We are blessed with cancer, a survival story turned memoir, book review
പുസ്തക പരിചയം | ക്യാൻസർ ഞങ്ങൾക്ക് അനുഗ്രഹമായി

വേർപാടിന്‍റെ പുസ്തകം, വേദനയുടെയും... | Book Review

പുസ്തക പരിചയം | ക്യാൻസർ ഞങ്ങൾക്ക് അനുഗ്രഹമായി - ഡോ. ലൂസി മാത്യു പാറക്കുളങ്ങര, ജോയ് തോമസ് | രോഗിയുടെയും കുടുംബത്തിന്‍റെയും പോരാട്ടവഴികളുടെ ഓർമക്കുറിപ്പ്, അസുഖത്തെ അനുഗ്രഹമാക്കിയ സഹനത്തിന്‍റെ ആവിഷ്കാരം

വി.കെ. സഞ്ജു

മരണത്തെക്കുറിച്ചുള്ള പുസ്തകത്തെ മനോഹരമെന്നു വിളിക്കാമോ? സംശയമാണ്. പക്ഷേ, അസുഖത്തെ അനുഗ്രഹമായി കണ്ട്, സഹനത്തെ സന്തോഷത്തോടെ സ്വീകരിച്ച ഒരാളാണ് അതെഴുതിയതെങ്കിൽ, മനോഹരം എന്ന വാക്ക് അത്ര അനൗചിത്യമാകുന്നുമില്ല.

സ്നേഹിക്കുന്നവരെ നഷ്ടപ്പെട്ടാലും സ്നേഹം ശേഷിക്കും
ഡിലൻ തോമസ്

Though lovers be lost, love shall not (സ്നേഹിക്കുന്നവരെ നഷ്ടപ്പെട്ടാലും സ്നേഹം ശേഷിക്കും) എന്ന് ഡിലൻ തോമസ് എഴുതിയതു പോലെയാണെങ്കിൽ, ഇത് മരണത്തിന്‍റെ പുസ്തകമല്ല; മറിച്ച്, മരണമില്ലാത്ത പ്രണയത്തിന്‍റെ പുസ്തകമാണ്. ലോക സാഹിത്യത്തിൽ ക്ലാസിക് എന്നു വാഴ്ത്തപ്പെട്ട പ്രണയകാവ്യങ്ങളെല്ലാം വിരഹവും വിയോഗവും നിറയുന്ന വേർപാടിന്‍റെ പുസ്തകങ്ങളാണെങ്കിൽ ഇതുമൊരു പ്രണയകാവ്യമാണ്. ഷേക്ക്സ്പിയറിയൻ ട്രാജഡികളില്ലെങ്കിൽ വില്യം ഷേക്ക്സ്പിയർ എവിടെ!

അനുസ്മരണമാകാൻ വിധിക്കപ്പെട്ട ഓർമക്കുറിപ്പുകൾ

ജോയ് തോമസ്, ഡോ. ലൂസി മാത്യു
ജോയ് തോമസ്, ഡോ. ലൂസി മാത്യു

ക്യാൻസർ അതിജീവിതയുടെ അനുഭവക്കുറിപ്പായി തുടങ്ങി, പ്രിയപ്പെട്ടയാളുടെ ഓർമക്കുറിപ്പായി അവസാനിക്കാൻ വിധിക്കപ്പെട്ട പുസ്തകം. പക്ഷേ, മറ്റൊരു നിയോഗം കൂടി അതിനുണ്ട്- 30 വർഷത്തിനും 105 ദിവസത്തിനുമൊടുവിൽ മരണം വേർപെടുത്തിയ രണ്ടു പേരെ അക്ഷരങ്ങളിലൂടെ അനശ്വരമായി ഒരുമിപ്പിക്കുക എന്ന വിശുദ്ധമായ നിയോഗം.

ഉപദേശങ്ങളുടെ ഗിരി പ്രഭാഷണങ്ങളല്ല, ആശ്വാസം തേടുന്ന ആത്മഭാഷണങ്ങൾ മാത്രമാണിതിലുള്ളത്. മോട്ടിവേഷൻ സ്പീച്ചിന്‍റെ വൃഥാ വ്യായാമങ്ങളല്ല, പച്ച ജീവിതത്തിന്‍റെ ചോര പൊടിയുന്ന യാഥാർഥ്യങ്ങൾ മാത്രമാണ്. ''എന്തുകൊണ്ട് രോഗിയായി എന്ന ഉത്തരമില്ലാത്ത ചോദ്യത്തിനു പകരം, ഇനി എന്തു ചെയ്യാനാകും എന്നാണു ചിന്തിക്കേണ്ടത്'' എന്ന ഹരോൾഡ് കുഷ്നറുടെ ദർശനത്തിലേക്കുള്ള പരിവർത്തവനമാണിത്.

