ഒരു കവിയുടെ സഹജീവികളോടുള്ള സംവാദം | Book Review

കവിയും വിവർത്തകനും എഴുത്തുകാരനുമായ സി.പി.അബൂബക്കറിന്‍റെ 'വാക്കുകൾ - ഓർമ്മകളുടെ പുസ്തകം' എന്ന ആത്മകഥയെക്കുറിച്ച്
ഒരു കവിയുടെ സഹജീവികളോടുള്ള സംവാദം | Book Review
കവിയും വിവർത്തകനും എഴുത്തുകാരനുമായ സി.പി.അബൂബക്കറിന്‍റെ 'വാക്കുകൾ - ഓർമ്മകളുടെ പുസ്തകം' എന്ന ആത്മകഥയെക്കുറിച്ച്
Updated on

എം.കെ. ഹരികുമാർ

ഇംഗ്ലീഷിൽ കവിതകൾ എഴുതുന്നവരുടെ ആഗോളസാഹിത്യസംഗമവേദിയായ Poetry Super Highway യിൽ എട്ടുതവണ Poet of the Week ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സി.പി. അബൂബക്കറുമായി രണ്ടു ദശകത്തിനു മുമ്പുതന്നെ എനിക്ക് പരിചയമുണ്ട്. അന്ന് അദ്ദേഹം 'തണൽ ഓൺലൈൻ' വെബ് മാസികയുടെ സാരഥിയായിരുന്നു. ഞാനും പ്രവാസി നോവലിസ്റ്റ് മാത്യു നെല്ലിക്കുന്നും ചേർന്നു 'എഴുത്ത് ഓൺലൈൻ' മാസിക നടത്തിയപ്പോൾ ധാരാളം കവികളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു. അന്ന് ഞങ്ങൾക്ക് അബൂബക്കർ പലപ്പോഴും തന്‍റെ ഇംഗ്ലീഷ് കവിതകൾ അയച്ചു തരുമായിരുന്നു.

അബൂബക്കറിന്‍റെ 'വാക്കുകൾ - ഓർമ്മകളുടെ പുസ്തകം'(ഗ്രീൻ ബുക്സ്) വായിക്കുകയായിരുന്നു. മനുഷ്യർക്ക് ആത്മകഥ എഴുതാനാണ് പ്രയാസം. കാരണം അത് സ്വന്തം അനുഭവങ്ങളെക്കുറിച്ചാണ്. മറ്റുള്ളവരെക്കുറിച്ച് എഴുതുമ്പോൾ നമുക്ക് നിരീക്ഷണം അനായാസമായി ലഭിക്കും. മനസ്സിലാക്കാനുള്ള ശേഷി ഉണ്ടായാൽ മതി. എന്നാൽ സ്വന്തം ജീവിതത്തിലേക്ക് നോക്കുന്നത് പ്രയാസമേറിയ ജോലിയാണ്. അവിടെ യുക്തിബോധം കൊണ്ടുവരുന്നത് വെല്ലുവിളിയാണ്. സ്വന്തം പ്രവൃത്തികളിലൂടെ ലോകനന്മയും വിശാലബോധവും കൈവരിച്ചിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. ജീവിതത്തിന്‍റെ നിലപാടുകൾക്ക് പലപ്പോഴും ചാഞ്ചല്യമുണ്ടാകും. നമ്മൾ കല്ലുപോലെ ഉറച്ചവരല്ല. ജീവിക്കുമ്പോൾ മാനുഷികമായ പരിഗണനകളും വേണ്ടിവരും. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുണ്ട്. അതുകൊണ്ട് എപ്പോഴും ഒരേ ചിന്തയിൽ തന്നെ തുടരാനാവില്ല.അബൂബക്കറിന്‍റെ ആത്മകഥയിൽ ഞാൻ കണ്ടത് സ്വതന്ത്രമായ ചിന്താഗതിയാണ്. അദ്ദേഹം എല്ലാ വിഭാഗീയതകൾക്കും അതീതനായി ചിന്തിക്കുകയാണ്. അദ്ദേഹം സ്വയം ഉയർത്തിക്കാണിക്കുന്നില്ല. എല്ലാവരുടെയും ഇടയിൽ ജീവിച്ച ഒരു സഹയാത്രികൻ എന്ന ഭാവം കാണാം. അദ്ദേഹം തന്നെ അത് വ്യക്തമാക്കുന്നുണ്ട്:

