ഒരിടത്തൊരു ലെസ്ബിയൻ യക്ഷി | കവിത
ഒരിടത്തൊരു ലെസ്ബിയൻ യക്ഷി | കവിത

ഒരിടത്തൊരു ലെസ്ബിയൻ യക്ഷി | കവിത

ഒരുമ്പെട്ടോള്‍ക്കിപ്പോ ആമ്പെറന്നോമ്മാരേക്കാള്‍ മോഹം ഓലക്കെട്ടിലാണോന്ന് ചീറി. ഹയ്... മോഹിക്കാന്‍ പറ്റിയ കൊറേ ആണുങ്ങളെന്ന് പോണ പോക്കില്‍ യക്ഷിപ്പെണ്ണ് കാറിത്തുപ്പി ചിറി തുടച്ചു... കവിത | നീതു ചന്ദ്രന്‍

നീതു ചന്ദ്രൻ

വെയിലൊന്ന് മങ്ങിയപ്പോള്‍

അരിവാളും രാകിത്തുടച്ച്

അച്ഛമ്മ തോട്ടിന്‍കരയിലെ

കൈതോല വെട്ടാന്‍ തുടങ്ങി.

പാടത്തിനു നടുവിലെ

ഇടത്തറയില്‍

വെറുതേയിരുന്നിരുന്ന

യക്ഷിപ്പെണ്ണ്

കൈതോലയുടെ പച്ചമണത്തില്‍

അടിമുടിയങ്ങ് മുങ്ങിത്തുടിച്ചു.

പണ്ട്... മെഴുകി മിനുക്കിയ

തണുത്ത ഇറയത്ത്

കാലു നീട്ടിയിരുന്ന്

കൈതമുള്ള് ചീന്തിയിരുന്നവളാണ്.

ചാകാന്‍ തോന്നിയ നശിച്ച നേരത്തെ

അവളൊന്നു കൂടി പ്രാകി.

ഇടത്തറയുടെ അരികിലെ

കുളത്തിലേക്ക് കാലുനീട്ടിയിരുന്ന്

യക്ഷിപ്പെണ്ണ് കൈതോല നോക്കി

കൊതിച്ചു.

പെണ്ണിന് കൊതി കൂടി...

ഒരിടത്തൊരു ലെസ്ബിയൻ യക്ഷി | കവിത
ഒരിടത്തൊരു ലെസ്ബിയൻ യക്ഷി | കവിത

കണ്ടത്തില്‍ പുല്ലരിയാന്‍ വന്ന

പെണ്ണിനോട് മിണ്ടി മിണ്ടി

അരിവാളും മണ്ണിലിട്ട്

അച്ഛമ്മ തോട്ടുങ്കരയില്‍

കാലും നീട്ടിയിരുന്നു.

വെറ്റിലയില്‍ ചുണ്ണാമ്പും തേച്ചു

വര്‍ത്താനം കൊടികുത്തിയ നേരത്ത്

അരിഞ്ഞു വെച്ച

കൈതോലയും കൊണ്ട്

യക്ഷിപ്പെണ്ണ് ഇടത്തറയിലേക്ക് മിന്നിമാറി.

കൈതോല കാണാതായപ്പോള്‍

അച്ഛമ്മ ഇടത്തറയിലേക്ക് നോക്കി...

ഒരുമ്പെട്ടോള്‍ക്കിപ്പോ

ആമ്പെറന്നോമ്മാരേക്കാള്‍ മോഹം

ഓലക്കെട്ടിലാണോന്ന് ചീറി.

ഹയ്... മോഹിക്കാന്‍ പറ്റിയ

കൊറേ ആണുങ്ങളെന്ന്

പോണ പോക്കില്‍ യക്ഷിപ്പെണ്ണ്

കാറിത്തുപ്പി ചിറി തുടച്ചു.

ഒരിടത്തൊരു ലെസ്ബിയൻ യക്ഷി | കവിത
ഒരിടത്തൊരു ലെസ്ബിയൻ യക്ഷി | കവിത

യക്ഷിപ്പെണ്ണ് കുളത്തിലേക്ക്

കാലും നീട്ടിയിരുന്ന്

കൈതമുള്ളു ചീന്തി...

അന്ന് രാത്രി മുഴുവന്‍

കരഞ്ഞ് കരഞ്ഞ് കൈതോല ചുറ്റി...

ഓര്‍മകളൊക്കെ

കണ്ണീരിനൊപ്പം

ഓലച്ചുരുളുകളില്‍

ഒട്ടിപ്പിടിച്ചു.

നട്ടാല്‍ മുളയ്ക്കാത്ത

ആണ്‍കൊതിക്കഥ

ആരുണ്ടാക്കിയെന്ന്

പല്ലിറുമ്മി...

കഥയില്‍ പോലും

പെണ്ണൊരുത്തിയെ

കൂട്ടിച്ചേര്‍ക്കുന്നില്ലല്ലോയെന്ന്

പിന്നെയും കരഞ്ഞു..

യക്ഷിയായപ്പോഴും കൂടെപ്പോന്ന

പെൺ പ്രണയത്തെക്കുറിച്ച് ഓർത്തു...

ഒരിടത്തൊരു ലെസ്ബിയൻ യക്ഷി | കവിത
ഒരിടത്തൊരു ലെസ്ബിയൻ യക്ഷി | കവിത

ഒന്നു നെടുവീര്‍പ്പിട്ട്

യക്ഷി ആ ഓലച്ചുരുളുകള്‍

ഇടത്തറയ്ക്കു

ചുറ്റും ഉണക്കാനിട്ടു.

വെയില് കൊണ്ടപ്പോള്‍

ഓലച്ചുരുളിലെ

കണ്ണീരു മുഴുവന്‍

അലിഞ്ഞൊഴുതി.

കുളം നിറഞ്ഞു... കണ്ടം നിറഞ്ഞു

ഇടത്തറയില്‍ മുട്ടിനു മുകളില്‍

ഉപ്പു കയ്ക്കുന്ന

വെള്ളമെത്തിയപ്പോഴാണ്

യക്ഷിപ്പെണ്ണ് ഉറക്കമുണര്‍ന്നത്.

അവള്‍ക്ക് പിന്നേം കരച്ചില്‍ വന്നു..

വെള്ളമൊലിക്കുന്ന

തഴച്ചുരുളുകളെല്ലാം

വാരിക്കൂട്ടി

ആകാശത്തേക്കെറിഞ്ഞു.

അതവിടന്നും

കണ്ണീര്‍ വാര്‍ത്തു...

യക്ഷിപ്പെണ്ണിന്

കൊതി കേറി..

ഉയര്‍ന്നുയര്‍ന്നു വന്ന

ഉപ്പു വെള്ളത്തില്‍

അവള്‍ മലര്‍ന്നു കിടന്ന് നീന്തി.

പാടത്തിന്‍റെ കരയിലുള്ളവര്‍

പണ്ടപ്പരപ്പും മാറാപ്പുകളുമായി

വീടുപേക്ഷിച്ച് പോയി.

മൂന്നു രാത്രികള്‍ മുഴുവനും

കൈതോലച്ചുരുളുകളില്‍ നിന്ന്

വെള്ളം കിനിഞ്ഞു.

നാലാം നാള്‍

വെയിലുദിച്ചപ്പോള്‍

കണ്ണീരു വറ്റി...

യക്ഷിക്കു ചുറ്റും

ഉപ്പു പാടങ്ങള്‍

വെളുത്തു കിടന്നു....

Trending

No stories found.

Latest News

No stories found.