മരണം വേർപെടുത്തിയ രണ്ടു പേരെ അക്ഷരങ്ങളിലൂടെ അനശ്വരമായി ഒരുമിപ്പിക്കുക എന്ന വിശുദ്ധമായ നിയോഗം...

ഇനിയെന്ത് എന്ന ചോദ്യം ഗ്രന്ഥകാരിയെയും ജീവിതപങ്കാളിയെയും തീവ്രമായൊരു സഹനപർവത്തിലൂടെ വഴിനടത്തുന്നത് ഓരോ താളിലും വായിച്ചറിയാം. ''സന്തോഷമായാണോ അവൾ മരണത്തെ അഭിമുഖീകരിച്ചതെന്നു പറയാൻ ഞാൻ ആളല്ല. പക്ഷേ, സങ്കടത്തോടെയല്ല അവൾ കടന്നുപോയതെന്നു തീർച്ച'' എന്ന വാക്കുകൾ ആ പീഡാനുഭവത്തിലെ ഒരു പകുതിയുടെ മാത്രം അവസാനമാകുന്നു.

പക്ഷേ, രോഗപീഡകളെക്കുറിച്ചുള്ള വിവരണങ്ങളല്ല, രോഗശാന്തിയെക്കുറിച്ചുള്ള പ്രതീക്ഷകളാവും വായനക്കാരെ കൂടുതൽ പിടിച്ചുലയ്ക്കുക. അതിജീവനത്തിന്‍റെ പ്രതീക്ഷകൾ തെളിഞ്ഞു വരുന്ന ഓരോ താളുകളിലും, ഇതെല്ലാം എഴുതിയ ആൾ ഇന്നു ഭൂമിയിൽ ഇല്ല എന്ന യാഥാർഥ്യം ക്രൂരമായി നിറഞ്ഞുനിൽക്കും.

കോസ്മിക് സാഡിസ്റ്റ്

വൈദ്യശാസ്ത്രവും തത്വശാസ്ത്രവും ദൈവസസ്ത്രവുമൊക്കെ ആശ്വാസത്തിന്‍റെ അഭയസ്ഥാനങ്ങളായി മാറുമ്പോഴും, ഡോ. വരുൺ രാജൻ ആമുഖത്തിൽ എഴുതിയിരിക്കുന്നതു പോലെ, മോഡേൺ മെഡിസിൻ അല്ലാത്ത ഒരു ഭാഗ്യപരീക്ഷണത്തിനും ഈ കുടുംബം തയാറാകുന്നില്ല.

പ്രിയപ്പെട്ട ആളുടെ ഓർമകൾ ചിതറിക്കിടക്കുന്ന കൈയക്ഷരങ്ങൾക്കു മുന്നിൽ, കണ്ണീരാൽ മൂടപ്പെടുന്ന കണ്ണുകളാണ് പുസ്തകം പൂർത്തിയാക്കാൻ ആ ജീവിതത്തിന്‍റെയും പുസ്തകത്തിന്‍റെയും മറു പാതിയെ ഇത്ര കാലം വൈകിച്ചത്. അതേ കാരണത്താൽ, അച്ചടിച്ച അക്ഷരങ്ങൾ വായനക്കാരനു മുന്നിൽ മൂടപ്പെടുന്നത് വായന വൈകാനും കാരണമായെന്നിരിക്കും. അസുഖത്തെ അപമാനമായി കാണാതെ, അതിന്‍റെ തീവ്ര ഭാവങ്ങൾ ഒരു കുടുംബത്തെയാകെ ബാധിച്ചതിന്‍റെയും, ജീവിതങ്ങളെയാകെ മാറ്റിമറിച്ചതിന്‍റെയും തീക്ഷ്ണകദനം ഒട്ടും ചോരാതെ പകർത്തിവച്ച വരികളാണിതിലുള്ളത്.

മനുഷ്യരെ പീഡിപ്പിച്ചു രസിക്കുന്ന കോസ്മിക് സാഡിസ്റ്റാണോ ദൈവം?

