പി.ജി. പ്രശാന്ത് ആര്യ
ആറ്റിങ്ങലിൽ ഒന്നരപ്പതിറ്റാണ്ടായി തുടർന്ന ഇടത് അപ്രമാദിത്വം അട്ടിമറിച്ചാണ് അടൂർ പ്രകാശ് 2019ൽ ലോക്സഭയിലേക്ക് ജയിച്ചു കയറിയത്. 2004 മുതൽ സിപിഎമ്മിന്‍റെ കുത്തകയായിരുന്നു ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം. അതാണ് അടൂർ പ്രകാശ് തകർത്തത്. 2009ൽ യുഡിഎഫ് കേരളത്തിലെ 16 മണ്ഡലങ്ങൾ ജയിച്ചപ്പോഴും ആദ്യകാല സിപിഎം നേതാവ് അനിരുദ്ധന്‍റെ മകൻ എ. സമ്പത്തിലൂടെ സിപിഎം ആറ്റിങ്ങൽ നിലനിർത്തിയിരുന്നു.
വർക്കല രാധാകൃഷ്ണന്‍റെ പിൻഗാമിയായാണ് സമ്പത്ത് 2009ൽ എൽഡിഎഫിനുവേണ്ടി മത്സരിക്കാനെത്തിയത്. ആ ഉറപ്പാണ് അടൂർ പ്രകാശ് 2019ൽ തകർത്തത്. ശബരിമല യുവതീപ്രവേശവും രാഹുൽഗാന്ധിയുടെ വയനാട്ടെ മത്സരവും കേരളത്തിൽ യുഡിഎഫിന് അനുകൂല മണ്ണൊരുക്കിയിരുന്നു. അടൂർ പ്രകാശിന്‍റെ വ്യക്തിപ്രഭാവവും മികച്ച സംഘാടകനെന്ന പെരുമയും കൂടിച്ചേർന്നപ്പോൾ ഏതു കൊടുങ്കാറ്റിനെയും അതിജീവിക്കാമെന്ന ആത്മവിശ്വാസത്തിൽ ഹാട്രിക് വിജയത്തിനായി മൂന്നാമതും മത്സരിക്കാനിറങ്ങിയ സിപിഎമ്മിനും സമ്പത്തിനും പിടിച്ചുനിൽക്കാനായില്ല. ബിജെപിയുടെ വനിതാനേതാവ് ശോഭ സുരേന്ദ്രൻ ഏതാണ്ട് മൂന്നിരട്ടി വോട്ട് വർധിപ്പിച്ചതു പോലും അടൂർ പ്രകാശിന് ഭീഷണിയായില്ലെന്നതാണ് സത്യം. 38,247 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് അടൂർ പ്രകാശ് ഇടതുകോട്ടയായ ആറ്റിങ്ങൽ പിടിച്ചെടുത്തത്.
2024ലും ആറ്റിങ്ങൽ മണ്ഡലം കാക്കാനും നിലനിർത്താനും യുഡിഎഫിന് മുന്നിൽ അടൂർ പ്രകാശെന്നല്ലാതെ മറ്റൊരു പേരും ഉയർന്നില്ല. കെപിസിസിയിൽ മാത്രമല്ല എഐസിസിയിലും അടൂർ പ്രകാശ് സർവസമ്മതൻ. സാധാരണ സംഭവിക്കാറുള്ള ഗ്രൂപ്പ് വഴക്കോ സ്ഥാനാർഥിത്വത്തിനു വേണ്ടിയുള്ള പിടിവലിയോ ആറ്റിങ്ങൽ മണ്ഡലത്തിലെ കോൺഗ്രസിനുള്ളിൽ ഇല്ല എന്നത് എടുത്തു പറയേണ്ടതാണ്. ഇതാണ് അടൂർ പ്രകാശ് എളുപ്പത്തിൽ ചാടിക്കടന്ന ഒന്നാമത്തെ കടമ്പ.