നീലപ്പെട്ടി ബൂമറാങ്ങായി; പാലക്കാട് സിപിഎമ്മിൽ ഭിന്നത

കള്ളപ്പണം കടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടൽ റൂമുകളിൽ അർധരാത്രി പൊലീസ് റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് പെട്ടി വിവാദം ഉയർന്നു വന്നത്.
blue trolley row, different opinions in Palakkad cpm
'നീലപ്പെട്ടി ബൂമറാങ്ങായി'; പാലക്കാട് സിപിഎമ്മിൽ ഭിന്നത
Updated on

പാലക്കാട്: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർ‌ന്നുവന്ന പെട്ടി വിവാദത്തിൽ പാലക്കാട് സിപിഎമ്മിൽ ഭിന്നത. പെട്ടിയല്ല വികസനമാണ് പാലക്കാട് ചർച്ച ചെയ്യേണ്ടതെന്ന് സിപിഎം സംസ്ഥാന സമിതി അംഗം എൻ.എൻ. കൃഷ്ണദാസ് വ്യക്തമാക്കി. അതിനു പിന്നാലെ കൃഷ്ണദാസിന്‍റെ ഭിപ്രായം തള്ളി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു രംഗത്തെത്തിയതോടെയാണ് സിപിഎമ്മിലെ ഭിന്നത പുറത്തറിഞ്ഞത്. കള്ളപ്പണവുമായി വന്ന പെട്ടിയുടെ കാര്യം ചർച്ച ചെയ്യാമെന്നത് പാർട്ടിയുടെ അഭിപ്രായമാണെന്നാണ് പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിൽ സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാൽ, പെട്ടിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയതോടെ, ആർക്കൊപ്പം നിൽക്കണമെന്ന സംശയത്തിലാണ് അണികൾ. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാനഘട്ടത്തോട് അടുക്കുമ്പോഴുണ്ടായ ഭിന്നത സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

കള്ളപ്പണം കടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടൽ റൂമുകളിൽ അർധരാത്രി പൊലീസ് റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് പെട്ടി വിവാദം ഉയർന്നു വന്നത്. പരിശോധനയിൽ പ്രത്യേകിച്ചൊന്നും കണ്ടെത്താൻ പൊലീസിനു സാധിച്ചില്ല. വനിതാ നേതാക്കളുടെ മുറിയിൽ അടക്കം നടത്തിയ പരിശോധന സർക്കാരിന് ചെറുതല്ലാത്ത പ്രതിച്ഛായാ നഷ്ടവുമുണ്ടാക്കി. നീല നിറമുള്ള പെട്ടിയിൽ പണം കടത്താൻ ശ്രമിച്ചുവെന്നായിരുന്നു എൽഡിഎഫിന്‍റെ ആരോപണം. രാഹുൽ മാങ്കൂട്ടത്തിൽ നീല നിറമുള്ള പെട്ടിയുമായി ഹോട്ടലിലേക്കെത്തുന്ന വിവിധ സിസിടിവി ദൃശ്യങ്ങളും സിപിഎം പുറത്തു വിട്ടിരുന്നു.

ഇതിനു പിന്നാലെ തന്‍റേതാണ് നീലപ്പെട്ടിയെന്നും അതിൽ വസ്ത്രങ്ങളാണെന്നും അവകാശപ്പെട്ട് പെട്ടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ വാർത്താസമ്മേളനവും നടത്തി. ഇരു പാർട്ടിയുടെയും നേതാക്കൾ പരസ്പരം ചെളി വാരിയെറിയുന്നതു തുടരുന്നതിനിടെയാണ് പെട്ടി വിവാദം പ്രതികൂലമായി ബാധിക്കുന്നുവെന്ന് സിപിഎമ്മിനുള്ളിൽ തന്നെ വിമർശനം ഉയർന്നത്.

കോൺഗ്രസിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് രാജിവച്ച് പുറത്തു വന്ന പി. സരിനാണ് പാലക്കാട് എൽഡിഎഫിന്‍റെ സ്ഥാനാർഥി. സരിനെ സ്ഥാനാർഥിയാക്കിയതിലും പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുന്നുണ്ട്.

Trending

No stories found.

Latest News

No stories found.