ചാഞ്ചാടി പാലക്കാട്, ഉലയാതെ വയനാട്; ചേലക്കര ആർക്കൊപ്പം?

രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ മാറ്റമുണ്ടായതിനാൽ ഈ കോട്ടകളിൽ വിള്ളലുണ്ടാകുമോ എന്ന് ഉറ്റു നോക്കുകയാണ് സംസ്ഥാനം.
 by election in kerala, chelakkara, palakkad, wayanad updates
ഷാഫി പറമ്പിൽ, രാഹുൽ ഗാന്ധി, കെ.രാധാകൃഷ്ണൻ
Updated on

കൊച്ചി: തുടർച്ചയായി ഒരോ മുന്നണികളെ പിന്തുണയ്ക്കുന്ന മൂന്ന് മണ്ഡലങ്ങളിലാണ് ഇത്തവണ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ചേലക്കരയിലും പാലക്കാടും നിയമസഭാ ഉപതെരഞ്ഞെടുപ്പും വയനാട്ടിൽ ലോക്സഭാ ഉപതെരഞ്ഞെടുപ്പുമാണ് നടക്കാൻ പോകുന്നത്. ചേലക്കര തുടർച്ചയായി എൽഡിഎഫിന് അനുകൂലമാണെങ്കിൽ , വയനാടും പാലക്കാടും യുഡിഎഫിന്‍റെ ഉരുക്കു കോട്ടകളാണ്. രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ മാറ്റമുണ്ടായതിനാൽ ഈ കോട്ടകളിൽ വിള്ളലുണ്ടാകുമോ എന്ന് ഉറ്റു നോക്കുകയാണ് സംസ്ഥാനം.

സിപിഎം-ബിജെപി ഒത്തുകളിയെന്ന കോൺഗ്രസ് ആരോപണവും, കോൺഗ്രസ് വോട്ടുകൾ ധാരാളമായി ബിജെപിയിലേക്ക് ഒഴുകുന്നുവെന്ന ഇടതുപക്ഷത്തിന്‍റെ ആരോപണവും ശക്തമാകുമ്പോൾ ബിജെപി കളം പിടിക്കാനുള്ള സാധ്യതയും ശക്തമാകുകയാണ്.

ചേലക്കര ആർക്കൊപ്പം?

പട്ടിക ജാതി സംവരണ മണ്ഡലമായ ചേലക്കര നിരന്തരമായി എൽഡിഎഫിനൊപ്പമാണ്. 2021ൽ കെ. രാധാകൃഷ്ണൻ വിജയിച്ചപ്പോൾ കോൺഗ്രസിന്‍റെ സി.സി. ശ്രീകുമാറും, 2016ൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ. പ്രദീപ് വിജയിച്ചപ്പോൾ കോൺഗ്രസിന്‍റെ കെ.എ. തുളസിയും 2011ൽ കെ. രാധാകൃഷ്ണൻ‌ തന്നെ വിജയിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർഥി കെ.ബി. ശശികുമാറും പരാജയം രുചിച്ചു.

കെ. രാധാകൃഷ്ണന്‍റെ വ്യക്തിപ്രഭാവത്തിന് എൽഡിഎഫിന്‍റെ വിജയത്തിൽ‌ വലിയ സ്വാധീനമുണ്ടായിരുന്നു. അദ്ദേഹം ലോക്സഭാംഗമായി വിജയിച്ച സാഹചര്യത്തിലാണ് മണ്ഡലം മറ്റൊരു തെരഞ്ഞെടുപ്പിന് നിർബന്ധിതമായതു പോലും. അതു കൊണ്ടു തന്നെ ആരായിരിക്കും എൽഡിഎഫ് സ്ഥാനാർഥി എന്നത് നിർണായകമാണ്.