''മനുഷ്യരെ പീഡിപ്പിച്ചു രസിക്കുന്ന കോസ്മിക് സാഡിസ്റ്റാണോ ദൈവം?'' എന്ന ചോദ്യമൊക്കെ മാരകരോഗം ബാധിച്ച ആരുടെയുള്ളിലും സ്വാഭാവികമായി ഉയരാം.

''ആഗ്രഹങ്ങളെല്ലാം സാധിച്ചുതരുന്ന, ആകാശത്തിരിക്കുന്ന വല്യപ്പനല്ല ദൈവം'' എന്ന് ഗ്രന്ഥകാരി സ്വയം അതിന് ഉത്തരവും കണ്ടെത്തുന്നുണ്ട്.

സഹജീവികളുടെ സഹനം

ജോയ് തോമസും ലൂസി മാത്യുവും വിവാഹവേളയിൽ
ജോയ് തോമസും ലൂസി മാത്യുവും വിവാഹവേളയിൽ

''സൃഷ്ടി കർമത്തിനു മുൻപ് ദൈവം എന്തെടുക്കുകയായിരുന്നു?'' എന്നു ചോദിക്കുമ്പോൾ, ''നിന്നെപ്പോലെ ഇത്തരം മണ്ടൻ ചോദ്യങ്ങൾ ചോദിക്കുന്നവരെ കിടത്താൻ നരകം പണിയുന്ന തിരക്കിലായിരുന്നു'' എന്നു മറുപടി പറഞ്ഞിരുന്ന ഭർത്താവിനു പക്ഷേ, സഹധർമിണിയുടെ യുക്തിയിലേക്ക് എത്തിച്ചേരാൻ പിന്നെയും വർഷങ്ങളെടുത്തെന്നു വേണം മനസിലാക്കാൻ. ''നാം സ്നേഹിക്കുന്നവരെ പിരിയുന്നതിലും ബുദ്ധിമുട്ടാണ് നമ്മെ സ്നേഹിക്കുന്നവരെ പിരിയാൻ'' എന്ന ഒറ്റ വാചകത്തിലുണ്ട് ആ വികാരവായ്പിന്‍റെ പൂർണത.

''എന്‍റെയാളുടെ നക്ഷത്രക്കണ്ണ് എന്നേക്കുമായി അടഞ്ഞിരിക്കുന്നു. ലൈഫ് ആഫ്റ്റർ ലൈഫ് എന്ന പുസ്തകത്തിൽ റെയ്മണ്ട് മൂഡി എഴുതിയിരിക്കുന്നതു പോലെ, എന്‍റെ ആളുടെ ആത്മാവ് അവിടെയെവിടെയോ ഞങ്ങളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നുണ്ടാകുമെന്നു ഞാൻ കരുതി. എനിക്കു കാണാനാവില്ലെന്നറിയാമെങ്കിലും എന്‍റെ കണ്ണുകൾ ഐസിയുവിലെവിടെയും അവൾക്കായി ഭ്രാന്തഭാവത്തോടെ പരതിക്കൊണ്ടിരുന്നു.''

വായിച്ചുമടക്കിയാലും വേട്ടയാടുന്ന കദനകാവ്യം പോലെ, വേദനയുടെ ചോണനുറുമ്പുകളായി അക്ഷരക്കൂട്ടം നുരയ്ക്കുന്നു...

വായിച്ചുമടക്കിയാലും വേട്ടയാടുന്ന കദനകാവ്യം പോലെ, വേദനയുടെ ചോണനുറുമ്പുകളായി അക്ഷരക്കൂട്ടം നുരയ്ക്കുന്നു. അവിടെ വായനക്കാരന് ആശ്വാസമാകാനും പുസ്തകത്തിലെ വാചകങ്ങൾ തന്നെയാണ് ആശ്രയം.