"ഇതിലാവിഷ്കരിക്കുന്ന ഓർമ്മകളിലെ ഞാൻ അന്ന് രാഷ്ട്രീയ സംഘടനാ പ്രവർത്തനം നടത്തിയ ആയിരങ്ങളിലൊരുവനാണ്. അവർക്കില്ലാത്ത സവിശേഷതകളൊന്നും എനിക്കില്ല. അവരനുഭവിച്ചത്രയൊന്നും ദുരിതങ്ങൾ, ഒരുപക്ഷേ ഞാൻ അനുഭവിച്ചിട്ടുണ്ടാവില്ല. ഈ പുസ്തകം സത്യത്തിൽ മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനം വഴിയിലുപേക്ഷിച്ചു പോയ ഒരാൾ അതിനു ന്യായീകരണം കണ്ടെത്തുന്നതിനായി നടത്തുന്ന വൃഥായത്നമാണ്. എഴുതിക്കഴിഞ്ഞപ്പോൾ സ്വയം ചോദിച്ച ചോദ്യം ആ ന്യായീകരണം കണ്ടെത്തിയോ എന്നതാണ്. ഇല്ല എന്നു തന്നെയാണ് അതിന്‍റെ ഉത്തരം."

എഴുതാനുള്ള തീവ്രമായ ആഗ്രഹം

ഈ തുറന്നുപറച്ചിൽ ആകർഷകമാണ്. അവകാശവാദങ്ങളില്ലാതെ അദ്ദേഹം എഴുതുകയാണ്. എൺപതിനോടടുക്കുന്ന പ്രായത്തിലും എഴുതാനുള്ള ഒരുതരം ആർത്തി തന്നെ പിടികൂടിയിരിക്കുന്നതായി അബൂബക്കർ വെളിപ്പെടുത്തുന്നുണ്ട്. "എഴുതിക്കൊണ്ട് അവസാനിക്കണമെന്നാണ് എന്‍റെ പ്രാർത്ഥന" - എത്ര ആത്മാർത്ഥമായ വാക്കുകൾ!. സ്ഥിരമായി എഴുതുന്നവർക്കറിയാം അവരുടെ ഞരമ്പുകളെയും മനസ്സിനെയും എഴുത്ത് എത്രമാത്രം കീഴടക്കിയിരിക്കുന്നുവെന്ന്. അമെരിക്കൻ വിമർശകനായ യുജിൻ ജൊലാസ് 'ഭാഷ തനിക്ക് ഒരു ഞരമ്പുരോഗമായിത്തീർന്നു' എന്നു പ്രസ്താവിച്ചിട്ടുണ്ട്. അത്രമാത്രം അദ്ദേഹം ജീവിച്ചത് ഹൃദയത്തിലാണ്. താൻ ജീവിച്ചിരിക്കുന്നു എന്നു ഉറപ്പുവരുത്താനായി ആത്മാവിഷ്കാരത്തിൽ അദ്ദേഹം കേന്ദ്രീകരിച്ചു.

