ബേലൂർ മഖ്ന ഹൃദയം തുറക്കുന്നു

കുപ്രസിദ്ധ ഭീകരനും കൊലയാളിയുമായ ബേലൂർ മഖ്ന ആ പത്രലേഖകനു മുമ്പിൽ ഹൃദയം തുറക്കുമ്പോൾ നാട്ടിലും കാട്ടിലും വേനൽച്ചൂട് നാൽപ്പതു ഡിഗ്രയിലെത്തിയിരുന്നു.
ബേലൂർ മഖ്ന ഹൃദയം തുറക്കുന്നു
Updated on

ലേഖകൻ: "ഒരു ആക്‌ഷൻ പ്ലാനിലൂടെ താങ്കളെ മയക്കുവെടി വയ്ക്കണമെന്നാണ് ഇപ്പോൾ കോടതിയും പറഞ്ഞിരിക്കുന്നത്. ഒന്നെങ്കിൽ കീഴടങ്ങുക, അല്ലെങ്കിൽ വെടികൊള്ളുക. ഈ രണ്ടു സയണിസ്റ്റു വഴികൾ മുമ്പിലുണ്ട്.'

മഖ്ന: "ഒരപേക്ഷയുണ്ട്. വെടി വയ്ക്കുമ്പോൾ ചന്തിയിൽ കൊള്ളരുത്. വാലാട്ടുമ്പോൾ സിറിഞ്ചിൽ വാൽ തട്ടും. വേദന അധികമാകും. തണ്ണീർക്കൊമ്പന്‍റെ ബുദ്ധിമുട്ട് നിങ്ങളും കണ്ടതാണല്ലോ'.

ലേഖകൻ: "ഞാൻ ഇക്കാര്യം മന്ത്രിയോടു പറഞ്ഞു നോക്കാം. മൂപ്പരും ഇതേ അവസ്ഥയിലാണ്. പറഞ്ഞിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല.'

മഖ്ന: "പിന്നെ, സംഭവം ഒപ്പിയെടുക്കാൻ വരുന്ന ചാനൽപ്പിള്ളേരുടെ വായിൽ കുറച്ചു തുണി തിരുകുന്നതു നല്ലതാണ്. കാട്ടിൽ ശബ്ദമലിനീകരണം അത്രമാത്രം വർധിച്ചിട്ടുണ്ട്.'

ലേഖകൻ: "ചാനൽപ്പൈതങ്ങൾ വെറും പാവങ്ങൾ! ഇവറ്റകളെ ഉപയോഗിക്കുന്ന ചാനൽ മുതലാളിമാരാണ് യഥാർഥ വില്ലന്മാർ'.

മഖ്ന: "പ്രബുദ്ധ കേരളത്തിൽ പ്രബുദ്ധതയും ഒരു കച്ചവടച്ചരക്കാണല്ലോ!'

ലേഖകൻ: "അതു പോകട്ടെ, നിങ്ങളിൽ പലർക്കും മനുഷ്യരോട് എന്താണിത്ര വിരോധം?'

മഖ്ന: "ഞങ്ങൾ വെറുതെ ആരെയും ഉപദ്രവിക്കാറില്ല. നോമ്പു കാലമായിട്ടും ഒരുപാടു പേർ എന്നെ പടക്കമെറിഞ്ഞ് പേടിപ്പിച്ചു. എന്‍റെ പുറത്തെ പൊള്ളലിന്‍റെ വേദന ഇനിയും മാറിയിട്ടില്ല. ഇതിനൊക്കെ ആരു സമാധാനം പറയും?'

ലേഖകൻ: "എന്തായാലും ഒരു കാര്യം ഉറപ്പാണ് - വരുന്ന പാർലമെന്‍റ് ഇലക്‌ഷനു മുമ്പ് താങ്കളെ അവർ പിന്തുടർന്നു വന്ന് തട്ടിക്കളയും! വനനിയമത്തിന്‍റെ 11ാം വകുപ്പുപ്രകാരം കാര്യങ്ങൾ ക്ലിയറാക്കാൻ ഒരൊറ്റ വെടി മാത്രംമതി'.

മഖ്ന: "ഞാൻ കുമ്പസാരിക്കാൻ തയാറാണ്. എന്‍റെ എല്ലാ ചെയ്തികൾക്കും മാപ്പു ചോദിക്കുന്നു. ഇതൊക്കെ വിധിവശാൽ സംഭവിച്ചുപോകുന്നതാണ്. വിശപ്പും ദാഹവും വേദനയും മാത്രമല്ല, സൈക്കോളജിക്കൽ പ്രശ്നങ്ങളും മോഴയായ എന്നെ അലട്ടുന്നുണ്ട്.'