എല്ലാം സൃഷ്ടിച്ച ദൈവം തന്നെയാണ് തിന്മയെയും സൃഷ്ടിച്ചതെങ്കിൽ, ദൈവത്തിനു തിന്മയെ സൃഷ്ടിക്കാതിരിക്കാമായിരുന്നു എന്നു തോന്നാം. എന്നാൽ, നന്മയിലുണ്ടാകുന്ന പോരായ്മ മാത്രമാണ് തിന്മ എന്നു ലൂസി ടീച്ചർ സെന്‍റ് അഗസ്റ്റിന്‍റെ വാക്കുകളുടെ സഹായത്തോടെ വിശദീകരിക്കും. തിന്മ ഒരു വസ്തുതയാണെങ്കിലും അതൊരു വസ്തുവല്ല, അതിനു സ്വന്തമായി നിലനിൽപ്പില്ല എന്നു പറഞ്ഞുതരും. മനസിലായില്ലെങ്കിൽ നല്ല അധ്യാപികയെ പോലെ ഉദാഹരണസഹിതം വിശദീകരിക്കും: ''തൈറോയ്ഡ് ക്യാൻസറിൽ നിന്നു തൈറോയ്ഡ് എടുത്തു മാറ്റിയാൽ പിന്നെന്താകും അവശേഷിക്കുക? ഒന്നുമുണ്ടാകില്ല. ക്യാൻസർ എന്ന ഒരു വസ്തു ഇല്ല എന്നതു തന്നെ കാരണം.''

ഈഗോ അലിയിക്കുന്ന യൂണിവേഴ്സൽ സോൾവെന്‍റ്

ബൗദ്ധിക വിശദീകരണങ്ങൾ കൊണ്ടും, വേദനിക്കുന്നവരുടെ വൈകാരിക പ്രതികരണംകൊണ്ടും ഒഴിവാകുന്നതല്ല സഹനം എന്ന ഉത്തമബോധ്യത്തോടെ എഴുതിയതാണ് ഇതിലെ ഓരോ വരികളും. പക്ഷേ, സഹനത്തിന്‍റെ പശ്ചാത്തലത്തിലുള്ള സ്വയാവലോകനം തന്നിലെ പോരായ്മകൾ ഒന്നൊന്നായി വ്യക്തമാക്കിത്തന്നതിനെക്കുറിച്ച് ഡോ. ലൂസി വിശദീകരിക്കുന്നുണ്ട്. തന്‍റെയുള്ളിലെ പോരായ്മകൾ തിരുത്താനും ചിന്തയിലും പ്രവൃത്തിയിലും വേണ്ട മാറ്റം വരുത്താനും അവസരമൊരുക്കിയതിനെക്കുറിച്ചെഴുതുന്നുണ്ട്. രോഗം വന്നിരുന്നില്ലെങ്കിൽ ഇത്തരത്തിലുള്ള ആത്മപരിശോധനയ്ക്കുള്ള സാധ്യത വിരളമായിരുന്നു എന്നു തിരിച്ചറിയുന്നുണ്ട്. പുസ്തകമെഴുതാനായതിനെ പോലും ഈ രോഗത്തിന്‍റെ ബൗദ്ധിക സംഭാവനയായി വിലയിരുത്തുന്നുമുണ്ട്.

മനുഷ്യരുടെ എല്ലാത്തരം ഈഗോയും അലിയിച്ചു കളയുന്ന യൂണിവേഴ്സൽ സോൾവെന്‍റാണ് രോഗം

''മനുഷ്യരുടെ എല്ലാത്തരം ഈഗോയും അലിയിച്ചു കളയുന്ന യൂണിവേഴ്സൽ സോൾവെന്‍റാണ് രോഗം'' എന്ന നിഗമനത്തിലേക്ക് എത്തിച്ചേരുമ്പോഴും, എഴുത്തുകാരന്‍ ബാക്കിവയ്ക്കുന്ന ഒരു പ്രാർഥനയുണ്ട്, പങ്കുചേരാൻ വായനക്കാരെക്കൂടി പ്രേരിപ്പിക്കുന്ന ഒരു പ്രാർഥന:

''കർത്താവേ, കരുണയുടെ ദൈവമേ, ഭൂമിയിൽ എനിക്കു സ്നേഹിക്കാൻ അവിടുന്ന് അനുവദിച്ചവരുമായി സ്വർഗത്തിൽ എന്നെ ഒന്നിപ്പിക്കേണമേ....''

ക്യാൻസർ ഞങ്ങൾക്ക് അനുഗ്രഹമായി (ഡോ. ലൂസി മാത്യു പാറക്കുളങ്ങര | ജോയ് തോമസ്) പേജുകൾ: 316, വില: 450 രൂപ പ്രസാധനം: ടെൽ മീഡിയ, മേവിട, കോട്ടയം - 686573 മൊബൈൽ/വാട്ട്സാപ്പ്: +91 8590041731 ഇമെയിൽ: telmedia829@gmail.com

Trending

No stories found.

Latest News

No stories found.