പുതുപ്പണത്താണ് അദ്ദേഹത്തിന്‍റെ ജനനം. മടപ്പള്ളി കോളജിലും ബ്രണ്ണൻ കോളജിലുമായിരുന്നു വിദ്യാഭ്യാസം. അതിനുശേഷം അദ്ദേഹം ഇടതുപക്ഷത്ത് സജീവരാഷ്ട്രീയപ്രവർത്തകനായി. കെ.എസ്.എഫ്,എസ്,എഫ്.ഐ എന്നീ സംഘടനകളിൽ ഭാരവാഹിയായിരുന്നു.തുടർന്ന് വിവിധ സാംസ്കാരിക സംഘടനകളിൽ പ്രവർത്തിച്ചു. ചിന്ത പബ്ളീഷേഴ്സിന്‍റെ മുഖ്യപത്രാധിപരായിരുന്നു. ദേശാഭിമാനി വാരികയുടെ പത്രാധിപരായിരുന്നു. അബൂബക്കറിന്‍റെ 'മുറിവേറ്റവരുടെ യാത്രകൾ,' 'കടൽ' എന്നീ നോവലുകൾ ശ്രദ്ധേയമാണ്. പുതിയ മാനവിക വിഷയങ്ങളാണ് അദ്ദേഹം ചർച്ച ചെയ്യുന്നത്. ഭാരതയുദ്ധം , കുമ്പാരന്‍റെ പാത്രങ്ങൾ, യാത്രയ്ക്ക് മുമ്പ് , മുറിവേറ്റവരുടെ തടാകം ,ഭൂമിയുടെ കണ്ണ്, തുഗ്ളക്കിന്‍റെ പല്ല് തുടങ്ങിയ കൃതികൾക്ക് പുറമെ 'സമ്പൂർണ്ണകവിത'യും പ്രസിദ്ധീകരിച്ചു.

വ്യക്തിപരമായ ഓർമ്മകൾ ഒഴിവാക്കിയതിനെപ്പറ്റി അബൂബക്കർ പറയുന്നത് ഇതാണ് :"ചില ഓർമ്മകൾ എഴുതുന്നില്ല. വെറും വൈയക്തികമായ അനുഭവങ്ങളും അനുഭൂതികളും എഴുതി എന്തിനാണ് പേജ് നിറയ്ക്കുന്നത് ? അവയിൽ വായനക്കാർക്ക് അല്പമാത്രമായ താൽപര്യം പോലുമുണ്ടാവില്ല." തന്‍റെ വീടിനെക്കുറിച്ച് അദ്ദേഹം ഗൃഹാതുരത്വത്തോടെ എഴുതുന്നു: " വീട്ടിലെ പ്രധാന കഥാപാത്രം ഉപ്പ തന്നെ. വീടിനകത്ത് അധികാരങ്ങളെല്ലാം ഉമ്മയ്ക്ക്. ശരിക്കും വീടർ തന്നെ. പണ്ടുകാലത്ത് ഭാര്യമാരെ വീടർ എന്നു വിശേഷിപ്പിച്ചിരുന്നു. വീട് നോക്കി നടത്തുന്നയാൾ എന്ന നിലയ്ക്കാവണം അത്.കുടുംബിനിയുടെ വേറൊരു ഭാഷാപ്രയോഗം."

ഒരു കവിക്കു ആത്മകഥയിൽ കവിതയെക്കുറിച്ച് ആത്മഗതമുണ്ടാകുന്നത് സ്വാഭാവികമാണ്. കോളജു ക്ളാസുകളിൽ ആംഗലേയകവിത പഠിച്ചതിന്‍റെ രാഗവിലോലസ്മൃതികൾ ഗ്രന്ഥകാരനു ഒഴിവാക്കാനാവില്ല. ബ്രൗണിംഗിന്‍റെ The Last Ride together, റൂപർട്ട് ബ്രൂക്കിന്‍റെ Great Lover, വിൽഫ്രഡ് ഓവന്‍റെ Insensibility, വില്യം വേർഡ്‌സ്വർ ത്തിന്‍റെ Daffodiles(Solitary Reaper?) ഷെല്ലിയുടെ Skylark ഇവയൊക്കെയാണ് പഠിച്ചത്. നിലനിറത്തിലുള്ള മേഘക്കാടുകൾ, കമ്പിളി സ്പർശങ്ങൾ ,മഞ്ഞലയിലുണ്ടാകുന്ന കാൽപ്പാടുകൾ, നീർക്കുഴികൾ നിറയെ ലഭിച്ച ഭൂതകാലം;ഇവ ഓർത്തുകൊണ്ട് ഭാവിയിൽ എന്താകുമെന്നും മരണാനന്തരം ഏതൊരിരുട്ടാണ് തന്നെ നേരിടുകയെന്നും അസ്വസ്ഥമാവുന്ന ഒരു മനസ്സാണ് റൂപർട്ട് ബ്രൂക്കിന്‍റെ കവിതയിലുള്ളത്. റോബർട്ട് ബ്രൗണിങ്ങിന്‍റെ നാടകീയ സ്വഗാതാഖ്യാനങ്ങളിലൊന്നാണ് The last Ride Together. വികാരവിക്ഷുബ്ധവും സ്മരണകളുണർത്തുന്നതുമായ ഒരവസാന യാത്രയ്ക്കായി തന്‍റെ കാമിനിയോടഭ്യർത്ഥിക്കുന്ന കവിതയാണത്. ഒരുമിച്ചുള്ള ഈ യാത്ര, അവസാനയാത്ര ഒരിക്കലുമവസാനിക്കല്ലേയെന്ന മോഹമാണ് കവിക്കുള്ളത്. "

