പ്രിയങ്കയും മൊകേരിയും അടക്കം 16 സ്ഥാനാർഥികൾ, 14 ലക്ഷം വോട്ടർമാർ; വയനാട് ഒരുങ്ങി

1000 ബൂത്തുകളാണ് വോട്ടെടുപ്പിനായി തയാറാക്കുക
16 candidates vying for support of over 14 lakh voters in Wayanad LS bypoll
പ്രിയങ്കയും മൊകേരിയും അടക്കം 16 സ്ഥാനാർഥികൾ, 14 ലക്ഷം വോട്ടർമാർ; വയനാട് ഒരുങ്ങി
Updated on

വയനാട്: ഉപതെരഞ്ഞെടുപ്പിനൊരുങ്ങി വയനാട് ലോക്സഭാ മണ്ഡലം. പ്രിയങ്കാ ഗാന്ധി ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലൂടെ ദേശീയ ശ്രദ്ധ നേടിയ മണ്ഡലത്തിൽ കോൺഗ്രസിന് ശുഭപ്രതീക്ഷയാണുള്ളത്. പ്രിയങ്കയും ഇടതു സ്ഥാനാർഥി സത്യൻ മൊകേരിയും ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസും അടക്കം 16 സ്ഥാനാർഥികളാണ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 14 ലക്ഷം വോട്ടർമാരാണ് ഇവരുടെ വിധി നിശ്ചയിക്കുക.

കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധി 3.5 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ച മണ്ഡലമാണ് വയനാട്. രാഹുൽ റായ് ബറേലിയിലെ എംപിയായി തുടരാൻ തീരുമാനിച്ചതോടെയാണ് വയനാട്ടിൽ വീണ്ടും തെരഞ്ഞെടുപ്പു മേളം ഉയർന്നത്. 2019 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ രാഹുൽ ഗാന്ധി വയനാട്ടുകാരിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രിയങ്ക രാഹുലിനേക്കാൾ അധികം ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് കോൺഗ്രസിന്‍റെ പ്രതീക്ഷ. എന്നാൽ ഉരുൾപൊട്ടൽ അടക്കമുള്ള വലിയ ദുരിതങ്ങളിലൂടെ കടന്നു പോയപ്പോഴും കോൺഗ്രസ് എംപി വയനാടിനെ അവഗണിച്ചുവെന്ന വാദമാണ് എൽഡിഎഫും ബിജെപിയും മുന്നോട്ടു വയ്ക്കുന്നത്.

പ്രിയങ്കയും രാഹുലിനെ പോലെ തന്നെയായിരിക്കും വയനാടിനോടു പെരുമാറുകയെന്നും വിജയിച്ചാൽ മണ്ഡലത്തിൽ കാണാൻ പോലും കിട്ടില്ലെന്നും ഇരു പാർട്ടികളും ആരോപിക്കുന്നു. എന്നാൽ ഇവിടത്തെ ജനങ്ങൾ വേണ്ടെന്നു പറയുന്നതു വരെ നിരന്തരം വയനാട്ടിൽ എത്തുമെന്നാണ് പ്രിയങ്കയുടെ വാഗ്ദാനം. മാനന്തവാടി(എസ്ടി), സുൽത്താൻ ബത്തേരി(എസ്ടി), കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ 7 നിയമസഭാ മണ്ഡലങ്ങൾ അടങ്ങുന്നതാണ് വയനാട് ലോക്സഭാ മണ്ഡലം. വോട്ടെടുപ്പു നടക്കുന്ന മേഖലകളിലെല്ലാം സിആർപിഎഫും പൊലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ളതിനാൽ പ്രത്യേക സുരക്ഷയും ഉറപ്പാക്കും. 1000 ബൂത്തുകളാണ് വോട്ടെടുപ്പിനായി തയാറാക്കുക.

Trending

No stories found.

Latest News

No stories found.