ (ഗ്രന്ഥാലോകം, ജൂലായ്) ചോദിച്ചത് ഉചിതമായി. ഇവിടെ ആരും അത് ചോദിക്കുന്നില്ല. മാസംതോറും ബാലസാഹിത്യ കൃതികൾ എഴുതുന്നവരുണ്ട്. പലർക്കും മറ്റു പല പ്രലോഭനങ്ങളാണുള്ളത്.
6) "ഗലികളിലെ കുതിരവണ്ടിക്കാരാ' (പ്രസാധകൻ, ജൂലായ്) എന്ന കവിതയിൽ ബാലഗോപാലൻ കാഞ്ഞങ്ങാട് ഇങ്ങനെ എഴുതുന്നു:
"മുറിച്ചുകളഞ്ഞാലും
വിട്ടൊഴിയാത്ത
ഭാരമായിരുന്നല്ലോ
രൂപരഹിതമായി
നീയൊളിപ്പിച്ച നിശ്ശബ്ദത
എന്നിരുന്നാലും
നാളെകൾ നിന്നെയീ
ഗലികളിൽ
എത്രയൊളിപ്പിച്ചാലും
വെളുത്തുചിരിക്കുന്ന
ആൾക്കൂട്ടങ്ങളാകുന്നുണ്ട്.
കണ്ണു കലങ്ങി
തനിച്ചാക്കി നിന്നെ'.
കുതിരവണ്ടിക്കാരനെ ഭാഷയിലേക്ക് കടത്തിക്കൊണ്ടു പോയി കവി എന്ന വ്യക്തിയിലേക്ക് പിടിച്ചു കെട്ടുകയാണ്. ഇവിടെ കവിത ഒരാൾമാറാട്ടമാണ്. അത് ബദൽ യാഥാർഥ്യമാണ്, ഭാഷയിലെ ജീവിതമാണ്.
7) അമെരിക്കൻ എഴുത്തുകാരനായ മാർക് ട്വെയ്ൻ ഒരു സൂത്രം പറഞ്ഞു തന്നു: "സംഭാഷണത്തിനിടയിൽ ഒരാൾ ഉപയോഗിക്കുന്ന നാമവിശേഷണങ്ങളിലൂടെ അയാളുടെ സ്വഭാവം മനസിലാക്കാനാവും'.
8) വീണ്ടുമൊരു മഹാഭാരത നോവൽ കൂടി പുറത്തു വന്നിരിക്കുന്നു. എം.എൻ. വിനയകുമാർ എഴുതിയ "ഹിഡിംബി' (ഗ്രീൻ ബുക്സ്) ഏകലവ്യന്‍റെയും കഥയാണ് പറയുന്നത്. ഒരു വനവാസിയായ ഹിഡിംബിക്ക് മഹാഭാരതത്തിലെ വരേണ്യ കഥാപാത്രങ്ങൾ ഒരു വിലയും കൊടുത്തില്ല. ഒരു മലയാള നോവലിസ്റ്റ് ആ ലോകത്തേക്ക് സാഹസികമായി സഞ്ചരിക്കുകയാണ്. ഈ നോവലിന് ബാലചന്ദ്രൻ വടക്കേടത്ത് എഴുതിയ ദീർഘമായ അവതാരിക ശ്രദ്ധേയമാണ്.