ഇതൊക്കെയാണ് ഒരു ആത്മകഥയെ അർത്ഥവത്താക്കുന്നതെന്ന് എനിക്ക് തോന്നുന്നു. കാപ്പി കുടിച്ചതും ഊണുകഴിച്ചതും സവാരി ചെയ്തതും എഴുതുന്നതിൽ യാതൊരു താൽപര്യമില്ല അബൂബക്കറിന്. അദ്ദേഹം ഒരു സീരിയസ് കവിയാണ്, എഴുത്തുകാരനാണ്. ആ സീരിയസ്സ്നസ് ഈ ആത്മകഥയിലുണ്ട്.

പറന്നു പോയ ദിനങ്ങൾ

പേരാമ്പ്രയിലെ സുഹൃത്‌സംഗമങ്ങൾ ഗ്രന്ഥകാരന്‍റെ മനസ്സിൽ ഇപ്പോഴും വികാരാവേശമായി നിലനിൽക്കുന്നുണ്ട്.ഒരാളെ ജീവിപ്പിച്ചത് എന്തായിരിക്കും? സങ്കടങ്ങളാണോ? സങ്കടങ്ങൾ തീർച്ചയായും നമ്മെ ഉരുക്കുന്നുണ്ട്, മാറ്റിമറിക്കുന്നുണ്ട്. സങ്കടങ്ങൾ നമുക്ക് ശുദ്ധിനേടാനുള്ള അവസരമാണ്. സങ്കടങ്ങളിലൂടെ മനസിലെ മാലിന്യം നീങ്ങുകയാണ്. സങ്കടങ്ങളുടെ ഓർമ്മകളിൽ നിന്നു പ്രതീക്ഷകളിലേക്കാണ് ഉയരാനുള്ളത്. അബൂബക്കറിന്‍റെ ആത്മകഥയിൽ ഇതു നിഴലിക്കുന്നുണ്ട്. പറന്നുപോയ ദിനങ്ങൾ മനസ്സിൽ ഒരു ശാന്തിതീരം സൃഷ്ടിച്ചിരിക്കുന്നു. വ്യർത്ഥതയ്ക്കെതിരെയുള്ള പോരാട്ടത്തിന്‍റെ ഊർജം അതിലുണ്ട്.