ലേഖകൻ: "കുറച്ചുനാൾ മുമ്പ് താങ്കൾ പള്ളിപ്പറമ്പിൽ അതിക്രമിച്ചു കയറിയതെന്തിനാണ്?'

മഖ്ന: "സോറി! എനിക്ക് കാടും പള്ളിപ്പറമ്പും തമ്മിൽ തിരിച്ചറിയാനായില്ല. കഴിഞ്ഞ ദിവസം പഴയ ആനത്താരയിലൂടെ ഞാൻ നടന്നു ചെന്നെത്തിയത് ഒരു ബാർ ഹോട്ടലിലായിരുന്നു!'

ലേഖകൻ; "നവകേരളത്തിൽ വനഭൂമിയും കൃഷിഭൂമിയും തമ്മിൽ വ്യത്യാസമൊന്നുമില്ല. വസുധൈവ കുടുംബകം! എല്ലാം നമ്മുടെ നാടാണ്.'

മഖ്ന: "നാടോ? എന്തു നാട്? നിങ്ങൾ വനം വെട്ടിത്തെളിച്ച് എല്ലാം നാടാക്കിയതല്ലേ? ഞങ്ങളുടെ അപ്പനപ്പൂപ്പന്മാർ ജനിച്ചുവളർന്ന കാടാണിത്. ഇവിടെനിന്ന് ഞങ്ങൾ എങ്ങോട്ടു പോകാൻ?'

ലേഖകൻ: "എങ്കിൽ, സർക്കാരിന്‍റെ മുമ്പിൽ കീഴടങ്ങിക്കൂടേ? മുത്തങ്ങയിലെ ആനക്കൂട്ടിൽ എണ്ണതേച്ചു കുളിയും മൂന്നുനേരം ശാപ്പാടും റെഡിയാണ്.'

മഖ്ന: "അറിയാം! ഇങ്ങനെ കീഴടങ്ങിയ തണ്ണീർക്കൊമ്പനെ കഴുകന്മാർ ശാപ്പിട്ടുകഴിഞ്ഞു'.

ലേഖകൻ: "കാട്ടിൽ മൃഗങ്ങളുടെ എണ്ണം കൂടിപ്പോയെന്നാണ് നാട്ടിലെ കഴുകന്മാരുടെ കൊതിയും പരാതിയും'.

മഖ്ന: "മനുഷ്യരുടെ എണ്ണം പെരുകിയെന്ന കാര്യം നിങ്ങൾ പറയുന്നില്ലല്ലോ?'

ലേഖകൻ: "നിങ്ങളെപ്പോലെ മനുഷ്യരും ജീവിതസമരത്തിലാണ്. കടുവയുടെയും ഒറ്റക്കൊമ്പന്‍റെയും ഊരിപ്പിടിച്ച വാളുകളുടെയുമൊക്കെ ഇടയിലൂടെ നടക്കാൻ വിധിക്കപ്പെട്ടവരാണവർ'.

മഖ്ന: "ഞങ്ങളെ റേഡിയോ കോളർ അണിയിച്ച, ഞങ്ങളുടെ പുറത്ത് പടക്കവും തീക്കനലുകളും കോരിയിട്ട മനുഷ്യരോട് ഞങ്ങൾ പരമാവധി ക്ഷമിച്ചു. പക്ഷെ, എന്തിനും ഒരതിരൊക്കെയില്ലേ?'

ലേഖകൻ: "വയസറിയിക്കുന്ന മൃഗങ്ങളെ കോളറണിയിക്കുന്നത് ഞങ്ങളുടെ ആചാരമാണ്. നക്ഷത്രങ്ങളും ഉപഗ്രഹങ്ങളുമാണ് പിന്നെ നിങ്ങൾക്കു കാവൽ നിൽക്കുന്നത്.'

മഖ്ന: "എല്ലാവരും ആത്മാവിൽ ഒരു റേഡിയോ കോളർ പേറുന്നുണ്ടെന്ന് ഓർത്തോളൂ'.

ലേഖകൻ: "ഫിലോസഫി പറയുന്നത് വനനിയമങ്ങൾക്ക് വിരുദ്ധമാണ്'.