ചാഞ്ചാടി പാലക്കാട്

കോൺഗ്രസിന്‍റെ ഉരുക്കുകോട്ടകളിൽ ഒന്നാണ് പാലക്കാട്. 2011 മുതൽ 2021 വരെയുള്ള മൂന്നു ടേമിലും ഷാഫി പറമ്പിൽ ഗംഭീര വിജയം നേടിയ മണ്ഡലം. കേരളത്തിലെ മറ്റു മണ്ഡലങ്ങളിൽ നിന്ന് വിഭിന്നമായി ബിജെപിയുടെ ശക്തി ഇവിടെ കൂടുതലാണെന്നതാണ് നിർണായക ഘടകം. 2011ൽ വളരെ കുറച്ചു വോട്ടുകളുമായി മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബിജെപി 2016ലും 2021 ലും സിപിഎമ്മിനെ പിന്നിലാക്കി കുതിച്ചു കയറി.

2021ൽ ഷാഫി പറമ്പിൽ‌ 54,097 വോട്ടുകളോടെ ബിജെപി സ്ഥാനാർഥിയായ ഇ. ശ്രീധരനെയാണ് പരാജയപ്പെടുത്തിയത്. 2016ൽ ബിജെപിയുടെ ശോഭാ സുരേന്ദ്രനും 40076 വോട്ടുകളോടെ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 2011 ൽ ബിജെപിക്ക് വെറും 6.59 ശതമാനം വോട്ട് മാത്രമാണു കിട്ടിയതെങ്കിൽ, 2021ൽ അത് 35.34 ശതമാനമായി.

കോൺഗ്രസിന്‍റെ കരുത്തനായ നേതാവ് ഷാഫി പറമ്പിൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ മറ്റാര് കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നതിൽ ഇപ്പോഴും ചർച്ച തുടരുകയാണ്.

ഉലയാതെ വയനാട്

രാഹുൽ ഗാന്ധി ലോക്സഭാ സ്ഥാനാർഥിയായതോടെ കൂടുതൽ ദേശീയ പ്രാധാന്യം നേടിയ മണ്ഡലമാണ് വയനാട്. 2009ൽ ലോക്സഭാ മണ്ഡലം നിലവിൽ വന്നതിനു ശേഷം 2024 വരെയും യുഡിഎഫ് മാത്രമേ മണ്ഡലത്തിൽ വിജയം രുചിച്ചിട്ടുള്ളൂ. ദേശീയതലത്തിൽ കോൺഗ്രസിന്‍റെ ഉരുക്കുകോട്ടയായിരുന്ന അമേഠിയിൽ പരാജയഭീതി ഉണ്ടായതിനെത്തുടർന്നാണ് 2014ൽ രാഹുൽ ഗാന്ധി വയനാട്ടിലും സ്ഥാനാർഥിയായത്. ഭയപ്പെട്ടതു പോലെ അമേഠിയിൽ രാഹുൽ പരാജയപ്പെട്ടു. 2014ൽ വയനാട്ടിലും റായ്ബറേലിയിലുമാണ് രാഹുൽ മത്സരിച്ചത്. ഇരു മണ്ഡലങ്ങളിലും രാഹുൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. രാഹുൽ റായ്ബറേലിയിൽ തുടരാൻ തീരുമാനിച്ചതോടെ വയനാട്ടിൽ പ്രിയങ്ക ഗാന്ധി കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന അഭ്യൂഹവും ശക്തമാണ്. 2009, 2014 തെരഞ്ഞെടുപ്പുകളിൽ എം.ഐ. ഷാനവാസും 2019, 2024 തെരഞ്ഞെടുപ്പുകളിൽ രാഹുൽ ഗാന്ധിയുമാണ് വിജയിച്ചത്. 2024ൽ രാഹുൽ ഗാന്ധി 6,47,445 വോട്ടുകളോടെ വിജയിച്ചപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ സിപിഐയുടെ ആനി രാജ നേടിയത് വെറും 2,83,023 വോട്ട്. മൂന്നാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രൻ 1,41,045 വോട്ട് നേടി. 2019ൽ രാഹുൽ ഗാന്ധി 7,06,367 വോട്ടാണ് നേടിയത്. സിപിഐ സ്ഥാനാർഥി പി.പി. സുനീർ 2,74,597 വോട്ടും നേടി.

Trending

No stories found.

Latest News

No stories found.