പേരാമ്പ്രയിലെ സുഹൃത്തുക്കളോടൊപ്പം സഹവസിച്ചതിനെക്കുറിച്ച് അദ്ദേഹം എഴുതുന്നു: " കവിതയുടെ റിപ്പബ്ലിക്കിൽ നിന്നു പുറത്തുപോകാൻ ഒരിടമുണ്ടായിരുന്നില്ല. ചിലപ്പോൾ നിശ്ശബ്ദവും ചിലപ്പോൾ ശബ്ദമുഖരിതവുമായ പോരാട്ടങ്ങളുടെ വഴികളിലൂടെയാണ് ചരിച്ചുകൊണ്ടിരുന്നത്. സമൂഹമാറ്റത്തിനുവേണ്ടിയുള്ള പോരാട്ടത്തിനു ഏത് ജീവിതവും മതിയാവും. എല്ലാ മനുഷ്യരും നല്ല ജീവിതം ആഗ്രഹിക്കുന്നുണ്ട്. വിദ്യാർഥിയായാലും അദ്ധ്യാപകനായാലും തൊഴിലാളിയായാലും കൃഷിക്കാരനായാലും എല്ലാം അതാണ് സ്ഥിതി. അതുപോലെ തന്നെയാണ് കവിത. എവിടെയും കവിതയ്ക്ക് തുറസുകളുണ്ട്. മനസ് വെറുതെ തുറന്നു വച്ചാൽ മതി. ഏതൊക്കെ കവിത ഏതൊക്കെ കാലത്ത് എഴുതിയെന്നൊന്നും പറയാനാവില്ല. എഴുതുന്നത് മാത്രമല്ല കവിത. ഓരോ പോരാട്ടവും ഒരു കവിതയാണ്. ഓരോ നാടകവും ഒരു കവിതയാണ്." ജീവിതത്തിലെ ഓരോ അനുഭവത്തിലും കവിത കാണുന്നവനാണ് കവി. കവിതയ്ക്ക് വേണ്ടി മലമുകളിലേക്കോ ആശ്രമത്തിലേക്കോ പണിശാലയിലേക്കോ പോകേണ്ട; കവിത എല്ലായിടത്തുമുണ്ട്. പാർട്ടി പ്രവർത്തനത്തിന്‍റെ സാമൂഹ്യവും രാഷ്ട്രീയവും സാംസ്കാരികവുമായ വിവക്ഷകൾ മനസ്സിലാക്കിയ അബൂബക്കർ ജീവിതത്തിന്‍റെ മുഖ്യപങ്കും ആദർശലക്ഷ്യങ്ങളെ മുന്നിൽ കണ്ടാണ് സഞ്ചരിച്ചത്. അദ്ദേഹം അതിനായി നന്നായി അധ്വാനിച്ചു. മുഷിച്ചിലില്ലാതെ ജോലിയെടുക്കുന്ന ഒരു സന്നദ്ധഭടനെ ഈ താളുകളിൽ കാണാം. ക്ഷീണിക്കാത്ത പ്രതിഭയാണദ്ദേഹം. അനുഭവങ്ങളുടെ ചൂടുകൊണ്ട് പതം വന്ന മനസ്സ് അദ്ദേഹത്തിന്‍റെ വാക്കുകളിൽ പ്രകടമാണ്. കാവ്യകേളി എന്ന സാംസ്കാരികവേദിയുടെ പ്രവർത്തനകാലത്തെ അദ്ദേഹം ഓർക്കുന്നു. ചിന്ത പബ്ലിഷേഴ്സിന്‍റെ ചീഫ് എഡിറ്ററായപ്പോൾ കാവ്യകേളി അബൂബക്കറെ ആദരിച്ചു.