മഖ്ന: "സർ! സത്യം പറയാമല്ലോ - മനുഷ്യരും ഞങ്ങളും തമ്മിലുള്ള സംഘർഷം അത്ര പെട്ടെന്നൊന്നും തീരില്ല. നൂറ്റാണ്ടുകളായി ഞങ്ങളുടെ മുത്തച്ഛന്മാർ നടന്നിരുന്ന വഴികളിലേക്ക് നിങ്ങൾ, മനുഷ്യർ കടന്നുവന്ന് പഞ്ചനക്ഷത്ര ദേവാലയങ്ങളും ബാർ ഹോട്ടലുകളും റിസോട്ടുകളുംളും മണിമന്ദിരങ്ങളും തേക്കിൻ തോട്ടങ്ങളും യൂക്കാലിക്കാടുകളും നിർമിച്ചു. ഞങ്ങൾക്ക് കഴിക്കാനും കുളിക്കാനും വഴി നടക്കാനും മാർഗമില്ലാതായി. നിങ്ങൾക്ക് സെൽഫിയെടുക്കാനും കല്ലെറിയാനുമുള്ള കൗതുക വസ്തുക്കളായി ഞങ്ങൾ മാറി!'

ലേഖകൻ: "വനത്തിലെ കൗതുക വസ്തുക്കൾക്ക് ഈ "ഖേരള'ത്തിൽ നല്ല ഡിമാന്‍റാണ്?'

മഖ്ന: "വനത്തിൽ ഒരു വനവത്കരണ പദ്ധതി നടപ്പാക്കിക്കൂടേ, നിങ്ങൾക്ക്?'

ലേഖകൻ: "സ്വീഡനിലും നോർവെയിലുമൊക്കെ മ്ലാവുകളെയും മാനുകളെയും കൊന്ന് മാംസമാക്കി ഓരോ വീട്ടിലും ഫ്രീസറിൽ വച്ചിരിക്കുകയാണ്. കാടിറങ്ങുന്ന മൃഗങ്ങളെ കറിവച്ചു കഴിക്കാൻ മനുഷ്യരെ അനുവദിക്കുന്ന ഇത്തരമൊരു വനനശീകരണ നിയമം ഇവിടെയും ഉടനെ വരുന്നുണ്ട്. ബെവ്‌റിജസ് കോർപ്പറേഷൻ വഴി മദ്യത്തിനൊപ്പം വെടിയിറച്ചിയും വിറ്റുതുടങ്ങും?

മഖ്ന: "വനങ്ങളും മൃഗങ്ങളും ഇല്ലാതാകുന്ന സത്യാനന്തരകാലത്ത് വനനശീകരണ വകുപ്പും മന്ത്രിയും എന്തുചെയ്യും? വകുപ്പ് പിരിച്ചുവിട്ടിട്ട് മന്ത്രി കാശിക്കു പോകുമോ?'

ലേഖകൻ: "ഞങ്ങൾ പുരോഗതിയുടെ പാതയിലാണ്. അടുത്ത പത്തു വർഷത്തിനകം കാടിന്‍റെ സ്വന്തം മരങ്ങൾ തീരും. തേക്കും യൂക്കാലിയും മഞ്ഞക്കൊന്നയും മാത്രം മിച്ചം വരും. ചൂട് കൂടും. മൃഗങ്ങൾ വെള്ളവും തീറ്റയും കിട്ടാതെ സിദ്ധികൂടും. മനുഷ്യരുടെ ദാഹജലം ഉറപ്പാക്കാൻ കൂടുതൽ ബാർ ഹോട്ടലുകൾ തുറക്കേണ്ടിവരും.?

മഖ്ന: "വെട്ടി വെളുപ്പിക്കാനും വെട്ടിപ്പിടിക്കാനും വനമില്ലാതെ വന്നാൽ നിങ്ങൾക്ക് ഒന്നേയുള്ളൂ മാർഗം'

ലേഖകൻ: "എന്താണത്?'

മഖ്ന: "ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിലൂടെ എല്ലാം പുനഃസൃഷ്ടിക്കുക! ശേഷിക്കുന്ന മൃഗങ്ങളെ പുകച്ചുകളയാൻ ട്രാക്കിങ് വിദഗ്ധനായ ഒരു ഷാർപ്പ് ഷൂട്ടർക്ക് വനനശീകരണ വകുപ്പിന്‍റെ ചുമതല നൽകുക?'

ലേപകൻ: "നിങ്ങൾ വളരെ ഷാർപ്പായി ചിന്തിക്കുന്നു!'

മഖ്ന (ചിരിക്കുന്നു): "അല്ലെങ്കിലും മോഴകൾ വളരെ ഷാർപ്പാണ്! അല്ലെങ്കിൽ, പണ്ടേ നിങ്ങളെന്നെ സംഹരിക്കുമായിരുന്നില്ലേ!?'

Trending

No stories found.

Latest News

No stories found.