"പുസ്തകപ്രസാധനം എനിക്ക് ബാലികേറാമലയാണ്.വീട് കേന്ദ്രമായി 'സഹ്യപ്രസാധന' എന്നൊരു പ്രസിദ്ധീകരണസാഹസം നടത്തിയിരുന്നു. സ്വന്തം പുസ്തകം പ്രസിദ്ധം ചെയ്ത് കാണാനുള്ള മോഹമായിരുന്നു അതിന്‍റെ പ്രചോദനം. ഒരുതരം ആർത്തി. അത്തരമനുഭവത്തിന്‍റെ ബലത്തിൽ ചിന്ത പബ്ലിഷേഴ്സിന്‍റെ ചീഫ് എഡിറ്ററാവാൻ പറ്റില്ല. ഏതായാലും പുതിയ നിയമനത്തിനുള്ള പാരിതോഷികമാണ് കാവ്യകേളി തന്നത്.വി.കെ.എൻ എഴുതിയ 'പത്രാധിപരുടെ വ്യസനം' എന്ന പുസ്തകം. പത്രാധിപർ എന്നാൽ ഒരു വ്യസനം തന്നെയാണ്. വ്യസനിക്കലുണ്ട്, വ്യസിക്കലുമുണ്ട്. ക്ഷമിക്കുക, അങ്ങനെയൊരു ക്രിയാപദമണ്ടോ എന്നറിയില്ല. മുന്നിൽ ശബ്ദതാരാവലിയില്ല. വ്യസനിക്കുന്നയാളാവണമല്ലോ വ്യാസൻ. പണ്ടുപണ്ടേ നിലവിലുള്ള കുറെയേറെ കഥകൾ ശരിയായ രീതിയിൽ സജ്ജീകരിച്ച ,വ്യസിച്ച ,മഹാപ്രതിഭയാണല്ലോ വ്യാസൻ. വ്യസനം എന്ന വാക്ക് വല്ലാത്ത മുനകളുള്ള ഒരു വാക്കാണ്. അത് സങ്കടവും സജ്ജീകരണവുമാണ്. വാക്കിന്‍റെ നാനാർത്ഥങ്ങളിലേക്ക് പോയി തനിക്കാവശ്യമായ സൂക്ഷ്മതകൾ തേടാൻ അബൂബക്കറിനു സിദ്ധിയുണ്ട്.

സ്നേഹബന്ധങ്ങളിൽ തിരയുന്നത്

എഴുത്ത് ഓൺലൈനിൽ (2009, ഒക്ടോബർ 31) പ്രസിദ്ധീകരിച്ച അബൂബക്കറിന്‍റെ

'And my soul claims her wholesome'

എന്ന കവിത ഓർക്കുകയാണ്:

"Today morning

Birds lost their feathers

Plants their flowers

Mountains their dales

Dear it's horns

And I lost my pen

Piercing out of my heart

The lark has flown away

Heavens have claimed her songs

Angels her smiles

God her soul

And my soul claims her wholesome."

ആർക്കും അപഹരിക്കാനാവാത്ത ആന്തരികസൗന്ദര്യത്തെയാണ് കവി ലക്ഷ്യം വയ്ക്കുന്നത്. എല്ലാം നഷ്ടമാണ്. അല്ലെങ്കിൽ നഷ്ടപ്പെടാനുള്ളതാണ്. എല്ലാം തന്‍റെ മനസ്സിൽ ഭദ്രമാണെന്നു അദ്ദേഹം പ്രഖ്യാപിക്കുന്നു. ലോകജീവിതത്തിന്‍റെ വാഴ്വിനു വേണ്ടിയുള്ള പോരാട്ടങ്ങൾക്കിടയിലും ആത്മാവിന്‍റെ രാഷ്ട്രീയത്തിൽ അദ്ദേഹം വിശ്വസിക്കുന്നു. താൻ ജീവന്‍റെ അവകാശത്തിനും സൗന്ദര്യത്തിനും വേണ്ടി നിലകൊള്ളുമെന്ന പ്രഖ്യാപനമാണത്. അദ്ദേഹം എഴുതുന്നു: "വിധിയിലൊന്നും വിശ്വസിക്കുന്ന ഒരാളല്ല ഇതെഴുതുന്നത്. പക്ഷേ എവിടെയും തനതായ ഒരു വഴി എനിക്കുണ്ടെന്നാണ് ഞാൻ കരുതുന്നത്. പോരാട്ടത്തിന്‍റെ ഈ വഴി ജീനുകളിലുള്ളതാവാൻ വഴിയൊന്നുമില്ല. കുട്ടിയായിരിക്കുമ്പോഴും വിദ്യാർത്ഥിയായിരിക്കുമ്പോഴും മുന്നിലുണ്ടായിരുന്ന ഈ എതിർപക്ഷവീഥി അധ്യാപകനായപ്പോഴും എന്‍റെ മുന്നിൽ തുറന്നുകിടന്നിരുന്നു. അടിയന്തരാവസ്ഥയിലും ഈ വഴി തന്നെയാണ് താണ്ടിക്കടക്കാനുണ്ടായിരുന്നത്."

'മുറിവേറ്റവരുടെ യാത്രകൾ' എന്ന നോവലിൽ തങ്ങളുടെ ചരിത്രമെന്താണെന്നു അന്വേഷിക്കുന്ന ഒരു വിഭാഗത്തിന്‍റെ പ്രശ്നങ്ങൾ ചിത്രീകരിക്കുന്നുണ്ട്. മുറിവുകളിൽ വീണുകിടന്നതിനെക്കുറിച്ചാണ് അദ്ദേഹം ഈ പുസ്തകത്തിൽ എഴുതുന്നത്.ആത്മാവ് പൂർവ്വാർജിതമായ ഉള്ളടക്കമാണെന്നു ചിന്തിക്കുന്നു. മായൻ മുസലിയാരെ പൂർവികരുടെ നിലയിൽ പ്രതിഷ്ഠിച്ച് എഴുത്തു തുടങ്ങി. അത് സത്യത്തെ കണ്ടെത്തലായിരുന്നു. ആത്മപുരാവൃത്തിന്‍റെ ഏടുകൾ മറിക്കുന്നത് ഇങ്ങനെയാണ്.

കാലവും ദേശവും ഗണിച്ചെടുക്കുകയെന്നത് കൂടുതൽ പ്രയാസമുള്ളൊരു പ്രക്രിയയാണ്. അവിടെ ചിലപ്പോൾ ചരിത്രം പരാജയപ്പെടുന്നു. അപ്പോൾ മിത്തുകളെ ആശ്രയിക്കേണ്ടി വരുന്നു.കേട്ടുകേൾവികളും കെട്ടുകഥകളുമാണ് മിത്തുകളായി മാറുന്നത്. തുടക്കത്തിൽ സംഭവങ്ങളോടുള്ള ലഘുവായ കുട്ടിച്ചേർക്കലുകളാണ് മിത്തുകളായി മാറുക. പിന്നെ കൂട്ടിച്ചേർക്കലുകൾ പ്രധാന സംഭവത്തെ നിഷേധിച്ചു കളയുന്നു. ഇങ്ങനെയുണ്ടാകുന്ന ഐതീഹ്യങ്ങളിൽ നിന്നു സത്യവും വസ്തുതയും വേർതിരിച്ചെടുക്കുകയെന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. അതിലും ദുഷ്ക്കരമാണ് പൂർവ്വികരുടെ ശാഖകളിൽ നിന്ന് പലതരത്തിലുള്ള മാനവബന്ധങ്ങൾ വേർതിരിച്ചെടുക്കുകയെന്നത്.വലിയൊരു വൃക്ഷം പോലെയെന്നു പറയാമോ? നൂറ്റാണ്ടുകളായി നിലനിൽക്കുന്ന വലിയൊരു വടവൃക്ഷം ?ശാഖോപശാഖകളായി പടർന്നുപന്തലിച്ചു നിൽക്കുന്നൊരു മരം? വടവൃക്ഷങ്ങളുടെ നാടാണ് വടകരയെന്നു കേട്ടിട്ടുണ്ട്. വടകരയെന്ന പേരിന്‍റെ നിഷ്പത്തിയന്വേഷിക്കുന്നവരെത്തിച്ചേരുന്ന നിഗമനമിതാവാം."

സ്വന്തം ജീവിതത്തെ ഓർമ്മകളിലും ചരിത്രത്തിലും പുസ്തകങ്ങളിലും സ്നേഹബന്ധങ്ങളിലും തിരയുന്ന ഒരു കവിയുടെ ആത്മകഥയാണിത്. ഇതിൽ ഗ്രന്ഥകാരൻ സ്വയം വിധിക്കുന്നില്ല. സഹജീവികളോടു സംവദിക്കുകയാണ്.

Trending

No stories found.

Latest News

No stories found.